Sunday, August 20, 2023

രാമചരിതം 7

 രാമചരിതം 7



അക്കഥ പറയാം നിന്നോടൊരു വര തരുണി ദേവ-

ലോകത്തു നിന്നും വന്നൂ പുഞ്ജികസ്ഥലയെന്നുള്ളോൾ

മാറിടത്തിൽ ഞാൻ ചേർത്തേനൂക്കിനാലവളെയന്നാൾ

പറഞ്ഞവളറിഞ്ഞൂ ബ്രഹ്മാവുടനെന്നെ ശപിച്ചു വിട്ടു.


വിട്ടോരു ശാപം കേൾക്കൂ: "നീയിന്നുമുതലായെന്നും

വട്ടമൊത്തുള്ള മുലയുള്ള പെണ്ണുങ്ങൾക്കുള്ളിൽ

ഇഷ്ടമില്ലാത്ത നേരത്തിപ്പടി പുണർന്നീടിൽ

പൊട്ടി നിൻ ശിരസ്സൊക്കേയും പൊടിയുമെന്നരുളിച്ചെയ്തു.


ബ്രഹ്മശാപം തടുക്കാൻ പറ്റില്ല,യാറും ചൂടി

തെരുവിൽ നടന്നിരക്കും ദേവദേവന്നു പോലും

അരുതൊട്ടുമതിനെന്നാലേ" യെന്നു ലങ്കേശൻ ചൊൽകേ

അരികൾക്കു കാലൻ വിഭീഷണനും തൊഴുതുരച്ചു :


"കാലനായ് കബന്ധന്നും ഖരന്നും വിരാധന്നും മാ-

യാവിയാം മാരീചന്നും ബാലിയാം കപിവരന്നും

ക്രൂരതയേറ്റമുള്ള താടകക്കുമീ രാമൻ

ബാലനായിരുന്ന നാളേ കാലനെന്നറിക രാജൻ!


അറിയുവാൻ വിഷമമിപ്പോളവനുടെ വലിപ്പം നമ്മാൽ

കുറവറ്റ വരുണനല്ല, ഗജരാജമുഖനുമല്ല

അറുമുഖനല്ല പണ്ടേ തീ ചൂടും ശിവനുമല്ല

പരിശുദ്ധൻ വായുവല്ല, വജ്രധരനിന്ദ്രനല്ല.


അല്ലൽ ലോകത്തിനേകുമസുരരെയറുക്കാൻ മുന്നം

നല്ല വരാഹമായോൻ, നരസിംഹവടിവെടുത്തോൻ

ചൊല്ലെഴും വാമനനായ്, മഴുവേന്തും മുനിയുമായി

ഇല്ലാതെയാക്കാൻ രക്ഷോവംശം, രാമനായിപ്പോൾ


ദശരഥതനയനായ്, ദേവന്മാർക്കമൃതായ് ശാന്തി -

യകമേ ചേരും മുനിമാർ തേടുന്ന വേദപ്പൊരുളായ്

പൂമ്പീലിമുടിയാളണിമുലമേൽ ഭൂഷണമായും

അസുരർക്കു കൊടും നഞ്ഞായുമവനവതരിച്ചിതയ്യാ


അയ്യാ, കേട്ടരുളൂ നിയി, ന്നോരോരുത്തർ പറഞ്ഞ -

തെല്ലാം പൊയ്യായ് തീരുംമാറവനോടു തോൽക്കും പോരിൽ

ചെയ്യൊല്ലാ നമുക്കു തിന്മ, കോപമെന്നോടു കൈവി -

ട്ടയ്യാ, മൈഥിലിയെയമ്പോടരചനു കൊടുത്തിടൂ നീ


രാജാധിരാജൻ രാമൻ കപിരാജൻ സുഗ്രീവനും

പോരിന്നു പോരും പടയുമൊത്തുവന്നെതിർക്കും മുമ്പേ

തിരിയണേയെൻ വാക്കാലേ തിരുമനസ്സ,യോദ്ധ്യാരാജ -

ന്നിരുളണിമുടിയാളായ സീതയെക്കൊടുക്കുകിപ്പോൾ


ക്രൂരരോടാരുമൊന്നും പറയുകയില്ല, നല്ല -

തടുത്തു ചെന്നറിയിച്ചെന്നാലാദരിക്കുകയുമില്ല.

എടുത്തെടുത്തോരോരുത്തർ മുഖസ്തുതി പറയുമപ്പോൾ,

കൊടുക്കണേ രാമന്നിന്നു കുയിൽമൊഴിയാളെയയ്യാ


കുയിൽമൊഴിയാളെ മീളാൻ രാക്ഷസകുലമറുക്കാൻ

വില്ലേന്തും രാമനിന്നു സത്യമായ് കൊടുക്കുകെന്ന്

കീർത്തിമാൻ വിഭീഷണൻ വീണ്ടും പറഞ്ഞതിനെ -

ച്ചെറുത്തും കൊണ്ടപ്പോൾ ബാലനിന്ദ്രജിത്തൊന്നു ചൊന്നു






രാമചരിതം വൃത്തം 6

രാമചരിതം

വൃത്തം 6


തുടങ്ങിയ വിനാശത്തിലുൾത്താപമേറി

നടന്നു തന്നിടമണഞ്ഞുറങ്ങിയുണരുമ്പോൾ

അടങ്ങിയങ്ങു ചെന്നരചനെത്തൊഴുതു ചൊല്ലാൻ

തുടങ്ങീ വിഭീഷണൻ ദുഃഖങ്ങളെല്ലാം


"അണഞ്ഞ വിഷമങ്ങളെയറിഞ്ഞടിയിണക്കീ -

ഴിണങ്ങിയറിയിക്കുമടിയന്നൊടെളുതായും

പിണങ്ങിടരുതേ പിഴ മുഴുത്തിടുകിലും, പൂ-

വണിഞ്ഞ മുടിയാളെയരചന്നു കൊടു മന്നാ"


മന്നവർപുരാനൊടു വഴക്കിനു തുനിഞ്ഞാൽ

വന്നിടുവതെന്തൊക്കെയാണെന്നതെല്ലാം

പിന്നെയുമവൻ പറയവേ നിമിഷനേര-

ത്തിന്നകമരക്കരിലെയുന്നതർ നിറഞ്ഞു.


നിറഞ്ഞളവിൽ നീലമുകിൽ തോറ്റോടിടും മെയ്

നിറമുടയ കുംഭകർണ്ണനഖിലലോകങ്ങൾ

നിറഞ്ഞു മുഴങ്ങുന്ന മൊഴിയാൽ ജ്യേഷ്ഠനുള്ളം

തെളിഞ്ഞു വരുമാറു നിവരെത്തൊഴുതുരച്ചു.


"ഉരച്ചിടരുതേ ചപലനാ,യുലകിൽ ഞാനി-

ന്നൊരുത്തനിരുന്നീടുകിലവറ്റയെയുലക്കും

തനിച്ചു പെരും കാര്യങ്ങൾ മന്ത്രിമാരെന്യേ

നടത്തിടുക ധീരരുടെ ലക്ഷണവുമല്ല.


മന്ത്രികളൊടും സഹജർ നമ്മളൊടുമൊന്നും

ചിന്ത ചെറുതും ചെയ്തതില്ല,യിതു പറ്റി.

ഇന്ദുമുഖി ജാനകിയെ ലങ്കയിലണയ്ക്കും

മുമ്പു പറയാഞ്ഞതിനു കാരണവുമെന്ത്?


ഇങ്ങു വരവെത്തീല തെല്ലും വിവേകം

ഞങ്ങളൊടൊരാലോചനക്ക"വൻ ചൊൽകേ,

ചെങ്ങിയിളകുന്ന മിഴിയോടുള്ളിൽ കോപം

പൊങ്ങിയതടക്കുവതിനൊന്നവനുരച്ചു.


"അടിയനുരചെയ്വു വളരൊളിയാർന്ന ശൂലം

ധരിച്ചലറുമെന്നോടെതിർപ്പിന്നു വന്നാൽ

കുരങ്ങു പടയും കൊടിയ മന്നവരുമൊന്നായ്

ഇരിക്കുമിടമായ് മുടിയുമെന്നുദരമിന്ന്.


