Wednesday, August 28, 2024

അലക്സാണ്ടർ റിസ്റ്റോവിക് (ബെൽഗ്രേഡ്,സെർബിയ, 1933-1994)

 

ആരും കവിത വായിക്കാറില്ല
പിന്നെ നരക,മിപ്പുസ്തകത്തിലേ-
ക്കെത്തിനോക്കുന്ന നിങ്ങളാരാണ്?

- അലക്സാണ്ടർ റിസ്റ്റോവിക് (ബെൽഗ്രേഡ്,സെർബിയ, 1933-1994)

ഇയോൺ പില്ലറ്റ് (റുമേനിയ, 1891 - 1945)

 ഇയോൺ പില്ലറ്റ്

(റുമേനിയ, 1891 -1945)

കവിതകൾ

1
രാത്രിദൃശ്യം

നീയോർക്കുന്നോ
പോപ്ലാർരാത്രി,
മഞ്ഞ നിറമുള്ള
അമ്പിളിക്കിളിക്കൂടോടു കൂടി?

2
കാവ്യകല

ഒരു ഗാനത്തിനു ശബ്ദമേകുന്നത്
വാക്കുകളല്ല,
മൗനം.

Tuesday, August 27, 2024

ഇണക്കം

ഇണക്കം


വരികയും പോവുകയുമല്ലാതെ

അകത്തും പുറത്തുമല്ലാതെ

ഉമ്മറപ്പടിമേലൊരു രോമപ്പൂച്ചെണ്ടു പോലെ

പുറത്തെ ഇലയിളക്കങ്ങളിലേക്കു നോക്കി

വാതിൽ കടന്നു പോകും കാലുകൾ ഗൗനിക്കാതെ

ആയിരം കൊല്ലമായ് ഇരിക്കുന്ന പോലെ

അമർന്നിരുന്നപ്പോൾ മനസ്സിലായി

ഇണങ്ങീ പൂച്ചക്കുട്ടി പാറുക്കുട്ടിയോടെന്ന്

എൻ്റെ പേര് പാഞ്ഞുപോയി

 എൻ്റെ പേര് പാഞ്ഞുപോയി



നിറുത്താതെ പാഞ്ഞു പോയ തീവണ്ടിയിൽ നിന്ന്
ഉറക്കെയെൻ പേരു വിളിച്ചതാരെന്നു ഞാൻ കണ്ടില്ല

Saturday, August 24, 2024

ഉല്പത്തി

 ഉല്പത്തി



സ്കൂളിൽ പുതുതായി പണിത
തൂണിൻ്റെ ഉദ്ഘാടനത്തിന്
ചെറിയ സ്റ്റേജിൻ്റെ നടുമധ്യത്തിലേക്ക്
പീട്ടീയേ, എംപീട്ടീയേ,
എസ്സെംസി,
വാർഡു മെമ്പ്ര്
എല്ലാരും കൂടി
പടത്തിൽ പെടാനായി
കുമ്പയാലും ചന്തിയാലും
കുത്തിക്കയറിയപ്പോൾ

കുട്ടികളെ വിസ്മയിപ്പിച്ചുകൊണ്ട്
പ്രപഞ്ചോല്പത്തിക്കു മുമ്പത്തെ
കുഴമറിച്ചിലും
മഹാവിസ്ഫോടനവുമുണ്ടായി

പുതുതായി പിറവിയെടുക്കുന്ന
ഫോട്ടോപ്രപഞ്ചത്തിനറിയാമോ
പടത്തിൽ കൊള്ളാതെ
തെറിച്ചു പുറത്തേക്കു വീണുകൊണ്ടിരിക്കുന്ന
നമ്മുടെ കീഴ് കീഴ് കീഴ് പ്രസിഡണ്ടിനെ?



Friday, August 23, 2024

റിസാഡ് കാപുസിൻസ്കി (പോളിഷ്, 1932 - 2007)

 

കവിതകൾ

റിസാഡ് കാപുസിൻസ്കി (പോളിഷ്, 1932 - 2007)


1

കല്ല് ഞാനെഴുതി


കല്ല് ഞാനെഴുതി
വീട് ഞാനെഴുതി
നഗരം ഞാനെഴുതി

കല്ല് ഞാനടിച്ചു തകർത്തു
വീട് പൊളിച്ചുകളഞ്ഞു
നഗരം തുടച്ചുനീക്കി

താളിൽ തെളിയുന്നു
സൃഷ്ടിക്കും സംഹാരത്തിനുമിടയിലെ
സംഘർഷം


2
കണ്ടെത്തലുകൾ


വേദന ഹൃദയം പൊളിക്കുന്നു
നിങ്ങൾ ഹൃദയത്തെ അറിഞ്ഞുതുടങ്ങുന്നു

കണ്ണുകൾ പെട്ടെന്ന് അന്ധമാകുന്നു
നിൻ്റെ കണ്ണുകളെ അറിഞ്ഞുതുടങ്ങുന്നു

നിങ്ങളുടെ ഓർമ്മ ഇരുളിൽ മുങ്ങിമറയുന്നു
നിങ്ങൾ ഓർമ്മയെ അറിഞ്ഞു തുടങ്ങുന്നു

നിങ്ങൾ നിങ്ങളെ കണ്ടെത്തുന്നു
വ്യക്തിത്വത്തിൻ്റെ നിരാസത്തിലൂടെ

നിങ്ങൾ നിലനിൽക്കുന്നു
നിലനില്പ് നിഷേധിക്കുന്നതിലൂടെ

3

ചില്ലയിൽ നിന്നും വേർപെടുന്ന ഇല
വിറയ്ക്കുന്നു, പിടയുന്നു
നിലം തൊടുമ്പോൾ മാത്രം
താനേ ശാന്തമാകുന്നു.

കാണപ്പെടൽ

കാണപ്പെടൽ




കഥാപാത്രങ്ങൾ:
മനുഷ്യൻ 1
മനുഷ്യൻ 2
മനുഷ്യൻ 3


(ഒഴിഞ്ഞ വേദി.ഇരുട്ട്. പിന്നണിയിൽ നിന്ന് അവ്യക്തമായ ശബ്ദം കേൾക്കുന്നു:)

മനുഷ്യൻ 1: എന്നെ കാണുന്നുണ്ടോ?

(കുറച്ചു നേരം കഴിഞ്ഞ് കുറച്ചുകൂടി ഉറക്കെ:) എന്നെ കാണുന്നുണ്ടോ?

(വേദിയിൽ വെളിച്ചം തെളിഞ്ഞു വരുന്നു. ഏറ്റവും പിന്നിൽ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെടുന്നു. അയാൾ കുനിഞ്ഞിരുന്ന് വേദിയുടെ തറയിൽ എന്തോ എഴുതുന്നു.

കാണുന്നു എന്ന വാക്കാണ് എഴുതുന്നത്. പക്ഷേ കാണികൾക്കത് ഇപ്പോൾ അവ്യക്തം. നാലു നിരയായി അതേ വാക്കു തന്നെ എഴുതിക്കൊണ്ടിരിക്കുന്നു. എഴുതി മുന്നിലേക്കു മുന്നിലേക്കു വരുന്നു. വേദിയുടെ മുൻഭാഗത്ത് എത്തുന്തോറും എഴുതുന്ന വാക്ക് തെളിഞ്ഞു കാണാം: 'കാണുന്നു'
ഏറ്റവും മുൻനിരക്കു മുന്നിലെത്തി ചുറ്റും നോക്കി അയാൾ എഴുന്നേൽക്കുന്നു. എഴുന്നേറ്റു നിന്ന് നാലു പുറവും നോക്കുന്നു:)

ഇപ്പോൾ നിങ്ങൾ എന്നെ കാണുന്നില്ലേ?

കാണുന്നില്ലെന്നോ...... എങ്കിൽ,

(വേദിയുടെ വശത്തു കൂട്ടിയിട്ട കട്ടകളിൽ ഒന്നെടുത്തു കൊണ്ടുവന്ന് നടുവിൽ വക്കുന്നു. അതിന്മേൽ എഴുതിയിരിക്കുന്നു: 'കാണുന്നു'
തറയിലേക്കു ചൂണ്ടി)

ഞാനീ എഴുതിയ വാക്കുകൾ നിങ്ങൾ കാണുന്നില്ലേ?
നൂറ്റാണ്ടുകൾക്കു മുമ്പ് കുനിഞ്ഞിരുന്ന് എഴുതാൻ തുടങ്ങിയതാണ്. ഒരേ വാക്ക്. കാണുന്നു കാണുന്നു കാണുന്നു. അങ്ങനെ നാലഞ്ചു നൂറ്റാണ്ടുകൊണ്ടാണ് ഞാനീ നിരയുടെ മുന്നിലെത്തിയത്. എന്നിട്ടും നിങ്ങളെന്നെ കാണുന്നില്ലെങ്കിൽ ....

(അടുത്ത കട്ട എടുത്തു വന്ന് ആദ്യത്തേതിനോടു ചേർത്തു വക്കുന്നു. കട്ടകൾ ഓരോന്നായി കൊണ്ടുവന്ന് വക്കുന്നു. ഓരോന്നിന്മേലും എഴുതിയിട്ടുണ്ട്: 'കാണുന്നു'

അട്ടിയായി വെച്ച കട്ടകൾക്കു പിന്നിൽ അയാൾ മറയുന്നു. അൽപ്പം കഴിഞ്ഞപ്പോൾ കട്ടകൾക്കു മുകളിൽ അയാളുടെ രൂപം കാണപ്പെടുന്നു)

ഹാ, ഞാൻ കാണപ്പെടുന്നു!
കാണപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം.

എവറസ്റ്റ് കയറിയവർക്കു ചുറ്റും ആരുമില്ല. പക്ഷേ, അവരെ ലോകം കാണുന്നു.

(വേദിയുടെ ഏറ്റവും പിറകിൽ മറ്റൊരു മനുഷ്യൻ നിലത്ത് കുന്തിച്ചിരുന്ന് എഴുതിക്കൊണ്ടു പ്രത്യക്ഷപ്പെടുന്നു. ശ്രദ്ധയാകർഷിക്കാനായി അയാൾ എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. മനുഷ്യൻ - 1 അയാളെ കാണുന്നു.
സദസ്സിൻ്റെ നേരേ തിരിഞ്ഞ്)

നോക്കൂ, (പിന്നിലേക്കു ചൂണ്ടുന്നു) തറയിൽ കാണുന്നു കാണുന്നു എന്ന് എഴുതിക്കൊണ്ടു വരുന്ന ആ മനുഷ്യനെ നിങ്ങൾ കാണുന്നില്ലേ?
എന്നേക്കാളും നിങ്ങൾ അയാളെ കാണുന്നുണ്ടോ? ഉണ്ടെന്നെനിക്കു തോന്നുന്നു.
അതെന്താണ് എന്നേക്കാളും നിങ്ങൾ അയാളെ കാണാൻ?
അയാൾക്ക് പണമുള്ളതുകൊണ്ടാവും അല്ലേ? നോക്കൂ,
(മനുഷ്യൻ 2എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽത്തന്നെ എന്തോ വാരി വിതറുന്ന ആംഗ്യം കാണിക്കുന്നു) കണ്ടോ, അയാൾ പണം വാരി വിതറുകയാണ്

(മനുഷ്യൻ 2 ഇപ്പോൾ വേദിയുടെ പിന്നറ്റത്ത് ഇരുന്നുകൊണ്ടു തന്നെ എന്തോ വിളിച്ചു പറഞ്ഞു വിൽക്കുന്നതായി നടിക്കുന്നു)

വലിയ കച്ചവടക്കാരനാണേ. അയാളുടെ പൂർവികരാണത്രേ പണ്ട് കുരുമുളകും ഏലവുമൊക്കെ കപ്പലുകളിൽ കയറ്റി കടൽ കടത്തിയിരുന്നത്. ഇപ്പോൾ അങ്ങാടിയിലെ പാണ്ടികശാലയിലെല്ലാം അയാളെയാണ് കാണുന്നത്. അയാളെ മാത്രമേ അങ്ങാടിയിൽ കാണാനുള്ളൂ. അങ്ങാടി നിയന്ത്രിക്കുന്നതേ അയാളാണ്.

(ഒന്നു നിർത്തി)

അയാളുടെ ജാതി വേറെയാണ്. വംശം വേറെയാണ്. മതം വേറെയാണ്. ദൈവം വേറെയാണ്.
ആ വ്യത്യാസം കൊണ്ടല്ലേ അയാൾ കൂടുതൽ കാണപ്പെടുന്നത്?

(വേദിക്കു പിന്നിലെ മനുഷ്യൻ 2 ഇപ്പോൾ ഒരു കസേര വലിച്ചിട്ട് ഇരിക്കുന്നു. മേശപ്പുറത്തു പുസ്തകം നിവർത്തി വച്ചതിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു)

കണ്ടോ, അയാൾ എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞു. അയാളുടെ പൂർവ്വികർക്കൊന്നും എഴുത്തറിയില്ലായിരുന്നു. എന്തോരം കവിതകളും കഥകളുമാണ് അയാൾ എഴുതിവിടുന്നതെന്നോ. ആഴ്ച്ചപ്പതിപ്പുകളൊക്കെ അയാളുടെ സാഹിത്യം കൊണ്ടു നിറഞ്ഞിരിക്കുന്നു. എനിക്കതു കാണാൻ വയ്യ!

(പിന്നിൽ ഇരിക്കുന്ന മനുഷ്യൻ 2 എഴുത്തും വായനയും തുടരുന്നു)

സർക്കാരിലെ ഏറ്റവും ഉയർന്ന ജോലിയും അയാൾക്കു കിട്ടി. അയാള് കളക്റ്റർ, അയാളുടെ മൂത്ത മകൾ ഡോക്ടർ. ഇളയവൻ പ്രൊഫസർ

എന്തൊരു വലിപ്പമാണ് അയാളുടെ ആരാധനാലയത്തിന്!

(മനുഷ്യൻ 1 സംസാരിച്ചു സംസാരിച്ചു കുഴഞ്ഞുപോകുന്നു. കട്ടകൾക്കു മുകളിൽ തല വച്ചു കിടക്കുന്നു. പെട്ടെന്ന് സ്റ്റേജിൻ്റെ പിന്നിൽ മനുഷ്യൻ 2 കസേരയിൽ നിന്നു ചാടിയെണീറ്റ് മേശപ്പുറത്തു കയറി നിൽക്കുന്നു)

മനുഷ്യൻ 2 : എന്നിട്ടും നിങ്ങൾ എന്നെ വേണ്ടവിധം കാണുന്നില്ല, അല്ലേ?
മനുഷ്യൻ 1 : (തലയുയർത്തി തിരിഞ്ഞു നോക്കിക്കൊണ്ട്) ഏയ്,മനുഷ്യാ...... നിങ്ങളെ കൂടുതൽ കാണുന്നു

മനുഷ്യൻ 2: നിങ്ങളല്ലേ മുന്നിൽ നിൽക്കുന്നത്. ഞാൻ ഏറ്റവും പിറകിൽ. പിന്നെങ്ങനെ എന്നെ കൂടുതൽ കാണും?

മനുഷ്യൻ 1: അതൊന്നും ഞാൻ പറയില്ല. (ശബ്ദം താഴ്ത്തി) കുറച്ചു മുന്നേ ഞാൻ അയാളെക്കുറിച്ചു പറഞ്ഞ സ്വഗതം അയാൾ കേട്ടിട്ടില്ലെന്നു തോന്നുന്നു. (ശബ്ദം ഉയർത്തി) ഹേയ്, നിങ്ങളാണ് ഇപ്പോൾ കാണപ്പെടുന്നത്.

എന്നെ മാത്രം കണ്ടിരുന്ന ഒരു സുവർണ്ണകാലമുണ്ടായിരുന്നു ....

മനുഷ്യൻ 2: അതറിയാം. മറ്റുള്ളവരെയൊക്കെ ചവിട്ടിക്കൂട്ടി ഒരുക്കാക്കി വെച്ചിരിക്കയല്ലായിരുന്നോ

മനുഷ്യൻ 1:  കാണുന്നു കാണുന്നു എന്ന വാക്ക് ഞാൻ നൂറ്റാണ്ടുകളായി കഷ്ടപ്പെട്ട് കോരിക്കോരി നിറച്ച് ഈ വേദി തൂർത്തുണ്ടാക്കിയത് നിങ്ങൾ കണ്ടതല്ലേ മനുഷ്യാ....

മനുഷ്യൻ 2: ഓ.....തറയിൽ കുനിഞ്ഞിരുന്ന് മറ്റുള്ളവരെ അടക്കം ചെയ്യുന്ന പണിയായിരുന്നു നിങ്ങളുടെ ഈ കുനിഞ്ഞിരുന്നുള്ള ഏർപ്പാട്, അല്ലേ?

മനുഷ്യൻ 1: എന്നിട്ടെന്താ? ....... വന്നു വന്ന് എന്നെയിപ്പോൾ കാണാതായിരിക്കുന്നു. നിങ്ങളെ മാത്രമേ എല്ലാവരും കാണുന്നുള്ളൂ.

നിങ്ങളെ മാത്രമേ ഞാനും കാണുന്നുള്ളൂ.

മനുഷ്യൻ 2: നിങ്ങളെ ഞാനും കാണുന്നുണ്ടല്ലോ. അതിരിക്കട്ടെ. അപ്പോൾ, എന്നെ കാണേണ്ടി വരുന്നു എന്നതാണ് നിങ്ങളുടെ ദുഃഖം, അല്ലേ?

മനുഷ്യൻ 1 : അതെ, കാലം തരുന്ന ദുഃഖം.

മനുഷ്യൻ 2 : ഓഹോ, കാലദുഃഖം

മനുഷ്യൻ 1: അതെ, കളിയാക്കണ്ട

മനുഷ്യൻ 2 : ഏയ് .... എന്നിട്ടും നിങ്ങളെന്നെ ശരിക്കു കാണുന്നില്ല എന്നതാണ് എൻ്റെ ദുഃഖം

മനുഷ്യൻ 1: കാണപ്പെടുക എന്നതാണ് ഈ ഭൂമിമലയാളത്തിലെ സ്വർഗ്ഗം.
എടോ, നിങ്ങൾ കൂടുതൽ കാണപ്പെടുന്നതുകൊണ്ട് ആ സ്വർഗ്ഗം എനിക്കു പൂർണ്ണമായും കൈവന്നിട്ടില്ല.

