Saturday, June 5, 2021

വാതിലുകൾ ഇല്ലാത്ത വെള്ളം -ലേഖനം

വാതിലുകൾ ഇല്ലാത്ത വെള്ളം.

പി. രാമൻ

മഹാപണ്ഡിതൻ കൂടിയായ കവി ഉള്ളൂർ താനെഴുതിയ സാഹിത്യ ചരിത്ര ഗ്രന്ഥത്തിന് കേരള സാഹിത്യ ചരിത്രം എന്നാണു പേരിട്ടത്.മലയാള സാഹിത്യത്തിനു മാത്രമല്ല, തമിഴ്, സംസ്കൃത ഭാഷാസാഹിത്യങ്ങൾക്കും കേരളീയർ സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന അടിസ്ഥാന വീക്ഷണം പുലർത്തിയതുകൊണ്ടാണ് അദ്ദേഹം തൻ്റെ കൃതിക്ക് കേരള സാഹിത്യ ചരിത്രം എന്നു പേരിട്ടത്. മലയാളം മാത്രമല്ല കേരളം എന്ന വിവേകപൂർണ്ണമായ കാഴ്ച്ചപ്പാടിൻ്റെ സൂചന ആ ശീർഷകത്തിലുണ്ട്..തമിഴിലും സംസ്കൃതത്തിലും കന്നടത്തിലും തുളുവിലും ഇംഗ്ലീഷിലും മാത്രമല്ല, മുതുവാൻ, ഇരുള, മാവിലാൻ, റാവുള, മുഡുഗ, പണിയ, മലവേട്ടുവ, മുള്ളക്കുറുമ, ബെട്ടക്കുറുമ, കാടർ തുടങ്ങി ഒട്ടേറെ ആദിവാസി ഗോത്രഭാഷകളിൽ കൂടിയും ഇന്ന് കേരളീയരായ എഴുത്തുകാർ സാഹിത്യരചന നടത്തുന്നുണ്ട്. അവ കൂടി ഉൾപ്പെടാതെ നമ്മുടെ സാഹിത്യ മണ്ഡലത്തിൻ്റെ പരിധി പൂർണ്ണമാകുന്നില്ല.

എന്നാൽ കേരളത്തിൽ ജീവിച്ചു കൊണ്ട് മറ്റു ഭാഷകളിലെഴുതുന്ന എഴുത്തുകാരെ കേരളത്തിലെ പൊതു സമൂഹം വേണ്ട രീതിയിൽ തിരിച്ചറിയാറും അംഗീകരിക്കാറുമില്ല എന്നതാണു വാസ്തവം. അടുത്തിടെ അന്തരിച്ച തമിഴ് സാഹിത്യകാരൻ അ.മാധവൻ തിരുവനന്തപുരത്തെ ചാല കമ്പോളത്തെ പശ്ചാത്തലമാക്കിയാണ് തൻ്റെ കഥാലോകം പണിതുയർത്തിയത്. ഇത്രയേറെക്കാലം ഈയൊരൊറ്റത്തെരുവിലെ ജീവിതാനുഭവങ്ങളെ മുൻനിർത്തി എഴുതിയ അദ്ദേഹത്തിൻ്റെ രചനാലോകത്തെ തമിഴ് വായനക്കാർ ആദരവോടെ കാണുന്നു. എന്നാൽ തിരുവനന്തപുരത്തിൻ്റെ ആ കഥകൾ കേരളത്തിൽ ചർച്ചയാകുന്നില്ല.

സമകാല തമിഴ് കാവ്യലോകത്തെ തലമുതിർന്ന എഴുത്തുകാരനാണ് സുകുമാരൻ.ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബവേരുകൾ ഷൊറണൂരിനടുത്താണ്.ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാകയാൽ സ്വാഭാവികമായും അദ്ദേഹം തമിഴിൽ എഴുതി.1974 മുതൽ സുകുമാരൻ എഴുതിത്തുടങ്ങി. എഴുപതുകൾക്കൊടുവിൽ പുറത്തു വന്ന യൗവനതീഷ്ണമായ മലയാള കവിതകളുടെ ഭാവുകത്വത്തോട് പല നിലക്കും ചേർന്നു നിൽക്കുന്നവയാണ് സുകുമാരൻ്റെ ആദ്യകാല കവിതകൾ. വൈകാരികതയുടെ അടക്കിപ്പിടിച്ച തീനാളങ്ങളുടെ ചൂടും നിറവും കരുവാളിപ്പുമുള്ളവയാണ് ആദ്യസമാഹാരമായ കോടൈക്കാലക്കുറിപ്പുകളിലെ കവിതകളെല്ലാം. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ കവിതകൾക്ക് പല പല മാറ്റങ്ങളും പടർച്ചകളുമുണ്ടായി.കോടൈക്കാലക്കുറിപ്പുകൾ (1985), പയണിയിൻ സംഗീതങ്ങൾ (1991), ശിലൈകളിൻ കാലം (2000), വാഴ്നിലം (2002), ഭൂമിയൈ വാശിക്കും ശിറുമി (2007), നീരുക്കു കതവുകൾ ഇല്ലൈ (2011), ചെവ്വായ്ക്കു മറുനാൾ ആനാൽ ബുധൻ കിഴമൈയല്ല (2019), സുകുമാരൻ കവിതകൾ (2020) എന്നിവയാണ് അദ്ദേഹത്തിൻ്റെ കവിതാ സമാഹാരങ്ങൾ.സുകുമാരൻ്റെ കവിതാലോകത്തിൻ്റെ മുഴുവൻ സവിശേഷതകളും എടുത്തുകാട്ടുകയല്ല ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം.മറിച്ച്, മലയാളിയായ, ഇപ്പോൾ കേരളത്തിൽ താമസിക്കുന്ന, ഒരു തമിഴ് കവിയുടെ കവിതാലോകം മലയാള കവിതാഭാവുകത്വത്തോടും പ്രമേയപരിസരത്തോടും എങ്ങനെ ചേർന്നു നിൽക്കുകയും അകന്നു മാറുകയും ചെയ്യുന്നു എന്നു കൗതുകപൂർവം നോക്കിക്കാണുകയാണിവിടെ.

വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങളുടെ തീയും ചൂടും ശക്തമായി അനുഭവിപ്പിക്കുന്ന 'വേനൽക്കാലക്കുറിപ്പുകൾ' അതേ കാലത്ത് സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയ മലയാള കവികൾ പങ്കിട്ട സാമൂഹ്യ രഷ്ട്രീയ ഉൽക്കണ്ഠകളോടും വൈകാരിക അസ്വാസ്ഥ്യങ്ങളോടും സാഹോദര്യപ്പെടുന്നു. കുടുംബത്തേയും സമൂഹത്തേയും രാഷ്ട്രത്തേയും ഊഷരമാക്കുന്ന അധീശത്വങ്ങൾക്കെതിരെ യൗവന സഹജമായ തീവ്രതയിൽ പ്രതികരിക്കുമ്പോഴും അതിവൈകാരികതയോ അതിധൈഷണികതയോ അതി വാചാലതയോ തീണ്ടാത്ത ബിംബാത്മക ഭാഷയാണ് ഈ കവി ഉപയോഗിക്കുന്നത്.വീടിനോടു കലഹിച്ചു പുറത്തലയുന്ന യൗവനം ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ആദ്യകാല കവിതകളിലേപ്പോലെ സുകുമാരൻ്റെ അക്കാല കവിതകളിലുമുണ്ട്.അച്ഛനോ ആരാച്ചാരോ എന്ന ചോദ്യം ബാലചന്ദ്രൻ ഉയർത്തുന്നുവെങ്കിൽ "എൻ ചിറകുകളറുക്കാൻ വാളോങ്ങിയവൻ നീ" എന്നും "എൻ സംഗീതത്തിൻ ഉറവയടച്ചവൻ നീ" എന്നും സുകുമാരൻ ഉറച്ചു പറയുന്നു അച്ഛനെപ്പറ്റി. കുടുംബത്തിലെ അധികാരത്തിനെതിരെ യുവത്വത്തിൻ്റെ കലഹം തമിഴെന്നോ മലയാളമെന്നോ വ്യത്യാസമില്ലാതെ ആ തലമുറയുടെ പൊതുഭാവുകത്വത്തിൻ്റെ ഭാഗമായിരുന്നു എന്നു കാണാം. നാം ജീവിക്കുന്ന കാലം തകർന്ന അവശിഷ്ടങ്ങളുടെ മൈതാനമാണെന്നും എല്ലാ വഴികളും ക്രോധമുനയുള്ള കല്ലുകൾ പാകിയവയാണെന്നും ചെന്നു ചേരുന്ന ഗ്രാമത്തിൽ നദി വരണ്ടുപോയെന്നും സുകുമാരൻ എഴുതുമ്പോൾ എഴുപതുകൾക്കൊടുവിൽ മലയാളത്തിലെ യുവകവിതയിൽ നിന്നു കേട്ട രോഷവും നിരാശയും ഉൽക്കണ്ഠയും കലർന്ന ശബ്ദങ്ങൾ നാം സമാന്തരമായി ഓർക്കുക സ്വാഭാവികം. വ്യക്തിസത്തക്കുള്ളിലൂടെയാണ് ആ ഭാവങ്ങൾ പ്രകാശിതമാവുന്നതെങ്കിലും ഇന്ത്യൻ യുവത്വത്തിൻ്റെ രാഷ്ട്രീയ ഉൽക്കണ്ഠകളാണ് ആ കവിതകളുടെ ആഴത്തിൽ കനലായിത്തിളങ്ങുന്നതെന്ന് നമുക്കു ബോധ്യമാകും.വേനൽക്കാലക്കുറിപ്പുകളുടെ അവസാന ഖണ്ഡത്തിൽ ആത്മഹത്യ ചെയ്ത മലയാളകവി സനൽദാസിനെക്കുറിച്ച് നേരിട്ടുള്ള പരാമർശം തന്നെ കാണാം. "മരണത്തിൻ്റെ പീഠഭൂമിയിലേക്കു പോകാനായി അമ്മയോടും കൂട്ടുകാരിയോടും യാത്ര പറഞ്ഞവൻ്റെ കവിത" എന്ന വരിയുടെ അടിക്കുറിപ്പിൽ സനൽദാസിൻ്റെ പേരെടുത്തു പറയുന്നുണ്ട്.

സൗഹൃദമെന്നോ സ്നേഹമെന്നോ വിളിക്കാവുന്നവയും ഒരു പേരും വിളിക്കാൻ കഴിയാത്തവയുമായ ബന്ധങ്ങളുടെ ഒരു തുടരൊഴുക്ക് ആദ്യ സമാഹാരം തൊട്ടേ സുകുമാരൻ്റെ കവിതകളിലുണ്ട്. ഉദകമണ്ഡലം എന്ന കവിതയിലെ ഊട്ടി സഞ്ചാരികളുടെ പറുദീസയായ നഗരമല്ല. മലയാളിക്കു പരിചിതമായ ഊട്ടിയല്ലിത്. കവിയുടെ കൗമാര യൗവനങ്ങൾ നടന്നു തേഞ്ഞ വഴികളുടെ നഗരമാണ്.

അഭയവനത്തിലേക്കു വരുന്ന പറവ പോലെ
ഈ മാമലനഗരത്തിലേക്കു ഞാൻ
വീണ്ടും വീണ്ടും വരുന്നു.

മുഖക്കുരു പൊങ്ങിയ മനുഷ്യമുഖമായ്
മാറിയിരിക്കുന്നു ഈ നഗരം.
എങ്കിലും
തൈലവാസനയുള്ള കാറ്റുകളിൽ
കലർന്നിരിക്കുന്നു എൻ്റെ യൗവനസ്മരണകൾ.

ആയിരത്താണ്ടുകളുടെ ക്ലാവു പിടിച്ച
എൻ്റെ സ്വന്തം ഭാഷക്ക്
കരുത്തില്ല
നിൻ്റെ പ്രിയം പറയാൻ.

ചെന്നീല വേനൽപ്പൂക്കൾ ചിതറിയ വഴികളിൽ
കഥകൾ ചൊല്ലി നടന്ന നീ,
നീരൂറും പാറകൾക്കിടയിലൂടെ നീളുന്ന റയിൽപ്പാതകളിൽ
മനുഷ്യരെപ്പറ്റിപ്പറഞ്ഞു നടന്ന നീ,
ഇവിടില്ല.

പറക്കും കഴുകൻ്റെ കാലുകളിൽ കോർത്ത
തുടിക്കും ഹൃദയം ഞാൻ.

മുലകൾ തൂങ്ങിയ നീ -
പുഴുക്കാട്ടത്തിൽ കുതിർന്നു നശിച്ച സർക്കാർ കടലാസുകളോടെ
വക്കു ഞെണുങ്ങിയ കരിപ്പാത്രങ്ങളോടെ
അല്ലെങ്കിൽ
നിൻ്റെ കുഞ്ഞിൻ്റെ മൂത്രത്തുണികളോടെ.

നിൻ്റെ സ്നേഹത്തിനെന്തൊരെളിമ,
നടുപ്പുഴയിൽ ചൊരിഞ്ഞ വെള്ളം പോലെ.

തനിക്ക് ആത്മബന്ധമുള്ള ആ മാമലനഗരം പിന്നീടെങ്ങനെ മാറി എന്ന് പഴയ ഓർമ്മകളിലാണ്ടു കൊണ്ട് ആവിഷ്കരിക്കുകയാണ് ഈ കവിതയിൽ. താൻ കൗമാര യൗവനങ്ങൾ പിന്നിട്ട ഊട്ടി നഗരവുമായുള്ള സങ്കീർണ്ണബന്ധം ഈ കവിതയിൽ മിതത്വത്തോടെ കവി അവതരിപ്പിക്കുന്നു.പ്രഭാഷണ പരമല്ലാതിരിക്കുക, അതി വാചാലമാവാതിരിക്കുക, സങ്കീർണ്ണഭാവങ്ങളെ ബിംബങ്ങളിലൂടെ ധ്വനിപ്പിക്കുക എന്നിവ സുകുമാരൻ്റെ കവിതാ രീതിയുടെ ചില പ്രത്യേകതകളാണ്.ഈ ആവിഷ്കാര രീതിയുടെ സവിശേഷതകളെല്ലാം തെളിഞ്ഞു കാണുന്ന ഒരാദ്യകാല കവിതയാണ് 'പിൻമനം'

ചില സമയം
കൊടുങ്കാറ്റിനേയും ഭയപ്പെടാതെ
ഒരു ഇലയുതിരുംകാല മരം പോലെ.
(ചില്ലകളിൽ വാക്കുകളായ്
തളിർത്തു വിരണ്ടു നിൽക്കും ഞാൻ പിന്നീട്)

ചില സമയം
വന്നു പോകും കാലുകൾ ചവിട്ടിമെതിക്കുന്ന,
ചായക്കടക്കാരൻ ഉണങ്ങാൻ വിരിച്ചിട്ട
ഈറൻ ചാക്കു പോലെ.
(പരിഗണനയേൽക്കാതെ വരണ്ടുണങ്ങും
ഞാൻ പിന്നീട്)

ചില സമയം
പ്രിയപ്പെട്ട ലക്ഷ്യങ്ങൾ തുറന്ന
ഇലവിൻ ചിറകു പോലെ.
(മുക്കിലെച്ചിലന്തിവലയുടെ ഏകാന്തതയിൽ
ചുട്ടുനീറും ഞാൻ പിന്നീട്)

ചില സമയം
സകല ദു:ഖങ്ങളേയും പുറന്തള്ളുന്ന സംഗീതം പോലെ.
(ആത്മഹത്യക്കൊരുങ്ങി തോറ്റവൻ്റെ
മൗനമാകും ഞാൻ പിന്നീട്)

ചില സമയം
കണ്ണാടിയിൽ കാത്തിരിക്കും എൻ്റെ പുഞ്ചിരി
(കാലുകൾ വിഴുങ്ങിയ മൃഗത്തിൻ്റെ
വായിൽ നിന്നു കുതറിപ്പോന്ന്
അലറിക്കരയുന്ന കുഞ്ഞിൻ മുഖം
പിന്നീടെനിക്ക്.)

പ്രമേയപരവും ഭാവുകത്വപരവുമായി മലയാള കവിതയോടു ചേർന്നു നിൽക്കുമ്പോഴും ആവിഷ്കാര രീതിയിൽ തമിഴ് കവിതാ പാരമ്പര്യത്തോടാണ് സുകുമാരൻ്റെ കവിതകൾക്കു കൂടുതൽ അടുപ്പമെന്ന് ഈ കവിത കാണിക്കുന്നു. ഉച്ചസ്ഥായിയിൽ തൊണ്ട പൊട്ടുമാറ് പാടുന്ന മലയാള രീതി ഇവിടെയില്ല. എന്നിട്ടും അസ്വാസ്ഥ്യത്തിൻ്റെ ഉച്ചസ്ഥായിയിൽ വായനക്കാരെയെത്തിക്കാൻ കഴിയുന്നു. വായനക്കാർക്ക് കൂടുതൽ പങ്കുള്ള കവിതയാണിത്. പൂർണ്ണമായും സ്വയം വെളിപ്പെടുത്തുക എന്നത് പൊതുവേ മലയാളഭാവുകത്വത്തിൻ്റെ പ്രകാശനരീതിയാണ്. തൻ്റെ സമ്പൂർണ്ണ സമാഹാരത്തിലുള്ളതിൻ്റെ രണ്ടിരട്ടിയോളം താൻ എഴുതിക്കൂട്ടിയിട്ടുണ്ടെന്നും, അവ സമര ജാഥകളിൽ മുഴങ്ങുകയും ചുമരെഴുത്തുകളിൽ തെളിയുകയും സദസ്സുകളിൽ ആലപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അവ കവിതയല്ല, പരമ്പരാഗത രീതിയിലെഴുതിയ 'ചെയ്യുൾ' മാത്രമാണെന്നും, സുകുമാരൻ എഴുതിയിട്ടുണ്ട്. പരമ്പരാഗത പദ്യ നിയമങ്ങൾ പാലിച്ചെഴുതുന്നതിനെ, അതെത്ര ജനകീയമായാലും ശരി,കവിത എന്നു വിളിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. കവിതയെ ഒരു മലിന വസ്തുവായി കരുതാനാവില്ലെന്നും അനുഭവത്തിലേക്കു തയ്ച്ചു ചേർക്കാതെ ഒരു വരി പോലും എഴുതാനാവില്ലെന്നും സത്യമല്ലാത്തത് പറയില്ലെന്നും കവിക്കു നിർബന്ധമുണ്ട് (തൻമൊഴി - സുകുമാരൻ കവിതൈകൾ) ഈ അരുതുകളിലൂടെ അരിച്ചെടുത്തതിൻ്റെ ശേഷിപ്പാണ് ഈ കവിക്കു കവിത. ഇങ്ങനെ എഴുപതുകളിലെ രാഷട്രീയ സാംസ്കാരികാവസ്ഥകൾ പങ്കു വയ്ക്കുമ്പോൾ തന്നെയും ആവിഷ്കാരത്തിൽ മലയാളത്തിലെ പൊതു രീതികളോട് ഇടയുന്നുണ്ട് സുകുമാരൻ്റെ കവിത.

താൻ മലയാളിയോ തമിഴനോ എന്ന പ്രശ്നം അദ്ദേഹത്തെ അലട്ടുന്നു. സ്വന്തം നാട് ഏതെന്നു തീർച്ചയില്ലാത്തവൻ്റെ സംഘർഷം നാടു വിടൽ എന്ന കവിതയിൽ കാണാം. ഏതും നാട് ഏവരും ബന്ധുക്കൾ എന്നെഴുതിയ സംഘകാല കവി കണിയൻ പൂങ്കുൻറനാരെ ഓർത്തുകൊണ്ടാണ് ആ കവിത അവസാനിക്കുന്നത്. സുകുമാരൻ്റെ ഇതുപോലുള്ള പല കവിതകളും വർദ്ധിച്ച രാഷ്ട്രീയ മാനത്തോടെ പിൽക്കാലാനുഭവങ്ങളെ കൃത്യമായി പ്രവചിക്കുന്നുണ്ട്. എൻ്റെ നാട് എന്ന് ഏതിനെ വിളിക്കും എന്ന ചോദ്യം രാഷ്ട്രീയ വിവക്ഷകളോടെയാണ് ഇന്നു വായനയിൽ മുഴങ്ങുക. ഉള്ളങ്കാലിൽ ഏതു മണ്ണാണോ ഒട്ടുന്നത് ആ മണ്ണിനെ എൻ്റെ നാട് എന്നു വിളിക്കാം എന്നാണെങ്കിൽ, നാടോടിയുടെ ഉള്ളങ്കാലിൽ ഏതു മണ്ണാണു പറ്റുക എന്ന മറുചോദ്യവുമുണ്ട്. പൗരത്വ പ്രശ്നങ്ങളുടെ സമകാലസന്ദർഭത്തിൽ വീണ്ടും വായിക്കേണ്ട കവിതയാണ്  'നാടു വിടൽ'

2007-ൽ പ്രസിദ്ധീകരിച്ച 'ഭൂമിയെ വായിക്കുന്ന പെൺകുട്ടി' എന്ന സമാഹാരത്തിലെ ഒരു കവിതയാണ്  'മിച്ചം'.

എപ്പോൾ കടൽ
അപഹരിച്ചെടുത്തെന്നറിയില്ല.

കൊണ്ടുവന്നു കരയ്ക്കടിയിച്ച
കുഞ്ഞു ജഡത്തിൻ്റെ കൈകൾ
മുറുക്കനെയടഞ്ഞിരുന്നു.

വിടർത്തിത്തുറന്നു നോക്കിയപ്പോൾ
കണ്ടു

സ്വല്പം മണ്ണും
അതിൽ മുളച്ച
ഏതോ ചെറു ചെടിയും.

2007-നു മുമ്പെഴുതിയ ഈ കവിത ഇന്നു വായിക്കുമ്പോൾ 2015 സെപ്തംബർ രണ്ടിന് മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച് തീരത്തടിഞ്ഞ അലൻ കുർദി എന്ന അഭയാർത്ഥി ബാലൻ്റെ ചിത്രം ഓർമ്മയിലുണർത്താതിരിക്കില്ല. യൂറോപ്പിലേക്കു കടൽ കടന്നു രക്ഷപ്പെടാൻ യുദ്ധകലുഷിതമായ സിറിയയിൽ നിന്നോടിപ്പോന്ന കുടുംബത്തിലെ മൂന്നര വയസ്സു മാത്രമുള്ള കുഞ്ഞായിരുന്നു കുർദ് വംശജനായ അലൻ കുർദി. കുടിയേറിയ നാട്ടിലെ സ്വല്പം മണ്ണിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന അഭയാർത്ഥി സമൂഹത്തിൻ്റെ ആത്യന്തിക ദുരന്തം ആഴത്തിൽ മുഴങ്ങുന്ന കവിതയാണ് മിച്ചം. ഒരു ജനത അനുഭവിച്ച സഹനങ്ങളും നൽകിയ ബലികളും അതിജീവനത്തിൻ്റെ ഇത്തിരിപ്പച്ചയും അനുഭവിപ്പിക്കുന്നു ഈ കവിത. നാടു വിടൽ, മിച്ചം തുടങ്ങിയ കവിതകളിലെ പ്രവാചകത്വം സുകുമാരൻ്റെ കവിതക്ക് തമിഴും മലയാളവും കടന്ന് ആഗോളമായ മാനം നൽകുന്നു. മനുഷ്യാവസ്ഥകളെച്ചൊല്ലിയുള്ള ലോകത്തിൻ്റെ ഏതു കോണിൽ നിന്നുമുള്ള ഉൽക്കണ്ഠകളോടും സുകുമാരകവിത സഹഭാവം കൊള്ളുന്നു. ഉച്ചസ്ഥായിയിൽ തൊണ്ട പൊട്ടിക്കാതെയും അതിവൈകാരികവും അതിധൈഷണികവും അതികാല്പനികവുമാകാതെയും തന്നെ നൈതികമായ ജാഗ്രതയോടെ ലോകം മുഴുവൻ നോക്കിക്കാണാൻ ഈ കവിതക്കു കഴിയുന്നു.

