Thursday, March 31, 2022

ജ്ഞാനക്കൂത്തൻ കവിതകൾ 2

 ജ്ഞാനക്കൂത്തൻ കവിതകൾ 2


68. ഡാനിഷ് കോട്ട


എനിക്കപ്പോൾ വയസ്സു പന്ത്രണ്ട്


പള്ളിക്കൂടത്തിൽ പറഞ്ഞു,

കുട്ടികളെല്ലാരെയും കടലുകാണിക്കാൻ

ഒരു ദിവസം കൊണ്ടുപോകുന്നെന്ന്.


കടൽക്കരയിൽ കോട്ടയുണ്ടത്രെ.

കോട്ട ഡാനിഷ് സായിപ്പന്മാർ

കെട്ടിയതാണത്രേ

കോട്ടയിൽ അറകൾ പലതുണ്ടത്രെ

അക്കാലത്തവർ കോട്ടക്കുള്ളിലേക്ക്

നമ്മുടെ നാട്ടുകാരാരേയും കടത്തിവിട്ടിരുന്നില്ലത്രെ

കോട്ടയിലെ അറയിലിരുന്ന്

അവർ കടൽ നോക്കി രസിച്ചു.

വേറെ വിധത്തിൽ വായിക്കുമത്രെ

അവർ വാദ്യം.

സിംഹങ്ങൾക്കു മേൽ പണിതവയാണത്രെ

അവരുടെ കസേരകൾ

അറകളിൽ മേശകൾ.

കഴുകിയുണങ്ങാനിട്ട നീളൻ തുണി

മേശമേൽ പരത്തി വിരിച്ചിട്ടുണ്ടത്രെ.

അതിന്മേൽ തളികകൾ വച്ച്

ഭക്ഷണം വിളമ്പി

കടലും കരയും നോക്കി രസിച്ചു കൊണ്ട്

ഭക്ഷണം കഴിക്കുമത്രേ

ഡാനിഷ് സായിപ്പന്മാർ.


അന്നു ഞാൻ കടലു കാണുമ്പോൾ

മണി പത്ത്.


വെള്ളത്തിനടുത്തു പോകരുതെന്ന്

അദ്ധ്യാപകർ വിളിച്ചു പറഞ്ഞു.

കുളത്തിലെ വെള്ളത്തേക്കാളും

കുളിർമ്മയുള്ള കടൽവെള്ളം

എന്റെ കാലു തൊട്ടു.

കാൽ വലിച്ചു കൊണ്ടു ഞാൻ തിരിഞ്ഞു നോക്കി.


ദൂരെ മണലിൽ പൂണ്ട കാൽ വലിച്ചെടുത്ത്

സമപ്രായക്കാരായ പെൺകുട്ടികളോടൊപ്പം

നീ വന്നുകൊണ്ടിരുന്നു.

നിനക്കു പിന്നിൽ കാവിനിറക്കോട്ട.

നിനക്കു മുന്നിൽ കടലിൻ വെൺമണൽ

കളിയായ് മണലിൽ നടക്കുന്നൂ നീ.


നാട്ടിൽ മടങ്ങിയെത്തിയപ്പോൾ അന്നു രാത്രി

ചേച്ചി ചോദിച്ചു, കടലിനെപ്പറ്റി.

ഡാനിഷ് സായിപ്പന്മാർ ഭക്ഷണം കഴിക്കുന്നതിന്റെ ഭംഗി

വർണ്ണിക്കാൻ തുടങ്ങി ഞാൻ.

മണലിൽ പൂണ്ട കാലെടുക്കും നിന്നെ

മനസ്സിലോർമ്മിച്ചു കണ്ടുകൊണ്ട്.



69. വർണ്ണം


ചന്ദ്രന്റെ മുഖത്തൊരല്പം

സൂര്യൻ കലർന്നപോലെ

കവിള് , തിളങ്ങും തങ്കം.

മിനുങ്ങും മുടി,

ചോദിച്ചാൽ മുപ്പതു കാണില്ല പ്രായം

പുസ്തകക്കടയിൽ

ഇംഗ്ലീഷ് ബുക്കേതോ തെരയുന്നു

ചുമലിലൊരു കുഞ്ഞു പൈതൽ.


സൗന്ദര്യത്തിലിവരെപ്പോലെ -

യാരുണ്ടു മണ്ണിലെന്നു

വിചാരിക്കേ, യേന്തി വരും

ആക്കുഞ്ഞിന്നഴകു കൂടി.


മിഴികളിൽ രൂപം കൊള്ളാ -

ച്ചോദ്യങ്ങൾ തൻ കൂട്ടം, കുഞ്ഞിൻ

മുഖത്തു ഭയം കനക്കുന്നു


പെട്ടെന്നു കുഞ്ഞെന്തിനോ

കാറിക്കരഞ്ഞപ്പോഴാ

കടക്കുള്ളിലിരുന്നോരെല്ലാം

നടുങ്ങിപ്പോയ്,

ആരെക്കണ്ടു

കരയുന്നൂ കുഞ്ഞെന്നറിയാൻ

അങ്ങോട്ടു തിരിഞ്ഞു നോക്കേ

പുസ്തകം തെരഞ്ഞവിടെ

നിൽക്കുന്നുണ്ടാഫ്രിക്കക്കാർ,

കറുപ്പന്മാർ.

അവിടുന്നു ഞാനും മെല്ലെ

സ്ഥലം വിട്ടു, എന്റെ നാട്ടിൽ

എന്നെക്കണ്ട് ഒരു വിദേശിക്കുട്ടി

കരയാതിരിക്കാൻ.



70


മറ്റുള്ളവരെ കുറ്റം പറയാതെ.

മറുപടിയായ് അവർ നിന്നെപ്പറ്റി

നുണകൾ തന്നെ പറയും



71. ഉപായം


വെട്ടാം പിതുങ്ങാം വാഴപ്പഴം

ഉരിക്കാം ഉടക്കാം നാളികേരം

നുള്ളാം പൂവ്, കശക്കാം ഇതളുകൾ.

ഓരോന്നിലും തന്നെ തെളിഞ്ഞിരിപ്പുണ്ട്

ഓരോന്നുമെങ്ങനെ ഇല്ലാതാക്കാമെന്നത് ;

ഓരോന്നുമതറിയാത്തപ്പോഴും.

അറിയുന്നു നീയേ എങ്ങനെ എന്നെ

ഇല്ലാതാക്കാമെന്ന്.




72. ഉപ്പുപാട്ട്


നിറവേറ്റപ്പെടുമെന്നുറപ്പില്ലാത്ത

അപേക്ഷയെ

സമുദ്രം പാടുന്നു.


വെയിലിൽ കിടക്കുന്ന

ഉപ്പു കൂമ്പാരങ്ങൾ

ആ പാട്ടിനെ കളിയാക്കി -

യനുകരിക്കുന്നു.