മനുഷ്യൻ 2 : ഞാൻ കാണപ്പെടുന്നു, അതിനാൽ ഞാൻ ഉണ്ട്. ഉണ്ടോ? എനിക്കത്ര തീർച്ചയില്ല.(ശബ്ദം താഴ്ത്തി) ഒന്നു പരീക്ഷിക്കട്ടെ (ശബ്ദം ഉയർത്തി) സുഹൃത്തേ, എൻ്റെ പുതിയ കവിത ഒന്നു വായിക്കട്ടെ?

മനുഷ്യൻ 1: ഹേയ്, അതിൻ്റെ ആവശ്യമില്ല. കവിയായ നിങ്ങൾ നിറഞ്ഞു നിന്നു കാണപ്പെടുകയല്ലേ ആഴ്ചപ്പതിപ്പിൽ കവിയരങ്ങിൽ ഫേസ്ബുക്കിൽ ഉദ്ഘാടനച്ചടങ്ങിൽ... ഇനിയെന്തിനു നിങ്ങളുടെ കവിത ഞാൻ വായിക്കണം?

മനുഷ്യൻ 2 : അതെ, ഞാൻ കാണപ്പെടുന്നു, അതേ വേണ്ടൂ. പക്ഷേ, നിങ്ങൾ എൻ്റെ മുന്നിൽ നിൽക്കുന്നതിനാൽ ഞാൻ വേണ്ടത്ര കാണപ്പെടുന്നില്ല. എന്നെ നിങ്ങൾ മറച്ചിരിക്കുന്നു.

മനുഷ്യൻ 1: ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഞാനാണ് അപ്പോൾ ഇക്കാണായ ലോകത്തിൻ്റെ മുഴുവൻ അധികാരി, അല്ലേ...... ഞാൻ ഉത്തരവിടാൻ പോവുകയാണ്...... അനുസരിച്ചോണം

മനുഷ്യൻ 2: പിന്നേ..... താൻ ഉത്തരവിട്ടാൽ അനുസരിക്കാനാണല്ലോ ഞങ്ങളൊക്കെ. ഒന്നു പോടോ

മനുഷ്യൻ 1: കാണപ്പെടുന്നവൻ്റെ കയ്യിലാണ് അധികാരം.

മനുഷ്യൻ 2 : കാണപ്പെടുന്നതിൻ്റെ ലഹരി ഒന്നു വേറെയാ..... പരമാധികാരിയാണെന്നൊക്കെ തോന്നും. ചുമ്മാ തോന്നലാ...

മനുഷ്യൻ 1: അല്ലാ, ഒരു സംശയം, ഏയ് മനുഷ്യാ, ഇവിടെങ്ങും എഴുതി വെച്ചിരിക്കുന്നത് കാണുന്നു കാണുന്നു എന്നല്ലേ? നമ്മൾ രണ്ടാളും ചേർന്ന് എഴുതി നിറച്ചതാണ് ഇതെല്ലാം. പിന്നെങ്ങനെയാ കാണാതിരിക്കുക? മറയപ്പെടുക?

മനുഷ്യൻ 2 : (മനുഷ്യൻ 1 നെ സൂക്ഷിച്ചു നോക്കി) അതേയ്, ഒരു സംശയം. എൻ്റെ മുന്നിൽ നിൽക്കുന്ന ഈ നിങ്ങളുടെ പിന്നിലല്ലേ ശരിക്കുമുള്ള നിങ്ങൾ? അതെന്തിനാ നിങ്ങൾ മറച്ചുവെച്ചിരിക്കുന്നത്?

മനുഷ്യൻ 1 : എടോ, ഞാൻ എങ്ങനെ കാണപ്പെടണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യകാലത്ത് എനിക്കുണ്ട്.

മനുഷ്യൻ 2 : കാണപ്പെടേണ്ടാത്ത നിങ്ങളെ മറച്ചു വെക്കാനും കാണേണ്ട നിങ്ങളെ മാത്രം പ്രദർശിപ്പിക്കാനുമുള്ള മറയാണല്ലേ അപ്പോൾ ജനാധിപത്യം?

മനുഷ്യൻ 1 : താൻ എന്തൊക്കെ കാണിച്ചാലും, എന്തൊക്കെ മറച്ചാലും ശരി തൻ്റെ പിന്നാമ്പുറത്തെ അഴുക്കു മുഴുവൻ എല്ലാവരും കാണുന്നുണ്ട്, അതു മറക്കണ്ട.

മനുഷ്യൻ 2 : പിന്നേ, തൻ്റെ പിന്നാമ്പുറത്ത് സ്വർഗ്ഗമല്ലേ, തീട്ടസ്വർഗ്ഗം.... ഫൂ...

(പെട്ടെന്ന് വലിയ ശബ്ദത്തോടെ ഒരു കാറ്റു വീശുന്നു. മനുഷ്യൻ ഒന്നും രണ്ടും സംഭ്രമത്തോടെ അങ്ങുമിങ്ങും നോക്കി പായുന്നു. കാറ്റ് നിലച്ച് ശാന്തമാകുമ്പോൾ തറയിൽ ചപ്പുചവറുകൾ പോലെ എന്തെല്ലാമോ വീണു കിടക്കുന്നു)

മനുഷ്യൻ 2 : കൊടുങ്കാറ്റാണെന്നാ കരുതിയത്. പേടിച്ചു പോയി

മനുഷ്യൻ 1 : എവിടെയോ കൊടുങ്കാറ്റടിച്ചിട്ടുണ്ട്. മഴയും കാണും. എന്തോരം ചപ്പുചവറുകളാ പാറി വന്നിരിക്കുന്നത്.

മനുഷ്യൻ 2 : (തറയിൽ നിന്ന് ഒന്നു പെറുക്കിയെടുക്കുന്നു. ഒരു കടലാസ്. അതിലേക്ക് നോക്കുന്തോറും മുഖത്ത് സന്തോഷം തെളിയുന്നു) ഇതു കൊള്ളാമല്ലോ. ഞാൻ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോയാണ്. മറ്റവമ്മാരൊക്കെ തള്ളിക്കയറി നിന്നിട്ടും ഞാനാണേ ഫോക്കസ് .....കാറ്റേ ... കൊടുങ്കാറ്റേ.... ഉമ്മ.

മനുഷ്യൻ 1 : (കുനിഞ്ഞ് മറ്റൊന്ന് എടുക്കുന്നു. അതും ഒരു കടലാസ്. അതിലേക്കു നോക്കി ഉറക്കെ ചിരിക്കുന്നു) ഇത് ഞാൻ ഉദ്ഘാടനം ചെയ്യുന്ന പടമാണല്ലോ.

മനുഷ്യൻ 2 : ഞാൻ പങ്കെടുത്ത പരിപാടികളുടെ ഫോട്ടോകളാണല്ലോ കാറ്റടിച്ചു കൊണ്ടുവന്നിട്ടതു മുഴുവൻ .... ങ്ഹാ, നോക്കട്ടെ (തറയിൽ പരതുന്നു)

മനുഷ്യൻ 1: ഇതു മുഴുവൻ എൻ്റെ ഫോട്ടോകളാണല്ലോ... ഏത് പ്രകൃതിദുരന്തമുണ്ടായാലും ഫോട്ടോയിൽ ഞാൻ തന്നെ. തെറ്റിദ്ധരിക്കേണ്ട, ഞാൻ സെയ്ഫാണേ...

(തറയിൽ കിടക്കുന്ന ചപ്പുകളിൽ പരതിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന്,വേദിയുടെ പിറകിൽ ഒരു ചലനം കണ്ട് അങ്ങോട്ടു നോക്കുന്നു)

അതാ, കണ്ടോ ഒരാൾ കൂടി പിന്നിൽ നിന്നു വരുന്നുണ്ട്

(പടുത്തതിൻ്റെ മുകളിൽ നിന്ന് താഴേക്കു ചാടി വേദിക്കു മുന്നിൽ നിന്ന് പിന്നിലേക്കു ചൂണ്ടുന്നു)

മനുഷ്യൻ 2: (മേശപ്പുറത്തു നിന്നു ചാടിയിറങ്ങി വേദിക്കു മുന്നിൽ മനുഷ്യൻ 1 ൻ്റെ അടുത്തുവന്നു നിന്ന് വേദിക്കു പിന്നിലേക്കു നോക്കുന്നു. വേദിക്കു പിന്നിൽ തറയിലിരുന്ന് കാണുന്നു എന്ന് എഴുതിക്കൊണ്ടു വരുന്ന മനുഷ്യൻ 3 നെ ഇപ്പോൾ കാണാം) വികസനം എത്തിനോക്കിയിട്ടില്ലാത്ത അവരുടെ കൂട്ടത്തിൽ നിന്ന് കാണപ്പെടുന്ന ആദ്യത്തെയാളാണ്.

മനുഷ്യൻ 1: എങ്കിൽ നമുക്കു സ്വീകരിക്കണം. അവരുടെ കൂട്ടത്തിൽ നിന്ന് ആദ്യത്തെയാൾ!

മനുഷ്യൻ 2: പത്രത്തിൽ ഒരു ഫീച്ചറിനുള്ള വകുപ്പുണ്ട്. (ശബ്ദം താഴ്ത്തി) ഇതു വന്നാൽ എനിക്കൊരു ബൈലൈൻ ഉറപ്പാണ്.

മനുഷ്യൻ 1 (മനുഷ്യൻ 3 നെ നോക്കി): വരൂ വരൂ സുഹൃത്തേ, സ്വാഗതം ....... ഇതാ, ഈ വലിയ വേദിയിൽ താങ്കളും കാണപ്പെടുന്നു. താങ്കളുടെ കൂട്ടത്തിൽ മറ്റെല്ലാരും ഇരുട്ടിൽ കഴിയുമ്പോൾ താങ്കൾ മാത്രം കാണപ്പെടുന്നു. അഭിനന്ദനങ്ങൾ

മനുഷ്യൻ 2: നാളത്തെ പത്രത്തിൽ ഞാനെഴുതുന്നുണ്ട്. സുഹൃത്തേ, എങ്ങനെയായിരുന്നു താങ്കളുടെ ഇങ്ങോട്ടുള്ള വരവ്?

മനുഷ്യൻ 1: പ്രോത്സാഹകന്മാരും തലതൊട്ടപ്പന്മാരുമില്ലാതെ തനിയേ ഇങ്ങുവരാൻ ഇയാൾക്കു കഴിയും എന്നു കരുതുന്ന വിഡ്ഢികളല്ല ഞങ്ങൾ.

മനുഷ്യൻ 3 (അതൊന്നും ശ്രദ്ധിക്കാതെ, വേദിക്കു മുന്നിൽ വന്ന് ഉറക്കെ) : എന്നെ കാണുന്നുണ്ടോ?

ഞാൻ കാണപ്പെടുന്നുണ്ടോ?

മനുഷ്യൻ 2: ഇത്ര ഉറക്കെ അലറണ്ട. ഞാൻ നിങ്ങളെ കാണുന്നുണ്ട്

മനുഷ്യൻ 1: ഞാനും. (സദസ്സിനു നേർക്കു നോക്കി) നിങ്ങളും ഈ സഹോദരനെ കാണുന്നുണ്ടല്ലോ, അല്ലേ?

(പിന്നണിയിൽ നിന്ന് ഒരു ഒച്ചപ്പാട് കേൾക്കുന്നു.കാലടി ശബ്ദങ്ങളും സംസാരിക്കുന്ന ശബ്ദങ്ങളും ഇടകലർന്നു കേൾക്കുന്നു)

മനുഷ്യൻ 1 (മനുഷ്യൻ 2 നോട്): ബഹളം കേട്ടിട്ട് ഇയാൾ ഒറ്റക്കല്ലെന്നാ തോന്നുന്നത്.

മനുഷ്യൻ 2 (പിന്നിലേക്ക് ആഞ്ഞുനോക്കി): അതെ, നമ്മളു വന്ന പോലെത്തന്നെ. ഒരു കൂട്ടമായി. ഞാൻ എൻ്റെ കൂട്ടമാണ്.

മനുഷ്യൻ 1: ഞാനെന്താ പിന്നെ ഒറ്റക്കോ? ഞാനെന്നാൽ എൻ്റെ ആൾക്കാരാണ്.

മനുഷ്യൻ 2(കണ്ണിനു മേൽ കൈ വെച്ച് പിന്നിലേക്കു ചുഴിഞ്ഞു നോക്കി) അവരെ കണ്ടിട്ട് ഇതാ ഈ വന്നയാളുടെ കൂട്ടക്കാരെപ്പോലെത്തന്നെയുണ്ട്.

മനുഷ്യൻ 1: നമ്മളു ചോദിച്ച ചോദ്യം തന്നെ ഇയാളും ചോദിക്കുന്നു (മനുഷ്യൻ 3 നെ അനുകരിച്ച്) എന്നെ കാണുന്നുണ്ടോ?

മനുഷ്യൻ 2: അതു കഴിഞ്ഞാൽ പിന്നെ എന്നേക്കാൾ മറ്റവനെ കാണുന്നുണ്ടോ എന്നാകും. അതും കഴിഞ്ഞാൽ പിന്നെ തീരുമാനമായി. ഞാൻ മറ്റവനെ മാത്രമേ കാണുന്നുള്ളൂ. വേറൊന്നും കാണുന്നില്ല.(മനുഷ്യൻ 1 നോട്) ഹേയ് മനുഷ്യാ, ഞാൻ നിങ്ങളെ മാത്രമേ കാണുന്നുള്ളൂ. എന്നേക്കാൾ കാണപ്പെടുന്ന നിങ്ങളെ മാത്രം. വേറെന്തു ലോകം!

മനുഷ്യൻ 1: എടോ, നിങ്ങളെ മാത്രം കണ്ടു കണ്ട് എനിക്ക് ഒന്നും പിടികിട്ടാതായിരിക്കുന്നു. എവിടെയോ പരിചയമുണ്ടല്ലോ...... ആരാ നിങ്ങൾ?
നിങ്ങൾ ആരായാലും ഇക്കാര്യം തീരുമാനമാക്കിയിട്ടേ ഇനിയുള്ളൂ.

(പെട്ടെന്നു നടന്ന് പടുത്തുണ്ടാക്കിയതിൻ്റെ പിന്നിലൂടെ കയറി മുകളിൽ പ്രത്യക്ഷപ്പെടുന്നു. ഉറക്കെ വിളിച്ചു ചോദിക്കുന്നു) 

ഹലോ....... എന്നെ കാണുന്നില്ലേ? ഞാൻ ഇവരെക്കാളൊക്കെ മുമ്പേ വന്നതാണ്. നൂറ്റാണ്ടുകളിലൂടെ ഇഴഞ്ഞിഴഞ്ഞ്. കയറിക്കയറി (മനുഷ്യർ 2 നേയും 3 നേയും ചൂണ്ടി) ഇവരൊക്കെ ഇതാ ഇപ്പോൾ പ്രത്യക്ഷപ്പെട്ടവർ. ചരിത്രമില്ലാത്തവർ. എന്നേക്കാൾ നിങ്ങൾ ഇവരെക്കാണുന്നില്ലല്ലോ, ഉവ്വോ?

മനുഷ്യൻ 2 (വേദിക്കു പിറകിലെ മേശ താങ്ങിയെടുത്ത് വേദിക്കു മുന്നിലെത്തിച്ച് അതിനു മേൽ കയറി നിന്ന്)
കാണപ്പെടൽ ഒരു പെടലു തന്നെ. എന്തായാലും പെട്ടുപോയി. ഇനി ഒന്നറിഞ്ഞിട്ടു തന്നെ കാര്യം.
ങാ...ഹ.......
എന്നെ കാണുന്നുണ്ടല്ലോ, ഇല്ലേ.... ഇവരേക്കാൾ കൂടുതലായി? ....അയ്യോ ഇവരാണോ എന്നേക്കാൾ കൂടുതൽ കാണപ്പെടുന്നത്?

എനിക്ക് ഒന്നും കണ്ണിൽ പിടിക്കുന്നില്ലല്ലോ. ആകെയൊരു മൂടൽ

മനുഷ്യൻ 1: എനിക്കും ഒന്നും കാണാനാകുന്നില്ല. ഒന്നു ചോദിക്കട്ടെ. വേദിയിൽ നിറഞ്ഞു കാണുന്നത് കാണുന്നു എന്ന വാക്കാണല്ലോ. പക്ഷേ നമുക്കൊന്നും കാണുന്നുമില്ല. എന്താണത്?

(വേദിയിൽ വെളിച്ചം കുറഞ്ഞു കുറഞ്ഞു വരുന്നു)

മനുഷ്യൻ 3: (ആലോചനയിൽ നിന്നുണർന്ന്) ഇരുട്ടു പടരുന്നതു കണ്ടില്ലേ സുഹൃത്തുക്കളേ. ഇവിടെല്ലാം തിങ്ങി നിറഞ്ഞ (കട്ടകൾക്കുമേൽ എഴുതിവെച്ച കാണുന്നു എന്ന വാക്കിലേക്കു ചൂണ്ടി) ഈ വാക്കു പരത്തുന്ന ഇരുട്ടല്ലേ ഇത് .....കാണലിലെ ഈ ...... കാണാതിരിക്കൽ.

(രംഗം മെല്ലെ ഇരുളിലേക്ക് ആണ്ടുപോകുന്നു. പിന്നണിയിലെ ശബ്ദകോലാഹലം വർദ്ധിക്കുന്നു. വേദിയിലെ ഇരുട്ടിൽ വേർതിരിച്ചറിയാനാവാത്ത മനുഷ്യരൂപങ്ങൾ നിറയുന്നു)

Thursday, August 22, 2024

എഡ്വിൻ സുഗാറേവ് (ബൾഗേറിയ, ജനനം: 1953)

കവിതകൾ


എഡ്വിൻ സുഗാറേവ് (ബൾഗേറിയ, ജനനം: 1953)


1

എപ്പോഴും ഞാൻ ശങ്കിക്കുന്നു
ഞാൻ ജനിച്ചേയില്ലെന്ന്

കാലത്തിനെ ഞാനറിയുന്നിപ്പൊഴു -
മൊരു പൊക്കിൾക്കൊടിയായി

എൻ്റെ കഴുത്തിൽ ചുറ്റിവരിഞ്ഞൊരു
പൊക്കിൾക്കൊടിയായി.

