Wednesday, April 26, 2023

രാമചരിതം പടലം ഒന്ന്

 രാമചരിതം പടലം ഒന്ന്

സമകാല മലയാളപ്പകർച്ച: പി.രാമൻ



1


കാനനങ്ങളിൽ ഹരൻ കൊമ്പനായ്, നെടിയ കാർ -

ക്കണ്ണാളുമ പിടിയായ് കളിയാടിയ -

ന്നാനനം ചന്തമുള്ളാന വടിവിൽ വന്നൊ-

രാദ്യനേ, നൽ വിനായകനാമമലനേ,

ഞാനിതൊന്നു തുനിയുന്നതിനെൻ മാനസമാം

താമരത്താരിലെപ്പോഴുമിരിക്കണേ

കുറവറ്റൊരറിവു തെളിവോടെനിക്കുദിക്കുമാ -

റൂഴിയേഴിലും നിറഞ്ഞ വേദജ്ഞാനപ്പൊരുളേ


2


ജ്ഞാനമെന്നിൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ -

നായികേ, കടലിലെത്തിരകൾ നേരുടനുടൻ

തേനൊഴുകും പദങ്ങൾ വന്നു തിങ്ങി നിശ്ചയം

ചേതസ്സിൽ തുടർന്നു തോന്നും വണ്ണമിന്നു മുതലായ്

ഊനമറ്റെഴും രാമചരിതത്തിലൊരു തെ-

ല്ലൂഴിയിൽ ചെറിയവർക്കറിയുമാറുര ചെയ്യാൻ

ഞാൻ ശ്രമിക്കുവതിനേണനയനേ, യഥേഷ്ടമെൻ

നാവിൽ കാൽത്താമരപ്പൂ വെച്ചു നടനമാടണേ


3


പൂവുചൂടിയ തഴച്ച മുടിയുള്ള പൂമാതിൻ മുല -

ത്താവളത്തിലിളവേൽക്കുമരവിന്ദനയനാ,

നാലു വേദങ്ങളിലും പരമയോഗികളുഴന്നാലു-

മറിയാൻ വിഷമമുള്ള ജ്ഞാനപ്പൊരുളേ,

മാരി വന്നതൊരു മാമലയെടുത്തു തടയും 

മായനേ, യരചനായ് നിശിചരാധിപതിയെ

പോരിൽ നീ മുമ്പു മുടിച്ചതെടുത്തു പുകഴ്ത്താൻ

ഭോഗിഭോഗശയനാ, തരികയെനിക്കു കവിത്വം.


4


പാതിയുടലു പെണ്ണായ പരനേ, കാലടി -

പ്പൂവു മനസ്സിലെപ്പൊഴും നിനച്ചുകൊള്ളുന്നവർ -

ക്കരിയ വൻ പിറവിയാം സങ്കടമറുത്തുകളയു -

മസുരനാശകരനേ, വിജയൻ വില്ലിൻ തണ്ടാൽ

തിരുവുടലുടയുമാറടി കൊടുത്തന്ന് തൻ

അഭിമതം തെളുതെളെ വിളയിച്ചു തെളിയിച്ച ശിവനേ

അരചനായവതരിച്ചു മധുസൂദനൻ രാവണനെ 

വെന്നതെനിക്കു പുകഴ്ത്താൻ വഴിവരം തന്നരുളൂ


5


വഴിയെനിക്കു പിഴയ്ക്കാതെ മനക്കുരുന്നി-

ലിളവേറ്റരുളുക, ജലമെടുത്തു വടിവാ -

ണ്ടുയർന്ന കൊണ്ടൽ പതറും ചുരുൾഞൊറിമുടിക്കാരീ

ഇളംപിറക്കു ദുഃഖമേകി വിളങ്ങുന്ന നെറ്റിക്കാരീ

ചുഴലെ നിന്നഖില ലോകർ വണങ്ങും കാലടിയാളേ

പുലിത്തൊലിയാടയാക്കിയ ഹരന്റെ നെറ്റിക്കണ്ണേറ്റു

നശിച്ച പൂവമ്പനാം കാമദേവനെയതേമട്ടി -

ലുയിർപ്പിച്ച മഹത്വമുള്ള മലമകളേ


6


ഇടയക്കിടാവായ്,കാമനൊത്ത കുമാരന്റെയച്ഛനായ്

വളരും ഞങ്ങടെ മറിമായന്റെ മണിമാറിൽ വിശ്രമി -

ച്ചഖില ലോകങ്ങളിലും നിറഞ്ഞു നിന്നരുളുന്നോ -

രമലകോമളപയോജതനയേ, അരചനാ-

യുലകങ്ങളേഴുമുലയ്ക്കുമന്നിശാചരവരന്റെ ശിരസ്സു 

പത്തുമറുത്ത മനുവീരചരിതം വർണ്ണിക്കുമെന്നെയിന്നു 

വേലോടു പൊരുതുന്ന, കയൽ മീനോടിടഞ്ഞ 

കടക്കൺമുനയാൽ നോക്കിക്കനിഞ്ഞനുഗ്രഹിക്കണേ


7


ഇടഞ്ഞു ദാനവരെ വേരോടെ മുടിക്കും പോരാട്ടത്തിൽ

വമ്പനായ് ശോഭിക്കുമിന്ദ്രനുമഗ്നിയമനും നിരൃതിയും

ജലപതി വരുണൻ, വായു, അളകേശ, നീശാനനും

കുളിർനിലാച്ചന്ദ്രനും സൂര്യനുമുരഗപതിയും

സുന്ദരി ഭൂമീദേവി, യജനും ദേവന്മാരും

മഹിഷനാശിനിയും മുക്കണ്ണന്റെ കനൽക്കണ്ണിൽ നി-

ന്നുയർന്ന കൊടിയ ഭൈരവിയുമാറുമുഖനും

കുസുമബാണനുമെനിക്കിതിനു തുണയാകണേ


8


തുണയെനിക്കിതിനു മിക്കവരു, മുൾക്കനമേറെ -

ച്ചുരുങ്ങിയോരഗതിയെന്നറിഞ്ഞു നല്ലവരെല്ലാം,

ഇവന്നിതിനു കഴിയില്ലെന്നു കരുതി ക്ഷുദ്രന്മാരും

ശത്രുക്കളാവാൻ മടിക്കു, ന്നെന്നൊടൊപ്പമുള്ളവർ

പിഴയേറെയുണ്ടെങ്കിലും പിണങ്ങുവോരല്ലൊരിക്കലുമെന്നു

തെളിഞ്ഞു സന്തോഷിച്ചു രാക്ഷസനോടു പണ്ടു

മണിവർണ്ണൻ മനുജനായ് പൊരുതിയ പോരിന്റെ

കൊടുമകളുരയ്ക്കുവാൻ മേധയാൽ കരുതി ഞാൻ


9


മേധ നൽകുക കവീന്ദ്രന്മാരിൽ മുമ്പനാം വാ-

ത്മീകിയും പിന്നെ വേദവ്യാസനുമെനിക്കധികമായ്

വേദവിത്തു നല്ലഗസ്ത്യ, നോരോ പദത്തിലും

തേൻ നിറച്ച തമിഴ്ക്കവിത രചിച്ച മുനിയും

ആഴിയിലുറങ്ങും വിഷ്ണു ദേവന്മാർ പ്രകീർത്തിക്കേ -

യൂഴിയിൽ ദശരഥപുത്രനായവതരിച്ചു

കുഞ്ഞുന്നാൾ തൊട്ടു ചെയ്ത കർമ്മങ്ങളെല്ലാം കഴി-

ഞ്ഞാഴിമാതിനെ വീണ്ടെടുത്ത വിധം വിസ്തരിക്കുവാൻ.


10


ആഴിമാതിനെ നിശാചരവരൻ കവർന്നു കൊ-

ണ്ടാടിമാസങ്ങൾ വരും മുന്നം മറഞ്ഞ വഴിയേ,

തേടിനടക്കേ, കപിമന്നൻ സുഗ്രീവനുമായടുപ്പമുണ്ടായ്

ഓടിപ്പോയിത്തേടുവിനെന്നു സുഗ്രീവൻ പറഞ്ഞപ്പോൾ 

നാലുദിക്കും കീഴുമേലും കപിവീരന്മാരന്വേഷിക്കേ 

വായുതനയൻ തിരയാഴി കടന്നമ്മാഴനീൾമിഴിയാളാം മൈഥിലി -

യെവിടുണ്ടെന്നു തേടിയ രാത്രിയിലവനുണ്ടായ സന്താപങ്ങ -

ളുരയ്ക്കുന്നതിനെങ്ങൾക്കു പ്രയാസം.


11


സന്താപമണിഞ്ഞവനറിഞ്ഞങ്ങിരുളഴകേറും

മുടിയിലെ മണി കൈക്കൊള്ളുംമുന്നേയംഗുലീയം

വേലുപോൽ കൂർമിഴിയുള്ള സീതക്കു നൽകിയ നേരം

ഭൂവിൽ വീണു നമസ്ക്കരിച്ചു തൊഴുതു വിട വാങ്ങി

സുന്ദരകപിവീരനലയാഴി കടന്നത്തീരമെത്തിയിരുന്നു

ഭംഗിയേറിയ കപികൾ ചുഴന്നിനിപ്പമുള്ള പൈ -

മ്പാലൊത്ത മൊഴിയാൽ മൊഴിഞ്ഞവൻ തൊഴുതെല്ലാം

ഭൂമി വാഴും മന്നനോടു മൈഥിലിയുടെ വൃത്താന്തം.






Saturday, April 22, 2023

പ്രണയമണി

 


പ്രണയമണി


17-ാം നൂറ്റാണ്ടിൽ 

ഒരു സന്യാസിനി / സന്യാസി സംഘം തങ്ങിയിരുന്ന

പടുകൂറ്റൻ കെട്ടിടം 

തകർന്നടിഞ്ഞു കിടക്കുന്നതിലൂടെ 

നമ്മൾ നടക്കുന്നു. 

എത്രയെത്ര മുറികൾ, 

മുറിഞ്ഞ പ്രാർത്ഥനകൾ!


അതിലെ അന്തേവാസികളിലൊരാൾ

സന്യാസിനി / സന്യാസിയല്ലായിരുന്നു. 

കാമുകി /കാമുകൻ ആയിരുന്നു. 

അവൾ / അയാൾ 

ഒറ്റത്തള്ളിനു മറിച്ചിട്ടതാണ് 

ഈ കെട്ടിടക്കൂമ്പാരം. 

അവൾ / അയാൾ 

തള്ളി മറിച്ചിട്ടതാണ് 

മണിമേടക്കു മുകളിൽ 

മാനത്ത് നാം കാണുന്ന മേഘക്കൂമ്പാരം.

അല്ലാതെ 

പോർച്ചുഗീസുകാരോ ബ്രിട്ടീഷുകാരോ 

കൊണ്ടിട്ടതല്ല.

മണിമേട മാത്രമുണ്ടിന്നു വീഴാതെ. 


ശേഷിപ്പുകളുടെ അങ്ങേയറ്റത്ത് 

പുറന്തിരിഞ്ഞു നിൽക്കുന്നു, 

ഇതത്രയും തകർത്തു മറിച്ചിട്ട

ആ ഒറ്റരൂപം. 

നമ്മൾ നോക്കി നിൽക്കേ 

ആ സന്യാസിനി / സന്യാസി 

ഇത്രയകലെ നിന്നും 

ഉറക്കെ മുഴക്കുകയായി, 

പാതിയടർന്ന മേടയിൽ 

ബാക്കി നിൽക്കുന്ന കൂറ്റൻ മണി...





Wednesday, April 19, 2023

ഭാഷയുടെ മുഖം

ഭാഷയുടെ മുഖം


1

ഭാഷയോടു പറ്റിക്കിടന്നു നുകരുന്നു

ഇടക്കു നിർത്തി ഭാഷയുടെ മുഖത്തുറ്റു നോക്കുന്നു

ഭാഷയോടു പറ്റിക്കിടന്നുറങ്ങുന്നു

ഉണർന്നു ഭാഷ തേടിക്കരയുന്നു,

മരണത്തിലേക്കധികം ദൂരമില്ലാത്ത കിഴവനും.


2


മുഖമറിയാത്തൊരമ്മയുടെ

മുലപ്പാലാണ് ഭാഷ

Sunday, April 16, 2023

രാമചരിതം നൂറ്റി ഒമ്പതാം പടലം

 രാമചരിതം നൂറ്റി ഒമ്പതാം പടലം

സമകാലമലയാളപ്പകർച്ച : പി.രാമൻ


രാവണനെ വധിച്ചെന്നും യുദ്ധം ജയിച്ചെന്നുമുള്ള രാമസന്ദേശം ഹനുമാൻ അശോകവനികയിൽ രാക്ഷസിമാർക്കിടയിലിരിക്കുന്ന സീതയെ അറിയിക്കുന്നതാണ് ഈ ഭാഗം


1


ഇങ്ങനെ പറയും രാജാവിൻ നൽപ്പാദങ്ങൾ മാരുതിയും

പരമാനന്ദം ചിന്തയിലാർന്നു നമസ്ക്കരിച്ചു വിഭീഷണനും

തെരുവിൽ തിങ്ങും വമ്പട ചൂഴ്ന്നു തിളപ്പോടേ ലങ്കയിൽ വ-

ന്നരുൾചെയ്തൂ മുമ്പെങ്ങനെ നായക,നങ്ങനെയവരും ചെയ്തഖിലം.