ഉത്സാഹത്തോടെ

സമുദ്രത്തെത്തഴുകുന്ന

നദിക്കറിയില്ല ആ പാട്ട്.


ഗ്രാമാതിർത്തി കടക്കുമ്പൊഴേക്കും

ശക്തിയറ്റു തേയുന്നു

സമുദ്രത്തിന്റെ പാട്ട്.


ഒരു നാളെങ്കിലും നിൽക്കില്ലേ

ഈ പാട്ടെന്നു വിഷണ്ണമാവുന്നു

സന്ധ്യക്കുദിക്കുന്ന വെണ്ണിലാവ്.


കലങ്ങിമറിയൽ ഒന്നു നിലക്കുമ്പോൾ

കടലാസു വിട്ടുയരുന്ന

ശബ്ദംപോലെക്കേൾക്കുന്നു

സമുദ്രത്തിന്റെ പാട്ട്.




73. അറിയാത്ത ദു:ഖം.


മുതുകിൽ തൂങ്ങും യാത്രാബാഗുമായവൻ

പാരീസ് നഗരത്തിലെ ബസ്സിൽ കയറി.


തുടച്ചു തുടച്ചു നീർക്കറയില്ലാതായ

കണ്ണാടിജ്ജനലിലൂടെ

നീങ്ങുന്ന ബസ്സിലിരുന്നവൻ തെരുവു നോക്കുന്നു.


അവിടൊരാൾ നിൽക്കുന്നു.

തെരുവു മുറിച്ചു കടക്കാൻ നാലുപാടും നോക്കുന്ന

നോട്ടത്തിലയാൾ അവനെക്കാണുന്നു.

അവനും കാണുന്നു.

ഇടക്കൊരു നിമിഷം ഒരു സംശയം

ആരാണയാൾ! ആരുടെ മുഖം!

ചെങ്കിസ് ഖാൻ!

പാരീസ് നഗരത്തെരുവ്

ഇരുപതാം നൂറ്റാണ്ടിൽ മുറിച്ചു കടക്കുന്ന

ചെങ്കിസ്ഖാൻ!


സൂപ്പർ മാർക്കറ്റിൽ തന്റെ കാലിനു ചേർന്ന

ചെരിപ്പന്വേഷിച്ചെത്തിയ അവളുടെ

മുന്നിൽ കടയിലെ ജോലിക്കാരൻ വന്ന്

ഒരു ജോടിച്ചെരിപ്പു കാണിച്ച്

അവളുടെ കാലിനിണങ്ങുമെന്നു പറഞ്ഞു

പുഞ്ചിരിച്ചു.


ഇരുന്നു കാലു നീട്ടി വക്കാൻ പറഞ്ഞു

അവളോട്.

വസ്ത്രം സ്വല്‌പം മേലോട്ടു വലിച്ചതും

അവളുടെ കാലുകൾ കാണായി.

ആരാണിവൾ?


ലണ്ടൻകാരി ?

അതെ,

അല്ല , അല്ല.

ബെർലിൻകാരി ?

ആവാം,

അല്ല, അല്ല.

റങ്കൂൺ, ഡൽഹി, ചെന്നൈ ?


ആർക്കുമാരേയുമറിയാത്ത ദേശത്ത്

ഒരാൾ ഒരാളെയറിഞ്ഞതു പോലൊ -

രറിയാത്ത ദു:ഖം.

അവളുടെ കാലുകൾ?

വെള്ളത്തിലിറങ്ങി നിൽക്കേ,

ചിത്രകാരൻ റംബ്രാന്റിനായ് വെളിപ്പെട്ട കാലുകളോ?

അറിഞ്ഞതു പോലൊരറിയാത്ത ദു:ഖം




74. കുന്നുകൾ


അടുത്തടുത്തു നിൽക്കാൻ

മനസ്സില്ലാത്തവരെപ്പോലെ

ദൂരെ മാറി നിൽക്കുന്നു

ചില കുന്നുകൾ.



75. നീലമേഘം


നീലമേഘം, ഞാൻ വിളിച്ചു.

വീട്ടിൽ നിന്നു മറുപടിയില്ല.

നിന്നേടത്തു നിന്നു നോക്കിയാൽ കാണാവുന്ന പിൻമുറ്റത്ത്

ഒരു പെണ്ണ് മണ്ണു കോരിയിടുന്നതു കാൺകെ

മനസ്സിൽ എന്തൊരുത്സാഹം!


നീലമേഘം, ഞാൻ വിളിച്ചു.

മറുപടിയില്ല.

ചോക്കു കഷണം കൊണ്ടെഴുതിയ

അക്കമുള്ള കതകിന്റെ

പിത്തളപ്പിടി വലിച്ചു നോക്കി,

വാലു മുറിച്ചിട്ടുകൊണ്ടൊരു

വെള്ളപ്പല്ലി ഓടി.


നീലമേഘം, നീലമേഘം,

ഞാൻ വിളിച്ചു.

വീട്ടിലേക്കു വരുന്ന

അടിവയർ തൂങ്ങിയ പട്ടി

കുരക്കാതെയെന്നെ നോക്കി

പിന്നാമ്പുറത്തേക്കു പോയി.


കാളി കോവിലിലെ പൂജാരി

അവിടേക്കു വന്നു.

"എന്താ കുട്ടീ? നീലമേഘമാ?

എവിടെപ്പോയ് ആവോ"

എനിക്കു പ്രസാദഭസ്മം തന്ന്

കൊട്ട തലയിലേറ്റിക്കൊണ്ട്

"അഗ്രഹാരത്തിൽ നോക്ക്"

എന്നു പറഞ്ഞു.


നീലമേഘത്തെ അന്വേഷിച്ചു പോയ 

ആ ദിവസം

ഇന്നും ഓർമ്മയിലുണ്ട്.

എന്നാൽ പല്ലിയും പട്ടിയും

പാവമൊരു പൂജാരിയും

അതിലേ എങ്ങനെ വന്നെന്ന്

ഒരു പിടിയുമില്ല.









Tuesday, March 22, 2022

മോക്ഷമന്ത്രം

 

മോക്ഷമന്ത്രം



എൺപതു കഴിഞ്ഞ എന്റെ അമ്മയെ

ഇടക്കിടെ സന്ദർശിച്ച്

അടിയൻ അടിയൻ 

എന്നു പറഞ്ഞുകൊണ്ടിരുന്ന

ഒരു സ്ത്രീയുണ്ടായിരുന്നു.


അതു കേൾക്കുന്നത്

അമ്മക്കും വളരെയിഷ്ടം.


അടിയൻ എന്നു പറയാനായി മാത്രം

അവർ ഇടക്കിടെ വന്നുകൊണ്ടിരുന്നു.