2

ചിന്തക്ക് മുകൾപ്പരപ്പുണ്ട്

ആഴം
നമുക്കു കാണാൻ വയ്യ

കീഴ്ക്കാംതൂക്കായ തീരത്ത്
കുഞ്ഞുങ്ങളെപ്പോലെ നാമിരുന്നെറിയുന്നു
വെള്ളാരംകല്ലുകളതിലേക്ക്

3

എല്ലാ വാതിലുകളുടെയും
താക്കോലെനിക്കു കിട്ടി
വാതിലുകളൊന്നുമില്ലാതായപ്പോൾ

4

നിശ്ശബ്ദത
ഞാൻ നീന്തിക്കടക്കും

എനിക്കായ് കാത്തിരിക്കൂ
ഒരു രാപ്പാടിയുടെ ഗാനത്തിൽ

5

ശൂന്യതക്ക് ഒരു രൂപമുണ്ട്
രൂപത്തിന് അതിൻ്റെ ശൂന്യതയും

ദൈവം പക്ഷേ,
കുടിയനായൊരു കുശവൻ
താനുണ്ടാക്കിയ വീഞ്ഞു ഭരണികൾ
തകർത്തുകളയുന്നു.


6

ഇറക്കം

അടഞ്ഞ വാതിലുകൾക്കു മുന്നിലൂടെ
താഴേക്കിറങ്ങുമ്പോൾ
തനിക്കായ് തുറക്കുമൊരു വാതിൽ
അയാളോർത്തു.
അടഞ്ഞ വാതിലുകൾക്കിടയിൽ
തനിക്കായ് എപ്പോഴും
തുറന്നു കിടക്കുന്ന ഒരു വാതിൽ

അതിനെക്കുറിച്ചു ചിന്തിച്ച് അയാൾ
ഇറക്കം തുടർന്നു
പടിക്കെട്ടുകളെല്ലാം അവസാനിച്ചിട്ടും
വാതിലുകളെല്ലാം അലിഞ്ഞു പോയിട്ടും.

Wednesday, August 21, 2024

കോൺസ്റ്റാൻ്റിൻ പാവ്‌ലോവ് (ബൾഗേറിയ, 1933- 2008)

ചുരുക്കത്തിൽ


കോൺസ്റ്റാൻ്റിൻ പാവ്‌ലോവ്
(ബൾഗേറിയ,1933- 2008)

ഞാനൊരു ഉരുളക്കിഴങ്ങു ചെടി നട്ടു
വളരുന്നതൊരു റോസാച്ചെടി
ഒരു മന്ത്രവാദിനി എന്നു കരുതി
അവരെന്നെ കൊല്ലുന്നു.

Monday, August 19, 2024

സുബിൻ അമ്പിത്തറയിലിൻ്റെ കവിത

 ഉച്ചാന്തലമേലേ പുലർകാലേ വായിക്കേ....


പി.രാമൻ



നാടോടിക്കഥകളേയോ നാടോടിത്തത്തെയോ കവിതയാക്കുന്ന കവികൾ പലരുണ്ട് ഭാഷയിൽ. എന്നാൽ കവിതയെ നാടോടിത്തമാക്കുന്ന കവികൾ വളരെ കുറവ്. കാവ്യകലയെ നാടോടിത്തമാക്കുന്നു എന്നതാണ് സുബിൻ അമ്പിത്തറയിൽ എന്ന പുതുകവിയിൽ ഞാൻ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട അപൂർവ്വത, മൗലികത.


പുസ്തകമാക്കുന്ന വേളയിൽ ഈ കവിതകൾ ഒന്നിച്ചു വായിച്ചു കൊണ്ടിരുന്നപ്പോഴെല്ലാം ഒരു റഫറൻസിനു വേണ്ടി ഞാനറിയാതെ കയ്യെത്തിത്തുറന്ന പുസ്തകം ഏ.കെ രാമാനുജന്റെ ഫോക്ടെയിൽസ് ഫ്രം ഇന്ത്യയാണ്. സുബിന്റേത് കഥ പറയുന്ന കവിതകളല്ലാഞ്ഞിട്ടും. ജീവിതത്തിന്റെ അടിപ്പടവിൽ നിന്ന് പടർന്നു കയറി അത്ഭുതകരമായ പരിണാമത്തിലെത്തുന്ന നാടോടിത്തമുള്ള ഭാവന കൊണ്ട് ചടുലവും പ്രസന്നവുമാണ് ഈ കവിതകൾ. പാട്ട് എന്ന കവിത വായിക്കേ രാമാനുജൻ പുനരാഖ്യാനം ചെയ്ത ഒരു കഥയിലേക്ക് പെട്ടെന്നു മനസ്സെത്തി. സുബിന്റെ കവിതയിൽ പാടാനാവാതെ, പിടി തരാതെ കളിപ്പിക്കുന്ന പാട്ടിനെ പിടികൂടി നിശബ്ദത എന്ന വികൃതിപ്പെണ്ണുമായി കെട്ടിച്ചുവിടാൻ ആലോചിക്കുന്ന വിചിത്ര ഭാവനയുടെ മേൽപ്പന്തലിനടിയിൽ നിത്യജീവിതത്തിന്റെ മടുപ്പിലേക്കിറങ്ങിച്ചെല്ലുന്ന വേര് നാം കാണുന്നു. രാമാനുജൻ പറയുന്ന ഗോണ്ടി ഭാഷാ കഥയിൽ, പറയാത്ത കഥകൾ ഒരാൾക്കുള്ളിൽ കെട്ടിക്കിടന്ന് പ്രതികാരബുദ്ധിയോടെ അയാളെ വകവരുത്തുന്നതാണ് വിവരിക്കുന്നത്. പാടാനാവാത്ത പാട്ട്, പറയാത്ത കഥ എന്ന പ്രമേയപരമായ സമാനതാലേശമല്ല എന്നെ ഇവിടെ ആകർഷിച്ചത്. മറിച്ച് സുബിന്റെ കവിതയിലെയും ഗോണ്ടി നാടോടിക്കഥയിലേയും ഭാവന പ്രവർത്തിച്ച് ആഖ്യാനം മുന്നോട്ടു നീങ്ങുന്ന രീതിയുടെ സമാനതയാണ് ഇവിടെ ഊന്നുന്നത്. പാടാൻ കൊതിക്കുന്ന, എന്നാൽ പാടാൻ കഴിയാത്ത ഒരുവന്റെ മനോരാജ്യമായി കവിത പാട്ടു പോലെ പടർന്നു പന്തലിക്കുന്നു - ഈണവും താളവുമൊന്നുമില്ലാതെ വാമൊഴിത്തമുള്ള ഗദ്യത്തിൽ. ആ പ്രക്രിയയിലെ അയവാർന്ന നാടോടിത്തം വള്ളുവനാടൻ ചവിട്ടുകളിപ്പാട്ടുകളിലെ ഭാവനാരീതിയേയും ഓർമ്മയിൽ കൊണ്ടുവന്നു. പാട്ടു കെട്ടലിനെക്കുറിച്ചുള്ള പാട്ടുകൾ, പാട്ടിന്റെ പിറകേ പോകുന്ന പാട്ടുകൾ, ചവിട്ടുകളിപ്പാട്ടുകളിൽ ധാരാളമുണ്ട്.


ഈ സമാഹാരത്തിലെ മിക്ക കവിതകളിലും ആധാരശ്രുതിയായി ഈ നാടോടിത്തമുണ്ട്. നാടോടിത്തം എന്നതിന് ഗ്രാമീണം എന്നോ പഴയത് എന്നോ ഇവിടെ വിവക്ഷയില്ല. പുതുതും നാഗരികവുമായ കാലത്തിന്റെ നാടോടിത്തമാണിത്. ഗോവണി എന്ന കവിതയിലെ, ചുമരിൽ പെയിന്റിങ് വെച്ചിട്ടുള്ള മുറി തരുന്നത് പഴയതോ ഗ്രാമീണമോ ആയ അനുഭവപരിസരമല്ല. ഒരു മുറിയുടെ ഉൾവശമാണ് കവിതയിലെ സ്ഥലമെങ്കിൽ പോലും ആഖ്യാതാവിന്റെ ഭാവന ചരിക്കുന്ന രീതി നാടോടിത്തമുള്ളതാണ്. എഴുത്തുമേശമേൽ കൈമുട്ടൂന്നി കുനിഞ്ഞു നിൽക്കുന്ന പെണ്ണിന്റെ വളവുകൾ ചുമരിലെ ചിത്രത്തിലെ ഗോവണി പോലെ നിവർത്തി നേരേ നിർത്തി ഒരു വള്ളി പോലെ പടർന്നു കയറാൻ വെമ്പുകയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഭാവനയുടെ ലളിതമായ ഒരിടപെടലിലൂടെ മാറ്റങ്ങൾ സാദ്ധ്യമാക്കുന്ന നാടോടിയുക്തി ഈ കവിതയിൽ കാണാം.


സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്ര കുഞ്ഞൊന്നുമല്ല എന്ന കവിതയിൽ വഴിയരികിൽ നിന്നു കിട്ടിയ പൂച്ചക്കുഞ്ഞിനെ പലതായി അഴിക്കുകയാണ്.


താഴത്തെ വീട്ടിലെ കൊച്ച്

പൂച്ചയെ വേണമെന്നു കരയുന്നു

പൂച്ചയെ മൊത്തമായ് തരില്ല. 

പൂച്ചയിൽ ഇഷ്ടമുള്ളതു 

ചോദിക്കൂ തരാമെന്ന്

സ്വന്തമായ്‌ പൂച്ചയുള്ള എന്റെ ഹുങ്ക്.


അങ്ങനെ പൂച്ചയെ വേണമെന്നു കരഞ്ഞ കുഞ്ഞിന് അതിന്റെ കരച്ചിൽ കൊടുക്കുകയാണ് ആഖ്യാതാവ്. കുഞ്ഞ് പൂച്ചക്കരച്ചിലിനെ മടിയിൽ വെച്ച് ലാളിക്കുന്നു. ഉൽക്കടമായ ആഗ്രഹവും അതിൽ നിന്നു വളരുന്ന മനോരാജ്യവുമാണ് സുബിന്റെ കവിതയിലെ നാടോടിത്തമുള്ള ഭാവനാ രീതിയെ അഴിച്ചുവിടുന്നത്. അഭിലാഷത്തെയും മനോരാജ്യത്തെയും കൂട്ടിയിണക്കുന്നതാണ് ഈ ഭാവനാരീതി. നമ്മുടെ നാടോടിക്കഥകളിലും അതങ്ങനെ തന്നെയാണ്. അമ്മയെ സഹായിക്കാൻ പൂച്ചെടിയായി മാറുന്ന പെൺകുട്ടിയെക്കുറിച്ചുള്ള കന്നട നാടോടിക്കഥ പ്രസിദ്ധമാണല്ലോ. ജ്യേഷ്ഠത്തിയും അനിയത്തിയും കൂടി രണ്ടു കുടം വെള്ളമെടുത്ത് മന്ത്രം ജപിച്ച് ജ്യേഷ്ഠത്തി അനിയത്തിക്കുമേൽ ഒഴിക്കുമ്പോൾ അനിയത്തി അപൂർവഗന്ധവും ഭംഗിയുമുള്ള പൂക്കൾ നിറഞ്ഞ പൂച്ചെടിയായി മാറുന്നു. ഇതുപോലെ മാന്ത്രികമായ ഒരു മാറ്റം സുബിൻ അമ്പിത്തറയിലിന്റെ കവിതകളിൽ സംഭവിക്കുന്നുണ്ട്. ലാറ്റിനമേരിക്കൻ മാജിക്കൽ റിയലിസത്തെയല്ല നമ്മുടെ നാടോടിക്കഥകളിലെയും പാട്ടുകളിലെയും നാടോടിത്തത്തെയാണ് ഈ കവിതകൾ ഓർമ്മയിലെത്തിക്കുക. സുബിൻ ഒരു കഥയും പറയുന്നില്ല. ഒരു പാട്ടും പാടുന്നില്ല. പക്ഷേ സുബിന്റെ കവിതയിലെ ആഖ്യാതാക്കൾ, അവസ്ഥക്കും അഭിലാഷത്തിനും അഭിലാഷത്തിനും മനോരാജ്യത്തിനും ഇടയിൽ മാന്ത്രികമായ ഒരു മാറ്റം പടർത്തി വിടുന്നു.


പെൺകുഞ്ഞ് എന്ന കവിതയിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ ആവിഷ്ക്കരിക്കപ്പെടുന്നു. പരുത്ത ഒരു കൈയ്യിന്റെ സംരക്ഷണയിലൂടെ നീങ്ങുന്ന പെൺകുഞ്ഞിനെ കവിതയിൽ കാണാം. പെൺകുഞ്ഞ് നടന്നുനീങ്ങുന്ന കൈത്തണ്ട പുരുഷന്റേത് എന്ന് കവി പറയുന്നില്ലെങ്കിലും വായനയിൽ അങ്ങനെ തോന്നും. എന്നാൽ അതിനെല്ലാമപ്പുറം ഒരു തെരുവുസർക്കസ്സു രംഗം നമ്മുടെ മനസ്സിൽ തെളിയുന്നതോടെ കവിത നാടോടിത്തത്തിന്റെ ഗതിവേഗം കൈവരിക്കുന്നു.


അവൾ എന്ന കവിതയിൽ ഞാനും അവളും തമ്മിലുള്ള ബന്ധം സാക്ഷാൽക്കരിക്കാൻ അവൾ പട്ടുപാവാടയണിഞ്ഞ് കുറി തൊട്ട് ഉത്സവം കാണാൻ നിൽക്കുന്ന അമ്പലമുറ്റമായ് ഞാൻ (ആഖ്യാതാവ് ) മാറിയേ പറ്റൂ. ആദ്യമായ് ആനയെ കാണുന്ന കുട്ടി നാടോടിത്തത്തിന്റെ ആനന്ദത്തിലേക്ക് സ്വയം എടുത്തെറിയുന്ന കുട്ടി തന്നെയാണ്. വമ്പനാന കാർണിവലുകളുടെ നാഗരിക നാടോടിത്തത്തെയും കുഞ്ഞിപ്പൂച്ച ആത്മസംഘർഷങ്ങളുടെ അനാഥത്വമാർന്ന നാടോടിത്തത്തെയും സൂചിപ്പിച്ചു കൊണ്ട് സുബിന്റെ കവിതയെ എപ്പോഴും പിന്തുടരുന്നുണ്ട്. ആനയെ അങ്ങോട്ടു ചെന്നു കാണണം. പൂച്ച ഇങ്ങോട്ടു വരും. ആഖ്യാതാവ് വഴിയിൽ കണ്ട പൂച്ചയെ വീട്ടിലേക്ക് എടുത്തുകൊണ്ടുവരും. എന്നും കൂടെയുള്ള വളർത്തു പൂച്ചയല്ല സുബിന്റെ കവിതയിലെ പൂച്ച. വീടു വിട്ടു വീടു മാറിപ്പോകുന്ന, ഇരുട്ടിൽ നിന്നു വന്ന് ഇരുട്ടിലേക്കു പോകുന്ന അഭയമില്ലായ്മയാണ്. അതുകൊണ്ടാണ് ഈ പൂച്ചക്കുഞ്ഞിന് നാടിന്റെ അഭയമില്ലായ്മയിലേക്ക് വലുതാവാൻ പെട്ടെന്നു സാധിക്കുന്നത് (സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്ര കുഞ്ഞൊന്നുമല്ല എന്ന കവിത). ഇരുട്ടിൽ നിന്നുവന്ന് ഇരുട്ടിലേക്കു പോകുന്നതിനിടയിൽ അല്പനേരം നമ്മുടെ മനം കവർന്ന് വേദനിപ്പിക്കുന്ന അണ്ണാൻകുഞ്ഞുമുണ്ട്. അതു വീട്ടിലേക്കു വരുമ്പോൾ മുതുകത്ത് വരയൊന്നുമുണ്ടായിരുന്നില്ല. വീട്ടിൽ നമ്മുടെ മടിയിൽ വന്നിരുന്നപ്പോൾ നാം വരച്ചു കൊടുത്തതാണ് അതിന്റെ മുതുകത്തെ വരകൾ. വൈയക്തിക ഭാവന കൊണ്ട് അണ്ണാൻ മുതുകിലെ വരയെപ്പറ്റിയുള്ള നാടോടി ഭാവനയെ പുതുക്കുകയാണ് കവി ഇവിടെ. ചിറ കെട്ടാൻ തന്നാലായതു പോലെ സഹായിച്ചപ്പോൾ രാമൻ തലോടിയ പാടാണത് എന്ന നാടോടി ഭാവനയെ കവി ശ്രദ്ധയോടെ എടുത്തുമാറ്റുന്നു. എന്നിട്ട് സ്വന്തം ശരീരത്തിലും വീട്ടുചുമരുകളിലും ചിത്രം വരക്കുന്ന പോലെ അണ്ണാൻമുതുകിൽ വരക്കുന്നു. മധുബനി - വാർളി ചിത്രങ്ങളുടെ നാടോടിത്തം ഇവിടെ നാം ഓർത്തേക്കാം. അത്രയും പ്രിയപ്പെട്ട അണ്ണാൻകുഞ്ഞ് ചത്തുപോയതിനു ശേഷവും അവന്റെ മുതുകത്തെ വര അഴിയാതെ നിൽക്കുന്നു. ചിത്രസ്ഥലമായി മാറിയ ശരീരമാണ് ഈജിപ്തിലെ മമ്മികൾ. ശരീരത്തോട് ലയിച്ചു നിൽക്കുന്ന, അതിനെ മുറുക്കിച്ചുറ്റിവരിഞ്ഞ തുണിച്ചുറ്റുകളിൽ നിറയെ ചിത്രങ്ങളാണ് മമ്മികളിൽ. അടക്കം ചെയ്ത പെട്ടിക്കുമേലും ചിത്രങ്ങൾ. നാടോടിത്തത്തിലേക്കും സംസ്ക്കാരചരിത്രത്തിലേക്കും അണ്ണാൻകുഞ്ഞിന്റെ മുതുകിൽ മാറ്റി വരച്ച വരയിലൂടെ കവി നമ്മെ നയിക്കുന്നു. ആനയെപ്പോലെയും പൂച്ചയെപ്പോലെയും സുബിന്റെ കവിതയിൽ ആവർത്തിച്ചു വരുന്ന കാറ്റ് നാടോടിത്തത്തിലേക്കുള്ള കവിതാഗതിയെ കൂടുതൽ വ്യക്തതയോടെ അടയാളപ്പെടുത്തുന്നുണ്ട്. ചില്ലകളിൽ ഓർമ്മ വീശുന്ന നേരം, കാറ്റു പോയി എന്നിവ കാറ്റു കളിയാടി നീങ്ങുന്ന രണ്ടു കവിതകളാണ്. 'ചില്ലകളിൽ ഓർമ്മ വീശുന്ന നേരം' ഉൾക്കാറ്റിലൂടെ അമ്മയിലേക്കെത്തുമ്പോൾ കാറ്റ് പോയി എന്ന കവിതയിലെ പുറംകാറ്റ് ലോകപ്പരപ്പിലേക്കെത്തിക്കുന്നു. ആ കവിതയുടെ ഒടുവിൽ നിരയായി നിൽക്കുന്ന മരങ്ങൾ കാറ്റിന്റെ മൃതദേഹം താഴെ ശ്മശാനത്തിലേക്കു വഹിച്ചു കൊണ്ടുപോകുന്ന അപൂർവ്വദൃശ്യം നാം കാണുന്നു. ഹൈറേഞ്ചിൽ തനിക്കു സുപരിചിതമായ ഒരു ജീവിതദൃശ്യത്തിൽ നിന്നാണ് വെള്ളം കോരുന്ന പെൺകുട്ടി എന്ന കവിത തുടങ്ങുന്നത്. തലയിൽ വെച്ച കലത്തിലെ വെള്ളം തുളുമ്പിച്ചുകൊണ്ട് ഒതുക്കുകല്ലുകൾ കയറി അവൾ നടക്കേ, സ്വയം ഒരു നാടോടിക്കവിതയായി ആ ദൃശ്യം മാറുന്നത് നമുക്കു കാണിച്ചു തരിക മാത്രമാണ് കവിയിവിടെ. ഏതെതെല്ലാമോ തീവണ്ടിയാത്രകളിൽ പാതവക്കത്ത് ഒന്നിലേറെക്കുടങ്ങൾ മേൽക്കുമേൽ തലയിൽ വെച്ച് ഒതുക്കുകല്ലുകൾ കയറിക്കയറിപ്പോകുന്ന ഇവളെ ഞാൻ കണ്ടിട്ടുണ്ട്. പറഞ്ഞതിനുമേൽ പറഞ്ഞാണ് നാടോടിത്തം അയവും ചടുലതയും കൈവരിച്ച് കാറ്റു പോലെ ഒഴുകുക. താൻ എഴുതിയതിന്റെ ബാക്കി പൂരിപ്പിക്കാനായി സുബിൻ എനിക്കു കളിയോടെ വിട്ടു തരുന്നു. ഉച്ചാന്തലമേലേ പുലർകാലേ എന്ന കൗതുകവും കളിമ്പവുമുള്ള തലക്കെട്ടുപോലും പാട്ടാക്കി നീട്ടാൻ വായിക്കുന്ന എനിക്കു വെമ്പൽ: "ഉച്ചാന്തല മേലേ പുലർകാലേ വായിക്കേ...."


