Sunday, August 18, 2024

കളത്തറ ഗോപൻ്റെ കവിത

 വികൃതിനൃത്തത്തിനു നടുവിലെ ധ്യാനബിന്ദു


പി. രാമൻ


സമകാലമലയാളത്തിലെ ഏറ്റവും ഹൈപ്പർ ആക്റ്റീവ് കവിത ഏതെന്നു ചോദിച്ചാൽ ഞാൻ പറയുക കളത്തറ ഗോപൻ്റെ കവിത എന്നായിരിക്കും. ഒരിക്കലും അടങ്ങിയിരിക്കാത്ത, പൊട്ടിത്തെറിച്ചു കൊണ്ടേയിരിക്കുന്ന പ്രകൃതമുള്ള കുട്ടികളെ ഈയിടെയായി ധാരാളം നമ്മൾ കാണുന്നുണ്ട്. കൗമാരക്കാരായ വിദ്യാർത്ഥികളുമായി ഇടപഴകുന്ന ഒരദ്ധ്യാപകൻ എന്ന നിലയിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഹൈപ്പർ ആക്റ്റീവ് പ്രവണത ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട് എന്ന്. ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും പുതിയ തലമുറക്കു കൂടുതലുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗോപൻ്റെ കവിതകൾ ഒന്നിച്ചു വായിച്ചപ്പോൾ ഒരു മിനിറ്റ് ഒതുങ്ങിയിരിക്കാനാവാതെ തിരിയുകയും മറിയുകയും ഓടുകയും ചാടുകയും വലിഞ്ഞുകയറുകയും പാടുകയും പ്രസംഗിക്കുകയും നൃത്തമാടുകയും കിടന്നുരുളുകയും അപകടം പിടിച്ചിടത്തെല്ലാം കൃത്യമായി എത്തിച്ചേരുകയും ചെയ്യുന്ന ആ അസ്വസ്ഥപ്രകൃതം കാവ്യരൂപം പൂണ്ടു മുന്നിൽ നിൽക്കുന്ന പോലെയാണ് എനിക്കു തോന്നിയത്. ഹൈപ്പർ ആക്റ്റീവ് പ്രകൃതം ഇന്നിൻ്റെ സ്വാഭാവിക പ്രകൃതമായിത്തന്നെ മാറിയിട്ടുള്ളതിനാൽ ഗോപൻ്റെ കവിത സമകാലജീവിതത്തിൻ്റെ സ്വാഭാവികമായ തുടർച്ചയായിരിക്കുന്നു.

ഇരിക്കപ്പൊറുതി ഇല്ലായ്മയാണ് ഗോപൻ്റെ പുതിയ സമാഹാരത്തിലെ കവിതകളുടെ പ്രധാന പ്രമേയം. അകവും പുറവും ഇളക്കി മറിക്കുന്ന പല തരം അസ്വസ്ഥതകൾ കൊണ്ടാണ് ഈ ഇരിക്കപ്പൊറുതിയില്ലായ്മ. തിരക്കുകളിൽ നിൽക്കുമ്പോഴും ഈ കവിതകളിലെ ആഖ്യാതാവ് ഒറ്റപ്പെട്ടവനാണ്. കൂടെ ഒരു മുറി എപ്പോഴും കൊണ്ടുനടക്കുന്നവനാണ്. ആധുനികൻ്റെ മുറിയെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ഇത് ഉത്തരാധുനികൻ്റെ മുറിയാണ്. ബസ്സിൻ്റെ സൈഡ് സീറ്റിലിരിക്കുമ്പൊഴും അയാൾ ഒരു മുറിക്കുള്ളിലാണ്. സ്വന്തം വീട്ടിലിരിക്കുമ്പോഴുമതെ. ഈ ഉൾവലിവോടു കൂടിയാണ് അയാൾ ചലനാത്മകമായ ലോകത്തിലിറങ്ങി പെരുമാറുന്നത്. അയാളിലെ ഉൾവലിവും ലോകത്തിൻ്റെ ചലനാത്മകതയും തമ്മിലുള്ള ഇടച്ചിൽ കവിതകളിലുടനീളമുണ്ട്. അതാണ് അഖ്യാതാവിൻ്റെ ഇരിക്കപ്പൊറുതി ഇല്ലായ്മയുടെ ഒരു കാരണം. പ്രതീതി യാഥാർത്ഥ്യത്തിൻ്റെ ലോകവും നിത്യഭൗതിക ലോകവും തമ്മിലുള്ള ഇടച്ചിലാണ് മറ്റൊന്ന്. ചില്ലിംഗം പോലെയുള്ള കവിതകളിൽ ഈ ഇടച്ചിൽ ശക്തമായി ആവിഷ്ക്കരിക്കപ്പെടുന്നു.

