കവിത മനസ്സിലാവൽ
പി.രാമൻ
കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവർ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്രകല എന്നിവക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. വ്യക്തിപരമായി എന്നോടു വളരെ അടുപ്പമുള്ള പലരും എന്റെ കവിത മനസ്സിലാവാതെ സങ്കടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പാട്ടു കേട്ട്, അല്ലെങ്കിൽ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവർ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മൾ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയേയും ഒന്നു പിന്തുടർന്നു നോക്കുന്നത് രസകരമാവും.
ശരീരം നേരിട്ട് കലയായി മാറുന്ന സന്ദർഭങ്ങളിൽ നമുക്കത് എളുപ്പം മനസ്സിലാവുമായിരിക്കാം. നൃത്തം അങ്ങനെയാണല്ലോ. നൃത്തം കണ്ട് മനസ്സിലായില്ല എന്ന് പൊതുവേ ആരും പറയാറില്ല, ഏതു നാട്ടിലെ നൃത്തമായിരുന്നാലും. സംഗീതവുമതെ, ശരീരത്തിന്റെ ഒരു തരം നീട്ടൽ തന്നെ. നമുക്കറിയാത്ത ഭാഷയിലെ സംഗീതവും നാം കേട്ടാസ്വദിക്കാറുണ്ട് , മനസ്സിലായില്ല എന്നു പരാതി പറയാതെ. ശരീരത്തിന്റെ തുടർച്ചയാണ് വാദ്യകല. ചിലപ്പോൾ കൈകളുടെ, അല്ലെങ്കിൽ കൈകളിലൂടെ ചലനത്തിന്റെ തുടർച്ച. ചിലപ്പോൾ വായുടെ, വായിലൂടെ ശ്വാസത്തിന്റെ തുടർച്ച. നൃത്തവും സംഗീതവും പോലെത്തന്നെ വാദ്യകലയും മനസ്സിലായില്ല എന്ന പരാതിക്ക് ഇടവരുത്താറില്ല. അവയുടെ സാങ്കേതികതകൾ അറിയാത്തവർക്കു പോലുമില്ല, മനസ്സിലായില്ലെന്ന പരാതി.
അപ്പോൾ ചിത്രമോ? ചിത്രത്തിൽ വാദ്യത്തിലെന്നപോലെ തന്നെ ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുന്നു. നൃത്തം തൊട്ടു ചിത്രം വരെയുള്ളവയിൽ ശരീരം, ശരീരത്തിൽ നിന്നുണ്ടാകുന്ന ശബ്ദം, ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുമ്പോഴുണ്ടാകുന്ന ശബ്ദം, ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുമ്പോഴുണ്ടാകുന്ന രൂപം എന്നൊരു ക്രമം കാണാം. ശരീരം ശബ്ദരൂപിയായ ഭാഷയിലേക്കു പടർന്നുള്ള ആവിഷ്കാരമാണ് കാവ്യകലയുടേത്. ശരീരത്തിൽ നിന്ന് ഇങ്ങനെ അകലുംതോറും അർത്ഥം കൂടുതൽ കൂടുതൽ പ്രധാനമാകുന്നതു കാണാം. ശരീരം മറ്റൊരു പ്രതലത്തിലേക്കു പടരുന്നതാണ് വാദ്യവും ചിത്രവും എങ്കിലും രണ്ടും തമ്മിൽ ഒരു വ്യത്യാസമുണ്ട്. പ്രതലത്തിൽ നിന്നുള്ള ശരീരത്തിന്റെ വിടുതിയോടെ വാദ്യം പൂർത്തിയാകുന്നെങ്കിൽ ചിത്രം അതിന്റെ വാഴ്‌വ് അവിടെ തുടങ്ങുന്നതേയുള്ളൂ. ശരീരം വിടുതി നേടി അകലുന്ന ഈ ഘട്ടം മുതലാണ് അർത്ഥം പ്രബലമാകുന്നത്. ഈ ഘട്ടം തൊട്ടാണ് മനസ്സിലാകൽ മുഖ്യകാര്യമാകുന്നത്. ചിത്രവും ശില്പവും തൊട്ടാണ് മനസ്സിലാകുന്നില്ല എന്ന മുറുമുറുപ്പ് ആസ്വാദകരിലുയരാറ്.
