എ.സി. ശ്രീഹരിയുമായുണ്ടായ വാഗ്വാദങ്ങൾ
കവി എ.സി. ശ്രീഹരി എന്നോടുള്ള വിയോജിപ്പ് സോഷ്യൽ മീഡിയയിലൂടെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തമ്മിൽ വ്യക്തിപരമായ യാതൊരുവിധ കാലുഷ്യങ്ങളും ഇല്ല തന്നെ. എന്റേതിൽ നിന്നു ഭിന്നമായ ഭാവുകത്വമുള്ളവരെ അങ്ങോട്ടു ചെന്ന് ഏതെങ്കിലും വിധത്തിൽ മുറിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കാറും അതിനായി ഒരുമ്പെടാറുമില്ല. വ്യത്യസ്തമായ ഒട്ടേറെ ഭാവുകത്വങ്ങൾ ഉണ്ടാവുകയാണ് വേണ്ടത് എന്നാണെന്റെ പക്ഷം. എന്നാൽ ശ്രീഹരി അങ്ങനെയല്ല. ഒരു കാര്യവുമില്ലാതെ എനിക്കെതിരെ പ്രകോപനപരമായ കമന്റുകൾ ഇടാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. ഭാവുകത്വ പരമായ വ്യത്യാസമാണോ ഇതിനു കാരണം എന്ന് എനിക്കു തീർച്ചയില്ല. ഒരിക്കൽ (2021 ലോ 20 ലോ) ആരോ ഇട്ട കവിതാ സംബന്ധിയായ ഒരു പോസ്റ്റിന്റെ താഴെ പി.രാമനോടാണ് എന്റെ വിയോജിപ്പ് എന്നെഴുതിക്കണ്ടപ്പോൾ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് എന്താണ് എന്നോടുള്ള വിയോജിപ്പ് എന്നു ചോദിച്ചു. അദ്ദേഹം ചില കാരണങ്ങൾ പറഞ്ഞു:
1) കവികളെ പ്രോത്സാഹിപ്പിച്ച് ഉയർത്തിക്കൊണ്ടുവരിക എന്ന പി.രാമന്റെ സംരക്ഷകനാട്യം അങ്ങേയറ്റം ബ്രാഹ്മണിക്കലാണ്. പ്രത്യേകിച്ചും അശോകൻ മറയൂരിനെപ്പോലുള്ളരുടെ കാര്യത്തിൽ.
2) പി.രാമൻ ജനിച്ച സ്ഥലമായ പട്ടാമ്പി ബ്രാഹ്മണിക്കലായ ഒരു സ്ഥലമാണ്. ആദ്യ പുസ്തകമായ കനത്തിൽ കൊടുത്തിരിക്കുന്ന ജീവചരിത്രക്കുറിപ്പിൽ പട്ടാമ്പി എന്നു കൊടുത്തത് സവർണ്ണാധികാരം സ്ഥാപിക്കലാണ്.
3) പി.രാമൻ സംസാരിക്കുന്ന വള്ളുവനാടൻ ഭാഷ അങ്ങേയറ്റം സവർണ്ണവും ഭാഷാ വൈവിധ്യത്തിനുമേൽ ആധിപത്യം ചെലുത്തുന്നതുമാണ്. രാമന്റെ ശരീര ഭാഷയും സവർണ്ണമാണ്. വള്ളുവനാടൻ ഭാഷയുടെ സാംസ്ക്കാരികാധിനിവേശത്തിന്റെ ഉദാഹരണമാണ് മലയാള സിനിമയിൽ എം.ടി.യുടെ ഭാഷക്ക് കിട്ടിയ പ്രാമുഖ്യം. രാമൻ ഈ വള്ളുവനാടൻ ഭാഷയിൽ പയ്യന്നൂരും മറ്റും വന്ന് സംസാരിക്കുമ്പോൾ അവിടത്തെ പ്രാദേശികതക്കുമേൽ വള്ളുവനാടൻ സവർണ്ണാധികാരം പ്രയോഗിക്കുകയാണ് ചെയ്യുന്നത്.