കോവിഡ് 19- മായി ബന്ധപ്പെട്ട് രാജ്യമെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ദൽഹിയിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച പതിനായിരക്കണക്കിനു മനുഷ്യരുടെ സഹനമാണ് 'ദില്ലി - അജ്മീർ: 390 കി.മീ.' എന്ന കവിതയിൽ.അതോടൊപ്പം പൗരത്വ നിയമ ഭേദഗതികളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഉൽക്കണ്ഠകളും ഇന്ത്യൻ മുസ്ലീം സമൂഹം ഇന്നനുഭവിക്കുന്ന അരക്ഷിതത്വവും ആശങ്കകളും കൂടിയുൾക്കൊണ്ടല്ലാതെ ഈ കവിത വായിക്കാനാവില്ല. രാഷ്ടീയമായ ഈ ബോധ്യം മലയാള കവിതയും സുകുമാരൻ്റെ കവിതയും ഒരു പോലെ പങ്കിടുന്നുണ്ട്. എന്നാൽ കേവല പ്രസ്താവനകളോ റിപ്പോർട്ടിങ്ങോ പ്രസംഗമോ ആകാതെ ഒറ്റപ്പെട്ട മനുഷ്യൻ്റെ ഉൺമയുടെ വേദനിപ്പിക്കുന്ന ശബ്ദമാകുന്നു സുകുമാരകവിത. 'എവിടെ അനീതി കണ്ടാലും പ്രതികരിച്ചേ അടങ്ങൂ എന്നു ശാഠ്യം പിടിക്കുന്ന എന്നെ നിങ്ങൾ കണ്ടില്ലേ' എന്നു നെഞ്ചു വിരിച്ചു നിൽക്കുന്നില്ല ഈ കവിത. എല്ലാം തികഞ്ഞവനായ കവി എന്ന ഇമേജ് ഉണ്ടാക്കിയെടുക്കലുമല്ല ഇവിടെ കവിതയുടെ ലക്ഷ്യം.

കേരളത്തിൽ ജീവിക്കുന്നയാൾ എന്ന നിലയിൽ ഇവിടുത്തെ സ്ഥലങ്ങൾ, മനുഷ്യർ, ചരിത്രം, സംസ്കാരം, മിത്തുകൾ എന്നിവ സുകുമാരൻ്റെ കവിതയിൽ സ്വാഭാവികമായി വന്നുചേരുന്നു. 'ദേവി മാഹാത്മ്യം' എന്ന കവിത ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഭഗവതിയുമായി ബന്ധപ്പെട്ട ഒരു മിത്തിൻ്റെ ആവിഷ്കാരമാണ്.

ദൈവമാണെങ്കിലും പെണ്ണാകയാൽ
ചെങ്ങന്നൂർ ഭഗവതി
എല്ലാ മാസവും തീണ്ടാരിയാകുന്നു

എന്നു തുടങ്ങുന്ന കവിത, പ്രാദേശികമായ ഒരു മിത്തിനെ ഉപജീവിച്ചുകൊണ്ട്, ഭൂമിയെ കാത്തു പോരുന്ന പെൺമയുടെ കരുത്തിലേക്കാണ് പടർന്നേറുന്നത്. കണ്ണൂരിലെ പയ്യാമ്പലം ബീച്ചിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ് 'പയ്യാമ്പലം'. പയ്യാമ്പലത്തെ കടലിനും അതു വന്നലയ്ക്കുന്ന കരയ്ക്കുമിടയിലുയരുന്ന "നീ എന്നെ എത്ര സ്നേഹിക്കുന്നു" എന്ന ചോദ്യത്തിൻ്റെ അനാദിയും അനന്തവുമായ മുഴക്കം കാറ്റിനും വെയിലിനും ഇരുളിനുമൊപ്പം അനുഭവിപ്പിക്കുന്നതാണ് പയ്യാമ്പലം എന്ന കവിത. മലയാള കവികളായ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും മാത്രമല്ല, തമിഴ് ആധുനിക കവി സുന്ദരരാമസ്വാമിയുടെയും ഓർമ്മകൾ നിറഞ്ഞ കവിതയാണ് 'ധനുവെച്ചപുരം രണ്ടാം (പരിഷ്കരിച്ച) പതിപ്പ് '. കേരള തമിഴ്നാട് അതിർത്തിയിലെ റയിൽവേ സ്റ്റേഷനാണ് ധനുവെച്ചപുരം. തമിഴ് - മലയാളങ്ങളുടെ അതിർത്തിയിൽ വെച്ച് തീവണ്ടിക്കു ചാടി മരിച്ച ചന്ദ്രികയെപ്പറ്റി കേട്ടപ്പോൾ പെട്ടെന്ന് ചങ്ങമ്പുഴയുടെ രമണനും ചന്ദ്രികയും മലയാളിയായ ഈ തമിഴ് കവിയുടെ മനസ്സിലെത്തുന്നു. "ചന്ദ്രികയെ കൊലക്കു കൊടുത്തത് രമണനോ?" എന്ന തിരിച്ചിട്ട ചോദ്യമാണ് അപ്പോൾ അവിടെ മുഴങ്ങിക്കേൾക്കുന്നത്.മലയാളത്തിൻ്റെ കാല്പനിക ഭാവുകത്വത്തെ തമിഴിൻ്റെ അകാല്പനിക ഭാവുകത്വത്തിൽ നിന്നുകൊണ്ടാണെങ്കിൽതന്നെയും മനസ്സറിഞ്ഞ് നോക്കിക്കാണുന്ന കവിതയായും ഇതു വായിക്കാം. തമിഴിൻ്റെ അകാല്പനിക ഭാവുത്വത്തിൻ്റെ കൂടി അടയാളമായാണ് പശുവയ്യായുടെ (സുന്ദരരാമസ്വാമി) ധനുവെച്ചപുരം എന്ന കവിതയുടെ പരാമർശം ഇവിടെ വരുന്നത്.

ഭാരതപ്പുഴയുടെ തീരത്തെ ഷൊറണൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്നും കോയമ്പത്തൂരിലേക്കു കുടിയേറിപ്പാർത്ത കുടുംബത്തിലാണ് സുകുമാരൻ ജനിച്ചത്. ഭാരതപ്പുഴയെക്കുറിച്ച് നേരിട്ടൊരു കവിത അദ്ദേഹമെഴുതിയിട്ടില്ലെങ്കിലും നദികൾ എന്നും ആ കവിതയിലൊഴുകുന്നുണ്ട്.മലയാള കവികൾക്ക് എന്നും നദികളോടുള്ള പ്രിയത്തെ ഓർമ്മിപ്പിക്കും സുകുമാരൻ കവിതകളിലെ നദീസാന്നിദ്ധ്യം.

അവൾ വീട്ടിലേക്കു മടങ്ങിയപ്പോൾ
ഓടാതിരുന്നു നദി.
അവൾ മാത്രം ഓടിക്കൊണ്ടിരിക്കുന്നു
നദിയോടു പേശിക്കൊണ്ട്.

എന്നിങ്ങനെ നദിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്ന പെണ്ണുങ്ങളും
കരയോടൊതുക്കി കെട്ടപ്പെട്ട ആടുന്ന തോണിക്കുള്ളിൽ ബാക്കിയായ മഴവെള്ളത്തിൽ, ഭൂമിയ്ക്കു വെളിച്ചം പകർന്ന കരുണയിൽ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നിലാവുമെല്ലാം ചേർന്ന പുഴയൊഴുക്കുകൾ മലയാളിക്കു പ്രിയങ്കരമാവാതിരിക്കില്ല. ആകാശപ്പരപ്പിൽ പറക്കുന്ന പക്ഷികളാണ് തമിഴ് കവിതയിൽ പൊതുവേ ആവർത്തിച്ചു വരുന്ന ഒരു പ്രധാന ബിംബമെങ്കിൽ സുകുമാരൻ്റെ കവിതയിൽ നദിയും വെള്ളവുമാണ് പ്രാധാന്യത്തോടെ ഇടം പിടിച്ചത് എന്നത് യാദൃച്ഛികമല്ല. സുകുമാരൻ്റെ ഒരു സമാഹാരത്തിൻ്റെ തലക്കെട്ടു തന്നെ 'വെള്ളത്തിന് കതകുകൾ ഇല്ല' എന്നാണ്. മീനിനും ജലസസ്യങ്ങൾക്കും ഇഷ്ടം പോലെ വരാനും പോകാനും സ്വാതന്ത്ര്യമുള്ള വെള്ളത്തെ പെൺമയുമായി ചേർത്തുവച്ചെഴുതിയ 'വെള്ളം കൊണ്ടുണ്ടാക്കിയത് ' എന്ന കവിതയിലെ അവസാന വരിയാണ് ഈ തലക്കെട്ടിനവലംബം. ഭാഷയുടേതുൾപ്പെടെ തടസ്സങ്ങളേതുമില്ലാത്ത പാരസ്പര്യത്തെക്കുറിച്ചുള്ള ബോധം ഈ കവിതകളിലെ അടിയൊഴുക്കാകുന്നു.

കാല്‌പനികത തൊട്ട് ഉത്തരാധുനികത വരെ നീണ്ടെത്തുന്ന നമ്മുടെ ഭാവുകത്വ പ്രവണതകളോട് നിരന്തരം സംവദിച്ചു പോന്ന സഹോദരഭാഷാകവിയാണ് മലയാളിയായ സുകുമാരൻ.മലയാളത്തിൻ്റെ പ്രധാന കവികളിൽ പലരുടെയും കവിതകൾ ഇദ്ദേഹം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.സുഗതകുമാരിയെ അനുസ്മരിച്ചുകൊണ്ട് അടുത്തിടെ സുകുമാരൻ എഴുതിയ ഒരു കുറിപ്പിൽ ഏതാനും സുഗതകുമാരിക്കവിതകളുടെ തമിഴ് പരിഭാഷകൾ കവിയെ നേരിൽ വായിച്ചു കേൾപ്പിച്ച അനുഭവം എഴുതുന്നുണ്ട്. മലയാള കവി ആറ്റൂർ രവിവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുന്ന ആദ്യത്തെ പുസ്തകം മലയാളത്തിലല്ല വന്നത്, തമിഴിലാണ് എന്നും അത് എഡിറ്റു ചെയ്തത് സുകുമാരൻ ആണ് എന്നും നാം നന്ദിപൂർവം ഓർക്കേണ്ടതുണ്ട്. ആറ്റൂർ രവിവർമ്മ - കവിമൊഴി, മനമൊഴി, മറുമൊഴി എന്നാണ് ആ തമിഴ് പുസ്തകത്തിൻ്റെ പേര്.അടുത്തിടെ ഈഴത്തമിഴ് (ശ്രീലങ്ക) കവി ചേരൻ്റെ കവിതകളുടെ ഒരു സമാഹാരം 'കാറ്റിൽ എഴുതൽ' എന്ന പേരിൽ മലയാളത്തിൽ ഇറക്കിയപ്പോൾ അത് എഡിറ്റു ചെയ്തതും അതിലേക്ക് അനിത തമ്പി, അൻവർ അലി, പി.പി.രാമചന്ദ്രൻ, വി.എം.ഗിരിജ തുടങ്ങിയ മലയാള കവികളെക്കൊണ്ട് തമിഴിൽ നിന്നു നേരിട്ടു പരിഭാഷപ്പെടുത്താൻ കൂടെ നിന്നതും സുകുമാരനാണ്. ഇങ്ങനെ സമകാല തമിഴ്-മലയാള ഭാഷാസാഹിത്യങ്ങളെ തൻ്റെ കവിതകൊണ്ടും സാഹിത്യ പ്രവർത്തനം കൊണ്ടും തമ്മിലിണക്കുന്ന വലിയ പണി ചെയ്തുകൊണ്ടിരിക്കുകയാണ് തിരുവനന്തപുരത്തു താമസിച്ചു കൊണ്ട് തമിഴിലെ ഈ മുതിർന്ന എഴുത്തുകാരൻ.

********************


മതാർ കവിതകൾ - തമിഴ് പരിഭാഷ

 *മുഹമ്മദ് മതാറിന്റെ കവിതകൾ (തമിഴ്)

1
ആരോ തന്നെ
വരയുന്നതിനാൽ,

ചലനമറ്റു
കൂപ്പുകുത്തിക്കിടന്ന തീവണ്ടി
ഓടാൻ തുടങ്ങുന്നു.

ഓരോ സ്റ്റേഷനിലേക്കും
ചിത്രകാരൻ വരുന്നു,
ബ്രഷും പിടിച്ച്.

2
ഉമ്മറം തളിക്കുന്നവൾ
വെള്ളത്തെ
മഴയാക്കി.
ബക്കറ്റുക്ലാസ്മുറിയിൽ
അമർന്നിരുന്നവ
ഇപ്പോൾ ഓരോരുത്തരായി
കളിക്കാൻ പോകുന്നു.


3
ഗുഹ
***

കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള കഥ
അവളെ തോളിൽ കിടത്തിക്കൊണ്ടു പറഞ്ഞു.
എന്റെ വായ
തുറക്കുമ്പോഴെല്ലാം
ഗുഹയായി
സിംഹം വന്നു
പുലി എത്തിനോക്കി
തോളിൽ കിടക്കുന്നവൾ
ഉറക്കം വന്നു തൂങ്ങി
കോട്ടുവാ വിട്ടു.
ഒരു നിമിഷം നടുങ്ങിപ്പോയ് ഞാൻ
അവളുടെ തുറന്ന വായ്ക്കുള്ളിൽ
സിംഹം
പല്ലുകൾക്കിടയിൽ പുലി
അവൾ ഗുഹയടച്ചപ്പോഴെല്ലാമതു
വായായി മാറി.


4
ബലൂൺ
***

മാജിക് സ്ലേറ്റ്
വിസിൽപന്ത്
വെള്ളം ചീറ്റുന്ന തോക്ക്
പത്തടി ദൂരം കാട്ടുന്ന ബൈനോക്കുലർ
ഇവയോടൊപ്പം ബലൂൺ വിൽക്കുമ്പൊഴും
ബലൂൺ മുത്തച്ഛൻ എന്നു തന്നെ അറിയപ്പെടുന്നു
ആ ബലൂൺ മുത്തച്ഛൻ.

ഞാനും
ബലൂൺ കുഞ്ഞായിത്തന്നെയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ചു ദുഃഖമില്ലാതെ
സ്വതന്ത്രമായിപ്പറക്കുന്നതിനാൽ
ബലൂൺകുഞ്ഞായ് തന്നെയിരിക്കുന്നു.

ബലൂൺ മുത്തച്ഛൻ
കുഞ്ഞായ ബലൂൺ
ഞാൻ എന്ന ബലൂൺകുഞ്ഞ്
മൂവരും സന്ധിക്കുന്ന
നിറയെ ഞായറാഴ്ച്ചകൾ


5
മദ്യശാലയിൽ
ഒരു മദ്യചഷകം
ഇരുപുറത്തും ചിറകു മുളച്ച്
എല്ലാ മേശയിലും
പറന്നു പറന്നു വന്നു.
മേശ തുടയ്ക്കുന്ന പയ്യനോടു
ചോദിച്ചപ്പോൾ
കുറേ നാളായി കഴുകാതെ കിടന്ന
പാത്രക്കൂമ്പാരത്തിൽ
ഒന്നാണത് എന്നു പറഞ്ഞു.


6
കാരണമൊന്നുമില്ലാതെ
ഒരു തീപ്പെട്ടിക്കൊള്ളി കൊളുത്തൂ
അതിന്റെ പേരാണ്
വെളിച്ചം.


7
ഒരു പൂക്കടയെ
ഉമ്മറമാക്കി
ഈ നാട്
തുറന്നു കിടക്കുന്നു.

പൂക്കടക്കാരി
എപ്പോഴത്തെയും പോലെ
വരുന്നു
പൂവു കെട്ടുന്നു
കട തുറക്കുന്നതായും
കട അടയ്ക്കുന്നതായും
പറഞ്ഞുകൊണ്ട്
നാടിനെത്തന്നെ തുറക്കുന്നു
നാടിനെത്തന്നെ അടയ്ക്കുന്നു.


8
ഗർഭിണിപ്പെണ്ണിനുള്ള പിറന്നാൾ സമ്മാനം
****

ദൈവംതമ്പുരാൻ
തന്റെ സമ്മാനം
ഗോളാകൃതിയിൽ കെട്ടി
നിന്റെ വയറ്റിൽ വെച്ചിരിക്കുന്നു.
പിറന്നാൾ സമ്മാനം അഴിച്ചെടുക്കാൻ
സമ്മാനത്തിന്റെ പിറന്നാൾ വരെ
നീ കാത്തിരിക്കണം.


9
വെയിൽ കഴുകൽ

അറ്റ വേനൽക്കാലം.
മുഖം കഴുകൽ എന്നത്
മുഖം കഴുകലല്ല.
മുഖത്തു വെള്ളം പാറ്റി
വെയിൽ കഴുകി ഞാൻ.
വീണ്ടും പാറ്റി
വെയിൽ കഴുകി ഞാൻ.
മുഖം കഴുകാൻ ഇത്ര നേരമോ
എന്ന പുറംശബ്ദം.
അതിനറിയില്ല
ഞാൻ വെയിൽ കഴുകി
മുഖമന്വേഷിക്കുന്ന സംഭ്രമം.


10
ചാറ്റൽ മഴയ്ക്ക് ഒതുങ്ങി നിൽക്കുന്ന പെണ്ണുങ്ങളെ
മഴയെ പുകയെ സിഗററ്റിനെ
ബസ് സ്റ്റാന്റിലെക്കടകളെ
തെരുവിനെ
തറയെ
സിനിമാ പോസ്റ്ററുകളെ
വിളിച്ചു കൂവുന്ന ഓട്ടോക്കാരെ
പൊറോട്ട മണത്തെ
പിച്ചി കനകാംബരങ്ങളെ
നദിയിലേക്കോടുന്ന ഭ്രാന്തനെ
സ്വന്തം നാട്ടിലേക്കു മടങ്ങുന്നവൻ നോക്കുന്നു.
ഭ്രാന്തു മാറുന്നവന്റെ
തലയിൽ നടക്കുന്ന
മാറ്റങ്ങൾക്കു സമമാണത്.


11
ഇസബെല്ലയുടെ രാത്രികൾ
****

ഇസബെല്ലയുടെ രാത്രികൾ
വിചിത്രമായവ.

മുളകളെത്തേടും
മുളങ്കാടുകൾ പോൽ
അവ.


12
മുത്തച്ഛന്റെ കണ്ണട
വലിക്കുന്ന പേരക്കുട്ടി
കാഴ്ച്ച മങ്ങിക്കുന്നു.
മരണസമയത്തെ മങ്ങൽ.
പേരക്കുട്ടിയിൽ നിന്നു
കണ്ണട പിടിച്ചു വാങ്ങുന്ന മുത്തച്ഛൻ
ഓരോ തവണയും
ജീവിതത്തിലേക്കു മടങ്ങുന്നു.
പേരക്കുട്ടി പിന്നെയും വലിക്കുന്നു.
മുത്തച്ഛൻ പിന്നെയും പിടിച്ചു വാങ്ങുന്നു.
മുത്തച്ഛൻ ചിരിക്കുന്നു.
ഓരോ തവണയും തന്റെ മുഖത്തു നിന്നു
കണ്ണട വലിക്കാൻ
മുത്തച്ഛൻ നിന്നുകൊടുക്കുന്നു.
അവന്റെ മുഖത്തു കണ്ണട വയ്ക്കാൻ
പക്ഷേ,വിടുന്നില്ല.



* മതാർ എന്ന പേരിൽ എഴുതുന്നു. തിരുനെൽവേലി സ്വദേശി. ഏറ്റവും പുതിയ തലമുറയിൽ പെട്ട കവി. 2021-ൽ പ്രസിദ്ധീകരിച്ച വെയിൽ പറന്തത് ആദ്യ സമാഹാരം...

Thursday, June 3, 2021

ചന്ദ്രാ തങ്കരാജ് കവിതകൾ (തമിഴ് പരിഭാഷ)

കവിതകൾ
ചന്ദ്രാ തങ്കരാജ് (തമിഴ്)

1. ആടുകളെ കഴുതകളാക്കി അല്ലെങ്കിൽ ദൈവമാക്കി മാറ്റൽ

ഞാൻ മരത്തിനടിയിൽ ചാഞ്ഞിരുന്നപ്പോൾ
ജീവിതം അത്രമാത്രം അത്ഭുതകരമായിരുന്നില്ല.
എന്നെ നോക്കി അവൻ വന്നപ്പോഴാണ്
അത്ഭുതങ്ങൾ തുടങ്ങിയത്.
"ഞാൻ നിന്നെത്തന്നെ ശ്രദ്ധിച്ചിരുന്നപ്പോൾ
വിട്ടുപോയ നക്ഷത്രങ്ങൾ തിരിച്ചു താ",
അവൻ പറഞ്ഞു.

എപ്പോൾ?
ഞാൻ കണ്ണു മിഴിച്ചു.

"ഇരുപതു കൊല്ലം മുമ്പ്
ഇതേ പൂവരശു മരത്തിനടിയിൽ വെച്ച് "

അന്നേരം ഞാൻ
മരത്തെച്ചുറ്റി കളിക്കുകയായിരുന്നു.
ആ ചെരിഞ്ഞ നിലത്തിനു താഴെ നീർച്ചാല്.
ഇവിടെ
ഭാഗ്യക്കുറി ടിക്കറ്റുകൾ തൂങ്ങുന്ന
മഞ്ഞനിറമുള്ള പെട്ടിക്കട.
സഹിക്കാൻ വയ്യാത്ത കാലു വേദനയോടെ
ഒരു വൃദ്ധ മക്കാച്ചോളം വിൽക്കുന്നു.
ആൽമരക്കൊമ്പിലൂഞ്ഞാലാടിക്കൊണ്ട്
നാമതു കടിച്ചു തിന്നു.
എല്ലാം ഓർമ്മയുണ്ടെങ്കിലും
ഏയ് ഭ്രാന്താ, ഇതെല്ലാം
നിൻ്റെ ദൈവത്തോടു പോയിച്ചോദിക്കൂ
എന്നു പറഞ്ഞു ഞാൻ.

"ചോദിച്ചില്ലെന്നോ?
ദൈവം ഒന്നും ഓർമ്മയില്ലാത്ത കഴുത.
അതിൻ്റെ ഓർമ്മയിൽ ഒന്നുമില്ല.
താനൊരു കഴുതയായതുപോലും
അതു മറന്നിരിക്കുന്നു."
അവൻ പറഞ്ഞു.
ഇക്കാലത്താരും കഴുതയെ വളർത്താറില്ല മണ്ടാ,
ഭാരം ചുമക്കുന്നത് അവ നിറുത്തിയപ്പോൾ
മനുഷ്യരവയെ വളർത്തുന്നതും നിറുത്തി.
ഏറ്റവുമൊടുവിൽ ഇതിലേ ചുറ്റിത്തിരിഞ്ഞ
കിഴട്ടു കഴുതയും
വെള്ളമില്ലാത്ത കിണറ്റിൽ വീണു ചത്തുപോയി.
അതേ സമയം
ഭാരം ചുമക്കാൻ വേണ്ടത്ര മനുഷ്യരും ഇവിടില്ല.
ആടുകളെ വളർത്തിക്കൊണ്ടിരിക്കുന്ന
ആ വയസ്സന്മാരല്ലാതെ.

"അവരിവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"

ആടുകളെ കഴുതകളാക്കി മാറ്റാനുള്ള
പരിശ്രമത്തിലാണ്.

"നീ ഇവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"

കഴുതയാവാൻ കാത്തിരിപ്പാണു ഞാൻ.
വാ, എൻ്റെയരികിലിരിക്ക്.
നമുക്കൊന്നിച്ചു കഴുതകളാവാം.



2..കാടുമേയൽ

മലയടിവാരത്തിൽ
വിറകെടുത്തുകൊണ്ടിരുന്നവൾ
വഴിതെറ്റി
ചക്രവാളത്തിലേക്കു കയറിപ്പോയ്.
അവൾ താഴേക്കിറങ്ങാനുള്ള മന്ത്രച്ചൊല്ലുകൾ
മേച്ചിൽപ്പുറത്തെ തീറ്റപ്പുല്ലുകളിൽ
പതിഞ്ഞു കിടക്കുന്നു.
പശുക്കളവ സാവകാശം ചവച്ചു തിന്നുന്നു.



3.കുരുമുളക്

അഞ്ചു മൈൽ ദൂരം നടക്കണം.
ചെറുമലക്കു മറുപുറത്താണ് അവളുടെ പള്ളിക്കൂടം.
വിരലുകൾകൊണ്ടു മെല്ലെ
മലയെ തൊട്ടു നീക്കി അവൾ
അതൊരു കുരുമുളകു മണി പോലെ
ഉരുണ്ടു മാറുന്നു.
ഇങ്ങനെയാണ്
എന്നും ഒറ്റക്കുതിയ്ക്ക്
മല കടക്കുന്നത്
മായാറാണി.



4. ഞാൻ എന്തെന്നു നിങ്ങൾ പറയുന്നുവോ
അതായിത്തന്നെയിരിക്കുന്നു എപ്പോഴും.

വലിയമ്മ പറഞ്ഞു:
"നീ ജനിച്ചപ്പോൾ കറുത്ത എലിക്കുഞ്ഞു പോലിരുന്നു"
അപ്പോൾ തൊട്ട്
പൂച്ചകളെക്കണ്ടു ഞാൻ പേടിച്ചു.
അപ്പൻ ഒരു നായയെ വളർത്താൻ തന്നു.
പൂച്ചകൾ എന്നെക്കണ്ട് ഓടി.
മുയൽക്കുഞ്ഞിൻ്റെ ചോര
അവരെൻ്റെ തലയിൽ തേച്ചു.
മലന്തേനും മുള്ളൻപന്നിമാംസവും
വല്ലപ്പോഴും മൂടിയിൽ ഊറ്റി സ്വല്പം കള്ളും തന്നു.
പന്ത്രണ്ടു വസന്തകാലങ്ങൾ കഴിഞ്ഞു.
വലിയമ്മ പറഞ്ഞു:
"നീ കുതിരക്കുട്ടിയെപ്പോലിരിക്കുന്നു"



5. മായ ഇഴ

പാവാടയിൽ പറ്റിയ രക്തക്കറ
മലഞ്ചോലയിൽ കഴുകുന്നു പെൺകുട്ടി.
അവൾ തേയ്ക്കെത്തേയ്ക്കേ
പാവാടയുടെ വെള്ളരിപ്പൂക്കൾ
പറന്നു പോകുന്നു.
പൂക്കളെ ഓടിയോടിപ്പിടിക്കാൻ
കയ്യിലടങ്ങാതെ പറക്കുന്നു പൂക്കളറ്റ പാവാട.
അതുനോക്കിക്കരഞ്ഞുകൊണ്ടവൾ
വീട്ടിലേക്കോടുന്നു.
വഴിയെങ്ങും പലനിറപ്പൂക്കൾ
നാലുപാടും പറക്കുന്നു.
ഗ്രാമത്തിലെ മുഴുവൻ പെണ്ണുങ്ങളും
പൂക്കൾക്കു പിറകെയോടുന്നു.
അമ്മയും തൻ്റെ സാരിപ്പൂക്കൾ
പിടിക്കാനോടുന്നതു നോക്കി നിൽക്കുന്നു
പെൺകുട്ടി.



6. പച്ചത്തിണപ്പക്ഷി

എവിടെയായിരുന്നെന്നു ചോദിക്കാതെ.
ഇവിടെത്തന്നെ ഞാൻ രണ്ടായിരം കൊല്ലമായ്
കാടിന്റെ പാട്ടുകൾ പാടിയിരിക്കുന്നു.
ആണ്ടാണ്ടുകാലപ്പഴക്കമുള്ള സൂര്യൻ
ദിവസവുമെനിക്കു പിറവി നൽകുന്നു.
കുളിർത്ത മലയിലെന്നരികിലിരിക്കുവിൻ
കാട്ടുവെൺനെല്ലരിച്ചോറിനൊപ്പം
കള്ളുകുടിച്ചീ രാവു കടക്കും നാം



7. തേൻകടന്നൽ

തേൻ കുടിച്ച ലഹരിയിൽ
ജനലിൽ തട്ടിത്തട്ടി
നൃത്തമാടിക്കൊണ്ടിരുന്നു
മലന്തേനീച്ച...
ജനൽ തുറന്നു ഞാൻ നാക്കു നീട്ടി
തീവ്രമായ് വിഷവും തേനും ഉള്ളിലേക്കിറങ്ങി.
തേൻ ചുരക്കുന്ന കുഞ്ഞുങ്ങളെ
പെറ്റു വളർത്തി ഞാൻ
പിന്നീട് പൂക്കളെൻ കുഞ്ഞുങ്ങളെത്തേടി
പറന്നു വന്നു.



8. മലയെ ചെരിപ്പായ് അണിയൽ

എപ്പൊഴും മലകൾക്കു മേലേ
നടന്നുകൊണ്ടിരിക്കുന്നു ഞാൻ
മലയും മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു.
പാറപ്പുറത്തെന്റെയാടുകൾ കിടന്നുറങ്ങുന്നു.
മഞ്ഞുമൂടിക്കിടക്കുന്നു വീട്
ഞാനോ ദൂരത്തു തന്നെ നിൽക്കുന്നു.
ഏകാന്തതയുടെ നീളൻ കാല്പടത്തിന്മേൽ
എന്റെ സ്വപ്നങ്ങൾ പിറുപിറുത്തലയുന്നു.
എല്ലാത്തിനും കാരണം നിന്റെ തലവിധി,
അവർ പറയുന്നു.
അതു മാറ്റാനായി
എന്റെ വലതു കൈരേഖകൾ ഇടതു കൈ കൊണ്ടും
ഇടതു കൈരേഖകൾ വലതു കൈ കൊണ്ടും
അഴിച്ചുകൊണ്ടേയിരിക്കുന്നു.


9.മുറി ഒഴിവില്ല

ലോഡ്ജുകാർ
അവരുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.
അവന്റെ കാൽക്കീഴിൽ നിന്നു പെരുകിയ കടലും
അവളുടെ കാൽക്കീഴിൽ നിന്നുയർന്ന മലയും
കണ്ടു വിരണ്ട്
നിങ്ങൾ ശരിയല്ലാത്ത ജോടി,
മുറി ഒഴിവില്ല എന്നു പറഞ്ഞു.
അവർ അവിടുന്നിറങ്ങേ,
കടലും മലയും നായ്ക്കുട്ടി പോലെ
അവരോടൊപ്പംന്നു നടുറോട്ടിലിരുന്നു.
വരം പിൻവലിച്ച അവയെ അവിടെയുപേക്ഷിച്ച്
അവർ മേച്ചിൽപ്പുറം നോക്കിപ്പുറപ്പെട്ടു.

കുട്ടി കുഴിച്ചിട്ട വാക്കിൽ നിന്നും തഴച്ചു പൊന്തുന്നൂ അപ്പമരം (ലേഖനം).

കുട്ടി കുഴിച്ചിട്ട വാക്കിൽ നിന്നും
തഴച്ചു പൊന്തുന്നൂ അപ്പമരം
പി. രാമൻ

കേരളത്തിലെ എല്ലാ അദ്ധ്യാപകരും വായിച്ചിരിക്കേണ്ട ഒരു ചെറിയ രചന താഴെ കൊടുക്കുന്നു.

കള്ളം പറയണം
കള്ളം പറയാൻ നമ്മൾ പഠിക്കണം.
കൊതിയോടെ കഴിക്കാൻ വെച്ച മധുരം
കൂടപ്പിറപ്പ് ചോദിച്ചാൽ
എനിക്കു വേണ്ടാ എന്നു കള്ളം പറയണം.
സ്നേഹമുള്ളവർ
വേദനിപ്പിക്കും വിധം സംസാരിച്ച്
പിന്നീട് വിഷമമായോ എന്നു ചോദിക്കുമ്പോൾ
ഇല്ല എന്നു കള്ളം പറയണം
ഒരുപാടു തിരക്കുള്ള സമയത്ത്
ഇഷ്ടമുള്ളവർ വിളിച്ചാൽ
തിരക്കാണോ എന്നതിന്
അല്ല എന്നു കള്ളം പറയണം.
മനസ്സിൽ തിരയടിക്കുമ്പൊഴും
എതിരേ വന്ന ആൾ
സുഖമാണോ എന്നു ചോദിച്ചാൽ
അതെ എന്നു കള്ളം പറയണം.
എല്ലാം കഴിഞ്ഞ്
ആ ദിവസത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ
ഒരു സത്യം പറയാൻ മറക്കരുത്
എൻ്റെ വേദനകളെ ഞാൻ
അതിജീവിച്ചു എന്ന്.

വായിച്ച് എന്തു തോന്നി? സത്യം പറയാൻ പഠിക്കണം എന്ന് കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട അദ്ധ്യാപകരായ നമ്മൾ കള്ളം പറയാൻ പഠിക്കണം എന്ന ആശയം എങ്ങനെയാണ് ഉൾക്കൊള്ളുക? കവിത വായിച്ചു വരുമ്പോൾ, കള്ളം പറയുക എന്നതിനടിയിലുള്ള മഹാവേദനയിലേക്ക് നാം പൊടുന്നനെ എത്തിപ്പെടുന്നില്ലേ? അതെ, വേദനയിൽ നിന്നു വിരിഞ്ഞതാണ് കളങ്കമില്ലാത്ത ആ കള്ളം. അതിൻ്റെ വേരുകൾ ഇറങ്ങിച്ചെല്ലുന്നതോ എൻ്റെ വേദനകളെ ഞാൻ അതിജീവിച്ചു എന്ന സത്യബോധത്തിലേക്കുമാണ്. വേദനയെ മറികടക്കാനുള്ള മനുഷ്യൻ്റെ കഠിന പരിശ്രമത്തിന് ഭാഷ നൽകിയിരിക്കുകയാണീ കുഞ്ഞ്. ആഴമേറിയ ഒരു ജീവിത സത്യം പ്രകാശിക്കുന്നു ഈ കവിതയിൽ, അല്ലേ? ഈ ജീവിത സത്യത്തിലേക്ക് വേദനയോടെ എത്തിച്ചേരാൻ ഒരാൾക്ക് എത്ര വർഷമെടുക്കേണ്ടി വരും?

എന്നാൽ പറയാം. മുകളിൽ വായിച്ച ഈ കവിത എഴുതിയത് പ്രായം കൊണ്ടു മുതിർന്ന ഒരാളല്ല, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്.പാലക്കാട് ജില്ലയിലെ തൃത്താല കെ.ബി. മേനോൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി ഷിഫാന ഷെറിയാണ് ഇതെഴുതിയത്. ഷിഫാന ഷെറി ഇപ്പോൾ നമുക്കിടയിലില്ല.2020 ഓഗസ്റ്റ് 10 ന് അവൾ ഈ ലോകം വിട്ടു പോയി.കാൻസർ ബാധിച്ച് വേദനിച്ചു പിടയുന്ന സമയത്ത് അവളെഴുതിയാണ് ഈ കവിത അഥവാ കുറിപ്പ്. ധാരാളം കവിതകളും കുറിപ്പുകളും ഡയറിയിലവൾ എഴുതിവെച്ചിരുന്നതിൽ ഒന്ന്. ഇതിനെ അവൾ കവിതയായല്ല ഒരു കുറിപ്പായാണ് കണ്ടത്.എന്നാൽ ഇപ്പോൾ വായിക്കുമ്പോൾ നമുക്കിത് ഉള്ളിൽ കൊളുത്തി
വലിക്കുന്ന കവിതയാകുന്നു. പതിമൂന്നു വയസ്സുമാത്രമുള്ള ഈ പെൺകുട്ടി ആവിഷ്കരിച്ചതിനേക്കാൾ ആഴമുള്ള സത്യം ഒരായുഷ്ക്കാലം മുഴുവനും താണ്ടിയാൽ പോലും ആവിഷ്ക്കരിക്കാനാവണമെന്നില്ല. വേദനയിൽ നിന്നൂറിയ അറിവാണ് ഷിഫാനയുടെ എഴുത്തിലുടനീളം. മറ്റുള്ളവരെ താൻ വേദനിപ്പിച്ചുവോ എന്നാണ് പല കവിതകളിലും അവൾ ആവർത്തിച്ചു ചോദിക്കുന്നത്. തനിക്കു പ്രിയപ്പെട്ട എല്ലാവരേക്കുറിച്ചുമുള്ള എഴുത്തുകൾ ഷിഫാനയുടെ ഡയറിയിലുണ്ട്. ഉപ്പ, ഉമ്മ, വല്യുപ്പ, വല്യുമ്മ, അനിയൻ, കൂടെപ്പഠിച്ച കൂട്ടുകാർ, പഠിപ്പിച്ച അദ്ധ്യാപകർ, ചികിത്സിച്ച ഡോക്ടർമാർ എല്ലാവരെക്കുറിച്ചും അവൾ സ്നേഹത്തോടെ എഴുതുന്നു. രണ്ടിലോ മൂന്നിലോ പഠിക്കുന്ന തൻ്റെ കുഞ്ഞനിയനെക്കുറിച്ച് അവളെഴുതിയ ഈ വാക്കുകൾ വായിക്കൂ: "അവനെന്നെ കാണാൻ ആദ്യമായി തിരുവനന്തപുരത്ത് വന്ന ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കീമോയുടെ ഫലമായി മുടിയെല്ലാം പോയി മൊട്ടത്തലയുളള എന്നെ അവൻ നോക്കിയ നോട്ടം... അവൻ്റെ മുഖത്തു പ്രതിഫലിച്ചത് എന്നോടുള്ള സ്നേഹമായിരുന്നു. അവനെൻ്റെ രൂപം എന്തുകൊണ്ടോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരു പക്ഷേ, ഒരു കുഞ്ഞു മനസ്സിന് താങ്ങാവുന്നതിനും അപ്പുറമായിരിക്കാം ആ കാഴ്ച്ച.തൻ്റെ കൂടപ്പിറപ്പ് ദയനീയാവസ്ഥയിൽ കഴിയുന്നത് ഒരു കൂടപ്പിറപ്പിനു സഹിക്കുകയില്ല. അവനെന്നെ അന്ന് കരഞ്ഞുകൊണ്ടു നോക്കിയപ്പോൾ എൻ്റെ ഹൃദയം തകർന്നു.ഞാൻ ഛർദ്ദിക്കുമ്പോൾ ഓടി വന്ന് എനിക്കായ് ബക്കറ്റു നീട്ടി. എൻ്റെ പുറം തടവിത്തന്നു".

ഷിഫാന ഷെറി ഡയറികളിൽ എഴുതിവെച്ച കവിതകളും കുറിപ്പുകളും ചേർത്ത് നിറമുള്ള അക്ഷരങ്ങൾ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത് കൂറ്റനാട്ടെ പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റിയാണ്. അവശേഷിച്ച ലോകത്തെ കൂടുതൽ നന്മയുള്ളതാക്കാൻ പോന്ന ഈ കുഞ്ഞിൻ്റെ രചനകൾ, അവസാനദിനങ്ങളിൽ കൂടെ നിന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്.

ഷിഫാനയെപ്പോലുള്ള കുട്ടികളുടെ എഴുത്ത് ബാലസാഹിത്യത്തിൻ്റെ പരിധിയിൽ വരുന്നതല്ല. കുട്ടികൾക്കു വേണ്ടി മുതിർന്നവർ എഴുതുന്നതിനെയാണ് നമ്മൾ പൊതുവേ ബാലസാഹിത്യം എന്നു വിളിക്കാറ്. കുട്ടികളുടെ എഴുത്ത് നാം വേറിട്ടു തന്നെ പരിഗണിക്കേണ്ട മൗലികമായ ഒരിന (ഴാനർ) മാണ്. കുട്ടികളുടെ എഴുത്ത് പലപ്പോഴും കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ കള്ളി തിരിക്കാൻ കഴിയാത്ത രൂപഭാവ സവിശേഷതകളുള്ളതുമാണ്. അതു കൊണ്ട് ചെറുകഥ, കവിത തുടങ്ങിയ പൊതു ഇനങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്താൻ കഴിയണമെന്നില്ല. അതുകൊണ്ടാണ് കുട്ടികളുടെ എഴുത്ത് മൗലികമായ ഒരിനം ആയി പരിഗണിക്കപ്പെടേണ്ടതുണ്ട് എന്നു പറഞ്ഞത്.

കുട്ടികളുടെ എഴുത്തിൽ എനിക്കേറ്റവും കൗതുകം തോന്നിയിട്ടുള്ള ഒരു കാര്യം കുട്ടിക്കാലത്ത് തീർത്തും സ്വതന്ത്രമായി എഴുതുന്ന ഈ കുട്ടികളിൽ മിക്കവരും മുതിരുന്നതോടെ എഴുത്തു നിർത്തുകയോ കൃത്രിമമായ സാഹിത്യ ഭാഷയിലേക്ക് മാറുകയോ ചെയ്യുന്നു എന്നതാണ്. കുട്ടിക്കാലത്ത് അതിമനോഹരമായി എഴുതിയിരുന്ന മിക്ക കുട്ടികളും എഴുത്തിൻ്റെ ലോകത്തു നിന്ന് പിന്നീട് അപ്രത്യക്ഷമാവുന്നതാണ് അനുഭവം.  മറ്റെല്ലാവരും എഴുതിക്കൊണ്ടിരിക്കുന്ന പൊതു സാഹിത്യ ഭാഷയിൽ തന്നെയെഴുതി വ്യക്തിത്വം നഷ്ടപ്പെടുത്തുന്നു എഴുത്തു തുടരുന്ന പലരും. കവിത, അല്ലെങ്കിൽ കഥ ഇന്നയിന്ന തരത്തിലൊക്കെ ഇരിക്കണം എന്ന ബോധം ഉറയ്ക്കുന്നതോടെ ആ സ്വാഭാവിക പ്രവാഹം വറ്റിപ്പോകുന്നു. അതിൽ അദ്ധ്യാപകർക്കുമുണ്ട് വലിയൊരു പങ്ക്. ഇന്നയിന്ന തരത്തിൽ എഴുതണം എന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുകയല്ല, അവരുടെ തീർത്തും സ്വാഭാവികമായ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത് കൂടുതൽ നന്നാകാൻ എഴുതിയത് വീണ്ടും വീണ്ടും വായിച്ച് സ്വയം തിരുത്തേണ്ടതിൻ്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതും നല്ലതാണ്. അത്രയേ വേണ്ടൂ.

കുട്ടികളുടെ എഴുത്ത് ഒരു പ്രത്യേക വിഭാഗം എന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവർക്കു മാത്രം എഴുതാൻ കഴിയുന്നതാണ് അവരെഴുതുന്നത്. കുട്ടിത്തം നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും എഴുതാൻ കഴിയാത്തതാണത്. കുട്ടികളുടെ എഴുത്തിനെക്കുറിച്ചുള്ള മുതിർന്നവരുടെ മുൻധാരണകളെ അതു തകർക്കുന്നു.  "എന്തു നല്ല പൂവ് രണ്ടു നല്ല പൂവ്" എന്ന മട്ടിലേ കുട്ടികൾ എഴുതൂ, എഴുതാവൂ എന്നത് മുതിർന്നവരുടെ മുൻധാരണ മാത്രമാണ്. തുടക്കത്തിൽ കൊടുത്ത ഷിഫാനയുടെ കവിത തന്നെ നോക്കൂ.ആ പ്രായത്തിലെ എഴുത്തിനെക്കുറിച്ചുള്ള മുതിർന്നവരുടെ മുൻധാരണകളെ അമ്പേ തകർക്കുന്നു ആ കവിത. കുട്ടികളുടെ എഴുത്തിൽ മുതിർന്നവരുടേതിൽ നിന്നു വ്യത്യസ്തമായ നോട്ടനില ഉണ്ടാകും.മുതിരുന്നതോടെ അത്, മുതിർന്നവരുടെ പൊതു നോട്ടത്തിനു വഴിമാറുകയും ചെയ്യാം. ഇക്കാരണങ്ങളാൽ കുട്ടികളുടെ എഴുത്ത് ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് വലിയ ആവശ്യമാണ്.

മനുഷ്യൻ്റെ ബാല്യമാണല്ലോ ശിലായുഗ കാലം. അന്ന് മനുഷ്യൻ ഗുഹകളിലും മറ്റും കോറിയിട്ട ചിത്രങ്ങൾ എത്ര പ്രാധാന്യത്തോടെയാണോ നാം സംരക്ഷിക്കുന്നത് അതിനേക്കാൾ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടവയാണ് കുട്ടികളുടെ രചനകൾ.കാരണം അവ ബാല്യത്തിനു മാത്രം കൈമുതലായുള്ള നോട്ടനിലകളിൽ നിന്ന് എഴുതപ്പെട്ടവയാണ്, ജീവത്തായ ഒരു തുടർച്ചയുമാണ്.ഇന്നലെ കുട്ടികൾ എഴുതി വളർന്ന് മുതിർന്നവരായി. ഇന്നും കുട്ടികൾ എഴുതുന്നു. നാളെയും അവർ എഴുതും.അവർ പിൽക്കാലത്ത് വലിയ എഴുത്തുകാരായി മാറുന്നുണ്ടോ ഇല്ലയോ എന്നത് തീർത്തും അപ്രധാനമാണ്.കവിതയുടെ കരുത്തറിയുന്ന നല്ല വായനക്കാരായി മാറുമായിരിക്കാം പലരും. നിത്യജീവിതത്തിൽ സാധാരണ ഭാഷാവ്യവഹാരങ്ങൾ ചെയ്തു പോരുന്നവർ മാത്രമായാൽപ്പോലും കാവ്യാത്മകമായ കരുത്തും തിളക്കവും തങ്ങളുടെ പതിവു ദിനസരി മൊഴികളിലൊതുക്കാൻ, അങ്ങനെ കവിതത്തിളക്കത്തോടെ ജീവിക്കാൻ, പിൽക്കാലത്ത് പലർക്കും കഴിഞ്ഞേക്കും. അപൂർവം ചിലർ എഴുത്തിൻ്റെ തനതു വഴി വെട്ടി മുന്നേറാനും മതി.

ആറേഴു കൊല്ലം മുമ്പ് ഒരു കവിതാ ശില്പശാലയിൽ വെച്ച് കബനി സി. എന്ന അന്നത്തെ ഒരു നാലാം ക്ലാസുകാരി ഇങ്ങനെ എഴുതി:

കുട്ടി പൂ പറിച്ച് മുടിയിൽ ചൂടി.
കുട്ടിയുടെ മുടിയിലിരുന്ന് പൂവിന് ഇക്കിളിയായി.
പൂവിന് ചിരിച്ചു ചിരിച്ച് വയ്യാണ്ടായി.

