Friday, April 7, 2023

ആദവും ജീവിതവും - ബർണാഡോ അക്സാഗ (ബാസ്ക്, സ്പെയിൻ, ജനനം : 1951)

 

ആദവും ജീവിതവും
ബർണാഡോ അക്സാഗ (ബാസ്ക്, സ്പെയിൻ, ജനനം : 1951)


പറുദീസ വിട്ട ശേഷം വന്ന മഞ്ഞുകാലത്ത്
ആദമിനു രോഗം പിടിച്ചു.
ചുമ, തലവേദന, മുപ്പത്തൊമ്പതു ഡിഗ്രി പനി.
വരാൻ പോകുന്ന വർഷങ്ങളിൽ
മഗ്ദലനമറിയം കരഞ്ഞതുപോലവൻ കരഞ്ഞു.
ഹവ്വക്കടുത്തു വന്ന് അയാൾ അലറി:
"എനിക്കു സുഖമില്ലെന്റെ സ്നേഹമേ, ഞാൻ മരിക്കാൻ പോകയാണ്
കഠിനവേദനയുണ്ട്,
എന്താണെനിക്കു പറ്റിയതെന്നറിയുന്നില്ല"

മരിക്കുക, കഠിനവേദന, സുഖമില്ല, എന്റെ സ്നേഹം,
ഈ വാക്കുകൾ ഹവ്വയെ അത്ഭുതപ്പെടുത്തി.
ഏതോ വിദേശഭാഷയിലെ വാക്കുകൾ പോലവ
പുതുതായ് കാണപ്പെട്ടു.
ആകയാൽ അവൾ അവ വായിലിട്ടുരുട്ടി,
മരിക്കുക, കഠിനവേദന, സുഖമില്ല, എന്റെ സ്നേഹം.
ഒടുവിലൊരു നാൾ തനിക്കവ മുഴുവനായും മനസ്സിലായ്
എന്നു തീർച്ചപ്പെടും വരെ.
അപ്പോഴേക്കും ആദമിനു സുഖപ്പെടുകയും
മറ്റെന്തിനേയും പോലയാൾ
സന്തുഷ്ടനാകയും ചെയ്തു.

പറുദീസ വിട്ട ശേഷം മറ്റു 'പലതും' സംഭവിച്ചു.
പഴയ
മരിക്കുക, കഠിനദു:ഖം, സുഖമില്ല, എന്റെ സ്നേഹം
എന്നിവക്കു മേലേ
ആദമിനും ഹവ്വയ്ക്കും
പുതുവാക്കുകൾ പഠിക്കേണ്ടി വന്നു :
വേദന, പണി, ഏകാന്തത, ആനന്ദം.
പിന്നെയും കുറേക്കൂടി :
കാലം, ക്ഷീണം, ചിരി, സൗന്ദര്യം, ഭയം, ധൈര്യം.
അവരുടെ നിഘണ്ഡു വലുതാവുന്നതനുസരിച്ച്
മുഖത്തെ ചുളിവുകളുടെ എണ്ണവും
കൂടിക്കൂടി വന്നു.

ആദത്തിനു വയസ്സായി,
തന്റെ കാലം കൂടാറായെന്നയാൾക്കു തോന്നി.
ഹവ്വയോട്
ആഴമുള്ള ഒരു സംസാരത്തിലേർപ്പെടണമെന്നും
തോന്നി.
"ഹവ്വാ ..." അയാൾ പറഞ്ഞു:
"പറുദീസാ നഷ്ടം അത്ര വലിയ നിർഭാഗ്യമല്ല,
എല്ലാ സഹനങ്ങളും എല്ലാ വേദനയും ആബേലിനു പറ്റിയതും
എല്ലാമുണ്ടെങ്കിലും.
ഏതിലൂടെയാണോ നാം കഴിഞ്ഞു പോന്നത്,
വാക്കിന്റെ മികവുറ്റ ബോധ്യത്തിൽ,
അത് ജീവിതമാകുന്നു.

ആദമിന്റെ ശവകുടീരത്തിൽ
അതിസാധാരണമായ കണ്ണീര്
ചൊരിയപ്പെട്ടു,
ഉപ്പും വെള്ളവുമായ കണ്ണീര്.
അവ വീണിടത്ത്
ചെമ്പരത്തികളോ പനിനീരുകളോ
തഴച്ചുയർന്നില്ല.
തമാശ തന്നെ, കായേനാണ്
ഏറ്റവും കഠിനമായി കരഞ്ഞത്.
പിന്നീട് ഹവ്വ
ആദമിനു പിടിപെട്ട ആദ്യത്തെ രോഗമോർത്ത്
പുഞ്ചിരിച്ചു.
ആശ്വാസമായതും അവൾ വീട്ടിൽ പോയി,
ചുടുസൂപ്പു കുടിച്ചു, ചോക്കലേറ്റ് തിന്നു.

No comments:

Post a Comment