രാഘവനിലുള്ള ഭയമിന്നറ്റു പോകും

പേരാർന്ന മൈഥിലി തൻ മെയ്യോടു ചേരാൻ

ചൊല്ലിടുകയവിടുന്നിനെന്തു കുറവുണ്ടെ-

ന്നെടൊ",ടുയരെത്തൊഴുതുരച്ചവനിരുന്നു.


"ഇരുന്നരുളിടൂ രസമോടേയരയൊതുങ്ങും

കരിങ്കുഴലി സീതയുടെ കന മുലകളിൻ കീഴ്

ഒതുങ്ങി, യടിയൻ പോരിനിടയിൽ രാമന്റെ

തലയരിഞ്ഞു കളയു", മതികായനറിയിച്ചു.


ഇച്ഛ പൊഴിയിച്ചഴകിൽ പൂങ്കോഴിപോൽ കാ-

മിച്ചിവളിലേറുവതിനായ് തുനിയുകെന്നായ്

ഒച്ച ചെറുതാക്കിയുരചെയ്തുഴറിടും മാ-

പാർശ്വനൊടു രാവണനിവണ്ണമറിയിച്ചു.


Thursday, August 17, 2023

രാമചരിതം - പടലം 5

രാമചരിതം


പടലം 5


അറിയിക്കാൻ ഞാനാളാ,മങ്ങെന്നോടരുളിച്ചെയ്തീടിൽ

യുദ്ധം ചെയ്താൽ തീർക്കാം ഞാൻ അവരുടെ ജീവിതമിപ്പോൾ താൻ

പറയാൻ മാത്രം കൊള്ളും നമ്മെ കാറ്റിൻ മകൻ ചതിച്ചുവെ -

ന്നറിയിച്ചൂ പ്രമാണിയാം പ്രഹസ്തൻ പോംവഴി


വഴികൂടാതേ പോരിനു നമ്മൊടു വരും കുരങ്ങപ്പടയെ

ആട്ടിയടിക്കണമടിപറ്റാതേ രാമനെ, ഹനുമാനേയും

കൊന്നു മുടിച്ചു ലങ്കയിലേറാതൊഴിയുകയില്ലാ ഞാനിപ്പോൾ

പിഴകൂടാതേ, യെന്നു കോപം പെരുതാം ദുർമുഖൻ ചൊല്ലി.


ഏറുന്നുണ്ടു മുന്നേ വന്നീ പിഴച്ച യുദ്ധം ചെയ്ത കുരങ്ങിൻ

കേമത്തം നാം പറഞ്ഞിരിപ്പത്, പറയുന്നില്ലാ വീണ്ടുമതെല്ലാം

പേരു കേട്ട രാജാക്കന്മാരവരുടെയുയിരിൻ വേരു പറിക്കാ-

തിരിക്കുകില്ലെന്നിരിമ്പുലക്ക തിരിച്ചു പറഞ്ഞൂ വജ്രദംഷ്ട്രൻ.


ദംഷ്ട്രയെല്ലാം മെല്ലെ മറച്ചെളിയ മനുഷ്യാകൃതി പൂണ്ട്

പക തോന്നാതെ ചെന്നണയാം ഭരതൻ വിധിച്ചു വന്നവരായ്

മികവേറും വൻപടയോടേ ഭരതൻ വേഗം വരവുണ്ടെ-

ന്നറിയിച്ചരികേ നിൽക്കേണം വിശ്വസിപ്പിച്ചെപ്പോഴും.


എപ്പോഴെന്നു തക്കം പാർത്തൊത്തുചേർന്നു നടന്നിടയിൽ

പഴുതുണ്ടാമ്പോൾ നാം പലരായ് പിരിഞ്ഞകത്തു കടന്നിട്ട്,

കൊന്നാലതിലൊരു പിഴയില്ലാ, പ്രതാപിയവനെ നശിപ്പിക്കാൻ

നമുക്കു നേരിൽ കഴിയില്ലെങ്കിൽ  നല്ലതിതെന്നു പറഞ്ഞവനും.


അവനും വമ്പൻ തമ്പിയും നൽകപിവീരരും വന്നാലടരിൽ

രസമുണ്ടാകാ, പാഞ്ഞവർ ചില്ലകളേറിയൊളിക്കുന്നതു കാണാം.

തോറ്റോടാതേയെന്നോടെതിരിട്ടരനാഴിക നേരം നിന്നാ -

ലവരുടെ പാടെത്ര കടുപ്പം, വന്നോതി നികുംഭനുമുടനെ.


ഉടനന്നേരം വജ്രഹനുവാം പേരുള്ളോനറിയിച്ചൂ

കടവാ നാവാൽ നക്കി നനച്ചു കനത്ത നല്ല ചൊല്ലുള്ളോൻ

പടയോടും തന്നനുജനൊടും കൂടിച്ചാകുമെൻ കയ്യാൽ

അടരാടുമ്പോൾ രാഘവനെന്നു വണങ്ങിയവനും രാവണനെ


ഇപ്പോഴിക്കരയെത്തീ ചൊല്ലിവിളിച്ചു വരുത്തിയ പടയൊക്കേയും

ഇളവില്ലാതേ കൊന്നു മുടിക്കുമെതിർക്കുന്നോരെ രാഘവൻ

എളിയോർക്കാമോ പോരാടാനവനോ,ടാരു ണ്ടുയിരോടെ

രക്ഷപ്പെട്ടവരെന്നിപ്പോളോരോരുത്തർ പറഞ്ഞീടിൻ 


ചൊല്ലാൽ വെല്ലാമെപ്പോഴും, മെല്ലെപ്പോന്നൊരു രാമശരം

ജ്വലിക്കുമാറു കാൺമവരോ തുട തുള്ളുമാറിരിക്കുന്നു.

തോൾക്കരുത്തുള്ളോനേ,കേൾ മനം കനിഞ്ഞെൻ വാക്കുകളെ

രാഘവനോടരുതേ വൈരം കാരണമെന്തേ ലങ്കേശാ


ഒന്നും വന്നീടാതിനിയും നാമൊളിയേറും സ്ത്രീകളുറ്റവരും

മന്നും വമ്പേറും പടയും മരുമക്കൾ മക്കളാശ്രിതരും

എന്നും കേടില്ലാ വഴികണ്ടിമ്പത്തോടിരുന്നു കൊള്ളട്ടേ

ഇന്നേ ലങ്കേശാ നൽകീടൂ രാഘവനതിനാൽ മൈഥിലിയെ.


മന്നാ, രാമൻ വഴക്കിനെത്തും മുന്നേ മിന്നൽ നേരരയാളെ

ഇന്നേ നൽകീടെന്നു വിഭീഷണൻ മുന്നിൽ നിന്നിരന്നപ്പോൾ

നിന്നോടാരേ നല്ലതു തേടീ? നീ തികഞ്ഞ പണ്ഡിതനായ്

എന്നോടുപദേശിക്കേണ്ടെന്നെഴുനേറ്റു നടന്നൂ രാവണൻ

Sunday, August 13, 2023

ഔദാര്യം

ഔദാര്യം


1

2019


ഇരുളിന്റെ വായിൽ നാം തള്ളിയോരാ -

മിരു ചെറുപ്പക്കാരെയെന്നു കാണും?

തിരികെ വരികയാണെങ്കിൽ നൽകാൻ

അവരുടെ നഷ്ടയുവത്വമേന്തി

കൊലയറവാതിലിൻ മുന്നിലിപ്പോൾ

തലതാഴ്ത്തി നിൽക്കയാണെന്റെ നാട്.


2

2023


"ഇവിടെയീക്കള്ളിയിലൊപ്പുവെച്ചു

ജയിലറ വിട്ടു പുറത്തിറങ്ങൂ"

വാതിൽ തുറന്നു പിടിച്ചു നില്പൂ

ചൂളുമൗദാര്യച്ചിരികളോടെ

ഞാ,നെന്റെ നാട്, ജനാധിപത്യം

ന്യായാസനങ്ങൾ, ഭരണകൂടം.

ആയിരം കള്ളിയിലൊപ്പുവെച്ചു

നാമിന്നിവിടെ മദിച്ചു വാഴ്കേ,

നീതിയിരുട്ടിൽ, മനുഷ്യവംശ-

ത്തോളം പഴകിയ കൂരിരുട്ടിൽ.

