Friday, June 30, 2023

കണ്ടുമുട്ടൽ

 *കണ്ടുമുട്ടൽ


പട്ടാമ്പിയിൽ നിന്നു വളാഞ്ചേരിക്കുള്ള

ബസ്സിലൊരരികു സീറ്റിൽ

താഴ്ത്തിയിട്ട ഷട്ടറിൽ

തല ചേർത്തു വച്ചിരു-

ന്നുറങ്ങുന്നദ്ദേഹം,

ശുഭ്ര സുപ്രഭാതത്തിൽ.


രാത്രി മുഴുവൻ യാത്ര ചെയ്തു

വരികയാവാം, എങ്കിലും

അദ്ദേഹത്തിനറിഞ്ഞു കൂടേ

ഈ വഴിയിലാണ് തൂതപ്പുഴയെന്ന്

നിമിഷങ്ങൾക്കകം ബസ്സ്

പാലത്തിലൂടെ 

താനെഴുതിയ തൂതപ്പുഴ

മുറിച്ചു കടക്കുമെന്ന്?


"വരളുന്ന ഞാറിന്റെ ചുണ്ടത്തൊരു തൂത-

പ്പുഴ പാഞ്ഞുചെന്നു ചുംബിച്ചിടുന്നു" എന്ന് 

ഈയാഴ്ച്ചത്തെ മാതൃഭൂമിയിലെഴുതിയ കവിക്ക്

നാണമില്ലേ

തൂതപ്പുഴക്കു മുകളിലൂടെ 

ഉറങ്ങിക്കൊണ്ടു കടന്നുപോകാൻ?


സർവകലാശാലയിലേക്കാവണം കവി,

വായനക്കാരനുമങ്ങോട്ട്.

പരീക്ഷക്കു പണമടയ്ക്കാൻ.

ബസ്സിൽ തൂങ്ങി നിൽക്കുമെനിക്ക്

പരിചയപ്പെടേണ്ട കവിയെ.

കവിത ഇഷ്ടമായെന്നു പറയേണ്ട.


എങ്കിലും ഇങ്ങനെ കിടന്നുറങ്ങാമോ?

ബസ്സതിവേഗം

തിരുവേഗപ്പുറപ്പാലമെത്തിയല്ലോ.

വരളുന്ന ഞാറിന്റെ ചുണ്ടത്ത്

ഇപ്പോഴും തൂതപ്പുഴ

പാഞ്ഞു വന്നു ചുംബിക്കുന്നതു

കാണണ്ടേ?


"എത്തുവതെന്നുമിതേയാറ്റു വക്കിലാ -

ണെത്ര ദൂരം നാം നടക്കിലും സോദരാ"

എന്ന വരി

കവിതത്തുമ്പത്തു നിന്നു ചാടിയെണീറ്റ്

ഇപ്പോൾ താങ്കളെ തല്ലിയുണർത്തി വിളിക്കും:

"എണീറ്റു

ഷട്ടറുയർത്തി നോക്ക്,

പുറത്തു തൂതപ്പുഴ!"


ആ വരിയെന്നിൽപ്പുളഞ്ഞതും തൊട്ടിലിൽ

കാലു കുടഞ്ഞു ചവിട്ടിക്കുതിക്കുന്ന

കുട്ടിയായ് കണ്ണു തുറന്നു നോക്കുന്നു ഞാൻ

ആട്ടിത്തളർന്നുറങ്ങിപ്പോയൊരമ്മപോൽ

കാണ്മൂ കവിയെ,യാച്ചുണ്ടത്തു നിന്നൂർന്നു

വീണൊഴുകുന്ന വരിയാം പുഴയെയും.





*ദേശമംഗലം രാമകൃഷ്ണന്റെ കവിതകളും ആദ്യമായ് അദ്ദേഹത്തെ കണ്ടതും ഓർത്ത് എഴുതിയത്. ഉദ്ധരിക്കുന്നത് മോക്ഷമി എന്ന കവിതയിലെ വരികൾ


Wednesday, June 28, 2023

 ചെടി


ചുമരിൽ 

ചിതൽ പടർന്നു കയറിയുണ്ടായ

പാടുകളിലൂടെ 

അവൾ

കയ്യിൽ കിട്ടിയ ചായമോടിച്ചു.

