മൂന്നു കവിതകൾ
- മരീന ബൊറോഡിറ്റ്സ്കയ (റഷ്യ)
1. പാട്ടുകെട്ടുകാരൻ, പാവം!
ഒരു പിയാനോയില്ലാതെന്തു
പാട്ടുകെട്ടുകാരൻ, പാവം!
എഴുത്തുമേശയില്ലാതെന്തു
ഗദ്യമെഴുത്തുകാരൻ, പാവം!
ഈസിൽ, ബ്രഷുകൾ, ചായട്യൂബുകൾ
ഇല്ലാതെന്തു ചിത്രകാരൻ, പാവം!
പാവം പാവം ശില്പി
പാവം സിനിമാ സംവിധായകൻ
കവിയല്ലാതീ ലോകത്തില്ല
ഭാഗ്യവാനായ് ആരും
കവി പാർക്കിലുലാത്തുന്നു
തലയിലുണ്ടു വരികൾ
(നിങ്ങളയാളുടെ വയറിലേക്ക്
- പുഷ്കിനെ വെടിവെച്ചപോലെ -
വെടിയുതിർക്കാത്തോളം)
2. ശബ്ദക്കത്ത്
ഹലോ ദൈവമേ,
ഒരു ചെറു കവി
താങ്കൾക്കെഴുതുന്നു.
ഗായകസംഘത്തിലെ ഒരു ശബ്ദം
കാട്ടിലെ ഒരു കൊച്ചു പൈൻ മരം
സ്കൂൾ വൃന്ദവാദ്യത്തിലെ ഒരു ക്ലാരിനെറ്റ്.
ഇതിത്ര എളുപ്പമെന്നാണോ
താങ്കൾ കരുതുന്നത്, പ്രഭോ!
ഗായകസംഘത്തിലൊരു ശബ്ദമാവൽ,
വെള്ളത്തിലൊരു മീനാവൽ,
താങ്കളുടെ ആജ്ഞകളെ
തടസ്സപ്പെടുത്താതിരിക്കൽ?
എന്നിട്ടുമെത്ര മോശം
ആദ്യ വയലിൻ നിരയാകാൻ
നിയോഗിക്കപ്പെട്ടവരുടെ,
അല്ലെങ്കിൽ മലമുകളിലെ
ഏറ്റവുമുയർന്ന പൈൻ മരത്തിന്റെ,
മഞ്ഞുറഞ്ഞ വിധി.
കഷ്ടപ്പാടില്ല ഞങ്ങൾക്ക്
കൊല്ലം തോറും, നാൾ തോറും
കൂടുതലാഴത്തിൽ വേരാഴ്ത്താൻ
സ്വരവിസ്താരങ്ങൾ പരിശീലിക്കാൻ
സംഗീതവേദിയിൽ
സംവിധായകന്റെ സൂചനക്കോൽ
ചലനങ്ങൾ കാത്തു നിൽക്കാൻ
പർവതങ്ങളെപ്പോലും കരയിക്കുന്ന
വിശിഷ്ടമൊരു ഗാനം മുഴക്കാൻ.
3. നിശ്ശബ്ദതയുടെ ഇഷ്ടക്കാരി
നിശ്ശബ്ദതയുടെയിഷ്ടക്കാരി ഞാനിപ്പോൾ
മഞ്ഞുമൂടിയ മേൽപ്പുരകൾ നോക്കിയിരിക്കുന്നോൾ
എന്റെ ജനാലപ്പടിയിലിറങ്ങിവന്നൂ മന്മഥൻ
ഞാനവനോടു പറഞ്ഞൂ പോകെട മൂരിശൃംഗാരീ
No comments:
Post a Comment