കരുണാ പ്രസ്സ്
പട്ടാമ്പിയിലെ
ഏറ്റവും തിരക്കേറിയ തെരുവേത്?
കരുണാ പ്രസ് എന്നെഴുതിയ
ബോർഡിനു താഴേക്കൂടിക്കയറിയാൽ
എത്തുന്ന തെരുവ്.
പട്ടാമ്പിയിലെ
ഏറ്റവും ഇടുങ്ങിയ തെരുവേത്?
പത്തടി വീതിക്കകത്ത്
ബുക്കുകൾ ഫയലുകൾ
കടലാസുകെട്ടുകൾ
ചാർട്ടുകൾ
മൂന്നാലു കമ്പ്യൂട്ടറുകൾ
നാലു കസേലകൾ
അഞ്ചാറു സ്‌റ്റൂളുകൾ
അപേക്ഷാ ഫോറങ്ങൾ
അവ പൂരിപ്പിക്കാൻ
ആയിരം പല നിറപ്പേനകൾ
ഇട്ടയക്കാൻ പല വലിപ്പത്തിൽ
കാക്കിക്കവറുകൾ
റോസു കവറുകൾ
പശ കത്രിക പഞ്ച്
ഒക്കെയുമട്ടിയായ്
വെച്ചൊരീത്തെരുവ്.
പട്ടാമ്പിയിലെ
ഏറ്റവും വളഞ്ഞുപുളഞ്ഞ തെരുവേത്?
ആദ്യത്തെ വളവിൽ
ക്യാഷിൽ രാജേട്ടൻ.
പിന്നത്തെ വളവിൽ
നിൽപ്പു ശർമ്മാജി
അപേക്ഷാ ഫോറം
കഴിഞ്ഞുള്ള വളവിൽ
ഉയരത്തിൽ നിന്നുമെന്തോ
വലിച്ചെടുത്തും കൊണ്ടു
നിൽപ്പൂ സുജാതച്ചേച്ചി.
അതു വഴി കടന്നുപോ-
മവധൂതനെപ്പോലു-
ള്ളൊരുവന്റെ താടിമേൽ
പറ്റി നിൽക്കുന്നൊരു
പാറി വീഴും കടലാസ്.
കവറുകളടുക്കിയ
കമാനം കടന്നാൽ
കിരണിരിക്കുന്ന കസേര
തൊട്ടപ്പുറം
മണിയിരിക്കുന്ന കസേര
അവിടൊരു കൊടുംവളവ്
തെരുവിന്നനന്തമാമറ്റത്തു നിന്ന്
ഫയലുകളെടുത്തു
വരുന്നിന്ദിരേച്ചി.
പട്ടാമ്പിയിലെ
ഏറ്റവും കയറ്റമുള്ള തെരുവേത്?
മണിയിരിക്കുന്ന
കസേര കഴിഞ്ഞുള്ള
കൊടുംവളവിനപ്പുറം
മേലേക്കു കേറുവാൻ
കോണിക്കയറ്റം
അതു കയറിയെത്തുന്ന -
തച്ചടിശാലയിൽ
താഴേക്കിറങ്ങുന്നു
നോട്ടീസു കെട്ടുകൾ
താഴത്തെപ്പടിമേൽ
മേലേക്കൊരു കണ്ണും
ദൂരേക്കു മറു കണ്ണും
പായിച്ചു നിൽപ്പൂ ജയൻ.
പട്ടാമ്പിയിലെ
അവസാനിക്കാത്ത തെരുവേത്?
കരുണാ പ്രസ്സിൻ
തെരുവിലൂടെപ്പോയാൽ
സ്കൂളിലെത്താം.
വില്ലേജാഫീസിലെത്താം.
ഉത്സവ നോട്ടീസിലൂടെ
കൈത്തളിശ്ശിവനിൽ ലയിക്കാം
കേന്ദ്ര നേർച്ചക്കമ്മിറ്റിയാപ്പീസിലേക്ക്
ഈത്തെരുവിൽ നിന്നുമൊരു
തുരങ്കമുണ്ടാവാം
പാലക്കാട്ടു കളക്റ്ററേറ്റിലും
തിരുവനന്തപുരത്തു
സെക്രട്ടറിയേറ്റിലുമെത്താം.
പഴയ കരുണാ പ്രസ്സിൽ,
കോൺഗ്രസ്സു പാർട്ടി -
ച്ചരിത്രത്തിലെത്താം.
പുഴയുടെ തീരത്തു -
മെന്റെ വീട്ടിലുമെത്താം.
പട്ടാമ്പിയിലെ
ഏറ്റവും വേഗതയേറിയ തെരുവേത്?
ഈത്തെരുവിലൂടെ
കുതിക്കുന്നപേക്ഷകൾ
മിന്നൽ പോൽ പാസായ്
വരുന്നുണ്ടു ലോണുകൾ
നോട്ടീസു കാറ്റായ്
പറക്കുന്നു കാലം
പട്ടാമ്പിക്കാർ
നൃത്തമാടുന്ന തെരുവേത്?
ഒരു കവർ നോക്കി -
യെടുത്തു തിരിയുന്നയാൾ
അപേക്ഷാ ഫോറം
വാങ്ങിപ്പോകുന്നയാളെ
തട്ടാതെ ചെരിയുമ്പോൾ
നോട്ടീസു കെട്ട്
ചുമന്നു പോകുന്നയാൾ
നോട്ടീസടിക്കാൻ
കൊടുക്കാൻ വരുന്നാളെക്കണ്ട്
അലമാര ചാരി
വഴി കൊടുക്കാനായ്
ഞെളിഞ്ഞു നിൽക്കുമ്പോൾ
എപ്പോഴുമീത്തെരുവിൽ
നൃത്തം പിറക്കുന്നു
ഞെളിയുന്ന നിവരുന്ന
ചായുന്ന തിരിയുന്ന
നൂറു മനുഷ്യ -
രൊരേ സമയമാടുന്നു
നൃത്തമീ നീണ്ട തെരുവിൽ
നൃത്തരൂപങ്ങൾ -
ക്കിടയിലൂടൊഴുകുന്നു
കരുതലിൻ കരുണ
ചെറു വിടവായ്
No comments:
Post a Comment