4) ആദ്യ സമാഹാരമായ കനത്തിന്റെ മുഖക്കുറിപ്പ് തികഞ്ഞ അരാഷ്ട്രീയ നിലപാടാണ്.
5)പി.രാമന്റെ കവിതകളിൽ നിറയെ ജനലുകളാണ്. ജനൽ കേരളത്തിലെ സവർണ്ണ മധ്യവർഗ്ഗ സമൂഹത്തിന്റെ ഇടുങ്ങിയ ജീവിതത്തിന്റെ പ്രതീകമാണ്.
6) പി.രാമൻ എ.വി.ശ്രീകണ്ഠപ്പൊതുവാളെപ്പോലുള്ള കവികളുടെ കവിതകൾ ഇപ്പോൾ വീണ്ടും അവതരിപ്പിക്കുന്നതിൽ സവർണ്ണതയുണ്ട്. പ്രാഥമികമായി, അദ്ദേഹം ഒരു പൊതുവാളാണ്. ജാതിയുടെ പേരിലും മറ്റും അരികുവൽക്കരിക്കപ്പെട്ട ധാരാളം കവികൾ പയ്യന്നൂരിലുണ്ട്. അവരുടെയൊന്നും കവിത ചൊല്ലാതെ ഈ പൊതുവാളിന്റെ കവിത ചൊല്ലുന്നത് സവർണ്ണാധികാരം സ്ഥാപിക്കാനാണ്.
ഈ ഓരോ കാരണത്തെക്കുറിച്ചും വിശദമായി ഞങ്ങൾ സംസാരിച്ചു. രണ്ടു ദിവസം നീണ്ടു നിന്നു ആ സംസാരം. ഫോണും വാട്സ് ആപും അതിന് ഉപയോഗപ്പെടുത്തി. രണ്ടാം ദിവസം വൈകുന്നേരമായപ്പോൾ ഇരുവരും ക്ഷീണിച്ചു. പൊതുവാളായ ശ്രീകണ്ഠപ്പൊതുവാളിന്റെ കവിത ഉയർത്തിക്കൊണ്ടുവരുന്നത് സവർണ്ണതയാണ് എന്ന ശ്രീഹരിയുടെ അഞ്ചാം കാരണത്തോടെയാണ് ആ ചർച്ച തൽക്കാലം അവസാനിച്ചത്.
എന്നോടുള്ള അനിഷ്ടത്തിനും വിയോജിപ്പിനും കാരണമായി ശ്രീഹരി ഉന്നയിച്ച ആറു വാദങ്ങൾക്കും ഞാൻ മറുപടി കൊടുത്തു :
1) ഞാൻ ആരെയും സംരക്ഷിക്കുന്നതായി ഒരിക്കലും എവിടെയെങ്കിലും അവകാശവാദം ഉന്നയിക്കുകയോ ആ നിലയിൽ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല.ആ തരത്തിൽ അവകാശവാദം ഞാൻ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കൂ. എനിക്ക് ഒരാളുടെ കവിത ഇഷ്ടപ്പെടുകയോ ഏതെങ്കിലും തരത്തിൽ അത് പ്രധാനമാണ് എന്നു തോന്നുകയോ ചെയ്താൽ അതിനെ പൊതു ശ്രദ്ധയിലേക്കു കൊണ്ടുവരും വിധത്തിൽ ഞാൻ എഴുതാറുണ്ട്. അങ്ങനെ പലരുടെ കവിതകളെക്കുറിച്ചും പലപ്പോഴായി എഴുതിയിട്ടുണ്ട്. ഇനി, അശോകൻ മറയൂരിന്റെ കാര്യമെടുത്താൽ മറ്റൊന്നു കൂടിയുണ്ട്. മറയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഞാൻ അദ്ധ്യാപകനായിരുന്ന 2005 - 2006 കാലത്ത് അവിടെ വിദ്യാർത്ഥിയായിരുന്നു അശോകൻ. ഒരു വിദ്യാർത്ഥിയുടെ കവിതകൾ വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയുക ഭാഷാദ്ധ്യാപകന്റെ കടമയാണ് എന്നു ഞാൻ കരുതുന്നു. ശ്രീഹരിയുടെ ക്ലാസിലാണ് ഇതു പോലെ എഴുതുന്ന ഒരു വിദ്യാർത്ഥിയെങ്കിൽ ശ്രീഹരിയും ഇതു തന്നെയല്ലേ ചെയ്യുക? അതിനപ്പുറം അശോകനെയോ മറ്റാരെയെങ്കിലുമോ താഴെ നിന്ന് മുകളിലേക്ക് ഞാനാണ് ഉയർത്തിക്കൊണ്ടുവന്നത് എന്ന തരത്തിൽ ഞാൻ എവിടെയെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കൂ. താഴെ നിന്ന് മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന സങ്കല്പനത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. ആരും ആരെക്കാളും മുകളിലുമല്ല, താഴെയുമല്ല.
