ആനന്ദ്കുമാർ കവിതകൾ
1
ഈ ലോകം
എത്ര ചെറുതാകുന്നെന്നു നോക്കൂ,
പ്രണയത്താൽ നാം നമ്മെ
കോർത്തു നടക്കുമ്പോൾ
ഒരു തീവണ്ടി നൂണുകയറുന്ന
തുരങ്കം പോലെ
അത്ര കൃത്യമായ്
നമുക്കായ് പണിതതു പോലെ
2
നിനക്ക് ഒരടി
മുന്നേ നടപ്പതോ
നിന്റെ പരാതി?
നിനക്കു മുന്നേ
ഞാൻ എപ്പോഴും വരുന്നത്
നിന്നെ വരവേൽക്കാൻ
നിന്നെ ഇരുത്താൻ
നീ വരുന്നതു കാണാൻ
നീ വരുന്നുണ്ടോ
എന്നു നോക്കിയിരിക്കാൻ
3
മാമ്പഴങ്ങൾ
സഞ്ചി ആഫീസിലേക്കു
കൊണ്ടുപോകാൻ അനുവാദമില്ല
എന്നവർ പറഞ്ഞു.
ഞാൻ സഞ്ചി പുറത്തു വെച്ച്
ഒരൊറ്റ മാമ്പഴം മാത്രമെടുത്തു
മറച്ചുവെച്ചു കൊണ്ടുപോയി
അവരെക്കാണാൻ.
ഇടുപ്പുയര തട്ടികകകൾക്കു പിന്നിലിരുന്ന്
ഓരോരുത്തരായ്
തലയുയർത്തി നോക്കുന്നു.
പോകും വഴിയെങ്ങും
കൊമ്പു വിരിക്കാൻ തുടങ്ങുന്നു
ആഫീസിനകത്ത്
ഒരു മാവുമരം.
4
ഉയരം
ചെറിയവനു കയറി നിന്നു പല്ലു തേയ്ക്കാൻ
ചെറിയ പ്ലാസ്റ്റിക് സ്റ്റൂളൊന്നുണ്ട്
വീട്ടിൽ.
ചിലപ്പോളതു
കട്ടിലിനടിയിൽ കിടക്കും.
ചിലപ്പോൾ
കതകിന്റെ കൊളുത്തിനു നേരെത്താഴെ.
ചില നേരം ബാത് റൂമിൽ
പലപ്പോഴും
തുറന്നു കിടക്കുമലമാരക്കരികിൽ
എപ്പോഴെങ്കിലും
തുഞ്ചത്തു പൂക്കുന്ന
റോസാച്ചെടിക്കു കീഴിൽ അതിരിക്കും.
ഇന്നത്
കണ്ണാടിക്കു മുന്നിൽ കിടക്കുന്നു.
ഞാനതിൽ കയറി
എന്നുയരം നോക്കുന്നു.
No comments:
Post a Comment