ജയിലു തുറന്നു പുറത്തു വന്നാൽ

തിരികെ നൽകാൻ നമ്മളേന്തി നില്പൂ

മരണക്കിടക്ക പോലുള്ള മൗനം.

Sunday, August 6, 2023

ഇശൈ

പൂന്തോപ്പിൽ ഒരു കാഴ്ച്ച

ഇശൈ



ഒരേയൊരു മകനെ

അത്യാഹിത വിഭാഗത്തിലേക്കയച്ച്

തലക്കുമേൽ കൈ കൂപ്പി

"ദൈവമേ....." എന്നു

ഡോക്ടറുടെ കാൽക്കൽ വീഴുന്നു, അമ്മ.

മുഖം വിളറിയ ദൈവം

"ദൈവത്തെ നന്നായി പ്രാർത്ഥിച്ചുകൊള്ളൂ"

എന്നു പറഞ്ഞു.

ഇശൈ

തിരുവിളയാടൽ

ഇശൈ



സിഗ്നൽ സമയത്ത്

കറുപ്പു കണ്ണാടിക്കപ്പുറം

മങ്ങിയ രൂപത്തിൽ

അത്രയും മധുരമായ്

കൈയ്യാട്ടിച്ചിരിക്കുന്നു, ഒരു കുഞ്ഞ്.


കണ്ണാടിക്കപ്പുറം

മങ്ങിയ രൂപത്തിൽ

അത്ഭുതങ്ങൾ കൈയ്യാട്ടിച്ചിരിപ്പതോ

മുഴുവൻ ജീവിതവും?


ഏയ് അമ്മേ,

കണ്ണാടികൾ താഴ്ത്തി വെയ്ക്കൂ

അല്ലെങ്കിൽ

നിന്റെ കുഞ്ഞുങ്ങളെ അടക്കി നിർത്തൂ.

ഇശൈ

ചെങ്കുത്തേ! ചെങ്കുത്തേ!

ഇശൈ


അന്തി വഴിയേ

നടന്നു

നടന്നു

നടന്നു

നടന്നു

മാനത്തേക്കു വന്നെത്തീ ഞാൻ

ഇശൈ

 സമാശ്വാസകലാ വല്ലഭ

ഇശൈ

നല്ലതേ വരൂ
എന്നു നീ പറയുമ്പോൾ
ഞാൻ വിചാരിച്ച നല്ലത് അല്ല എങ്കിൽപോലും
അവിടെ
വേറൊരു നല്ലത് സംഭവിച്ചിരിക്കും.

ദൈവങ്ങൾ തുണയ്ക്കും
എന്നു നീ പറയുമ്പോൾ
ഒന്നും അനുഗ്രഹിക്കാത്ത നേരത്തും
അവിടെ
ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കും.

Friday, August 4, 2023

എതിർവിളി മറുവിളി - പാ. അകിലൻ (ഈഴം)

 *എതിർവിളി മറുവിളി


പാ. അകിലൻ

പരിഭാഷ: പി.രാമൻ



എങ്ങു വെച്ചു പോകുന്നു

താങ്കളാ വാക്കുകൾ ആറ്റൂർ?

മലകളുടെ വറ്റാത്ത ആദിയുറവിലോ?

ഇലകളുടെ ഒടുങ്ങാത്ത ശലശലപ്പുകൾക്കടിയിലോ?

അല്ലെങ്കിൽ

പട്ടിണി മനുഷ്യന്റെ കീറത്തുണികൾക്കിടയിൽ

ചരിത്രം കിടന്നുറങ്ങുന്ന തെരുവിലോ?


ഇവിടെത്തന്നെയാണുള്ളത്, ആറ്റൂർ

കടലിനക്കരെ

താങ്കളറിഞ്ഞ പേരുകളും

കാണാത്ത ഇടങ്ങളും

ആറാക്കുരുതിയും വറ്റാത്ത

അതേ നിലത്ത്.


ആയിരം ഉച്ചഭാഷിണി വാക്കുകളുടെ

രാഷ്ട്രീയ ഇടിമുഴക്കങ്ങൾക്കിടയിൽ

താങ്കളുടെ മൗനം മാത്രം

കേൾക്കുന്നു.

ഒരു ദീർഘനിശ്വാസം

നടുങ്ങുമെന്റെ കൈകളിൽ തട്ടുന്നു.

നമ്മുടെ പുകയില വള്ളങ്ങൾ

കാലത്തിൽ മുങ്ങിപ്പോയെന്നാലും

കണ്ണകീ കോവലരൊരുമിച്ചു ചേരുമ്പൊഴെല്ലാം 

ഭഗവതി

ചുകന്നു വെളിപ്പെടുന്നവിടെ.


മഴയടർന്നു പെയ്യുന്നു ആറ്റൂർ


ബോംബിൽ ചിതറിയ വസ്ത്രങ്ങൾക്കിടയിൽ

അരമുണ്ടു മാത്രമുടുത്ത കവിയുടെ സാക്ഷ്യം

അമർന്നടിയുന്നു.


ഇപ്പുറത്ത്

കടലിനുമേലേ

ഒരു പൂവു വെയ്ക്കുന്നു ഞാൻ

ഉദകമർപ്പിക്കുന്നു.




* ആറ്റൂർ രവിവർമ്മ ഈഴത്തമിഴരെക്കുറിച്ചെഴുതിയ കവിതയുടെ തലക്കെട്ട്


* ശ്രീലങ്കയും കേരളവും തമ്മിലുണ്ടായിരുന്ന പുകയിലക്കച്ചവടത്തിന്റെ (ജാപ്പാണപ്പുകയില) ഓർമ്മ

ഇശൈ

ആര്?

ഇശൈ


കൂട്ടുകാരനും അവന്റെ കാമുകിക്കുമായ്

മുറി സമ്മാനിച്ച്

അടുത്തുള്ള ബേക്കറിയിലിരുന്ന്

അഭിമാനത്തോടെ

പുക വലിച്ചുകൊണ്ടിരിക്കുന്നു ഞാൻ.


എന്നാൽ

അവിടെ

താക്കോൽദ്വാരം തുളച്ചുകൊണ്ടിരിക്കുന്ന

അവനാര്?

ഇശൈ

കിറ്റ് - കാറ്റ്

ഇശൈ



അച്ഛൻ സ്വാമിയുടടുത്തേക്കു പോയതായി

അവളും വിശ്വസിച്ചു തുടങ്ങി.

ദിവസവും ഞാനവളെ കാണാറുണ്ട്.

ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.

അച്ഛൻമാരെ സ്വാമിക്കു കൊടുത്ത കുഞ്ഞുങ്ങളോട്

സഹതാപം കാട്ടുന്നത് സ്വാഭാവികമോ?

ഉള്ളതിൽ വലിയ കിറ്റ് - കാറ്റ് നോക്കി വാങ്ങി

ഞാനിന്നു പോയി.

"അച്ഛനു പകരം കിറ്റ് - കാറ്റ് നീട്ടുന്ന ഇവനെ

എന്തു ചെയ്യണം?"

നരകത്തിൻ വാതുക്കൽ ആരോ ചീറുന്നതു കേട്ട്

ഞെട്ടിയെണീറ്റു ഞാൻ പാതിരാവിൽ


Thursday, August 3, 2023

ഇശൈ

അല്ലെങ്കിൽ

ഇശൈ


ഇടിമിന്നലേറ്റ്
എന്റെ കുഞ്ഞ്
പിടഞ്ഞുമരിച്ചതിന്റെ പിറ്റേന്ന്
എനിക്കു മുന്നിൽ
രണ്ടു സാദ്ധ്യതകളുണ്ട്

നടുത്തെരുവിൽ
ഭ്രാന്തനെപ്പോലലറി
കത്തിയും തൂക്കി
മിന്നലിനെ കൊല്ലാൻ ഓടുന്നത്.

അല്ലെങ്കിൽ

ഫേസ്ബുക്ക് അക്കൗണ്ട്
ഡീ ആക്റ്റിവേറ്റ് ചെയ്യുന്നത്.

