Wednesday, April 26, 2023

പടലം 1

പടലം 1


1
കാനനങ്ങൾ തോറും ശിവൻ കൊമ്പനായ് പെണ്ണാനയായ്
കാർനെടുങ്കണ്ണാളാമുമ തമ്മിൽ ചേർന്നു കളിച്ച
കാലം മുഖം ചന്തമുള്ളൊരാനയായവതരി-
ച്ചാദ്യമുണ്ടായോനേ, നൽവിനായകനമലനേ
ഞാനിതൊന്നു തുനിയുന്നതിനെൻ മാനസമാകും
താമരപ്പൂതന്നിലെന്നുമെപ്പൊഴുമിരുന്നരുളൂ
ജ്ഞാനമെന്നിലേറെത്തെളിവോടെ വന്നുദിക്കുമാ-
റൂഴിയേഴിലും നിറഞ്ഞ വേദജ്ഞാനപ്പൊരുളേ

2
ജ്ഞാനമെന്നിൽ വിളയിച്ചു തെളിയിച്ച മധുരച്ചൊൽ -
നായികേ,സമുദ്രത്തിലെത്തിരകൾപോലുടനുടൻ
തേനുലാവുന്ന പദങ്ങൾ വന്നു തിങ്ങിയുറപ്പായ്
ചേതസ്സിൽ തുടർന്നേ തോന്നുംവണ്ണമിന്നു മുതലായ്
ഊനമില്ലാതുള്ള രാമചരിതത്തിലൊരു തെ-
ല്ലൂഴിയിൽ ചെറിയവർക്കറിയുമാറു പറയാൻ
ഞാനൊരുങ്ങുന്നതിന്നായെൻ നാവിലേണനയനേ,
ആടൂ നൃത്തമിച്ഛയോടെ വെച്ചു കാൽത്താമരപ്പൂ

3
പൂവണിപ്പീലിമുടിയാളാകും പൂമാതിൻ മുല -
ത്താവളത്തിൽ വിശ്രമിക്കുമരവിന്ദനയനാ
ആരണങ്ങളിലെങ്ങും പരമയോഗികകളല -
ഞ്ഞാലുമെന്നുമറിയുവാൻ വിഷമമാം പൊരുളേ
മാരി വന്നതൊരു മാമലയെടുത്തു തടയും
മായനേ,മനുഷ്യരാജാവായി രാക്ഷസേന്ദ്രനെ
പോരിൽ നീ മുന്നേ മുടിച്ച കഥ പുകഴ്ത്തിടുവാൻ
ഭോഗിഭോഗശയനാ, കവിത്വമെനിക്കരുളൂ

4
അരുമപ്പെണ്ണുടൽപ്പാതിയാം പരനേ നിൻ കാൽത്താർ
അകക്കുരുന്നു കൊണ്ടെപ്പോഴും നിനച്ചിടുന്നവർക്ക്
പിറവിയാം വലിയ ദുഃഖമറുത്തുകളയുന്നോ-
രസുരാന്തകാ, വിജയൻ പണ്ടു വില്ലിൻതടിയാലേ
തിരുവുടലുടയുമാറടിക്കേ വേണ്ടതൊക്കെയും
അവനു നൽകി വിളയിപ്പിച്ചു തെളിയിച്ച ശിവനേ
അരചനായ് മധുസൂദനൻ രാവണനെ വെന്ന
കഥയെനിക്കു പുകഴ്ത്തുവാൻ വഴിവരം തരണേ

5
വഴിയെനിക്കു പിഴക്കാത്ത വിധമരുളിച്ചെയ്കെൻ
മനമതിലിരുന്നുകൊണ്ടു,ജലമുൾക്കൊണ്ട മേഘം
പതറുംവണ്ണം ചുരുൾതഴച്ച തലമുടിയുള്ളോളേ
ഇളമതിയെദ്ദുഃഖിപ്പിക്കും തിരുനെറ്റിയുള്ളോളേ
ചുഴലവുംനിന്നഖിലർ തൊഴും പാദങ്ങളുള്ളോളേ
പുലിത്തോലുടുക്കും ഹരൻ്റെ നെറ്റിക്കൺ തുറക്കേ
എരിഞ്ഞു പോയ മലരമ്പൻ കാമദേവൻ തന്നെ
തിരികെ സൃഷ്ടിച്ച മാഹാത്മ്യമുള്ള മലമകളേ

6
മലരമ്പൻ്റെ ജനകനായ് ഇടയപ്പയ്യനായി
വളരുമെൻ മറിമായൻ്റെ മണിമാറിൽ വിശ്രമിച്ച്
മുഴുവൻ ലോകങ്ങളിലുമേ നിറഞ്ഞുനിന്നരുളും
അമലകോമള പയോജതനയേ, രാജാവായി
ഉലകമേഴുമിട്ടുലയ്ക്കുമന്നിശാചരവരൻ
ശിരസ്സു പത്തുമങ്ങറുത്ത മനുവീരചരിതം
പുകഴ്ത്തിപ്പാടുമെന്നെ നോക്കൂ വേലിൻ തിളക്കവും
കയൽമീനിന്നഴകുമൊത്ത കടക്കൺമുനയാലേ