വരയുന്നത് നമുക്ക് മനസ്സിലാവും. എന്നാൽ വരഞ്ഞു കഴിഞ്ഞത് മനസ്സിലാവണമെന്നില്ല. ഗുഹാചിത്രങ്ങളെല്ലാം അവ വരച്ച മനുഷ്യർക്ക് മനസ്സിലായിട്ടുണ്ടാകുമെങ്കിലും ഇന്നത്തെ കാണികൾക്ക് പൂർണ്ണമായും മനസ്സിലാവണമെന്നില്ല. അതിനാൽ നാമവ വ്യാഖ്യാനിക്കുന്നു. പല വ്യാഖ്യാനങ്ങളുണ്ടാകുന്നു. പറയുന്ന ഭാഷയേക്കാൾ ശരീരത്തിൽ നിന്ന് അകലമുണ്ട് എഴുതപ്പെട്ട ഭാഷക്ക്. ആകയാൽ പറയുന്ന ഭാഷ പോലെ മനസ്സിലാവണമെന്നില്ല എഴുതപ്പെട്ട ഭാഷ.
ശരീരവും ശരീരത്തിന്റെ നീട്ടലും പ്രത്യക്ഷാനുഭവമാണ്. അത് അർത്ഥമായും ആശയമായും വ്യാഖ്യാനിക്കേണ്ട കാര്യമില്ല. എന്നാൽ ശരീരത്തിന്റെ നീട്ടലാണെങ്കിൽ തന്നെയും അതു പ്രത്യക്ഷാനുഭവമല്ലാത്ത, എഴുതിക്കഴിഞ്ഞതോ വരച്ചു വച്ചതോ ആയവ വ്യാഖ്യാനിക്കേണ്ടി വന്നേക്കും. അപ്പോൾ അർത്ഥങ്ങളിലും ആശയങ്ങളിലും ഊന്നൽ വേണ്ടി വരും. ആവിഷ്കർത്താവിന്റെ ശരീരത്തിൽ നിന്നുള്ള അകലം കൂടുന്തോറും വ്യാഖ്യാന സാധ്യതകളും വ്യാഖ്യാനസങ്കീർണ്ണതകളും തടസ്സങ്ങളും കൂടും. നാടകത്തിൽ ആവിഷ്കർത്താവ് സംവിധായകനാണ്. സംവിധായകന്റെ ശരീരത്തിന്റെ നീട്ടലല്ല നടശരീരം. ആ അകലം നാടകത്തേയും വ്യാഖ്യാനിക്കത്തക്കത് ആക്കുന്നു. അർത്ഥവും ആശയവും ചികഞ്ഞ് വ്യാഖ്യാനിക്കുന്നിടത്ത് മനസ്സിലാവലും മനസ്സിലാവായ്കയും കടന്നു വരുന്നു.
എന്നാൽ ഇതിനൊരു മറുവശമുണ്ട്. എല്ലാ കലകളും സംഗീതമാവാൻ കൊതിക്കുന്നു എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്. എല്ലാ കലകളും ശരീരത്തിന്റെ സ്വാഭാവികമായ നീട്ടൽ ആകാൻ കൊതിക്കുന്നു എന്നും പറയാം. ആശയങ്ങളുടെയും അർത്ഥങ്ങളുടെയും അകലം മറികടന്നു വേണം ഒരു കവിതക്ക് ആവിഷ്കർത്താവിന്റെ ശരീരത്തിന്റെയും അതുവഴി മനസ്സിന്റെയും സ്വാഭാവികമായ തുടർച്ചയാവാൻ. നല്ല കവിതകൾ അതു സാധിക്കുകയും അർത്ഥവത്ത് എന്നതേക്കാൾ അനുഭവാത്മകമാവുകയും ചെയ്യും. അനുഭവാത്മകമാവുക എന്നാൽ കവിത പുറപ്പെട്ട ശരീരത്തിലേക്ക് കൂടുതൽ അടുക്കുക എന്നതു തന്നെ.
അനുഭവാത്മകമായി, ഉടലിനോടു കൂടുതൽ അടുക്കാൻ വെമ്പുന്ന കവിതകളിലാണ് ഇന്ദ്രിയവേദ്യത പ്രധാനമാകുന്നത്. കാഴ്ച്ചയായി, കേൾവിയായി, ഇന്ദ്രിയാനുഭവമേതുമായി ആ കവിതകൾ ഭാഷപ്പെടുന്നു. ശുദ്ധകവിത എന്നൊരു സങ്കല്പത്തെക്കുറിച്ച് പൊതുവേ നാം പറയാറുണ്ട്. സാമൂഹ്യ ഉൽക്കണ്ഠകളില്ലാത്ത, കേവല സൗന്ദര്യാനുഭൂതിക്കു മാത്രം പ്രാധാന്യമുള്ള കവിതയെക്കുറിക്കാനാണ് ആ വാക്ക് ഉപയോഗിക്കാറ്. എന്നാൽ അങ്ങനെയൊരു കവിത സാദ്ധ്യമല്ല എന്നിരിക്കേ, ആ അർത്ഥത്തിൽ ആ വാക്കിന് പ്രസക്തിയില്ല.മറിച്ച് ഉടലിനെത്തേടുന്ന, ശരീരത്തിന്റെ പരമാവധി നേരിട്ടുള്ള നീട്ടലാവാൻ വെമ്പുന്ന തരം കവിതയാണ് ശുദ്ധകവിത എന്ന് ഞാൻ കരുതുന്നു. ആശയപരമെന്നതിനേക്കാൾ അനുഭവാത്മകമാണ് ശുദ്ധകവിത.
