Sunday, August 18, 2024

ഡി. യേശുദാസിൻ്റെ കവിത

ചിതറിത്തെറിച്ചവക്കിടയിലൂടെ

ഫോക്കസ് ചെയ്യുന്ന വിധം

പി.രാമൻ


അപ്പനുമൊത്തുള്ള കാർ യാത്രകൾ എന്ന സമാഹാരം വായിച്ച ശേഷമാണ് ഞാൻ ഡി.യേശുദാസിൻ്റെ കവിതകൾ പ്രത്യേകം ശ്രദ്ധിച്ചു വായിക്കാൻ തുടങ്ങിയത്. ഇന്നു നടപ്പുള്ള പൊതു എഴുത്തുരീതികളിൽ നിന്നു മാറി സ്വന്തമൊരു വഴി വെട്ടാനുള്ള കുതറൽ ആ പുസ്തകത്തിൽ ഞാനറിഞ്ഞു. ആ കുതറൽ ബോധപൂർവ്വമെന്നതേക്കാൾ തൻ്റെ പ്രതിഭയുടെ സ്വാഭാവികപ്രകൃതമാണെന്ന് യേശുദാസിൻ്റെ പുതിയ സമാഹാരവും ഇപ്പോളിതാ എന്നോടു പറയുന്നു. ആ പ്രകൃതത്തിൻ്റെ അടരുകളിലൂടെ പോന്നതിൻ്റെ ചെറിയൊരു അനുഭവവിവരണമാണ് ഞാനിവിടെ പങ്കുവക്കുന്നത്.

തോട്ടങ്ങളും കുറ്റിക്കാടുകളും ഇലപൊഴിയും കാടുകളും നിത്യഹരിതവനങ്ങളും പുൽമേടുകളും താണ്ടി പോകുന്നതുപോലെ പല തരം കവിതയുടെ സമൃദ്ധിയിലൂടെ കടന്നുപോകലാണ് ഈ വായനാനുഭവത്തിൻ്റെ ആദ്യ സവിശേഷത. വൃത്ത വൈവിധ്യങ്ങളും ഗദ്യരൂപങ്ങളും ദീർഘ ആഖ്യാനങ്ങളും ഭാവഗീതങ്ങളും ഗാനമാതൃകകളുമെല്ലാം അടങ്ങുന്നതാണ് ഈ കവിയുടെ രചനാലോകം. കവിതയിൽ ഒരു വള്ളിച്ചെടിയുടെ സാധ്യത എന്ന കവിതയിലെ ഭാഷാരീതിയല്ല കാലം എന്ന കവിതയിലേത്; രണ്ടും ഗദ്യമാണെങ്കിലും. ആദ്യത്തേത് താത്വിക സംവാദത്തിനു ചേർന്ന അയഞ്ഞ ഗദ്യരൂപമെങ്കിൽ രണ്ടാമത്തേത് രണ്ടു ജീവിതങ്ങളുടെ അനുഭവകാലത്തെ പത്തുവരിയിൽ സാന്ദ്രമാക്കിയത്. ഇതു രണ്ടുമല്ല പലതരം മനസ്സുകൾ, ഭയംഭരണപ്രദേശം എന്നീ കവിതകളിലെ ഗദ്യഖണ്ഡരൂപം. ഈ രണ്ടു ഗദ്യഖണ്ഡ കവിതകളിൽ തന്നെയും ഭാഷ രണ്ടു തരത്തിലുള്ളതാണ്. സ്മാർട് ഫോൺ എന്ന കവിതയിലെ ആശയാഖ്യാനത്തിനു കെല്പുള്ള കേകയല്ല,കറുത്ത പാട്ട് എന്ന കവിതയുടെ റാപ് ഘടനയിലുള്ള പാട്ടു രൂപം. ആ പാട്ടിൻ്റേതല്ല, അത്ര നല്ല ഭൂമിയിൽ എന്ന കവിതയുടെ പൊലിപ്പാട്ടുമട്ട്. സങ്കീർത്തനഘടനയെ പാരഡി ചെയ്യുന്നതാണ് ദൈവം എന്ന ഏകാകി എന്ന കവിതയുടെ രൂപഘടന. ഏതു കവിതാരൂപത്തേയും തരത്തിന് എടുത്തുപയോഗിക്കാൻ പോന്ന കൂസലില്ലായ്മയും നൈപുണ്യവും ഈ സമാഹാരം ഒന്നു മറിച്ചു നോക്കുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധയിൽപെടും.