ആഖ്യാതാവിന്റെ മനോഘടന തന്നെയാണ് ഈ കവിതകളുടെ നാടോടിത്തത്തെ നിശ്ചയിക്കുന്നത്. വീടല്ല, വീടുകൾ അയാൾക്കുണ്ട്. ഓർമ്മകളിൽ അപ്പനമ്മമാരും വല്യപ്പനുമുണ്ട്. വർത്തമാനകാലത്തിൽ അനാഥത്വമുണ്ട്. അഭിലാഷങ്ങളിൽ പ്രണയങ്ങളുണ്ട്, പെണ്ണുങ്ങളുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും അയാളുണ്ട്. ഒരു പക്ഷേ കവിയിൽ തന്നെയുള്ള നിരന്തരം ചരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതമാകാം ഈ കവിതകളെ സ്വാഭാവികമായും നാടോടിത്തമാക്കി മാറ്റുന്നത്. നാം ജീവിക്കുന്ന കാലത്തിന്റെ ഉപകരണങ്ങളെ ഈ നാടോടിത്തത്തിന് ആക്കം കൂട്ടാനായി കവി ഉപയോഗിക്കുന്നു എന്നത് ഇവിടെ എടുത്തുപറയണം. പോപ്പ് കൾച്ചറിന്റെ സ്വാധീനം പല കവിതകളിലുമുണ്ട്. മഴ/വെയിൽ, ലോക്ക് തുടങ്ങിയവ നേരിട്ടുള്ള ഉദാഹരണങ്ങൾ. സോഷ്യൽ മീഡിയയിൽ എഴുതിത്തെളിഞ്ഞയാളാണ് കവി എന്നതും പ്രസക്തം. സഹജമായ നാടോടിത്തവും പോപ്പ് കൾച്ചറിനോടുള്ള ചായ് വും ചേർന്നുണ്ടാക്കുന്ന അയവ് ഈ കവിതകൾക്ക് സ്വതന്ത്രമായൊഴുകാൻ ഇടം നൽകുന്നു. ഇതേ തരമൊരു കൂട്ട് സമകാല ലോകകവിതയിലുള്ളതിനോട് സാഹോദര്യപ്പെടുന്നുണ്ട് സുബിന്റെ കവിത. ഹീബ്രു കവി റോണി സോമക്കിന്റെയും തമിഴ് കവി ഇശൈയുടെയും രീതികളിൽ ഇവ്വിധമൊരു കൂട്ട് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും ഇന്ന് കാവ്യഭാവന പ്രവർത്തിക്കുന്ന ചില സവിശേഷ പരിചരണ രീതികളുടെ കേരളീയ പ്രതിനിധാനമാകാൻ സുബിൻ അമ്പിത്തറയിലിന്റെ കവിതക്ക് കഴിയുന്നുണ്ട് എന്നു സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാനിവിടെ രണ്ടു പുറംനാട്ടു കവികളെക്കുറിച്ചു പരാമർശിച്ചത്.


താനെന്തോ ഗംഭീരമായ കണ്ടുപിടുത്തം നടത്തുകയാണെന്ന കപട ഗൗരവമില്ലാതെ, പ്രസന്നമായ ലാഘവത്തോടെ എഴുതുകയാണ് സുബിൻ അമ്പിത്തറയിൽ.  ഗൗരവ നാട്യത്തിന്റെ മറുപുറമായ കപട അരാജകതയും സുബിന്റെ കവിതയെ ബാധിച്ചിട്ടില്ല. ഇതിത്രയേയുള്ളൂ എന്ന വേദനിപ്പിക്കുന്ന നിസ്സാരതാ ബോധത്തോടെ മഹാസങ്കടങ്ങളെക്കുറിച്ചു പോലും എഴുതാനാണ് ഈ കവിക്കിഷ്ടം. കാഴ്ച നിലയിലുള്ള ഈ സവിശേഷതയാണ് സുബിന്റെ കവിതയിലെ വാമൊഴിഭാഷയുടെ അടിസ്ഥാനം. അല്ലാതെ ഏതെങ്കിലും സിദ്ധാന്തത്തിനു പുറത്തോ വാശിപ്പുറത്തോ ഫാഷനു വേണ്ടിയോ ശീലത്തിന്റെ ഭാഗമായോ അല്ല സുബിൻ തന്റെ കാവ്യഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്.പ്രമേയം പോലുമല്ല, കാഴ്ച്ചനിലയാണ് ഇവിടെ നിർണ്ണായകം.


2015 നു ശേഷം ശ്രദ്ധയിലേക്കു വന്ന, ആകയാൽ 2020 കളുടെ കവികൾ എന്നു വിളിക്കാവുന്ന തലമുറയിൽപ്പെട്ട ഒരു കൂട്ടം പുതുകവികളിൽ പ്രധാനിയാണ് സുബിൻ അമ്പിത്തറയിൽ. ഈ തലമുറയിൽ പെട്ട കവികളുടെ രചനകളിലെ പൊതുമകൾ ഇനിയും വേണ്ടത്ര പഠിക്കപ്പെട്ടതായി തോന്നുന്നില്ല. ഈ കവിയുടെ കവിതകളുടെ തനതു സവിശേഷതകളിലേക്കും ഇദ്ദേഹമുൾപ്പെട്ട തലമുറയുടെ പൊതുമകളിലേക്കും സൂക്ഷ്മതയുള്ള വായനക്കാരുടെ ശ്രദ്ധ പതിയാൻ സുബിന്റെ ആദ്യസമാഹാരം ഇടവരുത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

Sunday, August 18, 2024

കളത്തറ ഗോപൻ്റെ കവിത

 വികൃതിനൃത്തത്തിനു നടുവിലെ ധ്യാനബിന്ദു


പി. രാമൻ


സമകാലമലയാളത്തിലെ ഏറ്റവും ഹൈപ്പർ ആക്റ്റീവ് കവിത ഏതെന്നു ചോദിച്ചാൽ ഞാൻ പറയുക കളത്തറ ഗോപൻ്റെ കവിത എന്നായിരിക്കും. ഒരിക്കലും അടങ്ങിയിരിക്കാത്ത, പൊട്ടിത്തെറിച്ചു കൊണ്ടേയിരിക്കുന്ന പ്രകൃതമുള്ള കുട്ടികളെ ഈയിടെയായി ധാരാളം നമ്മൾ കാണുന്നുണ്ട്. കൗമാരക്കാരായ വിദ്യാർത്ഥികളുമായി ഇടപഴകുന്ന ഒരദ്ധ്യാപകൻ എന്ന നിലയിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഹൈപ്പർ ആക്റ്റീവ് പ്രവണത ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട് എന്ന്. ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും പുതിയ തലമുറക്കു കൂടുതലുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗോപൻ്റെ കവിതകൾ ഒന്നിച്ചു വായിച്ചപ്പോൾ ഒരു മിനിറ്റ് ഒതുങ്ങിയിരിക്കാനാവാതെ തിരിയുകയും മറിയുകയും ഓടുകയും ചാടുകയും വലിഞ്ഞുകയറുകയും പാടുകയും പ്രസംഗിക്കുകയും നൃത്തമാടുകയും കിടന്നുരുളുകയും അപകടം പിടിച്ചിടത്തെല്ലാം കൃത്യമായി എത്തിച്ചേരുകയും ചെയ്യുന്ന ആ അസ്വസ്ഥപ്രകൃതം കാവ്യരൂപം പൂണ്ടു മുന്നിൽ നിൽക്കുന്ന പോലെയാണ് എനിക്കു തോന്നിയത്. ഹൈപ്പർ ആക്റ്റീവ് പ്രകൃതം ഇന്നിൻ്റെ സ്വാഭാവിക പ്രകൃതമായിത്തന്നെ മാറിയിട്ടുള്ളതിനാൽ ഗോപൻ്റെ കവിത സമകാലജീവിതത്തിൻ്റെ സ്വാഭാവികമായ തുടർച്ചയായിരിക്കുന്നു.

ഇരിക്കപ്പൊറുതി ഇല്ലായ്മയാണ് ഗോപൻ്റെ പുതിയ സമാഹാരത്തിലെ കവിതകളുടെ പ്രധാന പ്രമേയം. അകവും പുറവും ഇളക്കി മറിക്കുന്ന പല തരം അസ്വസ്ഥതകൾ കൊണ്ടാണ് ഈ ഇരിക്കപ്പൊറുതിയില്ലായ്മ. തിരക്കുകളിൽ നിൽക്കുമ്പോഴും ഈ കവിതകളിലെ ആഖ്യാതാവ് ഒറ്റപ്പെട്ടവനാണ്. കൂടെ ഒരു മുറി എപ്പോഴും കൊണ്ടുനടക്കുന്നവനാണ്. ആധുനികൻ്റെ മുറിയെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ഇത് ഉത്തരാധുനികൻ്റെ മുറിയാണ്. ബസ്സിൻ്റെ സൈഡ് സീറ്റിലിരിക്കുമ്പൊഴും അയാൾ ഒരു മുറിക്കുള്ളിലാണ്. സ്വന്തം വീട്ടിലിരിക്കുമ്പോഴുമതെ. ഈ ഉൾവലിവോടു കൂടിയാണ് അയാൾ ചലനാത്മകമായ ലോകത്തിലിറങ്ങി പെരുമാറുന്നത്. അയാളിലെ ഉൾവലിവും ലോകത്തിൻ്റെ ചലനാത്മകതയും തമ്മിലുള്ള ഇടച്ചിൽ കവിതകളിലുടനീളമുണ്ട്. അതാണ് അഖ്യാതാവിൻ്റെ ഇരിക്കപ്പൊറുതി ഇല്ലായ്മയുടെ ഒരു കാരണം. പ്രതീതി യാഥാർത്ഥ്യത്തിൻ്റെ ലോകവും നിത്യഭൗതിക ലോകവും തമ്മിലുള്ള ഇടച്ചിലാണ് മറ്റൊന്ന്. ചില്ലിംഗം പോലെയുള്ള കവിതകളിൽ ഈ ഇടച്ചിൽ ശക്തമായി ആവിഷ്ക്കരിക്കപ്പെടുന്നു.

എ ഐ കാലത്തിൻ്റെ ടെക്കിയാണ് ഗോപൻ്റെ കവിതകളിലെ ആഖ്യാതാവെങ്കിലും ഓർമ്മകളെ ഡിസ്കണക്റ്റുചെയ്തു കൊണ്ടല്ലാതെ ഇരമ്പുന്ന പുതുലോകത്ത് പിടിച്ചു നിൽക്കാൻ അയാൾക്കും കഴിയുന്നില്ല. ഓർമ്മകളെ അയാൾക്ക് പല കവിതകളിലായി അടിയറ വെക്കേണ്ടി വരുന്നു. ഗുഹയിലൊരു ടെക്കി എന്ന കവിതയിൽ വാഹനം മുന്നിലേക്കും ഓർമ്മ പിന്നിലേക്കും പായുന്നു. അച്ഛനും നിശാഗന്ധിയും എന്ന കവിതയിൽ മരിച്ചു പോയ അച്ഛൻ്റെ ഓർമ്മ കുറച്ചുകൂടി ആഴത്തിൽ സ്വപ്നമായി വരുന്നു പലർക്കുമുള്ളിൽ. കവിതയുടെ ഒടുവിലെത്തുമ്പോൾ ആഖ്യാതാവിൻ്റെ സ്വപ്നത്തിലും ഒരു മേഘത്തിലേറി പറന്നു മായുന്നു അച്ഛൻ്റെ ഓർമ്മ. ഓർമ്മയാൽ സ്തബ്ധനാക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ചുള്ളതാണ് പുറപ്പെട്ടു പോയ പെൺകുട്ടി എന്ന കവിത.അപ്രത്യക്ഷയായ തൻ്റെ മകളെ തേടിയിറങ്ങിയതാണയാൾ. അവളെ പിടി കിട്ടി എന്ന തോന്നലിൽ കൈയമർത്തിപ്പിടിച്ചത് ബസ്സിൽ സീറ്റിലിരിക്കുന്ന ഏതോ പെൺകുട്ടിയുടെ കയ്യിൽ. അവൾ ഒച്ച വക്കുന്നു. അപകടകാരികളായ ഓർമ്മകളാണ് അയാളെ ബസ്സിൽ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ആളാക്കിയത്. ഓർമ്മകൾ ഇന്ന് അനാവശ്യമായ വെച്ചു കെട്ടോ കുഴപ്പമോ ആണ് എന്ന് ഈ കവിതകൾ എടുത്തു പറയുന്നു. എന്നാൽ അവയെ പൂർണ്ണമായും അകറ്റി നിർത്താൻ കഴിയുന്നില്ല എന്നതാണ് കഷ്ടം. ഓർമ്മകൾക്കും അയാളെപ്പോലെ തന്നെ ഇരിക്കപ്പൊറുതി ഇല്ല. അവ എവറസ്റ്റും കയറും. എന്നാൽ കയറിക്കഴിയുന്നതോടെ അയാളുടെ നാട്ടിലെ ഒരു ചെറുകുന്നായി ഒതുങ്ങുന്നു ഏത് എവറസ്റ്റും.ഓർമ്മകളും പുതുലോകവും തമ്മിലുള്ള ഇടച്ചിലാണ് ആഖ്യാതാവിൻ്റെ അസ്വസ്ഥതയുടെ മറ്റൊരു കാരണം. സൂക്ഷ്മമായി ഇഴ പിരിച്ചു നോക്കിയാൽ ഗോപൻ്റെ കാവ്യലോകത്തിൻ്റെ അസ്വാസ്ഥ്യക്കുലുക്കത്തിന് വേറെയും കാരണങ്ങൾ കണ്ടെത്താൻ കഴിയും. പഴയ കവികൾ പറയുമ്പോലെ എന്തെന്നറിയാനാവാത്തതല്ല ഈ അസ്വസ്ഥത. ഈ അസ്വസ്ഥതകളെ സമകാല മനുഷ്യൻ്റെ അസ്വസ്ഥതയാക്കി പൊതുമപ്പെടുത്താൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. കടലിൽ തിരയടിക്കുമ്പോലെ എന്ന മട്ടിൽ ഏതെങ്കിലും അലങ്കാര/ബിംബ കല്പനയിൽ ഒതുക്കാനാവുന്നതുമല്ല അത്. കാവ്യശരീരത്തെയപ്പാടെ കിടുകിടുക്കുന്നതും എടുത്തെറിയുന്നതുമാണ് ഈ ഹൈപ്പർ ആക്റ്റീവ് പ്രകൃതം.

മനസ്സിൻ്റെ സഞ്ചാരത്തിലെ ചലനത്തിനിടയിൽ വന്നു തങ്ങുന്ന അനുഭവമാണ് കവിതക്കടിസ്ഥാനം എന്ന് സഞ്ചാരം എന്ന കവിത വായനക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്. വേഗതക്കിടയിലൂടെ പാറിയെത്തിപ്പതിയുന്ന അനുഭവമാണ് ഇന്നത്തെ കവിതക്ക് ആധാരം എന്നത് എഴുത്തിനെ കുറിച്ചുള്ള ഈ കവിയുടെ കാഴ്ച്ചപ്പാടു തന്നെയാണ്. പല പല ലക്ഷ്യങ്ങൾ അന്വേഷിച്ച് പല പല മാർഗ്ഗങ്ങളിലെത്തുകയാണ് അന്വേഷിച്ചാൽ കണ്ടെത്തും എന്ന കവിതയിൽ. ഒന്ന് പലതായും പലത് ഒന്നായും മാറുന്നതിനെ ജീവിതമെന്നും കവിതയെന്നും വിളിക്കുന്നു എന്ന് ഒരു കവിതയിൽ കവി നിർവ്വചിക്കുന്നുണ്ട്(മാറാട്ടം). കാര്യസാധ്യത്തിന് പലേ വഴി മുട്ടി ഒരു വഴി തെളിയുന്നു, കാര്യം നടന്ന പിന്നെ ഒരു വഴിയുമില്ല എന്ന് കുറുകുന്നു ഉടൽലീല എന്ന കവിത. പല വേഗതകൾ കൂട്ടിമുട്ടുന്ന കൊളാഷാണ് അനവധി നിസ്സംഗമായ ദിനങ്ങൾ എന്ന കവിത.ഉണങ്ങിയ മരത്തിലെ പൊത്തിലിരിക്കുന്ന കിളി,സിറ്റൗട്ടിൽ പുറത്തേക്കു നോക്കിയിരിക്കുന്ന ഞാൻ, വിമാനം, 80/100 വേഗതയിൽ സഞ്ചരിക്കുന്ന ബൈക്ക്, പക്ഷികൾ, ഒച്ച്- ഇങ്ങനെ വേഗതയുടെയും മന്ദതയുടെയും രൂപകങ്ങൾ ഈ കവിതയിൽ തിക്കുമുട്ടുന്നു. അമ്മ മരിക്കുമ്പോൾ സ്വതന്ത്രമാകുന്ന ജീവൻ ഒരു മിന്നാമിനുങ്ങായി മാറാടുന്നുണ്ട് ഒരു കവിതയിൽ. ആ കവിതക്ക് ഗോപൻ നൽകിയ മാറാട്ടം എന്ന തലക്കെട്ട് ഗോപൻ്റെ കവിതാ ലോകത്തെ മുഴുവനായും അടയാളപ്പെടുത്താൻ പോന്നതാണ്.

