Friday, April 8, 2022

കക്കിത്തെളിയലിന്റെ കാവ്യശാസ്ത്രം

 

കക്കിത്തെളിയലിന്റെ കാവ്യശാസ്ത്രം



ശരീരത്തിനു പിടിക്കാത്തത് ഉള്ളിൽ കേറിക്കൂടിയാൽ ശരീരമത് പുറന്തള്ളാൻ ആവതും ശ്രമിക്കും. ഛർദ്ദിച്ചു കളയും, വയറിളകും. ഭാഷയും ജീവനുള്ള ഒരുടലു പോലെത്തന്നെയാണ്. ലയിപ്പിക്കാവുന്നത് ലയിപ്പിക്കും. ഭാഷാ ശരീരത്തിൽ ലയിക്കാത്തവ പുറന്തള്ളും.

ദ്രാവിഡ ഗോത്രത്തിൽ പെട്ട മലയാളത്തിനുള്ളിലേക്ക് മറ്റു പല ഗോത്രങ്ങളിലെ ഭാഷകളും പല കാലങ്ങളിൽ കടന്നുവരികയും കുറച്ചൊക്കെ ലയിക്കുകയും കുറേ ലയിക്കാതെ കിടക്കുകയും ചെയ്തിട്ടുണ്ട്. പല വിദേശഭാഷാ പദങ്ങളെയും വാക്കുകൾ തത്ഭവ രൂപത്തിലാക്കി മലയാളം തന്നിൽ ലയിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളും അറബി, പേർഷ്യൻ, സംസ്കൃതം തുടങ്ങിയ ഏഷ്യൻ ഭാഷകളും പെടുന്നു.

മലയാളത്തിലേക്ക് ഇങ്ങനെ ഏറ്റവും ശക്തമായി കടന്നു കയറിയ ഭാഷ സംസ്കൃതമാണ്. പദതലത്തിൽ മാത്രമല്ല വ്യാകരണ തലത്തിൽ വരെ അത് സ്വാധീനം ചെലുത്തി. സംസ്കൃതത്തിന്റെ ഈ ഇടപെടലാണ് മലയാളം ഒരു സ്വതന്ത്ര ഭാഷയായതിനു പിന്നിലെ പ്രധാന കാരണമെന്നു വരെ ഒരു വാദമുണ്ടല്ലോ. കയറിക്കൂടിയ സംസ്കൃതം നൂറ്റാണ്ടുകൾ കൊണ്ട് കുറച്ചൊക്കെ മലയാള ശരീരത്തിൽ ലയിച്ചു ചേർന്നിട്ടുമുണ്ട്. നിത്യജീവിത വ്യവഹാരഭാഷയിൽ തത്ഭവമായും അല്ലാതേയും പരക്കെ പ്രയോഗത്തിലുള്ള പദാവലികൾ ആ ലയനത്തെ സാധൂകരിക്കുന്നു.

മറിച്ച് ലയിക്കാതെ കിടക്കുന്നവ ആ കടന്നുകയറ്റ കാലം കഴിഞ്ഞതിനു ശേഷം ഭാഷ നൂറ്റാണ്ടുകളെടുത്ത് പുറന്തള്ളാൻ ശ്രമിച്ചു കൊണ്ടുമിരിക്കുന്നു. മലയാള ശരീരത്തിലെ സംസ്കൃതത്തിന്റെ ലയിക്കായ്കയാണ് സംസാര ഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലത്തിന്റെ മുഖ്യ കാരണം.

ഈ അകലം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്. ലയിക്കാതെ കിടക്കുന്ന പദങ്ങളെ ഉപേക്ഷിച്ചു കൊണ്ടാണ് ഭാഷ ആ അകലം കുറക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഈ പുറന്തള്ളലിന്റെ വേഗത വളരെ കൂടി. അനേകം ജീവിത പാരമ്പര്യങ്ങൾ പുതുതായി സാഹിത്യ മണ്ഡലത്തിലേക്കു കടന്നുവന്നതോടെയാണിത്. ഇങ്ങനെ ലയിക്കാതെ കിടക്കുന്ന സംസ്കൃതത്തെ നൂറ്റാണ്ടുകളെടുത്ത് കക്കിക്കളയുന്ന ഒരു പ്രക്രിയ മലയാളത്തിൽ നടന്നു വരുന്നു. കക്കുക എന്ന ക്രിയാപദത്തിന് മോഷ്ടിക്കുക എന്നതിനു പുറമേ ഛർദ്ദിക്കുക എന്നൊരു അർത്ഥം കൂടിയുണ്ട്.

