Friday, August 23, 2024

കാണപ്പെടൽ

കാണപ്പെടൽ




കഥാപാത്രങ്ങൾ:
മനുഷ്യൻ 1
മനുഷ്യൻ 2
മനുഷ്യൻ 3


(ഒഴിഞ്ഞ വേദി.ഇരുട്ട്. പിന്നണിയിൽ നിന്ന് അവ്യക്തമായ ശബ്ദം കേൾക്കുന്നു:)

മനുഷ്യൻ 1: എന്നെ കാണുന്നുണ്ടോ?

(കുറച്ചു നേരം കഴിഞ്ഞ് കുറച്ചുകൂടി ഉറക്കെ:) എന്നെ കാണുന്നുണ്ടോ?

(വേദിയിൽ വെളിച്ചം തെളിഞ്ഞു വരുന്നു. ഏറ്റവും പിന്നിൽ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെടുന്നു. അയാൾ കുനിഞ്ഞിരുന്ന് വേദിയുടെ തറയിൽ എന്തോ എഴുതുന്നു.

കാണുന്നു എന്ന വാക്കാണ് എഴുതുന്നത്. പക്ഷേ കാണികൾക്കത് ഇപ്പോൾ അവ്യക്തം. നാലു നിരയായി അതേ വാക്കു തന്നെ എഴുതിക്കൊണ്ടിരിക്കുന്നു. എഴുതി മുന്നിലേക്കു മുന്നിലേക്കു വരുന്നു. വേദിയുടെ മുൻഭാഗത്ത് എത്തുന്തോറും എഴുതുന്ന വാക്ക് തെളിഞ്ഞു കാണാം: 'കാണുന്നു'
ഏറ്റവും മുൻനിരക്കു മുന്നിലെത്തി ചുറ്റും നോക്കി അയാൾ എഴുന്നേൽക്കുന്നു. എഴുന്നേറ്റു നിന്ന് നാലു പുറവും നോക്കുന്നു:)

ഇപ്പോൾ നിങ്ങൾ എന്നെ കാണുന്നില്ലേ?

കാണുന്നില്ലെന്നോ...... എങ്കിൽ,

(വേദിയുടെ വശത്തു കൂട്ടിയിട്ട കട്ടകളിൽ ഒന്നെടുത്തു കൊണ്ടുവന്ന് നടുവിൽ വക്കുന്നു. അതിന്മേൽ എഴുതിയിരിക്കുന്നു: 'കാണുന്നു'
തറയിലേക്കു ചൂണ്ടി)

ഞാനീ എഴുതിയ വാക്കുകൾ നിങ്ങൾ കാണുന്നില്ലേ?
നൂറ്റാണ്ടുകൾക്കു മുമ്പ് കുനിഞ്ഞിരുന്ന് എഴുതാൻ തുടങ്ങിയതാണ്. ഒരേ വാക്ക്. കാണുന്നു കാണുന്നു കാണുന്നു. അങ്ങനെ നാലഞ്ചു നൂറ്റാണ്ടുകൊണ്ടാണ് ഞാനീ നിരയുടെ മുന്നിലെത്തിയത്. എന്നിട്ടും നിങ്ങളെന്നെ കാണുന്നില്ലെങ്കിൽ ....

(അടുത്ത കട്ട എടുത്തു വന്ന് ആദ്യത്തേതിനോടു ചേർത്തു വക്കുന്നു. കട്ടകൾ ഓരോന്നായി കൊണ്ടുവന്ന് വക്കുന്നു. ഓരോന്നിന്മേലും എഴുതിയിട്ടുണ്ട്: 'കാണുന്നു'

അട്ടിയായി വെച്ച കട്ടകൾക്കു പിന്നിൽ അയാൾ മറയുന്നു. അൽപ്പം കഴിഞ്ഞപ്പോൾ കട്ടകൾക്കു മുകളിൽ അയാളുടെ രൂപം കാണപ്പെടുന്നു)

ഹാ, ഞാൻ കാണപ്പെടുന്നു!
കാണപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം.