തൻ്റെ അഞ്ചാമതു സമാഹാരത്തിന് ഗോപൻ നൽകിയ ശീർഷകമായ വഴിപിണക്കി മാറാട്ടത്തോടു ചേർന്നു നിൽക്കുന്നു. മാറാട്ടം കൂടി അടങ്ങിയതാണല്ലോ വഴിപിണങ്ങൽ. ഈ പുസ്തകത്തിലെ വരികൾ വരികളല്ല, സദാ തെറ്റിക്കൊണ്ടേയിരിക്കുന്ന വഴികളാണ്. വഴികൾ തെറ്റുന്തോറും നമ്മൾ ഓരോ നിമിഷത്തിലും മാറിക്കൊണ്ടേയിരിക്കുന്നു. തെറ്റിക്കൊണ്ടിരിക്കുന്ന വഴികളിലൂടെ മാറിക്കൊണ്ടേയിരിക്കുന്ന നാം കഴിഞ്ഞു കൂടുന്ന കറങ്ങിക്കൊണ്ടേയിരിക്കുന്ന ഈ ഭൂമിയാകട്ടെ, കവിയുടെ നോട്ടത്തിൽ ചലനവേഗത്തിൽ നിന്നു തെറിച്ചു വീഴുന്ന ഒരു ധാന്യമണി.

എല്ലാം പറന്നകലുകയാണ്.
മുറത്തിലിട്ടു പാറ്റിയപ്പോൾ
തെറിച്ചുവീണ ധാന്യമണിയീ ഭൂമി

തീ എന്ന കവിതയിലെ ഈ വരികളിൽ തീയിനെ ഒരു കല്ലിലെന്നപോലെ ജീവിതത്തിൻ്റെ മാറാട്ടത്തെ ഭാഷയിലൊതുക്കുന്ന ആ അടക്കം കാണാം. ഒരു പൂച്ചയും ഒരുപാടു ഞാനും എന്നാണ് ഈ സമാഹാരത്തിലെ മറ്റൊരു കവിതയുടെ ശീർഷകം. പിടി തരാത്ത മനസ്സാണ് പൂച്ച. ആ പൂച്ചയോടൊപ്പം ചുറ്റിത്തിരികയാലാണ് ഞാൻ ഒരുപാടു ഞാനായത്.പ്രതിമരാജാവ് രാജ്യം മുഴുവൻ പ്രതിമകൾ സൃഷ്ടിച്ചു നിറയ്ക്കുന്നതിൻ്റെ ചടുലവേഗതയും പ്രതിമയുടെ നിശ്ചലതയും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ആവിഷ്കാരമാണ് പ്രതിമരാജ്യം എന്ന കവിത. ഒരു സിമൻ്റുകുളത്തിലെ മീനുകളുടെ ചലനം പോലും അതിനോടു ചേർന്നുള്ള കോൺഫറൻസ് ഹാളിൻ്റെയും തൊട്ടു നിൽക്കുന്ന മുളങ്കൂട്ടങ്ങളുടെയും നിശ്ചലതയെ തകർക്കും(കോൺഫറൻസ് ഹാൾ)

മനസ്സിൻ്റെ സഞ്ചാരത്തിനിടയിൽ വന്ന് ഒരു നിമിഷം തങ്ങിനിൽക്കുന്ന അനുഭവമാണ് കവിതക്ക് ആധാരം എന്നു കണ്ടുവല്ലോ. എന്നാൽ അനുഭവത്തിനും അതുവഴി മനസ്സിനും സ്ഥായിത്വം നൽകാൻ കവിതക്ക് എന്നല്ല ഒരു കലക്കും കഴിയുന്നില്ല എന്ന പരിദേവനം ഈ കവിതകളിലുണ്ട്. കലാവസ്തു എന്ന കവിതയിൽ അത് തെളിച്ചത്തോടെ പ്രകടമാകുന്നു.

ഒരു ചിത്രത്തിൽ അവന്‍റെ
കണ്ണുടക്കിയെങ്കിലും
നിറങ്ങൾ അവനെ അലോസരപ്പെടുത്തി.
പിന്നെ അവനൊരു
പാട്ടിന്‍റെ വരികളിൽ ചുണ്ടു കോർത്തു
അവിടെയും അധികനേരം
ഇരുപ്പുറപ്പിക്കാനായില്ല.
പിന്നെ പുല്ലാങ്കുഴലിന്‍റെ
ദ്വാരത്തിലൊന്നിലായി ശ്രദ്ധ
അവിടെ നിന്നും വേഗം
ഇറങ്ങിപ്പോരേണ്ടി വന്നു.
ഒരു ശില്പം
അവനെ അടുത്തിരിക്കാൻ
ക്ഷണിച്ചെങ്കിലും
അതിന്‍റെ കണ്ണുകൾ മറ്റെന്തോ
തിരയുന്നതായി തോന്നി ഒഴിവാക്കി.
തന്‍റെ ഉത്കണ്ഠകളെ
ആ ശില്പത്തിൽ കൊത്തിവച്ചതിൽ
ശില്പിയോടു ഒരു വെറുപ്പും
അവനുണ്ടായി

കലകൾക്കൊന്നിനും അവനെ കുടിയിരുത്താൻ കഴിയുന്നില്ല. ഒടുവിൽ ഒരു പ്രാവിൻ്റെ പുറത്തുകയറി എങ്ങോട്ടെന്നില്ലാതെ പറന്നു പോവുകയാണയാൾ.

അനാദിയും അനന്തവുമായ ജീവിത മാറാട്ടത്തെ ഇങ്ങനെ ഭാഷയിൽ അനുഭവിപ്പിക്കാൻ ശ്രമിക്കുകയാണ് തൻ്റെയീ പുതിയ രചനകളിലൂടെ കളത്തറ ഗോപൻ.മാറുന്ന ആട്ടമാണ് മാറാട്ടം. മാറുക എന്ന കാര്യത്തോടൊപ്പം ആട്ടം അഥവാ കളി കൂടി ആ വാക്കിലുണ്ട്. ഗോപൻ്റെ കവിതയുടെ ഒരാസ്വാദ്യത അതിൻ്റെ കളിമട്ടാണ്.ഉയർന്നു താണ് ഉയർന്നു താണ് പോകുന്ന ചരാചരലീലയിലാണ് (ഉയർന്നു താണ്) ഈ കവിയുടെ ഊന്നൽ. സ്ഥലം കൊണ്ടും കാലം കൊണ്ടും ആടുന്നവനാണ് ഈ കവി. സ്ഥലലീലയിൽ അടുപ്പവും അകലവുമെല്ലാം ഒന്നായി മാറുന്നു."അകലത്തെ അടുപ്പമാക്കാൻ
ഒച്ചുകൾക്ക് അറിയാം" സ്ഥലകാലലീലകൾ ഗോപൻ്റെ കവിതക്ക് ദാർശനികമാനം നൽകുന്നു. കുന്ന് കുഴിയും കാട് തരിശും പുഴ മണൽപ്പൊറ്റയും കവിത ജഡഭാഷയുമാകുന്നതിനെ ഒരൊറ്റ ചോദ്യം കൊണ്ട് ദാർശനികമാക്കുന്നതു നോക്കൂ:

നമ്മൾ ദൂരത്താക്കാത്ത എന്തുണ്ട് ഭൂമിയിൽ?
നമ്മളിൽ നിന്ന് കുന്നകന്നുപോയ്
കുഴിയായ്
നമ്മളിൽ നിന്ന് മരമകന്നുപോയ്
തരിശായ്
നമ്മളിൽ നിന്ന് പുഴയകന്നു പോയ്
മണൽ പൊറ്റയായ്.
നമ്മളിൽ നിന്ന് 
കവിതയകന്നുപോയ് ജഡഭാഷയായ്

വെള്ളത്തിൽ ലയിച്ച സമയം എന്ന കവിതയിൽ ഗോപൻ്റെ കവിതയിലെ മനുഷ്യനെപ്പോലെത്തന്നെ സമയം ഒരു വികൃതിക്കളി കളിക്കുന്നു. ക്ലോക്കിൽ നിന്നിറങ്ങിയോടുകയാണ് സമയം. അതോടെ കരയിൽ എല്ലാം നിശ്ചലമായി. മാളിൻ്റെ പടിക്കെട്ടു കയറുന്ന പെൺകുട്ടി സ്റ്റക്കായി നില്പായി. ഇര പിടിക്കാനായി ചാടിയ പുലി വായുവിൽ തങ്ങി നിന്നു. "സമയം പോയപ്പോൾ ഇരുട്ടു മാത്രമായ്, പലേതരമിരുൾ പതുങ്ങിനിൽക്കുന്നു". സമയം നേരേ ചെന്നത് കടലിലേക്കാണ്. കടൽ അതോടെ സമയവാരിധിയായി.

ഇതേ ചരാചരലീല വ്യക്തികൾക്കും തീ കൊളുത്തുന്നു. ഒരേ നഗരത്തിൽ എന്ന കവിതയിലെ കമിതാക്കൾ പുലർത്തുന്ന ജാഗ്രതയിൽ ആ ലീലയുണ്ട്. പരസ്പരം കണ്ടു മുട്ടിയാൽ പ്രണയം നഷ്ടമാകുമെന്നതിനാൽ നഗരത്തിൽ കണ്ടുമുട്ടാതിരിക്കാൻ ജാഗ്രതപ്പെടുകയാണ് ആ രണ്ടു പേർ. ലീല തന്നെ, അവരുടെ ജാഗ്രത.

കഥകളിയിലെ പകർന്നാട്ടം പോലെ, കഥകളിൽ നിന്നു കഥകളിലേക്കാണ് മനുഷ്യൻ്റെ മനസ്സഞ്ചാരം. സമകാല മനുഷ്യൻ്റെ വഴിപിണക്കത്തിൻ്റെ മാറാട്ടങ്ങൾ ആവിഷ്ക്കരിക്കാൻ ഗോപൻ കഥയുടെ സങ്കേതം സമൃദ്ധമായി പ്രയോജനപ്പെട്ടുത്തുന്നുണ്ട്. കഥനരീതി ഗോപൻ്റെ കവിതകളിൽ തുടക്കം തൊട്ടേ കാണാം. കവിതയെ ഭ്രമാത്മകമാക്കുന്നു ഇത്. ചില്ലിംഗം, ചെകുത്താൻ, കാറ്റിൻ്റെ നിഴൽ, കൊളുന്തു നുള്ളുന്ന പക്ഷികൾ, ഉണങ്ങിയ മരച്ചുവട്ടിലൊരു വൃദ്ധൻ, മരങ്ങളെ നോക്കിയിരിക്കുന്നവർ തുടങ്ങി ഒട്ടുമിക്ക കവിതകളിലും ഫാൻ്റസിയുടെ സ്പർശമുള്ള കഥനാംശം പ്രകടമാണ്.
എന്തോ തെരഞ്ഞ് അലയുന്നവരുടെ ഒരു സംഘത്തെ ഒരു മിത്തെന്ന പോലെ അവതരിപ്പിക്കുന്ന കവിതയാണ് ഉണങ്ങിയ മരച്ചോട്ടിലൊരു വൃദ്ധൻ.

ആ വൃദ്ധൻ പറഞ്ഞു.
നിങ്ങൾ തിരയുന്നത്
മരുഭൂമിയിലെ ഒരു ഉണങ്ങിയ വൃക്ഷത്തിലുണ്ടെന്ന്.
പക്ഷേ,ചിരിക്കുന്ന കണ്ണുകളുള്ളവർക്കു
മാത്രമേ ആ മരം കാണാൻ കഴിയൂ.
ആ മരത്തിലൊരു പൊത്തുണ്ട്
അതിലൂടെ ഓരോരുത്തരും
ശിഖരത്തിലെത്തുമ്പോൾ
വയസ്സായവർ പഴുത്തയിലകളാകും
യുവാക്കൾ പച്ചയിലകളാകും
സ്ത്രീകളും കുഞ്ഞുങ്ങളും പൂക്കളാകും.
അപ്പോൾ നിങ്ങൾ തിരഞ്ഞത് കണ്ടെത്തും

പക്ഷേ ആ അലച്ചിലല്ലാതെ ഒരു കാര്യവുമില്ല. അസ്വസ്ഥമായ അലച്ചിലുകൾക്കൊടുവിലെ അനിവാര്യമായ മനുഷ്യദുരന്തത്തെ പൗരാണികമാനത്തോടെ കാണുന്നു കളത്തറ ഗോപൻ്റെ കവിത. പൗരാണികമായ അലച്ചിലിൻ്റെ മഹാപ്രവാഹത്തിലേക്കാണ് ഈ കവിതാവ്യക്തിത്വത്തിലെ ഹൈപ്പർ ആക്റ്റീവ് പ്രകൃതം എത്തിച്ചേരുന്നത്.കാറ്റിൻ്റെ നിഴൽ കണ്ടു പിടിക്കാൻ ശ്രമിച്ച മനുഷ്യൻ്റെ കഥ പറയുന്ന കവിതയാണ് കാറ്റിൻ്റെ നിഴൽ. ഒടുവിലയാളെ കാറ്റ് പറത്തിക്കൊണ്ടുപോയി.സ്വസ്ഥതയില്ലായ്മയുടെ താമസ ലോകം കാണിക്കുന്ന ഫാൻ്റസിയാണ് ചെകുത്താൻ.തമസ്സിൻ്റെ ഇളകിമറിയുന്ന ഭ്രമാത്മക ലോകം.

വെളുത്ത പെണ്ണുടലുകൾ നിലാവിൽ
കറുത്ത നദിയിൽ കുളിച്ച്, കറുപ്പാർന്ന്
നിരനിരയായ് നടന്ന് അവന് രക്തം – 
കുടിക്കാനായി പർവ്വതം കേറിമറഞ്ഞു.
അവന്‍റെ നോട്ടം ചന്ദ്രനെ കറുപ്പിച്ചു.

ഭയന്നാളുകൾ വേദപുസ്തകത്തിലൊളിച്ചു.
ദൈവം നിസ്സഹായനായി
ഒരു മരത്തിനകത്തു നൂണിറങ്ങി
ഒളിച്ചതും അതു പൂവിട്ടു.പൂക്കൾ കറുത്തു

ദൈവം, വിശ്വാസം, രതി എന്നിവയെല്ലാം ഈ ഫാൻ്റസിയിൽ കുഴഞ്ഞു മറിയുന്നു. ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് ഈ സമാഹാരത്തിലെ യക്ഷി എന്ന കവിതയും.

വംശനാശത്തിനു തൊട്ടുമുമ്പുള്ള അലച്ചിലാണ് മനുഷ്യൻ്റേത് എന്ന ദുരന്തദർശനം ഈ കവിതകൾ വായിച്ചു തീരുമ്പോൾ നമ്മെ അലട്ടാതിരിക്കില്ല. പീലി വിരിച്ചാടുന്ന മരം എന്ന കവിതയിൽ ആ ഭീതിക്കറ പടർന്നിരിക്കുന്നു. കാടില്ലാതായപ്പോൾ മയിലുകൾ അലയുകയാണവിടെ. മയിലിനെ കാണുന്ന കുഞ്ഞിൻ്റെ കൗതുകക്കണ്ണിന്നു പിറകിലുണ്ട്, ഒരു വംശഹത്യയുടെ കാണാക്കാഴ്ച്ച.