വെറും മൂന്നു വരി. എന്നാൽ, മുതിർന്നൊരാളുടെ ഭാവനാശക്തിക്കപ്പുറത്താണ് ഇക്കവിതയിലെ ഭാവന. ഒരു കുഞ്ഞിനേ ഇതെഴുതാൻ കഴിയൂ.ആദ്യത്തെ വരി ഒരു സാമാന്യ പ്രസ്താവനയാണ്. രണ്ടാമത്തെ വരിയിൽ വിസ്മയിപ്പിക്കുന്ന ഒരു കുതിച്ചു കയറ്റമുണ്ട്. മുടിയിഴയിലുരസി പൂവിന് ഇക്കളിയാവും എന്ന് ചിന്തിക്കാൻ ഒരു പക്ഷേ, കുഞ്ഞിനേ കഴിയൂ. അവസാന വരിയിലെ ആ 'വയ്യാണ്ടായി' യിലേക്കാണ് നമ്മുടെ ശ്രദ്ധ പെട്ടെന്നു പതിയുക. കോളേജ് വിദ്യാർത്ഥികളുടെ സാഹിത്യ ക്യാമ്പിൽ ഞാനീ കവിത അവസാന വാക്ക് വിട്ടു കളഞ്ഞ് പൂരിപ്പിക്കാൻ വേണ്ടി നൽകിയത് ഓർക്കുന്നു. കൗമാരക്കാരായ കോളേജ് വിദ്യാർത്ഥികൾ പൂവിന് ചിരിച്ചു ചിരിച്ച് ബോറഡിച്ചു എന്നാണ് അതു പൂരിപ്പിച്ചത്.കുട്ടിയുടെ മുടിയിലിരുന്ന് ഇക്കിളിയായി ചിരിച്ചു ചിരിച്ച് വയ്യാണ്ടാവുന്ന ഒരു പൂവിനെക്കാണാൻ കുഞ്ഞിൻ്റെ കണ്ണു തന്നെ വേണം.

സൽഗുണ സമ്പന്നമായ എഴുത്താണ്, ആവണം കുട്ടികളുടേത് എന്ന മുൻധാരണയേയും അവർ പൊളിച്ചു കയ്യിൽ തരും. 2011 ൽ  ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന രമോദ്.വി.(എ.യു.പി.സ്കൂൾ പുഞ്ചപ്പാടം) എഴുതിയ ചോക്ക് എന്ന ഈ രചന നോക്കൂ:

ഒരു ദിവസം ശോഭട്ടീച്ചർ ക്ലാസെടുക്കുകയായിരുന്നു. ടീച്ചറെ കുട്ടികൾക്ക് ഇഷ്ടമായിരുന്നില്ല.ക്ലാസെടുക്കുന്നതിനിടയിൽ ടീച്ചർ തല ചുറ്റി വീണു. കുട്ടികളാരും അതു കണ്ടുവെന്നുപോലും നടിച്ചില്ല.

മേശപ്പുറത്തുണ്ടായിരുന്ന ചോക്ക് വേഗം ചാടി ബോർഡിലെഴുതി:
'എല്ലാവരും ഓടിപ്പൊയ്ക്കോളൂ'
('പുതുമഴ', സർവശിക്ഷാ അഭിയാൻ, പാലക്കാട്)

ഇഷ്ടമല്ലാത്ത ടീച്ചറെ കുട്ടികൾ എങ്ങനെയാണ് ഉപേക്ഷിച്ചു പോകുന്നത് എന്നതിൻ്റെ ക്രൂരമെങ്കിലും സത്യസന്ധമായ ആവിഷ്കാരമാണീ രചന. എന്തുകൊണ്ടാണ് ടീച്ചറെ കുട്ടികൾക്ക് ഇഷ്ടമാകാതിരുന്നത് എന്ന ചോദ്യം ഈ രചനയ്ക്കുള്ളിലുണ്ട്. കുട്ടികളെ ഉൾക്കൊളളാത്ത ഒരു ടീച്ചറെ കുട്ടികൾക്കും ഉൾക്കൊള്ളാനാവില്ല എന്നു ബോധ്യപ്പെടുത്തുന്നു ഈ രചന.

കുറേക്കൂടി പഴയ ഒരു കവിത നമുക്കിപ്പോൾ വായിക്കാം. കവിതയുടെ പേര്  'കൊതി തോന്നുന്നു'. എഴുതിയത് 1968-ൽ ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന ടി.കെ.വിജയകുമാരി, ചൂലൂർ ആണ്. അരനൂറ്റാണ്ടു മുമ്പ് ഒരു വിദ്യാർത്ഥിനി എഴുതിയ കവിത.(അന്നിത് പ്രസിദ്ധീകരിച്ച മാതൃഭൂമി ബാലപംക്തിയിൽ പഠിക്കുന്ന ക്ലാസ് രേഖപ്പെടുത്തിയിട്ടില്ല)

പടിഞ്ഞാറ്റയിലമ്മ കീർത്തനം പാടീടുന്നൂ
പടിമേലിരുന്നേട്ടൻ "നീങ്കൾ കേട്ടവൈ" കേൾപ്പൂ
ചേച്ചിയോ ബദ്ധപ്പാടിലത്താഴമൊരുക്കുന്നൂ
കൊച്ചുകുട്ടനവ്യക്തം റാ രാ ത്താ വായിക്കുന്നു.
ഏകയായ് ഞാനീ മുറ്റത്തെത്ര നേരമായേതോ
ഭാവുകസ്വപ്നങ്ങളും നെയ്തു നെയ്തിരിക്കുന്നു.
ഒട്ടകലത്താ മുല്ലപ്പൂക്കളെത്താലോലിച്ചും
ഒട്ടുമാവിലകളെയാമോദമാശ്ലേഷിച്ചും
പൂമുഖത്തണയുവാൻ നാണിച്ചും മുറ്റത്തുള്ള
പൂഴിമൺ തരികളിൽ ചന്ദ്രിക പരുങ്ങുന്നൂ
കൊതി തോന്നുന്നേ,നിപ്പൂഞ്ചന്ദ്രികക്കൊരു മുത്ത-
മരുളാ, നെനിക്കുമ്മ തന്നിടുന്നതു പോലെ.

ഇതെഴുതിയ കവി അന്ന് ഒരു പക്ഷേ ഒരു മുതിർന്ന വിദ്യാർത്ഥിനിയായിരിക്കാം എന്ന് ഭാവുകസ്വപ്നം പോലുള്ള വാക്കുകൾ കാണിക്കുന്നു. അന്നത്തെ ആ വിദ്യാർത്ഥിനി ഇന്ന് വാർദ്ധക്യത്തിലെത്തിയിട്ടുണ്ടാവും. കവിതയിലാവിഷ്കരിച്ച ഭാവത്തിന് പക്ഷേ, ഇന്നും കുട്ടിത്തം. ശാന്തമായ ഒരു ഗൃഹാന്തരീക്ഷം. അമ്മ സന്ധ്യാകീർത്തനം ചൊല്ലുന്നു. ഏട്ടൻ റേഡിയോ കേൾക്കുന്നു. ചേച്ചി അടുക്കളപ്പണിയിലാണ്. അനിയൻ റ ര ത എന്ന് അക്ഷരം കൂട്ടി വായിച്ചു പഠിക്കുന്നു. താനോ മുറ്റത്തൂടെ നിലാവത്തു സ്വപ്നം കണ്ടു നടക്കുന്നു. ഒരു കൗമാരക്കാരി, ഒരു പക്ഷേ ഒരു പത്താംക്ലാസുകാരി. നിലാവിനെ ഉമ്മ വയ്ക്കാൻ കൊതിച്ചുകൊണ്ട്. നിലാവ് തന്നെ ഉമ്മ വെയ്ക്കും പോലെ തിരിച്ച് നിലാവിനെയും ഉമ്മ വെക്കാൻ കൊതിക്കുന്ന ആ കുട്ടിത്തത്തിന് കാലം ചെന്നാലും മാറ്റമേതുമില്ല. അതിന് വാർദ്ധക്യമില്ല. കവിതയെഴുതിയ ആ കുട്ടി ജീവിതത്തിൻ്റെ തിരക്കുകളിൽ പിന്നീട് ഒതുങ്ങിപ്പോയിരിക്കണം. എങ്കിലും കവിതയിലെ കുട്ടിക്കും കുട്ടിത്തത്തിനും മരണമില്ല.ആറ്റുർ രവിവർമ്മ 'ചെറുപ്പം' എന്ന കവിതയിലെഴുതിയ പോലെ "കോവിൽത്തൂണിൽ എ.ഡി.ഒമ്പതാം നൂറ്റാണ്ടിലെ സുന്ദരിയുടെ ചിരി ഇന്നും മായാതെ". ചെറുപ്പത്തിൽ മാഞ്ഞു പോയ ചിലരെ ഓർമ്മിക്കുന്ന കവിത കൂടിയാണ് ആറ്റൂരിൻ്റെ 'ചെറുപ്പം'.

അതെ, ഒന്നും മായുന്നില്ല. പാവേൽ ഫ്രൈഡ്മാൻ എന്ന ജൂതവംശജനായ ഇംഗ്ലീഷുകാരൻ പയ്യൻ വെടിയേറ്റു മരിക്കും മുമ്പ്, 1942 ജൂൺ 4 ന്, ഹിറ്റ്ലറുടെ മരണശാലകളിലൊന്നായ തെരേസിൻ സ്റ്റോട്ട് ഫാക്റ്ററിയുടെ ചുവരിൽ എഴുതിയിട്ട ഒരു കവിതയുണ്ട്. താൻ ജീവിതത്തിൽ അവസാനമായിക്കണ്ട പൂമ്പാറ്റയെക്കുറിച്ചാണ് അവൻ എഴുതുന്നത്.

അവസാനത്തെ പൂമ്പാറ്റയായിരുന്നു അത്.
ശരിക്കും അവസാനത്തെ.
കണ്ണു മഞ്ഞളിപ്പിക്കുന്ന കടുംമഞ്ഞ.
കല്ലിന്മേൽ തൂവിയ
സൂര്യന്റെ കണ്ണീരു പോലെ.
എത്രയെളുപ്പമാണവൻ കയറിപ്പോയത്,
അങ്ങുയരത്തിലേക്ക്.
എന്റെ ലോകത്തിന്റെ അറ്റത്തെ
ചുംബിക്കാനാഗ്രഹിച്ചു കൊണ്ട്.

ഏഴാഴ്ചയായി ഞാനിവിടെയുണ്ട്.
ഈ ജൂത കോളനിക്കെണിയിൽ, 'ഘെറ്റോ'യിൽ.
എന്നെ സ്നേഹിച്ചവർ എന്നെ കണ്ടെത്തി.
ഡെയ്സിപ്പൂക്കൾ എന്നെ വിളിക്കുന്നു.
മുറ്റത്തെ വെള്ള ചെസ്റ്റ് നട്ട് മരത്തിന്റെ
ചില്ലകളും വിളിക്കുന്നു.
പക്ഷേ ഒരു പൂമ്പാറ്റയെ
ഞാനിവിടെങ്ങും കണ്ടിട്ടില്ല
അവസാനമായിക്കണ്ട പൂമ്പാറ്റ
അവസാനത്തേതായിരുന്നു.

ജീവിതത്തെക്കുറിച്ചുള്ള ആ ബാലൻ്റെ അവസാനത്തെ സ്വപ്നമാണീ മഞ്ഞനിറമുള്ള പൂമ്പാറ്റ. മരണമില്ലാത്ത ആ സ്വപ്നത്തിന് ഭാഷ നൽകിയ പാവേൽ ഫ്രൈഡ്മാൻ എന്ന കുട്ടി  ഈ ഒറ്റക്കവിതകൊണ്ട് മരണമില്ലാത്തവനായിരിക്കുന്നു.
സ്നേഹമുള്ളവർ വേദനിപ്പിക്കും വിധം സംസാരിച്ച് പിന്നീട്, വിഷമമായോ എന്നു ചോദിക്കുമ്പോൾ ഇല്ല എന്നു കള്ളം പറയണമെന്ന് ഓർമ്മിപ്പിക്കുന്ന ഷിഫാന ഷെറി, ആ ഒറ്റക്കവിതയിലൂടെ അനശ്വരയായിരിക്കുന്നു. എഴുതിയയാൾ കുട്ടിത്തം വെടിഞ്ഞ് മരണത്തിലേക്കോ ജീവിതത്തിലേക്കോ പകർന്നു കയറിയാലും എഴുതിയത് മങ്ങിപ്പോകാതെ അതേ പോലിരിക്കുന്ന ഈ രചനകൾ, കുട്ടികളുടെ എഴുത്തുകൾ, സമാഹരിച്ചു സൂക്ഷിക്കേണ്ടത് മനുഷ്യ സമൂഹത്തിൻ്റെ വലിയൊരാവശ്യവും ഉത്തരവാദിത്തവുമാണെന്ന് ഈ കുഞ്ഞു വലിയ രചനകളെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നു.
കുട്ടി കുഴിച്ചിട്ട വാക്കിൻ്റെ വിത്തിൽ നിന്നും തഴച്ചുപൊന്തിയ അപ്പമരമാകുന്നു, ഈ ലോകം.

ലോകം ചുറ്റിക്കണ്ട മഹാസഞ്ചാരിയായ മാർക്കോ പോളോയുടെ അന്ത്യദിനങ്ങളെക്കുറിച്ചൊരു കഥയുണ്ട്.മാർക്കോ പോളോ ചീനയിലും മറ്റും ദീർഘകാലം ചെലവഴിച്ച് അവസാനം ജന്മനാടായ വെനീസിലേക്കു തിരിച്ചെത്തി. യാത്രാക്കുറിപ്പുകൾ എഴുതിയത് കയ്യെഴുത്തുപ്രതികളായി പ്രചരിച്ചു. പക്ഷേ താൻ കണ്ട കാഴ്ച്ചകളെക്കുറിച്ച് അദ്ദേഹമെഴുതിയതു വായിച്ചവർക്ക് അതൊന്നും വിശ്വസിക്കാനായില്ല. ഇയാൾ ബഡായി പറയുകയാണെന്നേ ലോകം കരുതിയുള്ളൂ. വൃദ്ധനായ മാർക്കോ പോളോയുടെ മരണശയ്യക്കരികിൽ വന്ന് പലരും ചോദിച്ചുവത്രെ, നിങ്ങളീ എഴുതിയതൊക്കെ സത്യമാണോ എന്ന്. കണ്ടതിൻ്റെ പകുതി പോലും താനെഴുതിയിട്ടില്ല എന്ന് ആ മഹായാത്രികൻ മറുപടി പറഞ്ഞത്രേ. മരണ ശേഷവും ഏറെക്കാലം അദ്ദേഹത്തിന് ബഡായിക്കാരൻ എന്ന ചീത്തപ്പേര് നിലനിന്നുവെന്നാണു കഥ. നൂറ്റാണ്ടുകൾ കഴിയേണ്ടി വന്നു ആ വാക്കുകൾ സത്യമെന്നു തെളിയാൻ.ജ്ഞാനവൃദ്ധരുടെ പോലു വാക്കുകൾക്ക് പലപ്പോഴും ലോകത്തിതാണു ഗതി. അങ്ങനെയുള്ള ലോകത്താണ് കുഞ്ഞുങ്ങളെഴുതി വെച്ചുപോയ വാക്കുകൾ സത്യവാക്കായി നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നത് എന്നതിൽ കവിഞ്ഞൊരത്ഭുതം മറ്റെന്തുണ്ട്!

കിളികൾ മറഞ്ഞിരിക്കുന്ന മലയാളച്ചില്ലകൾ (ലേഖനം)

.കിളികൾ മറഞ്ഞിരിക്കുന്ന മലയാളച്ചില്ലകൾ

പി.രാമൻ

തമിഴ് കവി എം.യുവൻ്റെ ഒരു കവിതയിൽ പക്ഷികൾ എങ്ങനെയാണ് പൊതുവേ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നത് എന്നു രസകരമായി പറയുന്നുണ്ട്. കിളി എന്നാൽ സ്വാതന്ത്ര്യത്തെക്കുറിക്കാം, ആകാശത്തെക്കുറിക്കാം, പെണ്ണിനെ കുറിക്കാം, ചുണ്ടിനെക്കുറിക്കാം, മറ്റു പലതിനെയും കുറിക്കാം. അപൂർവം ചിലപ്പോൾ അതു കിളിയെത്തന്നെയും കുറിക്കാം എന്ന് യുവൻ അതു വിശദമാക്കുമ്പോൾ, പ്രകൃതിയിലെ ഒരു ജീവി കവിതയുടെ പാരമ്പര്യത്തിൽ അടയാളപ്പെടുന്നതിൻ്റെ രീതിശാസ്ത്രമാണ് വെളിപ്പെടുന്നത്. അപൂർവമായേ അതതിൻ്റെ തനിമയിൽ നിൽക്കുന്നുള്ളൂ എന്നും മറ്റെല്ലായ്പോഴും രൂപകമാക്കപ്പെടുന്നു എന്നുമാണതിൻ്റെ സാരം. രൂപകമാക്കപ്പെടുക എന്നാൽ മനുഷ്യനു വേണ്ടി ബലി കൊടുക്കപ്പെടുക എന്നുകൂടിയാണ് അർത്ഥം. അതതിൻ്റെ തന്മയെ അഴിച്ചു കളഞ്ഞ് മനുഷ്യൻ്റെ ചോരയോടു ചേരുന്നു.തുറസ്സായ ഒരാകാശമുള്ളതുകൊണ്ടാവാം തമിഴ് കവിതയിൽ അത്രയേറെ കിളികളും പാറി നടക്കുന്നത്. തമിഴ് കവിതയിലുള്ളത്ര കിളികൾ മലയാള കവിതയിലില്ല.

മലയാളത്തിൻ്റെ കൂടി പാരമ്പര്യ സ്വത്തായ സംഘകാല കവിതയിൽ ധാരാളം പക്ഷികളുണ്ട്. ഓരോ തിണയ്ക്കുമുണ്ട് അതാതിൻ്റെ പക്ഷികൾ. പുൽമേടുകൾ നിറഞ്ഞ മുല്ലത്തിണയുടെ പശ്ചാത്തലത്തിലുള്ള ഒരു കവിതയിൽ മയിലുകളുടെ ഒരു മനോഹര ചിത്രം നോക്കൂ:

"വിസ്തൃതം പുനം, അതിൽ വിളഞ്ഞൂ വരക്, ഇനി -
യെത്രയും രുചിയെഴുമതിൻ്റെ കതിരുകൾ
ഉണ്ണുവാനിങ്ങെത്തീടും തലയിൽ കുടുമയും
വർണ്ണചിത്രമാം വാലുമിയലും മയിലുകൾ
പുറമേ കറുപ്പെഴും വരകിൻ കതിർ തിന്നി-
ട്ടവ പീലികൾ വിരിച്ചെത്രയും പുളപ്പോടെ
കൊല്ലയിലുഴുന്നവരുച്ചക്കു ചോറുണ്ണുമ്പോൾ
തെല്ലൊരു തണൽ കിട്ടാൻ വെട്ടാതെ നിർത്തീടുന്ന
വലുതാമിലയെഴും കുരുന്തമരത്തിൻ്റെ
വളഞ്ഞ കൊമ്പിൽക്കേറിയന്തസ്സാർന്നിരുന്നീടും
കിളിയാട്ടുവോർ പെൺകൾ വിളിച്ചുകൂവും പോലെ
കളകൂജനങ്ങളാലിണയെ പ്രീണിപ്പിക്കും"
(കവി : ഇടൈക്കാടനാർ, പരിഭാഷ: എൻ.വി.കൃഷ്ണവാരിയർ, അകം കവിതകൾ)

വലിയ ഇലയുള്ള കുരുന്തമരത്തിൻ്റെ വളഞ്ഞ കൊമ്പിൽ അന്തസ്സിലിരിക്കുന്ന മയിലുകളുടെ സൂക്ഷ്മസുന്ദരമായ വിവരണമാണിവിടെ.ഇത്തരം ധാരാളം ദൃശ്യങ്ങൾ സംഘകാല കവിതകളിൽ സുലഭമാണ്. എന്തും മറ്റൊന്നിലേക്കു കടക്കാനുള്ള വഴിയായിക്കാണുന്ന ധ്വനി പോലുള്ള സംസ്കൃത കാവ്യ സിദ്ധാന്തങ്ങളുടെ പ്രചാരത്തിനു മുമ്പാണ് സംഘം കവിതകളുടെ കാലം എന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

സംഘകാല കവിതകൾ കഴിഞ്ഞാൽ പിന്നീടിങ്ങോട്ട് ഇരുപതാം നൂറ്റാണ്ടു വരെയുള്ള കേരളകവിതകളിൽ പക്ഷികൾ അത്യപൂർവക്കാഴ്ച്ചകളാണ് എന്ന് സമ്മതിക്കാതെ തരമില്ല. സംസ്കൃത കാവ്യ ചിന്തകൾ നമ്മെ ഭരിച്ച കാലവുമാണത്. പുരാണപ്രസിദ്ധമായ ചില കിളികളും കിളിപ്പാട്ടുകളും കാവ്യസങ്കേതങ്ങളിൽ നിന്നു പറന്നെത്തിയ ചില ഭാവനാ വിഹംഗങ്ങളും മാറ്റി നിർത്തിയാൽ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിൽ നിന്നു വരുന്ന പക്ഷികളെയൊന്നും കാണുകയേയില്ല. "അതു കാണായ് അരയന്നം പേടയുമായ് മധുപാനം ചെയ്തുഴലിൻ്റത്" (കണ്ണശ്ശ രാമായണം) എന്ന മട്ടിൽ അരയന്നങ്ങളേയും ഹംസങ്ങളേയും ക്രൗഞ്ചപ്പക്ഷികളേയും കോകിലങ്ങളേയും മയൂരങ്ങളേയും ചകോരങ്ങളേയും കണ്ടെന്നിരിക്കും. അവ നമ്മുടെ ജീവിതത്തിൽ നിന്ന് എന്നതിനേക്കാൾ പുരാണ - കാവ്യപാരമ്പര്യങ്ങളിൽ നിന്നിറങ്ങി വന്നവയാണ്. നമ്മുടെ സന്ദേശകാവ്യങ്ങളിലെ പക്ഷികൾ ഉദാഹരണം. പഴയ മലയാള കവിതയിൽ, കുചേലൻ്റെ യാത്രക്കു ശകുനമൊരുക്കിയ ആ ചെമ്പോത്താണ് കൂട്ടത്തിൽ ഭേദം എന്നു പറയുമ്പോൾ ആ അഭാവം വ്യക്തമാകും.നമ്പ്യാർക്കവിതയിൽ നളൻ്റെ പ്രേമദൂതുമായി പറന്നു പോകുന്ന ഹംസം താഴെ ഭൂമിയിൽ വിശന്നുവലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്ക് അരിയിടാത്തതിനാൽ ഒരുത്തൻ പല പരാക്രമങ്ങളും ചെയ്ത് ഒടുക്കം വീടിനു ചുറ്റും മണ്ടി നടക്കുന്ന മലയാളിത്തമുള്ള ഗ്രാമീണരംഗം കാണാം. അവിടെയും ഹംസം പുരാണത്തിലെ ഹംസം തന്നെ. നളചരിതം ആട്ടക്കഥയിൽ നിന്നുയരുന്ന "ശിവ ശിവ എന്തു ചെയ് വൂ ഞാൻ" എന്ന ഹംസവിലാപം കേട്ടലിഞ്ഞു നിൽക്കുമ്പോഴും ആ ഹംസം ഒരിക്കലും നമ്മുടെ പാടത്തും കുളങ്ങളിലും കാണുന്ന നീർപ്പക്ഷിയല്ല എന്നു നമുക്കറിയാം. ആനുഷംഗികമായല്ലാതെ പക്ഷികളെ വിശദമായി വർണ്ണിക്കുന്ന നാടൻ പാട്ടുകൾ പോലും നമുക്കു കുറവാണ്. മഞ്ഞക്കാട്ടിൽ പോയാലോ മഞ്ഞക്കിളിയെ പിടിക്കാലോ എന്നു തുടങ്ങുന്ന പാട്ട് നോക്കൂ.മഞ്ഞക്കിളിയിലേക്കല്ല, അധികാരം എങ്ങനെ സാധാരണ മനുഷ്യരെ നിശ്ശബ്ദരാക്കുന്നു എന്ന പ്രമേയത്തിലേക്കാണതു വളരുന്നത്.കവിതയിലെ പക്ഷികളുടെ വൈപുല്യത്തിൻ്റേയും വൈശദ്യത്തിൻ്റേയും ഈ അഭാവം കാണിക്കുന്നത് കവിതയിലെ സാധാരണ ജീവിതത്തിൻ്റെ അഭാവം തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കയ്പവള്ളിയേയും ചാലിയാറിനേയും കുറിച്ച് ശ്ലോകങ്ങളെഴുതിയ ചേലപ്പറമ്പു നമ്പൂതിരി ഒരു പക്ഷിശ്ലോകമെങ്കിലും എഴുതാതെ പോയിട്ടുണ്ടാവില്ല എന്നും അദ്ദേഹത്തിൻ്റെ കണ്ടുകിട്ടാതെ പോയ കവിതകളുടെ കൂട്ടത്തിൽ അതും കാണുമെന്നും ഞാൻ വെറുതെ വിചാരിക്കുന്നു.