ഇശൈ

നീയില്ലാ നീ

ഇശൈ


നിന്നെ ഒരു തവണ ഗാഢമായുമ്മ വയ്ക്കണം
പാടാൻ ഇരിക്കുന്ന നിന്നെ.

പാടാൻ ഇരിക്കുന്ന നീ
മുഴുവൻ ലോകത്തിനും യജമാനത്തി
എവിടേയും കൈ നീട്ടി
എന്തുമെടുക്കാം നിനക്ക്.

പാടാൻ ഇരിക്കുന്ന നിന്നെ
പാടുമ്പോഴല്ലാതെ വേറെപ്പോഴും
കാണാനേ കഴിയില്ല.

പാടാൻ ഇരിക്കുന്ന നിന്നെ
ഒറ്റയ്ക്കു
ഞാൻ തുടച്ചെടുക്കും.
അതിനുള്ളിലാക്കും
ആയിരം ദൈവങ്ങളെ.

ഇശൈ

അതെ!

ഇശൈ



നിന്നെയല്ല

നീ വാഴും വീടു കാണാൻ

നിൻ തെരുവിലലഞ്ഞു ഞാൻ


നിന്നെയല്ല

നീ വസിക്കും തെരുവു കാണാൻ

ഈ നാട്ടിലലഞ്ഞു ഞാൻ


നിന്നെയല്ല

നീ വിളങ്ങും നാടു കാണാൻ

ഇത്ര ദൂരം വന്നു ഞാൻ


നിന്നെയല്ല

നിന്റെ നാട്ടിലേക്കു പോകുന്ന വഴി കാണാൻ

കാടും മലയും കടന്നു ഞാൻ


നിന്നെയല്ല

നീ വാഴും ഭൂമി കാണാൻ

ഈ ഭൂമിയിലേക്കു വന്നു ഞാൻ

ഇശൈ

ആദ്യ സവാരി

ഇശൈ



തോളുരുമ്മി

തന്റെ

മുതിർന്നുകൊണ്ടിരിക്കുന്ന കുട്ടിയുടെ

വാഹനപ്പിൻസീറ്റിൽ

ആദ്യമായ് ഇരുന്നു പോകുന്നു

ഒരമ്മ


ആ മുഖത്തെപ്പറ്റിപ്പറയാനൊരു

ഉപമയില്ല.

അവൾക്കു കയറി ഇരിക്കാൻ

ഇതല്ലാതെ

മറ്റൊരിരിപ്പിടവുമില്ല.

ഇശൈ

അനാഥത്വത്തിന്റെ ഉറക്കരീതി

ഇശൈ



ബസ് സ്റ്റാന്റുകളിൽ

പൂട്ടിയ കടകൾക്കു മുന്നിൽ

ക്ഷേത്രകവാടങ്ങളിൽ


ഇങ്ങനെ

എവിടെയെങ്കിലും

കിടന്നുറങ്ങാൻ ശ്രമിക്കുന്നു

അനാഥർ


എല്ലാരുമുണ്ടെങ്കിലും

ആരോരുമില്ലാത്ത അനാഥർ

സുരക്ഷിതമായ മേൽക്കൂരകൾക്കു കീഴിൽ

ഉറങ്ങാൻ ശ്രമിക്കുന്നു.


അനാഥർക്ക്

ഉറങ്ങുന്നതിന് ഒരു രീതിയുണ്ട്.


ഒരു കൈ തലക്കും

മറുകൈ തുടയിടുക്കിലും

തിരുകിവയ്ക്കൽ


അങ്ങനെ ചെയ്യുമ്പോൾ

സ്വല്പം സുഖം കിട്ടുന്നു.


ആ സുഖം ഉള്ളിടത്തോളം

അത്രക്കൊന്നും അനാഥരല്ല അവർ

ഇശൈ

നീതിയുടെ പീഠം

ഇശൈ



അവൾ

ആദ്യമായ് ഒരു കൊലപാതകം

കൺമുന്നിൽ കണ്ടു

അലറിപ്പിടഞ്ഞയാൾ

അവളുടെ കാമുകനായിരുന്നു.


മൂന്നുപേർ

കൈകാലുകൾ അനക്കാൻ വിടാതെ

പിടിക്കേ

കുറച്ചു കട്ടിയുള്ള ഒരാപ്പിൾ മുറിക്കുമ്പോലെ

ഒരാൾ കഴുത്തറുത്തു.


അവർ

കൊലയാളികൾ അല്ല എന്നും

അവൻ തന്റെ കാമുകനേ അല്ല എന്നും

നീതിപീഠത്തിനു മുന്നിൽ

അവൾ

സാക്ഷി പറഞ്ഞ സമയം

സന്ദർശകനിരയിൽ ഇരിപ്പായിരുന്നു

പ്രേമം.


അത്

ഇതുപോലെത്രയോ കണ്ടിരിക്കുന്നു.

ഇശൈ

സഖാവേ!

ഇശൈ

ദൈവം എന്നോടു ചെയ്യുന്ന
പ്രയോജനമുള്ള ഒരേയൊരു കാര്യം
അതിരാവിലെ എന്നെ എഴുന്നേല്പിച്ചു വിടുന്നതു തന്നെ.
നേർത്ത ഇരുട്ടിൽ അവ്യക്തമായ് കാണാവുന്ന മനുഷ്യർ
ഓരോരുത്തരും തമ്മിൽ തമ്മിൽ അടുപ്പത്തോടിരിക്കുന്നു
ഓരോരുത്തരും തമ്മിൽ തമ്മിൽ സ്നേഹിക്കാൻ ശ്രമിക്കുന്നു
എന്നെ ദൂരെ കണ്ടതും
മധുരം കുറവുള്ള ആറ്റാത്ത ചായയൊന്ന്
തയ്യാറാക്കാൻ തുടങ്ങുന്നു
കൂനുള്ള ആ ചായമാഷ്.
ഞാൻ വരും മുമ്പേ
എന്റെ പതിവു മേശമേൽ
ചായ വന്നിരിക്കും.
അത് ഒരു പൂച്ചെണ്ട്
എന്നു വെളിപാടുണ്ടായ ദിവസം
അങ്ങേർക്കു കേൾക്കാത്ത വിധത്തിൽ
കണ്ണീരു മറച്ചുകൊണ്ട്
ഞാനയാളെ സഖാവേ എന്നു വിളിച്ചു.

ഇശൈ

 ഗുണാ (എന്ന) ഗുണശേഖരൻ


ഇശൈ




കാൺമാനില്ല


പേര് : ഗുണാ (എന്ന) ഗുണശേഖരൻ


വയസ്സ് : 31


അടയാളം : കവിളിൽ നാണയ വട്ടത്തിൽ ഒരു മറുക്.


കാണാതാവുമ്പോൾ നീലനിറ ടീ ഷർട്ടും കറുപ്പുനിറ പേന്റും അണിഞ്ഞിരുന്നു.



ബസ് സ്റ്റാന്റിലെ ചുമർപ്പരസ്യം വായിച്ചു

തിരിഞ്ഞതും

എതിരേ ഗുണശേഖരൻ നിൽക്കുന്നു.

സ്വല്പം മനോനില തെറ്റിയയാൾ

എന്നു തോന്നിയതിനാൽ

പരുങ്ങലോടെ ഞാൻ അടുത്തു ചെന്നു.

ഏകാധിപത്യത്തിന്റെ കടന്നുകയറ്റങ്ങൾക്കും

ആക്രമണങ്ങൾക്കുമെതിരെ

വിമർശനമുന്നയിച്ചു, അയാൾ.

ഭൂഗർഭജലം ഊറ്റുന്നതിനെക്കുറിച്ചുള്ള

തന്റെ വേദന അറിയിച്ചു.

പുറനാനൂറിൽ

'തൊടിത്തലൈ വിഴുത്തണ്ടിനാർ' രചിച്ച

ഒരു പാട്ടെടുത്തു കാട്ടി സംസാരിച്ചു.

പിക്കാസോ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ എന്നാരാഞ്ഞു.

പാവം ആ വീട്

ഗുണായെ വെച്ചുകൊണ്ട്

എന്തു ചെയ്യാനാണ്!

പാവം ഗുണാ

ആ വീട്ടിലിരുന്ന്

എന്തു ചെയ്യാനാണ്!

