പറയാനാവാത്തത്
കിർമെൻ ഉറൈബ് (ബാസ്ക്, സ്പെയിൻ, ജനനം : 1970)
സ്വാതന്ത്ര്യമെന്നു നിങ്ങൾക്കു പറയാനാവില്ല
സമത്വമെന്നു നിങ്ങൾക്കു പറയാനാവില്ല
പറയാനാവില്ല മരമെന്നോ നദിയെന്നോ ഹൃദയമെന്നോ.
പഴയ നിയമങ്ങൾ പ്രയോഗക്ഷമമാവില്ല.
വാക്കുകൾക്കും വസ്തുക്കൾക്കുമിടയിലെ പാലങ്ങളെ
പ്രളയങ്ങൾ ഒഴുക്കിക്കൊണ്ടുപോയി.
നിങ്ങൾക്കു പറയാനാവില്ല,
ഒരു സ്വേച്ഛാധിപതിയുടെ തീർപ്പ്
കൊലയെന്ന്.
അതിസാധാരാണമായ ഒരോർമ്മ ആത്മാവിനെ തുളക്കുമ്പോൾ
ആരെയോ നഷ്ടപ്പെടുന്നുവെന്ന്
നിങ്ങൾക്കു പറയാനാവില്ല.
കാലമേറെത്തിരിഞ്ഞു തിരിഞ്ഞ
പഴയ ആട്ടുകല്ലു പോലെ
ഭാഷ അപൂർണ്ണം, മുദ്രകൾ തേഞ്ഞ്.
ആകയാൽ,
സ്നേഹമെന്നു നിങ്ങൾക്കു പറയാനാവില്ല,
സൗന്ദര്യമെന്നു നിങ്ങൾക്കു പറയാനാവില്ല,
പറയാനാവില്ല മരമെന്നോ നദിയെന്നോ ഹൃദയമെന്നോ.
പഴയ നിയമങ്ങൾ പ്രയോഗക്ഷമമാവില്ല.
എങ്കിലും ഞാൻ സമ്മതിക്കുന്നു,
ഇപ്പൊഴും
എന്റെ സ്നേഹമേ എന്നു നീ പറയുന്നതു കേൾക്കുമ്പോൾ എനിക്കു
വൈദ്യുതിയേറ്റ അനുഭവം,
അതു സത്യമായാലും നുണയായാലും.
No comments:
Post a Comment