എ ഐ കാലത്തിൻ്റെ ടെക്കിയാണ് ഗോപൻ്റെ കവിതകളിലെ ആഖ്യാതാവെങ്കിലും ഓർമ്മകളെ ഡിസ്കണക്റ്റുചെയ്തു കൊണ്ടല്ലാതെ ഇരമ്പുന്ന പുതുലോകത്ത് പിടിച്ചു നിൽക്കാൻ അയാൾക്കും കഴിയുന്നില്ല. ഓർമ്മകളെ അയാൾക്ക് പല കവിതകളിലായി അടിയറ വെക്കേണ്ടി വരുന്നു. ഗുഹയിലൊരു ടെക്കി എന്ന കവിതയിൽ വാഹനം മുന്നിലേക്കും ഓർമ്മ പിന്നിലേക്കും പായുന്നു. അച്ഛനും നിശാഗന്ധിയും എന്ന കവിതയിൽ മരിച്ചു പോയ അച്ഛൻ്റെ ഓർമ്മ കുറച്ചുകൂടി ആഴത്തിൽ സ്വപ്നമായി വരുന്നു പലർക്കുമുള്ളിൽ. കവിതയുടെ ഒടുവിലെത്തുമ്പോൾ ആഖ്യാതാവിൻ്റെ സ്വപ്നത്തിലും ഒരു മേഘത്തിലേറി പറന്നു മായുന്നു അച്ഛൻ്റെ ഓർമ്മ. ഓർമ്മയാൽ സ്തബ്ധനാക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ചുള്ളതാണ് പുറപ്പെട്ടു പോയ പെൺകുട്ടി എന്ന കവിത.അപ്രത്യക്ഷയായ തൻ്റെ മകളെ തേടിയിറങ്ങിയതാണയാൾ. അവളെ പിടി കിട്ടി എന്ന തോന്നലിൽ കൈയമർത്തിപ്പിടിച്ചത് ബസ്സിൽ സീറ്റിലിരിക്കുന്ന ഏതോ പെൺകുട്ടിയുടെ കയ്യിൽ. അവൾ ഒച്ച വക്കുന്നു. അപകടകാരികളായ ഓർമ്മകളാണ് അയാളെ ബസ്സിൽ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ആളാക്കിയത്. ഓർമ്മകൾ ഇന്ന് അനാവശ്യമായ വെച്ചു കെട്ടോ കുഴപ്പമോ ആണ് എന്ന് ഈ കവിതകൾ എടുത്തു പറയുന്നു. എന്നാൽ അവയെ പൂർണ്ണമായും അകറ്റി നിർത്താൻ കഴിയുന്നില്ല എന്നതാണ് കഷ്ടം. ഓർമ്മകൾക്കും അയാളെപ്പോലെ തന്നെ ഇരിക്കപ്പൊറുതി ഇല്ല. അവ എവറസ്റ്റും കയറും. എന്നാൽ കയറിക്കഴിയുന്നതോടെ അയാളുടെ നാട്ടിലെ ഒരു ചെറുകുന്നായി ഒതുങ്ങുന്നു ഏത് എവറസ്റ്റും.ഓർമ്മകളും പുതുലോകവും തമ്മിലുള്ള ഇടച്ചിലാണ് ആഖ്യാതാവിൻ്റെ അസ്വസ്ഥതയുടെ മറ്റൊരു കാരണം. സൂക്ഷ്മമായി ഇഴ പിരിച്ചു നോക്കിയാൽ ഗോപൻ്റെ കാവ്യലോകത്തിൻ്റെ അസ്വാസ്ഥ്യക്കുലുക്കത്തിന് വേറെയും കാരണങ്ങൾ കണ്ടെത്താൻ കഴിയും. പഴയ കവികൾ പറയുമ്പോലെ എന്തെന്നറിയാനാവാത്തതല്ല ഈ അസ്വസ്ഥത. ഈ അസ്വസ്ഥതകളെ സമകാല മനുഷ്യൻ്റെ അസ്വസ്ഥതയാക്കി പൊതുമപ്പെടുത്താൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. കടലിൽ തിരയടിക്കുമ്പോലെ എന്ന മട്ടിൽ ഏതെങ്കിലും അലങ്കാര/ബിംബ കല്പനയിൽ ഒതുക്കാനാവുന്നതുമല്ല അത്. കാവ്യശരീരത്തെയപ്പാടെ കിടുകിടുക്കുന്നതും എടുത്തെറിയുന്നതുമാണ് ഈ ഹൈപ്പർ ആക്റ്റീവ് പ്രകൃതം.