വയറു തടവിക്കാട്ടി

വിശക്കുന്നു എന്നു പറയുന്ന അവന്

ഭക്ഷണം കൊടുക്കുന്നു ഞാൻ

കാണുന്നവർ വിവരമറിയിക്കാൻ വേണ്ടി

ഒരു ടെലഫോൺ നമ്പർ

ചുവർപ്പരസ്യത്തിനടിയിൽ

കൊടുത്തിട്ടുണ്ട്.

നിങ്ങൾ ശരി എന്നു പറഞ്ഞാൽ

അവനെ വീട്ടിലേക്കു തിരിച്ചയക്കാം.


ഇശൈ

പൂക്കൾ

ഇശൈ



ദൂരത്തൊരു പൂ കാണുന്നു

മനുഷ്യൻ


അതു നോക്കി നടന്നു തുടങ്ങുന്നു.


മെല്ലെ മെല്ലെ

മെല്ലെ മെല്ലെ


പൂ പൂവോടടുക്കുന്നു

പൂ പൂവിനെത്തൊടുന്നു.

ഇശൈ

 കവിത എന്നാൽ എന്ത് ?

ഇശൈ



അച്ചടിയന്ത്രത്തിൽ

പിയാനോ വായിക്കുന്നതു തന്നെ

അത്

ഇശൈ കവിത

കല്യാണത്തേൻ നിലാ

ഇശൈ



ഇളയരാജാ കേൾക്കാതെ

യേശുദാസോ ചിത്രയോ കേൾക്കാതെ

കച്ചേരിസ്സദസ്സിലാരും കേൾക്കാതെ

എന്റെ ഒമ്പതു കാമുകിമാരും കേൾക്കാതെ

തമാശ കാച്ചുന്ന ചങ്ങാതിക്കൂട്ടത്തിലൊരാളും കേൾക്കാതെ

എന്നെ വിരട്ടിയ ഗുരുനാഥന്മാർ കേൾക്കാത്ത നേരത്ത്


താരാട്ടുണ്ടാക്കാൻ

ശ്രമിച്ചു ശ്രമിച്ചു തോറ്റ എന്റെ

കുഞ്ഞും കേൾക്കാത്ത നേരത്ത്


നിലാവും നക്ഷത്രങ്ങളും കൂടി ഇല്ലാത്ത

നട്ടപ്പാതിരക്ക്

ടെറസ്സിൽ നിന്ന്

കൈകൾ രണ്ടും നീട്ടി വിരിച്ചുകൊണ്ട്

ആ ഗമകത്തിൽ ഞാൻ ശരിക്കും മിന്നിച്ചുവിട്ടു.

ഇശൈ കവിത

 ബാങ്കു കൊള്ളക്കാരനും മാനേജരുമായ ഒരാൾ

ഇശൈ


ചെറുപ്രായത്തിൽ

അവൻ ഒരു

കൊടും പോരാളിയായിരുന്നു.


നെറ്റിയിൽ ഇറുക്കെക്കെട്ടിയിരുന്ന

ചുവപ്പു റിബ്ബൺ

ഉറങ്ങുമ്പോൾ പോലും കൂടെയുണ്ടായിരുന്നു.


സ്വത്ത് ഒരിടത്തു കുമിയുന്നതു

സഹിക്കാതെ

തോക്കുമെടുത്ത്

അവനൊരു ബാങ്കിൽ കയറി.


 ഗംഭീരമായിരുന്നു അവിടം.

 സുഖകരമായ തണുപ്പുള്ളത്.

 വെടിപ്പും ഭംഗിയുമവിടെ പട്ടൊളി വീശി


വിശേഷിച്ചും ആ കറക്കക്കസേര.

അതിൽ എന്തോ ഒരു മായം ഉണ്ടായിരുന്നു.

തോക്ക് ഒരു മൂലയിൽ ചായ്ച്ചുവെച്ച്

കറക്കക്കസേരയിലിരുന്ന് 

ഫയലുകൾ നോക്കാൻ തുടങ്ങി അവൻ.

ഇശൈ കവിത (തമിഴ്)

 നൃത്തം നൃത്തത്തിനായ് ആടണം എന്നു പറയുന്നു ഒരാൾ

ഇശൈ



കുരങ്ങു വർഗ്ഗത്തിലൊരു കുരങ്ങ്

ഒരു പഴത്തിൽ നിന്നു മറ്റൊരു പഴത്തിൻ നേർക്കു ചാടാതെ

ആദ്യമായ്

ഒരു കൊമ്പിൽ നിന്നു മറ്റൊരു കൊമ്പിലേക്കു ചാടി.


മനുഷ്യ വർഗ്ഗത്തിലൊരു മനുഷ്യൻ

ആദ്യമായ്

കിഴങ്ങു പറിക്കാൻ ഓടാതെ

നിലാവു നോക്കി നടന്നു.


പല യുഗാന്തരങ്ങൾക്കു പിന്നിൽ

ഉരുവം കൊണ്ടിരുന്നു

ഒരു ഭാഷ


ആ ഭാഷയിൽ

ഇവ

"നൃത്തം"

എന്നു വിളിക്കപ്പെട്ടു.

Wednesday, August 2, 2023

അജിതന്റെ നോവൽ പ്രകാശനച്ചടങ്ങിൽ വായിക്കാൻ

 


പ്രിയമുള്ളവരേ,


നമസ്കാരം. അജിതന്റെ മൈത്രി എന്ന ഈ ആദ്യനോവലിന്റെ പ്രകാശച്ചടങ്ങിൽ സംസാരിക്കാൻ എന്നെ വിളിച്ചതിൽ എനിക്ക് വലിയ സന്തോഷം മാത്രമല്ല അത്ഭുതവും തോന്നുന്നു. കാരണം തമിഴ് സാഹിത്യത്തെ മുൻ നിർത്തി വിപുലമായി സംസാരിക്കാനുള്ള പശ്ചാത്തലജ്ഞാനം എനിക്കില്ല എന്ന കാര്യം അജിതനും അറിയാവുന്നതു തന്നെ. കവിതകളും ചെറുകഥകളും വായിക്കാറുണ്ടെങ്കിലും വലിയ നോവലുകൾ വായിച്ചുള്ള പരിചയം പോലും എനിക്കില്ല. എന്നിട്ടും എന്നെ വിളിച്ചതിന് എനിക്കു തോന്നുന്ന ഒരു ന്യായമുണ്ട്. അത് കുഞ്ഞായിരുന്നപ്പോൾ അജിതനെ ഞാനാദ്യം കണ്ട രംഗത്തോടു ചേർത്തു വെക്കാവുന്നതാണ്. കുറ്റാലത്ത് തമിഴ് - മലയാളം കവികളുടെ കൂടിയിരിപ്പിൽ വെച്ചാണ് ഇരുപത്തിരണ്ടു കൊല്ലം മുമ്പ് അജിതനെ ഞാൻ ആദ്യം കാണുന്നത്. അന്നവന് ആറോ ഏഴോ വയസ്സു മാത്രം. രാത്രി ഭക്ഷണശാലയിൽ വെച്ച് അജിതനെ പെട്ടെന്നു കാണാതായി. എല്ലാവരും പരിഭ്രമത്തോടെ എങ്ങും തെരഞ്ഞ് ഒടുവിൽ കണ്ടെത്തുമ്പോൾ ഒരു ഉൾത്തെരുവിൽ കോവിലിനു പുറത്തു നിർത്തിയിട്ട ഗ്രാമത്തേര് നോക്കി അത്ഭുതത്തോടെ നിൽക്കുകയായിരുന്നു അജിതൻ. പിന്നീട് അജിതനെ എപ്പോൾ കാണുമ്പോഴും ആ തേരു കൂടി ചേർത്താണ് ഞാൻ കാണാറ് എന്ന് സ്യമന്തകത്തിൽ അടുത്തിടെ ഞാൻ എഴുതുകയുമുണ്ടായി. ഏഴാം വയസ്സിൽ അജിതനോടൊപ്പം ഞാൻ കണ്ട ആ അത്ഭുതത്തേരാണ് ഇപ്പോൾ മൈത്രി എന്ന നോവലായി ഉരുവം കൊണ്ടിരിക്കുന്നത് എന്നു ഞാൻ വിചാരിക്കുന്നു.