അടിയൻ എന്നു കേൾക്കാനായി മാത്രം

അമ്മ അവരെ ഇടക്കിടെ 

അന്വേഷിച്ചുമിരുന്നു.


ദൈവനാമം പോലെ

യാന്ത്രികമായിരുന്നില്ല

ഈ ജപവും കേൾവിയും.

രണ്ടു ശരീരങ്ങളിലും തുടിച്ചു നിന്നു

അതിന്റെ ആത്മീയത.


ആ വാക്ക് പറഞ്ഞും കേട്ടും

ജീവിക്കാൻ വേണ്ട ഇന്ധനം

നിറച്ചു കൊണ്ടിരുന്നു

രണ്ടു പേരും.


എന്നിട്ടും

ഒടുവിൽ അമ്മ കിടപ്പിലായി.

ആ സ്ത്രീയേയും കാണാറില്ല.


ഗതി കിട്ടാതെ

കിടന്നു പുകഞ്ഞു

കിടക്കയ്ക്കു ചുറ്റുമാ വാക്ക്.


മരണ സമയത്ത്

അരികിലിരുന്നു ഞാൻ

മെല്ലെ ജപിച്ചു:

അടിയൻ, അടിയൻ ...




Saturday, March 19, 2022

കവിത മനസ്സിലാവൽ

 

കവിത മനസ്സിലാവൽ

പി.രാമൻ

കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവർ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്രകല എന്നിവക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. വ്യക്തിപരമായി എന്നോടു വളരെ അടുപ്പമുള്ള പലരും എന്റെ കവിത മനസ്സിലാവാതെ സങ്കടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പാട്ടു കേട്ട്, അല്ലെങ്കിൽ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവർ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മൾ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയേയും ഒന്നു പിന്തുടർന്നു നോക്കുന്നത് രസകരമാവും.

ശരീരം നേരിട്ട് കലയായി മാറുന്ന സന്ദർഭങ്ങളിൽ നമുക്കത് എളുപ്പം മനസ്സിലാവുമായിരിക്കാം. നൃത്തം അങ്ങനെയാണല്ലോ. നൃത്തം കണ്ട് മനസ്സിലായില്ല എന്ന് പൊതുവേ ആരും പറയാറില്ല, ഏതു നാട്ടിലെ നൃത്തമായിരുന്നാലും. സംഗീതവുമതെ, ശരീരത്തിന്റെ ഒരു തരം നീട്ടൽ തന്നെ. നമുക്കറിയാത്ത ഭാഷയിലെ സംഗീതവും നാം കേട്ടാസ്വദിക്കാറുണ്ട് , മനസ്സിലായില്ല എന്നു പരാതി പറയാതെ. ശരീരത്തിന്റെ തുടർച്ചയാണ് വാദ്യകല. ചിലപ്പോൾ കൈകളുടെ, അല്ലെങ്കിൽ കൈകളിലൂടെ ചലനത്തിന്റെ തുടർച്ച. ചിലപ്പോൾ വായുടെ, വായിലൂടെ ശ്വാസത്തിന്റെ തുടർച്ച. നൃത്തവും സംഗീതവും പോലെത്തന്നെ വാദ്യകലയും മനസ്സിലായില്ല എന്ന പരാതിക്ക് ഇടവരുത്താറില്ല. അവയുടെ സാങ്കേതികതകൾ അറിയാത്തവർക്കു പോലുമില്ല, മനസ്സിലായില്ലെന്ന പരാതി.

അപ്പോൾ ചിത്രമോ? ചിത്രത്തിൽ വാദ്യത്തിലെന്നപോലെ തന്നെ ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുന്നു. നൃത്തം തൊട്ടു ചിത്രം വരെയുള്ളവയിൽ ശരീരം, ശരീരത്തിൽ നിന്നുണ്ടാകുന്ന ശബ്ദം, ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുമ്പോഴുണ്ടാകുന്ന ശബ്ദം, ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുമ്പോഴുണ്ടാകുന്ന രൂപം എന്നൊരു ക്രമം കാണാം. ശരീരം ശബ്ദരൂപിയായ ഭാഷയിലേക്കു പടർന്നുള്ള ആവിഷ്കാരമാണ് കാവ്യകലയുടേത്. ശരീരത്തിൽ നിന്ന് ഇങ്ങനെ അകലുംതോറും അർത്ഥം കൂടുതൽ കൂടുതൽ പ്രധാനമാകുന്നതു കാണാം. ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുന്നതാണ് വാദ്യവും ചിത്രവും എങ്കിലും രണ്ടും തമ്മിൽ ഒരു വ്യത്യാസമുണ്ട്. പ്രതലത്തിൽ നിന്നുള്ള ശരീരത്തിന്റെ വിടുതിയോടെ വാദ്യം പൂർത്തിയാകുന്നെങ്കിൽ ചിത്രം അതിന്റെ വാഴ്‌വ് അവിടെ തുടങ്ങുന്നതേയുള്ളൂ. ശരീരം വിടുതി നേടി അകലുന്ന ഈ ഘട്ടം മുതലാണ് അർത്ഥം പ്രബലമാകുന്നത്. ഈ ഘട്ടം തൊട്ടാണ് മനസ്സിലാകൽ മുഖ്യകാര്യമാകുന്നത്. ചിത്രവും ശില്പവും തൊട്ടാണ് മനസ്സിലാകുന്നില്ല എന്ന മുറുമുറുപ്പ് ആസ്വാദകരിലുയരാറ്.

വരയുന്നത് നമുക്ക് മനസ്സിലാവും. എന്നാൽ വരഞ്ഞു കഴിഞ്ഞത് മനസ്സിലാവണമെന്നില്ല. ഗുഹാചിത്രങ്ങളെല്ലാം അവ വരച്ച മനുഷ്യർക്ക് മനസ്സിലായിട്ടുണ്ടാകുമെങ്കിലും ഇന്നത്തെ കാണികൾക്ക് പൂർണ്ണമായും മനസ്സിലാവണമെന്നില്ല. അതിനാൽ നാമവ വ്യാഖ്യാനിക്കുന്നു. പല വ്യാഖ്യാനങ്ങളുണ്ടാകുന്നു. പറയുന്ന ഭാഷയേക്കാൾ ശരീരത്തിൽ നിന്ന് അകലമുണ്ട് എഴുതപ്പെട്ട ഭാഷക്ക്. ആകയാൽ പറയുന്ന ഭാഷ പോലെ മനസ്സിലാവണമെന്നില്ല എഴുതപ്പെട്ട ഭാഷ.

