അവസാന സമയം
രാത്രി രണ്ടു മണിക്ക് പെട്ടെന്നുണരാം.
മൂന്നിന് ദാഹിച്ചുണരാം.
നാലിന്
ഉണരണമെന്നു വിചാരിച്ചു
കിടന്നാൽ മാത്രം മതി,
ഉറങ്ങാതെയുണരാം.
അഞ്ചിന് അലാറം കേട്ടു ഞെട്ടിയുണരാം.
എന്നാൽ രാവിലെ ആറുമണി,
അതിന്നു ചുറ്റുമാണ്
ഉറക്കം അടിഞ്ഞുകൂടുക
പുലർവെളിച്ചത്തിൽ പോലും കാണാനാവില്ല
ആറുമണിമുഖം,
വെളിച്ചത്തിനുള്ളിൽ
അന്ധമായ മറ്റൊരു വെളിച്ചമായി
അതു കിടക്കുമ്പോൾ.
അടിക്കേണ്ട താമസം
അലാറം തല്ലിക്കെടുത്തും.
ധ്രുവപ്രദേശത്തു മഞ്ഞെന്ന പോലെ
ആറു മണിക്കു ചുറ്റും ഉറക്കം.
രാത്രിമഴ കേൾക്കാം, ചാറ്റലാണെങ്കിലും.
ആറുമണിമഴ കേൾക്കില്ല,
ഇരച്ചു പെയ്താലും.
ചുറ്റുമുള്ളവരൊക്കെ
വേഗം വേഗം
മരിച്ചു പൊയ്ക്കൊണ്ടിരിക്കുന്നതു
മറക്കാൻ
ഭൂമിയിൽ ബാക്കിയുള്ള
ഒരേയൊരു സമയം.
No comments:
Post a Comment