അത്ഭുത ഹിമാലയത്തിലേക്ക് എന്നെ കൊണ്ടുപോകുന്ന രഥമാണ് മൈത്രി. ഇതിന്റെ വായനാനുഭവം തമിഴർക്കുള്ള പോലെയാവുമോ മലയാളികൾക്ക് എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഒരു മലയാളിയുടെ വായനാനുഭവം അതിന്റെ പരിമിതികളോടെ അവതരിപ്പിക്കാനേ എനിക്കു കഴിയൂ. ഹിമാലയ യാത്രികരുടെ എണ്ണം കേരളത്തിൽ ഇന്ന് വളരെ കൂടിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള ചാർധാം യാത്രകളേക്കാൾ ഇന്ന് പെരുകിയിട്ടുള്ളത് ടൂറിസം സംസ്കാരത്തിന്റെ ഭാഗമായുള്ള ഹിമാലയൻ യാത്രകളാണ്. ആളുകളെല്ലാം ഹിമാലയം കേറിയിറങ്ങുന്ന തിരക്കാണ് മലയാളത്തിൽ. കേറിയിറങ്ങുന്നവർ ഭൗതികമാലിന്യം ഹിമാലയത്തിലും ഭാഷാമാലിന്യം യാത്രാ വിവരണ സാഹിത്യരൂപത്തിൽ മലയാള ഭാഷയിലും കുറേക്കാലമായി നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഹിമാലയത്തിന്റെ ഔന്നത്യവും മഹത്വവും വളരെ വളരെ പരിമിതപ്പെടുത്തി തൊട്ടരികത്തുള്ള ഒരു കുന്ന് മാത്രമാക്കി മാറ്റാൻ ഈ യാത്രാ വിവരണ സാഹിത്യ പ്രളയത്തിനു കഴിഞ്ഞിരിക്കുന്നു. കൂടുതൽ കൂടുതൽ ആൾക്കാരെ അങ്ങോട്ടു കയറ്റി വിടുന്ന ടൂറിസം ഗൈഡ് ആയി മാറുന്നു ഓരോ കൃതിയും. ഈ പശ്ചാത്തലത്തിൽ, ഹിമാലയത്തിലേക്ക് ആരും പോകേണ്ടതില്ല, ഇവിടിരുന്നു നിങ്ങൾ കേൾക്കുന്ന / വായിക്കുന്ന ഈ കഥ തന്നെയാണ് ഹിമാലയം എന്ന് ബോദ്ധ്യപ്പെടുത്തി ഹിമാലയത്തിലേക്ക് ആളെ കയറ്റിവിടാതെ തടയുന്ന സാഹിത്യകൃതികൾക്ക് വലിയ പ്രസക്തി ഇന്നുണ്ട്. അജിതന്റെ നോവൽ ആ ധർമ്മം ഭംഗിയായി നിർവഹിച്ചിരിക്കുന്നു. തന്റെ ഫിക്ഷനിലൂടെ അജിതൻ സൃഷ്ടിക്കുന്ന ഹിമാലയത്തിൽ തന്നെ തങ്ങി നിൽക്കാനാണ് വായനക്കാർക്കു തോന്നുക. ഭാഷാഹിമാലയത്തിൽ നിന്നിറങ്ങി ഭൗതിക ഹിമാലയത്തെ ആക്രമിക്കാനുള്ള നമ്മുടെ ചോദനകളെ ഭംഗിയായി തടയുന്നു എന്നതാണ് മൈത്രിയുടെ പ്രധാന സവിശേഷത എന്നു ഞാൻ വിചാരിക്കുന്നു.


കലാകാരൻ ആവിഷ്ക്കരിക്കുന്ന ഹിമാലയം മതി, നേരിൽ കണ്ടാൽ അത് തകരും എന്ന് ഞാനാദ്യം മനസ്സിലാക്കിയത് കുട്ടിക്കാലത്ത് കലാമണ്ഡലം രാമൻകുട്ടി നായരെപ്പോലുള്ള കഥകളി നടന്മാർ അരങ്ങത്ത് കൈലാസോദ്ധാരണം ആടുന്നത് കണ്ടപ്പോഴാണ്. മണിക്കൂറുകളെടുത്താണ് ആ രംഗം ആടാറ്. ആട്ടം കണ്ടിരിക്കുമ്പോൾ ഹിമാലയശൃംഗങ്ങൾ നമ്മുടെ കൺമുന്നിൽ ഉയർന്നുയർന്നു വരികയായി.നേരിൽ കാണുന്നതേക്കാൾ മനോഹരം കലാകാരന്റെ ഭാവനയിലൂടെ കാണുന്നതാണ് എന്ന് ബോദ്ധ്യപ്പെടുത്താൻ കഥകളിയരങ്ങുകൾക്കു കഴിഞ്ഞു. മുതിർന്നപ്പോൾ തപോവനസ്വാമികളുടെ ഹിമഗിരിവിഹാരം വായിച്ചപ്പോഴും ഹിമാലയത്തിൽ പോകേണ്ടതില്ല എന്നു തന്നെയാണ് തോന്നിയത്, അതൊരു യാത്രാ വിവരണ കൃതിയാണെങ്കിൽ പോലും. ഹിമാലയ പ്രകൃതിയുടെ മനുഷ്യാതീതത നന്നായി വെളിപ്പെടുത്താൻ ഹിമഗിരിവിഹാരത്തിനു കഴിഞ്ഞു. അജിതന്റെ മൈത്രി വായിച്ചപ്പോൾ ഹിമഗിരിവിഹാരത്തിൽ നിന്നുള്ള പഴയൊരു ചെറുസൂചന എനിക്ക് പ്രയോജനപ്പെടുക കൂടി ചെയ്തു. തപോവനസ്വാമികൾ ആ കൃതിയിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചിട്ടുള്ള വാക്ക് ശ്രദ്ധാദേവി എന്നതാണ്. ഇന്നത്തെപ്പോലുള്ള യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത 1920 കാലത്ത് ഹിമാലയത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഓരോ അടിയും ശ്രദ്ധിച്ചു വച്ചേ മുന്നോട്ടു നീങ്ങാനാവൂ. ശ്രദ്ധയെ സ്വാമി ഒരു ദേവിയായിക്കണ്ടു. ആ ശ്രദ്ധാ ദേവിയുടെ തന്നെ കൂടുതൽ കൃത്യതയാർന്ന മനുഷ്യാവതാരമാണ് ഈ നോവലിലെ മൈത്രി എന്ന പെൺകുട്ടി എന്ന് എനിക്ക് വായനയിലുടനീളം തോന്നുകയുണ്ടായി. ജീവിതത്തിലെ ഓരോ നിമിഷത്തെയും സൂക്ഷ്മതയോടെ ശ്രദ്ധിക്കുമ്പോൾ ഉദിക്കുന്ന മൈത്രീഭാവത്തിലാണ് അജിതന്റെ ഊന്നൽ എന്നത് എന്നെ അത്ഭുതപ്പെടുത്തി.  കാളിദാസന്റെ കുമാര സംഭവം വായിച്ചപ്പോഴും റോറിച്ചിന്റെ ഹിമാലയൻ ചിത്രങ്ങൾ കണ്ടപ്പോഴും ഹിമാലയം അകലെ ഉയരെ പൗരാണികതയോടെ തന്നെ നിലകൊണ്ടു. ഇതു തന്നെ ഹിമാലയം, ഇതു ഞാൻ കണ്ടിരിക്കുന്നു, ഇനി ഭൗതികമായി അവിടേക്കു പോകേണ്ടതില്ല എന്ന തോന്നലുണ്ടാക്കുന്നു വലിയ കലാസൃഷ്ടികൾ. ആർട്ടിനേക്കാൾ വലുതാണ് യഥാർത്ഥത്തിലുള്ളത് എന്നു തോന്നിപ്പിക്കുക മൈനർ ആർട്ടാണ്. അജിതന്റെ നോവൽ, ഇതാണെന്റെ ഹിമാലയം, ഇനി അവിടെ പോകേണ്ടതില്ല എന്ന് എന്നെ ഈ പുതിയ ടൂറിസം കാലത്ത് വീണ്ടും ബോധ്യപ്പെടുത്തി. ആ ഒറ്റക്കാരണം കൊണ്ടു തന്നെ മൈത്രി എന്നെ സംബന്ധിച്ചിടത്തോളം മേജർ ആർട്ട് ആകുന്നു