മനസ്സിൻ്റെ സഞ്ചാരത്തിലെ ചലനത്തിനിടയിൽ വന്നു തങ്ങുന്ന അനുഭവമാണ് കവിതക്കടിസ്ഥാനം എന്ന് സഞ്ചാരം എന്ന കവിത വായനക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്. വേഗതക്കിടയിലൂടെ പാറിയെത്തിപ്പതിയുന്ന അനുഭവമാണ് ഇന്നത്തെ കവിതക്ക് ആധാരം എന്നത് എഴുത്തിനെ കുറിച്ചുള്ള ഈ കവിയുടെ കാഴ്ച്ചപ്പാടു തന്നെയാണ്. പല പല ലക്ഷ്യങ്ങൾ അന്വേഷിച്ച് പല പല മാർഗ്ഗങ്ങളിലെത്തുകയാണ് അന്വേഷിച്ചാൽ കണ്ടെത്തും എന്ന കവിതയിൽ. ഒന്ന് പലതായും പലത് ഒന്നായും മാറുന്നതിനെ ജീവിതമെന്നും കവിതയെന്നും വിളിക്കുന്നു എന്ന് ഒരു കവിതയിൽ കവി നിർവ്വചിക്കുന്നുണ്ട്(മാറാട്ടം). കാര്യസാധ്യത്തിന് പലേ വഴി മുട്ടി ഒരു വഴി തെളിയുന്നു, കാര്യം നടന്ന പിന്നെ ഒരു വഴിയുമില്ല എന്ന് കുറുകുന്നു ഉടൽലീല എന്ന കവിത. പല വേഗതകൾ കൂട്ടിമുട്ടുന്ന കൊളാഷാണ് അനവധി നിസ്സംഗമായ ദിനങ്ങൾ എന്ന കവിത.ഉണങ്ങിയ മരത്തിലെ പൊത്തിലിരിക്കുന്ന കിളി,സിറ്റൗട്ടിൽ പുറത്തേക്കു നോക്കിയിരിക്കുന്ന ഞാൻ, വിമാനം, 80/100 വേഗതയിൽ സഞ്ചരിക്കുന്ന ബൈക്ക്, പക്ഷികൾ, ഒച്ച്- ഇങ്ങനെ വേഗതയുടെയും മന്ദതയുടെയും രൂപകങ്ങൾ ഈ കവിതയിൽ തിക്കുമുട്ടുന്നു. അമ്മ മരിക്കുമ്പോൾ സ്വതന്ത്രമാകുന്ന ജീവൻ ഒരു മിന്നാമിനുങ്ങായി മാറാടുന്നുണ്ട് ഒരു കവിതയിൽ. ആ കവിതക്ക് ഗോപൻ നൽകിയ മാറാട്ടം എന്ന തലക്കെട്ട് ഗോപൻ്റെ കവിതാ ലോകത്തെ മുഴുവനായും അടയാളപ്പെടുത്താൻ പോന്നതാണ്.

തൻ്റെ അഞ്ചാമതു സമാഹാരത്തിന് ഗോപൻ നൽകിയ ശീർഷകമായ വഴിപിണക്കി മാറാട്ടത്തോടു ചേർന്നു നിൽക്കുന്നു. മാറാട്ടം കൂടി അടങ്ങിയതാണല്ലോ വഴിപിണങ്ങൽ. ഈ പുസ്തകത്തിലെ വരികൾ വരികളല്ല, സദാ തെറ്റിക്കൊണ്ടേയിരിക്കുന്ന വഴികളാണ്. വഴികൾ തെറ്റുന്തോറും നമ്മൾ ഓരോ നിമിഷത്തിലും മാറിക്കൊണ്ടേയിരിക്കുന്നു. തെറ്റിക്കൊണ്ടിരിക്കുന്ന വഴികളിലൂടെ മാറിക്കൊണ്ടേയിരിക്കുന്ന നാം കഴിഞ്ഞു കൂടുന്ന കറങ്ങിക്കൊണ്ടേയിരിക്കുന്ന ഈ ഭൂമിയാകട്ടെ, കവിയുടെ നോട്ടത്തിൽ ചലനവേഗത്തിൽ നിന്നു തെറിച്ചു വീഴുന്ന ഒരു ധാന്യമണി.

എല്ലാം പറന്നകലുകയാണ്.
മുറത്തിലിട്ടു പാറ്റിയപ്പോൾ
തെറിച്ചുവീണ ധാന്യമണിയീ ഭൂമി

തീ എന്ന കവിതയിലെ ഈ വരികളിൽ തീയിനെ ഒരു കല്ലിലെന്നപോലെ ജീവിതത്തിൻ്റെ മാറാട്ടത്തെ ഭാഷയിലൊതുക്കുന്ന ആ അടക്കം കാണാം. ഒരു പൂച്ചയും ഒരുപാടു ഞാനും എന്നാണ് ഈ സമാഹാരത്തിലെ മറ്റൊരു കവിതയുടെ ശീർഷകം. പിടി തരാത്ത മനസ്സാണ് പൂച്ച. ആ പൂച്ചയോടൊപ്പം ചുറ്റിത്തിരികയാലാണ് ഞാൻ ഒരുപാടു ഞാനായത്.പ്രതിമരാജാവ് രാജ്യം മുഴുവൻ പ്രതിമകൾ സൃഷ്ടിച്ചു നിറയ്ക്കുന്നതിൻ്റെ ചടുലവേഗതയും പ്രതിമയുടെ നിശ്ചലതയും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ആവിഷ്കാരമാണ് പ്രതിമരാജ്യം എന്ന കവിത. ഒരു സിമൻ്റുകുളത്തിലെ മീനുകളുടെ ചലനം പോലും അതിനോടു ചേർന്നുള്ള കോൺഫറൻസ് ഹാളിൻ്റെയും തൊട്ടു നിൽക്കുന്ന മുളങ്കൂട്ടങ്ങളുടെയും നിശ്ചലതയെ തകർക്കും(കോൺഫറൻസ് ഹാൾ)