2


അകമേ വേവേറിപ്പലനാളരചൻ പിരിഞ്ഞിരുന്നവളാം

അകിലിൻചാറണിമുലയാൾ സീതക്കരികേയെത്തീ മാരുതിയും

പകയൊടു ചുറ്റുമിരുന്നു ഭയം വരുമാറു നിശാചരിമാരോരോ

വക പറയും വാചകമാലകൾ കേട്ടലിഞ്ഞു കൈതൊഴുതു.


3


തൊഴുതന്നേരം പറയാൻ തുടങ്ങിയടക്കത്തോടെയവൻ ഹിതം

പൊഴിയും വണ്ണം "മനം കുളുർക്കെക്കേട്ടരുളാവൂ നായികയേ,

തീരാത്തൊന്നേ രാക്ഷസരാജൻ കാരണമുണ്ടായ്‌വന്നൊരഴൽ

പിഴപറ്റാതേ ദേവനു വന്നൂ ദു:ഖമിതെല്ലാം മാൻകണ്ണീ"


4


"ദു:ഖം മാറീ മന്നവനിന്നുതൊട്ടിനിമേലെന്നെന്നും

ഭംഗിയിലതു നീ കാണുക ലക്ഷ്മണരാജകുമാരനുമവ്വണ്ണം

ഈരേഴുലകിനു പേടിയറുംപടി രാക്ഷസരാജൻ രാമശരം

തറച്ചു ജീവൻ വേറായ് മണ്ണിൽ പതിച്ചു, വാൾനഖമുള്ളവളേ"


5


"ശ്രീരാമന്റെ ചരണത്തിൽ ശരണം പൂകീ വിഭീഷണൻ

കോമരമായീ പിഴയില്ലാത്ത പ്രതാപത്തോടവനനന്തരം

അന്തകനായീ ശത്രുക്കൾക്കെല്ലാം, ഒടുവിൽ സുന്ദരമാം

ലങ്കാനഗരം വാണരുളും രാജാവായീ വിഭീഷണൻ"


6


"നീൾനയനേ, ദു:ഖങ്ങൾ കൂട്ടം കൂട്ടമായ് വന്നെപ്പോഴും

തുടരുമ്പോൾ നിന്നുള്ളിൽ ദുഃഖമണയാതായിത്തീർന്നല്ലോ

വരുവോർക്കെല്ലാം കല്പകമേ, യരചൻ ചൊല്ലാൽ കാൽത്താരിൽ

കുമ്പിടുമെന്നോടൊന്നുരിയാടാതെന്തേയകലെയൊഴിഞ്ഞീടാൻ?"


7


"ഒഴിയുന്നിപ്പോൾ ധീരതയോടുരിയാടുവതിന്നവിടുന്ന്"

അലിവുറ്റോരടി കൂപ്പും മാരുതി തന്നിൽ കനിവൊടു ജാനകിയും

"അഴകൊഴുകും നിൻ വാചകമാമമൃതു നുകർന്നിരുന്നതിനാൽ

നിന്നോടൊന്നുരിയാടാൻ കഴിയാതായെനിക്ക്" പറഞ്ഞവളും


8


"പോരിൽ രാജാവിന്നമ്പാൽ ചേറും ചോരച്ചാറുമണി -

ഞ്ഞുലകിൻ ദു:ഖം തീർത്തുയിർ പോയ് രാക്ഷസരാജൻ വീണതും 

ദേവൻ ശത്രുക്കളെ വെന്നീപ്പോരു മുടിച്ചതുമോരോന്നായ് 

നീ പറയുമ്പോൾ കൊടുതാം ദു:ഖം, വേദനയും പൊയ്പോകയായ്"


9


"ദേവൻ പോരിൽ ജയിച്ചുവെന്നതൊരത്ഭുതമല്ലാ, രാക്ഷസർ

വേരോടറ്റൂ പറ്റേയെന്നതു ന്യായ, മതൊക്കെയിരിക്കട്ടെ,

എന്നാലും നീ ചൊല്ലിയ വാക്കിനു തുല്യമായില്ലെൻ ചെവികൾ, -

ക്കൊന്നും കേട്ടറിവില്ലേ, രാമദേവനാണേ ഞാൻ പറയാം"


10


"രാമദേവൻ വെന്നതു വന്നറിയിക്കുമീ നിനക്കിക്കാണും

നാടോ, നീളൻ പട്ടണമോ കപിവീരർ തൻ കുലക്കൊടിയേ,

ആഭരണക്കൂട്ടങ്ങളോ, പൂവനങ്ങളേഴോ ഞാൻ തരാം

വേണോ ദീർഘായുസ്സ്, തരാം ഞാ" നെന്നു മൊഴിഞ്ഞു മലർക്കണ്ണാൾ


11


മൊഴിയതു കേട്ടമ്മാരുതിയുടനേ പറഞ്ഞു: "ഞാൻ പൊടുക്കനേ

വഴി കൂടാതേയിങ്ങനെ പേശിയിരിക്കും രാക്ഷസിമാരെ 

മുഴങ്കാൽ കൊണ്ടും മുഷ്ടികൾ കൊണ്ടുമടിച്ചു മുടിച്ചാലതു പിഴയാമോ?

എന്നൊരു ശങ്കയേറ്റവുമെന്റെയുള്ളിൽ വന്നു പിറക്കുന്നൂ"

രാമചരിതം എഴുപത്തിമൂന്നാം പടലം

 രാമചരിതം

എഴുപത്തിമൂന്നാം പടലം


സമകാല മലയാളപ്പകർച്ച : പി.രാമൻ


1

"നല്ലപോൽ ദേവേന്ദ്രനും തടയാനാവാത്തവൻ

തിളങ്ങും കൂരമ്പുകൾ പേറുന്നോൻ ഇന്ദ്രജിത്ത്

ചോലത്തത്തയെപ്പോലെ മധുരം സംസാരിക്കും

സുമിത്ര തൻ പുത്രന്റെയമ്പേറ്റു കാലനൂർക്കു

പോയ്, വാനിൻ കലക്കവും നില"ച്ചെന്നവർ പറഞ്ഞു.


2

"കലക്കമിപ്പോൾ ലങ്കക്കായി, മറ്റെങ്ങും ദുഃഖം

നിലച്ചൂ" രാക്ഷസന്മാരിങ്ങനെപ്പറഞ്ഞപ്പോൾ

കേട്ടലമുറയിട്ടു വീണു പോയ് വിലങ്ങനെ 

രാക്ഷസരാജൻ, ഭൂമിയപ്പാടെച്ചലിക്കയാൽ

ഒറ്റക്കു നിൽക്കും മരമറ്റു വീണതുപോലെ


3

ഒറ്റക്കു നിൽക്കും മരം വേരറ്റു ധരണിയിൽ

വീണപോൽ കനത്തോടെയുലഞ്ഞു ഭൂമിക്കുമേൽ

കമിഴ്ന്നു വീണോരവനുണർന്ന് മനുകുല - 

വീരനാം ലക്ഷ്മണന്റെയമ്പേറ്റു മരിച്ച തൻ

പുത്രന്റെ ചരിതങ്ങൾ പറയാനാരംഭിച്ചു.


4

"രാക്ഷസകുലത്തളിരേ, പോരിനു നീ പുറപ്പെടുമ്പോൾ

കരുത്തനാം ദേവേന്ദ്രനെക്കാൺമതേയി,ല്ലതിൽ പിന്നെ 

യുദ്ധത്തിൽ നിന്നെക്കണ്ടാലോടാത്തോരാ രീപ്പാരിൽ

ഉദിക്കാൻ സൂര്യനണയുമ്പോളിരുൾ കണക്കിനെ.


5

സൂര്യൻ വെളിപ്പെടുമ്പോളിരുളില്ലാതായ് മുടിയുമ്പോലെ

ശത്രുക്കളെല്ലാം മണ്ടും കൈക്കരുത്തുള്ള നിന്നെ

ലക്ഷ്മണ ശരത്തിനാൽ യമപുരി പിടിക്കുവാൻ

മുമ്പാരു ശപിച്ചാവോ മണ്ഡോദരി തിരുമകനേ


6

മുമ്പൊരിക്കലുമുയർന്നിട്ടില്ലീ നഗരത്തി -

ലിങ്ങനെ നിലവിളി, യിന്നോ നിൻ പേരു ചൊല്ലി

"വമ്പനാം ദേവശത്രുപുത്രനേ, കുഞ്ഞേ, സ്നേഹ-

മുള്ളോർക്കു പൈന്തേനേ" യെന്നഴകോടെ നീളെ നീളെ

പെണ്ണുങ്ങൾ വിളിപ്പതു ഞാനിതാ കേട്ടീടുന്നു.


7

ഇങ്ങിഷ്ടം കുറഞ്ഞിട്ടോയെന്നെയും കളഞ്ഞു ചെമ്മേ

ശുകവാണിയാം മണ്ഡോദരിയെയും തീരെ മറന്ന്

സൂര്യവംശ രാജാവിന്നമ്പുകൾ തുണയ്ക്കയാൽ നീ

ചോരയുമണിഞ്ഞു കാലനുള്ളേടമെത്തിച്ചേർന്നൂ.


8

ഏതു ദിക്കിലേക്കാണു പോയതു നീ, യിന്ദ്രന്റെ

പുരിയിലേക്കോ, ലോകം പൊടിയാക്കിടുമാറ്

എന്റെയാജ്ഞയാൽ നികുംഭില തൻ കീഴേ ഹോമം

ശോഭയേറീടുംവണ്ണം ചെയ്തു തീർക്കയാവുമോ?

ആർക്കുമേയടുക്കുവാനാവാതെ ശത്രുക്കളെ -

യൊക്കെയുമമ്പുകൊണ്ടു കൊന്നൊടുക്കുകയാമോ?


9

യുദ്ധത്തിൽ മുനിമാർ, ദേവർ, ആകാശസഞ്ചാരികൾ,

കപികൾ, രാജാക്കന്മാർ, ഇന്ദ്രനെന്നിവർ കാൺകേ,

ഉടലിൽ മനുഷ്യന്റെയമ്പേറ്റു നീ വീണതെൻ

ഒടുക്കം വന്നതേക്കാൾ മുഴുത്ത ദു:ഖമെനക്ക്.


10

എനക്കു നീ ചടങ്ങു പോലെച്ചെയ്യേണ്ട കർമ്മമെല്ലാം

നിനക്കു ഞാൻ ചെയ്യുമാറു നിറുത്തി വെച്ചുയിരോടെന്നെ

കനത്ത വിജയം നൽകീ ശത്രുക്കൾ,ക്കിളമുറയായ്

ചന്തത്തിൽ വാണതും വിട്ടെങ്ങു പോയ് മറഞ്ഞൂ കുഞ്ഞേ.


11

കുഞ്ഞായിരുന്ന നാളിലിന്ദ്രനെത്തോല്പിക്കുവാൻ

എളുപ്പം കഴിഞ്ഞ നീ ദശരഥപുത്രന്മാരെ

കാലനു കൊടുത്തു വന്ന കർമ്മവും കാത്തിരുന്ന 

ഞാനിപ്പോൾ കേട്ട വാക്കോ കരുത്തു കെട്ടതല്ലോ"

Saturday, April 15, 2023

ഇനിയും വെളിച്ചം, ഇനിയും വെളിച്ചം - ഫിലിപ്പ് ഹോഡ്ജിൻസ് (ആസ്ട്രേലിയ - 1959 - 1995)

 ഇനിയും വെളിച്ചം, ഇനിയും വെളിച്ചം

ഫിലിപ്പ് ഹോഡ്ജിൻസ് (ആസ്ട്രേലിയ - 1959 - 1995)


വിരിപ്പിനേക്കാളും കനത്തതാം വെള്ള -

ജ്ജനൽത്തിരശ്ശീല കടന്നു ജീവൻ ചോർ -

ന്നവശമാ,യന്തിമിനുക്കം മാത്രമായ്,

മരിച്ചുപോയൊരു സുഹൃത്തിൻ സാന്നിദ്ധ്യം

കണക്കിതാ സൂര്യവെളിച്ചം, രോഗാർത്തം.

കിടപ്പു നിശ്ചലം മുറിയിൽ നീ, യെന്നാ-

ലതിവേഗത്തിൽ നീ ചലിക്കുന്നിപ്പൊഴും.


ഞരമ്പിലൗഷധം കയറ്റുവാൻ വരു-

ന്നൊരു ശുശ്രൂഷകൻ ഒരു നിമിഷത്തിൻ

വെളിപാടിൽ ജനൽവിരികൾ നീക്കുന്നു.

അവസരവാദി വെളിച്ചമപ്പോൾ തൻ

പൊലിഞ്ഞ ചൈതന്യം തിരിച്ചെടുക്കുന്നു.

സമർത്ഥനാം രോഗവിഷാണുവെപ്പോലെ

പൊടുന്നനെ മുറി പിടിച്ചെടുക്കുന്നു.

നിറഞ്ഞിടുന്നു നീയൊരിക്കലും നോക്കാൻ

വിചാരിക്കാത്തതാമിടങ്ങളിൽപോലും.