എവറസ്റ്റ് കയറിയവർക്കു ചുറ്റും ആരുമില്ല. പക്ഷേ, അവരെ ലോകം കാണുന്നു.

(വേദിയുടെ ഏറ്റവും പിറകിൽ മറ്റൊരു മനുഷ്യൻ നിലത്ത് കുന്തിച്ചിരുന്ന് എഴുതിക്കൊണ്ടു പ്രത്യക്ഷപ്പെടുന്നു. ശ്രദ്ധയാകർഷിക്കാനായി അയാൾ എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. മനുഷ്യൻ - 1 അയാളെ കാണുന്നു.
സദസ്സിൻ്റെ നേരേ തിരിഞ്ഞ്)

നോക്കൂ, (പിന്നിലേക്കു ചൂണ്ടുന്നു) തറയിൽ കാണുന്നു കാണുന്നു എന്ന് എഴുതിക്കൊണ്ടു വരുന്ന ആ മനുഷ്യനെ നിങ്ങൾ കാണുന്നില്ലേ?
എന്നേക്കാളും നിങ്ങൾ അയാളെ കാണുന്നുണ്ടോ? ഉണ്ടെന്നെനിക്കു തോന്നുന്നു.
അതെന്താണ് എന്നേക്കാളും നിങ്ങൾ അയാളെ കാണാൻ?
അയാൾക്ക് പണമുള്ളതുകൊണ്ടാവും അല്ലേ? നോക്കൂ,
(മനുഷ്യൻ 2എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽത്തന്നെ എന്തോ വാരി വിതറുന്ന ആംഗ്യം കാണിക്കുന്നു) കണ്ടോ, അയാൾ പണം വാരി വിതറുകയാണ്

(മനുഷ്യൻ 2 ഇപ്പോൾ വേദിയുടെ പിന്നറ്റത്ത് ഇരുന്നുകൊണ്ടു തന്നെ എന്തോ വിളിച്ചു പറഞ്ഞു വിൽക്കുന്നതായി നടിക്കുന്നു)

വലിയ കച്ചവടക്കാരനാണേ. അയാളുടെ പൂർവികരാണത്രേ പണ്ട് കുരുമുളകും ഏലവുമൊക്കെ കപ്പലുകളിൽ കയറ്റി കടൽ കടത്തിയിരുന്നത്. ഇപ്പോൾ അങ്ങാടിയിലെ പാണ്ടികശാലയിലെല്ലാം അയാളെയാണ് കാണുന്നത്. അയാളെ മാത്രമേ അങ്ങാടിയിൽ കാണാനുള്ളൂ. അങ്ങാടി നിയന്ത്രിക്കുന്നതേ അയാളാണ്.

(ഒന്നു നിർത്തി)

അയാളുടെ ജാതി വേറെയാണ്. വംശം വേറെയാണ്. മതം വേറെയാണ്. ദൈവം വേറെയാണ്.
ആ വ്യത്യാസം കൊണ്ടല്ലേ അയാൾ കൂടുതൽ കാണപ്പെടുന്നത്?

(വേദിക്കു പിന്നിലെ മനുഷ്യൻ 2 ഇപ്പോൾ ഒരു കസേര വലിച്ചിട്ട് ഇരിക്കുന്നു. മേശപ്പുറത്തു പുസ്തകം നിവർത്തി വച്ചതിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു)

കണ്ടോ, അയാൾ എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞു. അയാളുടെ പൂർവ്വികർക്കൊന്നും എഴുത്തറിയില്ലായിരുന്നു. എന്തോരം കവിതകളും കഥകളുമാണ് അയാൾ എഴുതിവിടുന്നതെന്നോ. ആഴ്ച്ചപ്പതിപ്പുകളൊക്കെ അയാളുടെ സാഹിത്യം കൊണ്ടു നിറഞ്ഞിരിക്കുന്നു. എനിക്കതു കാണാൻ വയ്യ!