മനസ്സിൻ്റെ സഞ്ചാരത്തിനിടയിൽ വന്ന് ഒരു നിമിഷം തങ്ങിനിൽക്കുന്ന അനുഭവമാണ് കവിതക്ക് ആധാരം എന്നു കണ്ടുവല്ലോ. എന്നാൽ അനുഭവത്തിനും അതുവഴി മനസ്സിനും സ്ഥായിത്വം നൽകാൻ കവിതക്ക് എന്നല്ല ഒരു കലക്കും കഴിയുന്നില്ല എന്ന പരിദേവനം ഈ കവിതകളിലുണ്ട്. കലാവസ്തു എന്ന കവിതയിൽ അത് തെളിച്ചത്തോടെ പ്രകടമാകുന്നു.

ഒരു ചിത്രത്തിൽ അവന്‍റെ
കണ്ണുടക്കിയെങ്കിലും
നിറങ്ങൾ അവനെ അലോസരപ്പെടുത്തി.
പിന്നെ അവനൊരു
പാട്ടിന്‍റെ വരികളിൽ ചുണ്ടു കോർത്തു
അവിടെയും അധികനേരം
ഇരുപ്പുറപ്പിക്കാനായില്ല.
പിന്നെ പുല്ലാങ്കുഴലിന്‍റെ
ദ്വാരത്തിലൊന്നിലായി ശ്രദ്ധ
അവിടെ നിന്നും വേഗം
ഇറങ്ങിപ്പോരേണ്ടി വന്നു.
ഒരു ശില്പം
അവനെ അടുത്തിരിക്കാൻ
ക്ഷണിച്ചെങ്കിലും
അതിന്‍റെ കണ്ണുകൾ മറ്റെന്തോ
തിരയുന്നതായി തോന്നി ഒഴിവാക്കി.
തന്‍റെ ഉത്കണ്ഠകളെ
ആ ശില്പത്തിൽ കൊത്തിവച്ചതിൽ
ശില്പിയോടു ഒരു വെറുപ്പും
അവനുണ്ടായി

കലകൾക്കൊന്നിനും അവനെ കുടിയിരുത്താൻ കഴിയുന്നില്ല. ഒടുവിൽ ഒരു പ്രാവിൻ്റെ പുറത്തുകയറി എങ്ങോട്ടെന്നില്ലാതെ പറന്നു പോവുകയാണയാൾ.

അനാദിയും അനന്തവുമായ ജീവിത മാറാട്ടത്തെ ഇങ്ങനെ ഭാഷയിൽ അനുഭവിപ്പിക്കാൻ ശ്രമിക്കുകയാണ് തൻ്റെയീ പുതിയ രചനകളിലൂടെ കളത്തറ ഗോപൻ.മാറുന്ന ആട്ടമാണ് മാറാട്ടം. മാറുക എന്ന കാര്യത്തോടൊപ്പം ആട്ടം അഥവാ കളി കൂടി ആ വാക്കിലുണ്ട്. ഗോപൻ്റെ കവിതയുടെ ഒരാസ്വാദ്യത അതിൻ്റെ കളിമട്ടാണ്.ഉയർന്നു താണ് ഉയർന്നു താണ് പോകുന്ന ചരാചരലീലയിലാണ് (ഉയർന്നു താണ്) ഈ കവിയുടെ ഊന്നൽ. സ്ഥലം കൊണ്ടും കാലം കൊണ്ടും ആടുന്നവനാണ് ഈ കവി. സ്ഥലലീലയിൽ അടുപ്പവും അകലവുമെല്ലാം ഒന്നായി മാറുന്നു."അകലത്തെ അടുപ്പമാക്കാൻ
ഒച്ചുകൾക്ക് അറിയാം" സ്ഥലകാലലീലകൾ ഗോപൻ്റെ കവിതക്ക് ദാർശനികമാനം നൽകുന്നു. കുന്ന് കുഴിയും കാട് തരിശും പുഴ മണൽപ്പൊറ്റയും കവിത ജഡഭാഷയുമാകുന്നതിനെ ഒരൊറ്റ ചോദ്യം കൊണ്ട് ദാർശനികമാക്കുന്നതു നോക്കൂ:

നമ്മൾ ദൂരത്താക്കാത്ത എന്തുണ്ട് ഭൂമിയിൽ?
നമ്മളിൽ നിന്ന് കുന്നകന്നുപോയ്
കുഴിയായ്
നമ്മളിൽ നിന്ന് മരമകന്നുപോയ്
തരിശായ്
നമ്മളിൽ നിന്ന് പുഴയകന്നു പോയ്
മണൽ പൊറ്റയായ്.
നമ്മളിൽ നിന്ന് 
കവിതയകന്നുപോയ് ജഡഭാഷയായ്