ഭാഷയുടെ എല്ലാ തലത്തിലും നടക്കുന്ന കക്കിക്കളഞ്ഞ് തെളിയുന്ന ഈ പ്രക്രിയ സ്വാഭാവികമായും മലയാളത്തിന്റെ കാവ്യഭാഷയിലും കാണാം. കാവ്യഭാഷയും സംസാര ഭാഷയും തമ്മിലെ അകലം കുറയലാണ് അതിന്റെ ഒരു ഫലം. മലയാളം അതിന്റെ ദ്രാവിഡപ്രകൃതത്തിലേക്കു കൂടുതൽ അടുത്തു വരുന്നതാണ് മറ്റൊരു ഫലം. ഈ കക്കിക്കളയലിന്റെ മൂന്നാമത്തെ ഫലം പദസമ്പത്ത് കുറയലാണ്. എന്നാൽ അന്യ ഗോത്രഭാഷയിൽ നിന്നു കയറിക്കൂടി ലയിക്കാതെ കിടക്കുന്ന വാക്കുകളാണ് കൊഴിഞ്ഞു പോകുന്നത്. ഉദാഹരണത്തിന് വേനൽ എന്ന അർത്ഥത്തിൽ നിദാഘം എന്ന വാക്ക് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെപ്പോലും കവികൾ പ്രയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ന് ആ വാക്ക് ഒരു കവിതയിൽ സ്വാഭാവികമായി പ്രയോഗിക്കപ്പെടാൻ സാധ്യത വളരെ കുറവാണ്. സംസാരഭാഷയുടെ ഭാഗമായിത്തീരാതെ, ലയിക്കാതെ കിടക്കുന്ന അത്തരം വാക്കുകളുടെ പുറന്തള്ളൽ ഒരു നഷ്ടമായിക്കണക്കാക്കുന്നതിൽ അർത്ഥമില്ല. സാഹിത്യ മണ്ഡലത്തിലേക്ക് പുതുതായി കടന്നുവന്ന ജീവിത പാരമ്പര്യങ്ങളിൽ നിന്നും ദേശ്യഭേദങ്ങളിൽ നിന്നും വാമൊഴിവഴക്കങ്ങളിൽ നിന്നും ഒട്ടേറെ വാക്കുകൾ കാവ്യഭാഷയുടെ ഭാഗമാവുന്നതും കാണാതിരുന്നു കൂടാ. ഒരു ഭാഗത്തു നടക്കുന്ന കക്കിക്കളയലിനെ തുലനം ചെയ്യാൻ ഈ സ്വീകരണത്തിനു കഴിയുന്നുണ്ട്.

എഴുപതുകളിലെ ആധുനിക കവിതയും തൊണ്ണൂറുകളിലെ ആധുനികാനന്തര കവിതയും ദളിത് കവിതയും ഭാഷാപരമായ ഈ മാറ്റത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ആദിവാസി ഗോത്രഭാഷാകവിതകളുടെ വരവോടെ ദ്രാവിഡ പ്രകൃതത്തിലേക്കുള്ള ഈ ചായ്വിന്റെ വേഗത മലയാളത്തിൽ കൂടുതൽ പ്രത്യക്ഷമായിരിക്കുന്നു.