സാധാരണ മനുഷ്യൻ്റെ വേദനകളും ദുരന്തങ്ങളും ആനന്ദങ്ങളും നമ്മുടെ കവിതക്കു വിഷയമായിത്തുടങ്ങിയ ഇരുപതാം ശതകാരംഭത്തിലാണ് കവിതയിൽ കിളികൾ മടിച്ചു മടിച്ചെത്തുന്നത്.ഇരുട്ടിൽ നിന്നൊരു മുളലാണ് ആദ്യം കേൾക്കുനത്.കൂടെ ചിറകടിയും പേടിപ്പെടുത്തുന്ന കൂവലും.

ആമട്ടാളും കഠോരപ്രകൃതിനടനയിൽ
പാട്ടുകാരൻ കണക്കെ -
ക്കൂമൻ മൂളുന്നു, കൂകുന്നിതു ചിറകടിയോ -
ടൊത്തു കുത്തിച്ചുളാനും

നാട്ടാരെല്ലാം വിഷൂചീലഹളയിൽ ഉതിരുന്ന ആ കാലത്തൊരു പാതിരക്ക് തൻ്റെ പ്രിയപ്പെട്ടവളുടെ മൃതദേഹത്തിനരികിലിരിക്കുന്ന ആ മനുഷ്യൻ ആ ശബ്ദങ്ങളൊന്നും കേട്ടതേയില്ല എന്ന് വി.സി.ബാലകൃഷ്ണപ്പണിക്കർ എഴുതുന്നു.കാരണം പ്രേമത്തിലും വിഭ്രാന്തിയിലും താപത്തിലും ഭയത്തിലും അലിഞ്ഞ് രക്തനാഡീസ്തോമം സ്തംഭിച്ച അവസ്ഥയിലായിരുന്നു, അയാൾ. മനുഷ്യജീവിതദുരന്തത്തിന് ഉചിതമായ പിന്നണിയൊരുക്കുകയേ ഇവിടെയും കിളികൾ ചെയ്യുന്നുള്ളൂ. ആശാനിലെത്തുമ്പോൾ കിളികൾ പ്രതീകങ്ങളാകുന്നു. ഗ്രാമവൃക്ഷത്തിലെ കുയിൽ പ്രസിദ്ധമായ ഉദാഹരണം. കൊച്ചുകിളി എന്ന കുട്ടിക്കവിത നോക്കൂ.സ്വേച്ഛാനുസാരമുള്ള സ്വതന്ത്ര ജീവിതത്തിൻ്റെ പ്രതീകമാവുന്നു കൊച്ചു കിളി - സ്വാതന്ത്ര്യക്കിളി. ചിന്താവിഷ്ടയായ സീതയിലെ ചിറകില്ലാത്ത ഖഗങ്ങളും ലീലയിലെ മനഃഖഗവും കപോതപുഷ്പത്തിലെ പരിശുദ്ധ കപോതികയുമെല്ലാം രൂപകാത്മങ്ങൾ തന്നെ.

രൂപകാത്മകതക്ക് മലയാളി ഭാവനയിലുള്ള പ്രാധാന്യത്തെക്കുറിച്ചൊരു ചിന്തക്കു കൂടി ഇവിടെ ഇടമുണ്ട്. മൂർത്തമായ സകലതിനേയും ആശയ ലോകങ്ങളിലേക്ക് - അവ മിക്കപ്പോഴും ആത്മീയ ലോകങ്ങളുമാണ് - കടക്കാനുള്ള ചവിട്ടുപടിയായിക്കാണുന്ന രീതി സംസ്കൃത കാവ്യങ്ങളോടും കാവ്യമീമാംസയോടുമുള്ള സമ്പർക്ക സ്വാധീനങ്ങളുടെ ഫലമായാവണം മലയാളകവിതയിൽ പ്രചരിച്ചത്.പ്രതീകം, രൂപകം തുടങ്ങിയ പാശ്ചാത്യ കാവ്യ ശാസ്ത്ര സങ്കേതങ്ങൾ പിൽക്കാലത്ത് കടന്നു വന്നപ്പോൾ ധ്വനി സിദ്ധാന്തത്തിനു മേൽക്കൈയുള്ള ഈ പരമ്പരാഗത സമീപനത്തോട് നന്നേ ഇണങ്ങുകയും ചെയ്തു.എന്തിനേയും ധ്വന്യാത്മകമോ പ്രതീകാത്മകമോ ആയിക്കാണുന്ന രീതിക്ക് എതിരായ കാവ്യസിദ്ധാന്തങ്ങൾ പിന്തള്ളപ്പെട്ടു. മലയാളത്തിൽ, കാഴ്ച്ചകളെ കാഴ്ച്ചകളായിത്തന്നെ മുന്നിൽ വെയ്ക്കുന്ന, ആത്മാവിലേക്കു കടക്കാൻ വെമ്പാത്ത സൗന്ദര്യദർശനത്തിലൂന്നിയ വെൺമണിയുടെ പൂരപ്രബന്ധം പോലുള്ള കവിതകൾ ആ നിലക്ക് ശ്രദ്ധിക്കപ്പെട്ടതേയില്ല. അങ്ങനെ നമ്മുടെ വസ്തുലോകം മുഴുവൻ അവയ്ക്കപ്പുറമുള്ള പലതിലേക്കുമെത്താനുള്ള ഉപകരണങ്ങളായിത്തീർന്നു. ഉദാഹരണത്തിന് കാർഷിക പാരമ്പര്യമുള്ള കേരളത്തിലെ കവിതകളിൽ കൃഷി ഏതു രീതിയിലാണ് ആവിഷ്കരിക്കപ്പെട്ടത് എന്നു നോക്കൂ. ജീവിതത്തെക്കുറിച്ചു പറയാനുള്ള ഒരു രൂപ കമായാണ് നമ്മുടെ കവികൾ കൃഷിയെ കണ്ടത്. വൈലോപ്പിള്ളിക്കവിത തന്നെ ഏറ്റവും നല്ല ഉദാഹരണം. ഒന്നിനെ അതായിത്തന്നെ കാണാനുള്ള ശേഷി മലയാള കവിതയിൽ കുറഞ്ഞു കുറഞ്ഞു വന്നു.മലയാളത്തിൽ മാത്രമല്ല, ധ്വനി സിദ്ധാന്തത്തിന് മേൽക്കൈ ലഭിച്ച സംസ്കൃത കാവ്യമീമാംസയുടെ സ്വാധീനഫലമായി ഇന്ത്യൻ സാഹിത്യത്തിലുടനീളം നമുക്കീ സവിശേഷത കാണാൻ കഴിയും. തുടക്കത്തിൽ പരാമർശിച്ച എം.യുവൻ്റെ തമിഴ് കവിതയുടെ പശ്ചാത്തലം ഇതാണ്. സാഹിത്യത്തിൽ മാത്രമല്ല ശില്പ-ചിത്രകലയിലെല്ലാം ബാഹ്യശരീരത്തിൽ നിന്ന് ആത്മാവു തേടിപ്പോകാനുള്ള ത്വര കാണാം. അതിനാൽ തന്നെ ബാഹ്യരൂപങ്ങളുടെ മൗലികതയിലൂന്നിയ വിശദവർണ്ണനകൾക്ക് ഭാരതീയ കലയിൽ പ്രാധാന്യം കുറഞ്ഞു. പക്ഷികൾ അപ്പുറത്തേക്കു കടന്നാൽ മുണ്ഡകോപനിഷത്തിലെ ആ രണ്ടു പക്ഷികളാവും. ഒരേ വൃക്ഷത്തിലിരിക്കുന്ന രണ്ടു പക്ഷികളിലൊന്ന് പഴം തിന്നുകയും മറ്റേപ്പക്ഷി അതു നോക്കിയിരിക്കുകയും ചെയ്യുന്നതായി വർണ്ണിക്കുന്ന മുണ്ഡകോപനിഷത്തിലെ
ദ്വാ സുപർണ്ണാ സയുജാ സഖായാ എന്നു തുടങ്ങുന്ന മന്ത്രത്തിലേക്കും അതിൻ്റെ വ്യാഖ്യാനങ്ങളിലേക്കും നാമെത്തും.

ഇതു പറയുമ്പോൾ പാശ്ചാത്യ കലയിലും സാഹിത്യത്തിലും ധ്വന്യാത്മകതക്കോ രൂപകാത്മകതക്കോ തീരെ പ്രാധാന്യമില്ല എന്നല്ല വിവക്ഷ. ബാഹ്യപ്രകൃതിയെ അതിൻ്റെ വൈശദ്യത്തോടെ ആവിഷ്കരിക്കാനുള്ള പുറംകണ്ണിന് അവിടെ വലിയ പ്രാധാന്യമുണ്ട് എന്നു മാത്രം. ശാസ്ത്രീയ ചിന്തകൾക്കും യുക്തിബോധത്തിനും അവിടെ ലഭിച്ച പ്രാധാന്യം തന്നെയാവാം ഈ പുറംകണ്ണു മിഴിവിന് കാരണം.

നമ്മുടെ പൊതു നോട്ടപ്പാടിൽ നിന്നു വ്യത്യസ്തമായി ഈ പ്രകൃതിയിലെ ഒരു കേവലപ്രാണി എന്ന നിലയിൽ പക്ഷികളെ വൈശദ്യത്തോടെ ആദ്യം നോക്കിക്കണ്ട മലയാള കവി വള്ളത്തോളാണ്. മറ്റു പല തരത്തിലും ഭാരതീയ കാവ്യ ചിന്തകളോട് ചേർന്നു നിൽക്കുമ്പോഴും വള്ളത്തോളിൻ്റെ കാഴ്ച്ചപ്പാട് അടിസ്ഥാനപരമായി വ്യത്യസ്തവും ആധുനികവുമാണെന്ന് ഈ പക്ഷിക്കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. കോഴിയും കൃഷ്ണപ്പരുന്തും വെടിയേറ്റു വീണ കിളിയും അരിപ്പിറാവും ഉൾപ്പെടെ കവിതയിൽ വരുന്ന പക്ഷികളെയൊക്കെ ഒരു പക്ഷി നിരീക്ഷകനെപ്പോലെ വള്ളത്തോൾ നിരീക്ഷിക്കുന്നു. പല തരം ക്യാമറക്കണ്ണുകളും ദൂരദർശിനിച്ചില്ലുകളും കവിതയിൽ ക്രമീകരിക്കാൻ പോന്നതരത്തിൽ കൂടി സമകാലീനനായിരുന്നു വള്ളത്തോൾ.1914-ൽ എഴുതിയ കവിതയാണ് ഒരരിപ്പിറാവ്. മലയാളിയുടെ വീടിനോടു ചേർന്നുള്ള കയ്യെത്തുന്ന പ്രകൃതിയും അവിടെ തത്തി നടക്കുന്ന മഴവില്ലു പിഴിഞ്ഞെടുത്ത സത്താം അഴകായ അരിപ്പിറാവും കവി എത്ര കൃത്യതയോടെ ആവിഷ്കരിച്ചിരിക്കുന്നു എന്നു നോക്കുക. കേരളീയ പരിസരവും ആ പരിസരത്തിലെ പക്ഷികളും സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്ന ആദ്യ കവിതകളിലൊന്നാണീ അരിപ്പിറാവ്. 'വെടിയേറ്റു വീണ കിളി' യിൽ വെടിയേൽക്കും മുമ്പുള്ള കിളിയുടെ ചിത്രം ഇങ്ങനെ വരഞ്ഞിരിക്കുന്നു:

ഭൂമണ്ഡലം കാൺമതിനോ, വലംവെ -
ച്ചീപ്പക്ഷി ലാത്തുന്നു മുകൾപ്പരപ്പിൽ!
എങ്ങാസ്സുവിസ്തീർണ്ണ സുരപ്രദേശം?
ഈത്തുണ്ടുതുണ്ടാം നരലോകമെങ്ങോ?

അങ്ങനെ ഉലാത്തുമ്പോഴാണ് പെട്ടെന്ന് വെടിയുണ്ട തറയ്ക്കുന്നതും പക്ഷി കറങ്ങി താഴേക്കു വീഴുന്നതും.പരിസര പ്രകൃതിയിലെ പ്രാണിലോകത്തെ മനുഷ്യൻ്റെ ഇടപെടൽ എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെ ആദ്യ ആവിഷ്കാരങ്ങളിലൊന്നാണ് ഈ കവിത.

പിൽക്കാലത്ത് വൈലോപ്പിള്ളിക്കവിതയിൽ വള്ളത്തോൾക്കവിതയുടെ പല പ്രകൃതങ്ങളോടുമൊപ്പം ഈ കിളിക്കമ്പവും തുടരുന്നുണ്ട്. എങ്കിലും അതുപോലും കാക്കയിലും കരിയിലാംപീച്ചിയിലും വിഷുപ്പക്ഷിയിലും ഒതുങ്ങുന്നു എന്നു പറയാതെ വയ്യ. 'താമരക്കോഴി' (പി. കുഞ്ഞിരാമൻ നായർ) യായും 'കടൽക്കാക്കയെ ആരറിയുന്നു' (എൻ.വി.കൃഷ്ണവാരിയർ) വായും 'നീർക്കിളി'യും 'പാതിരാക്കിളി' (സുഗതകുമാരി) യുമായും 'ഒടിച്ചു മടക്കിയ ആകാശ' (കെ.ജി.ശങ്കരപ്പിള്ള) മായും 'വാലാട്ടിക്കിളി' (സുജാതാദേവി) യായും 'ലളിത'(പി.പി.രാമചന്ദ്രൻ) മായും 'ഉപ്പൻ്റെ കൂവ' (എസ്.ജോസഫ്) ലായും കിളികൾ അവിടവിടെ പറക്കുന്നുണ്ടെങ്കിലും മലയാള കവിത മുഴുവനുമെടുത്താൽ പോലും പക്ഷി സാന്ദ്രത വളരെ കുറവാണ് എന്നു തന്നെ പറയേണ്ടിവരും. കേരളത്തിൻ്റെ പ്രകൃതി ഗായകനായ പി.കുഞ്ഞിരാമൻ നായരുടെ കവിതകളിൽ പോലും സവിശേഷമായി, പേരോടും വിശദാംശങ്ങളോടും കൂടെ, വരുന്ന പക്ഷികൾ വളരെ കുറവാണ്.(താമരക്കോഴിയെ മറക്കുന്നില്ല) ഭാവനയിലെ പ്രകൃതിയല്ല, യഥാർത്ഥ പ്രകൃതിയാണ് താൻ ആവിഷ്കരിച്ചത് എന്ന് ഒരഭിമുഖത്തിൽ പി.കുഞ്ഞിരാമൻ നായർ പറയുന്നുണ്ട്. താൻ ഒരു പക്ഷിയെക്കുറിച്ച് കവിതയിൽ എഴുതിയിട്ടുണ്ടെങ്കിൽ അതിനെ ഞാൻ കണ്ടിട്ടുമുണ്ട് എന്നിങ്ങനെ അദ്ദേഹം അതു വിശദീകരിക്കുന്നു. എന്നിട്ടും ആ കവിതയിൽ പക്ഷിയെ പക്ഷിയായി മാത്രം കണ്ട് വർണ്ണിക്കുന്ന സന്ദർഭങ്ങൾ വളരെക്കുറവാണ്. പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന് പ്രചാരം കിട്ടിയ ശേഷവും കിളികൾ സാമാന്യ പ്രസ്താവനകളായല്ലാതെ, മനുഷ്യാഖ്യാനങ്ങൾക്കുള്ള ഉപകരണമായിട്ടല്ലാതെ,അവയുടെ വിശേഷപ്പെട്ട പേരോടെ,മുഴുമയോടെ നമ്മുടെ കവിതയിൽ ധാരാളമായി പറക്കുന്നില്ല.
"കറുത്തു തിളങ്ങുന്ന
പട്ടു കുപ്പായം, തുമ്പു
പുറത്തേക്കൽപ്പം നീട്ടി-
ക്കഴുത്തിൽ തിരുകിയ
മിനുത്ത തെളിനീല -
ത്തൂവാല, നീലത്തൊപ്പി,
പുളപ്പൂ മാരന്നൊത്ത
ലജ്ജയു,മാരാരിവൻ?" (കെസ്സുപാട്ടുകാരൻ -സുജാതാ ദേവി)
എന്നു സൂക്ഷ്മമാവുന്ന സന്ദർഭങ്ങൾ അത്യപൂർവമാണ്. ഈ കവിതയിൽ പോലും ആരാരിവൻ എന്നതിന് കെസ്സുപാട്ടുകാരൻ എന്നല്ലാതെ കിളിയുടെ പേര് കവി പറയുന്നില്ല.

ഉള്ളൂരും അക്കിത്തവും ജി.ശങ്കരക്കുറുപ്പും പി.മധുസൂദനനും വരെയുള്ളവരുടെ കുട്ടിക്കവിതകളിലാണ് പക്ഷികളുടെ എണ്ണം താരതമ്യേന കുടുതലുള്ളത് എന്നതും എടുത്തു പറയേണ്ടതുണ്ട്. കിളികളെ ബാലകവിതകൾക്കിണങ്ങിയ ഒരു പ്രമേയമായി പരിഗണിക്കാനാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നത് സവിശേഷ കൗതുകമുണർത്തുന്ന സംഗതിയാണ്.

മറിച്ച് നമ്മൾ ഇംഗ്ലീഷ് കവിതയിലേക്കൊന്ന് ഓടിച്ചു നോക്കൂ. ആംഗ്ലോ സാക്സൺ കാലം തൊട്ടിങ്ങോട്ട് പക്ഷിക്കവിതകളുടെ വമ്പൻ ശേഖരം തന്നെ ഇംഗ്ലീഷിലുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാനായ കവി ജോൺ ക്ലെയർ (1793 - 1864) കിളികളുടെ മഹാകവി എന്ന നിലക്കു തന്നെ പ്രസിദ്ധനാണ്. ദൂരദർശിനികൾക്കു മുമ്പുള്ള കാലത്തിൻ്റെ ആ കവിത എത്ര വിശദവും സൂക്ഷ്മവുമായാണ് കിളികളെ വർണ്ണിക്കുന്നത്! ജീവിച്ചിരുന്ന കാലത്ത് താരതമ്യേന അപ്രശസ്തനായിരുന്ന ജോൺ ക്ലെയറിനെ ഇന്ന് ലോക കവിതയിലെ ഏറ്റവും മികച്ച പ്രകൃതി ഗായകനും പക്ഷികളുടെ കവിയുമായാണ് പരിഗണിക്കുന്നത്. മനുഷ്യർ തുടർച്ചയായി ഇടപെട്ട് നശിപ്പിച്ചു കൊണ്ടിരിക്കുന്ന പരിസര പ്രകൃതിയിലെ കിളികളുടെ ലോകമാണ് ജോൺ ക്ളെയറിൻ്റെ കവിതകളിലുള്ളത്. ആധുനിക സാങ്കേതിക വിദ്യകളുടെ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത്, 147 തരം സ്പീഷീസിൽ പെട്ട പക്ഷികളെക്കുറിച്ച് അദ്ദേഹം എഴുതി. ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവിതയിൽ തൻ്റെ സമകാലീനരായ കവികൾ മിക്കവരും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലേക്കു തിരിഞ്ഞപ്പോൾ ടെഡ് ഹ്യൂസ് (1930-1998) കിളികളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചുമാണ് കൂടുതൽ എഴുതിയത്.വേഡ്സ് വർത്ത്, കീറ്റ്സ്, ഷെല്ലി, കോളറിഡ്ജ്, എമിലി ഡിക്കിൻസൺ, ജെറാൾഡ് മാൻലി ഹോപ്കിൻസ്, തോമസ് ഹാർഡി, ഡബ്ലിയു.ബി.യേറ്റ്സ്, ഡി.എഛ്.ലോറൻസ്, റോബർട് ഫ്രോസ്റ്റ്, വാലസ് സ്റ്റീവൻസ്, മാരിയാൻ മൂർ, നോർമൻ മക് കെയ്ജ്, ഷീമസ് ഹീനി, പീറ്റർ റീഡിങ് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര കവികളുടെ കിളിക്കവിതകൾ കൊണ്ടു മുഖരിതമാണ് ഇംഗ്ലീഷ് കവിത.പ്രശസ്ത ബ്രിട്ടീഷ് കവി സൈമൺ ആർമിറ്റാഷും റ്റിം ഡീയും ചേർന്ന് എഡിറ്റു ചെയ്ത 'ദ പോയട്രി ഓഫ് ബേർഡ്സ് ' എന്ന ഇംഗ്ലീഷ് പക്ഷിക്കവിതാസമാഹാരത്തിൽ (2009) നൂറ് ഇനങ്ങളിൽ പെട്ട കിളികളെക്കുറിച്ചുള്ള കവിതകളുണ്ട്. സ്പീഷീസായി ക്രമീകരിച്ചാണ് അതിൽ കവിതകൾ കൊടുത്തിട്ടുള്ളത്.

പക്ഷികൾ ധാരാളമുള്ള പ്രദേശമാണ് കേരളം. സ്ഥിരവാസികളും വിരുന്നുകാരുമായി നാനൂറോളം സ്പീഷീസുകൾ കേരളത്തിലുണ്ട്. (കേരള ബേഡ് അറ്റ്ലസ് സർവേയിൽ 382 ഇനം പക്ഷികളെ കേരളത്തിൽ കണ്ടതായി അടുത്തിടെ ഒരു പത്രവാർത്ത വായിച്ചതോർക്കുന്നു.) ലോകത്താകെയുള്ള പതിനായിരത്തിൽപ്പരം സ്പീഷീസിലാണിത്. ഒട്ടും കുറഞ്ഞ ഒരു സമ്പത്തല്ല ഇത്. എന്നിട്ടും നമുക്കു കിളിക്കവിതകൾ ഇന്നും ഇത്ര കുറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.കവികൾക്കും കവിതകൾക്കും എണ്ണത്തിൽ ഒരു കുറവും ഇവിടെയില്ല. കിളികൾക്കും കുറവില്ല. പക്ഷേ കിളിക്കവിതകൾ തീരെക്കുറവ്.കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ആദ്യ പുസ്തകം കേരളത്തിലെ പക്ഷികൾ ആയിരുന്നു എന്നതുകൂടി സാന്ദർഭികമായി ഇവിടെ ഓർക്കാവുന്നതാണ്.

