Wednesday, April 5, 2023

കവി വിഷ്ണുപ്രസാദുമായി ഒരു വഴക്ക്

 കവി വിഷ്ണുപ്രസാദുമായി ഒരു വഴക്ക്



2023 ഏപ്രിൽ ഒന്നാം തിയ്യതി രാത്രി ഒമ്പതു മണിയോടെ കുട്ടുറുവൻ ഇലപ്പച്ച എന്ന ഫേസ് ബുക്ക് വാളിൽ മലയാളത്തിലെ പുതുകവിതയെ തകർക്കുന്ന ആചാര്യമോഹികളായ രണ്ടു പേരെ തിരസ്ക്കരിക്കണം എന്നൊരാഹ്വാനം പ്രത്യക്ഷപ്പെട്ടത് എന്റെ ശ്രദ്ധയിൽ പെട്ടു. താഴെ കമന്റുകളിൽ സുജീഷ് എന്ന ആൾ ആ രണ്ടു പേർ പി.രാമനും എസ്.ജോസഫുമാണോ എന്നു ചോദിച്ചതിന് കുട്ടുറുവൻ ഇലപ്പച്ച അതെ എന്നു മറുപടി നൽകി. കുട്ടുറുവൻ ഇലപ്പച്ച കവി വിഷ്ണുപ്രസാദിന്റെ FB വാളാണ്. എന്റെ പേർ പരാമർശിച്ച് ഇത്തരമൊരു ആരോപണം ഒരു വസ്തുതയുടെയും പിൻബലമില്ലാതെ നടത്തിയത് ആക്ഷേപാർഹമായതിനാൽ ഞാൻ കമന്റ് ബോക്സിൽ ഇങ്ങനെ എഴുതി: 

"ഒന്നു ജീവിക്കാൻ അനുവദിക്കുമോ വിഷ്ണുപ്രസാദേ, നിന്നെക്കാളൊക്കെ കവിത്വം കുറഞ്ഞ ഒരാളാണു ഞാൻ. എനിക്ക് ഒരാചാര്യനുമാവണ്ട. പിന്നെ, കവിത എഴുതുകയും ഇഷ്ടപ്പെട്ട കവിതയെക്കുറിച്ചു പറയുകയും മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. അത് നീയുൾപ്പെടെ എല്ലാവരും ചെയ്യുന്നതു തന്നെയാണ്. ഈ രണ്ടുമല്ലാതെ എന്താണ് ഞാൻ ചെയ്തിട്ടുള്ളത് എന്നു പറഞ്ഞു തന്നാൽ തിരുത്താമായിരുന്നു" ഈ കമന്റിന് അദ്ദേഹം "മറുപടി പറയാം, വിശദമായി. ക്ഷമിക്കൂ" എന്നൊരു മറുപടി തന്നു. 

ഒരു ദിവസം മുഴുവൻ വിശദമായ മറുപടിക്കു വേണ്ടി ഞാൻ കാത്തു. ഇങ്ങനെയൊരാരോപണം എനിക്കെതിരെ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്ത്, ഞാൻ കവിത എഴുതുകയും ഇഷ്ടപ്പെട്ട കവിതയെപ്പറ്റി പറയുകയുമല്ലാതെ ആചാര്യ സ്ഥാനത്തിനും പുതു കവിതയെ തകർക്കാനുമായി ചെയ്യുന്ന കാര്യങ്ങൾ തെളിവുകളായി ഉണ്ടാവേണ്ടതാണ്. ഉണ്ടെങ്കിൽ എന്റെ ചോദ്യത്തിനു മറുപടി ഉടൻ തന്നെ തരേണ്ടതുമാണ്. ഒരു ദിവസം കാത്തിട്ടും മറുപടി കാണാത്തതിനാൽ തൊട്ടു താഴെ ഞാൻ ഒരു കമന്റു കൂടി 2 - 4 - 23-ന്  എഴുതി:

 "ഞാൻ മുകളിൽ ചോദിച്ച ചോദ്യത്തിന് ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുവിന് മറുപടിയില്ല. ഇതിൽ നിന്ന് എനിക്കു മനസ്സിലാവുന്നതിതാണ്. ഞാൻ കവിതയെഴുതാനോ ഇഷ്ടപ്പെട്ട കവിതകളെപ്പറ്റി അഭിപ്രായം പറയാനോ പാടില്ല. വിഷ്ണുപ്രസാദിന് ഇതെല്ലാമാകാം. പക്ഷേ പി രാമൻ ഇതൊന്നും ചെയ്യരുത്. എന്നുവെച്ചാൽ ഒരേ കാലത്ത് ഒപ്പം എഴുതിപ്പോരുന്ന ഒരു കവി എന്നെന്നേക്കുമായി നിശ്ശബ്ദനാകണം എന്നർത്ഥം" ഈ കമന്റിന് അദ്ദേഹം മറുപടി തരികയോ കണ്ടതായി ലൈക്കുചെയ്യുകയോ ചെയ്തില്ല. 

പിന്നെയും ഒരു ദിവസം ഞാൻ കാത്തു. സാഹിത്യ രംഗത്ത് ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന കുത്സിത പ്രവർത്തനങ്ങൾ തെളിവു സഹിതം വെളിപ്പെടുകയാണെങ്കിൽ സ്വന്തം നികൃഷ്ടത തിരിച്ചറിയാനും തിരുത്താനും ഒരവസരമാണല്ലോ. ഒരു ദിവസം കൂടി കാത്തിട്ടും മറുപടി കാണാതിരുന്നപ്പോൾ 3 - 4 - 23-ന് സാമാന്യം നീളമേറിയ ഒരു വിശദീകരണ കമന്റ് ഞാൻ പോസ്റ്റു ചെയ്തു. : 