പ്രമേയങ്ങളെ എഴുതുന്ന കവിതകളും ഭാവങ്ങളെ/ഭാവസങ്കീർണ്ണതകളെ എഴുതുന്ന കവിതകളും അടങ്ങുന്നതാണ് ഈ പുസ്തകം. ഇതിലെ ഏറ്റവും മികച്ച കവിതകളിൽ പ്രമേയപരതയും ഭാവസങ്കീർണ്ണതയും ചേർന്നിണങ്ങി ഒന്നാവുന്നുമുണ്ട്. ഉദാഹരണത്തിന്, ഉടൽസംക്രാന്തികൾ എന്ന കവിത ഒന്നടുത്തു നിന്നു പരിശോധിക്കാം. പെൺമയെ അറിയാനാണ് ഈ കവിത ശ്രമിക്കുന്നത്. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ പെണ്മയെ അറിയാൻ ശ്രമിക്കുന്ന പൗരുഷം. ഭിന്നലൈംഗികത കേരളീയ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന സമകാല പശ്ചാത്തലത്തിലാണ് ഈ കവിത നാം വായിക്കുന്നത്. സ്ത്രീത്വത്തെ ഇന്നും പുരുഷാധികാരം അമർച്ച ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം സ്ത്രീത്വത്തിൻ്റെ ഉണർവും പ്രതിരോധവും ഇടപെടലുകളും സമൂഹത്തിൻ്റെ മനോഭാവത്തെ തിരുത്താൻ പൊരുതിക്കൊണ്ടേയിരിക്കുന്നു. ലെസ്ബിയൻ, ഗേ, മൂന്നാംലിംഗം തുടങ്ങിയവയെക്കുറിച്ചുള്ള ധാരണകൾ ആരോഗ്യകരമാം വിധം സമൂഹത്തിൽ ഉറച്ചു തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൻ്റെ സമകാലികത ആവശ്യപ്പെടുന്ന ഒരു രചനയാണ് ഉടൽസംക്രാന്തികൾ. ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു വളർത്തിക്കൊണ്ട് അവളെ മനസ്സിലാക്കാനാണ് കവിതയിലെ ആഖ്യാതാവു തുനിയുന്നത്. പെണ്ണായി ഗർഭംധരിച്ച് മകളെ പെറ്റ് അവളെ വളർത്തി വലുതാക്കുകയാണ് അയാൾ, തൻ്റെ ചിന്തയിൽ. പെൺമയെ അറിയാൻ മറ്റെളുപ്പവഴികളില്ല എന്ന് ഈ കവിത ഓർമ്മിപ്പിക്കുന്നു. എന്നാൽ കവിത അവസാനിക്കുന്നത്, ആ ചിന്തക്കു ശേഷം പൊക്കിളിൽ നിന്നു കിനിയുന്ന ചോരയിലാണ്. പിറവിയുടെ വേദനയെ ആ ചോര തീർച്ചയായും ഓർമ്മിപ്പിക്കുന്നു. എന്നാൽ ചിന്തയിലാണെങ്കിൽ പോലും, കുഞ്ഞു പിറന്ന് വളർന്നു വലുതായി അവളോടൊപ്പം സന്ധ്യക്ക് കടൽത്തീരത്തുകൂടി നടന്നുവന്ന ശേഷമാണ് ചോരമണം കിനിയുന്നത് എന്നിടത്ത് പൗരാണികമായ ചില ധ്വനികൾ വേറെയും ഉയരുന്നുണ്ട്.