മയിലുകളെങ്ങനെ വന്നും പോയുമിരുന്നു.
കുന്നിൻ ചെരുവിൽ
ഉണങ്ങിയ മരം നിറയെ പീലികൾ പറിച്ചു വച്ച്
ഒരു മയിൽ
അതിന്റെ ചോട്ടിൽ ചത്തു കിടന്നു

കവിതയുടെ മിന്നൽക്കാഴ്ചകളിലൂടെ, ഒടുങ്ങും മുമ്പുള്ള, അഥവാ ഒടുക്കത്തിലേക്കുള്ള മനുഷ്യ മഹാപ്രസ്ഥാനത്തെ രേഖപ്പെടുത്തുകയാണ് കളത്തറ ഗോപൻ്റെ രചനകൾ. ചലിച്ചുകൊണ്ടിരിക്കുന്ന ചെറുരൂപങ്ങളുടെ ചടുലനൈരന്തര്യത്താൽ ആഖ്യാനം ചെയ്യപ്പെട്ട മഹാപ്രസ്ഥാനം. തുടക്കത്തിൽ പറഞ്ഞ പോലെ അലച്ചിലിൻ്റെ ലോകത്ത് ഓർമ്മകൾക്കെന്തു പ്രസക്തി എന്നന്വേഷിക്കുക കൂടി ചെയ്യുന്നുണ്ട് ഈ കവിതകൾ. സന്തോഷമായിരിക്കാൻ മനുഷ്യൻ എന്നും ആഗ്രഹിക്കുന്നു.അലച്ചിലുകൾ മുഴുവൻ അതിനായാണു താനും. ഓർമ്മയെ ഡിസ്കണക്റ്റു ചെയ്തുകൊണ്ടല്ലാതെ ഇന്ന് മനുഷ്യന് സന്തോഷമായിരിക്കാൻ പറ്റുകയില്ല എന്ന് അടിവരയിടുന്നു ഗോപൻ്റെ കവിതകൾ

ഗോവിന്ദേട്ടൻ നടക്കുമ്പോൾ ഭൂമി കറങ്ങുന്നു എന്ന് കവി. എന്തിനാണ്, എങ്ങോട്ടാണ് എന്നു ചോദിക്കുന്നവരോട് ഗോവിന്ദേട്ടൻ്റെ ഉത്തരം ഒരു മറുചോദ്യമാണ്. ഭൂമി കറക്കം നിറുത്തിയോ? സ്വസ്ഥതയില്ലായ്മ അലച്ചിലുകളാകുന്നു. അലച്ചിലുകൾ കറക്കമാകുന്നു. കർമ്മങ്ങളുടെ നൈരന്തര്യം കറക്കത്തിൻ്റെ പ്രതീതിയുണ്ടാക്കുന്നു.  അത് അനന്തമായ ലീല. ആ മഹാലീല ഒരു നൃത്തമായിത്തന്നെ മാറുന്നു. ഉടയാട വട്ടത്തിൽ വിടർന്നു പാറുന്ന നൃത്തം. നമ്മുടെ സമകാലത്തിൻ്റെയും സമദേശത്തിൻ്റെയും നൃത്തം. നൃത്തക്കറക്കത്തിലെപ്പൊഴോ ഓർമ്മകളെല്ലാം പൊലിഞ്ഞു പോകുന്നു. പലത് മാഞ്ഞ് ഒന്നായിത്തീരുന്നു. ഒന്നു മാത്രം എന്ന കവിതയിലേക്കാണ് ഈ പുസ്തകത്തിലെ കവിതകൾ വട്ടംകറങ്ങിയെത്തുന്നത് എന്നു ഞാൻ വിചാരിക്കുന്നു.അതിവേഗത്തിൽ വട്ടം ചുഴറ്റിയുള്ള നൃത്തം കറങ്ങിക്കറങ്ങി ഒരു ബിന്ദുവിൽ ധ്യാനസ്ഥമാകുന്നു. ഒരുപാടു പേർ എഴുതുന്നതിൻ്റെ ആഘോഷാരവങ്ങൾക്കിടയിലൂടെ ആരോ ഒരാൾ കവിയായിത്തീരുമ്പോലെ ക്രിയാപദങ്ങൾ കൊണ്ടുള്ള ഒരു ചുഴറ്റലിനൊടുവിൽ ആ നൃത്തം ഇങ്ങനെ ധ്യാനസ്ഥമാകുന്നു:

മരമായ മരത്തിൻ ചുവട്ടിലെല്ലാം
ആളുകളൊത്തിരി ഇരുന്നിട്ടും
ബുദ്ധനായത് ഒരാൾ മാത്രം.

കറക്കത്തിൻ്റെ വേഗത അതിൻ്റെ കേന്ദ്രത്തെ കണ്ടെത്തുന്നു. പലതും ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യക്കൂട്ടത്തിൻെ ഭ്രമണകേന്ദ്രം നിർത്താതെ ഉയർന്നു കേൾക്കുന്ന ഒരു കരച്ചിലാവാം(നമുക്കിടയിൽ ഒരാൾ കരയുന്നു). കളത്തറ ഗോപൻ എന്ന കവിയിലൂടെ മലയാളകവിത, സമകാല ജീവിതാസ്വസ്ഥതയുടെ ഗതിവേഗകേന്ദ്രത്തിൽ തൊടുന്നു. ആ കേന്ദ്രത്തെ ധ്യാനിച്ചുകൊണ്ട് ഒരു ഭ്രമണനൃത്തമായി കവിത വിടരുന്നു

അസ്വസ്ഥതയെ നൃത്തവേഗമാക്കി മാറ്റിയതിലുണ്ട് ഈ കവിയുടെ കാവ്യകലയുടെ സൗന്ദര്യദർശനം. വേഗതീവ്രതയിൽ കവിത തുണ്ടു തുണ്ടായി ചിതറുന്നില്ല. വികൃതിത്തമുണ്ടെങ്കിലും കവിത വികൃതമാകുന്നില്ല. അരാജകനാട്യം തീരെയില്ല. 1950 കൾ തൊട്ടു തുടങ്ങുന്ന അമേരിക്കൻ ബീറ്റ് തലമുറയെ ദുർബലമായി അനുകരിക്കുന്നില്ല കളത്തറ ഗോപൻ്റെ കവിതകൾ. കവിതക്കായി ഞാൻ നടത്തിവന്നിരുന്ന തിളനില മാഗസിൻ്റെ 2020 ലക്കത്തിൽ ആറു കവിതകൾ പ്രസിദ്ധീകരിച്ച സമയത്തു തന്നെ കളത്തറക്കവിതയുടെ കേന്ദ്രത്തിലെ ധ്യാനബിന്ദു ഞാൻ പരിചയിച്ചിട്ടുണ്ട്. അതിലൊരു കവിതയിൽ (വെണ്ടക്കയിൽ ഒളിഞ്ഞിരിക്കുന്ന ലഘു) ഒരാൾ ഗുരുവിനെ തേടി നടക്കുകയാണ്. ഗുരുവിനെ തപ്പി അയാൾ പച്ചക്കറി മാർക്കറ്റിലെത്തി. വെണ്ടക്കയിൽ ഗുരു ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ എന്നറിയാനായി അതു കീറിനോക്കിയപ്പോൾ കുരുവിനെ കണ്ടു. ഈ വികൃതിത്തം ചെന്നെത്തി നിൽക്കുന്നത് വിവേകത്തിൻ്റെ ഒരു മിന്നലിലാണ്

ന്യൂട്ടണ് ആപ്പിളും
ആപ്പിളിന് ഭൂമിയും
ഭൂമിക്കു സൂര്യനും
സൂര്യന് അതിൻ്റെ എരിയലും
ഗുരുവായിരിക്കുന്നത് ആലോചിച്ചപ്പോൾ
മനസ്സിലായി
മണൽത്തരികൾ ഗുരുവും
കാലടികൾ ശിഷ്യനുമാണെന്ന്

ഏതോ സെൻകഥയുടെ വിളിയുടെ പിറകേ പോവും പോലെ തോന്നാറുണ്ട് ഈ കവിത വായിക്കുമ്പോഴെല്ലാം.  ധ്യാനത്തിൻ്റെയോ ബോധത്തിൻ്റെയോ ജാഗ്രതയുടെയോ നൈതികതയുടെയോ ധാർമ്മികതയുടെയോ അച്ചുതണ്ടിനെ ചുറ്റിയാണ് അശാന്തമായ കറക്കങ്ങളെല്ലാം എന്ന് കളത്തറക്കവിത എന്നെ ബോധവാനാക്കുന്നു. സൂര്യന് അതിൻ്റെ എരിയൽ തന്നെ ഗുരു എന്ന ബോധം അനുഭവത്തിലൂടെ എത്തിച്ചേരുന്ന വിവേകമല്ലാതെ മറ്റെന്താണ്? ചെറുപ്പത്തിൽ നാടുവിട്ടു പോയി സകല പണികളും ചെയ്ത് എവിടെയൊക്കെയോ അന്തിയുറങ്ങി മനുഷ്യരോടിടകലർന്നു ലോകമറിഞ്ഞു ജീവിച്ച ഒരു മനുഷ്യനു കൈവരുന്ന വിവേകത്തെ ഓർമ്മിപ്പിക്കുന്നു കളത്തറക്കവിതയുടെ ഈ ഭ്രമണകേന്ദ്രം. ഈ കവിയെ ഞാനാദ്യമായി തിരിച്ചറിഞ്ഞതുതന്നെ അത്തരമൊരു പഴയ കവിത വായിച്ചാണ്. സങ്കടങ്ങൾ എന്നാണ് ആ മനോഹര കവിതയുടെ പേര്. പൊറുതിയില്ലാത്ത ജീവിതത്തിൽ മനുഷ്യന് സങ്കടങ്ങൾ ആരോടെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കണം. മനുഷ്യരോടു തന്നെ വേണമെന്നില്ല. പുഴയുടെ അവസാനത്തെ തുള്ളിയോടു പറഞ്ഞാലും അത് കടലിനോടു ചർച്ച ചെയ്യും. കടൽ ഒരു വൻതിരകൊണ്ടു ചുറ്റിവരിഞ്ഞ് ആശ്വസിപ്പിക്കും. അല്ലെങ്കിൽ മരങ്ങളോടോ പാറകളോടോ പറയാം. വികൃതി കാണിച്ചു കൊണ്ടേയിരുന്ന കുട്ടി സങ്കടം പറഞ്ഞു കൊണ്ടേയിരിക്കുന്ന മുതിർന്നവനായി വളർന്നു. സങ്കടങ്ങൾ ആരോടു പറയാം, ആരോടു പറയരുത് എന്നറിഞ്ഞാൽ ഒരാൾ വിവേകിയായിക്കഴിഞ്ഞു. എന്നെ ആദ്യം പിടിച്ചെടുത്ത ആ കളത്തറക്കവിത ഇങ്ങനെയാണ് അവസാനിച്ചത് :

പറയരുത്,
പച്ചമനസ്സിൽ പരിഹാസം പഴുപ്പിച്ചു വെച്ച്
സന്തോഷിക്കുന്നവരോട്
പറയുക,
നിലക്കണ്ണാടിയുടെ കാതിൽ.
കഴിയുന്നത്ര പതുക്കെ.
വളരെ പ്രാകൃതമായി
അതുടയുന്നതു വരെ

അന്നും ഇന്നും അരാജകമായി ചിന്നിച്ചിതറുകയില്ല കളത്തറ ഗോപൻ്റെ കവിത.മനുഷ്യൻ്റെ സങ്കടങ്ങൾ കേട്ട് പ്രാകൃതമായി ഉടഞ്ഞുപോകുകയേയുള്ളൂ അത്. വഴിപിണക്കി വഴി തെറ്റിച്ചു കൊള്ളട്ടെ. തെറ്റിയ വഴികളിലൂടെ വായനക്കാരനായ ഞാൻ അനന്തമായി അലഞ്ഞുകൊള്ളട്ടെ. എന്നിരുന്നാലും മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട് പ്രാകൃതമായി ഉടഞ്ഞു ചിതറാൻ എനിക്കാവുന്നുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തുരങ്കത്തിനറ്റത്ത് അതിൻ്റെ കവാടം ചന്ദ്രവളയത്തിൽ പ്രകാശിക്കുന്നുണ്ട്.

ഡി. യേശുദാസിൻ്റെ കവിത

ചിതറിത്തെറിച്ചവക്കിടയിലൂടെ

ഫോക്കസ് ചെയ്യുന്ന വിധം

പി.രാമൻ


അപ്പനുമൊത്തുള്ള കാർ യാത്രകൾ എന്ന സമാഹാരം വായിച്ച ശേഷമാണ് ഞാൻ ഡി.യേശുദാസിൻ്റെ കവിതകൾ പ്രത്യേകം ശ്രദ്ധിച്ചു വായിക്കാൻ തുടങ്ങിയത്. ഇന്നു നടപ്പുള്ള പൊതു എഴുത്തുരീതികളിൽ നിന്നു മാറി സ്വന്തമൊരു വഴി വെട്ടാനുള്ള കുതറൽ ആ പുസ്തകത്തിൽ ഞാനറിഞ്ഞു. ആ കുതറൽ ബോധപൂർവ്വമെന്നതേക്കാൾ തൻ്റെ പ്രതിഭയുടെ സ്വാഭാവികപ്രകൃതമാണെന്ന് യേശുദാസിൻ്റെ പുതിയ സമാഹാരവും ഇപ്പോളിതാ എന്നോടു പറയുന്നു. ആ പ്രകൃതത്തിൻ്റെ അടരുകളിലൂടെ പോന്നതിൻ്റെ ചെറിയൊരു അനുഭവവിവരണമാണ് ഞാനിവിടെ പങ്കുവക്കുന്നത്.

തോട്ടങ്ങളും കുറ്റിക്കാടുകളും ഇലപൊഴിയും കാടുകളും നിത്യഹരിതവനങ്ങളും പുൽമേടുകളും താണ്ടി പോകുന്നതുപോലെ പല തരം കവിതയുടെ സമൃദ്ധിയിലൂടെ കടന്നുപോകലാണ് ഈ വായനാനുഭവത്തിൻ്റെ ആദ്യ സവിശേഷത. വൃത്ത വൈവിധ്യങ്ങളും ഗദ്യരൂപങ്ങളും ദീർഘ ആഖ്യാനങ്ങളും ഭാവഗീതങ്ങളും ഗാനമാതൃകകളുമെല്ലാം അടങ്ങുന്നതാണ് ഈ കവിയുടെ രചനാലോകം. കവിതയിൽ ഒരു വള്ളിച്ചെടിയുടെ സാധ്യത എന്ന കവിതയിലെ ഭാഷാരീതിയല്ല കാലം എന്ന കവിതയിലേത്; രണ്ടും ഗദ്യമാണെങ്കിലും. ആദ്യത്തേത് താത്വിക സംവാദത്തിനു ചേർന്ന അയഞ്ഞ ഗദ്യരൂപമെങ്കിൽ രണ്ടാമത്തേത് രണ്ടു ജീവിതങ്ങളുടെ അനുഭവകാലത്തെ പത്തുവരിയിൽ സാന്ദ്രമാക്കിയത്. ഇതു രണ്ടുമല്ല പലതരം മനസ്സുകൾ, ഭയംഭരണപ്രദേശം എന്നീ കവിതകളിലെ ഗദ്യഖണ്ഡരൂപം. ഈ രണ്ടു ഗദ്യഖണ്ഡ കവിതകളിൽ തന്നെയും ഭാഷ രണ്ടു തരത്തിലുള്ളതാണ്. സ്മാർട് ഫോൺ എന്ന കവിതയിലെ ആശയാഖ്യാനത്തിനു കെല്പുള്ള കേകയല്ല,കറുത്ത പാട്ട് എന്ന കവിതയുടെ റാപ് ഘടനയിലുള്ള പാട്ടു രൂപം. ആ പാട്ടിൻ്റേതല്ല, അത്ര നല്ല ഭൂമിയിൽ എന്ന കവിതയുടെ പൊലിപ്പാട്ടുമട്ട്. സങ്കീർത്തനഘടനയെ പാരഡി ചെയ്യുന്നതാണ് ദൈവം എന്ന ഏകാകി എന്ന കവിതയുടെ രൂപഘടന. ഏതു കവിതാരൂപത്തേയും തരത്തിന് എടുത്തുപയോഗിക്കാൻ പോന്ന കൂസലില്ലായ്മയും നൈപുണ്യവും ഈ സമാഹാരം ഒന്നു മറിച്ചു നോക്കുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധയിൽപെടും.

പ്രമേയങ്ങളെ എഴുതുന്ന കവിതകളും ഭാവങ്ങളെ/ഭാവസങ്കീർണ്ണതകളെ എഴുതുന്ന കവിതകളും അടങ്ങുന്നതാണ് ഈ പുസ്തകം. ഇതിലെ ഏറ്റവും മികച്ച കവിതകളിൽ പ്രമേയപരതയും ഭാവസങ്കീർണ്ണതയും ചേർന്നിണങ്ങി ഒന്നാവുന്നുമുണ്ട്. ഉദാഹരണത്തിന്, ഉടൽസംക്രാന്തികൾ എന്ന കവിത ഒന്നടുത്തു നിന്നു പരിശോധിക്കാം. പെൺമയെ അറിയാനാണ് ഈ കവിത ശ്രമിക്കുന്നത്. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ പെണ്മയെ അറിയാൻ ശ്രമിക്കുന്ന പൗരുഷം. ഭിന്നലൈംഗികത കേരളീയ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന സമകാല പശ്ചാത്തലത്തിലാണ് ഈ കവിത നാം വായിക്കുന്നത്. സ്ത്രീത്വത്തെ ഇന്നും പുരുഷാധികാരം അമർച്ച ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം സ്ത്രീത്വത്തിൻ്റെ ഉണർവും പ്രതിരോധവും ഇടപെടലുകളും സമൂഹത്തിൻ്റെ മനോഭാവത്തെ തിരുത്താൻ പൊരുതിക്കൊണ്ടേയിരിക്കുന്നു. ലെസ്ബിയൻ, ഗേ, മൂന്നാംലിംഗം തുടങ്ങിയവയെക്കുറിച്ചുള്ള ധാരണകൾ ആരോഗ്യകരമാം വിധം സമൂഹത്തിൽ ഉറച്ചു തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൻ്റെ സമകാലികത ആവശ്യപ്പെടുന്ന ഒരു രചനയാണ് ഉടൽസംക്രാന്തികൾ. ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു വളർത്തിക്കൊണ്ട് അവളെ മനസ്സിലാക്കാനാണ് കവിതയിലെ ആഖ്യാതാവു തുനിയുന്നത്. പെണ്ണായി ഗർഭംധരിച്ച് മകളെ പെറ്റ് അവളെ വളർത്തി വലുതാക്കുകയാണ് അയാൾ, തൻ്റെ ചിന്തയിൽ. പെൺമയെ അറിയാൻ മറ്റെളുപ്പവഴികളില്ല എന്ന് ഈ കവിത ഓർമ്മിപ്പിക്കുന്നു. എന്നാൽ കവിത അവസാനിക്കുന്നത്, ആ ചിന്തക്കു ശേഷം പൊക്കിളിൽ നിന്നു കിനിയുന്ന ചോരയിലാണ്. പിറവിയുടെ വേദനയെ ആ ചോര തീർച്ചയായും ഓർമ്മിപ്പിക്കുന്നു. എന്നാൽ ചിന്തയിലാണെങ്കിൽ പോലും, കുഞ്ഞു പിറന്ന് വളർന്നു വലുതായി അവളോടൊപ്പം സന്ധ്യക്ക് കടൽത്തീരത്തുകൂടി നടന്നുവന്ന ശേഷമാണ് ചോരമണം കിനിയുന്നത് എന്നിടത്ത് പൗരാണികമായ ചില ധ്വനികൾ വേറെയും ഉയരുന്നുണ്ട്.

പിന്നെ
അവൾ വളർന്നു വരുന്നതും
എൻ്റെ ആൺമയിലേക്കു ഞാൻ
തിരികെയെത്തുന്നതും
എന്നിട്ടവൾക്കൊപ്പം സന്ധ്യയിൽ
കടൽക്കരയിൽ നടക്കുന്നതും വരെ
ചിന്തിച്ചു

പെട്ടെന്നു പൊക്കിളിൽ കിനിഞ്ഞ്
ചോരമണം പൊന്തിയതായി
തോന്നുകയും ചെയ്തു.

