രാമചരിതം
എഴുപത്തിമൂന്നാം പടലം
സമകാല മലയാളപ്പകർച്ച : പി.രാമൻ
1
"നല്ലപോൽ ദേവേന്ദ്രനും തടയാനാവാത്തവൻ
തിളങ്ങും കൂരമ്പുകൾ പേറുന്നോൻ ഇന്ദ്രജിത്ത്
ചോലത്തത്തയെപ്പോലെ മധുരം സംസാരിക്കും
സുമിത്ര തൻ പുത്രന്റെയമ്പേറ്റു കാലനൂർക്കു
പോയ്, വാനിൻ കലക്കവും നില"ച്ചെന്നവർ പറഞ്ഞു.
2
"കലക്കമിപ്പോൾ ലങ്കക്കായി, മറ്റെങ്ങും ദുഃഖം
നിലച്ചൂ" രാക്ഷസന്മാരിങ്ങനെപ്പറഞ്ഞപ്പോൾ
കേട്ടലമുറയിട്ടു വീണു പോയ് വിലങ്ങനെ
രാക്ഷസരാജൻ, ഭൂമിയപ്പാടെച്ചലിക്കയാൽ
ഒറ്റക്കു നിൽക്കും മരമറ്റു വീണതുപോലെ
3
ഒറ്റക്കു നിൽക്കും മരം വേരറ്റു ധരണിയിൽ
വീണപോൽ കനത്തോടെയുലഞ്ഞു ഭൂമിക്കുമേൽ
കമിഴ്ന്നു വീണോരവനുണർന്ന് മനുകുല -
വീരനാം ലക്ഷ്മണന്റെയമ്പേറ്റു മരിച്ച തൻ
പുത്രന്റെ ചരിതങ്ങൾ പറയാനാരംഭിച്ചു.
4
"രാക്ഷസകുലത്തളിരേ, പോരിനു നീ പുറപ്പെടുമ്പോൾ
കരുത്തനാം ദേവേന്ദ്രനെക്കാൺമതേയി,ല്ലതിൽ പിന്നെ
യുദ്ധത്തിൽ നിന്നെക്കണ്ടാലോടാത്തോരാ രീപ്പാരിൽ
ഉദിക്കാൻ സൂര്യനണയുമ്പോളിരുൾ കണക്കിനെ.
5
സൂര്യൻ വെളിപ്പെടുമ്പോളിരുളില്ലാതായ് മുടിയുമ്പോലെ
ശത്രുക്കളെല്ലാം മണ്ടും കൈക്കരുത്തുള്ള നിന്നെ
ലക്ഷ്മണ ശരത്തിനാൽ യമപുരി പിടിക്കുവാൻ
മുമ്പാരു ശപിച്ചാവോ മണ്ഡോദരി തിരുമകനേ
6
മുമ്പൊരിക്കലുമുയർന്നിട്ടില്ലീ നഗരത്തി -
ലിങ്ങനെ നിലവിളി, യിന്നോ നിൻ പേരു ചൊല്ലി
"വമ്പനാം ദേവശത്രുപുത്രനേ, കുഞ്ഞേ, സ്നേഹ-
മുള്ളോർക്കു പൈന്തേനേ" യെന്നഴകോടെ നീളെ നീളെ
പെണ്ണുങ്ങൾ വിളിപ്പതു ഞാനിതാ കേട്ടീടുന്നു.
7
ഇങ്ങിഷ്ടം കുറഞ്ഞിട്ടോയെന്നെയും കളഞ്ഞു ചെമ്മേ
ശുകവാണിയാം മണ്ഡോദരിയെയും തീരെ മറന്ന്
സൂര്യവംശ രാജാവിന്നമ്പുകൾ തുണയ്ക്കയാൽ നീ
ചോരയുമണിഞ്ഞു കാലനുള്ളേടമെത്തിച്ചേർന്നൂ.
8
ഏതു ദിക്കിലേക്കാണു പോയതു നീ, യിന്ദ്രന്റെ
പുരിയിലേക്കോ, ലോകം പൊടിയാക്കിടുമാറ്
എന്റെയാജ്ഞയാൽ നികുംഭില തൻ കീഴേ ഹോമം
ശോഭയേറീടുംവണ്ണം ചെയ്തു തീർക്കയാവുമോ?
ആർക്കുമേയടുക്കുവാനാവാതെ ശത്രുക്കളെ -
യൊക്കെയുമമ്പുകൊണ്ടു കൊന്നൊടുക്കുകയാമോ?
9
യുദ്ധത്തിൽ മുനിമാർ, ദേവർ, ആകാശസഞ്ചാരികൾ,
കപികൾ, രാജാക്കന്മാർ, ഇന്ദ്രനെന്നിവർ കാൺകേ,
ഉടലിൽ മനുഷ്യന്റെയമ്പേറ്റു നീ വീണതെൻ
ഒടുക്കം വന്നതേക്കാൾ മുഴുത്ത ദു:ഖമെനക്ക്.
10
എനക്കു നീ ചടങ്ങു പോലെച്ചെയ്യേണ്ട കർമ്മമെല്ലാം
നിനക്കു ഞാൻ ചെയ്യുമാറു നിറുത്തി വെച്ചുയിരോടെന്നെ
കനത്ത വിജയം നൽകീ ശത്രുക്കൾ,ക്കിളമുറയായ്
ചന്തത്തിൽ വാണതും വിട്ടെങ്ങു പോയ് മറഞ്ഞൂ കുഞ്ഞേ.
11
കുഞ്ഞായിരുന്ന നാളിലിന്ദ്രനെത്തോല്പിക്കുവാൻ
എളുപ്പം കഴിഞ്ഞ നീ ദശരഥപുത്രന്മാരെ
കാലനു കൊടുത്തു വന്ന കർമ്മവും കാത്തിരുന്ന
ഞാനിപ്പോൾ കേട്ട വാക്കോ കരുത്തു കെട്ടതല്ലോ"
No comments:
Post a Comment