(പിന്നിൽ ഇരിക്കുന്ന മനുഷ്യൻ 2 എഴുത്തും വായനയും തുടരുന്നു)

സർക്കാരിലെ ഏറ്റവും ഉയർന്ന ജോലിയും അയാൾക്കു കിട്ടി. അയാള് കളക്റ്റർ, അയാളുടെ മൂത്ത മകൾ ഡോക്ടർ. ഇളയവൻ പ്രൊഫസർ

എന്തൊരു വലിപ്പമാണ് അയാളുടെ ആരാധനാലയത്തിന്!

(മനുഷ്യൻ 1 സംസാരിച്ചു സംസാരിച്ചു കുഴഞ്ഞുപോകുന്നു. കട്ടകൾക്കു മുകളിൽ തല വച്ചു കിടക്കുന്നു. പെട്ടെന്ന് സ്റ്റേജിൻ്റെ പിന്നിൽ മനുഷ്യൻ 2 കസേരയിൽ നിന്നു ചാടിയെണീറ്റ് മേശപ്പുറത്തു കയറി നിൽക്കുന്നു)

മനുഷ്യൻ 2 : എന്നിട്ടും നിങ്ങൾ എന്നെ വേണ്ടവിധം കാണുന്നില്ല, അല്ലേ?
മനുഷ്യൻ 1 : (തലയുയർത്തി തിരിഞ്ഞു നോക്കിക്കൊണ്ട്) ഏയ്,മനുഷ്യാ...... നിങ്ങളെ കൂടുതൽ കാണുന്നു

മനുഷ്യൻ 2: നിങ്ങളല്ലേ മുന്നിൽ നിൽക്കുന്നത്. ഞാൻ ഏറ്റവും പിറകിൽ. പിന്നെങ്ങനെ എന്നെ കൂടുതൽ കാണും?

മനുഷ്യൻ 1: അതൊന്നും ഞാൻ പറയില്ല. (ശബ്ദം താഴ്ത്തി) കുറച്ചു മുന്നേ ഞാൻ അയാളെക്കുറിച്ചു പറഞ്ഞ സ്വഗതം അയാൾ കേട്ടിട്ടില്ലെന്നു തോന്നുന്നു. (ശബ്ദം ഉയർത്തി) ഹേയ്, നിങ്ങളാണ് ഇപ്പോൾ കാണപ്പെടുന്നത്.

എന്നെ മാത്രം കണ്ടിരുന്ന ഒരു സുവർണ്ണകാലമുണ്ടായിരുന്നു ....

മനുഷ്യൻ 2: അതറിയാം. മറ്റുള്ളവരെയൊക്കെ ചവിട്ടിക്കൂട്ടി ഒരുക്കാക്കി വെച്ചിരിക്കയല്ലായിരുന്നോ

മനുഷ്യൻ 1:  കാണുന്നു കാണുന്നു എന്ന വാക്ക് ഞാൻ നൂറ്റാണ്ടുകളായി കഷ്ടപ്പെട്ട് കോരിക്കോരി നിറച്ച് ഈ വേദി തൂർത്തുണ്ടാക്കിയത് നിങ്ങൾ കണ്ടതല്ലേ മനുഷ്യാ....

മനുഷ്യൻ 2: ഓ.....തറയിൽ കുനിഞ്ഞിരുന്ന് മറ്റുള്ളവരെ അടക്കം ചെയ്യുന്ന പണിയായിരുന്നു നിങ്ങളുടെ ഈ കുനിഞ്ഞിരുന്നുള്ള ഏർപ്പാട്, അല്ലേ?

മനുഷ്യൻ 1: എന്നിട്ടെന്താ? ....... വന്നു വന്ന് എന്നെയിപ്പോൾ കാണാതായിരിക്കുന്നു. നിങ്ങളെ മാത്രമേ എല്ലാവരും കാണുന്നുള്ളൂ.