2) ഞാൻ ജനിച്ചത് പട്ടാമ്പിയിലാണ്. അത് ഒരിക്കലും അങ്ങനെയാവാതിരിക്കാൻ കഴിയില്ല, മാറ്റാനും കഴിയില്ല. എങ്കിലും ആദ്യ പുസ്തകമായ കനത്തിലെ ജീവചരിത്രക്കുറിപ്പിൽ എന്റെ ജാതിയോ ഏതെങ്കിലും അധികാര സൂചക പദങ്ങളോ ഉപയോഗിച്ചിട്ടില്ല. ശ്രീഹരിയുടെ വായനാവികൃതിയിലെ ബയോഡാറ്റ വായിച്ചാൽ ജാതി വെളിപ്പെടും. എന്റെ ജാതി ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. അറിയാൻ അത്യധികമായ ഉൽക്കണ്ഠയുള്ള ആരൊക്കെയോ അത് ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ്.
3) വള്ളുവനാട്ടുകാരനായ എന്റെ ഭാഷ സ്വാഭാവികമായും വള്ളുവനാടൻ ഭാഷയാകും. ഇവിടെ സവർണ്ണർ മാത്രമല്ല, എല്ലാവരും ഈ ഭാഷ തന്നെയാണ് സംസാരിക്കുന്നത്. ഓരോ ജാതിയുടെയും മതത്തിന്റെയും സാംസ്ക്കാരിക സവിശേഷതകൾ ഒരു പക്ഷേ അതിൽ ഉൾച്ചേർന്നിരിക്കാം എന്നു മാത്രം. എന്റെ വീട്ടിൽ കുട്ടിക്കാലം തൊട്ട് സംസാരിച്ചു വരുന്ന ഭാഷയാണ് ഞാൻ ഉപയോഗിക്കുന്നത്. കണ്ണൂരിൽ വരുമ്പോൾ കണ്ണൂർ ഭാഷയിൽ സംസാരിക്കാൻ എനിക്കു കഴിയില്ല. അച്ചടി ഭാഷ എഴുതാം എന്നല്ലാതെ സംസാരിക്കാൻ കഴിയില്ല. അത് ശീലമാണ്. സ്വന്തം വീട്ടുഭാഷയിൽ സംസാരിക്കുന്നത് കുറവോ അധികാരം സ്ഥാപിക്കലോ ആണെന്ന് ഞാൻ കരുതുന്നില്ല. മലയാള സിനിമാ സംഭാഷണത്തെ എം.ടി യുടെ ഭാഷ സ്വാധീനിച്ചെങ്കിൽ അതിന് എം.ടി എന്തു പിഴച്ചു? എം.ടി. തന്റെ ഭാഷ സിനിമാലോകത്തിനുമേൽ അടിച്ചേൽപ്പിച്ചതാണോ? ആണ് എന്നാണു പറയുന്നതെങ്കിൽ അതിനു തെളിവുണ്ടോ?