ആവിഷ്കർത്താവിന്റെ തുടർച്ചയെ ഇടർച്ചയില്ലാതെ കൃത്യമായി വിനിമയം ചെയ്യലാണ് കലയിലെ മനസ്സിലാവൽ. താൻ പറയുന്നതു മറ്റൊരാൾക്ക് മനസ്സിലാവുന്നുണ്ടോ എന്ന ഭയാശങ്കകൾ പല കവികൾക്കുമുണ്ട്. കവിതയിൽ ഭാഷ എന്ന മാധ്യമത്തിലൂടെയാണ് ആ തുടർച്ച നിലനിർത്തേണ്ടത്. അപൂർണ്ണത, അർത്ഥശങ്ക, പിഴ എന്നിവകളാൽ ഭാഷകൊണ്ടുള്ള വിനിമയത്തിന്റെ തുടർച്ച മുറിയുമോ എന്നു ഭയന്നു കുമാരനാശാൻ. തന്റെ ഉള്ളിനെ, അതായത് തന്നെ (മനസ്സും ശരീരവും രണ്ടല്ല) അപരനോടിണക്കാൻ ഭാഷക്കു കഴിയാതെ വരുമോ, മുറിഞ്ഞു പോകുമോ എന്ന ഭയം തന്നെ അത്. പിൽക്കാലത്ത് ടി.ആർ. ശ്രീനിവാസ് എന്ന കവി ഇങ്ങനെ എഴുതിയിട്ടുണ്ട്:
നിങ്ങളിലേക്കു കടക്കാൻ
വാക്കുകൾ മാത്രം പോരല്ലോ
നിങ്ങളിലേക്കുയരാൻ
ഗോവണി മാത്രം പോരല്ലോ
ഞാനും നിങ്ങളുമഭിമുഖമാകാൻ
ജാലകമിതു പോരല്ലോ.
എവിടെയെൻ ക്രിയാപദം?
എവിടെയെൻ ക്രിയാപദം?
ക്രിയാപദം എന്ന വാക്ക് ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. വിനിമയത്തിന് വെറും വാക്കുകൾ പോരാ, ക്രിയാപദം തന്നെ വേണം. ശരീരം ചെയ്യുന്ന ക്രിയകളെത്തന്നെ കുറിക്കണം ആ വാക്കുകൾ. അപ്പോഴേ കവിത മറ്റൊരാളിലേക്കുള്ള തന്റെ നീട്ടലോ തുടർച്ചയോ ആവൂ. കവിത തന്റെ നീട്ടൽ ആകുന്നില്ല എന്ന പരാജയഭീതി ടി.ആർ. ശ്രീനിവാസിന്റെ ഈ കവിതയിലുണ്ട്. സ്വന്തം ചിന്തയേയും വികാരത്തേയും ഉന്മാദത്തേയും ശാരീരികാനുഭവങ്ങളെപ്പോലും കാവ്യഭാഷ കൊണ്ടു നീട്ടി തുടർച്ച വരുത്താൻ ഈ കവി തന്റെ കാവ്യജീവിതത്തിലുടനീളം പരിശ്രമിക്കുകയും പലപ്പോഴും അതിലെ ഇടർച്ചകൾ കാരണമാവണം മനസ്സിലാകുന്നില്ല എന്ന പരാതിക്ക് ഇരയായിത്തീരുകയും ചെയ്തു.
ജൈവികമായ തുടർച്ചയാകലാണ് ആവിഷ്കാരത്തിൽ പ്രധാനം, മനസ്സിലാകലല്ല എന്നു തെളിയിച്ചു പറയുന്നു പോളിഷ് കവി ലിയോപോൾഡ് സ്റ്റഫിന്റെ (1878 - 1957) ഭാഷണം എന്ന പ്രസിദ്ധ കവിത.
രാപ്പാടിയുടെ പാട്ടാസ്വദിക്കാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല.
തവളകളുടെ വായ്ത്താരി
ലഹരി പിടിപ്പിക്കുന്നതറിയാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല.
മനുഷ്യഭാഷ എനിക്കു മനസ്സിലാവുന്നു
അതിന്റെ കാപട്യങ്ങളോടെ, കള്ളങ്ങളോടെ.
