കവിതകൾ
- ലാവണ്യാ സുന്ദരരാജൻ
1. സാരിക്കുള്ളിലേക്കു കടക്കൽ
ഇന്നലെ വരെ ചുരിദാറണിഞ്ഞ പെൺകുട്ടി
ഇന്നു സാരിയുടുത്തു.
അമ്മ കുത്തിക്കൊടുത്ത
ആയിരം സൂചിപ്പിന്നുകളിൽ
അവൾക്കു വിശ്വാസമില്ല.
കുനിയുമ്പോൾ കിഴിഞ്ഞു വിഴുമോ എന്നു
പേടിച്ചുകൊണ്ടവൾ കുനിഞ്ഞു.
മുന്താണി തോളിൽ
ഭദ്രമായിക്കിടക്കുന്നതറിഞ്ഞു
പുഞ്ചിരിച്ചു.
എപ്പോഴുമില്ലാത്ത വിധം
കാലുകൾക്കിടയിലൂടെ
കാറ്റ് ഉടൽ തുളക്കേ
കൈവീശി വിരട്ടി
വ്യത്യാസപ്പെട്ട് അവൾ നടക്കുന്നു.
കയറു കൊണ്ടു കെട്ടപ്പെട്ട മട്ടിൽ
നിലത്തിൻ നനവു മുഴുവൻ
വലിച്ചെടുക്കുമോ എന്ന ഭയത്താൽ
ഇരു കൈകളാലും ഉയർത്തിപ്പിടിച്ച്
അസൗകര്യപൂർവ്വം അവൾ നടക്കുന്നു.
തിരശ്ശീലയെ കാറ്റ് ഇളക്കുന്നതറിഞ്ഞ്
ഇടക്കിടക്കവൾ സാരിത്തുമ്പ്
വലിച്ചു ശരിയാക്കി.
പെൺകുട്ടി പെണ്ണിനുള്ളിലേക്കു കടക്കും പോലെ
എളുപ്പമല്ല
സാരിക്കുള്ളിലേക്കു കടക്കൽ
2. സ്വർഗ്ഗവാതിൽ
പതിവില്ലാത്ത അലങ്കാരത്തോടെ
പ്രവേശന കവാടത്തിൽ
സ്വർണ്ണ വർണ്ണ ആനപ്രതിമകൾ
ചെന്തെങ്ങിളനീർക്കുലകളടുക്കിക്കെട്ടിയ തോരണം
പട്ടു വിതാനം മറയ്ക്കുന്ന അലങ്കാരപ്പന്തൽ
അതിൽ തൂങ്ങും പച്ചപ്പുല്ലുകൾ വർണ്ണപ്പൂക്കൾ
ഒഴുകും നറുമണം
നൃത്തമാടും മദ്ദളനാദം.
പനിനീർപ്പൂവിതളുകളാൽ പൂർണ്ണമായും മറഞ്ഞിരുന്നു
ടോങ്കർഗിരി വെങ്കടരമണൻ
ഇളംചുവപ്പു മൃദു ഇതളുകൾ നിറഞ്ഞ
കോടിക്കണക്കിനു കൊട്ടകൾ.
വേറേതോ ഒരിടമോ ഇത്?
ഇന്നലെവരെ അകത്തുകടന്ന വാതിൽ
ഇതല്ലയോ?
എല്ലാം ശരി,
സ്വർഗ്ഗത്തെത്താൻ മതിയാകുമോ
ഈ അലങ്കാരവാതിൽ?
3. കറക്കം
പൊങ്ങിക്കിടക്കേണ്ടതില്ലിനി മേഘം
വെളിച്ചപ്പെടേണ്ടതില്ലിനി മിന്നൽ
ശബ്ദമുയർത്തേണ്ടതില്ലിനി ഇടി
ചൊരിയേണ്ടതില്ലിനി മഴ
നനയേണ്ടതില്ലിനി നിലം
വീശേണ്ടതില്ലിനി കാറ്റ്
ഉതിരേണ്ടതില്ലിനി ഇല
പുകയേണ്ടതില്ലിനിത്തീയ്
കറങ്ങേണ്ടതില്ലിനി
ഭൂമി
ഉരുകേണ്ടതില്ലിനി
എന്റെ മെഴുക്.
4. അവൾ നോക്കുന്നു
നീ പക്ഷി
പൂവ് ഞാൻ
ഞാനെപ്പോഴും കൊമ്പിലിരിക്കുന്നു.