ശരീരവും ശരീരത്തിന്റെ നീട്ടലും പ്രത്യക്ഷാനുഭവമാണ്. അത് അർത്ഥമായും ആശയമായും വ്യാഖ്യാനിക്കേണ്ട കാര്യമില്ല. എന്നാൽ ശരീരത്തിന്റെ നീട്ടലാണെങ്കിൽ തന്നെയും അതു പ്രത്യക്ഷാനുഭവമല്ലാത്ത, എഴുതിക്കഴിഞ്ഞതോ വരച്ചു വച്ചതോ ആയവ വ്യാഖ്യാനിക്കേണ്ടി വന്നേക്കും. അപ്പോൾ അർത്ഥങ്ങളിലും ആശയങ്ങളിലും ഊന്നൽ വേണ്ടി വരും. ആവിഷ്കർത്താവിന്റെ ശരീരത്തിൽ നിന്നുള്ള അകലം കൂടുന്തോറും വ്യാഖ്യാന സാധ്യതകളും വ്യാഖ്യാനസങ്കീർണ്ണതകളും തടസ്സങ്ങളും കൂടും. നാടകത്തിൽ ആവിഷ്കർത്താവ് സംവിധായകനാണ്. സംവിധായകന്റെ ശരീരത്തിന്റെ നീട്ടലല്ല നടശരീരം. ആ അകലം നാടകത്തേയും വ്യാഖ്യാനിക്കത്തക്കത് ആക്കുന്നു. അർത്ഥവും ആശയവും ചികഞ്ഞ് വ്യാഖ്യാനിക്കുന്നിടത്ത് മനസ്സിലാവലും മനസ്സിലാവായ്കയും കടന്നു വരുന്നു.

എന്നാൽ ഇതിനൊരു മറുവശമുണ്ട്. എല്ലാ കലകളും സംഗീതമാവാൻ കൊതിക്കുന്നു എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്. എല്ലാ കലകളും ശരീരത്തിന്റെ സ്വാഭാവികമായ നീട്ടൽ ആകാൻ കൊതിക്കുന്നു എന്നും പറയാം. ആശയങ്ങളുടെയും അർത്ഥങ്ങളുടെയും അകലം മറികടന്നു വേണം ഒരു കവിതക്ക് ആവിഷ്കർത്താവിന്റെ ശരീരത്തിന്റെയും അതുവഴി മനസ്സിന്റെയും സ്വാഭാവികമായ തുടർച്ചയാവാൻ. നല്ല കവിതകൾ അതു സാധിക്കുകയും അർത്ഥവത്ത് എന്നതേക്കാൾ അനുഭവാത്മകമാവുകയും ചെയ്യും. അനുഭവാത്മകമാവുക എന്നാൽ കവിത പുറപ്പെട്ട ശരീരത്തിലേക്ക് കൂടുതൽ അടുക്കുക എന്നതു തന്നെ.

അനുഭവാത്മകമായി, ഉടലിനോടു കൂടുതൽ അടുക്കാൻ വെമ്പുന്ന കവിതകളിലാണ് ഇന്ദ്രിയവേദ്യത പ്രധാനമാകുന്നത്. കാഴ്ച്ചയായി, കേൾവിയായി, ഇന്ദ്രിയാനുഭവമേതുമായി ആ കവിതകൾ ഭാഷപ്പെടുന്നു. ശുദ്ധകവിത എന്നൊരു സങ്കല്പത്തെക്കുറിച്ച് പൊതുവേ നാം പറയാറുണ്ട്. സാമൂഹ്യ ഉൽക്കണ്ഠകളില്ലാത്ത, കേവല സൗന്ദര്യാനുഭൂതിക്കു മാത്രം പ്രാധാന്യമുള്ള കവിതയെക്കുറിക്കാനാണ് ആ വാക്ക് ഉപയോഗിക്കാറ്. എന്നാൽ അങ്ങനെയൊരു കവിത സാദ്ധ്യമല്ല എന്നിരിക്കേ, ആ അർത്ഥത്തിൽ ആ വാക്കിന് പ്രസക്തിയില്ല.മറിച്ച് ഉടലിനെത്തേടുന്ന, ശരീരത്തിന്റെ പരമാവധി നേരിട്ടുള്ള നീട്ടലാവാൻ വെമ്പുന്ന തരം കവിതയാണ് ശുദ്ധകവിത എന്ന് ഞാൻ കരുതുന്നു. ആശയപരമെന്നതിനേക്കാൾ അനുഭവാത്മകമാണ് ശുദ്ധകവിത.

ആവിഷ്കർത്താവിന്റെ  തുടർച്ചയെ ഇടർച്ചയില്ലാതെ കൃത്യമായി വിനിമയം ചെയ്യലാണ് കലയിലെ മനസ്സിലാവൽ. താൻ പറയുന്നതു മറ്റൊരാൾക്ക് മനസ്സിലാവുന്നുണ്ടോ എന്ന ഭയാശങ്കകൾ പല കവികൾക്കുമുണ്ട്. കവിതയിൽ ഭാഷ എന്ന മാധ്യമത്തിലൂടെയാണ് ആ തുടർച്ച നിലനിർത്തേണ്ടത്. അപൂർണ്ണത, അർത്ഥശങ്ക, പിഴ എന്നിവകളാൽ ഭാഷകൊണ്ടുള്ള വിനിമയത്തിന്റെ തുടർച്ച മുറിയുമോ എന്നു ഭയന്നു കുമാരനാശാൻ. തന്റെ ഉള്ളിനെ, അതായത് തന്നെ (മനസ്സും ശരീരവും രണ്ടല്ല) അപരനോടിണക്കാൻ ഭാഷക്കു കഴിയാതെ വരുമോ, മുറിഞ്ഞു പോകുമോ എന്ന ഭയം തന്നെ അത്. പിൽക്കാലത്ത് ടി.ആർ. ശ്രീനിവാസ് എന്ന കവി ഇങ്ങനെ എഴുതിയിട്ടുണ്ട്:

നിങ്ങളിലേക്കു കടക്കാൻ
വാക്കുകൾ മാത്രം പോരല്ലോ
നിങ്ങളിലേക്കുയരാൻ
ഗോവണി മാത്രം പോരല്ലോ
ഞാനും നിങ്ങളുമഭിമുഖമാകാൻ
ജാലകമിതു പോരല്ലോ.
എവിടെയെൻ ക്രിയാപദം?
എവിടെയെൻ ക്രിയാപദം?