7
കടന്നിടഞ്ഞു ദാനവർതൻ വേരറുക്കാൻ പോന്ന വ-
മ്പുടയവനാമിന്ദ്ര,നഗ്നി,യമനും നിരിർതിയും
കുടിലനാം വരുണൻ, വായു, കുബേരനും ഹരനും
കുളിർനിലാമതി, സൂര്യനുമുരഗാധിപതിയും
അഴകുള്ള ഭൂമീദേവിയുമജനും ദേവന്മാരും
മഹിഷനാശിനിയും മുക്കണ്ണൻ തീക്കണ്ണിൽ പൊങ്ങും
കൊടിയ ഭൈരവിയുമാനനങ്ങളാറുള്ളവനും
കുസുമബാണനുമെനിക്കു തുണവേണമിതിന്നായ്

8
തുണയെനിക്കിതിനു മിക്കവരു, മുൾക്കനമേറെ -
ച്ചുരുങ്ങിയോരഗതിയെന്നറിഞ്ഞു നല്ലവരെല്ലാം,
കഴിയുകയില്ലിവനെന്നു കരുതിച്ചീത്തയാൾക്കാരും
എതിരിടാൻ മടിച്ചിടുന്നി,തെന്നൊടൊപ്പമുള്ളോരോ     
പിഴയേറെയുണ്ടെന്നാലും പിണങ്ങുകില്ലൊരിക്കലും
തെളിമയോടെയിതുപോലെ പണ്ടു രാവണനോടു
മണിവർണ്ണൻ മനുജനായ്പ്പൊരുതിയ പോരാട്ടത്തിൻ
വഴി വർണ്ണിക്കുന്നതിനു നിനച്ചൂ ഞാനെൻ മേധയാൽ

9
മേധ നൽകീടുക വേണം കവീന്ദ്രരിൽ മുമ്പൻ വാ-
ത്മീകിയും പിന്നെ വേദവ്യാസനുമെനിക്കധികം
വേദജ്ഞാനിയാം നല്ലഗസ്ത്യ,നോരോരോ പദങ്ങൾ
തേനിലേമുക്കിത്തമിഴ് കാവ്യം രചിച്ച മുനിയും
ആഴിയിൽ പള്ളികൊള്ളുന്നോൻ ദേവന്മാർ പുകഴ്ത്തവേ
ഊഴിയിൽ ദശരഥൻ്റെ തനയനായ് വന്നിട്ട്
ബാല്യകാലം മുതൽക്കുള്ള കർമ്മമെല്ലാം കഴിഞ്ഞ്
പാലാഴിമാതിനെ വീണ്ടെടുത്ത കഥ വർണ്ണിക്കാൻ

10
ആഴിമാതിനെ നിശാചരവരൻ കവർന്നുകൊ-
ണ്ടാടിമാസങ്ങൾ വരും മുന്നേ മറഞ്ഞ വഴിയേ
ഊഴിമേലേ നടന്നന്നു കപിരാജൻ പ്രിയത്താ-
ലോടിത്തേടിക്കൊള്ളാനാജ്ഞാപിക്കേ നാലു ദിക്കിലും
കീഴുമേലും നടക്കേ കപികൾ, വായുതനയൻ
കേടില്ലാത്ത ബുദ്ധിയോടെ തിരയാഴി കടന്നാ
ചേലൊത്ത നീൾമിഴിയായ മൈഥിലിയെത്തിരഞ്ഞ
രാത്രിയിലെദ്ദുഃഖം ചൊല്ലാൻ ഞങ്ങൾക്കുണ്ടു വിഷമം

11
ദുഃഖം പിണഞ്ഞതവനറിഞ്ഞങ്ങംഗുലീയവും
സീതതൻ മുടിയിലെ മണി കൈക്കൊണ്ടിടും മുന്നേ
വേലൊത്ത മിഴിയാൾക്കു കൊടുത്തിതന്നിമിഷത്തിൽ
താഴെ നിലത്തു നമസ്കരിച്ചു വിടയും ചൊല്ലി
ചേലൊത്ത കപിവീരനലയാഴി കടന്നിട്ടാ
തീരമെത്തിയിരുന്നു നൽകപികൾ ചുറ്റും നിൽക്കേ
പാലൊക്കും മൊഴിയാലേ മൊഴിഞ്ഞൂ തൊഴുതൊക്കേയും 
ശ്രീരാമൻ തന്നോടു മൈഥിലിയുടെ ചരിതങ്ങൾ






































































No comments:

Post a Comment