എപ്പോഴെങ്കിലും കൊമ്പിൽ പറന്നു വന്നിരിക്കുന്നു നീ
ഓരോ തവണ എന്റെയടുത്തു വന്നിരിക്കുമ്പോഴും
വേറെ കൊമ്പിലേക്കു ചാടുമ്പോഴും
ആടുന്നു ഞാനെന്നു നീ കരുതുന്നു
വന്നിരിക്കുമ്പോൾ ഉലഞ്ഞാടുന്നു ഞാനെന്നും
വിട്ടകലുമ്പോൾ നിസ്സഹായമായാടുന്നു ഞാനെന്നും
അടുത്ത കൊമ്പിനോടു നീ പറയുന്നു
ദീർഘമായ് ചിരിക്കുന്നു ഞാൻ
അവൾ നോക്കുന്നു.
5. തീവണ്ടി
ആ തീവണ്ടി
ഇന്നീ റെയിൽവേസ്റ്റേഷൻ കടന്നുപോയി.
ചരക്കു ബോഗികൾ തുരുമ്പിച്ചിരുന്നു.
ഇറുക്കിയടച്ച കതകുകളുടെ
കരച്ചിൽ ശബ്ദമോ,
ശ്രദ്ധിക്കാൻ വഴിയൊന്നുമില്ല.
ഏറെ ദൂരം യാത്ര ചെയ്തു വന്ന ക്ഷീണത്തിൽ
നീട്ടിക്കൂവി വന്ന്
കിതച്ചു നിന്നു.
എനിക്കു പോകേണ്ട വഴിയേത്തന്നെയാണീ
നീളൻ വണ്ടിക്കും പോകേണ്ടത്.
യാത്രച്ചീട്ട് കയ്യിൽ ഭാരമാകുമാറ്
നിന്നു തളർന്നു പോയ്
ഏറെ നേരമായ് ഞാൻ കാത്തിരിക്കുന്നു.
കൺമുന്നിൽ പുറപ്പെടാനൊരുങ്ങുമീ വണ്ടിക്ക്
എന്നെ കയറ്റിപ്പോകാൻ
കരുണ തെല്ലുമില്ല.
കയറ്റിപ്പോകാൻ വിസമ്മതിച്ചാലും
ഞാൻ മയങ്ങി നിൽക്കുന്നു
എന്നെങ്കിലും അതെന്നെ
വിളിച്ചുകൊണ്ടുപോകുമെന്ന മണ്ടൻ ചിന്തയിൽ
6. പുണ്യതീർത്ഥം
പലർ കുളിക്കും
ഐഹോൾ പുണ്യക്കുളം
സ്ഥടിക ശുദ്ധിയിൽ തണുന്നനെപ്പൊങ്ങുന്ന വെള്ളം
കുളത്തിനുള്ളിൽ തപസ്സിരിക്കുന്ന യോഗലിംഗൻ
അത്രയും അഴുക്കും കച്ചറയും
താങ്ങുന്നവൻ യോഗലിംഗൻ
ഞാനും പുണ്യക്കുളം തന്നെ
എന്നുള്ളിലെപ്പോഴുമുള്ളവർ
ആദിലിംഗനും
ആകാശവർണ്ണനും.
എന്നുള്ളിലെത്രയേറെപ്പേർ
വെറുപ്പു ചേർത്താലും
ഹൃദയത്തേൻ സ്ഥടികശുദ്ധിയിൽ പൊങ്ങും
എത്ര ചേറ് വാരി വിതറിയാലും
തെളിഞ്ഞ തീയായ് തിളങ്ങുമെൻ മുഖം.
7. സൈഡ് മിറർ
ആ സൈഡ് മിറർ
പെട്രോൾ പമ്പിൽ നിന്നപ്പോൾ
പലവർണ്ണപ്പൂക്കളെ പ്രേമപൂർവം കാട്ടിത്തന്നു
വളഞ്ഞ മലമ്പാതയിൽ
ചാടിച്ചാടിച്ചന്തത്തിലോടിവരും
ആട്ടിൻകുട്ടിയെക്കാട്ടിത്തന്നു.
വഴിയോരത്ത് ഡ്രൈവർ
മൂത്രമൊഴിക്കാൻ നിറുത്തിയപ്പോൾ
മുള്ളുമുളങ്കാട് ഭയങ്കരമായ് കാട്ടിത്തന്നു.
പിന്നിലേക്കു നീങ്ങുന്ന കാളവണ്ടികൾ
പുല്ലു ചുമന്നു പോകുന്ന പെണ്ണുങ്ങൾ
മയിൽ പാമ്പ്
ലോറി ഇടിച്ചിട്ട ജഡം
എല്ലാം കാട്ടുന്നു.
എനിക്കും വേണമൊരു സൈഡ് മിറർ
ആദ്യം പനിനീർപ്പൂക്കൾ മാത്രമായും
പിന്നെ മുള്ളുകൾ ക്രൂരമായും
കാട്ടുന്ന പ്രിയതോഴനെ
അവനറിയാതെതന്നെയറിഞ്ഞു കൊള്ളുവാൻ.