"വിഷ്ണു എനിക്കെതിരെ വലിയ കുറ്റപത്രം എഴുതിയുണ്ടാക്കുന്ന തിരക്കിലാവും എന്നറിയാം. പുതുകവിതയെ തകർക്കുന്ന ആചാര്യ മോഹിയായ എന്നെ തിരസ്ക്കരിക്കാൻ ആഹ്വാനം പുറപ്പെടുവിക്കാൻ വിഷ്ണുവിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. തിരിച്ച് ഞാനൊരു ചെറിയ ചോദ്യം ചോദിച്ചതിനു മറുപടി പറയാൻ കുറേയേറെ ആലോചിച്ചു തയ്യാറെടുപ്പു നടത്തേണ്ടിവരുന്നു. മറുപടിക്കു വേണ്ട വസ്തുതകൾ ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ടതു കൊണ്ടാവും ഇത്രയും വൈകുന്നത്. ആ ഗവേഷണം വിഷ്ണു തനിച്ചാവും നടത്തുക എന്നും ഞാൻ കരുതുന്നില്ല. ഞാൻ ഇല്ലാതാവണമെന്ന് വിഷ്ണുവിനെപ്പോലെ തന്നെ ആഗ്രഹിക്കുന്ന സമാനമനസ്കരുമായി കൂടിയാലോചിച്ച് മറുപടി സമയം പോലെ തയ്യാറാക്കിക്കൊള്ളുക.

കവിത എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു, ഇഷ്ടപ്പെട്ട കവിതകളെപ്പറ്റി അഭിപ്രായങ്ങൾ എഴുതുകയും പറയുകയും ചെയ്യുന്നു എന്നല്ലാതെ ഞാനെന്താണ് ചെയ്യുന്നത് എന്നതായിരുന്നു ചോദ്യം. ഈ രണ്ടു കാര്യങ്ങളും അവരവരുടെ അഭിരുചിയനുസരിച്ച് വിഷ്ണുവും മറ്റെല്ലാവരും ചെയ്യുന്നതു തന്നെയാണ്. സ്വന്തം ബ്ലോഗിലൂടെയും പോയട്രി മാഫിയ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും FB യിലൂടെയും തനിക്കിഷ്ടപ്പെട്ട കവിതകളെപ്പറ്റി വിഷ്ണുവും എത്രയോ കാലമായി പറയുന്നുണ്ട്. ഞാനത് തിളനില എന്ന പ്രസിദ്ധീകരണത്തിലൂടെയും എഴുതുന്ന ലേഖനങ്ങളിലൂടെയും ചെയ്യുന്നു എന്നു മാത്രം. നമ്മുടെ അഭിരുചി രണ്ടാവാം. വിഷ്ണുവിന്റെ അഭിരുചിയാവണം പി.രാമന്റേതും എന്ന് ശഠിക്കുന്നത് ഫാസിസമല്ലേ?

ഇനി, ഇഷ്ടപ്പെട്ട കവിതയെപ്പറ്റി എഴുതിയതിന്റെയോ പറഞ്ഞതിന്റെയോ പേരിൽ വിഷ്ണുവുൾപ്പെടെ ആരുടെയെങ്കിലും മേൽ ഞാൻ എന്തെങ്കിലും അധികാരപ്രയോഗം നടത്തിയിട്ടുണ്ടോ? വിഷ്ണുവിന്റെ കവിത എനിക്കിഷ്ടമായതു കൊണ്ട് അതിനെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ട്. ഏതാണ്ട് 15 കൊല്ലം മുമ്പ് ഒരു ലേഖനം. പിന്നെ കഴിഞ്ഞ കൊല്ലം പ്രസിദ്ധീകരിച്ച കവി നിഴൽമാല എന്ന ലേഖന പുസ്തകത്തിലുമുണ്ട്. ഇതിന്റെ പേരിൽ വിഷ്ണുവിനോട് അധികാരപ്രയോഗം പോയിട്ട് കൂടുതൽ അടുക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല. എന്തായാലും, വിഷ്ണുവിനെപ്പോലെ ഒരു നല്ല കവി ഗോസിപ്പും പരദൂഷണവും നടത്തി സഹകവിയെ നിശ്ശബ്ദനാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത് - ആശംസകൾ! കഥാകൃത്ത് നൊറോണയെ ചിലർ നിശ്ശബ്ദനാക്കാൻ നോക്കിയതിന്റെ തുടർച്ചയായി അദ്ദേഹം ജോലി രാജി വെച്ചത് കഴിഞ്ഞ ദിവസമാണ്. എന്നെ നിശ്ശബ്ദനാക്കാൻ താങ്കളും കഴിവു പോലെ ശ്രമിച്ചു കൊള്ളുക. നാളെ ഞാൻ ചത്താൽ ശവം കാണാൻ പോലും ഈ വഴി വരരുതേ. പാത്തുമ്മക്കുട്ടി ടീച്ചറോട് അവസാനമായി എന്റെ സ്നേഹാന്വേഷണം പറയുക. കൂടുതലായി ഒന്നും പറയാനില്ലാത്തതു കൊണ്ടും രണ്ടു ദിവസം ക്ഷമിച്ചിട്ടും മറുപടി കിട്ടാത്തതു കൊണ്ടും ഇനി വരുന്ന മറുപടി ഗൂഢാലോചനയുടെ ഫലമാകും എന്നുറപ്പുള്ളതു കൊണ്ടും ഞാൻ നിർത്തുന്നു"

ഇത് പോസ്റ്റു ചെയ്ത ഉടൻ തന്നെ മറുപടി വന്നു. ഞാൻ ഊഹിച്ച പോലെ താൻ ഗവേഷണവും ഗൂഢാലോചനയും നടത്തിക്കൊണ്ടിരിക്കുകയാണെന്നും എനിക്കെതിരെ പലരും പല കാര്യങ്ങളും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആ കമന്റിൽ അദ്ദേഹം എഴുതി. എഴുതാൻ വേണ്ട  തെളിവുകൾ കിട്ടിയാലുടൻ അവ വെളിപ്പെടുത്തും. മറ്റുള്ളവരുടെ പേര് ഇതിലേക്ക് വലിച്ചിഴക്കാൻ അവരുടെ സമ്മതം കൂടി ആവശ്യമുണ്ട്. തെളിവുകളും അതു പറഞ്ഞവരുടെ സമ്മതവും കിട്ടിയാലുടൻ താൻ മറുപടി തരും എന്നാണ് അതിലദ്ദേഹം എഴുതിയത്. എന്നെ ഇല്ലാതാക്കുക തന്റെ ലക്ഷ്യമല്ലെന്നും ഞാനൊരു അധികാരസ്ഥാപനമായിരിക്കുന്നതിനെയാണ് താൻ എതിർക്കുന്നതെന്നും കൂടി ആ കമന്റിൽ അദ്ദേഹം എഴുതി.