രൂപകങ്ങളും പ്രതീകങ്ങളുമാക്കാതെ പക്ഷിയെ പക്ഷിയായിക്കാണാൻ മലയാളഭാവനക്ക് കഴിയാത്തതുകൊണ്ടായിരിക്കുമോ കിളിക്കവിതകൾ ഇത്ര കുറഞ്ഞിരിക്കുന്നത്? നമ്മുടെ ചുറ്റുമുള്ള കിളികളെ,ജീവജാലങ്ങളെ, പരിസരങ്ങളെക്കുറിച്ച് സൂക്ഷ്മതയോടെയും വൈശദ്യത്തോടെയും എഴുതുന്നതിന് രൂപകാത്മകതയോടുള്ള ആഭിമുഖ്യം തടസ്സം നിൽക്കുന്നുണ്ടോ? ഒന്നുകിൽ രൂപകാത്മക കവിതകൾക്കോ അല്ലെങ്കിൽ കുട്ടിക്കവിതകൾക്കോ മാത്രമുള്ള വിഷയമായാണോ മലയാളത്തിൻ്റെ പ്രമേയബോധം കിളിയെ കണ്ടിട്ടുള്ളത്? ഈ രണ്ട് അറ്റങ്ങൾക്കിടയിൽ മറ്റൊരു തരം ആഖ്യാനത്തിനുമുള്ള ഇടം മലയാളത്തിലില്ലേ? ആധുനികതക്കു മുമ്പും ആധുനികതയിലും ആധുനികാനന്തരവും മനുഷ്യനെ മാത്രം കേന്ദ്രമാക്കിയാണോ നമ്മുടെ ഭാവന പ്രവർത്തിക്കുന്നത്? ഈ മനുഷ്യ കേന്ദ്രിത ഭാവനയുടെ ഒരടയാളമല്ലേ കിളിസാന്ദ്രതയില്ലായ്മ? അങ്ങനെയെങ്കിൽ മനുഷ്യ കേന്ദ്രിതമായ ആധുനികത തകർന്നു എന്നു നാം പറയുന്നത് വീൺ വാക്കല്ലേ?

അടുത്തിടെ ഒരു കവിയുടെ കുറേ കിളിക്കവിതകൾ  മലയാളത്തിൽ വായിച്ചതിനെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം.ബിജു കാഞ്ഞങ്ങാടാണ് കവി. ഒട്ടേറെ പക്ഷികളെ പേരെടുത്തു പറഞ്ഞ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന കുറെയേറെ കവിതകൾ ഈ കവി എഴുതിയിട്ടുണ്ട്.കണ്ടൽക്കാട്ടിലെ കുളക്കൊക്ക് ആകാശത്തെ താഴേക്കു വിളിച്ച് ചിറകിനടിയിൽ വിശ്രമിക്കാൻ പറയുന്നു. പുഴവക്കത്തെ ചില്ലയിലൊരു മീൻകൊത്തി ചുണ്ടിലൊരു മീനുമായി വന്നിരുന്ന് തൂവലിൽ പറ്റിയ അലകളെ ഇളം നീലയായി കുടഞ്ഞ് വീണ്ടും ഒരുങ്ങി നിൽക്കുന്നു. ഇലകൾക്കുമിതേ മന്ദം മന്ദം ഓരോ കാലും എടുത്തു വെച്ച് മാഞ്ഞു പോകുന്നു ഒരു നീർക്കിളി. കൈതപ്പൊന്തയിൽ നിന്ന് മഴക്കൊച്ചയുടെ ശബ്ദം പൊങ്ങുന്നതിനൊപ്പം അതിൻ്റെ കുറിയ വാലും പൊങ്ങുന്നു, താഴുന്നു. ചുണ്ടിലെ തുമ്പിയെ മുകളിലേക്കെറിഞ്ഞ് വായുവിൽ വെച്ചു തന്നെ അകത്താക്കുന്നു തുമ്പിപിടുത്തക്കാരൻ കിളി. ഒരനക്കം കൊണ്ട് മറ്റുള്ളവരെ അദൃശ്യരാക്കി മിന്നി മായുന്നു ചോലക്കുടുവൻ എന്ന കാട്ടുപക്ഷി. ചിറകു ചെരിച്ച് ഒറ്റക്കാലുയർത്തി തൂവലിൽ നിറഞ്ഞ്, തൊണ്ടക്കുള്ളിൽ നിന്ന് ഈർച്ചമരം കീറുന്ന ഒച്ച പുറത്തേക്കെറിഞ്ഞ് ചെറുചലനങ്ങളുടെ ഒരു സമാഹാരമായി ഇരിക്കുന്നു പത്തായപ്പക്ഷി.വെള്ളത്തിലൂടെ ഊളിയിട്ടു പോകുന്ന മുങ്ങാങ്കോഴി, നോക്കി നിൽക്കുന്ന എൻ്റെ കാഴ്ച്ചയുടെ ഭാരം താങ്ങാനാവാതെ മറ്റേതോ സ്ഥലത്തു വന്ന് പൊന്തി നിൽക്കുന്നു. ക്ഷമാപൂർവം കാത്തിരുന്നു പിടിച്ച ഇരയെ കൊമ്പിൽ ഇടത്തും വലത്തുമൊന്നുരച്ച് തിന്നാൻ പാകമാക്കുന്നു കാട്ടുഞാലി.കാലിമുണ്ടി, താൻ മേഞ്ഞുകൊണ്ടിരിക്കുന്ന പുഴയുടെ ചെവിക്കരികെ എന്തോ പറയാനുള്ള പോലെ വിടാതെ കൂടുന്നു. ചുണ്ടുകൾ പൂക്കൾക്കുള്ളിലൊളിപ്പിച്ച് ചിറകുകൾ തുരുതുരെ വിറപ്പിച്ച് തേൻകിളികൾ നേരിയ ഒച്ചയുണ്ടാക്കുന്നു. മഞ്ഞക്കിളിയും തുന്നാരനും തേൻകിളിയും വാഴക്കിളിയും ചില്ലകൾക്കും ഇലകൾക്കും പഴങ്ങൾക്കുമിടയിൽ കളിക്കുമ്പോൾ ഒരരിപ്പിറാവ് അതൊന്നും ശ്രദ്ധിക്കാതെ വളരെ പതുക്കെ ഗൗരവത്തോടെ ഓരോ കാലും എടുത്തെടുത്തു വെച്ച് നടക്കുന്നു. കായൽപ്പരപ്പിൽ വിശദാംശങ്ങളോടെ വെളിവായി അന്തസ്സിൽ മുങ്ങാങ്കുഴിയിടുന്നു ചേരക്കോഴി. കാട്ടുപാതയിലൂടെ ചിറകിൽ കാറ്റിനെപ്പേറി, ആകാശ വിടവിൽ കറുപ്പിൽ മഞ്ഞയും വെളുത്ത വരയും കാണിച്ച് കടന്നു പോകുന്നു മലയെരമ്പി. ദേഹം മുഴുവനും കൊണ്ടു പാടുന്നു കുയിൽ. പാറക്കുന്നിൻ ചെരുവിൽ പുൽവേരിലിരിക്കുന്നു, വാനമ്പാടി. അത്ര നേരം അനങ്ങാതിരുന്ന പനങ്കാക്ക ചിറകുവിടർത്തിയപ്പോൾ, കഴുത്തിൽ ചാരവും ഊതയും കലർത്തി, മാറിൽ നെടുനീളൻ വരകളും അടിവയറ്റിൽ ഇളംനീലയും ചേർത്ത് നിറങ്ങളുടെ ഘോഷയാത്രയായിത്തീരുന്നു. കാടരികിലെ കൃഷിസ്ഥലത്ത് മണ്ണിലേക്ക് കൊക്കു കൊത്തിയിറക്കുന്ന ഉപ്പൂപ്പൻ്റെയൊച്ച ഇപ്പൊഴും കേൾക്കുന്നു. രണ്ടു പേർ രണ്ടു ദിക്കിൽ നിന്നു പറയുമ്പോലെ ഒരേ സ്ഥലത്തിരുന്ന് ശബ്ദമായാവിയാവുന്നു ഒരു മൂങ്ങ. വെള്ളം തെളിഞ്ഞ് തൻ്റെ സൗന്ദര്യം കാണാനായി പൊട്ടക്കുളത്തിൻ്റെ വക്കത്തെ പുളിമരക്കൊമ്പിൽ മണിക്കൂറുകളിരിക്കുന്നു മീൻകൊത്തി നാർസിസസ്. വെള്ളവര പാവുമുണ്ട് അലക്കിയലക്കി പുഴക്കരയിലിരിക്കുന്നു ഒരു വണ്ണാത്തിപ്പുള്ള്, നാണത്തോടെ. റെയിൽവേ പാലത്തിനടുത്ത് നീർച്ചെടികൾക്കരികിൽ നിൽക്കുമ്പോൾ, നദീതീര രാത്രിയിലൂടെ നീർക്കിളികൾ ശബ്ദമില്ലാതെ ഒഴുകുന്നു......ഇത്രയേറെ പക്ഷികളെക്കുറിച്ച് പേരെടുത്തു പറഞ്ഞ് വർണ്ണിക്കുന്ന കവിതകൾ മലയാളത്തിൽ അപൂർവമായതിനാലാണ് ബിജു കാഞ്ഞങ്ങാടിൻ്റെ ഈ പുതിയ കവിതകളെക്കുറിച്ച് ഇവിടെ പരാമർശിച്ചത്.

Saturday, May 8, 2021

കല്പന ജയന്ത് കവിതകൾ (തമിഴ്)

കവിതകൾ
കല്പനാ ജയന്ത് (തമിഴ്)

1
ഞാൻ എന്ന്
നീ നിനയ്ക്കുമെൻ
ബിംബത്തോടാണ്
നിന്റെ സ്നേഹം.

എനിക്കുമങ്ങനെത്തന്നെ.

നാളമിളകിയാടുമാറ്
പുഞ്ചിരിക്കുന്നു ഞാൻ
നിന്നെ നോക്കി
എന്നെയും നോക്കി.



2
എന്നെത്തന്നെച്ചുറ്റിച്ചുഴിഞ്ഞ്
അതോടിക്കൊണ്ടിരുന്നു.

ഇപ്പോൾ
എങ്ങോ ദൂരെ

ഒരു ഞൊടി
മൗനമായി,

ഞാനും
കടന്നുപോകുന്നു.



3
കുമ്പാരനൊരുവൻ

തന്നത്താൻ
തനിയ്ക്കായി
കലമൊന്നു
മെനഞ്ഞെടുത്തു.

വെള്ളയും
പച്ചയും
മഞ്ഞയും
നിറമതിന്മേൽ
പൂശി വിട്ടു.

മയിലും
കുയിലും
കുരുവിയും
വരച്ചു ചേർത്തു.

ഇടയ്ക്കങ്ങു
വന്നോരു
യാത്രികന്
ആ കലത്തിൽ
തണുത്ത വെള്ളം
പകർന്നു നൽകി.

യാത്രികന്റെ
കണ്ണുകളിൽ
നോക്കിയ
കുമ്പാരൻ

പുഞ്ചിരിച്ചു
കലമയാൾക്കു
കൊടുത്ത ശേഷം
മെല്ലെയവിടന്നുപോയി.



4
പുല്ലുകൾ കാടായ് തഴച്ചിരുന്നു

നടുക്ക്
വലിയൊരു സിംഹവും
ഒരു പുള്ളിമാനും
അരുകരുകിൽ
നടന്നുകൊണ്ടിരുന്നു.

മാൻ
കാതുകളാട്ടി
കണ്ണുകൾ ചുഴറ്റി
ഗൗരവത്തോടെ
എന്തോ പറഞ്ഞുകൊണ്ടിരുന്നു.

പിൻകഴുത്തിലെ സട എഴുന്നു നിൽക്കുമാറ്
തല കുനിച്ചു
കേട്ടുകൊണ്ടിരുന്ന സിംഹം
മെല്ലെ നിലത്തിരുന്നു.

മാൻ അതിന്നു മേലേറി
തുള്ളിക്കളിച്ച ശേഷം
മെല്ലെയതിന്റെ കാതോരം
വീണ്ടുമെന്തോ പറഞ്ഞു.

കൺകളിൽ നീർ വഴിയേ
നിലത്തു തല ചായ്ച്ചു
കിടന്നൂ സിംഹം.

അതിന്റെ കണ്ണുകളിലുമ്മവെച്ച്
തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ടു
നടന്നു പോയ മാൻ
പിന്നെ
എട്ടുകാലുകൾ കൊണ്ടു
തുള്ളിക്കുതിച്ചു മറഞ്ഞുപോയി.



5
"മുഖംമൂടി ... മുഖംമൂടി ...."
ശബ്ദം കേട്ടു.

അത്ഭുതം,
കൈ നിറയെ മുഖംമൂടികൾ

തലയിലും കഴുത്തിലും
മുതുകിലും കൂടി നാലഞ്ചെണ്ണം ...
ഒന്നു ചിരിച്ചത്
ഒന്നു കരഞ്ഞത്
ഒന്നു വീണു കിടന്നു ചിരിച്ചത്
ഒന്നൊരു കോമാളി

ചില സിംഹങ്ങൾ
ഒരു പുലി
ഒരു ചെന്നായ
പിന്നെ രണ്ടു പൂച്ച

"വാങ്ങു അമ്മാ"
"എനിക്കു വേണ്ട "
"ഇതില്ലാതെങ്ങനെ ... വാങ്ങിക്കൂ"
"വേണ്ട വേണ്ട"
"അറിയാത്ത കുട്ടിയായി ഇരിക്കുന്നോ"
"നീ പോ"
കതകു ചാരാൻ ചെന്നു.
"പൊരിഞ്ഞ വെയിൽ അമ്മാ, അലച്ചിൽ തന്നെ"

അയാൾ മടങ്ങിപ്പോകുമ്പോൾ
എന്നോടു സംസാരിച്ച മുഖം
പിൻകഴുത്തിൽ തൂക്കിയിരുന്നു.



6
നീലച്ചുമരായ്
ചക്രവാളം വരെ
ദിശ മറന്ന്
പെരുകിക്കിടന്ന കടൽ
ഇപ്പോൾ
കാണാനില്ല.

അവിടെയുള്ളത്
കുറച്ചു നിലം
ചില ഇടങ്ങളിൽ പുൽമേട്
ഒരിടത്തു കാട്
ചുറ്റിവളഞ്ഞു മലകൾ
മലയ്ക്കങ്ങേപ്പുറം പാഴ്നിലം

ഈ സ്ഥലത്തെ
ഇപ്പോൾ
എന്തെന്നു വിളിക്കും

കാണാതെ പോകുന്നതെല്ലാം
ഇല്ലാതെയാവതാണോ ?



7
എന്തു സന്തോഷമാണു
വന്നിരിക്കുന്നതെന്ന്

പൊങ്ങിപ്പൊങ്ങിച്ചിരിക്കുന്നു
ഈ നീരുറവ.

അഴകും മണവുമായ്
പൂക്കൾ
ചൊരിഞ്ഞു നിൽക്കുന്നു
ഈ മരം.

സന്ധ്യാസമയത്തെ
ചക്രവാളം പോലെ
ചുവന്നിരിക്കുന്നു
ഇതാ ഇപ്പോൾ
കഴുകിയ
ഈ മൈലാഞ്ചിക്കൈ



8
ഉള്ളങ്കൈയിൽ ഉളളങ്കൈ
തോളോടു തോൾ
ഹൃദയത്തിനരുകിൽ ഹൃദയം
വെച്ചു
കേൾപ്പത്
വേദന കുറയും ശബ്ദം.



9
പന്ത്രണ്ടു കാലുകൾ
എട്ടു കൈകൾ
നാലു കൊമ്പുകൾ
ആറു വിഷമുള്ളുകൾ

പത്തു കണ്ണുകൾ
അഞ്ചു വായകൾ
മൂന്നു ചിറകുകൾ

മഹാരൂപം പൂണ്ടിരുന്നു, അവൾ.

ഒരു കൈയ്യാൽ മക്കളെ സംരക്ഷിച്ചു
മറ്റൊന്നാൽ തീറ്റ കൊണ്ടുവന്നു
ഒന്നിനാൽ കൂടു പണിതു
മറ്റൊന്നാൽ ശത്രുക്കളെത്തുരത്തി
നൂറായിരം മുട്ടകളിട്ടു.

അവൾ തന്നെ സൃഷ്ടിച്ചു
അവളുടെ ലോകം.

അവരുടെ പരാശക്തി
അവരുടെ വാനം നിറഞ്ഞു നിന്ന്
അവരെക്കാത്തു.

ചില സമയം
നശിപ്പിക്കയും ചെയ്തു

അവരവർക്ക്
അവരവർ ദൈവം.



10

പൊതുവേ ആരുമെന്നെപ്പറിക്കാറില്ല.
തിരിഞ്ഞുപോലും നോക്കാറില്ല.

ഞാൻ ഉറ്റുനോക്കുന്നു
ചില സമയം വണ്ടികൾ
ചില സമയം മനുഷ്യർ
ചില സമയം മൃഗങ്ങൾ
ചില സമയം പക്ഷികൾ
എപ്പോഴെങ്കിലും ഒരു വണ്ട്
അല്ലെങ്കിലൊരു പൂമ്പാറ്റ

എന്നെയും കടന്നുപോകുന്നുണ്ട്.

കാറ്റ് ഇടയ്ക്കടിക്കുന്നുണ്ട്
വണ്ടികളെന്നെ വേരോളം ചായ്ക്കുന്നുണ്ട്.

ചില കാലുകളെൻ മീതെ നടക്കുന്നുണ്ട്
ചിലതെന്നെ ചവിട്ടുന്നുണ്ട്.
ആരോ മൂത്രമൊഴിക്കുമ്പോളെൻ
മേലും ചില തുള്ളി തെറിക്കുന്നുണ്ട്.

പ്രയോജനമില്ലാത്തവൾ

എന്നാലും
ഓരോ നാളും ഞാൻ വിരിയുന്നു

ജീവൻ എന്നതിനാലോ
വർണ്ണം എന്നതിനാലോ
ഈ മഹത്താമിരിപ്പിന്റെയൊരു തുള്ളി -
യെന്നതിനാലോ പോലുമല്ല
എനിക്ക് അതല്ലാതെ
വേറൊന്നുമറിയില്ല എന്നതിനാൽ.



11
മലയുടെ
ഉച്ചിയിലാണ്
അവളുടെ വീട്

വീട്ടിനുള്ളിൽ
എപ്പോഴും
അവളുടെ പാട്ട്

ചെറു ചെറു പാത്രങ്ങൾ
അവൾ വിചാരിച്ചത്
വിചാരിച്ചയുടൻ
പാകം ചെയ്തു കൊടുത്തു.

ചുറ്റിലും
വേണ്ടപ്പോഴൊക്കെ
മഴ

ദൈവങ്ങളും പൂതങ്ങളും
എല്ലാം വേണ്ടപോലൊരുക്കി.

സൗന്ദര്യത്തിന് സൗന്ദര്യം
വെളിച്ചത്തിനു വെളിച്ചം
വേണ്ട എങ്കിൽ വേണ്ട

അവൾ
സ്വന്തം കൊടുമുടി വീട്
വിട്ടിറങ്ങുകയേയില്ല.

ഇറങ്ങുകയാണെങ്കിൽത്തന്നെ

പാതയെ
ഭദ്രമായ് പിടിച്ചുകൊണ്ട്
മെല്ലെ
നിലത്തിറങ്ങുമവൾ

അത്
പുകപ്പാത
എന്നറിയാതെ.














Saturday, January 9, 2021

ആ ഇളംചിരി മായ്ച്ചു കളഞ്ഞതാര്? ആ പൊട്ടിച്ചിരിയും മായ്ച്ചു കളഞ്ഞതാര്? (ലേഖനം)

ആ ഇളംചിരി മായ്ച്ചുകളഞ്ഞതാര്?
ആ പൊട്ടിച്ചിരിയും മായ്ച്ചുകളഞ്ഞതാര്?

പി.രാമൻ

കരച്ചിൽ പാട്ടായി മാറുന്നതിനെക്കുറിച്ച് തമിഴ് കവി ജ്ഞാനക്കൂത്തൻ്റെ ഒരു കവിതയുണ്ട്. കഥകളിയിലൂടെയും കൂടിയാട്ടത്തിലൂടെയും കേരളീയർക്ക് സുപരിചിതമായ കൈലാസോദ്ധാരണസന്ദർഭമാണ് കവിതയിൽ. രാവണൻ കൈലാസമെടുത്തമ്മാനമാടിയപ്പോൾ ശിവൻ കാലിൻ്റെ പെരുവിരലൊന്നമർത്തിയതും രാവണൻ്റെ കൈപ്പടങ്ങൾ അടിയിൽ പെട്ടു ഞെരിഞ്ഞു പോയി. ഉടനെ രാവണൻ സാമഗാനം പാടി ശിവനെ സ്തുതിച്ചു. ഇവിടെയാണ് കവിയുടെ ഇടപെടൽ. വേദനിച്ചപ്പോൾ രാവണൻ കരയുകയല്ലേ ചെയ്തിട്ടുണ്ടാവുക? ഒരു കുന്നും എടുക്കാനാവാതെ ഞെരിഞ്ഞമർന്നു കരയുന്ന മനുഷ്യൻ്റെ കരച്ചിൽ ദൈവങ്ങൾക്ക് സംഗീതമായി അനുഭവപ്പെടുന്നതായിരിക്കില്ലേ? ദൈവത്തിൻ്റെ കാതിൽ കുണ്ഡലങ്ങളായിരിക്കുന്ന ഗന്ധർവന്മാർ മനുഷ്യരുടെ കരച്ചിൽ സംഗീതമായ് മാറ്റി വിടുകയാവുമോ? കരച്ചിലും പാട്ടും ചേർന്നുള്ള അർദ്ധനാരീശ്വരത്വത്തെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ടാണ് കരച്ചിൽ നിറുത്തിയ വായ എന്ന ആ കവിത അവസാനിക്കുന്നത്. ഈ കവിത ഓർമ്മിക്കുമ്പോഴൊക്കെ ഞാൻ സഞ്ജയൻ്റെ കവിതകളെക്കുറിച്ചുമോർക്കും. അഥവാ സഞ്ജയൻ്റെ കവിതകൾ വായിക്കുമ്പോൾ ഞാൻ ഈ തമിഴ് കവിത ഓർക്കും. കരച്ചിലും ചിരിയുടെ സംഗീതവും തമ്മിലുള്ള അർദ്ധനാരീശ്വരത്വത്തിൻ്റെ ആവിഷ്കാരങ്ങളാണ് അവ.