ഇതോടെ മാറി നിൻ മുഴുവൻ ജീവിതം,

ഇരുണ്ടു മുമ്പിതുവരെയും നീ കണ്ട

മുറി നിൻ കൺമുന്നിൽ വെളിപ്പെടുകയായ്

അതിവേഗത്തിൽ നീ ചലിക്കുന്നെങ്കിലും

എവിടേക്കും പോകാതിവിടെയുണ്ടു നീ.


Friday, April 7, 2023

ആദവും ജീവിതവും - ബർണാഡോ അക്സാഗ (ബാസ്ക്, സ്പെയിൻ, ജനനം : 1951)

 

ആദവും ജീവിതവും
ബർണാഡോ അക്സാഗ (ബാസ്ക്, സ്പെയിൻ, ജനനം : 1951)


പറുദീസ വിട്ട ശേഷം വന്ന മഞ്ഞുകാലത്ത്
ആദമിനു രോഗം പിടിച്ചു.
ചുമ, തലവേദന, മുപ്പത്തൊമ്പതു ഡിഗ്രി പനി.
വരാൻ പോകുന്ന വർഷങ്ങളിൽ
മഗ്ദലനമറിയം കരഞ്ഞതുപോലവൻ കരഞ്ഞു.
ഹവ്വക്കടുത്തു വന്ന് അയാൾ അലറി:
"എനിക്കു സുഖമില്ലെന്റെ സ്നേഹമേ, ഞാൻ മരിക്കാൻ പോകയാണ്
കഠിനവേദനയുണ്ട്,
എന്താണെനിക്കു പറ്റിയതെന്നറിയുന്നില്ല"

മരിക്കുക, കഠിനവേദന, സുഖമില്ല, എന്റെ സ്നേഹം,
ഈ വാക്കുകൾ ഹവ്വയെ അത്ഭുതപ്പെടുത്തി.
ഏതോ വിദേശഭാഷയിലെ വാക്കുകൾ പോലവ
പുതുതായ് കാണപ്പെട്ടു.
ആകയാൽ അവൾ അവ വായിലിട്ടുരുട്ടി,
മരിക്കുക, കഠിനവേദന, സുഖമില്ല, എന്റെ സ്നേഹം.
ഒടുവിലൊരു നാൾ തനിക്കവ മുഴുവനായും മനസ്സിലായ്
എന്നു തീർച്ചപ്പെടും വരെ.
അപ്പോഴേക്കും ആദമിനു സുഖപ്പെടുകയും
മറ്റെന്തിനേയും പോലയാൾ
സന്തുഷ്ടനാകയും ചെയ്തു.

പറുദീസ വിട്ട ശേഷം മറ്റു 'പലതും' സംഭവിച്ചു.
പഴയ
മരിക്കുക, കഠിനദു:ഖം, സുഖമില്ല, എന്റെ സ്നേഹം
എന്നിവക്കു മേലേ
ആദമിനും ഹവ്വയ്ക്കും
പുതുവാക്കുകൾ പഠിക്കേണ്ടി വന്നു :
വേദന, പണി, ഏകാന്തത, ആനന്ദം.
പിന്നെയും കുറേക്കൂടി :
കാലം, ക്ഷീണം, ചിരി, സൗന്ദര്യം, ഭയം, ധൈര്യം.
അവരുടെ നിഘണ്ഡു വലുതാവുന്നതനുസരിച്ച്
മുഖത്തെ ചുളിവുകളുടെ എണ്ണവും
കൂടിക്കൂടി വന്നു.

ആദത്തിനു വയസ്സായി,
തന്റെ കാലം കൂടാറായെന്നയാൾക്കു തോന്നി.
ഹവ്വയോട്
ആഴമുള്ള ഒരു സംസാരത്തിലേർപ്പെടണമെന്നും
തോന്നി.
"ഹവ്വാ ..." അയാൾ പറഞ്ഞു:
"പറുദീസാ നഷ്ടം അത്ര വലിയ നിർഭാഗ്യമല്ല,
എല്ലാ സഹനങ്ങളും എല്ലാ വേദനയും ആബേലിനു പറ്റിയതും
എല്ലാമുണ്ടെങ്കിലും.
ഏതിലൂടെയാണോ നാം കഴിഞ്ഞു പോന്നത്,
വാക്കിന്റെ മികവുറ്റ ബോധ്യത്തിൽ,
അത് ജീവിതമാകുന്നു.

ആദമിന്റെ ശവകുടീരത്തിൽ
അതിസാധാരണമായ കണ്ണീര്
ചൊരിയപ്പെട്ടു,
ഉപ്പും വെള്ളവുമായ കണ്ണീര്.
അവ വീണിടത്ത്
ചെമ്പരത്തികളോ പനിനീരുകളോ
തഴച്ചുയർന്നില്ല.
തമാശ തന്നെ, കായേനാണ്
ഏറ്റവും കഠിനമായി കരഞ്ഞത്.
പിന്നീട് ഹവ്വ
ആദമിനു പിടിപെട്ട ആദ്യത്തെ രോഗമോർത്ത്
പുഞ്ചിരിച്ചു.
ആശ്വാസമായതും അവൾ വീട്ടിൽ പോയി,
ചുടുസൂപ്പു കുടിച്ചു, ചോക്കലേറ്റ് തിന്നു.

Wednesday, April 5, 2023

കവി വിഷ്ണുപ്രസാദുമായി ഒരു വഴക്ക്

 കവി വിഷ്ണുപ്രസാദുമായി ഒരു വഴക്ക്



2023 ഏപ്രിൽ ഒന്നാം തിയ്യതി രാത്രി ഒമ്പതു മണിയോടെ കുട്ടുറുവൻ ഇലപ്പച്ച എന്ന ഫേസ് ബുക്ക് വാളിൽ മലയാളത്തിലെ പുതുകവിതയെ തകർക്കുന്ന ആചാര്യമോഹികളായ രണ്ടു പേരെ തിരസ്ക്കരിക്കണം എന്നൊരാഹ്വാനം പ്രത്യക്ഷപ്പെട്ടത് എന്റെ ശ്രദ്ധയിൽ പെട്ടു. താഴെ കമന്റുകളിൽ സുജീഷ് എന്ന ആൾ ആ രണ്ടു പേർ പി.രാമനും എസ്.ജോസഫുമാണോ എന്നു ചോദിച്ചതിന് കുട്ടുറുവൻ ഇലപ്പച്ച അതെ എന്നു മറുപടി നൽകി. കുട്ടുറുവൻ ഇലപ്പച്ച കവി വിഷ്ണുപ്രസാദിന്റെ FB വാളാണ്. എന്റെ പേർ പരാമർശിച്ച് ഇത്തരമൊരു ആരോപണം ഒരു വസ്തുതയുടെയും പിൻബലമില്ലാതെ നടത്തിയത് ആക്ഷേപാർഹമായതിനാൽ ഞാൻ കമന്റ് ബോക്സിൽ ഇങ്ങനെ എഴുതി: 

"ഒന്നു ജീവിക്കാൻ അനുവദിക്കുമോ വിഷ്ണുപ്രസാദേ, നിന്നെക്കാളൊക്കെ കവിത്വം കുറഞ്ഞ ഒരാളാണു ഞാൻ. എനിക്ക് ഒരാചാര്യനുമാവണ്ട. പിന്നെ, കവിത എഴുതുകയും ഇഷ്ടപ്പെട്ട കവിതയെക്കുറിച്ചു പറയുകയും മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. അത് നീയുൾപ്പെടെ എല്ലാവരും ചെയ്യുന്നതു തന്നെയാണ്. ഈ രണ്ടുമല്ലാതെ എന്താണ് ഞാൻ ചെയ്തിട്ടുള്ളത് എന്നു പറഞ്ഞു തന്നാൽ തിരുത്താമായിരുന്നു" ഈ കമന്റിന് അദ്ദേഹം "മറുപടി പറയാം, വിശദമായി. ക്ഷമിക്കൂ" എന്നൊരു മറുപടി തന്നു. 

ഒരു ദിവസം മുഴുവൻ വിശദമായ മറുപടിക്കു വേണ്ടി ഞാൻ കാത്തു. ഇങ്ങനെയൊരാരോപണം എനിക്കെതിരെ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്ത്, ഞാൻ കവിത എഴുതുകയും ഇഷ്ടപ്പെട്ട കവിതയെപ്പറ്റി പറയുകയുമല്ലാതെ ആചാര്യ സ്ഥാനത്തിനും പുതു കവിതയെ തകർക്കാനുമായി ചെയ്യുന്ന കാര്യങ്ങൾ തെളിവുകളായി ഉണ്ടാവേണ്ടതാണ്. ഉണ്ടെങ്കിൽ എന്റെ ചോദ്യത്തിനു മറുപടി ഉടൻ തന്നെ തരേണ്ടതുമാണ്. ഒരു ദിവസം കാത്തിട്ടും മറുപടി കാണാത്തതിനാൽ തൊട്ടു താഴെ ഞാൻ ഒരു കമന്റു കൂടി 2 - 4 - 23-ന്  എഴുതി:

 "ഞാൻ മുകളിൽ ചോദിച്ച ചോദ്യത്തിന് ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുവിന് മറുപടിയില്ല. ഇതിൽ നിന്ന് എനിക്കു മനസ്സിലാവുന്നതിതാണ്. ഞാൻ കവിതയെഴുതാനോ ഇഷ്ടപ്പെട്ട കവിതകളെപ്പറ്റി അഭിപ്രായം പറയാനോ പാടില്ല. വിഷ്ണുപ്രസാദിന് ഇതെല്ലാമാകാം. പക്ഷേ പി രാമൻ ഇതൊന്നും ചെയ്യരുത്. എന്നുവെച്ചാൽ ഒരേ കാലത്ത് ഒപ്പം എഴുതിപ്പോരുന്ന ഒരു കവി എന്നെന്നേക്കുമായി നിശ്ശബ്ദനാകണം എന്നർത്ഥം" ഈ കമന്റിന് അദ്ദേഹം മറുപടി തരികയോ കണ്ടതായി ലൈക്കുചെയ്യുകയോ ചെയ്തില്ല. 

പിന്നെയും ഒരു ദിവസം ഞാൻ കാത്തു. സാഹിത്യ രംഗത്ത് ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന കുത്സിത പ്രവർത്തനങ്ങൾ തെളിവു സഹിതം വെളിപ്പെടുകയാണെങ്കിൽ സ്വന്തം നികൃഷ്ടത തിരിച്ചറിയാനും തിരുത്താനും ഒരവസരമാണല്ലോ. ഒരു ദിവസം കൂടി കാത്തിട്ടും മറുപടി കാണാതിരുന്നപ്പോൾ 3 - 4 - 23-ന് സാമാന്യം നീളമേറിയ ഒരു വിശദീകരണ കമന്റ് ഞാൻ പോസ്റ്റു ചെയ്തു. : 

"വിഷ്ണു എനിക്കെതിരെ വലിയ കുറ്റപത്രം എഴുതിയുണ്ടാക്കുന്ന തിരക്കിലാവും എന്നറിയാം. പുതുകവിതയെ തകർക്കുന്ന ആചാര്യ മോഹിയായ എന്നെ തിരസ്ക്കരിക്കാൻ ആഹ്വാനം പുറപ്പെടുവിക്കാൻ വിഷ്ണുവിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. തിരിച്ച് ഞാനൊരു ചെറിയ ചോദ്യം ചോദിച്ചതിനു മറുപടി പറയാൻ കുറേയേറെ ആലോചിച്ചു തയ്യാറെടുപ്പു നടത്തേണ്ടിവരുന്നു. മറുപടിക്കു വേണ്ട വസ്തുതകൾ ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ടതു കൊണ്ടാവും ഇത്രയും വൈകുന്നത്. ആ ഗവേഷണം വിഷ്ണു തനിച്ചാവും നടത്തുക എന്നും ഞാൻ കരുതുന്നില്ല. ഞാൻ ഇല്ലാതാവണമെന്ന് വിഷ്ണുവിനെപ്പോലെ തന്നെ ആഗ്രഹിക്കുന്ന സമാനമനസ്കരുമായി കൂടിയാലോചിച്ച് മറുപടി സമയം പോലെ തയ്യാറാക്കിക്കൊള്ളുക.

കവിത എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു, ഇഷ്ടപ്പെട്ട കവിതകളെപ്പറ്റി അഭിപ്രായങ്ങൾ എഴുതുകയും പറയുകയും ചെയ്യുന്നു എന്നല്ലാതെ ഞാനെന്താണ് ചെയ്യുന്നത് എന്നതായിരുന്നു ചോദ്യം. ഈ രണ്ടു കാര്യങ്ങളും അവരവരുടെ അഭിരുചിയനുസരിച്ച് വിഷ്ണുവും മറ്റെല്ലാവരും ചെയ്യുന്നതു തന്നെയാണ്. സ്വന്തം ബ്ലോഗിലൂടെയും പോയട്രി മാഫിയ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും FB യിലൂടെയും തനിക്കിഷ്ടപ്പെട്ട കവിതകളെപ്പറ്റി വിഷ്ണുവും എത്രയോ കാലമായി പറയുന്നുണ്ട്. ഞാനത് തിളനില എന്ന പ്രസിദ്ധീകരണത്തിലൂടെയും എഴുതുന്ന ലേഖനങ്ങളിലൂടെയും ചെയ്യുന്നു എന്നു മാത്രം. നമ്മുടെ അഭിരുചി രണ്ടാവാം. വിഷ്ണുവിന്റെ അഭിരുചിയാവണം പി.രാമന്റേതും എന്ന് ശഠിക്കുന്നത് ഫാസിസമല്ലേ?

