Saturday, April 1, 2023

ക്യാൻവാസ് ഭയം

ക്യാൻവാസ് ഭയം

(ഹൃദയിന്)


ക്യാൻവാസിന്റെ ഒരു മൂലയിൽ നീ,

പായിൽ കമിഴ്ന്നുകിടക്കുന്ന

കൈക്കുഞ്ഞു പോലെ


മൈക്കൽ ആഞ്ജലോ

സിസ്റ്റൈൻ ചാപ്പൽ സീലിങ്ങിൽ

മലർന്നു കിടന്നു വരക്കുന്ന രംഗം

മനസ്സിൽ കാണാനെനിക്കു കഴിവില്ല.

എന്നാൽ

കെട്ടിയുയർത്തിയ മരക്കോണിയിൽ കയറി

തലയുയർത്തിപ്പിടിച്ചു നിന്ന്

ബ്രഷുയർത്തി വരക്കുന്ന

ചിത്രകാരനെ

കണ്ടിട്ടുണ്ട്.

വമ്പൻ ഉയരത്തിൽ കയറിനിന്ന്

കെട്ടിടങ്ങൾക്കു ചായമടിക്കുന്നവരെയും.


പെരുകുന്ന വിസ്താരത്തിലേക്ക്

ദിവസങ്ങളോളം 

തലയുയർത്തി നോക്കി നിന്നു വരക്കുന്നത്

എത്ര അപായകരം!


ക്യാൻവാസ് പെരുംകടൽ,

തോണി തന്നെ തോണിക്കാരൻ

തുഴ വീഴുന്ന ബിന്ദുവിൽ

പുതുനിറം.



No comments:

Post a Comment