ഇതിന് ഒരു ചെറിയ മറുപടി കൂടി നൽകിയ ശേഷം ഞാൻ ആ സംഭാഷണവും വിഷ്ണുപ്രസാദുമായുള്ള FB വിനിമയും ബ്ലോക്കുചെയ്ത് അവസാനിപ്പിച്ചു. അവസാനിപ്പിക്കും മുമ്പ് എഴുതിയ ചെറിയ മറുപടിയിൽ ഞാൻ, വിഷ്ണുപ്രസാദിന്റെ സ്വന്തം അനുഭവത്തിൽ നിന്നല്ല എനിക്കെതിരെയുള്ള ആരോപണങ്ങൾ എന്നു വ്യക്തമായ കാര്യം ഓർമ്മിപ്പിക്കുക മാത്രം ചെയ്തു. മൂന്നു ദിവസങ്ങളിലായി നടന്ന ഇത്രയും ആശയവിനിമയങ്ങൾ അദ്ദേഹത്തിന്റെ FB വാളിൽ ഇപ്പോഴും ഉണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാത്തതിനാലാണ് സംസാരത്തിന്റെ ഉള്ളടക്കം തൊട്ടടുത്ത ദിവസം തന്നെ (4-4-23) ഓർമ്മയിൽ നിന്നു കുറിച്ചിടുന്നത്.

ബ്ലോക്കുചെയ്തു കഴിഞ്ഞപ്പോൾ ഒരു കാര്യം കൂടി വിഷ്ണുപ്രസാദിനോടു പറയേണ്ടതായിരുന്നു എന്നു തോന്നി. ഞാൻ അധികാരസ്ഥാപനമാകുന്നതിനെതിരെ സ്വാനുഭവത്തിൽ നിന്ന് തെളിവുകൾ ഒന്നും പറയാനില്ലാത്തതിനാൽ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ വെച്ചായിരിക്കുമല്ലോ എനിക്കെതിരെ കുറ്റപത്രം തയ്യാറാക്കുക. അതായത് ഗോസിപ്പുകളുടെയും പരദൂഷണങ്ങളുടെയും അടിസ്ഥാനത്തിൽ. വസ്തുതകളുടെ പിൻബലമില്ലാത്ത ആരോപണങ്ങളാണ് പ്രസിദ്ധീകരിക്കുക എങ്കിൽ ഞാൻ തീർച്ചയായും നിയമപരമായി മുന്നോട്ടു പോകും. മറ്റു വഴിയില്ലാത്തതുകൊണ്ടാണ്. സംഘം ചേർന്ന് വാക്കുകൾ കൊണ്ട് ആരു നടത്തുന്ന ആക്രമണവും നേരിടാനുള്ള വാഗ് സാമർത്ഥ്യം എനിക്കില്ല.

ഞാനൊരു അധികാരസ്ഥാപനമാകുന്നതിനെയാണ് താൻ എതിർക്കുന്നത് എന്ന വിഷ്ണുവിന്റെ വാദം അടിസ്ഥാനമുള്ളതാവണമെങ്കിൽ ഞാൻ ഏതെങ്കിലും തരത്തിൽ അധികാരം കയ്യാളുന്ന ആളാവണം. ഔദ്യോഗികമായി ഞാൻ ഒരധികാരസ്ഥാനത്തും ഇരിക്കുന്ന ആളല്ല. ഒരു സർക്കാർ സ്കൂളിലെ സാധാരണ അധ്യാപകൻ മാത്രം. സാഹിത്യ അക്കാദമിയിൽ ഉൾപെടെ ഒരു തരത്തിലുള്ള അധികാരസ്ഥാനത്തും ഞാൻ ഒരിക്കലും ഒരംഗമായിപ്പോലും ഇരുന്നിട്ടില്ല. 

ഈ അമ്പത്തിയൊന്നു വയസ്സിനുള്ളിൽ അധികാരമൊന്നുമില്ലാത്ത രണ്ട് പദവികൾ വഹിച്ച് ചില ഉത്തരവാദിത്തങ്ങൾ ഞാൻ നിർവഹിച്ചിട്ടുള്ളത് ഇവിടെ മറച്ചുവയ്ക്കുന്നില്ല.പട്ടാമ്പിക്കാരനായ കവി എന്ന നിലയിൽ പട്ടാമ്പി കോളേജിലെ കവിതാകാർണിവൽ നിർവാഹക സമിതിയിൽ മറ്റു പലരോടുമൊപ്പം ഒരംഗമായി ഇരുന്നിട്ടുണ്ട് എന്നതാണ് ഞാൻ വഹിച്ചിട്ടുള്ള ഒരു പദവി. പട്ടാമ്പി കാർണിവലിന്റെ ഡയറക്ടർ പി.പി.രാമചന്ദ്രനാണ്. വിഷ്ണുപ്രസാദ് ഉൾപ്പെടെ ഒട്ടേറെ കവികൾ കാർണിവലിൽ ക്ഷണിക്കപ്പെട്ടു പങ്കെടുത്തിട്ടുണ്ട്. കാർണിവൽ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കാർണിവൽ നടത്തുന്നത്. അല്ലാതെ എന്റെ തീരുമാനപ്രകാരമല്ല. കുറച്ചു കാലം പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെയും പത്താം തരത്തിലെയും പാഠപുസ്തക സമിതിയിൽ ഞാൻ മുമ്പ് അംഗമായിരുന്നിട്ടുണ്ട് എന്നതാണ് രണ്ടാമത്തേത്. അവിടെയും തേനീച്ചകളെപ്പോലെ ഉചിതമായ പാഠഭാഗങ്ങൾ ശേഖരിച്ച് എക്സ്പേർട്ട് കമ്മിറ്റിക്കു മുമ്പാകെ എത്തിക്കുക മാത്രം ചുമതലയുള്ള, തെരഞ്ഞെടുപ്പിന് അധികാരമില്ലാത്ത, ഏറ്റവും താഴേത്തട്ടിലുള്ള ഒരംഗം മാത്രമായിരുന്നു ഞാൻ. ഇപ്പോൾ അത്തരം ഒരു കമ്മിറ്റിയിലും അംഗമല്ല താനും. അധികാര പദവി ഇല്ലാത്ത ഈ രണ്ട് ചെറിയ ഉത്തരവാദിത്തങ്ങളും ആവും പോലെ നിർവഹിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരധികാര പദവിയിലും ഞാൻ ഇരുന്നിട്ടില്ല. ഇരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഏതെങ്കിലും സർവകലാശാ സിലബസ് കമ്മിറ്റിയിൽ ഞാൻ അംഗമല്ല.