വെള്ളത്തിൽ ലയിച്ച സമയം എന്ന കവിതയിൽ ഗോപൻ്റെ കവിതയിലെ മനുഷ്യനെപ്പോലെത്തന്നെ സമയം ഒരു വികൃതിക്കളി കളിക്കുന്നു. ക്ലോക്കിൽ നിന്നിറങ്ങിയോടുകയാണ് സമയം. അതോടെ കരയിൽ എല്ലാം നിശ്ചലമായി. മാളിൻ്റെ പടിക്കെട്ടു കയറുന്ന പെൺകുട്ടി സ്റ്റക്കായി നില്പായി. ഇര പിടിക്കാനായി ചാടിയ പുലി വായുവിൽ തങ്ങി നിന്നു. "സമയം പോയപ്പോൾ ഇരുട്ടു മാത്രമായ്, പലേതരമിരുൾ പതുങ്ങിനിൽക്കുന്നു". സമയം നേരേ ചെന്നത് കടലിലേക്കാണ്. കടൽ അതോടെ സമയവാരിധിയായി.

ഇതേ ചരാചരലീല വ്യക്തികൾക്കും തീ കൊളുത്തുന്നു. ഒരേ നഗരത്തിൽ എന്ന കവിതയിലെ കമിതാക്കൾ പുലർത്തുന്ന ജാഗ്രതയിൽ ആ ലീലയുണ്ട്. പരസ്പരം കണ്ടു മുട്ടിയാൽ പ്രണയം നഷ്ടമാകുമെന്നതിനാൽ നഗരത്തിൽ കണ്ടുമുട്ടാതിരിക്കാൻ ജാഗ്രതപ്പെടുകയാണ് ആ രണ്ടു പേർ. ലീല തന്നെ, അവരുടെ ജാഗ്രത.

കഥകളിയിലെ പകർന്നാട്ടം പോലെ, കഥകളിൽ നിന്നു കഥകളിലേക്കാണ് മനുഷ്യൻ്റെ മനസ്സഞ്ചാരം. സമകാല മനുഷ്യൻ്റെ വഴിപിണക്കത്തിൻ്റെ മാറാട്ടങ്ങൾ ആവിഷ്ക്കരിക്കാൻ ഗോപൻ കഥയുടെ സങ്കേതം സമൃദ്ധമായി പ്രയോജനപ്പെട്ടുത്തുന്നുണ്ട്. കഥനരീതി ഗോപൻ്റെ കവിതകളിൽ തുടക്കം തൊട്ടേ കാണാം. കവിതയെ ഭ്രമാത്മകമാക്കുന്നു ഇത്. ചില്ലിംഗം, ചെകുത്താൻ, കാറ്റിൻ്റെ നിഴൽ, കൊളുന്തു നുള്ളുന്ന പക്ഷികൾ, ഉണങ്ങിയ മരച്ചുവട്ടിലൊരു വൃദ്ധൻ, മരങ്ങളെ നോക്കിയിരിക്കുന്നവർ തുടങ്ങി ഒട്ടുമിക്ക കവിതകളിലും ഫാൻ്റസിയുടെ സ്പർശമുള്ള കഥനാംശം പ്രകടമാണ്.
എന്തോ തെരഞ്ഞ് അലയുന്നവരുടെ ഒരു സംഘത്തെ ഒരു മിത്തെന്ന പോലെ അവതരിപ്പിക്കുന്ന കവിതയാണ് ഉണങ്ങിയ മരച്ചോട്ടിലൊരു വൃദ്ധൻ.

ആ വൃദ്ധൻ പറഞ്ഞു.
നിങ്ങൾ തിരയുന്നത്
മരുഭൂമിയിലെ ഒരു ഉണങ്ങിയ വൃക്ഷത്തിലുണ്ടെന്ന്.
പക്ഷേ,ചിരിക്കുന്ന കണ്ണുകളുള്ളവർക്കു
മാത്രമേ ആ മരം കാണാൻ കഴിയൂ.
ആ മരത്തിലൊരു പൊത്തുണ്ട്
അതിലൂടെ ഓരോരുത്തരും
ശിഖരത്തിലെത്തുമ്പോൾ
വയസ്സായവർ പഴുത്തയിലകളാകും
യുവാക്കൾ പച്ചയിലകളാകും
സ്ത്രീകളും കുഞ്ഞുങ്ങളും പൂക്കളാകും.
അപ്പോൾ നിങ്ങൾ തിരഞ്ഞത് കണ്ടെത്തും

പക്ഷേ ആ അലച്ചിലല്ലാതെ ഒരു കാര്യവുമില്ല. അസ്വസ്ഥമായ അലച്ചിലുകൾക്കൊടുവിലെ അനിവാര്യമായ മനുഷ്യദുരന്തത്തെ പൗരാണികമാനത്തോടെ കാണുന്നു കളത്തറ ഗോപൻ്റെ കവിത. പൗരാണികമായ അലച്ചിലിൻ്റെ മഹാപ്രവാഹത്തിലേക്കാണ് ഈ കവിതാവ്യക്തിത്വത്തിലെ ഹൈപ്പർ ആക്റ്റീവ് പ്രകൃതം എത്തിച്ചേരുന്നത്.കാറ്റിൻ്റെ നിഴൽ കണ്ടു പിടിക്കാൻ ശ്രമിച്ച മനുഷ്യൻ്റെ കഥ പറയുന്ന കവിതയാണ് കാറ്റിൻ്റെ നിഴൽ. ഒടുവിലയാളെ കാറ്റ് പറത്തിക്കൊണ്ടുപോയി.സ്വസ്ഥതയില്ലായ്മയുടെ താമസ ലോകം കാണിക്കുന്ന ഫാൻ്റസിയാണ് ചെകുത്താൻ.തമസ്സിൻ്റെ ഇളകിമറിയുന്ന ഭ്രമാത്മക ലോകം.

