Thursday, August 15, 2024

നികിത ഡാനിലോവ് (റുമാനിയ, ജനനം: 1952)

കവിതകൾ


നികിത ഡാനിലോവ് (റുമാനിയ, ജനനം: 1952)


1
വസന്തവെളിച്ചം


ചെറുപ്പം സുന്ദരി ടീച്ചർ
അവളുടെ മുഴുവൻ കുട്ടിക്കൂട്ടത്തെയും
കൈയ്ക്കു പിടിച്ച്
നടത്തിക്കൊണ്ടുപോകുന്നു.
ഒരു മുഴുവൻ തേനീച്ചക്കൂട്ടത്തേയും
ചിറകിനുപിടിച്ച്
കൊണ്ടുപോകുന്ന പോലെ
എങ്ങും നിറഞ്ഞ ശാന്തത
എങ്ങും മധുരവസന്തവെളിച്ചം


2

രാത്രിയാകുന്നു


വിദേശങ്ങളിൽ നിന്നു മടങ്ങിവന്ന പക്ഷികൾ
വീടിൻ്റെ പഴക്കം ചെന്ന ഇറയത്തിനടിയിൽ
കളിമണ്ണും വൈക്കോലും കൊണ്ടു
കൂടുണ്ടാക്കുന്നതുപോലെ
എന്നിലേക്കു മടങ്ങിവരുന്നു
പ്രഭോ, നിൻ്റെ വെളിച്ചം!

എനിക്കുചുറ്റും കാണാനാവുന്നത്
ശാന്തിയും സന്തോഷവും മാത്രം

എവിടെയാണോ ഇന്നലെ
ഇരുട്ടും നിരാശയുമുണ്ടായിരുന്നത്
അവിടെ ഇന്ന്
ഒരു കിളിയുടെ മധുരഗാനം മുഴങ്ങുന്നു
നിൻ്റെ വെളിച്ചത്താലെന്നെ നീ
നശിപ്പിക്കുന്നതെന്തിന്, പ്രഭോ!


3
വെളിമ്പറമ്പ്


മേലേ നിന്നും രാത്രി മെല്ലെ മെല്ലെ പതിച്ചുകൊണ്ടിരിക്കുന്ന
ഒരൊഴിഞ്ഞ വെളിമ്പറമ്പിൻ്റെ നടുവിൽ
കറുത്ത പൂക്കൾ നിറച്ച വെളുത്ത കിടക്കയിൽ
കിടക്കുന്നതായി ഞാൻ കാണപ്പെട്ടു
അസ്വസ്ഥമായ നീണ്ട നിദ്രയിൽ നിന്നുണർന്നപ്പോൾ
ആരോ ഒരാൾ ഒരു മെഴുകുതിരിയുമായി
കിടക്കക്കരികിൽ കുനിഞ്ഞുനിന്ന്
എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അയാൾ പറഞ്ഞു:

"കൃത്യം ഈ സ്ഥലത്തിനടിയിൽ കുഴിക്കുക
രണ്ടു മീറ്റർ താണാൽ ഒരു കല്ലിനടുത്തെത്തും
കല്ലിനടിയിൽ നിങ്ങളൊരു കുരിശു കാണും
മൂന്നു മീറ്റർ താഴ്ച്ചയിൽ
നിങ്ങളൊരു ജനാല കാണും
അഞ്ചു മീറ്റർ താഴ്ച്ചയിൽ ഒരു വാതിൽ.
ഒരു ശബ്ദം നിങ്ങളോടു ചോദിക്കും:
"ആരാണവിടെ?"
നിങ്ങൾ മറുപടി പറയും: "ആരുമില്ല"

ഇപ്പോൾ കുഴിച്ചു തുടങ്ങൂ....
ഞാൻ നിനക്കു വെളിച്ചം കാട്ടാം"


4
മുഖം


നീ നിൻ്റെ മുഷ്ടിയാൽ തല്ലുന്നു വെള്ളത്തിൽ,
പക്ഷേ തൊടാനാവുന്നേയില്ല നിൻ മുഖം
നീ നിൻ്റെ കയ്യുകളാഴ്ത്തുന്നു വെള്ളത്തിൽ,
പക്ഷേ തൊടാനാവുന്നേയില്ല നിൻ മുഖം
പിച്ചളനാണയത്തുട്ടുപോലേ മെല്ലെ -
യാഴത്തിലാഴത്തിലാണ്ടാണ്ടു പോകുന്നു



5
ശൂന്യത


അവന്നു മുകളിൽ മാനത്തൊരു
തുള തുറന്നു വന്നു
അതുവഴി ശൂന്യതയോടു സംസാരിക്കാൻ
അവനു കഴിഞ്ഞു
അവനലറി: "എന്താണ് തിന്മ? സത്യം? ദൈവം?"
മൂന്നുനാൾ കഴിഞ്ഞ് ഒരു മറുപടി വന്നു:
ഒരമർത്തിച്ചിരി,അതു കഴിഞ്ഞൊരു കുണുങ്ങിച്ചിരി
അവൻ ചോദിച്ചു:"എന്താണ് ജ്ഞാനം? സ്നേഹം?
ആത്മാവ്?"
മൂന്നു നാൾ കഴിഞ്ഞൊരു മറുപടി വന്നു:
ഒരാടിൻ്റെ നേർത്ത കരച്ചിൽ
പിന്നൊരു കുതിരയുടെ ചിനപ്പ്
ഒരു കാളയുടെ അമറൽ
നായയുടെ ഓളി, അങ്ങനെയങ്ങനെ....

അവൻ ചോദിച്ചു: ആരാണു നീ?
മൂന്നു നാൾ കഴിഞ്ഞൊരു മറുപടി വന്നു:
ഒരാടിൻ്റെ നേർത്ത കരച്ചിൽ
പിന്നൊരു കുതിരച്ചിനപ്പ്
നായയോളി, പന്നിയമറൽ
കാളമ്യാവൂ, അങ്ങനെയങ്ങനെ....

No comments:

Post a Comment