ആൾക്കൂട്ടത്തിൽ വീണ്ടും
രണ്ടു പ്രളയങ്ങൾക്കും
കോവിഡിനും ശേഷം
ആദ്യമായ് തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിലൂടെ
ആഘോഷമോടെ നടക്കുന്നു
രണ്ടു പെണ്ണുങ്ങൾ.
ആൾക്കൂട്ടത്തിന്റെ ശാന്തത
ബാന്റുമേളമായ് കേട്ടു രസിച്ച്.
പഴയപോലെത്തന്നെ ആൺകൂട്ടമാക്കി
റോട്ടുവക്കത്തെ മട്ടുപ്പാവുകളിൽ
നിരന്നു നിന്ന് കാഴ്ച്ച കാണുന്ന
പെണ്ണുങ്ങളെ നോക്കി
ഇറങ്ങി വരൂ, ഇതു വേറെയാൾക്കൂട്ടമെ -
ന്നുറക്കെപ്പാടുന്നൂ കൈകൾ വീശി
മട്ടുപ്പാവിന് ബോധ്യപ്പെടുമോ
ഇതു വേറെയാൾക്കൂട്ടമെന്ന്?
സ്വയം വിലയിച്ചു നിൽക്കുന്ന
ആൾക്കൂട്ടശ്ശാന്തതയെ
കൈപ്പന്തുപോലെയമ്മാനമാടി
നിറഞ്ഞ തെരുവിലവർ
ചുവടു വയ്ക്കുന്നു മെല്ലെ
No comments:
Post a Comment