നിങ്ങളെ മാത്രമേ ഞാനും കാണുന്നുള്ളൂ.

മനുഷ്യൻ 2: നിങ്ങളെ ഞാനും കാണുന്നുണ്ടല്ലോ. അതിരിക്കട്ടെ. അപ്പോൾ, എന്നെ കാണേണ്ടി വരുന്നു എന്നതാണ് നിങ്ങളുടെ ദുഃഖം, അല്ലേ?

മനുഷ്യൻ 1 : അതെ, കാലം തരുന്ന ദുഃഖം.

മനുഷ്യൻ 2 : ഓഹോ, കാലദുഃഖം

മനുഷ്യൻ 1: അതെ, കളിയാക്കണ്ട

മനുഷ്യൻ 2 : ഏയ് .... എന്നിട്ടും നിങ്ങളെന്നെ ശരിക്കു കാണുന്നില്ല എന്നതാണ് എൻ്റെ ദുഃഖം

മനുഷ്യൻ 1: കാണപ്പെടുക എന്നതാണ് ഈ ഭൂമിമലയാളത്തിലെ സ്വർഗ്ഗം.
എടോ, നിങ്ങൾ കൂടുതൽ കാണപ്പെടുന്നതുകൊണ്ട് ആ സ്വർഗ്ഗം എനിക്കു പൂർണ്ണമായും കൈവന്നിട്ടില്ല.

മനുഷ്യൻ 2 : ഞാൻ കാണപ്പെടുന്നു, അതിനാൽ ഞാൻ ഉണ്ട്. ഉണ്ടോ? എനിക്കത്ര തീർച്ചയില്ല.(ശബ്ദം താഴ്ത്തി) ഒന്നു പരീക്ഷിക്കട്ടെ (ശബ്ദം ഉയർത്തി) സുഹൃത്തേ, എൻ്റെ പുതിയ കവിത ഒന്നു വായിക്കട്ടെ?

മനുഷ്യൻ 1: ഹേയ്, അതിൻ്റെ ആവശ്യമില്ല. കവിയായ നിങ്ങൾ നിറഞ്ഞു നിന്നു കാണപ്പെടുകയല്ലേ ആഴ്ചപ്പതിപ്പിൽ കവിയരങ്ങിൽ ഫേസ്ബുക്കിൽ ഉദ്ഘാടനച്ചടങ്ങിൽ... ഇനിയെന്തിനു നിങ്ങളുടെ കവിത ഞാൻ വായിക്കണം?

മനുഷ്യൻ 2 : അതെ, ഞാൻ കാണപ്പെടുന്നു, അതേ വേണ്ടൂ. പക്ഷേ, നിങ്ങൾ എൻ്റെ മുന്നിൽ നിൽക്കുന്നതിനാൽ ഞാൻ വേണ്ടത്ര കാണപ്പെടുന്നില്ല. എന്നെ നിങ്ങൾ മറച്ചിരിക്കുന്നു.

മനുഷ്യൻ 1: ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഞാനാണ് അപ്പോൾ ഇക്കാണായ ലോകത്തിൻ്റെ മുഴുവൻ അധികാരി, അല്ലേ...... ഞാൻ ഉത്തരവിടാൻ പോവുകയാണ്...... അനുസരിച്ചോണം

മനുഷ്യൻ 2: പിന്നേ..... താൻ ഉത്തരവിട്ടാൽ അനുസരിക്കാനാണല്ലോ ഞങ്ങളൊക്കെ. ഒന്നു പോടോ

മനുഷ്യൻ 1: കാണപ്പെടുന്നവൻ്റെ കയ്യിലാണ് അധികാരം.

മനുഷ്യൻ 2 : കാണപ്പെടുന്നതിൻ്റെ ലഹരി ഒന്നു വേറെയാ..... പരമാധികാരിയാണെന്നൊക്കെ തോന്നും. ചുമ്മാ തോന്നലാ...