സഞ്ജയൻ പ്രസിദ്ധനെങ്കിലും ഹാസ്യസാഹിത്യം എന്ന പ്രത്യേക മുറിക്കുള്ളിൽ നമ്മളദ്ദേഹത്തെ അടച്ചിട്ടു കളഞ്ഞു. അദ്ദേഹമെഴുതിയ കവിതകളെ ഹാസ്യകവിതകൾ എന്നു ലേബലൊട്ടിച്ചതോടെ നമ്മുടെ വായനയും പൂർത്തിയായി. കവിതയിൽ സ്വാഭാവികമായി ഹാസ്യവും വരാം എന്നല്ലാതെ ഹാസ്യകവിത എന്നൊന്നുണ്ടോ? അസംബന്ധമല്ലേ ആ കല്പന? മാത്രമല്ല ഇന്നു വായിക്കുമ്പോൾ അവയിൽ പലതിലേയും ഹാസ്യാംശമല്ല നമ്മളെ സ്പർശിക്കുന്നതും.മറിച്ച് വിഷയങ്ങളുടെയും ആവിഷ്കാര രീതികളുടെയും വ്യത്യസ്തതയും പുതുമയും സങ്കീർണ്ണതയുമാണ്. വികാരഗതികളുടെ ഇടമറിച്ചിലുകളാണ്.മായികതയുടെ സ്പർശമുള്ള ഒരിളം ചിരിയുണ്ടായിരുന്നു സഞ്ജയൻ്റെ ആദ്യകാല കവിതകളിൽ. അത് പെട്ടെന്നൊരു പൊട്ടിച്ചിരിയായി മാറി. പൊട്ടിക്കരച്ചിലിൻ്റെ വേറൊരു രൂപമായിരുന്നില്ലേ ആ പൊട്ടിച്ചിരി? ആ കവിതകൾ ഇന്നു വായിക്കുമ്പോൾ അങ്ങനെ പോലും തോന്നാം. ആരാണ് ആ ചിരി മായ്ച്ചുകളയുന്നത്? ഇത്തരം ചില ആലോചനകളാണ് ഈ കുറിപ്പിലേക്കു നയിക്കുന്നത്.

നാല്പതാം വയസ്സിൽ (1943-ൽ) ക്ഷയരോഗ ബാധിതനായി മരിക്കുന്നതു വരെയുള്ള അദ്ദേഹത്തിൻ്റെ വ്യക്തിജീവിതം ദുരന്തപൂർണ്ണമായിരുന്നു. കുഞ്ഞുന്നാളിലേ അച്ഛൻ മരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിലെ ബി.എ.ലിറ്ററേച്ചർ ഓണേഴ്സ് പഠനകാലത്ത് മരണത്തോളമെത്തിയ ഒരപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേർന്നെങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല. ഭാര്യയുടെ മരണമായിരുന്നു കാരണം. മൂന്നു വർഷം മാത്രം നീണ്ട ദാമ്പത്യമായിരുന്നു അവരുടേത്. ക്ഷയരോഗിണിയാണ് എന്നറിഞ്ഞിട്ടും താൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു സഞ്ജയൻ. കുഞ്ഞു പിറന്ന് അധികം വൈകാതെ ഭാര്യ ക്ഷയരോഗം മൂലം മരിച്ചു. കുഞ്ഞും അധികകാലം ജീവിച്ചിരുന്നില്ല. ഇതിനിടയിൽ കവിയെയും ക്ഷയരോഗം പിടികൂടി. ചികിത്സയുടെയും വിശ്രമത്തിൻ്റെയും ഇടവേളകളിലാണ് കേരളപത്രികയുടെ പത്രാധിപരായതും സഞ്ജയൻ, വിശ്വരൂപം മാസികകൾ തുടങ്ങിയതുമെല്ലാം. അവസാന കാലത്ത് മലബാർ കൃസ്ത്യൻ കോളേജിൽ അധ്യാപകനായി ചേർന്നെങ്കിലും (ഓണേഴ്സ് പൂർത്തിയാക്കിയ ഉടനെ കുറച്ചു കാലം അവിടെ മുമ്പും അദ്ദേഹം പഠിപ്പിച്ചിരുന്നു) അക്കാലത്ത് മാതൃഭൂമി പത്രത്തിലെഴുതിയ ഒരു ലേഖനം മദിരാശി സർക്കാരിൻ്റെ അപ്രീതിക്കിരയായതിനെത്തുടർന്ന് സഞ്ജയന് ജോലി രാജിവെക്കേണ്ടിയും വന്നു. തലശ്ശേരിയിലെ തറവാട്ടുവീട്ടിൽ രോഗം മൂർച്ഛിച്ച് കിടക്കുന്ന സമയത്ത് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ വാറണ്ടുമായി പോലീസെത്തിയെങ്കിലും രോഗാവസ്ഥ കാരണം മടങ്ങിപ്പോയി.1943-ൽ അന്തരിച്ചു. ജീവിതകാലത്ത്, ഒഥല്ലോ നാടകപരിഭാഷയല്ലാതെ തൻ്റെ മറ്റൊരു കൃതിയും പുസ്തകരൂപത്തിലായിക്കാണാൻ സഞ്ജയനു കഴിഞ്ഞില്ല.

ജീവചരിത്രപരമായ ഈ വിവരങ്ങൾ ഇവിടെ സംഗ്രഹിച്ചത് ഇന്നാ കവിതകൾ വീണ്ടും വായിക്കുമ്പോൾ ഈ പശ്ചാത്തലം പ്രധാനമാകുന്നു എന്നതുകൊണ്ടാണ്. സഞ്ജയൻ്റെ ആദ്യകാലരചനകൾ മനോഹരമായ ഭാവകവിതകളായിരുന്നു. അക്കാലത്തെ മലയാള കവിതകളിൽ പൊതുവേ കാണാത്ത ഒരു മായികഭാവം ഈ കവിതകളുടെ ഒരു സവിശേഷതയാണ്. 1916 മുതൽ 1930 വരെയുള്ള കാലത്താണ് ഇവയുടെ രചന. ഇവയിൽ പലതും കവി തന്നെ നശിപ്പിക്കുകയും ചെയ്തു. ബാക്കിയായ കുറച്ചു കവിതകളേ നമുക്കു കിട്ടിയിട്ടുള്ളൂ.മലയാള കവിതയിൽ മായികഭാവം പൂത്തുലഞ്ഞ ചങ്ങമ്പുഴക്കവിതകൾക്കും പീക്കവിതകൾക്കും മുമ്പാണ് സഞ്ജയൻ ഇവയെഴുതിയത്.(1930 നു ശേഷമുള്ള കവിതകളാണ് ചങ്ങമ്പുഴയുടെ വരവറിയിച്ച ബാഷ്പാഞ്ജലിയിലുള്ളത്) മരക്കൊമ്പുകൾക്കിടയിൽ മുഖം മറച്ചുകൊണ്ട് ആരോ നിലവിളിക്കുന്നു എന്ന് കാറ്റിനെക്കുറിച്ച് ഭിത്തിക്കപ്പുറം എന്ന കവിതയിൽ (1922) സഞ്ജയനെഴുതുമ്പോൾ അതിൽ ഭാവുകത്വപരമായ ഒരു വ്യത്യാസം ഇന്ന് മിഴിവോടെ നമുക്കു കാണാം.മുഖം മറച്ച, മൂടുപടമിട്ട പ്രകൃതി പല കവിതകൾക്കും മായികഭംഗി നൽകുന്നു. മൂടുപടം മാറ്റി മുഖം പുറത്തു കാട്ടൂ എന്ന് പെണ്ണിനോട്, പ്രകൃതിയോട് ആവശ്യപ്പെടുന്ന ഒരു കവിത തന്നെയുണ്ട്. ആ കാഴ്ച്ചയുടെ കണ്ണു മഞ്ഞളിപ്പിക്കുന്ന അനുഭവം ഇങ്ങനെ സഞ്ജയൻ എഴുതുന്നു:

കനകസുഷമയൊത്തുചേർന്ന വിദ്യു-
ല്ലതിക കണക്കു വിളങ്ങിടുന്ന നിന്നെ,
സുമസമമൃദുഗാത്രി, മൂടൽ നീങ്ങി -
പ്പെരിയ കൃതാർത്ഥത പൂണ്ടു കാൺമനോ ഞാൻ!

സാധ്യതകളിരിക്കേ, മറ്റ് ആത്മീയ വിചാരങ്ങളിലേക്കൊന്നും ഈ കവിത കടക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്.

ജീവിതമെന്ന വിസ്മയമാണ് കവിതയെഴുതൂ എന്ന് ഈ മനുഷ്യനെ അന്ന് പേനയെടുപ്പിച്ചത്. നൃത്തമാടുന്ന സുന്ദരിയുണ്ട് ഒരു വെള്ളച്ചാട്ടത്തിനുള്ളിൽ എന്ന വിസ്മയമാണ് നിർഝരം എന്ന കവിത. തൻ്റെ പേനത്തുമ്പിലെ മഷിത്തുള്ളിയും പുൽത്തുമ്പിലെ മഞ്ഞുതുള്ളിയും വ്യത്യാസമില്ലല്ലോ എന്ന വിസ്മയമാണ് തുഷാരബിന്ദു എന്ന കവിത.

ഇപ്പേനത്തുമ്പിലെപ്പാഴ്മഷിത്തുള്ളിയും
ഇപ്പുൽക്കൊടിയിലെ നീർക്കണവും
ഭിന്നവർണ്ണങ്ങളാണെങ്കിലും രണ്ടിന്നു -
മൊന്നു താൻ ജീവിതാദർശമിപ്പോൾ.
ഉൽക്കണ്ഠാജന്യമാം മെയ് വിറ പേനയ്ക്കു-
മാത്തൃണത്തിന്നുമുണ്ടൊന്നു പോലെ

പ്രതിഫലിപ്പിക്കുക എന്ന ധർമ്മം മഞ്ഞുതുള്ളിയും മഷിത്തുള്ളിയും ഒരു പോലെ ചെയ്യുന്നു. രണ്ടും ഉത്കണ്ഠകൊണ്ടു വിറയ്ക്കുകയും ചെയ്യുന്നു. ഈയൊരു പതറി നിൽപ്പിൻ്റെ വിസ്മയം സഞ്ജയൻ്റെ അക്കാല ഭാവഗീതങ്ങളിലെല്ലാമുണ്ട്. അന്തിത്തുടുപ്പു മറഞ്ഞുപോയ നേരത്ത് ഒറ്റക്കിരിക്കുന്ന മനുഷ്യനാണ് മുഖച്ഛായ എന്ന കവിതയിൽ. ഒറ്റക്കിരിക്കുകയല്ല, ആനന്ദക്കടലിൽ പൊങ്ങിക്കിടക്കുകയാണ്, തെങ്ങോലകളുടെ ശബ്ദം കേട്ട്.

തെങ്ങോലതൻ മൃദുമർമ്മരമല്ലാതെ -
യിങ്ങു കേൾപ്പീലാ ഞാൻ ശബ്ദമൊന്നും.
ഇന്നത്തെജ്ജീവിതയുദ്ധം നിലച്ചുപോ-
യിന്നിലം ശാന്തമായ്ത്തീർന്നു വീണ്ടും.

താനുമതെ, രാവിലെത്തൊട്ട് മിന്നുന്ന വാളുമേന്തി കുതിക്കുകയായിരുന്നു.അങ്ങനെ പോകുമ്പോഴുണ്ട്, വഴിവക്കത്ത് ഒരു നീലത്തടാകം.തടാകത്തിൽ വിരിഞ്ഞ പൂക്കളിലൊന്നിന് നിൻ്റെ മുഖച്ഛായ! അതു കാൺകെ ഇനിയെങ്ങനെ യുദ്ധത്തിനു പോകും? യുദ്ധം ജയിക്കേണ്ട, ഒരു നിമിഷത്തെ ആ മായക്കാഴ്ച്ച മതി തനിക്ക് എന്നുറപ്പിക്കുകയാണ് അയാൾ.

അർത്ഥം ഗ്രഹിക്കാതുള്ളീ ദിവാസ്വപ്നത്താൽ
വ്യർത്ഥമാക്കീടിനേനിദ്ദിനത്തെ.
എങ്കിലും തൃപ്തനാണീയല്പ,നല്ലെങ്കി-
ലെങ്ങനെ കിട്ടുമീ നിർവൃതിയെ?

ആ മായക്കാഴ്ച്ചയുടെ ക്ഷണികത നമ്മെ ഉലക്കും. ക്ഷണികതയെക്കുറിച്ച് സാഹിത്യനികഷത്തിലെ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: "തങ്ങളെത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയിൽ നിന്നാണ് കൊള്ളിമീനുകൾക്ക് സ്ഥിരതാരകളെ ലജ്ജിപ്പിക്കുന്ന ആ തേജസ്സു കിട്ടുന്നതെന്ന് നിങ്ങൾ അറിയുകയില്ലേ?" (കവികളുടെ ദുർഗ്ഗതി, സാഹിത്യനികഷം)  പൂർവകവികളിൽ തന്നെ ഇളക്കിമറിച്ച വി.സി.ബാലകൃഷ്ണപ്പണിക്കരെ സഞ്ജയൻ വിശേഷിപ്പിച്ചത് സാഹിത്യനഭസ്സിലെ കൊള്ളിമീൻ എന്നാണെന്നുമോർക്കുക. തനിക്കു മുമ്പെഴുതിയ ആശാനെപ്പോലെ ദാർശനികദു:ഖത്തിലേക്കോ തനിക്കു ശേഷമെഴുതാൻ പോകുന്ന ചങ്ങമ്പുഴയെപ്പോലെ കെട്ടഴിഞ്ഞ വൈകാരികാവേശത്തിലേക്കോ സഞ്ജയൻ നീങ്ങുന്നില്ല. വള്ളത്തോളിനെപ്പോലെ ആ വിസ്മയസന്ദർഭത്തെ സാമൂഹ്യ സാഹചര്യങ്ങളിലേക്കു നീട്ടി വിസ്തരിക്കുന്നതും സഞ്ജയൻ്റെ വഴിയല്ല. ഒതുക്കമുള്ള, അതിവൈകാരികമാകാത്ത, മായികതയും സ്വപ്നാത്മകതയും പുരണ്ട, പക്വമായ കാല്പനികഭാവമാണ് ആ കവിതകളിൽ. കവിത ഗതി മാറിയൊഴുകിയ പിൽക്കാലത്ത് താൻ കണക്കിനു കളിയാക്കിയ കാല്പനിക, യോഗാത്മകഭാവങ്ങൾ തന്നെ സൂക്ഷ്മരൂപത്തിൽ അവയിൽ കണ്ടെത്താനാവും.പുറമേക്ക് ആഹ്ലാദകാരിയായിത്തോന്നുന്ന ആ ആദ്യകാലവരികൾക്കിടയിൽ വീണുകിടക്കുന്ന നറുവിഷാദത്തിൻ്റെ നേർത്ത ഇരുട്ട് ഇന്നു വായിക്കുമ്പോൾ നമ്മുടെ കണ്ണിൽ പെടാതെ പോകില്ല. വിഷാദിയാകരുത് എന്നു നിർബന്ധമുള്ള കവിയെ വെട്ടിച്ച് ആ കാവ്യാന്തരീക്ഷത്തിൽ നിന്നു കവിയുടെ സമ്മതമില്ലാതെ വന്നണയുന്നതാണാ വിഷാദം.പൊട്ടിത്തകർന്ന ക്ഷേത്രത്തെയും പൗരാണിക അന്തരീക്ഷത്തെയും രാത്രി മാനത്തെയുമെല്ലാം കുറിച്ചെഴുതുമ്പോൾ വരികളുടെ ചുരുളുകൾക്കിടയിലതുണ്ട്. അന്തിക്കാറ്റിൽ പുല്ലുകളിളകുമ്പോൾ, മരങ്ങളിൽ നിന്നുമുണക്കിലകൾ കൊഴിയുമ്പോൾ, ഈ നിലം മനുഷ്യഗന്ധമില്ലാത്തതാകുമ്പോൾ, ആ ജീർണ്ണക്ഷേത്രത്തിനു മുന്നിൽ നിൽക്കേ,

ഏതൊരു ലോകത്തിലേതൊരു കാലത്തിൽ
ഹാ! തനിച്ചിന്നു തെറിച്ചു പോയ് ഞാൻ

എന്ന തോന്നലിൽ ധ്യാനാത്മക വിഷാദമുണ്ട്. പിൽക്കാലത്ത് ആർ.രാമചന്ദ്രൻ്റെ കവിതകളിൽ നിന്നുയർന്ന പോലൊരു ഭാവം, വിഷാദസ്പർശമുള്ള ഏകാന്തധ്യാനഭാവം, ജീർണ്ണക്ഷേത്രമെന്ന കവിതയിൽ അനുഭവിക്കാം. ആ ജീർണ്ണക്ഷേത്രത്തിൻ്റെ ചിത്രം ഇങ്ങനെ കാണാം.

നാലമ്പലത്തിൻ്റെ മേൽപ്പാവു താങ്ങുന്ന
കാലം കറുപ്പിച്ച കൽത്തൂണുകൾ
യോഗക്രമധ്യാനനിഷ്ഠരാം നിശ്ചല -
യോഗികളെന്നപോൽ നിന്നിടുന്നു.
ചുറ്റും ചുമരുകൾ വീണു കിടക്കുന്നു
പറ്റിപ്പടരുന്നു കാട്ടുവളളി
ഓരോ പിളർപ്പിലുമോരോ വിലത്തിലും
ഓരോ ചെറുചെടി പൊങ്ങിനിൽപ്പൂ

പൗരാണികമായ ആ ജീർണ്ണക്ഷേത്രാന്തരീക്ഷത്തിലാണ് ജഗദംബയുടെ സാന്നിദ്ധ്യ പൂർണ്ണത കവിയറിയുന്നത്.നവീകരിച്ച് സമുദ്ധാരണം ചെയ്യാത്ത തകർന്ന ക്ഷേത്രത്തിലാണ് ഈശ്വരാനുഭവം.കാരണം, പൂജകന്മാർ വെക്കുന്ന ഭദ്രദീപങ്ങളാൽ ഇവിടുത്തെ മഹാന്ധകാരം ഒരിക്കലും രാജിക്കുകയില്ല. ഇവിടുത്തെ കാറ്റ് പുഷ്പാർച്ചന കൊണ്ടു സുഗന്ധിയാവുകയുമില്ല. ഇവിടുത്തെ മാനത്ത് ഭക്തരുടെ സ്തുതികൾ മറ്റൊലിക്കൊള്ളില്ല. അവയെല്ലാമുള്ളിടത്ത് ഈശ്വരാനുഭവമുണ്ടാവില്ല എന്നുകൂടി പറയാതെ പറയുന്നുണ്ട് ഈ കവിത. ക്ഷേത്രോദ്ധാരണങ്ങളുടെയും ഭക്തിവ്യവസായത്തിൻ്റെയും രാഷ്ട്രീയ വേഷമണിഞ്ഞെത്തുന്ന യാന്ത്രിക ആസ്തിക്യത്തിൻ്റെയും സമകാലത്ത് സഞ്ജയൻ്റെ ആസ്തിക്യബോധത്തിൻ്റെ വ്യത്യാസം പ്രധാനമാകുന്നു. അടിയുറച്ച ആസ്തിക്യബോധം സഞ്ജയനുണ്ടായിരുന്നു.എന്നാൽ തൻ്റെ കാലത്തെ മറ്റു പല കവികളേയും പോലെ പുരാണ - ദൈവിക കഥാഖ്യാനങ്ങളോ ഈശ്വരസ്തുതികളോ ഇദ്ദേഹം എഴുതിയിട്ടില്ല. കാണാവുന്നതിനപ്പുറമുള്ള പൊരുളിനെക്കുറിച്ചുള്ള ബോധമാണ് ആ കവിതകളിലെ ആസ്തിക്യബോധം.ജഗദംബ എന്നേ അദ്ദേഹം അതിനെ വിശേഷിപ്പിക്കുകയുള്ളൂ. ചിന്തയുടെ കടലിലുലഞ്ഞ് മേലോട്ടു നോക്കുമ്പോൾ കാണുന്നത് രാത്രിമാനമാകുന്ന ലാവണ്യക്കടലിൽ  "കാത്യായനീലീലാലാലസ പാണിപല്ലവമുതിർത്തീടുന്ന വെൺമുത്തുക" ളാണ്. പ്രണയ ചിന്തകളിലായിരുന്നു കവി ഉലഞ്ഞിരുന്നത്.കാർത്യായനി തൻ്റെ പ്രണയിനിയുടെ പേരു കൂടിയാണ്. ഏതുതരം യാന്ത്രികവാദത്തിൻ്റെയും കടുത്ത വിമർശകനായിരുന്നു സഞ്ജയൻ.യുക്തിവാദത്തിൻ്റെ യാന്ത്രികതയെപ്പോലെ ആത്മീയതയുടെ യാന്ത്രികതയേയും അദ്ദേഹം എതിർത്തു. സാഹിത്യനികഷത്തിലെ മിസ്റ്റിക് കവിതാഭാസങ്ങളെക്കുറിച്ചുള്ള ലേഖനം വായിച്ചാൽ ഇതു വ്യക്തമാകും. ദുരിത ജീവിതത്തിലുടനീളം ഒരിളംചിരി കാത്തു വെയ്ക്കാൻ ആ കവിതയ്ക്കു കഴിഞ്ഞത് ദൃഢമായ, യാന്ത്രികമല്ലാത്ത ആസ്തിക്യബോധം കൊണ്ടു തന്നെയാണ്. ഇടിഞ്ഞു പൊളിഞ്ഞ, വിളക്കു കൊളുത്താത്ത, പൂജ വേണ്ടാത്ത, കാടുമൂടിയ ഒരു കോവിലിനു മുന്നിൽ മാത്രമേ ആ ആസ്തിക്യബോധം പ്രാർത്ഥനക്കെത്തൂ.

തൻ്റെ കൂട്ടുകാരിയോട് ചിരിക്കൂ എന്നു പതിയെ പറയുന്ന കവിതയാണ് വിചാരവീഥി. ഒരു വശത്ത് ഇരുട്ടടഞ്ഞ ഗുഹകൾ പതിയിരിക്കുന്ന കൊടുംകാട്, മറുവശത്ത് സ്വച്ഛന്ദം വിഹരിക്കുന്ന പാമ്പുകൾ നിറഞ്ഞ ഇടം. ആഗ്രഹിക്കും പോലെ നടക്കാനാവാത്ത ദുർഗ്ഗമമായ വഴിയിലൂടെ പോകുമ്പോൾ എൻ്റെ പെണ്ണേ നീ ചിരിക്കൂ എന്നു പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിക്കുന്നത്. ആ ഇളംചിരിയുടെ പശ്ചാത്തലമായുളള ദു:ഖവും സഹനവും കാലം താണ്ടിയുള്ള ഇന്നത്തെ വായനയിൽ മിഴിവോടെ നിൽക്കുന്നു. പുഷ്പിച്ച പനിനീർച്ചെടിയോട് എന്ന കവിത ഇന്നു വായിക്കുമ്പോൾ ആ ചിരിച്ചുരുളിലെ ദുഃഖമിനുപ്പാണ് നമ്മളിൽ പറ്റിപ്പിടിക്കുക. ഒരു തുള്ളി പുഞ്ചിരി ചേർത്ത് വെയിൽ നിലാവാക്കാൻ ശ്രമിക്കുകയാണ് പനിനീർച്ചെടി.അവളിൽ പൂവിരിയും എന്നു പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു ഹൃദയത്തെ ആനന്ദത്തിരകളിലൊഴുക്കിയാണ് ചെടിയുടെ നില്പ്. താൻ അവൾക്കു കൊടുത്തതെന്താണ്? എന്നും രാവിലെ ഒരല്പം ശുശ്രൂഷ. തിരിച്ച് അവൾ തനിക്കു സമ്മാനിച്ചതോ, ഇതാ ഈ പൂവ്, ഈ മഹാനന്ദം.ലജ്ജയോടവൾ കാഴ്ച്ചവെക്കുന്ന മനോഹര പുഷ്പമിതാ ഇളംതളിർത്തൊട്ടിലിൽ കിടന്നു ചിരിക്കുന്നു. മറ്റൊന്നും കവി പറയുന്നില്ല. എന്തെങ്കിലും പ്രതീകവൽക്കരിക്കുന്നതായി ഭാവിക്കുന്നുമില്ല. പക്ഷേ തെളിച്ചമുള്ള ആ ചിത്രത്തിനു പിന്നിലെ നിഴലുകൾ ഇന്നു നമുക്കറിയാം. രോഗിണിയായ തൻ്റെ കൂട്ടുകാരിയോടുള്ള കരുതലും അനാരോഗ്യത്തെ കൂസാതെ പിടിച്ചു നിൽക്കാനുള്ള അവളുടെ പരിശ്രമവും ആ രോഗാവസ്ഥയിലും അവൾ തനിക്കു സമ്മാനിച്ച കുഞ്ഞിൻ്റെ ചിരിയും ചേർന്നതാണ് ആ കവിത. "മൃതി തീണ്ടി വിളർത്ത ചെന്തളിർച്ചൊടിയിലെ പുഞ്ചിരി" യാണ് 'പുഷ്പിച്ച പനിനീർച്ചെടിയോട് ' എന്ന കവിത. ആ ചെടി വൈകാതെ പട്ടു പോയി. ആ പൂവും വൈകാതെ വാടിപ്പോയി.രണ്ടു മരണത്തിൻ്റെ ഇരുട്ടിൽ ആ ഇളംചിരി മാത്രം ഇന്നും അവിടെയുണ്ട്.