എനിക്കതു മനസ്സിലായിരുന്നില്ലെങ്കിൽ
ഞാനൊരു മഹാകവിയായേനെ!
മനസ്സിലാവൽ എന്നത് വിനിമയത്തിന് ഒരു തടസ്സമാണിവിടെ. കാരണം അത് ആവിഷ്കർത്താവിന്റെ കാപട്യങ്ങളേയും കള്ളങ്ങളേയും ഉദ്ദേശിക്കാത്ത തരത്തിൽ തുറന്നു കാണിച്ച് തുടർച്ച മുറിക്കുകയും അകലങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മനസ്സിലാവാതിരുന്നെങ്കിൽ നിങ്ങളുടെ ആവിഷ്കാരം എനിക്കു കൂടുതലായി വിനിമയം ചെയ്യപ്പെടുമായിരുന്നു. അതായത് മനസ്സിലാവലല്ല, ആവിഷ്കർത്താവുമായി കണ്ണി ചേരലാണ് പ്രധാനം. വായനയിലൂടെ കവിതയെ അതിന്റെ ആവിഷ്കർത്താവായ മനുഷ്യനിൽ അഥവാ മാനുഷ്യകത്തിൽ ചെന്നു കൊളുത്താൻ വായനക്കാർക്കു കഴിയലാണ് പ്രധാനം. ആ ഐക്യപ്പെടലല്ലാതെ മറ്റൊന്നുമല്ല ശരിയായ മനസ്സിലാവൽ.
ഐക്യപ്പെടലിന്റെ ആ പ്രാഥമിക തലത്തിൽ വെച്ചു വേണം അവതരണ കവിതയെ നോക്കിക്കാണാൻ. അടുത്ത കാലത്തായി അവതരണ കവിതാ രംഗത്ത് പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. കവിത വെറുതേ അവതരിപ്പിക്കുന്നത് കവിതാവതരണമേ ആകൂ , അവതരണ കവിതയാകില്ല. ആവിഷ്ക്കർത്താവിന്റെ ശരീരത്തിൽ നിന്ന് കാവ്യാനുഭൂതിക്കായുളള ആദ്യത്തെ മുളപൊട്ടിപ്പടർച്ചയാണ് അവതരണ കവിത. ആ അർത്ഥത്തിൽ ശരീരബദ്ധവും ഭാഷാരൂപിയുമായ കാവ്യകലയുടെ ബീജരൂപം തന്നെ അത്. കവിതാവതരണമല്ല, ശരീരത്തെ തന്നെ കാവ്യാനുഭവത്തിന്റെ മാധ്യമമാക്കലാണ് അവതരണ കവിത. അങ്ങനെ കലയുടെ തന്നെ ഉറവയിലേക്കു മടങ്ങൽ. മലയാളത്തിലും അടുത്ത കാലത്തായി അവതരണ കവിതകൾ അരങ്ങേറിത്തുടങ്ങിയിട്ടുണ്ട്. ഒ.അരുൺ കുമാറിന്റെയും എം.ആർ.വിഷ്ണുപ്രസാദിന്റെയും അവതരണകവിതകൾ ശ്രദ്ധേയങ്ങളാണ്.
അവതരണകവിതയെക്കുറിച്ചല്ല ഈ കുറിപ്പ്. പറഞ്ഞു വന്ന് അവിടെയെത്തി എന്നേയുള്ളൂ. ശരീരത്തിന്റെ ഒരു നീട്ടലാവാനാണ് ഏതു കലയും അഭിലഷിക്കുന്നത് എന്നിടത്താണു തുടങ്ങിയത്. കാവ്യകലയുമതെ, കാവ്യഭാഷയിലൂടെയുള്ള ശരീരത്തിന്റെ നീട്ടൽ ആകുന്നു. ആദിമമായ ആ ഉടലിനെ കാവ്യഭാഷയിലൂടെ തിരിച്ചു പിടിക്കലാണ് കവിതവായന. ഒരു വിശേഷവ്യക്തിയുടേതാണ് ആ ഉടൽ, ആ വ്യക്തിയടങ്ങുന്ന ഉൾപ്പിരിവിന്റെ പ്രതിനിധാനമാണ് ആ ഉടൽ, മുഴുവൻ മാനുഷ്യകത്തിന്റേയും പ്രതിനിധാനവുമാണ്. കവിതയുടെ ആഴത്തിലെ ഉയിരു തുടിക്കുന്ന ആ ഉടലിനോടുള്ള ഐക്യപ്പെടലല്ലാതെ മറ്റൊന്നുമല്ല, കവിത മനസ്സിലാവൽ.
No comments:
Post a Comment