പടലം 21
1
അണഞ്ഞ മാരുതിയെക്കണ്ടു രാക്ഷസർ
പിണഞ്ഞു മണ്ടിനാർ പേടി പെരുത്തെങ്ങും
തുണ്ടുതുണ്ടാക്കാമെന്നോർത്തകമ്പനൻ
അമ്പുകൾ തൂകി കാണരുതാംവണ്ണം.
2
വണ്ണമുള്ള മരാമരംകൊണ്ടടി -
ച്ചങ്ങുപൊന്തിച്ചകമ്പനൻ തന്നുടൽ
തുണ്ടമായിരമെണ്ണിയാലാം വിധം
മണ്ണിൽ വീണു ഹനൂമാന്റെ തല്ലിനാൽ
3
തല്ലുകൊണ്ടു തകർന്നു ജീവൻ തനി -
ക്കില്ലയെന്നപോലിഷ്ടമാം തേരൊടും
വില്ലൊടുമൊത്തകമ്പനൻ വീണപ്പോൾ
നല്ല ദുഃഖത്തിലോട്ടമായ് രാക്ഷസർ
4
ഓടും ശത്രുക്കളെപ്പിന്തുടർന്നുകൊ-
ണ്ടോടി മാമലകൊണ്ടെറിഞ്ഞങ്ങനെ
കൂടി പിന്നിൽ കപികൾ നിശാചരർ
വീടണവോളം,പിന്നെത്തിരിച്ചുപോയ്
5
പിന്നെ മാരുതിയെപ്പുകഴ്ത്തീ കപി -
മന്നരും വിണ്ണിൽ ദേവകളൊക്കെയും
ഉന്നതനാം വിഭീഷണനും മന്നോർ -
മന്നനുമവന്നിഷ്ടനാം തമ്പിയും
6
തമ്പുരാൻ രാമനോടേറ്റു നേർക്കുനേ -
രമ്പു പെയ്യുമകമ്പനൻ തന്നുയിർ
വമ്പനാം ഹനുമാൻ പോക്കിയെന്നതു
തുമ്പമോടെ ലങ്കേശനോടോതിനാർ
7
പറഞ്ഞു കേട്ടപ്പോളേറിയ ചൂടുകൊ-
ണ്ടയഞ്ഞ മാനസത്തോടെയാ രാവണൻ
മയങ്ങി വീണൂ ചുഴന്ന നിശാചര -
രവന്നു നന്മക്കായോതീ നയങ്ങളെ.
8
പിറന്ന കൂരിരുൾ പേടി പെരുത്തുപോയ്
കരുത്തനാം സൂര്യദേവനുദിക്കയായ്
കുറവുളേളടത്തു ശക്തി കൂട്ടിക്കൊണ്ടു
പുറംകാവൽ ഭദ്രമാക്കി ലങ്കാധിപൻ
9
കുരങ്ങുവീരർ മുച്ചൂടുമീ ലങ്കയെ
തകർത്തിടുന്നതടക്കുവാൻ രാവണൻ
ധരിച്ച തേരൊടും ചുറ്റിനടന്നുകൊ-
ണ്ടൊരിക്കൽ വന്നൊരുക്കങ്ങളറികയായ്
10
ഒരു നിമിഷംകൊണ്ടൊടുക്കുക വേണമീ
കുരങ്ങു വീരരെക്കൊന്നിനിയെന്നെല്ലാം
ആജ്ഞ കേൾക്കേ പ്രഹസ്തനണഞ്ഞു നൽ-
ശിരസ്സു പത്തുള്ളവന്റെ കാൽ കൂപ്പിനാൻ.
11
ചേവടി ഭക്തിയാൽ ചേർത്തു നമിച്ചുടൻ
നീ വിളിച്ചീടുക രാക്ഷസസേനയെ
ആവതും വേഗത കൂട്ടി നയിക്കുകെ -
ന്നാവി തെളിഞ്ഞു പറഞ്ഞൂ നിശാചരൻ
No comments:
Post a Comment