ഇനി, ഇഷ്ടപ്പെട്ട കവിതയെപ്പറ്റി എഴുതിയതിന്റെയോ പറഞ്ഞതിന്റെയോ പേരിൽ വിഷ്ണുവുൾപ്പെടെ ആരുടെയെങ്കിലും മേൽ ഞാൻ എന്തെങ്കിലും അധികാരപ്രയോഗം നടത്തിയിട്ടുണ്ടോ? വിഷ്ണുവിന്റെ കവിത എനിക്കിഷ്ടമായതു കൊണ്ട് അതിനെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ട്. ഏതാണ്ട് 15 കൊല്ലം മുമ്പ് ഒരു ലേഖനം. പിന്നെ കഴിഞ്ഞ കൊല്ലം പ്രസിദ്ധീകരിച്ച കവി നിഴൽമാല എന്ന ലേഖന പുസ്തകത്തിലുമുണ്ട്. ഇതിന്റെ പേരിൽ വിഷ്ണുവിനോട് അധികാരപ്രയോഗം പോയിട്ട് കൂടുതൽ അടുക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല. എന്തായാലും, വിഷ്ണുവിനെപ്പോലെ ഒരു നല്ല കവി ഗോസിപ്പും പരദൂഷണവും നടത്തി സഹകവിയെ നിശ്ശബ്ദനാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത് - ആശംസകൾ! കഥാകൃത്ത് നൊറോണയെ ചിലർ നിശ്ശബ്ദനാക്കാൻ നോക്കിയതിന്റെ തുടർച്ചയായി അദ്ദേഹം ജോലി രാജി വെച്ചത് കഴിഞ്ഞ ദിവസമാണ്. എന്നെ നിശ്ശബ്ദനാക്കാൻ താങ്കളും കഴിവു പോലെ ശ്രമിച്ചു കൊള്ളുക. നാളെ ഞാൻ ചത്താൽ ശവം കാണാൻ പോലും ഈ വഴി വരരുതേ. പാത്തുമ്മക്കുട്ടി ടീച്ചറോട് അവസാനമായി എന്റെ സ്നേഹാന്വേഷണം പറയുക. കൂടുതലായി ഒന്നും പറയാനില്ലാത്തതു കൊണ്ടും രണ്ടു ദിവസം ക്ഷമിച്ചിട്ടും മറുപടി കിട്ടാത്തതു കൊണ്ടും ഇനി വരുന്ന മറുപടി ഗൂഢാലോചനയുടെ ഫലമാകും എന്നുറപ്പുള്ളതു കൊണ്ടും ഞാൻ നിർത്തുന്നു"

ഇത് പോസ്റ്റു ചെയ്ത ഉടൻ തന്നെ മറുപടി വന്നു. ഞാൻ ഊഹിച്ച പോലെ താൻ ഗവേഷണവും ഗൂഢാലോചനയും നടത്തിക്കൊണ്ടിരിക്കുകയാണെന്നും എനിക്കെതിരെ പലരും പല കാര്യങ്ങളും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആ കമന്റിൽ അദ്ദേഹം എഴുതി. എഴുതാൻ വേണ്ട  തെളിവുകൾ കിട്ടിയാലുടൻ അവ വെളിപ്പെടുത്തും. മറ്റുള്ളവരുടെ പേര് ഇതിലേക്ക് വലിച്ചിഴക്കാൻ അവരുടെ സമ്മതം കൂടി ആവശ്യമുണ്ട്. തെളിവുകളും അതു പറഞ്ഞവരുടെ സമ്മതവും കിട്ടിയാലുടൻ താൻ മറുപടി തരും എന്നാണ് അതിലദ്ദേഹം എഴുതിയത്. എന്നെ ഇല്ലാതാക്കുക തന്റെ ലക്ഷ്യമല്ലെന്നും ഞാനൊരു അധികാരസ്ഥാപനമായിരിക്കുന്നതിനെയാണ് താൻ എതിർക്കുന്നതെന്നും കൂടി ആ കമന്റിൽ അദ്ദേഹം എഴുതി.

ഇതിന് ഒരു ചെറിയ മറുപടി കൂടി നൽകിയ ശേഷം ഞാൻ ആ സംഭാഷണവും വിഷ്ണുപ്രസാദുമായുള്ള FB വിനിമയും ബ്ലോക്കുചെയ്ത് അവസാനിപ്പിച്ചു. അവസാനിപ്പിക്കും മുമ്പ് എഴുതിയ ചെറിയ മറുപടിയിൽ ഞാൻ, വിഷ്ണുപ്രസാദിന്റെ സ്വന്തം അനുഭവത്തിൽ നിന്നല്ല എനിക്കെതിരെയുള്ള ആരോപണങ്ങൾ എന്നു വ്യക്തമായ കാര്യം ഓർമ്മിപ്പിക്കുക മാത്രം ചെയ്തു. മൂന്നു ദിവസങ്ങളിലായി നടന്ന ഇത്രയും ആശയവിനിമയങ്ങൾ അദ്ദേഹത്തിന്റെ FB വാളിൽ ഇപ്പോഴും ഉണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാത്തതിനാലാണ് സംസാരത്തിന്റെ ഉള്ളടക്കം തൊട്ടടുത്ത ദിവസം തന്നെ (4-4-23) ഓർമ്മയിൽ നിന്നു കുറിച്ചിടുന്നത്.

ബ്ലോക്കുചെയ്തു കഴിഞ്ഞപ്പോൾ ഒരു കാര്യം കൂടി വിഷ്ണുപ്രസാദിനോടു പറയേണ്ടതായിരുന്നു എന്നു തോന്നി. ഞാൻ അധികാരസ്ഥാപനമാകുന്നതിനെതിരെ സ്വാനുഭവത്തിൽ നിന്ന് തെളിവുകൾ ഒന്നും പറയാനില്ലാത്തതിനാൽ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ വെച്ചായിരിക്കുമല്ലോ എനിക്കെതിരെ കുറ്റപത്രം തയ്യാറാക്കുക. അതായത് ഗോസിപ്പുകളുടെയും പരദൂഷണങ്ങളുടെയും അടിസ്ഥാനത്തിൽ. വസ്തുതകളുടെ പിൻബലമില്ലാത്ത ആരോപണങ്ങളാണ് പ്രസിദ്ധീകരിക്കുക എങ്കിൽ ഞാൻ തീർച്ചയായും നിയമപരമായി മുന്നോട്ടു പോകും. മറ്റു വഴിയില്ലാത്തതുകൊണ്ടാണ്. സംഘം ചേർന്ന് വാക്കുകൾ കൊണ്ട് ആരു നടത്തുന്ന ആക്രമണവും നേരിടാനുള്ള വാഗ് സാമർത്ഥ്യം എനിക്കില്ല.

ഞാനൊരു അധികാരസ്ഥാപനമാകുന്നതിനെയാണ് താൻ എതിർക്കുന്നത് എന്ന വിഷ്ണുവിന്റെ വാദം അടിസ്ഥാനമുള്ളതാവണമെങ്കിൽ ഞാൻ ഏതെങ്കിലും തരത്തിൽ അധികാരം കയ്യാളുന്ന ആളാവണം. ഔദ്യോഗികമായി ഞാൻ ഒരധികാരസ്ഥാനത്തും ഇരിക്കുന്ന ആളല്ല. ഒരു സർക്കാർ സ്കൂളിലെ സാധാരണ അധ്യാപകൻ മാത്രം. സാഹിത്യ അക്കാദമിയിൽ ഉൾപെടെ ഒരു തരത്തിലുള്ള അധികാരസ്ഥാനത്തും ഞാൻ ഒരിക്കലും ഒരംഗമായിപ്പോലും ഇരുന്നിട്ടില്ല. 

ഈ അമ്പത്തിയൊന്നു വയസ്സിനുള്ളിൽ അധികാരമൊന്നുമില്ലാത്ത രണ്ട് പദവികൾ വഹിച്ച് ചില ഉത്തരവാദിത്തങ്ങൾ ഞാൻ നിർവഹിച്ചിട്ടുള്ളത് ഇവിടെ മറച്ചുവയ്ക്കുന്നില്ല.പട്ടാമ്പിക്കാരനായ കവി എന്ന നിലയിൽ പട്ടാമ്പി കോളേജിലെ കവിതാകാർണിവൽ നിർവാഹക സമിതിയിൽ മറ്റു പലരോടുമൊപ്പം ഒരംഗമായി ഇരുന്നിട്ടുണ്ട് എന്നതാണ് ഞാൻ വഹിച്ചിട്ടുള്ള ഒരു പദവി. പട്ടാമ്പി കാർണിവലിന്റെ ഡയറക്ടർ പി.പി.രാമചന്ദ്രനാണ്. വിഷ്ണുപ്രസാദ് ഉൾപ്പെടെ ഒട്ടേറെ കവികൾ കാർണിവലിൽ ക്ഷണിക്കപ്പെട്ടു പങ്കെടുത്തിട്ടുണ്ട്. കാർണിവൽ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കാർണിവൽ നടത്തുന്നത്. അല്ലാതെ എന്റെ തീരുമാനപ്രകാരമല്ല. കുറച്ചു കാലം പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെയും പത്താം തരത്തിലെയും പാഠപുസ്തക സമിതിയിൽ ഞാൻ മുമ്പ് അംഗമായിരുന്നിട്ടുണ്ട് എന്നതാണ് രണ്ടാമത്തേത്. അവിടെയും തേനീച്ചകളെപ്പോലെ ഉചിതമായ പാഠഭാഗങ്ങൾ ശേഖരിച്ച് എക്സ്പേർട്ട് കമ്മിറ്റിക്കു മുമ്പാകെ എത്തിക്കുക മാത്രം ചുമതലയുള്ള, തെരഞ്ഞെടുപ്പിന് അധികാരമില്ലാത്ത, ഏറ്റവും താഴേത്തട്ടിലുള്ള ഒരംഗം മാത്രമായിരുന്നു ഞാൻ. ഇപ്പോൾ അത്തരം ഒരു കമ്മിറ്റിയിലും അംഗമല്ല താനും. അധികാര പദവി ഇല്ലാത്ത ഈ രണ്ട് ചെറിയ ഉത്തരവാദിത്തങ്ങളും ആവും പോലെ നിർവഹിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരധികാര പദവിയിലും ഞാൻ ഇരുന്നിട്ടില്ല. ഇരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഏതെങ്കിലും സർവകലാശാ സിലബസ് കമ്മിറ്റിയിൽ ഞാൻ അംഗമല്ല.

ഉന്നതമായ ഏതെങ്കിലും അവാർഡു കമ്മിറ്റിയിൽ ഞാൻ അംഗമായി ഇരുന്നിട്ടില്ല. ഇക്കണ്ട കാലത്തിനിടയിൽ ഒന്നോ രണ്ടോ തവണ ചെറിയ ഒന്നുരണ്ട് അവാർഡ് കമ്മിറ്റികളിലും സ്കൂൾ യുവജനോത്സവത്തിലും പരിശോധകനായി പങ്കെടുക്കേണ്ടി വന്നിട്ടുണ്ട് എന്നു മാത്രം. സഹപാഠിയും എഴുത്തുകാരനുമായിരുന്ന കെ.വി. അനൂപിന്റെ ഓർമ്മക്കുവേണ്ടി ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരവാർഡ് എല്ലാ വർഷവും നൽകുന്നുണ്ട്. അത് മുൻ വർഷങ്ങളിൽ കലാലയ പ്രതിഭാ അവാർഡായാണ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം ആദ്യചെറുകഥാ പുസ്തകത്തിനായിരുന്നു അവാർഡ്. അനൂപിന്റെ ഓർമ്മക്കായി അനൂപിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഇങ്ങനെയൊരു ചെറിയ അവാർഡ് ഏതാനും വർഷങ്ങളായി അനൂപ് സൗഹൃദ വേദി നൽകുന്നുണ്ട് എന്നല്ലാതെ സമകാലസാഹിത്യത്തിലെ വമ്പൻ അവാർഡ് അധികാരസ്ഥാപനങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

എന്നിട്ടും വിഷ്ണുപ്രസാദ് ഉന്നയിക്കുന്ന ആരോപണം ഞാൻ അധികാരസ്ഥാപനമാണ് എന്നാണ്. അതിന്റെ യുക്തി എനിക്കു മനസ്സിലാകുന്നില്ല.

കവിതക്കു വേണ്ടി തിളനില എന്നൊരു മാഗസിൻ ഞാൻ എഡിറ്റുചെയ്യുന്നുണ്ട്. എന്റെ സങ്കല്പത്തിലെ കവിതാജേർണൽ എന്ന നിലയിലാണ് അതു പുറത്തിറക്കുന്നത്. എഡിറ്റർ എന്ന നിലയിൽ എന്റെ അഭിരുചിക്ക് ഇണങ്ങുന്നതേ അതിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ വിഷ്ണുപ്രസാദിനെപ്പോലെ പലർക്കും അഭിപ്രായവ്യത്യാസമുണ്ടാകാം. വിഷ്ണു നടത്തിവന്ന ബൂലോകകവിതയിലും പോയട്രി മാഫിയയിലും വിഷ്ണുവിന്റെ അഭിരുചി പ്രകാരമുള്ള കവിതകൾ കൊടുക്കുന്ന പോലെത്തന്നെയല്ലേ ഞാൻ എഡിറ്റു ചെയ്യുന്ന പ്രസിദ്ധീകരണത്തിൽ എനിക്കിഷ്ടമുള്ള കവിതകൾ കൊടുക്കുന്നതും? എന്താണ് വ്യത്യാസം? തിളനിലയിൽ വന്ന കവിതകൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ അതിനു കാരണം ആ കവിതകളുടെ ഗുണമാണ്.