ഉന്നതമായ ഏതെങ്കിലും അവാർഡു കമ്മിറ്റിയിൽ ഞാൻ അംഗമായി ഇരുന്നിട്ടില്ല. ഇക്കണ്ട കാലത്തിനിടയിൽ ഒന്നോ രണ്ടോ തവണ ചെറിയ ഒന്നുരണ്ട് അവാർഡ് കമ്മിറ്റികളിലും സ്കൂൾ യുവജനോത്സവത്തിലും പരിശോധകനായി പങ്കെടുക്കേണ്ടി വന്നിട്ടുണ്ട് എന്നു മാത്രം. സഹപാഠിയും എഴുത്തുകാരനുമായിരുന്ന കെ.വി. അനൂപിന്റെ ഓർമ്മക്കുവേണ്ടി ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരവാർഡ് എല്ലാ വർഷവും നൽകുന്നുണ്ട്. അത് മുൻ വർഷങ്ങളിൽ കലാലയ പ്രതിഭാ അവാർഡായാണ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം ആദ്യചെറുകഥാ പുസ്തകത്തിനായിരുന്നു അവാർഡ്. അനൂപിന്റെ ഓർമ്മക്കായി അനൂപിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഇങ്ങനെയൊരു ചെറിയ അവാർഡ് ഏതാനും വർഷങ്ങളായി അനൂപ് സൗഹൃദ വേദി നൽകുന്നുണ്ട് എന്നല്ലാതെ സമകാലസാഹിത്യത്തിലെ വമ്പൻ അവാർഡ് അധികാരസ്ഥാപനങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

എന്നിട്ടും വിഷ്ണുപ്രസാദ് ഉന്നയിക്കുന്ന ആരോപണം ഞാൻ അധികാരസ്ഥാപനമാണ് എന്നാണ്. അതിന്റെ യുക്തി എനിക്കു മനസ്സിലാകുന്നില്ല.

കവിതക്കു വേണ്ടി തിളനില എന്നൊരു മാഗസിൻ ഞാൻ എഡിറ്റുചെയ്യുന്നുണ്ട്. എന്റെ സങ്കല്പത്തിലെ കവിതാജേർണൽ എന്ന നിലയിലാണ് അതു പുറത്തിറക്കുന്നത്. എഡിറ്റർ എന്ന നിലയിൽ എന്റെ അഭിരുചിക്ക് ഇണങ്ങുന്നതേ അതിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ വിഷ്ണുപ്രസാദിനെപ്പോലെ പലർക്കും അഭിപ്രായവ്യത്യാസമുണ്ടാകാം. വിഷ്ണു നടത്തിവന്ന ബൂലോകകവിതയിലും പോയട്രി മാഫിയയിലും വിഷ്ണുവിന്റെ അഭിരുചി പ്രകാരമുള്ള കവിതകൾ കൊടുക്കുന്ന പോലെത്തന്നെയല്ലേ ഞാൻ എഡിറ്റു ചെയ്യുന്ന പ്രസിദ്ധീകരണത്തിൽ എനിക്കിഷ്ടമുള്ള കവിതകൾ കൊടുക്കുന്നതും? എന്താണ് വ്യത്യാസം? തിളനിലയിൽ വന്ന കവിതകൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ അതിനു കാരണം ആ കവിതകളുടെ ഗുണമാണ്.

ചുരുക്കത്തിൽ, വിമർശനാത്മകമായ സാഹിത്യസംവാദമല്ല,  മറിച്ച് കവിതാ വിമർശനമെന്ന ഭാവത്തിൽ വ്യക്തിഹത്യ നടത്തുകയാണ് ഈ FB പോസ്റ്റിലൂടെയും കമന്റുകളിലൂടെയും വിഷ്ണുപ്രസാദ് ലക്ഷ്യമാക്കിയത് എന്നാണ് എന്റെ ബോധ്യം. എന്തായാലും ഞാൻ കാത്തിരിക്കുന്നു. തന്റെ ഗവേഷണത്തിനൊടുവിൽ എനിക്കെതിരെ ഗോസിപ്പുകളല്ലാതെ വസ്തുതാപരമായ തെളിവുകളുമായി കവി വിഷ്ണുപ്രസാദ് വരുന്നതും കാത്ത്. എന്നിട്ടു വേണം സ്വന്തം നികൃഷ്ടത തിരിച്ചറിഞ്ഞ് എനിക്ക് തിരുത്താൻ.

2.