ആ രണ്ടു മരണങ്ങൾക്കു ശേഷമാണ് സഞ്ജയൻ നാമിന്നറിയുന്ന ഹാസ്യസാഹിത്യകാരനായത്. ആ ഇളംചിരി പൊട്ടിച്ചിരിയോ അട്ടഹാസമോ പരിഹാസച്ചിരിയോ ആയി മാറിയത്. തിലോദകമെഴുതി വെച്ച പേന പിന്നെ ഹാസ്യാഞ്ജലിയിലേക്കാണ് ഉണരുന്നത്.സഞ്ജയൻ്റെ ഹാസ്യകവിതകളെക്കുറിച്ചും പാരഡികളെക്കുറിച്ചും ഈ ലേഖനത്തിൽ വിശദമായെഴുതാൻ ഉദ്ദേശിച്ചിട്ടില്ല. ഒറ്റക്കാര്യം മാത്രമേ അതുമായി ബന്ധപ്പെട്ട് ഇവിടെ വിശദീകരിക്കാനുള്ളൂ. ആ കവിതകൾ മിക്കതും ഇന്നു വായിക്കുമ്പോൾ ഹാസ്യ കവിത എന്ന ലേബൽ പൊട്ടിച്ച് ഗൗരവമുള്ള കവിതകളായി നമ്മുടെ മുന്നിൽ നിൽക്കുന്നു എന്നതാണത്. തൻ്റെ പൊട്ടിച്ചിരിയുടെ പിന്നാമ്പുറം തേടുന്ന കൈനേട്ടം, അണിയറയിൽ തുടങ്ങിയ കവിതകൾ തീർച്ചയായും അക്കൂട്ടത്തിലുണ്ട്. ദൈവത്തിനു സമ്മാനിക്കാൻ തൻ്റെ കയ്യിൽ ഇനി ഈ ചിരിയല്ലാതെ മറ്റൊന്നുമില്ല എന്ന നിസ്വതയാണ് കൈനേട്ടം എന്ന കവിതയിൽ. 1936-ലെഴുതിയ അണിയറയിൽ എന്ന കവിത കളിയച്ഛന്നരികെ (കളിയോഗനാഥൻ) ചെന്ന്,  ജീവിതത്തിൽ ചിരിക്കാൻ കഴിയാത്ത വിദൂഷകന് മറ്റുള്ളവരെ ചിരിപ്പിക്കാൻ എങ്ങനെ കഴിയും, അതുകൊണ്ട് തൻ്റെ മുടിയഴിച്ചു പിന്മാറാൻ അനുവദിക്കണേ എന്നപേക്ഷിക്കുന്ന വിദൂഷകനെ അവതരിപ്പിക്കുന്നു. പി.കുഞ്ഞിരാമൻ നായരുടെ കളിയച്ഛനുമായി (1953) ഒരു താരതമ്യചിന്ത ഇവിടെ സ്വാഭാവികം. കളിയോഗം കേരളത്തിൽ കഥകളിയുമായി ബന്ധപ്പെട്ടതാണെങ്കിലും സഞ്ജയൻ അത് നാടകക്കളിയോഗമായാണ് സങ്കല്പിച്ചിട്ടുള്ളത്. ഷേക്സ്പിയറെയും കാളിദാസനേയും ആരാധിക്കുന്ന കവിക്ക് അതങ്ങനെയാവാതെ തരമില്ല. കളിയച്ഛൻ തനിക്ക് ആദ്യവസാന വേഷം തന്നില്ല എന്ന പരാതി ഉള്ളിൽക്കിടന്നു വളർന്നു പടർന്ന തീയാണ് പി.യുടെ കവിത. ഒരാൾക്ക് അരങ്ങത്തു വരാൻ മടി.മറ്റേയാൾക്ക് അരങ്ങു കിട്ടാത്തതിൻ്റെ അസ്വസ്ഥത.

ഹാസ്യ കവിതകളായി അന്നു വായിച്ച പല കവിതകളിൽ നിന്നും ആ ഹാസ്യാത്മകത കൊഴിഞ്ഞു പോയിരിക്കുന്നു ഇന്ന്. പേടിക്കേണ്ട എന്ന കവിത മുനിസിപ്പാലിറ്റിയിലെ ദുർഗന്ധത്തെയും ബസ്സു യാത്രയുടെ കുലുക്കത്തെയും കവിയശപ്രാർത്ഥികളേയും ഒറ്റയടിക്കു ലക്ഷ്യമിടുന്ന ചിരിക്കവിതയല്ല ഇന്ന്. പ്രശസ്തി,അനശ്വരത, കവിജീവിതത്തിൻ്റെ ആത്യന്തിക ദുരന്തം എന്നിവയെക്കുറിച്ചുള്ള കവിതയായി ഇന്നതു വായിക്കപ്പെടാം. കവി മരിച്ചുപോയാലും കുറച്ചു കാലം ആ കവിതകൾ വായനക്കാരുടെ മനസ്സിൽ നിൽക്കും. മുനിസിപ്പാലിറ്റി വിട്ടുപാഞ്ഞാലും മൂക്ക് ആ നരകത്തെ ഓർക്കുന്ന പോലെ. ബസ്സിൻ്റെ കുലുക്കം യാത്ര കഴിഞ്ഞാലും യാത്രക്കാർ ഓർമ്മിക്കുമ്പോലെ. കേസു ജയിച്ചാലും കോടതിഫീസിൻ്റെ ഓർമ്മ ബാക്കിയാകുന്ന പോലെ. ചത്തു മണ്ണടിഞ്ഞാലും ലോകം കുറച്ചിട കവിയെ ഓർത്തേക്കും. കവിവിഗ്രഹത്തെ ഉന്തി മറിച്ചിടുന്ന, കവിയുടെ പരിവേഷം പൊളിക്കുന്ന ഗൗരവമുള്ള കവിതയാണിത്. ഇന്ത്യൻ കവിതയിൽ ഇതേ പണി ചെയ്തു വെച്ച എ.കെ.രാമാനുജൻ്റെ Which reminds me എന്ന കവിതക്കും എത്രയോ വർഷങ്ങൾക്കു മുമ്പാണ് പേടിക്കേണ്ട എന്ന കവിതയിലൂടെ ഈ ഉടച്ചുവാർക്കൽ എന്നോർക്കുക.

മറ്റൊന്നും ശ്രദ്ധിക്കാതെ തന്നിലേക്കു ചുരുളുന്ന മനോഭാവത്തെ കളിയാക്കിക്കൊണ്ടു തന്നെയാണോ സഞ്ജയൻ വിശ്രമം എന്ന കവിതയെഴുതിയത് എന്ന് ഇന്നു വായിക്കുമ്പോൾ സംശയം തോന്നും.

പായട്ടെ പേയാർന്നവ, രെന്തിനെങ്ങോ -
ട്ടെന്നേതുമോരാത്ത വിചാരശൂന്യർ,
കിടക്കുവൻ ഞാനിനിമേൽ മടിയ്ക്കു-
ള്ളോമന്മടിത്തട്ടിലണച്ചു ശീർഷം.

ഹെർ ഹിറ്റ്ലറെന്തോ പറയട്ടെ, യൂറോ-
പ്പൊന്നാകെ മുസ്സോളിനി ചുട്ടിടട്ടെ
ആഭ്യന്തരാഭ്യാഹതിയേറ്റു റഷ്യൻ
ഭല്ലൂകമേതോ ഗുഹ പൂകിടട്ടേ

കോൺഗ്രസ്സുകാർ മന്ത്രിപദാവരുദ്ധ -
രാവട്ടെ, വേണ്ടെങ്കിലെറിഞ്ഞു പോട്ടെ,
എന്നോടതൊന്നും പറയേണ്ട, ഞാനെൻ
മടിയ്ക്കുതാനിന്നിനി ദത്തകർണ്ണൻ

വരൂ മനോഹാരിണി, ലോകമെന്നെ-
പ്പഴിച്ചിടാം, നിന്നെയുമത്രതന്നെ.
വരുന്ന കേസൊക്കെ വരട്ടെ, നിന്നോ-
ടടുക്കുവാനായ് മടി കാട്ടിടാ ഞാൻ.

പേ പിടിച്ചു പായുന്ന മിന്നൽവേഗകാലത്ത് ഈ കവിത തീർച്ച, ഹാസ്യകവിതാ ലേബലിന്നുമപ്പുറമാണ്. അടുത്ത ദിവസം അന്തർദേശീയ സെമിനാറിൽ പ്രബന്ധമവതരിപ്പിക്കേണ്ട ശാസ്ത്രജ്ഞൻ ഇന്നിതാ നോക്കൂ, സ്വന്തം മുറിയിൽ കാലുകൾക്കിടയിൽ കൈ തിരുകി സുഖമായി കിടന്നുറങ്ങുന്നു എന്ന് പോളിഷ് കവി വിസ്ലാവ ഷിംബോസ്ക വളരെ പിൽക്കാലത്ത് എഴുതിയത് ഞാനോർക്കാറുണ്ട് സഞ്ജയൻ്റെ ഈ കവിത വായിക്കുമ്പോഴെല്ലാം.

1930 - 40 കാലത്ത് ഒരു പക്ഷേ ഹാസ്യാത്മകതക്കു വേണ്ടിയാവാം കൊണ്ടുവന്ന കവിതാരൂപവൈചിത്ര്യങ്ങൾ ഇന്ന് ഗൗരവപരിഗണന അർഹിക്കുന്നു. 'എൻ്റെ കുട' എന്ന കവിത ഹാസ്യകവിതയല്ല, ചിരി പുരണ്ട ഒരു ഭാവകവിതയാണ് ഇന്ന്; അതിൻ്റെ രൂപഘടന പ്രത്യേകം പഠിക്കേണ്ടതുമാണ്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഓരോ ശ്ലോകത്തിനും ശേഷം എൻ്റെ കുട എന്ന ഗദ്യ പ്രസ്താവന ആവർത്തിച്ചു വരുന്നതാണ് ഇതിൻ്റെ ഘടന. ദൈനംദിന ജീവിതത്തിലെ അതിസാധാരണ കാര്യങ്ങൾ ഇങ്ങനെ ലഘുവായി സ്നേഹപൂർവം വരച്ചിടുന്ന രീതി അന്നെന്നല്ല (1937) പിൽക്കാലത്തും മലയാള കവിതയിൽ ദുർലഭമാണ്. അതിസാധാരണത്വങ്ങളോടുള്ള ആത്മബന്ധത്തെ ആഴത്തിൽ കുറിക്കാൻ പോന്നതാണ് എൻ്റെ കുട എന്ന ആവർത്തിച്ചുള്ള ഗദ്യപ്രസ്താവന. എഴുതപ്പെട്ട കാലത്ത് ഹാസ്യത്തിനു വേണ്ടിയുള്ള ഒരു വിലക്ഷണതയായി മാത്രമേ ഇത് വായിക്കപ്പെട്ടിരിക്കുകയുള്ളൂ.

ആർക്കും അക്കര കാണാനാവാത്ത നീർക്കയത്തിൻ്റെ വക്കത്ത് ഒറ്റക്കാലിൽ നോറ്റു നിൽക്കുന്ന ഒരു കൊറ്റിയുടെ ചിത്രത്തെ കവി ഭാഷകൊണ്ട് ഇളക്കിമറിക്കുന്നത് കൊറ്റിയെപ്പറ്റി എന്ന കവിതയിൽ ഇന്നനുഭവിക്കാം. അന്നു നാട്ടുനടപ്പായിരുന്ന മിസ്റ്റിസിസത്തെ പരിഹസിച്ചെഴുതിയതാണിത് എന്നോർമ്മിപ്പിക്കുന്നു, ഒരു മഹാമിസ്റ്റിക് കവിത എന്ന ഉപശീർഷകം. ആ ഉപശീർഷകം അപ്രസക്തമാകും വിധം ഇന്നത് മറ്റൊരനുഭവം കൂടി വായനക്കാർക്കു നൽകുന്നു. താപസ നാട്യത്തിൽ നിൽക്കുന്ന ആ കൊറ്റിയെ കവി ഉണർത്തുകയാണ്.

കൊറ്റി!
ഓ, കൊറ്റി!
ഒന്നുണർന്നു നീ കേൾക്കേണം കൊറ്റീ
നിന്നപദാനകാവ്യത്തെ.
നീയല്ലോ സിദ്ധൻ, നീയല്ലോ സ്ഥാണു,
നീയല്ലോ നിത്യനിശ്ചലൻ
ബ്രഹ്മം നിന്നേപ്പോലേതാണ്ടാണെന്ന്
ബ്രഹ്മവിദ്യക്കാർ ചൊല്ലുന്നു.
(ബ്രഹ്മം ഞെണ്ടിനെത്തിന്നുമാറില്ലെ -
ന്നെൺമാത്രമത്രേ വ്യത്യാസം)
കൊറ്റി!
ഏയ്, കൊറ്റി!

ഇതിലെ ഹാസ്യം ഇന്നും പ്രവർത്തനക്ഷമം തന്നെ എങ്കിലും മിസ്റ്റിസിസത്തിൻ്റെ പേരിൽ മലയാളത്തിലിറങ്ങുന്ന കവിതാഭാസങ്ങളെ കളിയാക്കുന്ന (മിസ്റ്റിക് കവിതയെയല്ല അദ്ദേഹം വിമർശിച്ചത് ) ഹാസ്യകവിത എന്ന പരിധിയിൽ നിന്നു പുറത്തു കടന്ന് കൊറ്റിയെക്കുറിച്ചോ കൊറ്റിയുടെ നിൽപ്പു നോക്കിക്കാണുന്ന നമ്മളെക്കുറിച്ചോ, നോട്ടത്തെക്കുറിച്ചു തന്നെയോ ഉള്ള ചിരി പുരണ്ട കവിതയായി ഇന്നത് മാറിയിരിക്കുന്നു. തൻ്റെ താപസഭാവത്തിൽ നിന്നുണർന്ന് തരം കിട്ടിയാൽ വല്ല മീനോ ഞെണ്ടോ കൊത്തിത്തിന്നുന്ന കൊറ്റിയിൽ നിന്നു തുടങ്ങുന്ന കവിത അവസാനിക്കുന്നത് ആ പാട്ടൊക്കെ കേട്ടിട്ടും ഉറങ്ങിത്തന്നെ നിൽക്കുന്ന കൊറ്റിയെ നോക്കി ഇങ്ങനെ നിന്നാൽ ആ കാഴ്ച്ചക്കാരന് ആഹാരത്തിനുള്ള വക കിട്ടുമോ എന്ന ആശങ്കയിലാണ്.

തനിക്കു കണ്ണെടുത്താൽ കണ്ടു കൂടാത്ത പലതിനെയും രൂക്ഷമായി കളിയാക്കി കവിതയെഴുതിയിട്ടുണ്ട് സഞ്ജയൻ.സാഹിത്യത്തിലെയും സാമൂഹ്യ ജീവിതത്തിലേയും രാഷ്ട്രീയത്തിലേയും പല പ്രവണതകളേയും ശക്തമായി ആക്രമിച്ചിട്ടുണ്ട്. ആ കവിതകളിൽ പറയുന്ന പ്രത്യേകസംഭവങ്ങൾ പലതും ഇന്ന് കാലഹരണപ്പെട്ടിരിക്കാം. എങ്കിലും അവയിൽ പലതും ആഴത്തിലുള്ള വിമർശനങ്ങളെന്ന നിലയിൽ ഇന്നും പ്രസക്തമാണ്. ഉദാഹരണത്തിന് കമ്യൂണിസത്തെ ആക്രമിച്ചു കൊണ്ടെഴുതിയ അനന്വയം എന്ന കവിത എടുക്കാം. അതിലെ ആക്ഷേപഹാസ്യാംശങ്ങളെല്ലാം മാറ്റിവെച്ചാൽ പോലും ആഴത്തിലുള്ള വിമർശനമെന്ന നിലയിൽ അവ ഇപ്പോഴും പ്രസക്തമാണ്. കേരളത്തിൽ ഇന്നോളമുണ്ടായിട്ടുള്ള മുഴുവൻ കമ്യൂണിസ്റ്റ് വിമർശനങ്ങൾ ചേർത്തുവെച്ചാലും സഞ്ജയൻ്റെ ഈ വരികൾക്കപ്പുറം പോയിട്ടുണ്ടോ എന്നു സംശയമാണ്:

വിദ്വേഷപ്പട്ടടത്തീയിൽ
ജന്മമാഹുതി ചെയ്യുവോർ
ഉത്തമാംഗം മനുഷ്യന്നു
വയറെന്നു ശഠിക്കുവോർ
ഒരു നേരത്തെയൂണിന്നു
സത്യാഹിംസകൾ വിൽക്കുവോർ
ആസ്തിക്യത്തെയവീനെന്നു
ചൊല്ലിപ്പരിഹസിക്കുവോർ
അവർക്കു ഹിതമല്ലാത്ത -
തോതുന്നോരെദ്ദുഷിക്കുവോർ
അതോടൊന്നിച്ചഭിപ്രായ-
സ്വാതന്ത്ര്യത്തെ സ്തുതിക്കുവോർ
മുതലാളിത്തമാം തീയിൽ
നീറുന്ന തൊഴിലാളിയെ
വിപ്ലവത്തീക്കുഴിക്കുള്ളിൽ
തള്ളി രക്ഷിച്ചിടുന്നവർ.

കേരളത്തിൽ കമ്യൂണിസ്റ്റു പ്രവർത്തനങ്ങൾ ആരംഭിക്കുക മാത്രം ചെയ്ത കാലത്താണ് സഞ്ജയൻ്റെ വിമർശനം വരുന്നത്. (1937) മറ്റു പല എഴുത്തുകാരെയും പോലെ, കൽക്കത്താ തീസിസിൻ്റെയോ വിദ്യാഭ്യാസബില്ലിൻ്റെയോ ഭൂപരിഷ്കരണനിയമത്തിൻ്റെയോ ഇച്ഛാഭംഗത്തിൽ നിന്നുണ്ടായതല്ല ഈ വിമർശനം എന്നതും ശ്രദ്ധിക്കേണ്ടതാണ്.വിളയുടെ പരിമിതി മുളയിലേ മനസ്സിലാക്കിക്കൊണ്ടുള്ളതാണ് സഞ്ജയൻ്റെ ഗൗരവമുള്ള വിമർശനം. ഇന്നു വായിക്കുമ്പോൾ കമ്യൂണിസ്റ്റ് വിമർശനം എന്നതിനപ്പുറം കേരളത്തെ അടിമുടി ബാധിച്ച ഹിപ്പോക്രസിക്കെതിരായ വിമർശനമായിത്തന്നെ ഈ വരികൾ നിൽക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രസംഗിക്കുന്നവർ തന്നെ തങ്ങൾക്കിഷ്ടമല്ലാത്തതു പറയുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിൻ്റെ കാലത്ത് ഈ വരികൾ ഏതു കക്ഷിക്കും ഏതു ബുദ്ധിജീവിതത്തിനും ചേരും. പാഠപുസ്തക നിർമ്മാതാക്കളെ പരിഹസിച്ചെഴുതിയ ഒരു പ്രാർത്ഥനയെക്കുറിച്ചു കൂടി ഇവിടെ സൂചിപ്പിക്കട്ടെ.ഈശ്വരനോട് വിദ്യാർത്ഥികളായ കുഞ്ഞുങ്ങൾ മറ്റെന്തു പ്രാർത്ഥിക്കാനാണ്!

ഞങ്ങളെബ്ബുദ്ധിമുട്ടിക്കാ-
നവതാരമെടുത്തതാം
ടെക്സ്റ്റു ബുക്കു ചമയ്ക്കുന്ന
വിദ്വാന്മാർക്കു കൃപാനിധേ,
സൽബുദ്ധി നൽകി നീ തന്നെ
നേർവഴിക്കു നടത്തണേ!
ശിശുദ്രോഹം പാപമെന്ന
ബോധമുള്ളിലുണർത്തണേ!

അടുത്ത കാലത്ത് പാഠപുസ്തക നിർമ്മാണ സമിതികളിൽ പലതിലും പങ്കുകൊള്ളേണ്ടി വന്നപ്പോഴൊക്കെ സഞ്ജയൻ്റെ ഈ വരികൾ എൻ്റെ ചുണ്ടിൽ വരാറുണ്ട്.മാത്രമല്ല, കേരളത്തിലെ പാഠപുസ്തക നിർമ്മാണ കാര്യങ്ങൾ നടത്തിപ്പോരുന്ന എസ്.സി.ഇ.ആർ.ടിയുടെ ഓഫീസുഭിത്തിയിൽ തന്നെ ഈ പ്രാർത്ഥന എഴുതി വയ്ക്കേണ്ടതാണെന്നു തോന്നാറുമുണ്ട്. വിമർശിക്കുന്ന വിഷയങ്ങളെപ്പോലെ തന്നെ വിമർശനങ്ങളിലടങ്ങിയ ആത്മാർത്ഥതയും വൈകാരികതയും ഇന്ന് നമ്മെ ഗൗരവപൂർവം സ്പർശിക്കുന്നു.

തന്നെ വഞ്ചിച്ച വിധിയും കാലവും ചേർന്ന് ഒരു മനുഷ്യൻ്റെ കണ്ണീർ പുരണ്ട ഇളം ചിരിയെ പൊട്ടിക്കരച്ചിലോളം പോന്ന പൊട്ടിച്ചിരിയാക്കി മാറ്റി. പാവം മനുഷ്യൻ്റെ കരച്ചിൽ സംഗീതമാക്കി മാറ്റുന്ന ആ കാലമൂർത്തി തന്നെ ഇന്നിതാ പൊട്ടിച്ചിരി മെല്ലെ വകഞ്ഞ് ആ കണ്ണീർത്തിളക്കവും അതിനെ വിരിയിച്ച ക്ഷണികമായികതയും അതു കണ്ടുള്ള ഇളംചിരിയും ഇന്നത്തെ വായനക്കാർക്കു വേണ്ടി വീണ്ടെടുത്തു നീട്ടുന്നു. സഞ്ജയൻ്റെ കവിതകൾ പുതിയൊരു വിസ്മയപ്രഭയിൽ മുന്നിൽ നിൽക്കുന്നു.