ചുരുക്കത്തിൽ, വിമർശനാത്മകമായ സാഹിത്യസംവാദമല്ല,  മറിച്ച് കവിതാ വിമർശനമെന്ന ഭാവത്തിൽ വ്യക്തിഹത്യ നടത്തുകയാണ് ഈ FB പോസ്റ്റിലൂടെയും കമന്റുകളിലൂടെയും വിഷ്ണുപ്രസാദ് ലക്ഷ്യമാക്കിയത് എന്നാണ് എന്റെ ബോധ്യം. എന്തായാലും ഞാൻ കാത്തിരിക്കുന്നു. തന്റെ ഗവേഷണത്തിനൊടുവിൽ എനിക്കെതിരെ ഗോസിപ്പുകളല്ലാതെ വസ്തുതാപരമായ തെളിവുകളുമായി കവി വിഷ്ണുപ്രസാദ് വരുന്നതും കാത്ത്. എന്നിട്ടു വേണം സ്വന്തം നികൃഷ്ടത തിരിച്ചറിഞ്ഞ് എനിക്ക് തിരുത്താൻ.

2.

വിഷ്ണുപ്രസാദിന്റെ പുതിയൊരു കുറ്റപത്രം എനിക്കെതിരെ പുറത്തുവന്നിരിക്കുന്നു. 2023 മെയ് 26 നു പ്രസിദ്ധീകരിച്ച ട്രൂ കോപ്പി വെബ്സീനിലാണത് അഭിമുഖസംഭാഷണ രൂപത്തിൽ വന്നിരിക്കുന്നത്. വി.അബ്ദുൾ ലത്തീഫാണ് അഭിമുഖകാരൻ. ഒരു കവിയുമായുള്ള ഒരഭിമുഖത്തിൽ എഴുത്തനുഭവങ്ങൾ, ആസ്വാദനശീലങ്ങൾ എന്നിവയൊക്കെയാണു പ്രതീക്ഷിക്കുന്നതെങ്കിൽ ഇതിൽ അതൊന്നുമല്ല പ്രധാനം; പി. രാമൻ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ  ക്രൂരകൃത്യങ്ങളാണ്! ആ മട്ടിലാണ് അതിൽ എനിക്കെതിരേയുള്ള ഗോസിപ്പുകൾ! മിക്ക ചോദ്യത്തിനുള്ള ഉത്തരവും എന്നോടുള്ള കലിപ്പു തീർക്കാനാണ് വിഷ്ണു പ്രയോജനപ്പെടുത്തുന്നത്. അതിനു പാകത്തിനുള്ള പല ചോദ്യങ്ങളും ചോദ്യകർത്താവ് ചോദിക്കുന്നുമുണ്ട്. അഭിമുഖമായാലും മറ്റെന്തെങ്കിലുമായാലും ഗോസിപ്പുകൾക്ക് വലിയ വിപണിയുള്ള കാലമാണല്ലൊ. മൊത്തത്തിൽ മഞ്ഞനിറംകൊണ്ടു മൂടിയ ഒരു കാലത്ത് കവി മാത്രമായി എന്തിനു മാറിനിൽക്കണം എന്നാവും!

താൻ പറയുന്നതിനൊന്നും തെളിവില്ല എന്ന് വിഷ്ണുപ്രസാദ് മുൻകൂർ ജാമ്യമെടുക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോട് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെടുന്നവയും എന്നെക്കുറിച്ച് പലർ പറഞ്ഞു കേട്ട കഥകളും വച്ചാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.  

ഞാൻ കുറച്ചു ദിവസമായി ആലോചിക്കുന്നു, ഇതിനോടു പ്രതികരിക്കാൻ. പക്ഷേ കലിപ്പുതീർക്കാൻ മാത്രമായി പടച്ചുണ്ടാക്കിയ ഒരഭിമുഖത്തിന് എന്തു മറുപടി പറയാനാണ്! പിന്നേ!...... പി. രാമൻ സ്വകാര്യസംഭാഷണത്തിൽ പറയുന്ന 'അയാൾ കവിയല്ല, ഇയാൾ  കവിയല്ല' എന്നീ വാക്കുകൾ കേട്ട് അവരെയൊക്കെ തമസ്ക്കരിക്കാൻ നിൽക്കുകയല്ലേ ലോകം! കേട്ടുകേൾവികളുടെയും സ്വകാര്യസംഭാഷണത്തിൽ പറഞ്ഞെന്ന് അവകാശപ്പെടുന്ന സംസാരത്തിന്റെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങളെല്ലാം നിർമ്മിച്ചെടുക്കുന്നത്. മാത്രമല്ല, പൊരുത്തക്കേടുകളുമുണ്ട്. കവിയല്ല എന്ന് വിഷ്ണുവിന്റെ ചെവിയിൽ സ്വകാര്യമായി ഞാൻ പറഞ്ഞതായി അദ്ദേഹം അവകാശപ്പെടുന്ന ലതീഷ് മോഹന്റെ കവിതകളെക്കുറിച്ച് കവിനിഴൽമാല എന്ന പുസ്തകത്തിന്റെ മുപ്പത്തിയെട്ടാം പേജിൽ എന്റെ നിരീക്ഷണങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. അതായത് സ്വന്തം അഭിപ്രായമായി വായനക്കാരുടെ മുന്നിൽ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് പുല്ലുവില! കേട്ടുകേൾവികൾക്ക് എന്തെന്നില്ലാത്ത ആധികാരികതയും! മഞ്ഞനിറം വല്ലാതെ ബാധിച്ചാൽ ഇതാണു പ്രശ്നം. 

താൻ ഉന്നയിച്ച ആരോപണങ്ങളിൽ വിഷ്ണുപ്രസാദ്  ഏറ്റവും കൂടുതൽ  വിശദീകരിക്കുകയും ആവർത്തിക്കുകയും ചെയ്തത് ഞാൻ കോക്കസ്സുണ്ടാക്കിയെന്നും അശോകൻ മറയൂർ, ഡി. അനിൽകുമാർ , സുകുമാരൻ ചാലിഗദ്ധ എന്നിവരെ അതിന്റെ ഭാഗമാക്കി എന്നുമുള്ള വാദമാണ്. അവർ മൂവരും എനിക്കിഷ്ടപ്പെട്ട കവികളാണെന്നതു ശരിയാണ്. അവരെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്താൽ അതിനർത്ഥം അവരുമായിച്ചേർന്നു കോക്കസ് ഉണ്ടാക്കി എന്നാണോ?  വിഷ്ണുപ്രസാദിന്റെ കവിതയെക്കുറിച്ചും മുമ്പു ഞാൻ എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ധാരാളം കവികളെക്കുറിച്ച് ഞാൻ എഴുതുകയും വേദികളിൽ ആവർത്തിച്ചു പറയുകയും ചെയ്തിട്ടുണ്ട്.  വിഷ്ണുപ്രസാദ് പറയുന്ന കോക്കസിൽ അവരെക്കൂടി ചേർക്കാവുന്നതാണ്. വിഷ്ണുപ്രസാദ് തനിക്കിഷ്ടപ്പെട്ട കവികളെക്കുറിച്ചു പറഞ്ഞതൊക്കെ അയാളുടെ സെൻസിബിലിറ്റിയുമായി ബന്ധപ്പെട്ടതാണെന്നാണു ഞാൻ കരുതിയിരുന്നത്; അതല്ല, സ്വന്തം കോക്കസ് ഉണ്ടാക്കുകയായിരുന്നു അയാൾ എന്നായിരുന്നത്രെ ധരിക്കേണ്ടിയിരുന്നത്. ഇനി മനസ്സിരുത്തിക്കോളാം. 

എങ്കിലും ഒന്നാലോചിച്ചു നോക്കൂ. ഇവരിൽ അശോകൻ മറയൂർ 2016-ൽ പട്ടാമ്പി കോളേജിൽ വെച്ചു നടന്ന കവിതാകാർണിവലിന്റെ ഉദ്ഘാടകൻ എന്ന നിലയിലാണ് ആദ്യം ശ്രദ്ധ നേടുന്നത്. പി.രാമന്റെ തീരുമാനപ്രകാരമല്ല, കവിതാ കാർണിവൽ സംഘാടന സമിതിയുടെ തീരുമാനപ്രകാരമാണ് അശോകൻ കാർണിവൽ ഉദ്ഘാടനം ചെയ്തത്. അടുത്ത കവിതാ കാർണിവലിൽ വെച്ച് സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം. മാവിലൻ, ധന്യ വേങ്ങച്ചേരി, മണികണ്ഠൻ അട്ടപ്പാടി തുടങ്ങി ഒട്ടേറെ ഗോത്ര കവികൾ പങ്കെടുത്ത ഗോത്രകവിതാ സെഷൻ നടന്നു. വൈകാതെ സ്വന്തം കവിതയുടെ ബലം കൊണ്ട് അവരെല്ലാം  മാധ്യമങ്ങളിലൂടെ പ്രശസ്തരായി. പലരുടെയും പുസ്തകങ്ങൾ പുറത്തിറങ്ങി. ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഗോത്രകവിത എന്ന വിപുലമായ സമാഹാരം സുകുമാരൻ ചാലിഗദ്ധയും സുരേഷ് എം. മാവിലനും ചേർന്ന് എഡിറ്റു ചെയ്തത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു. വിഷ്ണുപ്രസാദ് ആരോപിക്കുമ്പോലെ, പി.രാമൻ തനിക്ക് എസ്.ജോസഫിനോടുള്ള ശത്രുത തീർക്കാൻ വേണ്ടി  ഗോത്രകവിതയേയും കവികളേയും കൊണ്ടുവരികയായിരുന്നോ എന്നു വിശദീകരിക്കേണ്ടത് പട്ടാമ്പി കോളേജ് മലയാള വിഭാഗവും കവിതാ കാർണിവലിന്റെ സംഘാടക സമിതിയുമാണ്. അശോകനും അനിൽ കുമാറും സുകുമാരനുമായി പി.രാമനെ ചേർത്ത് വിഷ്ണു പറയുന്നതെല്ലാം കവിതാകാർണിവലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 

വിഷ്ണുപ്രസാദ് ചൂണ്ടിക്കാണിക്കുന്ന ലതീഷ് മോഹനും ക്രിസ്പിൻ ജോസഫും അനൂപ് കെ. ആറുമൊക്കെ പല തരത്തിൽ ശ്രദ്ധിക്കപ്പെട്ട കവികളാണ്. പ്രശസ്തരായ പല കവികളും നിരൂപകരും അവരുടെ കവിതയുടെ പ്രാധാന്യവും മികവും വ്യക്തമായി എഴുതിയതു വായിച്ചിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട് ലതീഷ് മോഹന്റെ കവിതയെക്കുറിച്ചെഴുതിയത് പെട്ടെന്ന് ഓർമ്മവരുന്നു. വാദത്തിനുവേണ്ടി വിഷ്ണുപ്രസാദ് എനിക്കെതിരേ ഉന്നയിച്ച ആരോപണം കണക്കിലെടുത്താൽത്തന്നെ മലയാളത്തിലെ മറ്റു കവികൾക്കും നിരൂപകർക്കും വായനക്കാർ വിലകല്പിക്കുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അവരെല്ലാം നിഷ്ക്രിയരായി പി. രാമൻ സ്വകാര്യസംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുകയായിരുന്നോ? വിഷ്ണുപ്രസാദ് എനിക്കുതരുന്ന ഈ പ്രാധാന്യം അദ്ഭുതപ്പെടുത്തുന്നു. എങ്കിലും മറ്റു കവികളെയും നിരൂപകരെയും വായനക്കാരെയും ഈ രീതിയിൽ വിലകുറച്ചു കാണുന്നത് വളരെ മോശമാണ് എന്നേ പറയാനുള്ളു.

ഇത്തരം ആരോപണങ്ങൾ മുമ്പും ഫേസ്ബുക്കിലൂടെ എനിക്കെതിരെ വിഷ്ണു ഉന്നയിച്ചിട്ടുണ്ട്. എന്തിനാണ് എനിക്കെതിരെ ഇങ്ങനെയെല്ലാം ആരോപിക്കുന്നത് എന്ന് വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിൽ ഞാൻ വിഷ്ണുവിനോട് നേരിട്ടു ചോദിച്ചിട്ടുണ്ട്. വസ്തുതാപരമായ ഒരു മറുപടിയും വിഷ്ണു തന്നിട്ടില്ല. പഴയ ആരോപണങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തേത്. ഇനിയും ഇതുപോലെ തെളിവില്ലാത്ത, കേട്ടുകേൾവിയെ മുൻ നിർത്തിയുള്ള ആരോപണങ്ങളുമായി വിഷ്ണുപ്രസാദ് വരാതിരിക്കില്ല. സ്വകാര്യസംഭാഷണങ്ങളിലും സുഹൃത്തുക്കളടങ്ങിയ സദസ്സുകളിലും വിഷ്ണുപ്രസാദ് പറഞ്ഞിട്ടുള്ള എത്രയോ കാര്യങ്ങളുണ്ട്! പക്ഷേ അയാൾ പരസ്യമായി എഴുതുകയും പറയുകയും ചെയ്യുന്നതിനെയാണ് ഞാൻ കണക്കിലെടുക്കാറുള്ളത്. ഗോസിപ്പ് വീഡിയോകൾക്കും എഴുത്തുകൾക്കും പ്രചാരമുള്ള കാലത്ത് അതൊരനാവശ്യകാര്യമാവാം. എങ്കിലും തത്കാലം ആ മാന്യത പുലർത്താനാണ് എനിക്കിഷ്ടം.