എൻ്റെ ആണ്മയിലേക്കു ഞാൻ തിരികെയെത്തി എന്ന സൂചനയാണ് ആ ചോരയെ പൗരാണികതയിലേക്കു നയിക്കുന്നത്. സരസ്വതിയുടെ ഉല്പത്തികഥയും ലോത്തിൻ്റെ കഥയും എൻ്റെ വായനയിൽ ഈ കവിതക്കടിയിലൂടൊഴുകിപ്പോകുന്നു. അതോടെ ഈ കവിത നമ്മുടെ ലൈംഗിക - സദാചാര ധാരണകളെ മുറിച്ചു കടന്ന് സങ്കീർണ്ണമാകുന്നു. കവിതക്കൊടുവിൽ കിനിയുന്ന ചോര പാപബോധത്തിൻ്റേതു കൂടിയായി പടരുന്നു.

അറിയലാണ് യേശുദാസിന് കവിതയിലേക്കുള്ള വഴി.അനാഥത്വം അറിയൽ,
ഓർമ്മയെ അറിയൽ,സ്വപ്നത്തെ അറിയൽ, ലൈംഗികത അറിയൽ,ഏകാന്തതയെ അറിയൽ,
തനിച്ചാകലിൻ്റെ ആനന്ദം അറിയൽ എന്നിവയിലൂടെയെല്ലാം കവിതയുടെ ഹൃദയതടത്തിലേക്ക് കവി എത്തിച്ചേരുന്നു. പണ്ടുകൊണ്ട ഒരു കല്ലേറിൻ്റെ ഓർമ്മയിലൂടെ ഓർമ്മയെത്തന്നെ അറിയുന്ന കവിതയാണ് കല്ല്. കൗമാരത്തിലെ കൂട്ടുകാരിയുടെ ചരമവാർത്തയിലൂടെ കാലത്തെ അറിയുകയാണ് കാലം എന്ന മനോഹരകവിതയിൽ. മൃഗശാലയിലെ കൂട്ടിൽ നിന്നിറങ്ങിയ കടുവയിലൂടെ ഏകാന്തതയെ അറിയുന്നതാണ് ആ നടന്നു നീങ്ങുന്ന കടുവ. ഒടുവിൽ എത്തിച്ചേരേണ്ട പരമമായ അറിവാകുന്നു ഡി. യേശുദാസിന് കവിത.

കവിതയുടെ മാധ്യമപരമായ സഹജതയാണ് സന്ദിഗ്ധത. അതിനപ്പുറം, തൻ്റെ മനസ്സിലെ സന്ദിഗ്ധതകളെ കവിതയിലൂടെ തെളിയിച്ചെടുക്കാനുള്ള പരമശ്രമം ഈ കവിതകളിൽ കാണാം. സന്ദേഹങ്ങളും അതുണ്ടാക്കുന്ന മനപ്പിളർപ്പുകളും കൊണ്ട് നിബിഡമാണ് ഇവ.കാണുന്നതെല്ലാം കവിയെ സന്ദേഹിയാക്കുന്നു. ഒരു പൂട്ടും താക്കോലും ഉയർത്തുന്ന സന്ദേഹങ്ങളുടെ ആവിഷ്ക്കാരമാണ് പൂട്ട് എന്ന കവിത. വീടു പൂട്ടിയിറങ്ങുകയാണിവിടെ. താക്കോൽ പോക്കറ്റിലുണ്ട്. വീടു തന്നെയല്ലേ പോക്കറ്റിൽ കിടക്കുന്ന താക്കോൽ? പോക്കറ്റിൽ താക്കോൽ കിടക്കുന്നേടത്തോളം കാലം വ്യക്തിത്വത്തിലെ സങ്കീർണ്ണതയും പിളർപ്പും അനുഭവിച്ചേ പറ്റൂ. പൂട്ടിൻ്റെയും താക്കോലിൻ്റെയും കാഴ്ച്ച ആഖ്യാതാവിനെ അകവും പുറവുമായി പിളർത്തുന്നു ഈ കവിതയിൽ.വീട്ടിൽ നിന്നിറങ്ങിപ്പോന്ന മനുഷ്യൻ മനസ്സ് അവിടെ വെച്ചാണോ പോന്നത് എന്ന സന്ദേഹവും ഉയരുന്നു. ഹൃദയം മരത്തിൽ വെച്ചു പോന്ന കുരങ്ങൻ്റെ പഴങ്കഥ വായനക്കാർക്ക് ഓർക്കാം. പുറത്തലയുന്നവനെ താക്കോലിൻ്റെ ഓർമ്മ തടവിലാക്കുന്നു, ടി. എസ്. എലിയറ്റിൻ്റെ തരിശുഭൂമിയിലെന്നോണം. തരിശുഭൂമിയിൽ ആ തടവ് എലിയറ്റ് ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്:

we think of the key, each in his prison
thinking of the key, each confirms a prison

പൂട്ടിൻ്റെയും താക്കോലിൻ്റെയും മൂർത്തചിത്രം വരക്കാൻ തുടങ്ങി അകത്തോ പുറത്തോ എന്ന സന്ദേഹത്തിൻ്റെ അമൂർത്തത വരഞ്ഞവസാനിപ്പിക്കുന്ന ഒരു ചിത്രകാരൻ്റെ അനിച്ഛാപൂർവ്വത ഈ കവിതകളെ ചലനം കൊള്ളിക്കുന്നു. കാണുന്ന കാഴ്ച്ചകളെല്ലാം അയാൾ സ്കെച്ചു ചെയ്യാൻ തുടങ്ങുന്നു. പക്ഷേ അയാൾ പോലുമറിയുന്നില്ല, തനിക്കു തന്നെ പൂർണ്ണമായി മെരുങ്ങാത്ത ഒരു ഫീൽ ആണ് താൻ വരക്കുന്നത് എന്ന്. ഒരു സിഗററ്റ് സ്കെച്ചു ചെയ്യാൻ തുടങ്ങി പുകനാളങ്ങളുടെ ചിത്രണത്തിലേക്കെത്തുന്നതുപോലെ. നഗരമാലിന്യത്തിൽ നിൽക്കുന്ന കൊറ്റിയുടെ ചിത്രം ആഖ്യാതാവിലെ ഓർമ്മയുടെയും പിടച്ചിലിൻ്റെയും ധ്യാനത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും ചിത്രണമായി മാറുന്നു.വീടിൻ്റെ വർത്തമാനങ്ങൾ എന്ന കവിതയിലെ വീട് വീടല്ല. ഉപേക്ഷിക്കപ്പെട്ട, തിരിച്ചെത്താൻ വെമ്പുന്ന, പരിഭ്രാന്തമായ എന്തോ ഒന്നിൻ്റെ പ്രതീതിയാണ്. കാണുന്ന ദൃശ്യങ്ങളുടെ ആന്തരികതയിൽ നിന്നാണ് കവി ആ പ്രതീതി വിരിയിച്ചെടുക്കുന്നത്. ചിതറിയ ചിത്രങ്ങളിലൂടെ ഫോക്കസ് കണ്ടെത്താൻ ശ്രമിച്ചു കൊണ്ട് അലയുന്ന ഒരു മനുഷ്യന് യേശുദാസ് ഈ കവിതകളിൽ ജീവൻ കൊടുക്കുന്നു. അയാളാണ് ഈ കവിതകളിലെ ആഖ്യാതാവ്.വിട്ടുപോരലിനെയും തിരിച്ചെത്തലിനെയും കുറിച്ചുള്ള ആധികളാണ് ഈ അഖ്യാതാവിൻ്റെ ഉള്ളു നിറയെ. കൂട് അല്ലെങ്കിൽ വീട് അതുമല്ലെങ്കിൽ കാട് വിട്ടുപോന്നിട്ടും അതിൻ്റെ ഓർമ്മകൾ പിന്തുടരുകയാണയാളെ. ഓർമ്മയിലെ കല്ല് നെറ്റിയിലെ മുറിവിനെ അന്വേഷിച്ചു പോകുന്നു. കാണുന്ന കാഴ്ചയെ, വരയുന്ന ചിത്രത്തെ തൻ്റെ മനോലോകത്തെ പ്രകാശിപ്പിക്കാൻ പോന്ന ദൃഷ്ടാന്ത ഉപമയായ് നീട്ടിയെടുക്കുന്ന ആഖ്യാന രീതി പലപ്പോഴും പൗരാണികമായ ആഖ്യാനരീതികളെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൃഷ്ടാന്ത ഉപമകളിലൂടെ സംസാരിക്കുന്ന ബൈബിൾ ആഖ്യാനരീതി ഈ കവിതകളിൽ നിഴൽ വിരിക്കുന്നുണ്ട്. വീടിൻ്റെ ഉപമ വീട്ടിലേക്കല്ല ചൂണ്ടുന്നത്, ഉപേക്ഷയിലേക്കും അനാഥത്വത്തിലേക്കുമാണ്.

സന്ദേഹങ്ങളാണ് ഈ കവിയെ ഏറ്റവും പ്രചോദിപ്പിക്കുന്നത് എന്നു സൂചിപ്പിച്ചല്ലോ. അവയിൽ പലതും അസ്തിത്വപരമായ സന്ദേഹങ്ങളാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്. തൻ്റെ സന്ദേഹങ്ങളുടെ അസ്തിത്വപരത വെളിവാക്കുന്ന ഒരു കവിത കവി എഴുതിയതു കൂടി പരാമർശിച്ചുകൊണ്ട് ഈ ചെറുകുറിപ്പ് അവസാനിപ്പിക്കാം. വേറൊരു രീതിയിൽ എഴുതാവുന്ന കവിതയിൽ ഒരു വള്ളിച്ചെടിയുടെ സാദ്ധ്യത എന്ന കവിതയെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ഓരോന്നിനും അതാതിൻ്റെ ഇടമുണ്ടെന്നിരിക്കെ താൻ നിൽക്കേണ്ടിടത്തു വേറൊരാൾ നിൽക്കുന്നു, അയാൾ നിൽക്കേണ്ടിടത്തു താനും എന്നതാണ് ഈ കവിതയുടെ തുടക്കപ്രശ്നം. അതൊരീർഷ്യയായി തുടങ്ങി കൗതുകമായി പെരുകി അന്വേഷണമായി നീളുന്നതാണാ കവിത. ഓരോന്നിനും അതാതിൻ്റെ ഇടമുണ്ടെന്നിരിക്കേ ഒന്നിൽ മറ്റത് വന്നാൽ? ശരിക്കും ഒന്നിന് അതിൻ്റെ ഇടമുണ്ടോ? തനിക്ക് തൻ്റെ ഇടം ഉണ്ടോ? നീണ്ട ക്യൂവിൽ നിൽക്കുന്ന തൻ്റെ ഈ ഇടം ശരിക്കുള്ള ഇടമാണോ തുടങ്ങിയ സന്ദേഹങ്ങൾക്കുമേലാണ് കവിതയിലെ വള്ളിച്ചെടി പടർന്നു കയറുന്നത്.ജീവിതവും മരണവും, നീയും ഞാനും, ഇരുട്ടും വെളിച്ചവും, ദൈവവും ചെകുത്താനും, ഇല്ലായ്മയും ഉണ്മയും പരസ്പരം ഇടം വെച്ചു മാറുന്നതിൻ്റെ സന്ധിയിൽ നിന്നാണ് ഡി. യേശുദാസിൻ്റെ അന്വേഷണാത്മകമായ കവിത പിറവി കൊള്ളുന്നത്. സമകാല കവിതയിൽ വ്യത്യസ്തതയോടെ ഈ വഴി വെട്ടിത്തിരിഞ്ഞു നിൽക്കുന്നു.














Thursday, August 15, 2024

നികിത ഡാനിലോവ് (റുമാനിയ, ജനനം: 1952)

കവിതകൾ


നികിത ഡാനിലോവ് (റുമാനിയ, ജനനം: 1952)


1
വസന്തവെളിച്ചം


ചെറുപ്പം സുന്ദരി ടീച്ചർ
അവളുടെ മുഴുവൻ കുട്ടിക്കൂട്ടത്തെയും
കൈയ്ക്കു പിടിച്ച്
നടത്തിക്കൊണ്ടുപോകുന്നു.
ഒരു മുഴുവൻ തേനീച്ചക്കൂട്ടത്തേയും
ചിറകിനുപിടിച്ച്
കൊണ്ടുപോകുന്ന പോലെ
എങ്ങും നിറഞ്ഞ ശാന്തത
എങ്ങും മധുരവസന്തവെളിച്ചം


2

രാത്രിയാകുന്നു


വിദേശങ്ങളിൽ നിന്നു മടങ്ങിവന്ന പക്ഷികൾ
വീടിൻ്റെ പഴക്കം ചെന്ന ഇറയത്തിനടിയിൽ
കളിമണ്ണും വൈക്കോലും കൊണ്ടു
കൂടുണ്ടാക്കുന്നതുപോലെ
എന്നിലേക്കു മടങ്ങിവരുന്നു
പ്രഭോ, നിൻ്റെ വെളിച്ചം!

എനിക്കുചുറ്റും കാണാനാവുന്നത്
ശാന്തിയും സന്തോഷവും മാത്രം

എവിടെയാണോ ഇന്നലെ
ഇരുട്ടും നിരാശയുമുണ്ടായിരുന്നത്
അവിടെ ഇന്ന്
ഒരു കിളിയുടെ മധുരഗാനം മുഴങ്ങുന്നു
നിൻ്റെ വെളിച്ചത്താലെന്നെ നീ
നശിപ്പിക്കുന്നതെന്തിന്, പ്രഭോ!


3
വെളിമ്പറമ്പ്


മേലേ നിന്നും രാത്രി മെല്ലെ മെല്ലെ പതിച്ചുകൊണ്ടിരിക്കുന്ന
ഒരൊഴിഞ്ഞ വെളിമ്പറമ്പിൻ്റെ നടുവിൽ
കറുത്ത പൂക്കൾ നിറച്ച വെളുത്ത കിടക്കയിൽ
കിടക്കുന്നതായി ഞാൻ കാണപ്പെട്ടു
അസ്വസ്ഥമായ നീണ്ട നിദ്രയിൽ നിന്നുണർന്നപ്പോൾ
ആരോ ഒരാൾ ഒരു മെഴുകുതിരിയുമായി
കിടക്കക്കരികിൽ കുനിഞ്ഞുനിന്ന്
എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അയാൾ പറഞ്ഞു:

"കൃത്യം ഈ സ്ഥലത്തിനടിയിൽ കുഴിക്കുക
രണ്ടു മീറ്റർ താണാൽ ഒരു കല്ലിനടുത്തെത്തും
കല്ലിനടിയിൽ നിങ്ങളൊരു കുരിശു കാണും
മൂന്നു മീറ്റർ താഴ്ച്ചയിൽ
നിങ്ങളൊരു ജനാല കാണും
അഞ്ചു മീറ്റർ താഴ്ച്ചയിൽ ഒരു വാതിൽ.
ഒരു ശബ്ദം നിങ്ങളോടു ചോദിക്കും:
"ആരാണവിടെ?"
നിങ്ങൾ മറുപടി പറയും: "ആരുമില്ല"

ഇപ്പോൾ കുഴിച്ചു തുടങ്ങൂ....
ഞാൻ നിനക്കു വെളിച്ചം കാട്ടാം"


4
മുഖം


നീ നിൻ്റെ മുഷ്ടിയാൽ തല്ലുന്നു വെള്ളത്തിൽ,
പക്ഷേ തൊടാനാവുന്നേയില്ല നിൻ മുഖം
നീ നിൻ്റെ കയ്യുകളാഴ്ത്തുന്നു വെള്ളത്തിൽ,
പക്ഷേ തൊടാനാവുന്നേയില്ല നിൻ മുഖം
പിച്ചളനാണയത്തുട്ടുപോലേ മെല്ലെ -
യാഴത്തിലാഴത്തിലാണ്ടാണ്ടു പോകുന്നു



5
ശൂന്യത


അവന്നു മുകളിൽ മാനത്തൊരു
തുള തുറന്നു വന്നു
അതുവഴി ശൂന്യതയോടു സംസാരിക്കാൻ
അവനു കഴിഞ്ഞു
അവനലറി: "എന്താണ് തിന്മ? സത്യം? ദൈവം?"
മൂന്നുനാൾ കഴിഞ്ഞ് ഒരു മറുപടി വന്നു:
ഒരമർത്തിച്ചിരി,അതു കഴിഞ്ഞൊരു കുണുങ്ങിച്ചിരി
അവൻ ചോദിച്ചു:"എന്താണ് ജ്ഞാനം? സ്നേഹം?
ആത്മാവ്?"
മൂന്നു നാൾ കഴിഞ്ഞൊരു മറുപടി വന്നു:
ഒരാടിൻ്റെ നേർത്ത കരച്ചിൽ
പിന്നൊരു കുതിരയുടെ ചിനപ്പ്
ഒരു കാളയുടെ അമറൽ
നായയുടെ ഓളി, അങ്ങനെയങ്ങനെ....

അവൻ ചോദിച്ചു: ആരാണു നീ?
മൂന്നു നാൾ കഴിഞ്ഞൊരു മറുപടി വന്നു:
ഒരാടിൻ്റെ നേർത്ത കരച്ചിൽ
പിന്നൊരു കുതിരച്ചിനപ്പ്
നായയോളി, പന്നിയമറൽ
കാളമ്യാവൂ, അങ്ങനെയങ്ങനെ....

Tuesday, August 13, 2024

മരിയാന കോഡ്രട്ട് (റുമാനിയ,ജനനം 1956)

വടക്കു നിന്നൊരു കവി

മരിയാന കോഡ്രട്ട്  (റുമാനിയ,ജനനം 1956)


വടക്കൻ ദിക്കിൽ നിന്നുള്ള ഒരു കവി.
രണ്ടു കൂറ്റൻ മുൻപല്ലുകളും
ഒരൊട്ടകപ്പൂഞ്ഞയുമുണ്ടയാൾക്ക്.

പല്ലും കൂനും നോക്കി ചിലർ പറഞ്ഞു:
'ഇല്ല, അയാൾക്കൊരു കവിയാകാൻ
കഴിയില്ല'
'സംശയമൊന്നുമില്ല, അയാളൊരു കവിതന്നെ'
മറ്റു ചിലർ പറയുന്നു,
അതേ പല്ലും കൂനും നോക്കി

എന്നാൽ അയാൾക്കു ക്ഷയരോഗമില്ല
പുരപ്പുറത്തുകൂടി നടക്കാറുമില്ല
ആള് നല്ലൊരു പളപളപ്പൻ
രാവിലെ ഗുഡ് മോണിങ്
വൈകീട്ട് ഗുഡ് ഈവനിങ്
നിങ്ങൾക്ക് ആശംസിക്കുന്നയാൾ
അങ്ങനെയൊരാൾക്കൊരിക്കലുമൊരു
വലിയ കവിയാവാനാവില്ല
- അവരൊറ്റക്കെട്ടായി തീരുമാനമെടുത്തു.