വെളുത്ത പെണ്ണുടലുകൾ നിലാവിൽ
കറുത്ത നദിയിൽ കുളിച്ച്, കറുപ്പാർന്ന്
നിരനിരയായ് നടന്ന് അവന് രക്തം – 
കുടിക്കാനായി പർവ്വതം കേറിമറഞ്ഞു.
അവന്‍റെ നോട്ടം ചന്ദ്രനെ കറുപ്പിച്ചു.

ഭയന്നാളുകൾ വേദപുസ്തകത്തിലൊളിച്ചു.
ദൈവം നിസ്സഹായനായി
ഒരു മരത്തിനകത്തു നൂണിറങ്ങി
ഒളിച്ചതും അതു പൂവിട്ടു.പൂക്കൾ കറുത്തു

ദൈവം, വിശ്വാസം, രതി എന്നിവയെല്ലാം ഈ ഫാൻ്റസിയിൽ കുഴഞ്ഞു മറിയുന്നു. ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് ഈ സമാഹാരത്തിലെ യക്ഷി എന്ന കവിതയും.

വംശനാശത്തിനു തൊട്ടുമുമ്പുള്ള അലച്ചിലാണ് മനുഷ്യൻ്റേത് എന്ന ദുരന്തദർശനം ഈ കവിതകൾ വായിച്ചു തീരുമ്പോൾ നമ്മെ അലട്ടാതിരിക്കില്ല. പീലി വിരിച്ചാടുന്ന മരം എന്ന കവിതയിൽ ആ ഭീതിക്കറ പടർന്നിരിക്കുന്നു. കാടില്ലാതായപ്പോൾ മയിലുകൾ അലയുകയാണവിടെ. മയിലിനെ കാണുന്ന കുഞ്ഞിൻ്റെ കൗതുകക്കണ്ണിന്നു പിറകിലുണ്ട്, ഒരു വംശഹത്യയുടെ കാണാക്കാഴ്ച്ച.

മയിലുകളെങ്ങനെ വന്നും പോയുമിരുന്നു.
കുന്നിൻ ചെരുവിൽ
ഉണങ്ങിയ മരം നിറയെ പീലികൾ പറിച്ചു വച്ച്
ഒരു മയിൽ
അതിന്റെ ചോട്ടിൽ ചത്തു കിടന്നു

കവിതയുടെ മിന്നൽക്കാഴ്ചകളിലൂടെ, ഒടുങ്ങും മുമ്പുള്ള, അഥവാ ഒടുക്കത്തിലേക്കുള്ള മനുഷ്യ മഹാപ്രസ്ഥാനത്തെ രേഖപ്പെടുത്തുകയാണ് കളത്തറ ഗോപൻ്റെ രചനകൾ. ചലിച്ചുകൊണ്ടിരിക്കുന്ന ചെറുരൂപങ്ങളുടെ ചടുലനൈരന്തര്യത്താൽ ആഖ്യാനം ചെയ്യപ്പെട്ട മഹാപ്രസ്ഥാനം. തുടക്കത്തിൽ പറഞ്ഞ പോലെ അലച്ചിലിൻ്റെ ലോകത്ത് ഓർമ്മകൾക്കെന്തു പ്രസക്തി എന്നന്വേഷിക്കുക കൂടി ചെയ്യുന്നുണ്ട് ഈ കവിതകൾ. സന്തോഷമായിരിക്കാൻ മനുഷ്യൻ എന്നും ആഗ്രഹിക്കുന്നു.അലച്ചിലുകൾ മുഴുവൻ അതിനായാണു താനും. ഓർമ്മയെ ഡിസ്കണക്റ്റു ചെയ്തുകൊണ്ടല്ലാതെ ഇന്ന് മനുഷ്യന് സന്തോഷമായിരിക്കാൻ പറ്റുകയില്ല എന്ന് അടിവരയിടുന്നു ഗോപൻ്റെ കവിതകൾ