ഇത്തരം ഗോസിപ്പുകൾക്ക് മറുപടി പറയാനല്ല പി.രാമൻ ജീവിച്ചിരിക്കുന്നതും എഴുതുന്നതും. എനിക്ക് വേറെ പണിയുണ്ട്. നന്നായാലും മോശമായാലും ആരു തമസ്ക്കരിച്ചാലും ഇല്ലെങ്കിലും പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും എനിക്കു കവിതകളെഴുതാനുണ്ട്. അശോകൻ മറയൂരിനെയും ഡി.അനിൽകുമാറിനെയും സുകുമാരൻ ചാലിഗദ്ധയേയും പോലുള്ള കവികളെക്കുറിച്ച് ഇനിയും എഴുതേണ്ടതുണ്ട്. എന്റെ ആസ്വാദനശീലത്തെ തൃപ്തിപ്പെടുത്തുന്ന മറ്റു പലരെയും കുറിച്ച് എഴുതാനുണ്ട്. അപ്പോഴൊക്കെ വിഷ്ണുപ്രസാദേ, പുതിയ പുതിയ ഗോസിപ്പുകൾ കൊണ്ടുവരാവുന്നതാണ്. അതൊക്കെ ആധികാരികമായി മറ്റുള്ളവർ കരുതാൻ പാകത്തിന് സൗഹൃദവും നാം തമ്മിൽ ഉണ്ടായിരുന്നുവല്ലൊ. സൗഹൃദത്തെപ്പോലും ഈ മട്ടിൽ ദുരുപയോഗം ചെയ്യുന്ന നിങ്ങളെപ്പറ്റി ഞാൻ കൂടുതൽ എന്തു പറയാനാണ്! 

എനിക്കത്ഭുതം പക്ഷേ അതൊന്നുമല്ല. ഇല്ലാത്ത തെളിവുകളുടെയും കഥകളുടെയും കേട്ടുകേൾവിയുടെയും ഊഹാപോഹങ്ങളുടെയും മാത്രം ബലത്തിൽ വിഷ്ണുപ്രസാദ് ഉന്നയിച്ച ഈ ആരോപണങ്ങൾ വെച്ച് വി. അബ്ദുൾ ലത്തീഫ് എന്ന അഭിമുഖകാരൻ ഇങ്ങനെയൊരു അഭിമുഖം തയ്യാറാക്കി എന്നതാണ്. കേരള പ്രസ് അക്കാദമിയിൽ വിദ്യാർത്ഥിയായിരുന്ന് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളിൽ പ്രധാനപ്പെട്ടവ ചിലതൊക്കെ ഞാനും പഠിച്ചിട്ടുണ്ട്. തെളിവില്ല, കഥയാണ്, കേട്ടുകേൾവിയാണ് എന്നൊക്കെ സംഭാഷണത്തിനിടയിൽ തന്നെ വ്യക്തിമായി പറയുന്ന ഒരഭിമുഖം പ്രസിദ്ധീകരണയോഗ്യമല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.  തെളിവില്ലെന്ന് എഴുതുന്നവർ തന്നെ സമ്മതിക്കുന്ന ഗോസിപ്പുകളും എഡിറ്റുചെയ്യാതെ പ്രസിദ്ധീകരിക്കാം എന്നതായിരിക്കാം ട്രൂ കോപി വെബ്സീനിന്റെ പത്രപ്രവർത്തന ആദർശം.

3

അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ തുടങ്ങിയ ആദിവാസി ഗോത്ര കവികൾക്ക് പി.രാമന്റെ നേതൃത്വത്തിൽ കോക്കസ് കളിച്ച് കിട്ടിയ അനർഹമായ പരിഗണനയെക്കുറിച്ച് രൂക്ഷവിമർശനം മുന്നോട്ടുവക്കുന്ന വിഷ്ണുപ്രസാദിന്റെ FB വാളിന്റെ മുഖചിത്രം ആൾക്കൂട്ടക്കൊലക്ക് ഇരയായ ആദിവാസി യുവാവ് വിശ്വനാഥനാണ്.  പി.രാമനും രാമൻ എടുത്തുകാട്ടിയ ഗോത്രഭാഷാ കവികളും കാരണം വിഷ്ണുപ്രസാദ് എടുത്തുകാട്ടിയ കവികൾ തമസ്ക്കരിക്കപ്പെട്ടു എന്നു വാദിച്ചയാളുടെ FB ചുമരിലെ ഫോട്ടോയാണിത്. ആദിവാസികൾക്കു നേരെയുള്ള ചൂഷണത്തിനെതിരെ നിലപാടുള്ള ആൾക്കും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കവികൾ എഴുതി മുന്നോട്ടു വരുമ്പോൾ അവർ കോക്കസ്സിന്റെ ഭാഗമായതു കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടതെന്നും അവർ കാരണം മറ്റുകവികൾ തമസ്കരിക്കപ്പെട്ടു എന്നും വിശ്വസിക്കാനാണ് ഇഷ്ടം എന്നത് അത്ഭുതകരമായിരിക്കുന്നു.

ചിലർക്കു ലഭിക്കുന്ന ദൃശ്യത മറ്റു ചിലർക്കുണ്ടാക്കുന്ന അസ്വസ്ഥതയാണ്  കേരളത്തിൽ സമീപകാലത്തു നടക്കുന്ന സാഹിത്യചർച്ചകളുടെയെല്ലാം കേന്ദ്രത്തിലുള്ളത്. പി. രാമനു ലഭിച്ചു എന്ന് വിഷ്ണുപ്രസാദിനെ പോലുള്ളവർ കരുതുന്ന ദൃശ്യതയുടെ അനന്തര ഫലമാണ് എനിക്കു നേരെ തുപ്പുന്ന ഈ വിദ്വേഷം. അത് ആയിക്കൊള്ളട്ടെ. ഇന്നലെ വരെ അദൃശ്യമായിരുന്ന ആദിവാസി ഗോത്ര, തീരദേശ എഴുത്തുകൾക്ക് ഇപ്പോൾ ദൃശ്യത ലഭിക്കുമ്പോൾ അതും ഇത്തരക്കാരെ അസ്വസ്ഥപ്പെടുത്തുന്നു എന്നതാണ് അത്ഭുതം. അതേ സമയം ആദിവാസികളോട് സഹഭാവമുള്ളവരായി കാണപ്പെടാൻ ഇവർ ആഗ്രഹിക്കുകയും ചെയ്യുന്നു.


4

2023 ഒക്ടോബർ 24 - ന് രാത്രി എന്റെ ഭാര്യ സന്ധ്യയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. എടുത്തപ്പോൾ കവി വിഷ്ണുപ്രസാദാണ്. രാമനു കൊടുക്കുമോ എന്നു ചോദിച്ചു. ഫോൺ എനിക്കു തന്നു. തനിക്കു ദേശാഭിമാനി അവാർഡ് കിട്ടിയതു മുതൽ എന്നെ വിളിക്കാൻ ശ്രമിക്കുകയാണ് എന്നു പറഞ്ഞു. നീ നല്ല കവിയാണ്, നൃത്തശാല നല്ല പുസ്തകമാണ്, അവാർഡിന് അത് അർഹമാണ്, നിനക്ക് അഭിനന്ദനങ്ങൾ എന്നു പറഞ്ഞ് ഞാൻ സംസാരം അവസാനിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അയാൾ രാമൻ എന്നെ തെറ്റിദ്ധരിച്ചു എന്നു തുടങ്ങി പഴയ വിഷയം എടുത്തിട്ടു. നീ എന്നെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു, ജീവിച്ചു പൊയ്ക്കോട്ടേ വെറുതെ വിടൂ എന്ന് ഞാൻ അപേക്ഷിച്ചു. അയാൾ സ്വന്തം ഭാഗം ന്യായീകരിച്ചു കുറേ സംസാരിച്ചു. ഇടക്ക് എന്നോട് മാപ്പപേക്ഷയും നടത്തി. ആ ഇന്റർവ്യൂവിൽ താൻ പറഞ്ഞ കാര്യങ്ങളിൽ അയാൾ ഇപ്പോഴും ഉറച്ചു നിൽക്കുക തന്നെയാണ്. പിന്നെന്തിനാണ് എന്നോടു മാപ്പു ചോദിച്ചതും സംസാരിക്കാനായി വിളിച്ചതുമെന്ന് എനിക്കറിയില്ല.


5

നേരിട്ടു കണ്ടാൽ ചിരിച്ച് കുശലം പറയുന്ന പലരും കൺമുന്നിൽ നിന്നു മാറിയാൽ പാര പണിയുന്നവരാണ് എന്നത് നമ്മളിൽ പലരുടെയും ഒരു സാധാരണ അനുഭവമായിരിക്കും. വിഷ്ണുപ്രസാദ് തമ്മിൽ കാണുമ്പോഴെപ്പോഴും സൗഹൃദത്തോടെ സംസാരിക്കുന്നയാളാണ്. എന്നാൽ കഴിഞ്ഞ കുറേ കാലമായി അയാൾ സോഷ്യൽ മീഡിയയിൽ എന്നെ ഒരാവശ്യവുമില്ലാതെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത് ചില സുഹൃത്തുക്കൾ പറഞ്ഞ് ഞാനറിയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ സോഷ്യൽ മീഡിയയിൽ വരുന്നത്. ഞാൻ വന്ന ശേഷവും ഒരിക്കൽ തൻ്റെയൊരു FB പോസ്റ്റിൽ എന്നെക്കുറിച്ച് മോശമായെന്തോ അയാൾ എഴുതിയപ്പോൾ മെസഞ്ചറിൽ പോയി എന്തിനാണെന്നെ ഇങ്ങനെ അക്രമിക്കുന്നത്, ഞാൻ നിങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്നു ചോദിക്കുകയുണ്ടായി. പഴയ സൗഹൃദം വെച്ചാണ് ചോദിച്ചത്. ഭാവുകത്വപരമായ വിമർശനമാണ് താൻ നടത്തുന്നത്, വ്യക്തിപരമല്ല എന്നാണ് അതിന് വിഷ്ണു അന്ന് മറുപടി പറഞ്ഞത്. അടിസ്ഥാനമില്ലാത്ത ഗോസിപ്പുകൾ ഉന്നയിക്കുക, എന്നിട്ടതാണ് ഉന്നതമായ സാഹിത്യ വിമർശനം എന്നു ഭാവിക്കുക എന്ന അപലപനീയമായ ഒരു സംസ്കാരം നമ്മുടെ സാഹിത്യരംഗത്ത് പിടിമുറുക്കിയിട്ടുണ്ട്. വിഷ്ണുവിൻ്റെ അന്നത്തെ മറുപടി അതിനുദാഹരണമായിരുന്നു (ഇപ്പോഴത്തെ അഭിമുഖവും വ്യത്യസ്തമല്ല)മറഞ്ഞിരുന്ന് പാര പണിയുന്നവർ നേരിൽ കണ്ടാൽ ചിരിച്ചു കുശലം പറഞ്ഞു വരുന്നെങ്കിൽ എങ്ങനെ നേരിടണം എന്ന് ഞാൻ കുറേ കാലമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു വിഷയമാണ്. അങ്ങനെയിരിക്കെയാണ് ഇപ്പോൾ ഈ തുറന്ന ആക്രമണം ഉണ്ടായിരിക്കുന്നത്. അതു നന്നായി, പിൻപാരയേക്കാൾ നല്ലതാണല്ലോ നേരിട്ടുള്ളത്. എന്നിട്ടും മനസ്സിലാവാത്തതൊന്നേയുള്ളൂ. ഇപ്പോഴും കണ്ടാൽ ചിരിച്ച് കുശലം ഭാവിക്കുന്നതിൻ്റെ പിന്നിലെ മാനസികാവസ്ഥ എന്തായിരിക്കാം?