4) കനം ഏതാണ്ട് 20 കൊല്ലം മുമ്പ് 2000 ൽ ഇറങ്ങിയ കൃതിയാണ്. കവിതയെക്കുറിച്ചുള്ള അന്നത്തെ ഒരു ഇരുപത്തെട്ടുകാരന്റെ ചില ബോദ്ധ്യങ്ങളാണ് അതിന്റെ ആമുഖത്തിൽ ഉള്ളത്. അത് അന്നത്തെ എന്റെ ശരിയായിരുന്നു. ആ മുഖക്കുറിപ്പിലെ അഭിപ്രായം വെച്ച് പി.രാമനെ പൂർണ്ണമായി വിലയിരുത്തുന്നത് ശരിയാണോ? ഇന്ന് കവിതയെ സംബന്ധിച്ച എന്റെ കാഴ്ച്ചപ്പാടുകൾ ഏറെ മാറിയിട്ടുള്ളത് പരിഗണിക്കേണ്ടതില്ലേ? ആ മുഖക്കുറിപ്പിൽ ഞാൻ എഴുതിയത് ജീവിതത്തിൽ ഇല്ലാത്ത മൂല്യങ്ങൾ കവിതയിൽ മാത്രം വെച്ചു കെട്ടുന്ന ഹിപ്പോക്രസിക്കെതിരെയാണ്. അത് പക്ഷേ ആ അർത്ഥത്തിലല്ല അന്നു വായിക്കപ്പെട്ടത്, മറിച്ച് അരാഷ്ട്രീയതയായാണ്.
5) ഞാനെഴുതിയ ഏതാണ്ട് 450 ഓളം (അന്ന്) കവിതകളിൽ നാലോ അഞ്ചോ കവിതകൾ ജനലിനെ മുഖ്യ പ്രമേയമാക്കുന്നുണ്ട്. കൂടാതെ 25 ഓളം കവിതകളിൽ ജനൽ കാവ്യബിംബമായി കടന്നുവരുന്നുമുണ്ട്. ബാക്കി 425 കവിതകൾ ഒഴിവാക്കി ജനൽ കടന്നുവരുന്ന കുറച്ചു കവിതകൾ മാത്രം മുൻ നിർത്തി ഒരു കവിയെ ലേബൽ ചെയ്യുന്നത് ശരിയാണോ? കവിതയിൽ കടന്നുവരുന്ന ജനൽ മധ്യവർഗ്ഗ ഇടുക്കക്കാഴ്ച്ചയാണ് എന്ന വാദത്തോടും എനിക്ക് യോജിപ്പില്ല. ജനൽ മറ്റു പലതുമായിക്കൂടേ? വിദേശ കവികൾ ജനലിനെക്കുറിച്ച് എഴുതിയിട്ടില്ലേ? അതിനെ എങ്ങനെ വിലയിരുത്തും?