ഗോവിന്ദേട്ടൻ നടക്കുമ്പോൾ ഭൂമി കറങ്ങുന്നു എന്ന് കവി. എന്തിനാണ്, എങ്ങോട്ടാണ് എന്നു ചോദിക്കുന്നവരോട് ഗോവിന്ദേട്ടൻ്റെ ഉത്തരം ഒരു മറുചോദ്യമാണ്. ഭൂമി കറക്കം നിറുത്തിയോ? സ്വസ്ഥതയില്ലായ്മ അലച്ചിലുകളാകുന്നു. അലച്ചിലുകൾ കറക്കമാകുന്നു. കർമ്മങ്ങളുടെ നൈരന്തര്യം കറക്കത്തിൻ്റെ പ്രതീതിയുണ്ടാക്കുന്നു.  അത് അനന്തമായ ലീല. ആ മഹാലീല ഒരു നൃത്തമായിത്തന്നെ മാറുന്നു. ഉടയാട വട്ടത്തിൽ വിടർന്നു പാറുന്ന നൃത്തം. നമ്മുടെ സമകാലത്തിൻ്റെയും സമദേശത്തിൻ്റെയും നൃത്തം. നൃത്തക്കറക്കത്തിലെപ്പൊഴോ ഓർമ്മകളെല്ലാം പൊലിഞ്ഞു പോകുന്നു. പലത് മാഞ്ഞ് ഒന്നായിത്തീരുന്നു. ഒന്നു മാത്രം എന്ന കവിതയിലേക്കാണ് ഈ പുസ്തകത്തിലെ കവിതകൾ വട്ടംകറങ്ങിയെത്തുന്നത് എന്നു ഞാൻ വിചാരിക്കുന്നു.അതിവേഗത്തിൽ വട്ടം ചുഴറ്റിയുള്ള നൃത്തം കറങ്ങിക്കറങ്ങി ഒരു ബിന്ദുവിൽ ധ്യാനസ്ഥമാകുന്നു. ഒരുപാടു പേർ എഴുതുന്നതിൻ്റെ ആഘോഷാരവങ്ങൾക്കിടയിലൂടെ ആരോ ഒരാൾ കവിയായിത്തീരുമ്പോലെ ക്രിയാപദങ്ങൾ കൊണ്ടുള്ള ഒരു ചുഴറ്റലിനൊടുവിൽ ആ നൃത്തം ഇങ്ങനെ ധ്യാനസ്ഥമാകുന്നു:

മരമായ മരത്തിൻ ചുവട്ടിലെല്ലാം
ആളുകളൊത്തിരി ഇരുന്നിട്ടും
ബുദ്ധനായത് ഒരാൾ മാത്രം.

കറക്കത്തിൻ്റെ വേഗത അതിൻ്റെ കേന്ദ്രത്തെ കണ്ടെത്തുന്നു. പലതും ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യക്കൂട്ടത്തിൻെ ഭ്രമണകേന്ദ്രം നിർത്താതെ ഉയർന്നു കേൾക്കുന്ന ഒരു കരച്ചിലാവാം(നമുക്കിടയിൽ ഒരാൾ കരയുന്നു). കളത്തറ ഗോപൻ എന്ന കവിയിലൂടെ മലയാളകവിത, സമകാല ജീവിതാസ്വസ്ഥതയുടെ ഗതിവേഗകേന്ദ്രത്തിൽ തൊടുന്നു. ആ കേന്ദ്രത്തെ ധ്യാനിച്ചുകൊണ്ട് ഒരു ഭ്രമണനൃത്തമായി കവിത വിടരുന്നു

അസ്വസ്ഥതയെ നൃത്തവേഗമാക്കി മാറ്റിയതിലുണ്ട് ഈ കവിയുടെ കാവ്യകലയുടെ സൗന്ദര്യദർശനം. വേഗതീവ്രതയിൽ കവിത തുണ്ടു തുണ്ടായി ചിതറുന്നില്ല. വികൃതിത്തമുണ്ടെങ്കിലും കവിത വികൃതമാകുന്നില്ല. അരാജകനാട്യം തീരെയില്ല. 1950 കൾ തൊട്ടു തുടങ്ങുന്ന അമേരിക്കൻ ബീറ്റ് തലമുറയെ ദുർബലമായി അനുകരിക്കുന്നില്ല കളത്തറ ഗോപൻ്റെ കവിതകൾ. കവിതക്കായി ഞാൻ നടത്തിവന്നിരുന്ന തിളനില മാഗസിൻ്റെ 2020 ലക്കത്തിൽ ആറു കവിതകൾ പ്രസിദ്ധീകരിച്ച സമയത്തു തന്നെ കളത്തറക്കവിതയുടെ കേന്ദ്രത്തിലെ ധ്യാനബിന്ദു ഞാൻ പരിചയിച്ചിട്ടുണ്ട്. അതിലൊരു കവിതയിൽ (വെണ്ടക്കയിൽ ഒളിഞ്ഞിരിക്കുന്ന ലഘു) ഒരാൾ ഗുരുവിനെ തേടി നടക്കുകയാണ്. ഗുരുവിനെ തപ്പി അയാൾ പച്ചക്കറി മാർക്കറ്റിലെത്തി. വെണ്ടക്കയിൽ ഗുരു ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ എന്നറിയാനായി അതു കീറിനോക്കിയപ്പോൾ കുരുവിനെ കണ്ടു. ഈ വികൃതിത്തം ചെന്നെത്തി നിൽക്കുന്നത് വിവേകത്തിൻ്റെ ഒരു മിന്നലിലാണ്