മനുഷ്യൻ 1: അല്ലാ, ഒരു സംശയം, ഏയ് മനുഷ്യാ, ഇവിടെങ്ങും എഴുതി വെച്ചിരിക്കുന്നത് കാണുന്നു കാണുന്നു എന്നല്ലേ? നമ്മൾ രണ്ടാളും ചേർന്ന് എഴുതി നിറച്ചതാണ് ഇതെല്ലാം. പിന്നെങ്ങനെയാ കാണാതിരിക്കുക? മറയപ്പെടുക?

മനുഷ്യൻ 2 : (മനുഷ്യൻ 1 നെ സൂക്ഷിച്ചു നോക്കി) അതേയ്, ഒരു സംശയം. എൻ്റെ മുന്നിൽ നിൽക്കുന്ന ഈ നിങ്ങളുടെ പിന്നിലല്ലേ ശരിക്കുമുള്ള നിങ്ങൾ? അതെന്തിനാ നിങ്ങൾ മറച്ചുവെച്ചിരിക്കുന്നത്?

മനുഷ്യൻ 1 : എടോ, ഞാൻ എങ്ങനെ കാണപ്പെടണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യകാലത്ത് എനിക്കുണ്ട്.

മനുഷ്യൻ 2 : കാണപ്പെടേണ്ടാത്ത നിങ്ങളെ മറച്ചു വെക്കാനും കാണേണ്ട നിങ്ങളെ മാത്രം പ്രദർശിപ്പിക്കാനുമുള്ള മറയാണല്ലേ അപ്പോൾ ജനാധിപത്യം?

മനുഷ്യൻ 1 : താൻ എന്തൊക്കെ കാണിച്ചാലും, എന്തൊക്കെ മറച്ചാലും ശരി തൻ്റെ പിന്നാമ്പുറത്തെ അഴുക്കു മുഴുവൻ എല്ലാവരും കാണുന്നുണ്ട്, അതു മറക്കണ്ട.

മനുഷ്യൻ 2 : പിന്നേ, തൻ്റെ പിന്നാമ്പുറത്ത് സ്വർഗ്ഗമല്ലേ, തീട്ടസ്വർഗ്ഗം.... ഫൂ...

(പെട്ടെന്ന് വലിയ ശബ്ദത്തോടെ ഒരു കാറ്റു വീശുന്നു. മനുഷ്യൻ ഒന്നും രണ്ടും സംഭ്രമത്തോടെ അങ്ങുമിങ്ങും നോക്കി പായുന്നു. കാറ്റ് നിലച്ച് ശാന്തമാകുമ്പോൾ തറയിൽ ചപ്പുചവറുകൾ പോലെ എന്തെല്ലാമോ വീണു കിടക്കുന്നു)

മനുഷ്യൻ 2 : കൊടുങ്കാറ്റാണെന്നാ കരുതിയത്. പേടിച്ചു പോയി

മനുഷ്യൻ 1 : എവിടെയോ കൊടുങ്കാറ്റടിച്ചിട്ടുണ്ട്. മഴയും കാണും. എന്തോരം ചപ്പുചവറുകളാ പാറി വന്നിരിക്കുന്നത്.

മനുഷ്യൻ 2 : (തറയിൽ നിന്ന് ഒന്നു പെറുക്കിയെടുക്കുന്നു. ഒരു കടലാസ്. അതിലേക്ക് നോക്കുന്തോറും മുഖത്ത് സന്തോഷം തെളിയുന്നു) ഇതു കൊള്ളാമല്ലോ. ഞാൻ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോയാണ്. മറ്റവമ്മാരൊക്കെ തള്ളിക്കയറി നിന്നിട്ടും ഞാനാണേ ഫോക്കസ് .....കാറ്റേ ... കൊടുങ്കാറ്റേ.... ഉമ്മ.

