ഒരു ഐറിഷ് ആകാശസൈനികൻ മരണം മുൻകൂട്ടിക്കാണുന്നു.
ഡബ്ലിയു.ബി.യേറ്റ്സ്
ഞാനറിവൂ മേലേ മേലേ
മേഘങ്ങൾക്കിടയിലെങ്ങോ
നേരിൽ കണ്ടുമുട്ടുമെന്റെ
വിധിയെത്തന്നെ.
ആർക്കെതിരെപ്പോരാടുന്നോ,
വെറുക്കുന്നില്ലവരെ ഞാൻ
ആർക്കായ് പൊരുതുന്നോ, സ്നേഹ -
മില്ലവരോടും
കിൽട്ടാർട്ടൺ ക്രോസ്സെന്റെ നാ,ട -
ങ്ങുള്ള പാവപ്പെട്ടവരാ -
ണെൻ ജനങ്ങളവർക്കില്ലീ
യുദ്ധത്തിൽ കാര്യം
ഏതവസാനവും വരു-
ത്തില്ലവർക്കു നഷ്ടം, മുന്നേ -
ക്കാളധികമാഹ്ലാദവും
നൽകുകയില്ല.
നിയമമല്ലെന്നെപ്പോരി -
ന്നയച്ചത്, കടമയ -
ല്ലാർക്കുമാൾക്കൂട്ടങ്ങളല്ല,
പൊതുജനവും.
ഏകാന്തമാമൊരാനന്ദ -
ത്തള്ളലെന്നെക്കൊണ്ടെത്തിച്ചൂ
മേഘങ്ങൾ തിങ്ങിക്കനക്കും
തിരക്കിനുള്ളിൽ
വരും വർഷങ്ങളൊക്കേയും
വെറുതേ വീർപ്പു പാഴാക്കൽ
വെറുതേ വീർപ്പു പാഴാക്കൽ
പോയ വർഷങ്ങൾ,
മനസ്സിൽ വെച്ചൊത്തു നോക്കി -
ത്തുലനം ചെയ്തു ഞാനെല്ലാം
ഇജ്ജീവിതവുമായ്, ഇന്നീ
മരണവുമായ്
No comments:
Post a Comment