എ.സി. ശ്രീഹരിയുമായുണ്ടായ വാഗ്വാദങ്ങൾ

 

എ.സി. ശ്രീഹരിയുമായുണ്ടായ വാഗ്വാദങ്ങൾ


കവി എ.സി. ശ്രീഹരി എന്നോടുള്ള വിയോജിപ്പ് സോഷ്യൽ മീഡിയയിലൂടെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തമ്മിൽ വ്യക്തിപരമായ യാതൊരുവിധ കാലുഷ്യങ്ങളും ഇല്ല തന്നെ. എന്റേതിൽ നിന്നു ഭിന്നമായ ഭാവുകത്വമുള്ളവരെ അങ്ങോട്ടു ചെന്ന് ഏതെങ്കിലും വിധത്തിൽ മുറിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കാറും അതിനായി ഒരുമ്പെടാറുമില്ല. വ്യത്യസ്തമായ ഒട്ടേറെ ഭാവുകത്വങ്ങൾ ഉണ്ടാവുകയാണ് വേണ്ടത് എന്നാണെന്റെ പക്ഷം. എന്നാൽ ശ്രീഹരി അങ്ങനെയല്ല. ഒരു കാര്യവുമില്ലാതെ എനിക്കെതിരെ പ്രകോപനപരമായ കമന്റുകൾ ഇടാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. ഭാവുകത്വ പരമായ വ്യത്യാസമാണോ ഇതിനു കാരണം എന്ന് എനിക്കു തീർച്ചയില്ല. ഒരിക്കൽ (2021 ലോ 20 ലോ) ആരോ ഇട്ട കവിതാ സംബന്ധിയായ ഒരു പോസ്റ്റിന്റെ താഴെ പി.രാമനോടാണ് എന്റെ വിയോജിപ്പ് എന്നെഴുതിക്കണ്ടപ്പോൾ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് എന്താണ് എന്നോടുള്ള വിയോജിപ്പ് എന്നു ചോദിച്ചു. അദ്ദേഹം ചില കാരണങ്ങൾ പറഞ്ഞു:

1) കവികളെ പ്രോത്സാഹിപ്പിച്ച് ഉയർത്തിക്കൊണ്ടുവരിക എന്ന പി.രാമന്റെ സംരക്ഷകനാട്യം അങ്ങേയറ്റം ബ്രാഹ്മണിക്കലാണ്. പ്രത്യേകിച്ചും അശോകൻ മറയൂരിനെപ്പോലുള്ളരുടെ കാര്യത്തിൽ.

2)  പി.രാമൻ ജനിച്ച സ്ഥലമായ പട്ടാമ്പി ബ്രാഹ്മണിക്കലായ ഒരു സ്ഥലമാണ്. ആദ്യ പുസ്തകമായ കനത്തിൽ കൊടുത്തിരിക്കുന്ന ജീവചരിത്രക്കുറിപ്പിൽ പട്ടാമ്പി എന്നു കൊടുത്തത് സവർണ്ണാധികാരം സ്ഥാപിക്കലാണ്.

3) പി.രാമൻ സംസാരിക്കുന്ന വള്ളുവനാടൻ ഭാഷ അങ്ങേയറ്റം സവർണ്ണവും ഭാഷാ വൈവിധ്യത്തിനുമേൽ ആധിപത്യം ചെലുത്തുന്നതുമാണ്. രാമന്റെ ശരീര ഭാഷയും സവർണ്ണമാണ്. വള്ളുവനാടൻ ഭാഷയുടെ സാംസ്ക്കാരികാധിനിവേശത്തിന്റെ ഉദാഹരണമാണ് മലയാള സിനിമയിൽ എം.ടി.യുടെ ഭാഷക്ക് കിട്ടിയ പ്രാമുഖ്യം. രാമൻ ഈ വള്ളുവനാടൻ ഭാഷയിൽ പയ്യന്നൂരും മറ്റും വന്ന് സംസാരിക്കുമ്പോൾ അവിടത്തെ പ്രാദേശികതക്കുമേൽ വള്ളുവനാടൻ സവർണ്ണാധികാരം പ്രയോഗിക്കുകയാണ് ചെയ്യുന്നത്.

4) ആദ്യ സമാഹാരമായ കനത്തിന്റെ മുഖക്കുറിപ്പ് തികഞ്ഞ അരാഷ്ട്രീയ നിലപാടാണ്.

5)പി.രാമന്റെ കവിതകളിൽ നിറയെ ജനലുകളാണ്. ജനൽ കേരളത്തിലെ സവർണ്ണ മധ്യവർഗ്ഗ സമൂഹത്തിന്റെ ഇടുങ്ങിയ ജീവിതത്തിന്റെ പ്രതീകമാണ്.

6) പി.രാമൻ എ.വി.ശ്രീകണ്ഠപ്പൊതുവാളെപ്പോലുള്ള കവികളുടെ കവിതകൾ ഇപ്പോൾ വീണ്ടും അവതരിപ്പിക്കുന്നതിൽ സവർണ്ണതയുണ്ട്. പ്രാഥമികമായി, അദ്ദേഹം ഒരു പൊതുവാളാണ്. ജാതിയുടെ പേരിലും മറ്റും അരികുവൽക്കരിക്കപ്പെട്ട ധാരാളം കവികൾ പയ്യന്നൂരിലുണ്ട്. അവരുടെയൊന്നും കവിത ചൊല്ലാതെ ഈ പൊതുവാളിന്റെ കവിത ചൊല്ലുന്നത് സവർണ്ണാധികാരം സ്ഥാപിക്കാനാണ്.

ഈ ഓരോ കാരണത്തെക്കുറിച്ചും വിശദമായി ഞങ്ങൾ സംസാരിച്ചു. രണ്ടു ദിവസം നീണ്ടു നിന്നു ആ സംസാരം. ഫോണും വാട്സ് ആപും അതിന് ഉപയോഗപ്പെടുത്തി. രണ്ടാം ദിവസം വൈകുന്നേരമായപ്പോൾ ഇരുവരും ക്ഷീണിച്ചു. പൊതുവാളായ ശ്രീകണ്ഠപ്പൊതുവാളിന്റെ കവിത ഉയർത്തിക്കൊണ്ടുവരുന്നത് സവർണ്ണതയാണ് എന്ന ശ്രീഹരിയുടെ അഞ്ചാം കാരണത്തോടെയാണ് ആ ചർച്ച തൽക്കാലം അവസാനിച്ചത്.

എന്നോടുള്ള അനിഷ്ടത്തിനും വിയോജിപ്പിനും കാരണമായി ശ്രീഹരി ഉന്നയിച്ച ആറു വാദങ്ങൾക്കും ഞാൻ മറുപടി കൊടുത്തു :

1) ഞാൻ ആരെയും സംരക്ഷിക്കുന്നതായി ഒരിക്കലും എവിടെയെങ്കിലും അവകാശവാദം ഉന്നയിക്കുകയോ ആ നിലയിൽ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല.ആ തരത്തിൽ അവകാശവാദം ഞാൻ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കൂ. എനിക്ക് ഒരാളുടെ കവിത ഇഷ്ടപ്പെടുകയോ ഏതെങ്കിലും തരത്തിൽ അത് പ്രധാനമാണ് എന്നു തോന്നുകയോ ചെയ്താൽ അതിനെ പൊതു ശ്രദ്ധയിലേക്കു കൊണ്ടുവരും വിധത്തിൽ ഞാൻ എഴുതാറുണ്ട്. അങ്ങനെ പലരുടെ കവിതകളെക്കുറിച്ചും പലപ്പോഴായി എഴുതിയിട്ടുണ്ട്. ഇനി, അശോകൻ മറയൂരിന്റെ കാര്യമെടുത്താൽ മറ്റൊന്നു കൂടിയുണ്ട്. മറയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഞാൻ അദ്ധ്യാപകനായിരുന്ന 2005 - 2006 കാലത്ത് അവിടെ വിദ്യാർത്ഥിയായിരുന്നു അശോകൻ. ഒരു വിദ്യാർത്ഥിയുടെ കവിതകൾ വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയുക ഭാഷാദ്ധ്യാപകന്റെ കടമയാണ് എന്നു ഞാൻ കരുതുന്നു. ശ്രീഹരിയുടെ ക്ലാസിലാണ് ഇതു പോലെ എഴുതുന്ന ഒരു വിദ്യാർത്ഥിയെങ്കിൽ ശ്രീഹരിയും ഇതു തന്നെയല്ലേ ചെയ്യുക? അതിനപ്പുറം അശോകനെയോ മറ്റാരെയെങ്കിലുമോ താഴെ നിന്ന് മുകളിലേക്ക് ഞാനാണ് ഉയർത്തിക്കൊണ്ടുവന്നത് എന്ന തരത്തിൽ ഞാൻ എവിടെയെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കൂ. താഴെ നിന്ന് മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന സങ്കല്പനത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. ആരും ആരെക്കാളും മുകളിലുമല്ല, താഴെയുമല്ല.

2) ഞാൻ ജനിച്ചത് പട്ടാമ്പിയിലാണ്. അത് ഒരിക്കലും അങ്ങനെയാവാതിരിക്കാൻ കഴിയില്ല, മാറ്റാനും കഴിയില്ല. എങ്കിലും ആദ്യ പുസ്തകമായ കനത്തിലെ ജീവചരിത്രക്കുറിപ്പിൽ എന്റെ ജാതിയോ ഏതെങ്കിലും അധികാര സൂചക പദങ്ങളോ ഉപയോഗിച്ചിട്ടില്ല. ശ്രീഹരിയുടെ വായനാവികൃതിയിലെ ബയോഡാറ്റ വായിച്ചാൽ ജാതി വെളിപ്പെടും. എന്റെ ജാതി ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. അറിയാൻ അത്യധികമായ ഉൽക്കണ്ഠയുള്ള ആരൊക്കെയോ അത് ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ്.

3) വള്ളുവനാട്ടുകാരനായ എന്റെ ഭാഷ സ്വാഭാവികമായും വള്ളുവനാടൻ ഭാഷയാകും. ഇവിടെ സവർണ്ണർ മാത്രമല്ല, എല്ലാവരും ഈ ഭാഷ തന്നെയാണ് സംസാരിക്കുന്നത്. ഓരോ ജാതിയുടെയും മതത്തിന്റെയും സാംസ്ക്കാരിക സവിശേഷതകൾ ഒരു പക്ഷേ അതിൽ ഉൾച്ചേർന്നിരിക്കാം എന്നു മാത്രം. എന്റെ വീട്ടിൽ കുട്ടിക്കാലം തൊട്ട് സംസാരിച്ചു വരുന്ന ഭാഷയാണ് ഞാൻ ഉപയോഗിക്കുന്നത്. കണ്ണൂരിൽ വരുമ്പോൾ കണ്ണൂർ ഭാഷയിൽ സംസാരിക്കാൻ എനിക്കു കഴിയില്ല. അച്ചടി ഭാഷ എഴുതാം എന്നല്ലാതെ സംസാരിക്കാൻ കഴിയില്ല. അത് ശീലമാണ്. സ്വന്തം വീട്ടുഭാഷയിൽ സംസാരിക്കുന്നത് കുറവോ അധികാരം സ്ഥാപിക്കലോ ആണെന്ന് ഞാൻ കരുതുന്നില്ല. മലയാള സിനിമാ സംഭാഷണത്തെ എം.ടി യുടെ ഭാഷ സ്വാധീനിച്ചെങ്കിൽ അതിന് എം.ടി എന്തു പിഴച്ചു? എം.ടി. തന്റെ ഭാഷ സിനിമാലോകത്തിനുമേൽ അടിച്ചേൽപ്പിച്ചതാണോ? ആണ് എന്നാണു പറയുന്നതെങ്കിൽ അതിനു തെളിവുണ്ടോ?

4) കനം ഏതാണ്ട് 20 കൊല്ലം മുമ്പ് 2000 ൽ ഇറങ്ങിയ കൃതിയാണ്. കവിതയെക്കുറിച്ചുള്ള അന്നത്തെ ഒരു ഇരുപത്തെട്ടുകാരന്റെ ചില ബോദ്ധ്യങ്ങളാണ് അതിന്റെ ആമുഖത്തിൽ ഉള്ളത്. അത് അന്നത്തെ എന്റെ ശരിയായിരുന്നു. ആ മുഖക്കുറിപ്പിലെ അഭിപ്രായം വെച്ച് പി.രാമനെ പൂർണ്ണമായി വിലയിരുത്തുന്നത് ശരിയാണോ? ഇന്ന് കവിതയെ സംബന്ധിച്ച എന്റെ കാഴ്ച്ചപ്പാടുകൾ ഏറെ മാറിയിട്ടുള്ളത് പരിഗണിക്കേണ്ടതില്ലേ? ആ മുഖക്കുറിപ്പിൽ ഞാൻ എഴുതിയത് ജീവിതത്തിൽ ഇല്ലാത്ത മൂല്യങ്ങൾ കവിതയിൽ മാത്രം വെച്ചു കെട്ടുന്ന ഹിപ്പോക്രസിക്കെതിരെയാണ്. അത് പക്ഷേ ആ അർത്ഥത്തിലല്ല അന്നു വായിക്കപ്പെട്ടത്, മറിച്ച് അരാഷ്ട്രീയതയായാണ്.

5) ഞാനെഴുതിയ ഏതാണ്ട് 450 ഓളം (അന്ന്) കവിതകളിൽ നാലോ അഞ്ചോ കവിതകൾ ജനലിനെ മുഖ്യ പ്രമേയമാക്കുന്നുണ്ട്. കൂടാതെ 25 ഓളം കവിതകളിൽ ജനൽ കാവ്യബിംബമായി കടന്നുവരുന്നുമുണ്ട്. ബാക്കി 425 കവിതകൾ ഒഴിവാക്കി ജനൽ കടന്നുവരുന്ന കുറച്ചു കവിതകൾ മാത്രം മുൻ നിർത്തി ഒരു കവിയെ ലേബൽ ചെയ്യുന്നത് ശരിയാണോ? കവിതയിൽ കടന്നുവരുന്ന ജനൽ മധ്യവർഗ്ഗ ഇടുക്കക്കാഴ്ച്ചയാണ് എന്ന വാദത്തോടും എനിക്ക് യോജിപ്പില്ല. ജനൽ മറ്റു പലതുമായിക്കൂടേ? വിദേശ കവികൾ ജനലിനെക്കുറിച്ച് എഴുതിയിട്ടില്ലേ? അതിനെ എങ്ങനെ വിലയിരുത്തും?

