Sunday, April 16, 2023

രാമചരിതം നൂറ്റി ഒമ്പതാം പടലം

 രാമചരിതം നൂറ്റി ഒമ്പതാം പടലം

സമകാലമലയാളപ്പകർച്ച : പി.രാമൻ


രാവണനെ വധിച്ചെന്നും യുദ്ധം ജയിച്ചെന്നുമുള്ള രാമസന്ദേശം ഹനുമാൻ അശോകവനികയിൽ രാക്ഷസിമാർക്കിടയിലിരിക്കുന്ന സീതയെ അറിയിക്കുന്നതാണ് ഈ ഭാഗം


1


ഇങ്ങനെ പറയും രാജാവിൻ നൽപ്പാദങ്ങൾ മാരുതിയും

പരമാനന്ദം ചിന്തയിലാർന്നു നമസ്ക്കരിച്ചു വിഭീഷണനും

തെരുവിൽ തിങ്ങും വമ്പട ചൂഴ്ന്നു തിളപ്പോടേ ലങ്കയിൽ വ-

ന്നരുൾചെയ്തൂ മുമ്പെങ്ങനെ നായക,നങ്ങനെയവരും ചെയ്തഖിലം.


2


അകമേ വേവേറിപ്പലനാളരചൻ പിരിഞ്ഞിരുന്നവളാം

അകിലിൻചാറണിമുലയാൾ സീതക്കരികേയെത്തീ മാരുതിയും

പകയൊടു ചുറ്റുമിരുന്നു ഭയം വരുമാറു നിശാചരിമാരോരോ

വക പറയും വാചകമാലകൾ കേട്ടലിഞ്ഞു കൈതൊഴുതു.


3


തൊഴുതന്നേരം പറയാൻ തുടങ്ങിയടക്കത്തോടെയവൻ ഹിതം

പൊഴിയും വണ്ണം "മനം കുളുർക്കെക്കേട്ടരുളാവൂ നായികയേ,

തീരാത്തൊന്നേ രാക്ഷസരാജൻ കാരണമുണ്ടായ്‌വന്നൊരഴൽ

പിഴപറ്റാതേ ദേവനു വന്നൂ ദു:ഖമിതെല്ലാം മാൻകണ്ണീ"


4


"ദു:ഖം മാറീ മന്നവനിന്നുതൊട്ടിനിമേലെന്നെന്നും

ഭംഗിയിലതു നീ കാണുക ലക്ഷ്മണരാജകുമാരനുമവ്വണ്ണം

ഈരേഴുലകിനു പേടിയറുംപടി രാക്ഷസരാജൻ രാമശരം

തറച്ചു ജീവൻ വേറായ് മണ്ണിൽ പതിച്ചു, വാൾനഖമുള്ളവളേ"


5


"ശ്രീരാമന്റെ ചരണത്തിൽ ശരണം പൂകീ വിഭീഷണൻ

കോമരമായീ പിഴയില്ലാത്ത പ്രതാപത്തോടവനനന്തരം

അന്തകനായീ ശത്രുക്കൾക്കെല്ലാം, ഒടുവിൽ സുന്ദരമാം

ലങ്കാനഗരം വാണരുളും രാജാവായീ വിഭീഷണൻ"


6


"നീൾനയനേ, ദു:ഖങ്ങൾ കൂട്ടം കൂട്ടമായ് വന്നെപ്പോഴും

തുടരുമ്പോൾ നിന്നുള്ളിൽ ദുഃഖമണയാതായിത്തീർന്നല്ലോ

വരുവോർക്കെല്ലാം കല്പകമേ, യരചൻ ചൊല്ലാൽ കാൽത്താരിൽ

കുമ്പിടുമെന്നോടൊന്നുരിയാടാതെന്തേയകലെയൊഴിഞ്ഞീടാൻ?"


7


"ഒഴിയുന്നിപ്പോൾ ധീരതയോടുരിയാടുവതിന്നവിടുന്ന്"

അലിവുറ്റോരടി കൂപ്പും മാരുതി തന്നിൽ കനിവൊടു ജാനകിയും

"അഴകൊഴുകും നിൻ വാചകമാമമൃതു നുകർന്നിരുന്നതിനാൽ

നിന്നോടൊന്നുരിയാടാൻ കഴിയാതായെനിക്ക്" പറഞ്ഞവളും


8


"പോരിൽ രാജാവിന്നമ്പാൽ ചേറും ചോരച്ചാറുമണി -

ഞ്ഞുലകിൻ ദു:ഖം തീർത്തുയിർ പോയ് രാക്ഷസരാജൻ വീണതും 

ദേവൻ ശത്രുക്കളെ വെന്നീപ്പോരു മുടിച്ചതുമോരോന്നായ് 

നീ പറയുമ്പോൾ കൊടുതാം ദു:ഖം, വേദനയും പൊയ്പോകയായ്"


9


"ദേവൻ പോരിൽ ജയിച്ചുവെന്നതൊരത്ഭുതമല്ലാ, രാക്ഷസർ

വേരോടറ്റൂ പറ്റേയെന്നതു ന്യായ, മതൊക്കെയിരിക്കട്ടെ,

എന്നാലും നീ ചൊല്ലിയ വാക്കിനു തുല്യമായില്ലെൻ ചെവികൾ, -

ക്കൊന്നും കേട്ടറിവില്ലേ, രാമദേവനാണേ ഞാൻ പറയാം"


10


"രാമദേവൻ വെന്നതു വന്നറിയിക്കുമീ നിനക്കിക്കാണും

നാടോ, നീളൻ പട്ടണമോ കപിവീരർ തൻ കുലക്കൊടിയേ,

ആഭരണക്കൂട്ടങ്ങളോ, പൂവനങ്ങളേഴോ ഞാൻ തരാം

വേണോ ദീർഘായുസ്സ്, തരാം ഞാ" നെന്നു മൊഴിഞ്ഞു മലർക്കണ്ണാൾ


11


മൊഴിയതു കേട്ടമ്മാരുതിയുടനേ പറഞ്ഞു: "ഞാൻ പൊടുക്കനേ

വഴി കൂടാതേയിങ്ങനെ പേശിയിരിക്കും രാക്ഷസിമാരെ 

മുഴങ്കാൽ കൊണ്ടും മുഷ്ടികൾ കൊണ്ടുമടിച്ചു മുടിച്ചാലതു പിഴയാമോ?

എന്നൊരു ശങ്കയേറ്റവുമെന്റെയുള്ളിൽ വന്നു പിറക്കുന്നൂ"

No comments:

Post a Comment