ഒരു കൃതിയിൽ ഇല്ലാത്തതെന്ത് എന്ന് അക്കമിട്ടു പറയുന്ന പ്രക്രിയയായി മാറിയിട്ടുണ്ട് വായന ഇന്ന് കേരളത്തിൽ. ഈ കൃതിയിൽ രാഷ്ട്രീയ പ്രബുദ്ധതയില്ല, ഇതിൽ സാമൂഹ്യ പ്രശ്നങ്ങളോടുള്ള പ്രതികരണമില്ല, ഇതിൽ സ്ത്രീവാദ ആശയങ്ങളോ ദളിത് വാദ ആശയങ്ങളോ പോസ്റ്റ് മോഡേൺ ആശയങ്ങളോ ഇല്ല എന്നിങ്ങനെ. മോശം കൃതി എന്നു വിലയിരുത്താൻ കാരണമായുള്ള കുറവുകളാണിവ മലയാളത്തിൽ. ഈയിടെയായി തമിഴിലും ഇതേ വായനാരീതി കടന്നുകൂടിയിട്ടുണ്ടോ എന്നെനിക്ക് സംശയം തോന്നാറുണ്ട്. ഇതിൽ ഉള്ളതെന്ത് എന്ന ശ്രദ്ധയോടെ വായിക്കുമ്പോൾ മൈത്രി എനിക്കു പ്രധാനമാകുന്നു , മികച്ച അനുഭവമാകുന്നു. യൗവനത്തെ സ്വാഭാവികതയോടെ എഴുതുന്നു എന്നതാണ് ഈ നോവലിന്റെ പ്രധാനപ്പെട്ട ഒരു സവിശേഷത. യൗവനത്തിന്റെ അക്ഷമ ക്ഷമാപൂർണ്ണമായി എഴുതപ്പെട്ടിരിക്കുന്നു ഈ നോവലിൽ. മൈത്രിയുടെ കഥാംശം മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ഒരു പക്ഷേ അസ്വാഭാവികമായിത്തോന്നിയേക്കും. ഹൃഷികേശിൽ നിന്നും സോനാപ്രയാഗിലേക്കുള്ള ബസ്സിൽ വെച്ച് ഹരൻ എന്ന തമിഴ് നാട്ടുകാരൻ ചെറുപ്പക്കാരൻ മൈത്രി എന്ന ഗഡ്വാളി പെൺകുട്ടിയെ പരിചയപ്പെടുന്നതും പെട്ടെന്ന് അടുപ്പത്തിലാവുന്നതും പെൺകുട്ടി ഹരനെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു കൂട്ടിക്കൊണ്ടുപോകുന്നതുമാണ് കഥയുടെ അടിസ്ഥാന ചട്ടക്കൂട്. ബസ്സിൽ വെച്ച് യാദൃച്ഛികമായി പരിചയപ്പെട്ട ഒരു പെൺകുട്ടി ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു യാത്രക്കു തയ്യാറാകും വിധം അടുക്കുന്നതിലെ അസ്വാഭാവികത കഥ മറ്റൊരാൾക്കു പറഞ്ഞുകൊടുക്കുമ്പോൾ തോന്നിയേക്കാം. എന്നാൽ നോവൽ വായിക്കുമ്പോൾ തീർത്തും സ്വാഭാവികമായ ഒരു വിളിയായാണ് അതനുഭവപ്പെടുക. ഹിമവൽ പ്രകൃതിയുടെ ആഴത്തിലേക്കുള്ള പ്രണയപൂർണ്ണമായ വിളി കേട്ടു പോകുന്ന ചെറുപ്പക്കാരന്റെ ബോധോദയത്തിന്റെ കഥയായി മൈത്രി മാറുന്നു. പ്രണയത്തിന്റെ പര്യായമാണ് മായ എന്ന തിരിച്ചറിവു നേടുന്ന യൗവനത്തെക്കുറിച്ചാണ് ഈ നോവൽ. ഹിമാലയ ഗിരിശൃംഗങ്ങൾ പ്രണയശിഖരങ്ങൾ കൂടിയാണല്ലോ, കുമാരസംഭവകാലം തൊട്ടേ.


നിലത്തെ / സ്ഥലത്തെ എഴുതലിന് മലയാളത്തിന്റെ സാഹിത്യ ആഖ്യാന പാരമ്പര്യത്തിൽ വലിയ പ്രാധാന്യമില്ല എന്നത് ഒരു വസ്തുതയാണ്. നിലത്തിൽ നിന്നു തുടങ്ങുന്ന ആഖ്യാനങ്ങൾ വളരെ പെട്ടെന്നു തന്നെ മനുഷ്യാഖ്യാനമായി മാറുന്ന രീതി മലയാള നോവലുകളിൽ പൊതുവേ കാണാം. ഇതിൽ നിന്നു വ്യത്യസ്തമായി നിലത്തെ വിശദാംശങ്ങളോടെ രേഖപ്പെടുത്തിയ രണ്ടെഴുത്തുകാരേ മലയാളത്തിലുള്ളൂ. സി.വി.രാമൻപിള്ളയും എസ്.കെ.പൊറ്റെക്കാടുമാണവർ. വൈക്കം മുഹമ്മദ് ബഷീറും തകഴിയും ഉറൂബും എം.ടി.യും ഉൾപ്പെടെ മറ്റെഴുത്തുകാരുടെ കൃതികളിലൊന്നും നിലപ്പരപ്പ് സ്വയം കഥാപാത്രസ്വരൂപമെടുക്കുന്നതായി കാണുന്നില്ല. മാർക്സിയൻ സാമൂഹ്യ- സൗന്ദര്യ ദർശനങ്ങൾക്ക് കേരളത്തിലുള്ള സ്വാധീനത്തിന്റെ ഒരു ഫലം കൂടിയാവാം സ്ഥലാഖ്യാനം പെട്ടെന്ന് മനുഷ്യാഖ്യാനമായി മാറുന്ന ഈ പ്രവണത. അജിതന്റെ മൈത്രി എന്നെ ഏറെ ആകർഷിച്ചതിന്റെ ഒരു കാരണം നിലപ്പരപ്പ് അതിന്റെ സാംസ്ക്കാരിക സൂക്ഷ്മതകളോടെ കഥാപാത്രസ്വരൂപമെടുത്തിരിക്കുന്നു ഇതിൽ എന്നതു തന്നെയാണ്. ഇക്കാര്യത്തിൽ മൈത്രിയുടെ ഒരു പൂർവമാതൃക ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയുടെ ആരണ്യക്കാണ്. ആരണ്യക് ആയാലും മൈത്രി ആയാലും, മനുഷ്യ കേന്ദ്രിതമായ മലയാള ആഖ്യാന രീതികളിൽ നിന്നു വിട്ടു നിൽക്കുന്ന നോവലുകളാണ്. ആ വ്യത്യാസത്തെയാണ് കേരളീയനായ വായനക്കാരൻ എന്ന നിലയിൽ ഞാൻ നന്നായി ആസ്വദിച്ചത്.