നിത്യജീവിതത്തിൽ പ്രയോഗമില്ലാത്ത സംസ്കൃത പദങ്ങൾ ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, ഈ കക്കിക്കളയൽ. കാവ്യരൂപങ്ങളിലും ഭാവുകത്വത്തിലുമുണ്ടായിട്ടുള്ള കടന്നുകയറ്റങ്ങളെയും കുടഞ്ഞെറിയാനുള്ള പ്രവണത ഇതിന്റെ ഭാഗമാണ്. സംഘകാലം തൊട്ടുള്ള ദ്രാവിഡ കാവ്യപാരമ്പര്യത്തെ മുഖ്യധാരക്കു പുറത്തേക്കു തള്ളി മാറ്റിക്കൊണ്ടാണ് സംസ്കൃത കാവ്യശാസ്ത്രം കേരളത്തിൽ വേരു പിടിച്ചത്. അതിൽ ചിലത് മലയാള കാവ്യാന്തരീക്ഷത്തോട് ലയിച്ചു നിന്നെങ്കിലും പലതും ലയിക്കാതെ ബാക്കിയായി. ചമ്പു, സന്ദേശകാവ്യം തുടങ്ങിയ കാവ്യരൂപങ്ങൾ പതുക്കെപ്പതുക്കെ പിൻവാങ്ങി. സംസ്കൃതവൃത്തങ്ങളിൽ ചിലത് മാത്രാവൃത്തസ്വഭാവത്തിലേക്കു മാറിയും മാറാതെയും മലയാളത്തോടിണങ്ങി നിലനിന്നെങ്കിലും പലതും പ്രചാരലുപ്തമായി. സംസ്കൃത കാവ്യശാസ്ത്രത്തിന്റെ സ്വാധീനമുള്ള മണിപ്രവാളഭാവുകത്വത്തിന്റെ പല ഘടകങ്ങൾ കൃഷ്ണഗാഥാകാരൻ തൊട്ട് വെൺമണിയും വള്ളത്തോളും ചങ്ങമ്പുഴയും കുഞ്ഞിരാമൻ നായരും വരെയുള്ള കവികളിലൂടെ ലയിക്കാവുന്നേടത്തോളം ലയിച്ചു ചേരുകയും ലയിക്കാത്തതെല്ലാം പുറന്തള്ളുകയും ചെയ്തിരിക്കുന്നു. ഭാവുകത്വപരമായ ഈ പുറന്തള്ളൽ പല പ്രകാരത്തിൽ ഇപ്പോഴും തുടരുന്ന പ്രക്രിയയുമാണ്. ഇങ്ങനെ പല അടരുകളുള്ളതാണ് കക്കിത്തെളിയലിന്റെ കാവ്യശാസ്ത്രം.

നൂറ്റാണ്ടുകൾ നീണ്ടു നിന്ന സംസ്കൃതത്തിന്റെ മേൽക്കൈ അതിശക്തമായിരുന്നതിനാലാണ് ലയിക്കാത്തത് കക്കിക്കളയുന്ന പ്രക്രിയക്ക് ഇത്രയും നീണ്ട കാലയളവ് എടുത്തത്. കേരളക്കരയിൽ പല കാലങ്ങളിലെത്തിയ അറബി, സുറിയാനി, പേർഷ്യൻ, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് തുടങ്ങിയ അന്യഗോത്രഭാഷകളൊന്നും അതേ ശക്തിയിൽ മലയാളത്തിൽ ഇടപെട്ടിട്ടില്ല. കഴിഞ്ഞ നാലഞ്ചു നൂറ്റാണ്ടുകളായി ഇംഗ്ലീഷിന്റെ ഇടപെടൽ നടക്കുന്നുണ്ടെങ്കിലും അതും സംസ്കൃതത്തിന്റേതിനോളം ശക്തമായിട്ടില്ല. ഇംഗ്ലീഷ് സ്വാധീനത്തിന്റെ തീവ്രത ഭാവിയിൽ വർദ്ധിച്ചു പരമാവധിയിലെത്തുകയാണെങ്കിൽ (സമകാല മലയാള കാവ്യഭാഷയിൽ ഇംഗ്ലീഷ് പദങ്ങൾ വളരെ കൂടുതലാണെന്ന് മലയാളവുമായി പരിചയമുള്ള പല തമിഴ് എഴുത്തുകാരും നിരീക്ഷിക്കുന്നതു കേട്ടിട്ടുണ്ട്) ആ സ്വാധീനത്തിന്റെയും ലയിക്കാതെ കിടക്കുന്ന അംശങ്ങളെ മലയാളം ഇതേ പോലെ സമയമെടുത്ത് പുറന്തള്ളുമെന്നു തന്നെ വിചാരിക്കണം. അന്യഭാഷകളും അന്യഭാഷാ കാവ്യശാസ്ത്രങ്ങളും ലയിപ്പിച്ചെടുക്കുന്നതു പോലെത്തന്നെ പ്രധാനമാണ് ലയിക്കാതെ കിടക്കുന്നവ ഒഴിവാക്കിക്കളയുന്നതും. ഭാഷയുടെയും സാഹിത്യത്തിന്റെയും ചലനാത്മകതയുടെ ഒരു സൂചകമാണതും.

No comments:

Post a Comment