ന്യൂട്ടണ് ആപ്പിളും
ആപ്പിളിന് ഭൂമിയും
ഭൂമിക്കു സൂര്യനും
സൂര്യന് അതിൻ്റെ എരിയലും
ഗുരുവായിരിക്കുന്നത് ആലോചിച്ചപ്പോൾ
മനസ്സിലായി
മണൽത്തരികൾ ഗുരുവും
കാലടികൾ ശിഷ്യനുമാണെന്ന്

ഏതോ സെൻകഥയുടെ വിളിയുടെ പിറകേ പോവും പോലെ തോന്നാറുണ്ട് ഈ കവിത വായിക്കുമ്പോഴെല്ലാം.  ധ്യാനത്തിൻ്റെയോ ബോധത്തിൻ്റെയോ ജാഗ്രതയുടെയോ നൈതികതയുടെയോ ധാർമ്മികതയുടെയോ അച്ചുതണ്ടിനെ ചുറ്റിയാണ് അശാന്തമായ കറക്കങ്ങളെല്ലാം എന്ന് കളത്തറക്കവിത എന്നെ ബോധവാനാക്കുന്നു. സൂര്യന് അതിൻ്റെ എരിയൽ തന്നെ ഗുരു എന്ന ബോധം അനുഭവത്തിലൂടെ എത്തിച്ചേരുന്ന വിവേകമല്ലാതെ മറ്റെന്താണ്? ചെറുപ്പത്തിൽ നാടുവിട്ടു പോയി സകല പണികളും ചെയ്ത് എവിടെയൊക്കെയോ അന്തിയുറങ്ങി മനുഷ്യരോടിടകലർന്നു ലോകമറിഞ്ഞു ജീവിച്ച ഒരു മനുഷ്യനു കൈവരുന്ന വിവേകത്തെ ഓർമ്മിപ്പിക്കുന്നു കളത്തറക്കവിതയുടെ ഈ ഭ്രമണകേന്ദ്രം. ഈ കവിയെ ഞാനാദ്യമായി തിരിച്ചറിഞ്ഞതുതന്നെ അത്തരമൊരു പഴയ കവിത വായിച്ചാണ്. സങ്കടങ്ങൾ എന്നാണ് ആ മനോഹര കവിതയുടെ പേര്. പൊറുതിയില്ലാത്ത ജീവിതത്തിൽ മനുഷ്യന് സങ്കടങ്ങൾ ആരോടെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കണം. മനുഷ്യരോടു തന്നെ വേണമെന്നില്ല. പുഴയുടെ അവസാനത്തെ തുള്ളിയോടു പറഞ്ഞാലും അത് കടലിനോടു ചർച്ച ചെയ്യും. കടൽ ഒരു വൻതിരകൊണ്ടു ചുറ്റിവരിഞ്ഞ് ആശ്വസിപ്പിക്കും. അല്ലെങ്കിൽ മരങ്ങളോടോ പാറകളോടോ പറയാം. വികൃതി കാണിച്ചു കൊണ്ടേയിരുന്ന കുട്ടി സങ്കടം പറഞ്ഞു കൊണ്ടേയിരിക്കുന്ന മുതിർന്നവനായി വളർന്നു. സങ്കടങ്ങൾ ആരോടു പറയാം, ആരോടു പറയരുത് എന്നറിഞ്ഞാൽ ഒരാൾ വിവേകിയായിക്കഴിഞ്ഞു. എന്നെ ആദ്യം പിടിച്ചെടുത്ത ആ കളത്തറക്കവിത ഇങ്ങനെയാണ് അവസാനിച്ചത് :

പറയരുത്,
പച്ചമനസ്സിൽ പരിഹാസം പഴുപ്പിച്ചു വെച്ച്
സന്തോഷിക്കുന്നവരോട്
പറയുക,
നിലക്കണ്ണാടിയുടെ കാതിൽ.
കഴിയുന്നത്ര പതുക്കെ.
വളരെ പ്രാകൃതമായി
അതുടയുന്നതു വരെ

അന്നും ഇന്നും അരാജകമായി ചിന്നിച്ചിതറുകയില്ല കളത്തറ ഗോപൻ്റെ കവിത.മനുഷ്യൻ്റെ സങ്കടങ്ങൾ കേട്ട് പ്രാകൃതമായി ഉടഞ്ഞുപോകുകയേയുള്ളൂ അത്. വഴിപിണക്കി വഴി തെറ്റിച്ചു കൊള്ളട്ടെ. തെറ്റിയ വഴികളിലൂടെ വായനക്കാരനായ ഞാൻ അനന്തമായി അലഞ്ഞുകൊള്ളട്ടെ. എന്നിരുന്നാലും മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട് പ്രാകൃതമായി ഉടഞ്ഞു ചിതറാൻ എനിക്കാവുന്നുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തുരങ്കത്തിനറ്റത്ത് അതിൻ്റെ കവാടം ചന്ദ്രവളയത്തിൽ പ്രകാശിക്കുന്നുണ്ട്.

No comments:

Post a Comment