വിഷ്ണുപ്രസാദിന്റെ പുതിയൊരു കുറ്റപത്രം എനിക്കെതിരെ പുറത്തുവന്നിരിക്കുന്നു. 2023 മെയ് 26 നു പ്രസിദ്ധീകരിച്ച ട്രൂ കോപ്പി വെബ്സീനിലാണത് അഭിമുഖസംഭാഷണ രൂപത്തിൽ വന്നിരിക്കുന്നത്. വി.അബ്ദുൾ ലത്തീഫാണ് അഭിമുഖകാരൻ. ഒരു കവിയുമായുള്ള ഒരഭിമുഖത്തിൽ എഴുത്തനുഭവങ്ങൾ, ആസ്വാദനശീലങ്ങൾ എന്നിവയൊക്കെയാണു പ്രതീക്ഷിക്കുന്നതെങ്കിൽ ഇതിൽ അതൊന്നുമല്ല പ്രധാനം; പി. രാമൻ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ  ക്രൂരകൃത്യങ്ങളാണ്! ആ മട്ടിലാണ് അതിൽ എനിക്കെതിരേയുള്ള ഗോസിപ്പുകൾ! മിക്ക ചോദ്യത്തിനുള്ള ഉത്തരവും എന്നോടുള്ള കലിപ്പു തീർക്കാനാണ് വിഷ്ണു പ്രയോജനപ്പെടുത്തുന്നത്. അതിനു പാകത്തിനുള്ള പല ചോദ്യങ്ങളും ചോദ്യകർത്താവ് ചോദിക്കുന്നുമുണ്ട്. അഭിമുഖമായാലും മറ്റെന്തെങ്കിലുമായാലും ഗോസിപ്പുകൾക്ക് വലിയ വിപണിയുള്ള കാലമാണല്ലൊ. മൊത്തത്തിൽ മഞ്ഞനിറംകൊണ്ടു മൂടിയ ഒരു കാലത്ത് കവി മാത്രമായി എന്തിനു മാറിനിൽക്കണം എന്നാവും!

താൻ പറയുന്നതിനൊന്നും തെളിവില്ല എന്ന് വിഷ്ണുപ്രസാദ് മുൻകൂർ ജാമ്യമെടുക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോട് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെടുന്നവയും എന്നെക്കുറിച്ച് പലർ പറഞ്ഞു കേട്ട കഥകളും വച്ചാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.  

ഞാൻ കുറച്ചു ദിവസമായി ആലോചിക്കുന്നു, ഇതിനോടു പ്രതികരിക്കാൻ. പക്ഷേ കലിപ്പുതീർക്കാൻ മാത്രമായി പടച്ചുണ്ടാക്കിയ ഒരഭിമുഖത്തിന് എന്തു മറുപടി പറയാനാണ്! പിന്നേ!...... പി. രാമൻ സ്വകാര്യസംഭാഷണത്തിൽ പറയുന്ന 'അയാൾ കവിയല്ല, ഇയാൾ  കവിയല്ല' എന്നീ വാക്കുകൾ കേട്ട് അവരെയൊക്കെ തമസ്ക്കരിക്കാൻ നിൽക്കുകയല്ലേ ലോകം! കേട്ടുകേൾവികളുടെയും സ്വകാര്യസംഭാഷണത്തിൽ പറഞ്ഞെന്ന് അവകാശപ്പെടുന്ന സംസാരത്തിന്റെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങളെല്ലാം നിർമ്മിച്ചെടുക്കുന്നത്. മാത്രമല്ല, പൊരുത്തക്കേടുകളുമുണ്ട്. കവിയല്ല എന്ന് വിഷ്ണുവിന്റെ ചെവിയിൽ സ്വകാര്യമായി ഞാൻ പറഞ്ഞതായി അദ്ദേഹം അവകാശപ്പെടുന്ന ലതീഷ് മോഹന്റെ കവിതകളെക്കുറിച്ച് കവിനിഴൽമാല എന്ന പുസ്തകത്തിന്റെ മുപ്പത്തിയെട്ടാം പേജിൽ എന്റെ നിരീക്ഷണങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. അതായത് സ്വന്തം അഭിപ്രായമായി വായനക്കാരുടെ മുന്നിൽ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് പുല്ലുവില! കേട്ടുകേൾവികൾക്ക് എന്തെന്നില്ലാത്ത ആധികാരികതയും! മഞ്ഞനിറം വല്ലാതെ ബാധിച്ചാൽ ഇതാണു പ്രശ്നം. 

താൻ ഉന്നയിച്ച ആരോപണങ്ങളിൽ വിഷ്ണുപ്രസാദ്  ഏറ്റവും കൂടുതൽ  വിശദീകരിക്കുകയും ആവർത്തിക്കുകയും ചെയ്തത് ഞാൻ കോക്കസ്സുണ്ടാക്കിയെന്നും അശോകൻ മറയൂർ, ഡി. അനിൽകുമാർ , സുകുമാരൻ ചാലിഗദ്ധ എന്നിവരെ അതിന്റെ ഭാഗമാക്കി എന്നുമുള്ള വാദമാണ്. അവർ മൂവരും എനിക്കിഷ്ടപ്പെട്ട കവികളാണെന്നതു ശരിയാണ്. അവരെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്താൽ അതിനർത്ഥം അവരുമായിച്ചേർന്നു കോക്കസ് ഉണ്ടാക്കി എന്നാണോ?  വിഷ്ണുപ്രസാദിന്റെ കവിതയെക്കുറിച്ചും മുമ്പു ഞാൻ എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ധാരാളം കവികളെക്കുറിച്ച് ഞാൻ എഴുതുകയും വേദികളിൽ ആവർത്തിച്ചു പറയുകയും ചെയ്തിട്ടുണ്ട്.  വിഷ്ണുപ്രസാദ് പറയുന്ന കോക്കസിൽ അവരെക്കൂടി ചേർക്കാവുന്നതാണ്. വിഷ്ണുപ്രസാദ് തനിക്കിഷ്ടപ്പെട്ട കവികളെക്കുറിച്ചു പറഞ്ഞതൊക്കെ അയാളുടെ സെൻസിബിലിറ്റിയുമായി ബന്ധപ്പെട്ടതാണെന്നാണു ഞാൻ കരുതിയിരുന്നത്; അതല്ല, സ്വന്തം കോക്കസ് ഉണ്ടാക്കുകയായിരുന്നു അയാൾ എന്നായിരുന്നത്രെ ധരിക്കേണ്ടിയിരുന്നത്. ഇനി മനസ്സിരുത്തിക്കോളാം. 