ക്രിയാപദം എന്ന വാക്ക് ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. വിനിമയത്തിന് വെറും വാക്കുകൾ പോരാ, ക്രിയാപദം തന്നെ വേണം. ശരീരം ചെയ്യുന്ന ക്രിയകളെത്തന്നെ കുറിക്കണം ആ വാക്കുകൾ. അപ്പോഴേ കവിത മറ്റൊരാളിലേക്കുള്ള തന്റെ നീട്ടലോ തുടർച്ചയോ ആവൂ. കവിത തന്റെ നീട്ടൽ ആകുന്നില്ല എന്ന പരാജയഭീതി ടി.ആർ. ശ്രീനിവാസിന്റെ ഈ കവിതയിലുണ്ട്. സ്വന്തം ചിന്തയേയും വികാരത്തേയും ഉന്മാദത്തേയും ശാരീരികാനുഭവങ്ങളെപ്പോലും കാവ്യഭാഷ കൊണ്ടു നീട്ടി തുടർച്ച വരുത്താൻ ഈ കവി തന്റെ കാവ്യജീവിതത്തിലുടനീളം പരിശ്രമിക്കുകയും പലപ്പോഴും അതിലെ ഇടർച്ചകൾ കാരണമാവണം മനസ്സിലാകുന്നില്ല എന്ന പരാതിക്ക് ഇരയായിത്തീരുകയും ചെയ്തു.

ജൈവികമായ തുടർച്ചയാകലാണ് ആവിഷ്കാരത്തിൽ പ്രധാനം, മനസ്സിലാകലല്ല എന്നു തെളിയിച്ചു പറയുന്നു പോളിഷ് കവി ലിയോപോൾഡ് സ്റ്റഫിന്റെ (1878 - 1957) ഭാഷണം എന്ന പ്രസിദ്ധ കവിത.

രാപ്പാടിയുടെ പാട്ടാസ്വദിക്കാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല.
തവളകളുടെ വായ്ത്താരി
ലഹരി പിടിപ്പിക്കുന്നതറിയാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല.
മനുഷ്യഭാഷ എനിക്കു മനസ്സിലാവുന്നു
അതിന്റെ കാപട്യങ്ങളോടെ, കള്ളങ്ങളോടെ.
എനിക്കതു മനസ്സിലായിരുന്നില്ലെങ്കിൽ
ഞാനൊരു മഹാകവിയായേനെ!

മനസ്സിലാവൽ എന്നത് വിനിമയത്തിന് ഒരു തടസ്സമാണിവിടെ. കാരണം അത് ആവിഷ്കർത്താവിന്റെ കാപട്യങ്ങളേയും കള്ളങ്ങളേയും ഉദ്ദേശിക്കാത്ത തരത്തിൽ തുറന്നു കാണിച്ച് തുടർച്ച മുറിക്കുകയും അകലങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മനസ്സിലാവാതിരുന്നെങ്കിൽ നിങ്ങളുടെ ആവിഷ്കാരം എനിക്കു കൂടുതലായി വിനിമയം ചെയ്യപ്പെടുമായിരുന്നു. അതായത് മനസ്സിലാവലല്ല, ആവിഷ്കർത്താവുമായി കണ്ണി ചേരലാണ് പ്രധാനം.  വായനയിലൂടെ കവിതയെ അതിന്റെ ആവിഷ്കർത്താവായ മനുഷ്യനിൽ അഥവാ മാനുഷ്യകത്തിൽ ചെന്നു കൊളുത്താൻ വായനക്കാർക്കു കഴിയലാണ് പ്രധാനം. ആ ഐക്യപ്പെടലല്ലാതെ മറ്റൊന്നുമല്ല ശരിയായ മനസ്സിലാവൽ.

ഐക്യപ്പെടലിന്റെ ആ പ്രാഥമിക തലത്തിൽ വെച്ചു വേണം അവതരണ കവിതയെ നോക്കിക്കാണാൻ. അടുത്ത കാലത്തായി അവതരണ കവിതാ രംഗത്ത് പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. കവിത വെറുതേ അവതരിപ്പിക്കുന്നത് കവിതാവതരണമേ ആകൂ , അവതരണ കവിതയാകില്ല. ആവിഷ്ക്കർത്താവിന്റെ ശരീരത്തിൽ നിന്ന് കാവ്യാനുഭൂതിക്കായുളള ആദ്യത്തെ മുളപൊട്ടിപ്പടർച്ചയാണ് അവതരണ കവിത. ആ അർത്ഥത്തിൽ ശരീരബദ്ധവും ഭാഷാരൂപിയുമായ കാവ്യകലയുടെ ബീജരൂപം തന്നെ അത്. കവിതാവതരണമല്ല, ശരീരത്തെ തന്നെ കാവ്യാനുഭവത്തിന്റെ മാധ്യമമാക്കലാണ് അവതരണ കവിത. അങ്ങനെ കലയുടെ തന്നെ ഉറവയിലേക്കു മടങ്ങൽ. മലയാളത്തിലും അടുത്ത കാലത്തായി അവതരണ കവിതകൾ അരങ്ങേറിത്തുടങ്ങിയിട്ടുണ്ട്. ഒ.അരുൺ കുമാറിന്റെയും എം.ആർ.വിഷ്ണുപ്രസാദിന്റെയും അവതരണകവിതകൾ ശ്രദ്ധേയങ്ങളാണ്.

അവതരണകവിതയെക്കുറിച്ചല്ല ഈ കുറിപ്പ്. പറഞ്ഞു വന്ന് അവിടെയെത്തി എന്നേയുള്ളൂ. ശരീരത്തിന്റെ ഒരു നീട്ടലാവാനാണ് ഏതു കലയും അഭിലഷിക്കുന്നത് എന്നിടത്താണു തുടങ്ങിയത്. കാവ്യകലയുമതെ, കാവ്യഭാഷയിലൂടെയുള്ള ശരീരത്തിന്റെ നീട്ടൽ ആകുന്നു. ആദിമമായ ആ ഉടലിനെ കാവ്യഭാഷയിലൂടെ തിരിച്ചു പിടിക്കലാണ് കവിതവായന. ഒരു വിശേഷവ്യക്തിയുടേതാണ് ആ ഉടൽ, ആ വ്യക്തിയടങ്ങുന്ന ഉൾപ്പിരിവിന്റെ പ്രതിനിധാനമാണ് ആ ഉടൽ, മുഴുവൻ മാനുഷ്യകത്തിന്റേയും പ്രതിനിധാനവുമാണ്. കവിതയുടെ ആഴത്തിലെ ഉയിരു തുടിക്കുന്ന ആ ഉടലിനോടുള്ള ഐക്യപ്പെടലല്ലാതെ മറ്റൊന്നുമല്ല, കവിത മനസ്സിലാവൽ.

താഴേപ്പരപ്പുകൾ - ലിയു കെക്സിയാങ് (തായ്വാൻ, 1957

 താഴേപ്പരപ്പുകൾ


ലിയു കെക്സിയാങ് (തായ്വാൻ, 1957)



നദിയുടെ താഴേപ്പരപ്പിൻ കരകളിലൂടൊരാൾ നടക്കുന്നു.