6) ഞാൻ പയ്യന്നൂരിൽ സംസാരിക്കാൻ വന്നപ്പോൾ സ്വാഭാവികമായും ആ നാട്ടുകാരനായ എ.വി.ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതകൾ ഓർത്തു. അവ പുതിയ തലമുറക്ക് ഏറെക്കുറെ അജ്ഞാതമാകയാൽ ആ വേദിയിൽ ഞാനതു ചൊല്ലി. അല്ലാതെ കവി സവർണ്ണായ പൊതുവാളായതുകൊണ്ടല്ല ചൊല്ലിയത്. എന്നെ സംബന്ധിച്ചിടത്തോളം പ്രാഥമികമായി അദ്ദേഹം കവിയാണ് , പൊതുവാൾ അല്ല. അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയാണെന്നാണ് എന്റെ അറിവ്. ഇനി, പയ്യന്നൂരുകാർക്ക് അദ്ദേഹത്തോട് എന്തെങ്കിലും നീരസമുണ്ടെങ്കിൽ അത് എനിക്കറിവുള്ളതോ എന്നെ ബാധിക്കുന്നതോ അല്ല. പഴയ കവികളുടെ കവിതകൾ ഞാൻ ധാരാളമായി പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാറുണ്ട്. അവരിൽ പല മതത്തിലും ജാതിയിലും പെട്ടവരുണ്ട്. ജാതിയുടെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ തമസ്ക്കരിക്കപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്ത കവികൾ പയ്യന്നൂരുണ്ടെങ്കിൽ ശ്രീഹരിയെപ്പോലുള്ളവർ അവരെ പൊതു ശ്രദ്ധയിലേക്കു കൊണ്ടു വരൂ. എന്റെ ശ്രദ്ധയിൽ പെടുന്നവരെക്കുറിച്ചല്ലേ എനിക്കു പറയാൻ കഴിയൂ. മാത്രമല്ല, എ.വി.ശ്രീകണ്ഠപ്പൊതുവാൾ എന്ന പേരു കേൾക്കുമ്പോഴെ അദ്ദേഹം ഒരു പൊതുവാളാണ് എന്ന് ജാതിയുടെ പേരിൽ മുൻധാരണ വെച്ച് വിലയിരുത്തുന്നത് ശ്രീഹരിയെപ്പോലെ ഒരു പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് പണ്ഡിതന് ചേരുന്നതല്ല. ശ്രീഹരി അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിട്ടില്ലെന്നുണ്ടോ? ജാതിയുടെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ മുൻ ധാരണ വെച്ച് കവിത വിലയിരുത്തുന്നത് സത്താവാദമല്ലേ? ഒരാളുടെ സത്ത ആദ്യമങ്ങ് തീരുമാനിച്ചാൽ പിന്നെ വിമർശനത്തിന് എന്തു പ്രസക്തി? ശ്രീഹരി പുലർത്തുന്ന സത്താവാദ പരമായ ഈ വീക്ഷണമാണ് യഥാർത്ഥത്തിൽ ബ്രാഹ്മണ്യം.
ഇവയിൽ ഒടുവിൽ പറഞ്ഞ വാദം ശ്രീഹരിയെ ഏറെ പ്രകോപിപ്പിച്ചു. ശ്രീഹരി ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതകൾ വായിച്ചിട്ടില്ലെന്നുണ്ടോ എന്ന ചോദ്യത്തിന് പരുഷമായി, ഞാൻ എന്തെല്ലാം വായിച്ചു , വായിച്ചില്ല എന്ന് നിങ്ങളോടു പറയേണ്ട കാര്യമില്ല എന്നു പറഞ്ഞു. സത്താവാദം പല തരത്തിലുണ്ട് , അവയെപ്പറ്റി നിങ്ങൾക്കെന്തറിയാം എന്നും ചോദിക്കുകയുണ്ടായി.