എങ്കിലും ഒന്നാലോചിച്ചു നോക്കൂ. ഇവരിൽ അശോകൻ മറയൂർ 2016-ൽ പട്ടാമ്പി കോളേജിൽ വെച്ചു നടന്ന കവിതാകാർണിവലിന്റെ ഉദ്ഘാടകൻ എന്ന നിലയിലാണ് ആദ്യം ശ്രദ്ധ നേടുന്നത്. പി.രാമന്റെ തീരുമാനപ്രകാരമല്ല, കവിതാ കാർണിവൽ സംഘാടന സമിതിയുടെ തീരുമാനപ്രകാരമാണ് അശോകൻ കാർണിവൽ ഉദ്ഘാടനം ചെയ്തത്. അടുത്ത കവിതാ കാർണിവലിൽ വെച്ച് സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം. മാവിലൻ, ധന്യ വേങ്ങച്ചേരി, മണികണ്ഠൻ അട്ടപ്പാടി തുടങ്ങി ഒട്ടേറെ ഗോത്ര കവികൾ പങ്കെടുത്ത ഗോത്രകവിതാ സെഷൻ നടന്നു. വൈകാതെ സ്വന്തം കവിതയുടെ ബലം കൊണ്ട് അവരെല്ലാം  മാധ്യമങ്ങളിലൂടെ പ്രശസ്തരായി. പലരുടെയും പുസ്തകങ്ങൾ പുറത്തിറങ്ങി. ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഗോത്രകവിത എന്ന വിപുലമായ സമാഹാരം സുകുമാരൻ ചാലിഗദ്ധയും സുരേഷ് എം. മാവിലനും ചേർന്ന് എഡിറ്റു ചെയ്തത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു. വിഷ്ണുപ്രസാദ് ആരോപിക്കുമ്പോലെ, പി.രാമൻ തനിക്ക് എസ്.ജോസഫിനോടുള്ള ശത്രുത തീർക്കാൻ വേണ്ടി  ഗോത്രകവിതയേയും കവികളേയും കൊണ്ടുവരികയായിരുന്നോ എന്നു വിശദീകരിക്കേണ്ടത് പട്ടാമ്പി കോളേജ് മലയാള വിഭാഗവും കവിതാ കാർണിവലിന്റെ സംഘാടക സമിതിയുമാണ്. അശോകനും അനിൽ കുമാറും സുകുമാരനുമായി പി.രാമനെ ചേർത്ത് വിഷ്ണു പറയുന്നതെല്ലാം കവിതാകാർണിവലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 

വിഷ്ണുപ്രസാദ് ചൂണ്ടിക്കാണിക്കുന്ന ലതീഷ് മോഹനും ക്രിസ്പിൻ ജോസഫും അനൂപ് കെ. ആറുമൊക്കെ പല തരത്തിൽ ശ്രദ്ധിക്കപ്പെട്ട കവികളാണ്. പ്രശസ്തരായ പല കവികളും നിരൂപകരും അവരുടെ കവിതയുടെ പ്രാധാന്യവും മികവും വ്യക്തമായി എഴുതിയതു വായിച്ചിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട് ലതീഷ് മോഹന്റെ കവിതയെക്കുറിച്ചെഴുതിയത് പെട്ടെന്ന് ഓർമ്മവരുന്നു. വാദത്തിനുവേണ്ടി വിഷ്ണുപ്രസാദ് എനിക്കെതിരേ ഉന്നയിച്ച ആരോപണം കണക്കിലെടുത്താൽത്തന്നെ മലയാളത്തിലെ മറ്റു കവികൾക്കും നിരൂപകർക്കും വായനക്കാർ വിലകല്പിക്കുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അവരെല്ലാം നിഷ്ക്രിയരായി പി. രാമൻ സ്വകാര്യസംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുകയായിരുന്നോ? വിഷ്ണുപ്രസാദ് എനിക്കുതരുന്ന ഈ പ്രാധാന്യം അദ്ഭുതപ്പെടുത്തുന്നു. എങ്കിലും മറ്റു കവികളെയും നിരൂപകരെയും വായനക്കാരെയും ഈ രീതിയിൽ വിലകുറച്ചു കാണുന്നത് വളരെ മോശമാണ് എന്നേ പറയാനുള്ളു.

ഇത്തരം ആരോപണങ്ങൾ മുമ്പും ഫേസ്ബുക്കിലൂടെ എനിക്കെതിരെ വിഷ്ണു ഉന്നയിച്ചിട്ടുണ്ട്. എന്തിനാണ് എനിക്കെതിരെ ഇങ്ങനെയെല്ലാം ആരോപിക്കുന്നത് എന്ന് വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിൽ ഞാൻ വിഷ്ണുവിനോട് നേരിട്ടു ചോദിച്ചിട്ടുണ്ട്. വസ്തുതാപരമായ ഒരു മറുപടിയും വിഷ്ണു തന്നിട്ടില്ല. പഴയ ആരോപണങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തേത്. ഇനിയും ഇതുപോലെ തെളിവില്ലാത്ത, കേട്ടുകേൾവിയെ മുൻ നിർത്തിയുള്ള ആരോപണങ്ങളുമായി വിഷ്ണുപ്രസാദ് വരാതിരിക്കില്ല. സ്വകാര്യസംഭാഷണങ്ങളിലും സുഹൃത്തുക്കളടങ്ങിയ സദസ്സുകളിലും വിഷ്ണുപ്രസാദ് പറഞ്ഞിട്ടുള്ള എത്രയോ കാര്യങ്ങളുണ്ട്! പക്ഷേ അയാൾ പരസ്യമായി എഴുതുകയും പറയുകയും ചെയ്യുന്നതിനെയാണ് ഞാൻ കണക്കിലെടുക്കാറുള്ളത്. ഗോസിപ്പ് വീഡിയോകൾക്കും എഴുത്തുകൾക്കും പ്രചാരമുള്ള കാലത്ത് അതൊരനാവശ്യകാര്യമാവാം. എങ്കിലും തത്കാലം ആ മാന്യത പുലർത്താനാണ് എനിക്കിഷ്ടം.