അയാൾക്കു പിന്നിലുലയും മുളകൾ

മാത്രമായിരുന്നു ആദ്യം


പടിഞ്ഞിരുന്നയാൾ മറുകര നിരീക്ഷിക്കുന്നു

വട്ടംചുറ്റിക്കറങ്ങുമൊരു പുഴപ്പക്ഷി

താണിറങ്ങിയിരിക്കുന്ന മരങ്ങൾ ശ്രദ്ധിക്കുന്നു.


പിന്നയാൾ ഒരു മണൽത്തിട്ടിൽ പ്രത്യക്ഷപ്പെടുന്നു

അസ്തമയത്തിൽ പറക്കുമൊരു വെള്ളക്കൊറ്റി

താഴേക്കു നോക്കുന്നു.


മരങ്ങൾക്കിടയിലയാളെക്കാണാതാകുമ്പോൾ

വെള്ളക്കൊറ്റി

നദിയുടെ താഴേപ്പരപ്പുകളുടെ തീരങ്ങളെ പിന്തുടരുന്നു.

അസ്തമയ സൂര്യനരികിലൂടെ പറന്നകലുന്നു.


- 1978

Thursday, March 17, 2022

രണ്ടു സ്വാഭാവിക കഥകൾ

 രണ്ടു സ്വാഭാവിക കഥകൾ


1


സ്വാഭാവികമായി ഒഴുകിക്കൊണ്ടിരുന്ന

ഒരു പുഴയെ

അത്ര തന്നെ സ്വാഭാവികമായി

തടഞ്ഞു നിർത്തി, ഒരാൾ.


പെരുകി വന്ന വെള്ളം

സ്വാഭാവികമായും അയാളെ വിഴുങ്ങി.


എന്നിട്ടുമെന്തേ 

മുന്നോട്ടു നീങ്ങാൻ

പുഴ മടിച്ചു നിൽക്കുന്നത്?



2


കണ്ണിൽച്ചോരയില്ലാത്തതു ചെയ്താലുടനെ 

കണ്ണിറുക്കിച്ചിരിച്ചു കാണിക്കുന്ന

ഒരാളുണ്ടായിരുന്നു.

എന്നിട്ടു വീണ്ടും

കണ്ണിൽച്ചോരയില്ലാത്തതു തന്നെ ചെയ്യും.


ഇരയാക്കപ്പെട്ടയാൾ

ദേഷ്യത്തോടും സങ്കടത്തോടും കൂടി

നോക്കുമ്പോൾ

തലയൊന്നുകൂടിച്ചെരിച്ച്

പിന്നെയും കണ്ണിറുക്കിച്ചിരിക്കും.


എന്നാലും എന്നോടിത് ...

എന്നു മുരടനക്കിയാൽ

പിന്നെയും കണ്ണിറുക്കിച്ചിരിക്കും.


കണ്ണിൽച്ചോരയില്ലാത്തതു

പിന്നെയും പിന്നെയും ചെയ്യാനുള്ള

സ്വാഭാവികമായ തയ്യാറെടുപ്പോ

അയാൾക്ക്

ഓരോ കണ്ണിറുക്കിച്ചിരിയും?

Friday, March 11, 2022

നിറ

 നിറ


വിലക്കു വാങ്ങി 

സൂക്ഷിക്കുന്നു.


ഒരു  കൊല്ലത്തിന്

ഒരു ചാക്കു നെല്ല്


നിറ വയ്ക്കാൻ.


കൊല്ലം മുഴുവൻ

പല പല ചടങ്ങിന്.


കൈപ്പിടി നിറയെ

കൊച്ചു കൊച്ചു

മൺകലങ്ങൾ നിറയെ

നാഴി നിറയെ

ഇടങ്ങഴി നിറയെ

പറ നിറയെ.....

നിറ നിറയെ......


Wednesday, March 9, 2022

മുടി നീളുന്നു

 മുടി നീളുന്നു.



കാൻസർ രോഗികൾക്കു കൊടുക്കാൻ

മുടി നീട്ടി വളർത്തിക്കൊണ്ടിരിക്കുന്നു

പയ്യന്മാരെല്ലാം ആഘോഷമായി.


അതു നീളം വയ്ക്കുന്നു മെല്ലെ നിശ്ശബ്ദമായ്


വളരെ നീണ്ടിട്ടും വെട്ടാത്ത പയ്യനോട്

കാൻസർ രോഗികൾക്കു കൊടുക്കാൻ ആയില്ലേ

എന്നു ചോദിച്ചപ്പോൾ പറഞ്ഞു:

''എന്തോ! വെട്ടാൻ തോന്നുന്നില്ല"


വേനൽച്ചിത

 വേനൽച്ചിത


വേനലിനെച്ചുറ്റുന്ന പക്ഷി

മാങ്കൊമ്പുതോളത്തിരിക്കുമൊടുക്കത്തെ 

മാമ്പഴക്കുടത്തിന്മേലൊരു കൊത്ത്,

മാമ്പഴച്ചാറു കിനിഞ്ഞു വീഴുന്നു.


വേനലിനെച്ചുറ്റുന്ന പക്ഷി

പഴനീർക്കുടത്തിന്മേൽ വീണ്ടുമൊരു കൊത്ത്,

നീരൊലിച്ചു വീഴുന്നു.


വീണ്ടും ചുറ്റി വരാൻ പക്ഷി പോയി.

കുടത്തിന്മേൽ കൊത്തിയ 

തുളകളിൽ നിന്നെല്ലാം

ഒഴുകി വീഴുന്നു മണ്ണിൽ


ഒടുക്കത്തെക്കൊത്ത്,

കുടം ചിതയിലേക്ക്,

പിന്തിരിഞ്ഞു നോക്കാതെ

കിളി വാനിലേക്ക്.



ശൂന്യം, അധികം

 ശൂന്യം, അധികം



എന്നിൽ നിന്നു മറയ്ക്കപ്പെട്ട ആ രഹസ്യം

ശരീരഭാഗം വലിയ കഷ്ണമായ് 

അറുത്തു മുറിച്ചു മാറ്റിയേടത്തെ വിടവ്


തലക്കും കാലിനുമിടയിലെ ഉടലിൽ

ഒരു മാന്ത്രികൻ 

വാളെടുത്തു വീശിയുണ്ടാക്കിയ

വലിയ വിടവ്.


പിന്നീടെനിക്കറിയപ്പെട്ട അതേ രഹസ്യമോ,

അമിതമായ് വളരുന്ന ശരീരഭാഗത്തിന്റെ

തുറ്റു തുറ്റായ 

കരിമുളപ്പൊറ്റകൾ.