****
ഈ സംഭാഷണം കഴിഞ്ഞ് രണ്ടു കൊല്ലത്തിനു ശേഷം 2023 ജനുവരി 17-ന് ഫേസ് ബുക്കിൽ ഇതേ വാദം തന്നെ ശ്രീഹരി മറ്റൊരു തരത്തിൽ വീണ്ടും ഉന്നയിച്ചു. പി പ്രേമചന്ദ്രൻ എന്നെക്കുറിച്ചെഴുതിയ ഒരു പോസ്റ്റിന്റെയും മോക്ഷമന്ത്രം എന്ന കവിത വായിക്കുന്ന വീഡിയോയുടെയും താഴെ വന്ന് മോക്ഷമന്ത്രം എന്ന കവിത ബ്രാഹ്മണിക്കലാണ് എന്ന് ശ്രീഹരി എഴുതി. കവിയുടെ ജീവിതം ബ്രാഹ്മണിക്കൽ അല്ല എന്നതുകൊണ്ടു മാത്രം കവിത ബ്രാഹ്മണിക്കൽ അല്ല എന്നു പറയാനാവില്ല എന്നും അദ്ദേഹം എഴുതി. തുടർന്ന് ശ്രീഹരിയുടെ വാദത്തിനു താഴെ പി.പ്രേമചന്ദ്രൻ, കെ.വി. മണികണ്ഠദാസ് , ഒ.അരുൺകുമാർ , സുകുമാരൻ ചാലിഗദ്ധ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ചർച്ചയുടെ ഒരു ഘട്ടത്തിൽ ശ്രീഹരി, പി രാമൻ ഉപനയിച്ച ഗോത്രകവികൾ എന്നൊരു പ്രയോഗം നടത്തി. അത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ശ്രീഹരി കെ.വി. മണികണ്ഠദാസിന്, താൻ ആ പദം കൊണ്ട് ബ്രാഹ്മണിക്കൽ ആയ ഉപനയനത്തെയല്ല ഉദ്ദേശിച്ചതെന്നും മറിച്ച് വിദ്യ ആരംഭിക്കൽ (initiation in to scholrship) എന്ന അർത്ഥമാണെന്നും ഇംഗ്ലീഷിൽ പ്രതികരണമെഴുതി. മാത്രമല്ല, താനും രാമനും മണികണ്ഠദാസുമെല്ലാം ബ്രാഹ്മണിക്കൽ ആണ് എന്നും എഴുതി. തുടർന്ന്, ആ പ്രയോഗം ഗോത്രവിഭാഗത്തിൽ നിന്നുള്ള കവികളെ അപമാനിക്കുന്നതാണെന്ന് സുകുമാരൻ ചാലിഗദ്ധ ഒരു FB പോസ്റ്റ് ഇട്ടു. അതു ഷെയർ ചെയ്തു കൊണ്ട് 2023 ജനവരി 19-ന് ഞാൻ ഇങ്ങനെ എഴുതി :
"ഉപനയിക്കുക എന്നാൽ പൂണൂലിടീക്കുക, ബ്രാഹ്മണനാക്കുക.
ആരെങ്കിലും പൂണൂലിടിച്ച് ബ്രാഹ്മണരാക്കിയതുകൊണ്ടല്ല ഗോത്ര കവികൾ ഇന്ന് ശക്തമായി എഴുതുന്നത്. ഏതെങ്കിലും ഒരു രാമൻ ഉപനയിച്ചിട്ടല്ല, സ്വന്തം പ്രതിഭയുടെ ശക്തികൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടുമാണ് ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള കവികൾ അവരുടെ സ്വന്തം ഭാഷകളിലും മലയാളത്തിലും തുടർച്ചയായി എഴുതുന്നത്. സ്വന്തം സാംസ്ക്കാരിക പാരമ്പര്യവും രാഷ്ട്രീയവുമാണ് ഗോത്രകവിത ഉയർത്തിപ്പിടിക്കുന്നത്. അല്ലാതെ ബ്രാഹ്മണ്യമല്ല. ഗോത്ര ഭാഷാ കവികളായ സുകുമാരൻ ചാലിഗദ്ധയും സുരേഷ് എം. മാവിലനും ചേർന്ന് എഡിറ്റു ചെയ്ത ഗോത്ര കവിത ഇന്ത്യൻ ഭാഷകളിൽ തന്നെ അത്യപൂർവമായ ഒരു ഗ്രന്ഥമാണ്. ആരെങ്കിലും ഉപനയിക്കേണ്ടവരാണ് ആദിവാസി ജനത എന്ന ബോധം അധമമാണ്. അവരുടെ കർതൃത്വത്തെ നിഷേധിക്കലാണ്"
മോക്ഷമന്ത്രം എന്ന എന്റെ കവിതയിലെ ബ്രാഹ്മണ്യപ്രകീർത്തനം എന്താണെന്ന് താൻ വഴിയേ വിശദമാക്കാൻ ശ്രമിക്കും എന്നും ശ്രീഹരി ആ വാഗ്വാദത്തിനൊടുവിൽ കമന്റ് ചെയ്യുകയുണ്ടായി.
No comments:
Post a Comment