ഇത്തരം ഗോസിപ്പുകൾക്ക് മറുപടി പറയാനല്ല പി.രാമൻ ജീവിച്ചിരിക്കുന്നതും എഴുതുന്നതും. എനിക്ക് വേറെ പണിയുണ്ട്. നന്നായാലും മോശമായാലും ആരു തമസ്ക്കരിച്ചാലും ഇല്ലെങ്കിലും പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും എനിക്കു കവിതകളെഴുതാനുണ്ട്. അശോകൻ മറയൂരിനെയും ഡി.അനിൽകുമാറിനെയും സുകുമാരൻ ചാലിഗദ്ധയേയും പോലുള്ള കവികളെക്കുറിച്ച് ഇനിയും എഴുതേണ്ടതുണ്ട്. എന്റെ ആസ്വാദനശീലത്തെ തൃപ്തിപ്പെടുത്തുന്ന മറ്റു പലരെയും കുറിച്ച് എഴുതാനുണ്ട്. അപ്പോഴൊക്കെ വിഷ്ണുപ്രസാദേ, പുതിയ പുതിയ ഗോസിപ്പുകൾ കൊണ്ടുവരാവുന്നതാണ്. അതൊക്കെ ആധികാരികമായി മറ്റുള്ളവർ കരുതാൻ പാകത്തിന് സൗഹൃദവും നാം തമ്മിൽ ഉണ്ടായിരുന്നുവല്ലൊ. സൗഹൃദത്തെപ്പോലും ഈ മട്ടിൽ ദുരുപയോഗം ചെയ്യുന്ന നിങ്ങളെപ്പറ്റി ഞാൻ കൂടുതൽ എന്തു പറയാനാണ്! 

എനിക്കത്ഭുതം പക്ഷേ അതൊന്നുമല്ല. ഇല്ലാത്ത തെളിവുകളുടെയും കഥകളുടെയും കേട്ടുകേൾവിയുടെയും ഊഹാപോഹങ്ങളുടെയും മാത്രം ബലത്തിൽ വിഷ്ണുപ്രസാദ് ഉന്നയിച്ച ഈ ആരോപണങ്ങൾ വെച്ച് വി. അബ്ദുൾ ലത്തീഫ് എന്ന അഭിമുഖകാരൻ ഇങ്ങനെയൊരു അഭിമുഖം തയ്യാറാക്കി എന്നതാണ്. കേരള പ്രസ് അക്കാദമിയിൽ വിദ്യാർത്ഥിയായിരുന്ന് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളിൽ പ്രധാനപ്പെട്ടവ ചിലതൊക്കെ ഞാനും പഠിച്ചിട്ടുണ്ട്. തെളിവില്ല, കഥയാണ്, കേട്ടുകേൾവിയാണ് എന്നൊക്കെ സംഭാഷണത്തിനിടയിൽ തന്നെ വ്യക്തിമായി പറയുന്ന ഒരഭിമുഖം പ്രസിദ്ധീകരണയോഗ്യമല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.  തെളിവില്ലെന്ന് എഴുതുന്നവർ തന്നെ സമ്മതിക്കുന്ന ഗോസിപ്പുകളും എഡിറ്റുചെയ്യാതെ പ്രസിദ്ധീകരിക്കാം എന്നതായിരിക്കാം ട്രൂ കോപി വെബ്സീനിന്റെ പത്രപ്രവർത്തന ആദർശം.

3

അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ തുടങ്ങിയ ആദിവാസി ഗോത്ര കവികൾക്ക് പി.രാമന്റെ നേതൃത്വത്തിൽ കോക്കസ് കളിച്ച് കിട്ടിയ അനർഹമായ പരിഗണനയെക്കുറിച്ച് രൂക്ഷവിമർശനം മുന്നോട്ടുവക്കുന്ന വിഷ്ണുപ്രസാദിന്റെ FB വാളിന്റെ മുഖചിത്രം ആൾക്കൂട്ടക്കൊലക്ക് ഇരയായ ആദിവാസി യുവാവ് വിശ്വനാഥനാണ്.  പി.രാമനും രാമൻ എടുത്തുകാട്ടിയ ഗോത്രഭാഷാ കവികളും കാരണം വിഷ്ണുപ്രസാദ് എടുത്തുകാട്ടിയ കവികൾ തമസ്ക്കരിക്കപ്പെട്ടു എന്നു വാദിച്ചയാളുടെ FB ചുമരിലെ ഫോട്ടോയാണിത്. ആദിവാസികൾക്കു നേരെയുള്ള ചൂഷണത്തിനെതിരെ നിലപാടുള്ള ആൾക്കും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കവികൾ എഴുതി മുന്നോട്ടു വരുമ്പോൾ അവർ കോക്കസ്സിന്റെ ഭാഗമായതു കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടതെന്നും അവർ കാരണം മറ്റുകവികൾ തമസ്കരിക്കപ്പെട്ടു എന്നും വിശ്വസിക്കാനാണ് ഇഷ്ടം എന്നത് അത്ഭുതകരമായിരിക്കുന്നു.

ചിലർക്കു ലഭിക്കുന്ന ദൃശ്യത മറ്റു ചിലർക്കുണ്ടാക്കുന്ന അസ്വസ്ഥതയാണ്  കേരളത്തിൽ സമീപകാലത്തു നടക്കുന്ന സാഹിത്യചർച്ചകളുടെയെല്ലാം കേന്ദ്രത്തിലുള്ളത്. പി. രാമനു ലഭിച്ചു എന്ന് വിഷ്ണുപ്രസാദിനെ പോലുള്ളവർ കരുതുന്ന ദൃശ്യതയുടെ അനന്തര ഫലമാണ് എനിക്കു നേരെ തുപ്പുന്ന ഈ വിദ്വേഷം. അത് ആയിക്കൊള്ളട്ടെ. ഇന്നലെ വരെ അദൃശ്യമായിരുന്ന ആദിവാസി ഗോത്ര, തീരദേശ എഴുത്തുകൾക്ക് ഇപ്പോൾ ദൃശ്യത ലഭിക്കുമ്പോൾ അതും ഇത്തരക്കാരെ അസ്വസ്ഥപ്പെടുത്തുന്നു എന്നതാണ് അത്ഭുതം. അതേ സമയം ആദിവാസികളോട് സഹഭാവമുള്ളവരായി കാണപ്പെടാൻ ഇവർ ആഗ്രഹിക്കുകയും ചെയ്യുന്നു.