എന്നിട്ടുമോരോരുത്തരുമയാൾക്കോരോ
'ഡ്രിങ്ക്' വാങ്ങിച്ചു കൊടുക്കുന്നു
തന്നത്താൻ ഇങ്ങനെ പറഞ്ഞുകൊണ്ട്
അയാളുടെ കൂന് അരുമയായി തലോടുന്നു:
"ഇയാളിനിയൊരു
മഹാനോ മറ്റോ ആയിത്തീർന്നാലോ?"

അവർ വാങ്ങിച്ചു കൊടുത്തതെല്ലാം
അയാൾ കുടിക്കുന്നു
ദിവസം 60 സിഗററ്റു വീതം വലിക്കുന്നു
ശിരസ്സ് കൈമുട്ടിൽ താങ്ങി ഇരിക്കുന്നു
ഇടക്ക് കൂനടിച്ച് പിന്നിലേക്കു മലർന്നു വീഴുന്നു
എന്നാൽ സ്വല്പം ഭാഗ്യമുണ്ടയാൾക്ക്
കുറച്ചു താമസിച്ചാലും
ബന്ധുക്കളോ സുഹൃത്തുക്കളോ വന്ന്
അയാളെ കാലിനു പിടിച്ചു വലിച്ച്
എണീപ്പിച്ചു നിർത്തും വീണ്ടും

Monday, August 12, 2024

മരിയാനാ മരിൻ (റുമാനിയ, 1956- 2003)

 കവിതകൾ

മരിയാനാ മരിൻ (റുമാനിയ, 1956- 2003)

1
എം.എമ്മിന്

എൻ്റെ ഇടതു കൈപ്പടത്തിലെ രേഖകൾ
വലതു കൈപ്പടത്തിലെ രേഖകളുടെ
കണ്ണാടിപ്രതിബിംബം
ഒരു കൈനോട്ടക്കാരൻ
അതെങ്ങനെ വായിക്കുമെന്നെനിക്കറിയില്ല

പ്രാർത്ഥിച്ചു കൊണ്ടാണവ
ഭൂമിയിൽ വന്നത് എന്നപോലെ


2

വിധി

അവർ പ്രണയത്തിലായിരുന്നു
പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ടപോലെ
വല്ലപ്പോഴുമൊരിക്കൽ മാത്രം
പരസ്പരം കണ്ടതുകൊണ്ടല്ല
ഒരേ ഭയവും ഒരേ ക്രൂരതയുമായിരുന്നു
അവർക്ക് എന്നതിനാൽ 
അവർ പ്രണയിച്ചു.
നഗരത്തിൻ്റെ പ്രാചീന ഇടങ്ങളിലൂടെ
വലിഞ്ഞു നടന്നു
ഒരാൾ മറ്റേയാളുടെ ഭാവി പരിശീലിച്ചു.

ലിലിയാന ഉർസു (റുമാനിയ, ജനനം: 1949)

കവിതകൾ

ലിലിയാന ഉർസു (റുമാനിയ, ജനനം: 1949)


1

വൈകുന്നേരം വൈകുന്നേരം


വൈകുന്നേരം വൈകുന്നേരമവൾ
സ്റ്റവ്വുരച്ചു കഴുകി, തിളങ്ങുംവരെ
പിന്നൊരു ദിവസം അവളുടെ ചെവിയിൽ
ആരോ എന്തോ പിറുപിറുത്തു
ചുമലിലൂടവളൊരു ഷാൾ വലിച്ചിട്ടു
പിന്നെ പുഴയിലേക്കു കുതിച്ചു

ഇപ്പോൾ സ്റ്റവ്വ് കറുത്ത്, കറുത്ത്,
പുഴയിലാർക്കും കുളിക്കുകയേ വേണ്ട

എന്നാൽ ആ ദിവസം മുതൽ
എത്ര നന്നായി തിളങ്ങാൻ തുടങ്ങി, പുഴ!


2
ദാമ്പത്യം

അവൾ നിലം തുടയ്ക്കുന്നു, അയാൾ പത്രം വായിക്കുന്നു
അവൾ പാത്രം കഴുകുന്നു, അയാൾ പത്രം വായിക്കുന്നു
കരയുന്നു അവൾ, അയാൾ പത്രം വായിക്കുന്നു
അലറുന്നു അവൾ, അയാൾ പത്രം വായിക്കുന്നു
അയാൾ മരിച്ചു പോകുന്നു, അവൾ പത്രം വായിക്കുന്നു

Wednesday, August 7, 2024

ലൂസിയാൻ ബ്ലാഗ (റുമാനിയ, 1895 - 1961)

എനിക്കു നൃത്തമാടണം

ലൂസിയാൻ ബ്ലാഗ (റുമാനിയ, 1895 - 1961)

മുമ്പൊരിക്കലും നൃത്തമാടിയിട്ടില്ലെന്നപോലെ
നൃത്തമാടണമെനിക്ക്
എൻ്റെയുള്ളിലെ തടവുകാരനെന്ന്
ദൈവത്തിനു സ്വയം തോന്നാതിരിക്കട്ടെ!
ചിറക തരൂ ഭൂമീ,
അനന്തതയെ തുളച്ചു കടക്കുന്ന
അമ്പാകണമെനിക്ക്.
ചുറ്റുമുള്ള മാനം -
മേലേ മാനം
താഴേ മാനം -
മാത്രം കാണാൻ
പ്രകാശത്തിരകളിൽ കത്തിയാളാൻ
നൃത്തമാടണമെനിക്ക്
പിറക്കാക്കൊതിയുടെ മിന്നലിൽ കീറിപ്പറിയണം
ദൈവമപ്പോളെന്നിൽ
ശ്വസിക്കും സ്വതന്ത്രമായ്
ഒരിക്കലും പറയുകയുമില്ല,
അവൻ്റെ നിലവറയിൽ ഞാനൊരു തടവുപുള്ളി എന്ന്

Sunday, August 4, 2024

യോൺ എസ് പോപ് (റുമാനിയ, ജനനം : 1958)

കവിതകൾ

യോൺ എസ് പോപ് (റുമാനിയ, ജനനം: 1958)


1

എന്തിനാണച്ഛൻ കാളകളെ വണ്ടിയിൽ പൂട്ടിയതെന്ന് എനിക്കറിയില്ല



എന്തിനാണച്ഛൻ പാതിരക്ക്
കാളകളെ വണ്ടിയിൽ ചേർത്തു പൂട്ടിയതെന്ന്
എനിക്കറിയില്ല.
എന്നെ വിളിച്ചുണർത്തിപ്പറഞ്ഞു, നമുക്കു പോകാം
- മരിച്ചിട്ടു വേണം എനിക്കൊന്നു ശരിക്കുറങ്ങാൻ -
എവിടേക്ക്?ഞാൻ ചോദിച്ചു,
അച്ഛൻ പറഞ്ഞു,സോംക്യൂട്ടവരെ.
നമ്മുടെ ഗ്രാമത്തിൽ നിന്ന് അത്ര ദൂരം പിന്നിട്ട്
ഈ പാതിരക്ക് അവിടെ അച്ഛനെന്തു കാര്യം?
രാവിലെ ആറുമണിക്കുള്ള ബസ്സു പിടിച്ചാൽ പോരേ?
നാലു മണിക്കൂർ അങ്ങോട്ട്, നാലു മണിക്കൂർ ഇങ്ങോട്ടും
എന്തിനു പോകണം കാളകളുടെ
കനത്ത ഇഴഞ്ഞ വേഗത്തിൽ?
ഇങ്ങനെ മണ്ടത്തരം കാണിച്ചാൽ
പെട്ടെന്നൊന്നും എന്നെ തിരിച്ചു വീടെത്തിക്കാൻ പറ്റില്ല
ഈ നിറഞ്ഞ പാതിരക്ക്
ഇതു പോലുള്ള ഭ്രാന്തിന് എന്നെ കിട്ടില്ല

അപ്പോൾ അമ്മ കിടക്കക്കരികിൽ വന്നു പറയുന്നു,
എണീക്ക്, അമ്മയുടെ മുത്തല്ലേ
നിന്നെ സോംക്യൂട്ടയിൽ നിന്നു കൂട്ടിവരാനായി
അച്ഛൻ പോയിക്കഴിഞ്ഞു.
ചെന്ന് നിന്നെ പൊക്കിയെടുക്കാൻ അച്ഛനെ സഹായിക്ക്
മൂന്നു ദിവസമായി ശ്വാസമില്ലാതെ
നീയവിടെ കിടക്കുകയാണ്
രാത്രിയാണ് വിവരം കിട്ടിയത്
പൊന്നുമോനേ...


2

ഞാനൊരു കൊച്ചുകുഞ്ഞായിരുന്നപ്പോൾ കൂടുതൽ കുഞ്ഞാവുന്നതിനെപ്പറ്റി സ്വപ്നം കണ്ടു



ഞാനൊരു കൊച്ചുകുഞ്ഞായിരുന്നപ്പോൾ
കൂടുതൽ കുഞ്ഞാവുന്നതിനെപ്പറ്റി
സ്വപ്നം കണ്ടു.
മേശയേക്കാൾ ചെറുത്, കസേരയെക്കാൾ ചെറുത്
എൻ്റച്ഛൻ്റെ വലിയ ബൂട്ടുകളേക്കാൾ ചെറുത്
ഒരു ഉരുളക്കിഴങ്ങിനേക്കാൾ ചെറുതായതായി
ഞാനെന്നെ സ്വപ്നം കണ്ടു
കാരണം വസന്തകാലത്തവർ
ഉരുളക്കിഴങ്ങു മണ്ണിലിടും, അത്ര തന്നെ
ശരൽക്കാലംവരെ പിന്നവയെ തിരിഞ്ഞു നോക്കില്ല.

അവക്കിടയിലൊരു കുഴിയിൽ ചൂളിപ്പിടിച്ചിരിക്കുന്നതായി
ഞാനെന്നെ സ്വപ്നം കണ്ടു
ഇരുട്ടിൽ മധുരമായുറങ്ങുന്നതായ്
വേനൽ മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന്
പിന്നൊരിക്കൽ കൂടി ഗാഢനിദ്ര

തീരെ വിശ്രമിക്കാത്ത മട്ടിൽ
ശരൽക്കാലത്തു ഞാനുണരും
എൻ്റെ സഹോദരങ്ങളെപ്പോലെ കുളിക്കാതെ
കൈക്കോട്ട് അടുത്തെത്തുമ്പോൾ
ഞാൻ ചാടിയെണീറ്റു കൂവിവിളിക്കും,
കിള നിർത്തൂ, കിള നിർത്തൂ
ഞാൻ സന്തോഷത്തോടെ വീട്ടിലേക്കു പോരാം
വസന്തത്തിൽ നിങ്ങളെന്നെ
തിരിച്ചിവിടെക്കൊണ്ടിടുമെങ്കിൽ

അങ്ങനെ വസന്തത്തിൽ ആദ്യമേ തന്നെ
എന്നെയവർ ഈ കുഴിയിൽ കൊണ്ടിടും
അനന്തമായ് എനിക്കുറക്കം തുടരാം
മണ്ണിനടിയിൽ നിന്നു പുറത്തേക്ക്,
വീണ്ടും മണ്ണിനടിയിലേക്ക്,
ഒരു ശല്യവുമില്ലാതെ മറവിയിലാണ്ട്

Saturday, August 3, 2024

ചുണ്ടുകൾ

 ചുണ്ടുകൾ


1

ചുറ്റിലും ചുണ്ടുകൾ കത്തുന്നിതിങ്ങനെ:
ഭാഷ മരിച്ചാൽ മരിച്ചൂ പ്രണയവും


2

ബഹളത്തിനു നടുവിൽ വെച്ചേ
നിൻ്റെ മൗനം എന്നെ കൊല്ലൂ


3


വാക്കുകൾ ഓർമ്മയുടെ അരികുകളെ വിഴുങ്ങുന്നു
വാക്കുകളുടെ ചട്ടമിട്ട ഓർമ്മകൾ!


4

അവിടുത്തെ ഇച്ഛ നടക്കട്ടെ
എന്നു പാടി
മറവിയിൽ അലിഞ്ഞുപോയി
ഒരു കവിത

അവിടുത്തെ ഇച്ഛ നടക്കട്ടെ
എന്നു ഞെരങ്ങി
ഒരു വീട്
പെരുമഴയിൽ
അമർന്നു വീണു.

അവിടുത്തെ ഇച്ഛ തന്നെ നടന്നിരിക്കാം
ചുണ്ടിറക്കിയടച്ച എന്റെ മേലും.

സോഫിയ ബെല്ല (ഹങ്കറി, ജനനം:1944)

തറയിൽ നീന്തൽ

സോഫിയ ബെല്ല (ഹങ്കറി, ജനനം:1944)


തറയിൽ നീന്തുന്നു ഒരു മനുഷ്യൻ
അയാളുടെ മുങ്ങിത്താഴുന്ന വായ്ക്കൊത്തു ചുളിയുന്നു 
കുന്നുകൾ തിരമാലകൾ.
കട്ടകൾക്കിടയിലൂടെ അയാളുടെ കൈകൾ
വട്ടം വീശുന്നു
സൂര്യന്നു നേരേ മുഖമുയർത്തുന്നയാൾ -
ചേറ്, പായൽ, വേരുകൾ
പുഴുക്കൾ ശരീരത്തിൽ ചുരുണ്ടു കൂടുന്നു
കളകളും കട്ടകളും ചിതറിത്തെറിക്കുന്നു
ആഴ്ന്നു ശ്വാസമെടുത്തു പുറത്തുവിടുന്നു
മനുഷ്യൻ നീന്തുന്നു, തീരുമാനിച്ചുറച്ചു നീന്തുന്നു
നിരീക്ഷണവലയത്തിലാണയാൾ
വാനിൽ നിന്നും ഒരു തൂമ്പ
അയാൾക്കുമേൽ ചെളി കോരിയെറിയുന്നു

Thursday, August 1, 2024

നിൽസ് - അസ്ലാക് വാൽകീപ്പ (ഭാഷ സമി, നോർവേ, ജനനം 1943)

കവിതകൾ

നിൽസ് - അസ്ലാക് വാൽകീപ്പ
(ഭാഷ സമി, നോർവേ, ജനനം 1943)


1

ഗൗരവത്തോടെ
ബുദ്ധിപരമായി
സംസാരിക്കണമെന്ന്
എനിക്കു നന്നായറിയാം

എന്നാൽ
കുഞ്ഞുപൂക്കളിലെ അത്ഭുതം
പിന്നാരു കാണും?


2

എനിക്കു പറയാനുള്ളത്
ഞാൻ നിന്നെപ്പറ്റി വിചാരിക്കുന്നു
ആകയാൽ എഴുതുന്നു എന്നാണ്

എനിക്കൊന്നുകൂടി പറയാനുള്ളത്
ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു എന്നാണ്

എന്നാൽ ഇതെല്ലാം ഇതിനകം
മിക്കവാറും നീ കേട്ടുകഴിഞ്ഞു
കാറ്റിൻ്റെ ശബ്ദത്തിലൂടെ


3

നിങ്ങളുടെ സ്വപ്നങ്ങളെ
ഞാൻ ശല്യപ്പെടുത്തിയെങ്കിൽ
എന്നോടു ക്ഷമിക്കൂ

ഈ ക്ഷണിക നിമിഷത്തിനുള്ളിൽ
പത്തുപേർ കൂടി ജനിച്ചു കഴിഞ്ഞു!


4

മഞ്ഞുപിളർപ്പുകളിലെ വെള്ളം
വെള്ളിപോലെ, സ്വർണ്ണം പോലെ തിളക്കുന്നു
വസന്തകാലസൂര്യരശ്മികൾ.
പൊടുന്നനെ ഉറച്ച മഞ്ഞിൻ്റെ വേണു വായിക്കുന്നു

മഞ്ഞിലെ ജലത്തുറസ്സുകൾക്കു ചുറ്റും
ആദ്യത്തെ അരയന്നങ്ങൾ പറക്കുന്നു
താഴത്തിറങ്ങും മുമ്പ്


5

കാറ്റായിരുന്നില്ല അത്
കിളിയൊച്ച കേട്ടതുമില്ല
ഞാനായിരുന്നു
എൻ്റെ ചിന്തകളായിരുന്നു


6

ഈ ദിനങ്ങൾക്കെല്ലാം ശേഷം
നീണ്ട രാവുകൾക്കു ശേഷം
കണ്ണുകളിലെ തീ കെട്ട ശേഷം
സത്യം ഞാൻ പറയും
ശരിക്കുമെനിക്കറിയില്ല
എന്തുകൊണ്ടിതെല്ലാമെന്ന്


7

ഭാവിയിലേക്ക് ഏന്തിനോക്കുകയാണ്
എന്നു ഞാൻ വിചാരിച്ചു.
ഒന്നും കണ്ടില്ല

കണ്ണുകളിൽ മഴ
മനസ്സിൽ മൂടൽമഞ്ഞ്


8

സായാഹ്ന ശോണിമ
മാനത്തുലയുന്ന ബിർച്ച് തലപ്പുകൾ
നദിയിൽ വെളിച്ചത്തിൻ്റെ പ്രതിഫലനം

പറയപ്പെടാത്ത പോലെ
എല്ലാം.
വെറുങ്ങനെ.


9

പറക്കൂ കുഞ്ഞിക്കിളീ
പാടൂ

പറക്കൂ
ചിന്തകൾക്കപ്പുറം


10

അവരെൻ്റെയടുത്തു വരുന്നു
പുസ്തകങ്ങൾ കാണിക്കുന്നു
നിയമഗ്രന്ഥങ്ങൾ
അവർ അവർക്കായെഴുതിയത്
ഇതാണു നിയമം, നിനക്കു കൂടി ബാധകം
ഇവിടെ നോക്കൂ

എന്നാൽ ഞാൻ കാണുന്നില്ല സോദരാ,
കാണുന്നില്ല പെങ്ങളേ,
ഞാനൊന്നും പറയില്ല
എനിക്കാവില്ല
തരിശു ഹിമപ്പരപ്പിലേക്കു ചൂണ്ടുവാനല്ലാതെ