ഇനിയും വെളിച്ചം, ഇനിയും വെളിച്ചം
ഫിലിപ്പ് ഹോഡ്ജിൻസ് (ആസ്ട്രേലിയ - 1959 - 1995)
വിരിപ്പിനേക്കാളും കനത്തതാം വെള്ള -
ജ്ജനൽത്തിരശ്ശീല കടന്നു ജീവൻ ചോർ -
ന്നവശമാ,യന്തിമിനുക്കം മാത്രമായ്,
മരിച്ചുപോയൊരു സുഹൃത്തിൻ സാന്നിദ്ധ്യം
കണക്കിതാ സൂര്യവെളിച്ചം, രോഗാർത്തം.
കിടപ്പു നിശ്ചലം മുറിയിൽ നീ, യെന്നാ-
ലതിവേഗത്തിൽ നീ ചലിക്കുന്നിപ്പൊഴും.
ഞരമ്പിലൗഷധം കയറ്റുവാൻ വരു-
ന്നൊരു ശുശ്രൂഷകൻ ഒരു നിമിഷത്തിൻ
വെളിപാടിൽ ജനൽവിരികൾ നീക്കുന്നു.
അവസരവാദി വെളിച്ചമപ്പോൾ തൻ
പൊലിഞ്ഞ ചൈതന്യം തിരിച്ചെടുക്കുന്നു.
സമർത്ഥനാം രോഗവിഷാണുവെപ്പോലെ
പൊടുന്നനെ മുറി പിടിച്ചെടുക്കുന്നു.
നിറഞ്ഞിടുന്നു നീയൊരിക്കലും നോക്കാൻ
വിചാരിക്കാത്തതാമിടങ്ങളിൽപോലും.
ഇതോടെ മാറി നിൻ മുഴുവൻ ജീവിതം,
ഇരുണ്ടു മുമ്പിതുവരെയും നീ കണ്ട
മുറി നിൻ കൺമുന്നിൽ വെളിപ്പെടുകയായ്
അതിവേഗത്തിൽ നീ ചലിക്കുന്നെങ്കിലും
എവിടേക്കും പോകാതിവിടെയുണ്ടു നീ.
No comments:
Post a Comment