പിന്നെ
അവൾ വളർന്നു വരുന്നതും
എൻ്റെ ആൺമയിലേക്കു ഞാൻ
തിരികെയെത്തുന്നതും
എന്നിട്ടവൾക്കൊപ്പം സന്ധ്യയിൽ
കടൽക്കരയിൽ നടക്കുന്നതും വരെ
ചിന്തിച്ചു

പെട്ടെന്നു പൊക്കിളിൽ കിനിഞ്ഞ്
ചോരമണം പൊന്തിയതായി
തോന്നുകയും ചെയ്തു.

എൻ്റെ ആണ്മയിലേക്കു ഞാൻ തിരികെയെത്തി എന്ന സൂചനയാണ് ആ ചോരയെ പൗരാണികതയിലേക്കു നയിക്കുന്നത്. സരസ്വതിയുടെ ഉല്പത്തികഥയും ലോത്തിൻ്റെ കഥയും എൻ്റെ വായനയിൽ ഈ കവിതക്കടിയിലൂടൊഴുകിപ്പോകുന്നു. അതോടെ ഈ കവിത നമ്മുടെ ലൈംഗിക - സദാചാര ധാരണകളെ മുറിച്ചു കടന്ന് സങ്കീർണ്ണമാകുന്നു. കവിതക്കൊടുവിൽ കിനിയുന്ന ചോര പാപബോധത്തിൻ്റേതു കൂടിയായി പടരുന്നു.

അറിയലാണ് യേശുദാസിന് കവിതയിലേക്കുള്ള വഴി.അനാഥത്വം അറിയൽ,
ഓർമ്മയെ അറിയൽ,സ്വപ്നത്തെ അറിയൽ, ലൈംഗികത അറിയൽ,ഏകാന്തതയെ അറിയൽ,
തനിച്ചാകലിൻ്റെ ആനന്ദം അറിയൽ എന്നിവയിലൂടെയെല്ലാം കവിതയുടെ ഹൃദയതടത്തിലേക്ക് കവി എത്തിച്ചേരുന്നു. പണ്ടുകൊണ്ട ഒരു കല്ലേറിൻ്റെ ഓർമ്മയിലൂടെ ഓർമ്മയെത്തന്നെ അറിയുന്ന കവിതയാണ് കല്ല്. കൗമാരത്തിലെ കൂട്ടുകാരിയുടെ ചരമവാർത്തയിലൂടെ കാലത്തെ അറിയുകയാണ് കാലം എന്ന മനോഹരകവിതയിൽ. മൃഗശാലയിലെ കൂട്ടിൽ നിന്നിറങ്ങിയ കടുവയിലൂടെ ഏകാന്തതയെ അറിയുന്നതാണ് ആ നടന്നു നീങ്ങുന്ന കടുവ. ഒടുവിൽ എത്തിച്ചേരേണ്ട പരമമായ അറിവാകുന്നു ഡി. യേശുദാസിന് കവിത.

കവിതയുടെ മാധ്യമപരമായ സഹജതയാണ് സന്ദിഗ്ധത. അതിനപ്പുറം, തൻ്റെ മനസ്സിലെ സന്ദിഗ്ധതകളെ കവിതയിലൂടെ തെളിയിച്ചെടുക്കാനുള്ള പരമശ്രമം ഈ കവിതകളിൽ കാണാം. സന്ദേഹങ്ങളും അതുണ്ടാക്കുന്ന മനപ്പിളർപ്പുകളും കൊണ്ട് നിബിഡമാണ് ഇവ.കാണുന്നതെല്ലാം കവിയെ സന്ദേഹിയാക്കുന്നു. ഒരു പൂട്ടും താക്കോലും ഉയർത്തുന്ന സന്ദേഹങ്ങളുടെ ആവിഷ്ക്കാരമാണ് പൂട്ട് എന്ന കവിത. വീടു പൂട്ടിയിറങ്ങുകയാണിവിടെ. താക്കോൽ പോക്കറ്റിലുണ്ട്. വീടു തന്നെയല്ലേ പോക്കറ്റിൽ കിടക്കുന്ന താക്കോൽ? പോക്കറ്റിൽ താക്കോൽ കിടക്കുന്നേടത്തോളം കാലം വ്യക്തിത്വത്തിലെ സങ്കീർണ്ണതയും പിളർപ്പും അനുഭവിച്ചേ പറ്റൂ. പൂട്ടിൻ്റെയും താക്കോലിൻ്റെയും കാഴ്ച്ച ആഖ്യാതാവിനെ അകവും പുറവുമായി പിളർത്തുന്നു ഈ കവിതയിൽ.വീട്ടിൽ നിന്നിറങ്ങിപ്പോന്ന മനുഷ്യൻ മനസ്സ് അവിടെ വെച്ചാണോ പോന്നത് എന്ന സന്ദേഹവും ഉയരുന്നു. ഹൃദയം മരത്തിൽ വെച്ചു പോന്ന കുരങ്ങൻ്റെ പഴങ്കഥ വായനക്കാർക്ക് ഓർക്കാം. പുറത്തലയുന്നവനെ താക്കോലിൻ്റെ ഓർമ്മ തടവിലാക്കുന്നു, ടി. എസ്. എലിയറ്റിൻ്റെ തരിശുഭൂമിയിലെന്നോണം. തരിശുഭൂമിയിൽ ആ തടവ് എലിയറ്റ് ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്:

