വന്നു, മരിക്കുന്ന നഗരത്തിൽ നിന്നുള്ള വാക്കുകൾ
വിജയ് നമ്പീശൻ
മരിച്ചു കൊണ്ടിരിക്കുന്ന നഗരത്തിൽ നിന്നുള്ള വാക്കുകൾ വന്നു,
ദാഹിച്ച മനുഷ്യൻ വെള്ളം ചോദിക്കും പോലെ.
കൂട്ടക്കൊലയ്ക്കകലെ
വെളുത്ത വീടിന്റെ ചുമരുകൾക്കുമേൽ
ബോഗൻവില്ലകൾ പടർന്നു കയറി.
ഉയരെ പ്രകാശമുള്ളൊരു ജനാലക്കരികെ,
വെള്ളപ്രാവുകൾ അവയുടെ
പിടക്കും തൂവലുകൾ കുടഞ്ഞു ചിതറിക്കുന്ന ജനാലക്കരികെ,
ഒരാളിരിക്കുന്നു.
മാർച്ചു മാസത്തെ നല്ല കാലാവസ്ഥയിൽ
ബോഗൻവില്ലയിലെ തേനീച്ചകളെ കേൾക്കുന്നതുപോലത്ര വ്യക്തമായി,
മരിച്ചുകൊണ്ടിരിക്കുന്ന നഗരത്തെ
അയാൾ കേൾക്കുന്നു.
ജനാലക്കരികിലെ മനുഷ്യൻ
നശിച്ച നഗരത്തിലെ
കഴിഞ്ഞ വേനൽക്കാലമോർക്കുന്നു
ആകാശത്തിനഭിമുഖമായി
ജക്കരാന്ത നാളങ്ങളയാൾ കാണുന്നു.
മരിക്കേണ്ട ഒരു നഗരത്തെ കേൾക്കുന്നത്,
മറ്റൊരു കാലത്തിലും സ്ഥലത്തിലും,
പ്രയോജനമില്ലാത്തതെന്ന്
അയാളറിയുന്നു.
No comments:
Post a Comment