മറയ്ക്കപ്പെടുകയും

പിന്നീടറിയപ്പെടുകയും ചെയ്ത

ആ രഹസ്യത്തെക്കുറിച്ചുള്ള ഓർമ്മയാകട്ടെ,

ഒരേ സമയം ശൂന്യം, അധികം

Saturday, March 5, 2022

കരുണാ പ്രസ്സ്

 കരുണാ പ്രസ്സ്



പട്ടാമ്പിയിലെ

ഏറ്റവും തിരക്കേറിയ തെരുവേത്?


കരുണാ പ്രസ് എന്നെഴുതിയ

ബോർഡിനു താഴേക്കൂടിക്കയറിയാൽ

എത്തുന്ന തെരുവ്.


പട്ടാമ്പിയിലെ

ഏറ്റവും ഇടുങ്ങിയ തെരുവേത്?


പത്തടി വീതിക്കകത്ത്

ബുക്കുകൾ ഫയലുകൾ

കടലാസുകെട്ടുകൾ

ചാർട്ടുകൾ

മൂന്നാലു കമ്പ്യൂട്ടറുകൾ

നാലു കസേലകൾ

അഞ്ചാറു സ്‌റ്റൂളുകൾ

അപേക്ഷാ ഫോറങ്ങൾ

അവ പൂരിപ്പിക്കാൻ 

ആയിരം പല നിറപ്പേനകൾ

ഇട്ടയക്കാൻ പല വലിപ്പത്തിൽ

കാക്കിക്കവറുകൾ

റോസു കവറുകൾ

പശ കത്രിക പഞ്ച്

ഒക്കെയുമട്ടിയായ്

വെച്ചൊരീത്തെരുവ്.


പട്ടാമ്പിയിലെ

ഏറ്റവും വളഞ്ഞുപുളഞ്ഞ തെരുവേത്?


ആദ്യത്തെ വളവിൽ

ക്യാഷിൽ രാജേട്ടൻ.

പിന്നത്തെ വളവിൽ

നിൽപ്പു ശർമ്മാജി

അപേക്ഷാ ഫോറം

കഴിഞ്ഞുള്ള വളവിൽ

ഉയരത്തിൽ നിന്നുമെന്തോ 

വലിച്ചെടുത്തും കൊണ്ടു

നിൽപ്പൂ സുജാതച്ചേച്ചി.

അതു വഴി കടന്നുപോ-

മവധൂതനെപ്പോലു-

ള്ളൊരുവന്റെ താടിമേൽ

പറ്റി നിൽക്കുന്നൊരു

പാറി വീഴും കടലാസ്.

കവറുകളടുക്കിയ

കമാനം കടന്നാൽ

കിരണിരിക്കുന്ന കസേര

തൊട്ടപ്പുറം

മണിയിരിക്കുന്ന കസേര

അവിടൊരു കൊടുംവളവ്

തെരുവിന്നനന്തമാമറ്റത്തു നിന്ന്

ഫയലുകളെടുത്തു

വരുന്നിന്ദിരേച്ചി.


പട്ടാമ്പിയിലെ

ഏറ്റവും കയറ്റമുള്ള തെരുവേത്?


മണിയിരിക്കുന്ന

കസേര കഴിഞ്ഞുള്ള

കൊടുംവളവിനപ്പുറം

മേലേക്കു കേറുവാൻ

കോണിക്കയറ്റം

അതു കയറിയെത്തുന്ന -

തച്ചടിശാലയിൽ

താഴേക്കിറങ്ങുന്നു

നോട്ടീസു കെട്ടുകൾ

താഴത്തെപ്പടിമേൽ

മേലേക്കൊരു കണ്ണും

ദൂരേക്കു മറു കണ്ണും

പായിച്ചു നിൽപ്പൂ ജയൻ.


പട്ടാമ്പിയിലെ

അവസാനിക്കാത്ത തെരുവേത്?


കരുണാ പ്രസ്സിൻ

തെരുവിലൂടെപ്പോയാൽ

സ്കൂളിലെത്താം.

വില്ലേജാഫീസിലെത്താം.

ഉത്സവ നോട്ടീസിലൂടെ

കൈത്തളിശ്ശിവനിൽ ലയിക്കാം

കേന്ദ്ര നേർച്ചക്കമ്മിറ്റിയാപ്പീസിലേക്ക്

ഈത്തെരുവിൽ നിന്നുമൊരു

തുരങ്കമുണ്ടാവാം

പാലക്കാട്ടു കളക്റ്ററേറ്റിലും

തിരുവനന്തപുരത്തു

സെക്രട്ടറിയേറ്റിലുമെത്താം.

പഴയ കരുണാ പ്രസ്സിൽ,

കോൺഗ്രസ്സു പാർട്ടി -

ച്ചരിത്രത്തിലെത്താം.

പുഴയുടെ തീരത്തു -

മെന്റെ വീട്ടിലുമെത്താം.


പട്ടാമ്പിയിലെ

ഏറ്റവും വേഗതയേറിയ തെരുവേത്?


ഈത്തെരുവിലൂടെ

കുതിക്കുന്നപേക്ഷകൾ

മിന്നൽ പോൽ പാസായ്

വരുന്നുണ്ടു ലോണുകൾ

നോട്ടീസു കാറ്റായ്

പറക്കുന്നു കാലം


പട്ടാമ്പിക്കാർ

നൃത്തമാടുന്ന തെരുവേത്?


ഒരു കവർ നോക്കി -

യെടുത്തു തിരിയുന്നയാൾ

അപേക്ഷാ ഫോറം

വാങ്ങിപ്പോകുന്നയാളെ

തട്ടാതെ ചെരിയുമ്പോൾ

നോട്ടീസു കെട്ട്

ചുമന്നു പോകുന്നയാൾ

നോട്ടീസടിക്കാൻ

കൊടുക്കാൻ വരുന്നാളെക്കണ്ട്

അലമാര ചാരി 

വഴി കൊടുക്കാനായ്

ഞെളിഞ്ഞു നിൽക്കുമ്പോൾ

എപ്പോഴുമീത്തെരുവിൽ

നൃത്തം പിറക്കുന്നു


ഞെളിയുന്ന നിവരുന്ന

ചായുന്ന തിരിയുന്ന

നൂറു മനുഷ്യ -

രൊരേ സമയമാടുന്നു

നൃത്തമീ നീണ്ട തെരുവിൽ

നൃത്തരൂപങ്ങൾ -

ക്കിടയിലൂടൊഴുകുന്നു

കരുതലിൻ കരുണ

ചെറു വിടവായ്

അനങ്ങാപ്പാവകൾ

 അനങ്ങാപ്പാവകൾ



ഏടത്തിക്കാവിലെ 

വേല കഴിഞ്ഞ്

അനിയത്തിക്കാവിലെ 

വേലയും കഴിഞ്ഞ്

കൂത്തുമാടത്തിൽ 

തോൽപ്പാവക്കൂത്ത്.