4

2023 ഒക്ടോബർ 24 - ന് രാത്രി എന്റെ ഭാര്യ സന്ധ്യയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. എടുത്തപ്പോൾ കവി വിഷ്ണുപ്രസാദാണ്. രാമനു കൊടുക്കുമോ എന്നു ചോദിച്ചു. ഫോൺ എനിക്കു തന്നു. തനിക്കു ദേശാഭിമാനി അവാർഡ് കിട്ടിയതു മുതൽ എന്നെ വിളിക്കാൻ ശ്രമിക്കുകയാണ് എന്നു പറഞ്ഞു. നീ നല്ല കവിയാണ്, നൃത്തശാല നല്ല പുസ്തകമാണ്, അവാർഡിന് അത് അർഹമാണ്, നിനക്ക് അഭിനന്ദനങ്ങൾ എന്നു പറഞ്ഞ് ഞാൻ സംസാരം അവസാനിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അയാൾ രാമൻ എന്നെ തെറ്റിദ്ധരിച്ചു എന്നു തുടങ്ങി പഴയ വിഷയം എടുത്തിട്ടു. നീ എന്നെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു, ജീവിച്ചു പൊയ്ക്കോട്ടേ വെറുതെ വിടൂ എന്ന് ഞാൻ അപേക്ഷിച്ചു. അയാൾ സ്വന്തം ഭാഗം ന്യായീകരിച്ചു കുറേ സംസാരിച്ചു. ഇടക്ക് എന്നോട് മാപ്പപേക്ഷയും നടത്തി. ആ ഇന്റർവ്യൂവിൽ താൻ പറഞ്ഞ കാര്യങ്ങളിൽ അയാൾ ഇപ്പോഴും ഉറച്ചു നിൽക്കുക തന്നെയാണ്. പിന്നെന്തിനാണ് എന്നോടു മാപ്പു ചോദിച്ചതും സംസാരിക്കാനായി വിളിച്ചതുമെന്ന് എനിക്കറിയില്ല.


5

നേരിട്ടു കണ്ടാൽ ചിരിച്ച് കുശലം പറയുന്ന പലരും കൺമുന്നിൽ നിന്നു മാറിയാൽ പാര പണിയുന്നവരാണ് എന്നത് നമ്മളിൽ പലരുടെയും ഒരു സാധാരണ അനുഭവമായിരിക്കും. വിഷ്ണുപ്രസാദ് തമ്മിൽ കാണുമ്പോഴെപ്പോഴും സൗഹൃദത്തോടെ സംസാരിക്കുന്നയാളാണ്. എന്നാൽ കഴിഞ്ഞ കുറേ കാലമായി അയാൾ സോഷ്യൽ മീഡിയയിൽ എന്നെ ഒരാവശ്യവുമില്ലാതെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത് ചില സുഹൃത്തുക്കൾ പറഞ്ഞ് ഞാനറിയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ സോഷ്യൽ മീഡിയയിൽ വരുന്നത്. ഞാൻ വന്ന ശേഷവും ഒരിക്കൽ തൻ്റെയൊരു FB പോസ്റ്റിൽ എന്നെക്കുറിച്ച് മോശമായെന്തോ അയാൾ എഴുതിയപ്പോൾ മെസഞ്ചറിൽ പോയി എന്തിനാണെന്നെ ഇങ്ങനെ അക്രമിക്കുന്നത്, ഞാൻ നിങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്നു ചോദിക്കുകയുണ്ടായി. പഴയ സൗഹൃദം വെച്ചാണ് ചോദിച്ചത്. ഭാവുകത്വപരമായ വിമർശനമാണ് താൻ നടത്തുന്നത്, വ്യക്തിപരമല്ല എന്നാണ് അതിന് വിഷ്ണു അന്ന് മറുപടി പറഞ്ഞത്. അടിസ്ഥാനമില്ലാത്ത ഗോസിപ്പുകൾ ഉന്നയിക്കുക, എന്നിട്ടതാണ് ഉന്നതമായ സാഹിത്യ വിമർശനം എന്നു ഭാവിക്കുക എന്ന അപലപനീയമായ ഒരു സംസ്കാരം നമ്മുടെ സാഹിത്യരംഗത്ത് പിടിമുറുക്കിയിട്ടുണ്ട്. വിഷ്ണുവിൻ്റെ അന്നത്തെ മറുപടി അതിനുദാഹരണമായിരുന്നു (ഇപ്പോഴത്തെ അഭിമുഖവും വ്യത്യസ്തമല്ല)മറഞ്ഞിരുന്ന് പാര പണിയുന്നവർ നേരിൽ കണ്ടാൽ ചിരിച്ചു കുശലം പറഞ്ഞു വരുന്നെങ്കിൽ എങ്ങനെ നേരിടണം എന്ന് ഞാൻ കുറേ കാലമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു വിഷയമാണ്. അങ്ങനെയിരിക്കെയാണ് ഇപ്പോൾ ഈ തുറന്ന ആക്രമണം ഉണ്ടായിരിക്കുന്നത്. അതു നന്നായി, പിൻപാരയേക്കാൾ നല്ലതാണല്ലോ നേരിട്ടുള്ളത്. എന്നിട്ടും മനസ്സിലാവാത്തതൊന്നേയുള്ളൂ. ഇപ്പോഴും കണ്ടാൽ ചിരിച്ച് കുശലം ഭാവിക്കുന്നതിൻ്റെ പിന്നിലെ മാനസികാവസ്ഥ എന്തായിരിക്കാം?

No comments:

Post a Comment