we think of the key, each in his prison
thinking of the key, each confirms a prison

പൂട്ടിൻ്റെയും താക്കോലിൻ്റെയും മൂർത്തചിത്രം വരക്കാൻ തുടങ്ങി അകത്തോ പുറത്തോ എന്ന സന്ദേഹത്തിൻ്റെ അമൂർത്തത വരഞ്ഞവസാനിപ്പിക്കുന്ന ഒരു ചിത്രകാരൻ്റെ അനിച്ഛാപൂർവ്വത ഈ കവിതകളെ ചലനം കൊള്ളിക്കുന്നു. കാണുന്ന കാഴ്ച്ചകളെല്ലാം അയാൾ സ്കെച്ചു ചെയ്യാൻ തുടങ്ങുന്നു. പക്ഷേ അയാൾ പോലുമറിയുന്നില്ല, തനിക്കു തന്നെ പൂർണ്ണമായി മെരുങ്ങാത്ത ഒരു ഫീൽ ആണ് താൻ വരക്കുന്നത് എന്ന്. ഒരു സിഗററ്റ് സ്കെച്ചു ചെയ്യാൻ തുടങ്ങി പുകനാളങ്ങളുടെ ചിത്രണത്തിലേക്കെത്തുന്നതുപോലെ. നഗരമാലിന്യത്തിൽ നിൽക്കുന്ന കൊറ്റിയുടെ ചിത്രം ആഖ്യാതാവിലെ ഓർമ്മയുടെയും പിടച്ചിലിൻ്റെയും ധ്യാനത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും ചിത്രണമായി മാറുന്നു.വീടിൻ്റെ വർത്തമാനങ്ങൾ എന്ന കവിതയിലെ വീട് വീടല്ല. ഉപേക്ഷിക്കപ്പെട്ട, തിരിച്ചെത്താൻ വെമ്പുന്ന, പരിഭ്രാന്തമായ എന്തോ ഒന്നിൻ്റെ പ്രതീതിയാണ്. കാണുന്ന ദൃശ്യങ്ങളുടെ ആന്തരികതയിൽ നിന്നാണ് കവി ആ പ്രതീതി വിരിയിച്ചെടുക്കുന്നത്. ചിതറിയ ചിത്രങ്ങളിലൂടെ ഫോക്കസ് കണ്ടെത്താൻ ശ്രമിച്ചു കൊണ്ട് അലയുന്ന ഒരു മനുഷ്യന് യേശുദാസ് ഈ കവിതകളിൽ ജീവൻ കൊടുക്കുന്നു. അയാളാണ് ഈ കവിതകളിലെ ആഖ്യാതാവ്.വിട്ടുപോരലിനെയും തിരിച്ചെത്തലിനെയും കുറിച്ചുള്ള ആധികളാണ് ഈ അഖ്യാതാവിൻ്റെ ഉള്ളു നിറയെ. കൂട് അല്ലെങ്കിൽ വീട് അതുമല്ലെങ്കിൽ കാട് വിട്ടുപോന്നിട്ടും അതിൻ്റെ ഓർമ്മകൾ പിന്തുടരുകയാണയാളെ. ഓർമ്മയിലെ കല്ല് നെറ്റിയിലെ മുറിവിനെ അന്വേഷിച്ചു പോകുന്നു. കാണുന്ന കാഴ്ചയെ, വരയുന്ന ചിത്രത്തെ തൻ്റെ മനോലോകത്തെ പ്രകാശിപ്പിക്കാൻ പോന്ന ദൃഷ്ടാന്ത ഉപമയായ് നീട്ടിയെടുക്കുന്ന ആഖ്യാന രീതി പലപ്പോഴും പൗരാണികമായ ആഖ്യാനരീതികളെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൃഷ്ടാന്ത ഉപമകളിലൂടെ സംസാരിക്കുന്ന ബൈബിൾ ആഖ്യാനരീതി ഈ കവിതകളിൽ നിഴൽ വിരിക്കുന്നുണ്ട്. വീടിൻ്റെ ഉപമ വീട്ടിലേക്കല്ല ചൂണ്ടുന്നത്, ഉപേക്ഷയിലേക്കും അനാഥത്വത്തിലേക്കുമാണ്.