നോവലിനെക്കുറിച്ച് പ്രധാനമെന്നു തോന്നുന്ന ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഞാനീ സംസാരം അവസാനിപ്പിക്കാം. ഹിമാലയം സാംസ്കാരികമായി എങ്ങനെ ഇന്ത്യയേയും ലോകത്തെത്തന്നെയും ഒരുമിപ്പിക്കുന്നു എന്ന് നിരവധി സൂചനകളിലൂടെ അജിതൻ മറ നീക്കിക്കാണിക്കുന്നുണ്ടിവിടെ. നാലാം അദ്ധ്യായത്തിന്റെ ഒടുവിൽ സൗന്ദര്യലഹരിയും ശങ്കരാചാര്യരും ആഖ്യാനത്തിലേക്ക് പെട്ടെന്നു കടന്നുവരുന്ന ഒരു സന്ദർഭമുണ്ട്. മൈത്രിയുടെ നിർദ്ദേശപ്രകാരം സോനപ്രയാഗിലെ നാഗേന്ദർ ദാദയുടെ കുതിരലായത്തിലേക്ക് ജീപ്പിറങ്ങി ഹരൻ വരുന്ന സന്ദർഭം. ജീപ്പിൽ നിന്നിറങ്ങിയ യാത്രികയായ ഗഡ് വാളി സ്ത്രീയോട് ജീപ്പ് ഡ്രൈവർ എന്തോ പറഞ്ഞപ്പോൾ അവൾ ചിരിച്ച് പുരികം വില്ലു പോലെ വളച്ച് എന്തോ മറുപടി പറഞ്ഞു. ഉടനെ ഹരന്, സൗന്ദര്യ ലഹരിയിലെ മന്മഥന്റെ വില്ലു പോലുള്ള പുരികങ്ങൾ ഓർമ്മയിലെത്തുന്നു. ആദി ശങ്കരൻ കേദാർനാഥിൽ വരുമ്പോൾ തന്റെ പ്രായം തന്നെയായിരുന്നിരിക്കണം എന്ന് ഹരൻ ചിന്തിക്കുന്നു. പുരികം വളച്ചു നിൽക്കുന്ന ഈ ഗഡ് വാളി പെണ്ണിന്റെ മുതുമുത്തശ്ശിമാരെ ആരെയെങ്കിലും അന്നദ്ദേഹം കണ്ടിട്ടുണ്ടാവാം. ആ കാഴ്ച്ചയിൽ നിന്നു പിറന്നതാവാം മന്മഥന്റെ വില്ലു പോലുള്ള പുരികങ്ങൾ എന്ന ഉപമ. കേരളീയനായ ആദി ശങ്കരനും തമിഴ് നാട്ടുകാരൻ പുതുമുറക്കാരൻ ഹരനും ഗഡ് വാളിപ്പെണ്ണിന്റെ പുരികക്കൊടിക്കീഴിൽ കണ്ടുമുട്ടുന്നു. രണ്ടു പേരും അവരുടേതായ സൗന്ദര്യ ലഹരികൾ സൃഷ്ടിക്കുന്നു. അഞ്ചാം അദ്ധ്യായത്തിൽ ഗഡ്വാളി ഗ്രാമത്തിൽ വെച്ചു കേട്ട മശക്ബിൻ എന്ന കുഴൽ വാദ്യത്തെക്കുറിച്ചു പരാമർശിക്കുന്ന ഭാഗത്ത് സ്കോട്ലാന്റിൽ നിന്നു വന്ന ആ വാദ്യം ഉത്തരാഖണ്ഡ് സംസ്കൃതിയുടെ ഭാഗമായി മാറിയത് എങ്ങനെ എന്നന്വേഷിക്കുന്നുണ്ട്. ബ്രിട്ടീഷ് പട്ടാളക്കാരിൽ നിന്നു ഗഡ്വാളികൾ ആ കുഴൽ വാദ്യം പഠിച്ചെടുക്കുകയും ഗഡ്വാളി നാട്ടുസംഗീതം അതിലേക്കു പടർത്തുകയും ചെയ്തു. മനുഷ്യന് ഈ മലയിൽ കഴിയാൻ ഈ സംഗീതം കൂടിയേ തീരൂ എന്ന് നോവലിസ്റ്റ്. ഹിമാലയത്തിലെ ദേവദാരു മരങ്ങളെപ്പറ്റി വിവരിക്കുന്ന സന്ദർഭത്തിൽ അദ്ധ്യായം 6-ൽ വളർന്നുയരുന്ന ദേവദാരു മരങ്ങളെക്കുറിച്ചെഴുതുമ്പോൾ കേരളത്തിലെ പൂരങ്ങളിൽ അടുക്കടുക്കായി നിവരുന്ന കുടകളെ ഓർക്കുന്നുണ്ട് ആഖ്യാതാവ്.ഉത്തരാഖണ്ഡ് മലനിരകളിലെ ഫൂൽ ഡേയി എന്ന വസന്തോത്സവം വിവരിക്കുന്നത് വായിക്കുമ്പോൾ ഓരോ വീട്ടുമുറ്റത്തും പൂക്കളമൊരുക്കുന്ന ഓണത്തെപ്പറ്റി മലയാളി വായനക്കാരൻ ഓർക്കാതിരിക്കില്ല. വനദേവതയുടെ പിറകേ പോയ ജിതു പകട്വാലിന്റെ കഥ വായിക്കുമ്പോൾ ഇടശ്ശേരിയുടെ പൂതപ്പാട്ടു മാത്രമല്ല, ഡബ്ലിയു.ബി.യേറ്റ്സിന്റെ അലയുന്ന ഈഞ്ജസ് ദേവന്റെ പാട്ടുവരെ ഓർക്കാം. ഇങ്ങനെ ഗഡ്വാളി തനിമയെ തൊട്ടു കാണിക്കുമ്പോൾ തന്നെ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയായിക്കൂടി ഹിമാലയത്തെക്കാണാൻ അജിതനു കഴിഞ്ഞിട്ടുണ്ട് ഈ നോവലിൽ.


മൈത്രിയുടെ ഈ വായനാനുഭവം നേരിൽ പറയണമെന്നു കരുതി ഞാൻ യാത്രക്ക് ഒരുങ്ങിയിരിക്കേയാണ് തീർത്തും അപ്രതീക്ഷിതമായി എന്റെ അമ്മ മരിക്കുന്നത്. അമ്മക്ക് 85 വയസ്സായിരുന്നെങ്കിലും കാര്യമായ അസുഖമൊന്നുമുണ്ടായിരുന്നില്ല. മരണം പെട്ടെന്നായിരുന്നു. താരാശങ്കർ ബാനർജിയുടെ പിംഗളകേശിനി അമ്മയെ വന്നു വിളിച്ചു, പെട്ടെന്ന്. തുടർന്ന് എനിക്ക് ചെന്നൈയിലേക്കുള്ള ഈ യാത്ര മാറ്റി വെക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ മൈത്രിയുടെ വായനാനുഭവം ഞാൻ ചുരുക്കി പ്രസംഗ രൂപത്തിൽ തന്നെ ഇവിടെ എഴുതി അയക്കുന്നു. ഇതവിടെ വായിക്കും എന്ന പ്രതീക്ഷയോടെ. മരണത്തിന്റേതായാലും ജീവിതത്തിന്റേതായാലും വാതിലുകളെല്ലാം തുറക്കുന്നത് നാം നിനച്ചിരിക്കാതെ അപ്രതീക്ഷിതമായാണ്. സോനാ പ്രയാഗിലേക്കുള്ള ബസ്സിലാണ് അജിതന്റെ ഹരനെപ്പോലെ നാമോരോരുത്തരും.


നന്ദി.



Tuesday, August 1, 2023

ഏഴ്

 ഏഴ്



മകളുടെ കയ്യിൽ നിന്നും

അബദ്ധത്തിലെന്റെ മേൽ

വഴുതി വീണതാണീ ഏഴ്.


എന്റെ തലയിൽ അഭിഷേകം

ചെയ്യുമ്പോലെ അതു വീണു.

ഏഴിൽ ഞാൻ കുളിച്ചു.


മൂക്കിന്മേലൊഴുകിയപ്പോൾ

ഏഴിന്റെ മണമറിഞ്ഞു.

ചുണ്ടത്തു തട്ടിയപ്പോൾ

ഏഴിന്റെ രുചി കണ്ണീർ -

പ്പുളിപ്പല്ലെന്നിന്നറിഞ്ഞു.


പഠിക്കുന്ന കാലത്തെന്നെ

പറ്റിച്ച മായാവിയേഴ്.


കണ്ണാടിയിൽ ഒന്നു നോക്കി

ഏഴിൽ കുളിച്ചു നിൽക്കുമെന്നെ

കാണാനിപ്പോൾ എന്തു ഭംഗി!

എഴുതിരിയിട്ട വിളക്കുപോലെ.


കണക്കിലെന്നെ തോൽപ്പിച്ച

ലോകമിതു കാണട്ടെ!

ഏഴിൽ മുങ്ങിയൊഴുകാലെ

ഞാൻ പുറത്തു പോകട്ടെ!