മനുഷ്യൻ 1 : (കുനിഞ്ഞ് മറ്റൊന്ന് എടുക്കുന്നു. അതും ഒരു കടലാസ്. അതിലേക്കു നോക്കി ഉറക്കെ ചിരിക്കുന്നു) ഇത് ഞാൻ ഉദ്ഘാടനം ചെയ്യുന്ന പടമാണല്ലോ.

മനുഷ്യൻ 2 : ഞാൻ പങ്കെടുത്ത പരിപാടികളുടെ ഫോട്ടോകളാണല്ലോ കാറ്റടിച്ചു കൊണ്ടുവന്നിട്ടതു മുഴുവൻ .... ങ്ഹാ, നോക്കട്ടെ (തറയിൽ പരതുന്നു)

മനുഷ്യൻ 1: ഇതു മുഴുവൻ എൻ്റെ ഫോട്ടോകളാണല്ലോ... ഏത് പ്രകൃതിദുരന്തമുണ്ടായാലും ഫോട്ടോയിൽ ഞാൻ തന്നെ. തെറ്റിദ്ധരിക്കേണ്ട, ഞാൻ സെയ്ഫാണേ...

(തറയിൽ കിടക്കുന്ന ചപ്പുകളിൽ പരതിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന്,വേദിയുടെ പിറകിൽ ഒരു ചലനം കണ്ട് അങ്ങോട്ടു നോക്കുന്നു)

അതാ, കണ്ടോ ഒരാൾ കൂടി പിന്നിൽ നിന്നു വരുന്നുണ്ട്

(പടുത്തതിൻ്റെ മുകളിൽ നിന്ന് താഴേക്കു ചാടി വേദിക്കു മുന്നിൽ നിന്ന് പിന്നിലേക്കു ചൂണ്ടുന്നു)

മനുഷ്യൻ 2: (മേശപ്പുറത്തു നിന്നു ചാടിയിറങ്ങി വേദിക്കു മുന്നിൽ മനുഷ്യൻ 1 ൻ്റെ അടുത്തുവന്നു നിന്ന് വേദിക്കു പിന്നിലേക്കു നോക്കുന്നു. വേദിക്കു പിന്നിൽ തറയിലിരുന്ന് കാണുന്നു എന്ന് എഴുതിക്കൊണ്ടു വരുന്ന മനുഷ്യൻ 3 നെ ഇപ്പോൾ കാണാം) വികസനം എത്തിനോക്കിയിട്ടില്ലാത്ത അവരുടെ കൂട്ടത്തിൽ നിന്ന് കാണപ്പെടുന്ന ആദ്യത്തെയാളാണ്.

മനുഷ്യൻ 1: എങ്കിൽ നമുക്കു സ്വീകരിക്കണം. അവരുടെ കൂട്ടത്തിൽ നിന്ന് ആദ്യത്തെയാൾ!

മനുഷ്യൻ 2: പത്രത്തിൽ ഒരു ഫീച്ചറിനുള്ള വകുപ്പുണ്ട്. (ശബ്ദം താഴ്ത്തി) ഇതു വന്നാൽ എനിക്കൊരു ബൈലൈൻ ഉറപ്പാണ്.

മനുഷ്യൻ 1 (മനുഷ്യൻ 3 നെ നോക്കി): വരൂ വരൂ സുഹൃത്തേ, സ്വാഗതം ....... ഇതാ, ഈ വലിയ വേദിയിൽ താങ്കളും കാണപ്പെടുന്നു. താങ്കളുടെ കൂട്ടത്തിൽ മറ്റെല്ലാരും ഇരുട്ടിൽ കഴിയുമ്പോൾ താങ്കൾ മാത്രം കാണപ്പെടുന്നു. അഭിനന്ദനങ്ങൾ

മനുഷ്യൻ 2: നാളത്തെ പത്രത്തിൽ ഞാനെഴുതുന്നുണ്ട്. സുഹൃത്തേ, എങ്ങനെയായിരുന്നു താങ്കളുടെ ഇങ്ങോട്ടുള്ള വരവ്?

