പ്രണയമണി
17-ാം നൂറ്റാണ്ടിൽ
ഒരു സന്യാസിനി / സന്യാസി സംഘം തങ്ങിയിരുന്ന
പടുകൂറ്റൻ കെട്ടിടം
തകർന്നടിഞ്ഞു കിടക്കുന്നതിലൂടെ
നമ്മൾ നടക്കുന്നു.
എത്രയെത്ര മുറികൾ,
മുറിഞ്ഞ പ്രാർത്ഥനകൾ!
അതിലെ അന്തേവാസികളിലൊരാൾ
സന്യാസിനി / സന്യാസിയല്ലായിരുന്നു.
കാമുകി /കാമുകൻ ആയിരുന്നു.
അവൾ / അയാൾ
ഒറ്റത്തള്ളിനു മറിച്ചിട്ടതാണ്
ഈ കെട്ടിടക്കൂമ്പാരം.
അവൾ / അയാൾ
തള്ളി മറിച്ചിട്ടതാണ്
മണിമേടക്കു മുകളിൽ
മാനത്ത് നാം കാണുന്ന മേഘക്കൂമ്പാരം.
അല്ലാതെ
പോർച്ചുഗീസുകാരോ ബ്രിട്ടീഷുകാരോ
കൊണ്ടിട്ടതല്ല.
മണിമേട മാത്രമുണ്ടിന്നു വീഴാതെ.
ശേഷിപ്പുകളുടെ അങ്ങേയറ്റത്ത്
പുറന്തിരിഞ്ഞു നിൽക്കുന്നു,
ഇതത്രയും തകർത്തു മറിച്ചിട്ട
ആ ഒറ്റരൂപം.
നമ്മൾ നോക്കി നിൽക്കേ
ആ സന്യാസിനി / സന്യാസി
ഇത്രയകലെ നിന്നും
ഉറക്കെ മുഴക്കുകയായി,
പാതിയടർന്ന മേടയിൽ
ബാക്കി നിൽക്കുന്ന കൂറ്റൻ മണി...
No comments:
Post a Comment