സന്ദേഹങ്ങളാണ് ഈ കവിയെ ഏറ്റവും പ്രചോദിപ്പിക്കുന്നത് എന്നു സൂചിപ്പിച്ചല്ലോ. അവയിൽ പലതും അസ്തിത്വപരമായ സന്ദേഹങ്ങളാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്. തൻ്റെ സന്ദേഹങ്ങളുടെ അസ്തിത്വപരത വെളിവാക്കുന്ന ഒരു കവിത കവി എഴുതിയതു കൂടി പരാമർശിച്ചുകൊണ്ട് ഈ ചെറുകുറിപ്പ് അവസാനിപ്പിക്കാം. വേറൊരു രീതിയിൽ എഴുതാവുന്ന കവിതയിൽ ഒരു വള്ളിച്ചെടിയുടെ സാദ്ധ്യത എന്ന കവിതയെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ഓരോന്നിനും അതാതിൻ്റെ ഇടമുണ്ടെന്നിരിക്കെ താൻ നിൽക്കേണ്ടിടത്തു വേറൊരാൾ നിൽക്കുന്നു, അയാൾ നിൽക്കേണ്ടിടത്തു താനും എന്നതാണ് ഈ കവിതയുടെ തുടക്കപ്രശ്നം. അതൊരീർഷ്യയായി തുടങ്ങി കൗതുകമായി പെരുകി അന്വേഷണമായി നീളുന്നതാണാ കവിത. ഓരോന്നിനും അതാതിൻ്റെ ഇടമുണ്ടെന്നിരിക്കേ ഒന്നിൽ മറ്റത് വന്നാൽ? ശരിക്കും ഒന്നിന് അതിൻ്റെ ഇടമുണ്ടോ? തനിക്ക് തൻ്റെ ഇടം ഉണ്ടോ? നീണ്ട ക്യൂവിൽ നിൽക്കുന്ന തൻ്റെ ഈ ഇടം ശരിക്കുള്ള ഇടമാണോ തുടങ്ങിയ സന്ദേഹങ്ങൾക്കുമേലാണ് കവിതയിലെ വള്ളിച്ചെടി പടർന്നു കയറുന്നത്.ജീവിതവും മരണവും, നീയും ഞാനും, ഇരുട്ടും വെളിച്ചവും, ദൈവവും ചെകുത്താനും, ഇല്ലായ്മയും ഉണ്മയും പരസ്പരം ഇടം വെച്ചു മാറുന്നതിൻ്റെ സന്ധിയിൽ നിന്നാണ് ഡി. യേശുദാസിൻ്റെ അന്വേഷണാത്മകമായ കവിത പിറവി കൊള്ളുന്നത്. സമകാല കവിതയിൽ വ്യത്യസ്തതയോടെ ഈ വഴി വെട്ടിത്തിരിഞ്ഞു നിൽക്കുന്നു.














No comments:

Post a Comment