മനുഷ്യൻ 1: പ്രോത്സാഹകന്മാരും തലതൊട്ടപ്പന്മാരുമില്ലാതെ തനിയേ ഇങ്ങുവരാൻ ഇയാൾക്കു കഴിയും എന്നു കരുതുന്ന വിഡ്ഢികളല്ല ഞങ്ങൾ.

മനുഷ്യൻ 3 (അതൊന്നും ശ്രദ്ധിക്കാതെ, വേദിക്കു മുന്നിൽ വന്ന് ഉറക്കെ) : എന്നെ കാണുന്നുണ്ടോ?

ഞാൻ കാണപ്പെടുന്നുണ്ടോ?

മനുഷ്യൻ 2: ഇത്ര ഉറക്കെ അലറണ്ട. ഞാൻ നിങ്ങളെ കാണുന്നുണ്ട്

മനുഷ്യൻ 1: ഞാനും. (സദസ്സിനു നേർക്കു നോക്കി) നിങ്ങളും ഈ സഹോദരനെ കാണുന്നുണ്ടല്ലോ, അല്ലേ?

(പിന്നണിയിൽ നിന്ന് ഒരു ഒച്ചപ്പാട് കേൾക്കുന്നു.കാലടി ശബ്ദങ്ങളും സംസാരിക്കുന്ന ശബ്ദങ്ങളും ഇടകലർന്നു കേൾക്കുന്നു)

മനുഷ്യൻ 1 (മനുഷ്യൻ 2 നോട്): ബഹളം കേട്ടിട്ട് ഇയാൾ ഒറ്റക്കല്ലെന്നാ തോന്നുന്നത്.

മനുഷ്യൻ 2 (പിന്നിലേക്ക് ആഞ്ഞുനോക്കി): അതെ, നമ്മളു വന്ന പോലെത്തന്നെ. ഒരു കൂട്ടമായി. ഞാൻ എൻ്റെ കൂട്ടമാണ്.

മനുഷ്യൻ 1: ഞാനെന്താ പിന്നെ ഒറ്റക്കോ? ഞാനെന്നാൽ എൻ്റെ ആൾക്കാരാണ്.

മനുഷ്യൻ 2(കണ്ണിനു മേൽ കൈ വെച്ച് പിന്നിലേക്കു ചുഴിഞ്ഞു നോക്കി) അവരെ കണ്ടിട്ട് ഇതാ ഈ വന്നയാളുടെ കൂട്ടക്കാരെപ്പോലെത്തന്നെയുണ്ട്.

മനുഷ്യൻ 1: നമ്മളു ചോദിച്ച ചോദ്യം തന്നെ ഇയാളും ചോദിക്കുന്നു (മനുഷ്യൻ 3 നെ അനുകരിച്ച്) എന്നെ കാണുന്നുണ്ടോ?

മനുഷ്യൻ 2: അതു കഴിഞ്ഞാൽ പിന്നെ എന്നേക്കാൾ മറ്റവനെ കാണുന്നുണ്ടോ എന്നാകും. അതും കഴിഞ്ഞാൽ പിന്നെ തീരുമാനമായി. ഞാൻ മറ്റവനെ മാത്രമേ കാണുന്നുള്ളൂ. വേറൊന്നും കാണുന്നില്ല.(മനുഷ്യൻ 1 നോട്) ഹേയ് മനുഷ്യാ, ഞാൻ നിങ്ങളെ മാത്രമേ കാണുന്നുള്ളൂ. എന്നേക്കാൾ കാണപ്പെടുന്ന നിങ്ങളെ മാത്രം. വേറെന്തു ലോകം!