നാല്പത്തൊന്നു രാവു

മുടങ്ങാതെ വഴിപാട്


കുട്ടിക്കാലത്തിൻ 

മായികവെളിച്ചത്തിൽ

ചലിക്കും പാവകൾ 

കണ്ടതോർമ്മിച്ചു ഞാൻ

കുട്ടികളേയും കൂട്ടിപ്പോയി.


കൂത്തുമാടത്തിനു 

മുന്നിലെപ്പറമ്പിൽ

തല പൊക്കി നോക്കി -

ക്കിടക്കുന്നു നായ്ക്കൾ.

മറ്റാരുമില്ല.


മാടത്തിനുള്ളിൽ 

വിളക്കുകൾ തെളിഞ്ഞു

ചെമ്പട്ടു തിരശ്ശീല 

തുടുതുടെത്തിളങ്ങി.

വെളുത്ത പട്ടു -

തിരശ്ശീല മേലേ

തോൽപ്പാവനിഴലുകളുറച്ചു


കാണികളില്ലാതെ 

തീരെപ്പതിഞ്ഞ്

തമിഴു തുടങ്ങീ പുലവർ

മണ്ണിൽ ഞങ്ങൾ 

പടിഞ്ഞിരിക്കുന്നത്

കണ്ടിരിക്കില്ലയാക്കമ്പർ.

ഭഗവതി മാത്രം 

കാണുവാനാണെങ്കിൽ

മൈക്കെന്തി, -

നെന്തിനീ ബോക്സ് ?


നാടകമാണ്, 

സംഭാഷണമുണ്ട്

മറുപടിത്തൊണ്ട തൻ 

നീട്ടലുമുണ്ട്.

കൈകാൽമുഖമന -

ക്കാതെ നിൽക്കുന്ന -

തെന്നിട്ടുമെന്തിവരെല്ലാം?


പെട്ടെന്നു കൈ 

ചൂണ്ടിടുന്നൂ മകൻ, നോക്കു -

കൊന്നനങ്ങു,ന്നതാപ്പാവ.

ഏട്ടനുറക്കത്തിൽ 

തോന്നിയതാകും, ഞാൻ

കണ്ടില്ലയെ,ന്നനിയത്തി.


മൈക്കിലപ്പോൾ കേട്ടൂ 

പുലവരുടെ കോട്ടുവാ

കേൾക്കാനില്ലാരു-

മുറപ്പോടെ വിട്ടത്.


കേട്ടയുടനേ

ചിരി പൊട്ടിയെങ്കിലും

ദുഃഖത്താൽ മൂകരായ് പിന്നെ.


കോട്ടുവാ പത്തു 

കടക്കണം നമ്മൾക്കു

പഞ്ചവടിയോളമെത്താൻ

കോട്ടുവാ എത്ര 

കടക്കണം നൂണു നാം

യുദ്ധകാണ്ഡത്തിലേക്കെത്താൻ?


എല്ലാക്കലയും 

വലിച്ചെടുക്കും ചുഴി -

തന്നെയീ കോട്ടുവാരാത്രി.


നില്പൂ ബലം പിടി -

ച്ചിപ്പൊഴിപ്പാവകൾ

മായികവെട്ടപ്പരപ്പിൽ

യുദ്ധകാണ്ഡത്തിനായ് 

കാത്തു നിൽക്കുന്നവ

ഞെട്ടിയുണർന്നു ചലിക്കാൻ.


കോട്ടുവായല്ല, 

മനുഷ്യർ വിടും വളി

യുദ്ധമായ് പൊട്ടും വരേയും.


സൊബാത് നദിക്കരയിൽ

 *സൊബാത് നദിക്കരയിൽ


നയ്ലാവോ ആയുൾ (സുഡാൻ - അറബിക് - ജനനം: 1986)


സൊബാത് നദിക്കരയിൽ

അടക്കം ചെയ്തിരിക്കുന്നു

വേർപെട്ട ഒരു പൊക്കിൾക്കൊടി

പിന്നെ ഞാൻ പോക്കറ്റിൽ

കരുതി വെച്ചിരുന്ന അഞ്ചു വാക്കുകൾ

ഒറ്റപ്പെടൽ ജ്ഞാനം

വെളിച്ചം നന്മ

കനത്ത ചുണ്ടുകൾക്കു മേൽ

ഒരവ്യക്തവേദനയുടെ നിഴൽ

പൊള്ളയായ ലക്ഷ്യത്തിലേക്കു നിറയൊഴിക്കുമെന്റെ ചുണ്ടുകൾ.

വാക്കുകളുടെയും കത്തിയുടെയും ഭാരം

കുടഞ്ഞു കളയാൻ ശ്രമിക്കുന്ന

എന്റെ വായ.


കരിഞ്ഞ പുല്ലുകൾക്കിടയിൽ

തിരയാൻ പോയ് ഞാൻ

പഴയ മേച്ചിൽപുറങ്ങൾ,

ഉതിർന്നൊരു മാമ്പഴം,

അനന്തതയുടെ ദിക്കിനു നേർക്ക്

- തെക്കിനു നേർക്ക് - ചൂണ്ടുന്ന

സ്വർണ്ണപ്രഭ വീശുന്ന ഒരു തിര,

ഉഷ്ണ നാട്ടിൽ

പപ്പായമരങ്ങളുടെ സങ്കേതം,

മേയുന്ന കന്നുകാലികൾക്കഭയം

പശിമയുള്ള കളിമണ്ണിന്റെ കെട്ട്.


എന്നാൽ ഞാൻ കണ്ടതോ,

നൈൽ നദിക്കു നേരെ നീലനിശ്ശബ്ദത

പേറിപ്പോകുമൊരു പക്ഷി,

വെള്ളത്തിന്റെ പിങ്കു നിറമുള്ള ദു:ഖം,

അഴുകിപ്പോയ മീൻ,

നിത്യേനയുള്ള കൂട്ടക്കൊലയുടെ ആകെത്തുക,

തെക്കുദിക്കിന്റെ ഉടലിലെ യുദ്ധക്കല.


പിന്നെ,

ഉയർന്ന പുൽത്തണ്ടുകൾ,

ആനകൾ അവിടമൊരു 

പടക്കളമാക്കുമ്പോൾ

അവ ചത്തടിയുന്നു.

ഉയരമുള്ള മനുഷ്യർ,

തെക്കൻ ദിക്കിന്റെ

ലളിതവും സുന്ദരവുമായ സ്വപ്നം

താലോലിക്കുന്ന അവർ

പോരിൽ മരിക്കുന്നു.



* സൊബാത് നദി തെക്കാൻ സുഡാനിലെ നദി. ആഭ്യന്തരയുദ്ധം കൊണ്ടു കലുഷമാണ് തെക്കൻ സുഡാൻ