6) ഞാൻ പയ്യന്നൂരിൽ സംസാരിക്കാൻ വന്നപ്പോൾ സ്വാഭാവികമായും ആ നാട്ടുകാരനായ എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതകൾ ഓർത്തു. അവ പുതിയ തലമുറക്ക് ഏറെക്കുറെ അജ്ഞാതമാകയാൽ ആ വേദിയിൽ ഞാനതു ചൊല്ലി. അല്ലാതെ കവി സവർണ്ണായ പൊതുവാളായതുകൊണ്ടല്ല ചൊല്ലിയത്. എന്നെ സംബന്ധിച്ചിടത്തോളം പ്രാഥമികമായി അദ്ദേഹം കവിയാണ് , പൊതുവാൾ അല്ല. അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയാണെന്നാണ് എന്റെ അറിവ്. ഇനി, പയ്യന്നൂരുകാർക്ക് അദ്ദേഹത്തോട് എന്തെങ്കിലും നീരസമുണ്ടെങ്കിൽ അത് എനിക്കറിവുള്ളതോ എന്നെ ബാധിക്കുന്നതോ അല്ല. പഴയ കവികളുടെ കവിതകൾ ഞാൻ ധാരാളമായി പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാറുണ്ട്. അവരിൽ പല മതത്തിലും ജാതിയിലും പെട്ടവരുണ്ട്. ജാതിയുടെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ തമസ്ക്കരിക്കപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്ത കവികൾ പയ്യന്നൂരുണ്ടെങ്കിൽ ശ്രീഹരിയെപ്പോലുള്ളവർ അവരെ പൊതു ശ്രദ്ധയിലേക്കു കൊണ്ടു വരൂ. എന്റെ ശ്രദ്ധയിൽ പെടുന്നവരെക്കുറിച്ചല്ലേ എനിക്കു പറയാൻ കഴിയൂ. മാത്രമല്ല, എ.വി.ശ്രീകണ്ഠപ്പൊതുവാൾ എന്ന പേരു കേൾക്കുമ്പോഴെ അദ്ദേഹം ഒരു പൊതുവാളാണ് എന്ന് ജാതിയുടെ പേരിൽ മുൻധാരണ വെച്ച് വിലയിരുത്തുന്നത് ശ്രീഹരിയെപ്പോലെ ഒരു പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് പണ്ഡിതന് ചേരുന്നതല്ല. ശ്രീഹരി അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിട്ടില്ലെന്നുണ്ടോ? ജാതിയുടെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ മുൻ ധാരണ വെച്ച് കവിത വിലയിരുത്തുന്നത് സത്താവാദമല്ലേ? ഒരാളുടെ സത്ത ആദ്യമങ്ങ് തീരുമാനിച്ചാൽ പിന്നെ വിമർശനത്തിന് എന്തു പ്രസക്തി? ശ്രീഹരി പുലർത്തുന്ന സത്താവാദ പരമായ ഈ വീക്ഷണമാണ് യഥാർത്ഥത്തിൽ ബ്രാഹ്മണ്യം.

ഇവയിൽ ഒടുവിൽ പറഞ്ഞ വാദം ശ്രീഹരിയെ ഏറെ പ്രകോപിപ്പിച്ചു. ശ്രീഹരി ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതകൾ വായിച്ചിട്ടില്ലെന്നുണ്ടോ എന്ന ചോദ്യത്തിന് പരുഷമായി, ഞാൻ എന്തെല്ലാം വായിച്ചു , വായിച്ചില്ല എന്ന് നിങ്ങളോടു പറയേണ്ട കാര്യമില്ല എന്നു പറഞ്ഞു. സത്താവാദം പല തരത്തിലുണ്ട് , അവയെപ്പറ്റി നിങ്ങൾക്കെന്തറിയാം എന്നും ചോദിക്കുകയുണ്ടായി.

****

ഈ സംഭാഷണം കഴിഞ്ഞ് രണ്ടു കൊല്ലത്തിനു ശേഷം 2023 ജനുവരി 17-ന് ഫേസ് ബുക്കിൽ ഇതേ വാദം തന്നെ ശ്രീഹരി മറ്റൊരു തരത്തിൽ വീണ്ടും ഉന്നയിച്ചു. പി പ്രേമചന്ദ്രൻ എന്നെക്കുറിച്ചെഴുതിയ ഒരു പോസ്റ്റിന്റെയും മോക്ഷമന്ത്രം എന്ന കവിത വായിക്കുന്ന വീഡിയോയുടെയും താഴെ വന്ന് മോക്ഷമന്ത്രം എന്ന കവിത ബ്രാഹ്മണിക്കലാണ് എന്ന് ശ്രീഹരി എഴുതി. കവിയുടെ ജീവിതം ബ്രാഹ്മണിക്കൽ അല്ല എന്നതുകൊണ്ടു മാത്രം കവിത ബ്രാഹ്മണിക്കൽ അല്ല എന്നു പറയാനാവില്ല എന്നും അദ്ദേഹം എഴുതി. തുടർന്ന് ശ്രീഹരിയുടെ വാദത്തിനു താഴെ പി.പ്രേമചന്ദ്രൻ, കെ.വി. മണികണ്ഠദാസ് , ഒ.അരുൺകുമാർ , സുകുമാരൻ ചാലിഗദ്ധ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ചർച്ചയുടെ ഒരു ഘട്ടത്തിൽ ശ്രീഹരി, പി രാമൻ ഉപനയിച്ച ഗോത്രകവികൾ എന്നൊരു പ്രയോഗം നടത്തി. അത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ശ്രീഹരി കെ.വി. മണികണ്ഠദാസിന്, താൻ ആ പദം കൊണ്ട് ബ്രാഹ്മണിക്കൽ ആയ ഉപനയനത്തെയല്ല ഉദ്ദേശിച്ചതെന്നും മറിച്ച് വിദ്യ ആരംഭിക്കൽ (initiation in to scholrship) എന്ന അർത്ഥമാണെന്നും ഇംഗ്ലീഷിൽ പ്രതികരണമെഴുതി. മാത്രമല്ല, താനും രാമനും മണികണ്ഠദാസുമെല്ലാം ബ്രാഹ്മണിക്കൽ ആണ് എന്നും എഴുതി. തുടർന്ന്, ആ പ്രയോഗം ഗോത്രവിഭാഗത്തിൽ നിന്നുള്ള കവികളെ അപമാനിക്കുന്നതാണെന്ന് സുകുമാരൻ ചാലിഗദ്ധ ഒരു FB പോസ്റ്റ് ഇട്ടു. അതു ഷെയർ ചെയ്തു കൊണ്ട് 2023 ജനവരി 19-ന് ഞാൻ ഇങ്ങനെ എഴുതി :

"ഉപനയിക്കുക എന്നാൽ പൂണൂലിടീക്കുക, ബ്രാഹ്മണനാക്കുക.

ആരെങ്കിലും പൂണൂലിടിച്ച് ബ്രാഹ്മണരാക്കിയതുകൊണ്ടല്ല ഗോത്ര കവികൾ ഇന്ന് ശക്തമായി എഴുതുന്നത്.  ഏതെങ്കിലും ഒരു രാമൻ ഉപനയിച്ചിട്ടല്ല, സ്വന്തം പ്രതിഭയുടെ ശക്തികൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടുമാണ് ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള കവികൾ അവരുടെ സ്വന്തം ഭാഷകളിലും മലയാളത്തിലും തുടർച്ചയായി എഴുതുന്നത്. സ്വന്തം സാംസ്ക്കാരിക പാരമ്പര്യവും രാഷ്ട്രീയവുമാണ് ഗോത്രകവിത ഉയർത്തിപ്പിടിക്കുന്നത്. അല്ലാതെ ബ്രാഹ്മണ്യമല്ല. ഗോത്ര ഭാഷാ കവികളായ സുകുമാരൻ ചാലിഗദ്ധയും സുരേഷ് എം. മാവിലനും ചേർന്ന് എഡിറ്റു ചെയ്ത ഗോത്ര കവിത ഇന്ത്യൻ ഭാഷകളിൽ തന്നെ അത്യപൂർവമായ ഒരു ഗ്രന്ഥമാണ്. ആരെങ്കിലും ഉപനയിക്കേണ്ടവരാണ് ആദിവാസി ജനത എന്ന ബോധം അധമമാണ്. അവരുടെ കർതൃത്വത്തെ നിഷേധിക്കലാണ്"

മോക്ഷമന്ത്രം എന്ന എന്റെ കവിതയിലെ ബ്രാഹ്മണ്യപ്രകീർത്തനം എന്താണെന്ന് താൻ വഴിയേ വിശദമാക്കാൻ ശ്രമിക്കും എന്നും ശ്രീഹരി ആ വാഗ്വാദത്തിനൊടുവിൽ കമന്റ് ചെയ്യുകയുണ്ടായി.

Sunday, April 2, 2023

പറയാനാവാത്തത് - കിർമെൻ ഉറൈബ് (ബാസ്ക്, സ്പെയിൻ, ജനനം : 1970)

 പറയാനാവാത്തത്


കിർമെൻ ഉറൈബ് (ബാസ്ക്, സ്പെയിൻ, ജനനം : 1970)


സ്വാതന്ത്ര്യമെന്നു നിങ്ങൾക്കു പറയാനാവില്ല

സമത്വമെന്നു നിങ്ങൾക്കു പറയാനാവില്ല

പറയാനാവില്ല മരമെന്നോ നദിയെന്നോ ഹൃദയമെന്നോ.

പഴയ നിയമങ്ങൾ പ്രയോഗക്ഷമമാവില്ല.


വാക്കുകൾക്കും വസ്തുക്കൾക്കുമിടയിലെ പാലങ്ങളെ

പ്രളയങ്ങൾ ഒഴുക്കിക്കൊണ്ടുപോയി.

നിങ്ങൾക്കു പറയാനാവില്ല,

ഒരു സ്വേച്ഛാധിപതിയുടെ തീർപ്പ്

കൊലയെന്ന്.

അതിസാധാരാണമായ ഒരോർമ്മ ആത്മാവിനെ തുളക്കുമ്പോൾ

ആരെയോ നഷ്ടപ്പെടുന്നുവെന്ന്

നിങ്ങൾക്കു പറയാനാവില്ല.


കാലമേറെത്തിരിഞ്ഞു തിരിഞ്ഞ

പഴയ ആട്ടുകല്ലു പോലെ

ഭാഷ അപൂർണ്ണം, മുദ്രകൾ തേഞ്ഞ്.

ആകയാൽ,


സ്നേഹമെന്നു നിങ്ങൾക്കു പറയാനാവില്ല,

സൗന്ദര്യമെന്നു നിങ്ങൾക്കു പറയാനാവില്ല,

പറയാനാവില്ല മരമെന്നോ നദിയെന്നോ ഹൃദയമെന്നോ.

പഴയ നിയമങ്ങൾ പ്രയോഗക്ഷമമാവില്ല.


എങ്കിലും ഞാൻ സമ്മതിക്കുന്നു,

ഇപ്പൊഴും

എന്റെ സ്നേഹമേ എന്നു നീ പറയുന്നതു കേൾക്കുമ്പോൾ എനിക്കു

വൈദ്യുതിയേറ്റ അനുഭവം,

അതു സത്യമായാലും നുണയായാലും.

Saturday, April 1, 2023

ക്യാൻവാസ് ഭയം

ക്യാൻവാസ് ഭയം

(ഹൃദയിന്)


ക്യാൻവാസിന്റെ ഒരു മൂലയിൽ നീ,

പായിൽ കമിഴ്ന്നുകിടക്കുന്ന

കൈക്കുഞ്ഞു പോലെ


മൈക്കൽ ആഞ്ജലോ

സിസ്റ്റൈൻ ചാപ്പൽ സീലിങ്ങിൽ

മലർന്നു കിടന്നു വരക്കുന്ന രംഗം

മനസ്സിൽ കാണാനെനിക്കു കഴിവില്ല.

എന്നാൽ

കെട്ടിയുയർത്തിയ മരക്കോണിയിൽ കയറി

തലയുയർത്തിപ്പിടിച്ചു നിന്ന്

ബ്രഷുയർത്തി വരക്കുന്ന

ചിത്രകാരനെ

കണ്ടിട്ടുണ്ട്.

വമ്പൻ ഉയരത്തിൽ കയറിനിന്ന്

കെട്ടിടങ്ങൾക്കു ചായമടിക്കുന്നവരെയും.


പെരുകുന്ന വിസ്താരത്തിലേക്ക്

ദിവസങ്ങളോളം 

തലയുയർത്തി നോക്കി നിന്നു വരക്കുന്നത്

എത്ര അപായകരം!


ക്യാൻവാസ് പെരുംകടൽ,

തോണി തന്നെ തോണിക്കാരൻ

തുഴ വീഴുന്ന ബിന്ദുവിൽ

പുതുനിറം.