മനുഷ്യൻ 1: എടോ, നിങ്ങളെ മാത്രം കണ്ടു കണ്ട് എനിക്ക് ഒന്നും പിടികിട്ടാതായിരിക്കുന്നു. എവിടെയോ പരിചയമുണ്ടല്ലോ...... ആരാ നിങ്ങൾ?
നിങ്ങൾ ആരായാലും ഇക്കാര്യം തീരുമാനമാക്കിയിട്ടേ ഇനിയുള്ളൂ.

(പെട്ടെന്നു നടന്ന് പടുത്തുണ്ടാക്കിയതിൻ്റെ പിന്നിലൂടെ കയറി മുകളിൽ പ്രത്യക്ഷപ്പെടുന്നു. ഉറക്കെ വിളിച്ചു ചോദിക്കുന്നു) 

ഹലോ....... എന്നെ കാണുന്നില്ലേ? ഞാൻ ഇവരെക്കാളൊക്കെ മുമ്പേ വന്നതാണ്. നൂറ്റാണ്ടുകളിലൂടെ ഇഴഞ്ഞിഴഞ്ഞ്. കയറിക്കയറി (മനുഷ്യർ 2 നേയും 3 നേയും ചൂണ്ടി) ഇവരൊക്കെ ഇതാ ഇപ്പോൾ പ്രത്യക്ഷപ്പെട്ടവർ. ചരിത്രമില്ലാത്തവർ. എന്നേക്കാൾ നിങ്ങൾ ഇവരെക്കാണുന്നില്ലല്ലോ, ഉവ്വോ?

മനുഷ്യൻ 2 (വേദിക്കു പിറകിലെ മേശ താങ്ങിയെടുത്ത് വേദിക്കു മുന്നിലെത്തിച്ച് അതിനു മേൽ കയറി നിന്ന്)
കാണപ്പെടൽ ഒരു പെടലു തന്നെ. എന്തായാലും പെട്ടുപോയി. ഇനി ഒന്നറിഞ്ഞിട്ടു തന്നെ കാര്യം.
ങാ...ഹ.......
എന്നെ കാണുന്നുണ്ടല്ലോ, ഇല്ലേ.... ഇവരേക്കാൾ കൂടുതലായി? ....അയ്യോ ഇവരാണോ എന്നേക്കാൾ കൂടുതൽ കാണപ്പെടുന്നത്?

എനിക്ക് ഒന്നും കണ്ണിൽ പിടിക്കുന്നില്ലല്ലോ. ആകെയൊരു മൂടൽ

മനുഷ്യൻ 1: എനിക്കും ഒന്നും കാണാനാകുന്നില്ല. ഒന്നു ചോദിക്കട്ടെ. വേദിയിൽ നിറഞ്ഞു കാണുന്നത് കാണുന്നു എന്ന വാക്കാണല്ലോ. പക്ഷേ നമുക്കൊന്നും കാണുന്നുമില്ല. എന്താണത്?

(വേദിയിൽ വെളിച്ചം കുറഞ്ഞു കുറഞ്ഞു വരുന്നു)

മനുഷ്യൻ 3: (ആലോചനയിൽ നിന്നുണർന്ന്) ഇരുട്ടു പടരുന്നതു കണ്ടില്ലേ സുഹൃത്തുക്കളേ. ഇവിടെല്ലാം തിങ്ങി നിറഞ്ഞ (കട്ടകൾക്കുമേൽ എഴുതിവെച്ച കാണുന്നു എന്ന വാക്കിലേക്കു ചൂണ്ടി) ഈ വാക്കു പരത്തുന്ന ഇരുട്ടല്ലേ ഇത് .....കാണലിലെ ഈ ...... കാണാതിരിക്കൽ.

(രംഗം മെല്ലെ ഇരുളിലേക്ക് ആണ്ടുപോകുന്നു. പിന്നണിയിലെ ശബ്ദകോലാഹലം വർദ്ധിക്കുന്നു. വേദിയിലെ ഇരുട്ടിൽ വേർതിരിച്ചറിയാനാവാത്ത മനുഷ്യരൂപങ്ങൾ നിറയുന്നു)

No comments:

Post a Comment