അപ്പോൾ അതൊരു 

ചെടിയുടെ തണ്ടായ്. 

ഇരുവശത്തും ഇലകൾ വരച്ചപ്പോൾ

ചെടി. 

തുഞ്ചത്തൊരു പൂവും.


ദിവസങ്ങൾ കഴിഞ്ഞു

ഇന്നു പെട്ടെന്ന് 

ചെടിയുടെ തണ്ട് 

വണ്ണിച്ചു നിൽക്കുന്നു.

നോക്കിയപ്പോൾ

ചെടിത്തണ്ടിലൂടെ അടി മുതൽ മുടി വരെ

വീണ്ടും ചിതൽ. 

അവൾ വരച്ചു ചേർത്ത 

ഇലകളുടെയും പൂവിന്റെയും

വിളുമ്പുകളിൽപ്പോലും.


വാശിയോടെ തട്ടിക്കളഞ്ഞ്

അവളിപ്പോൾ വീണ്ടും ചായം കയറ്റും.

അതുവരെ മാത്രം

ഇതൊരു ചിതൽച്ചെടി.

ചിതൽത്തണ്ടും ചിതലിലകളും

ചിതൽപ്പൂവുമുള്ള ചെടി.

Tuesday, June 13, 2023

കൂളിലെ കാട്ടരയന്നങ്ങൾ - ഡബ്ലിയു.ബി. യേറ്റ്സ്

 കൂളിലെ കാട്ടരയന്നങ്ങൾ


ഡബ്ലിയു.ബി.യേറ്റ്സ്


വൃക്ഷങ്ങൾ ശരൽഭംഗിയിൽ കാട്ടു

പാതകളോ വരണ്ടവ

നിശ്ചലാകാശം നിഴലിയ്ക്കും ജലം

ഒക്ടോബർ സാന്ധ്യകാന്തിയിൽ

കല്ലുകൾക്കിടെയേന്തിനിൽക്കുന്ന

വെള്ളത്തിന്റെ പരപ്പിന്മേൽ

എണ്ണീ ഞാൻ കാട്ടരയന്നങ്ങളെ

ഒമ്പതും പിന്നെയമ്പതും.


ആദ്യം ഞാനിവയെണ്ണിയിന്നേക്കു

പത്തൊമ്പതായ് ശരൽക്കാലം

എണ്ണിത്തീർക്കുംമുമ്പെല്ലാം പെട്ടെന്നു

പൊങ്ങീ മേലേക്കു, കണ്ടു ഞാൻ.

പടപടെച്ചിറകടിച്ചു കൊണ്ടവ

മുഖരിതമാക്കിയുയർന്നു പോയ്

പൊട്ടിയ പെരും വലയങ്ങളായി

വട്ടംചുറ്റിച്ചിതറിപ്പോയ്


ഉജ്വലിക്കുമാജ്ജീവിയെയിന്നു

നോക്കുന്നൂ നൊന്ത ഹൃത്തോടെ 

ഞാനീത്തീരത്തു സാന്ധ്യകാന്തിയിൽ

ആദ്യമായെൻ തലക്കുമേൽ

ചിറകടിമണിനാദം കേട്ടുകൊ-

ണ്ടലസം ലാഘവച്ചുവടുമായ്

മെല്ലെ നീങ്ങിയ നാളിൽ നിന്നുമി-

ന്നെല്ലാമെത്രയോ മാറിപ്പോയ്.


കൂട്ടുകൂടാനിണങ്ങിയ തണു -

നീർക്കുത്തിൽ തെല്ലും കുഴയാതെ

ഇപ്പോഴുമിണയിണയായ് ചേർന്നവ 

തുഴയുന്നൂ,പൊങ്ങിപ്പാറുന്നൂ

ഹൃദയത്തിന്നവയ്ക്കില്ല വാർദ്ധക്യം,

തഴുകി നിൽക്കുന്നുണ്ടെന്നെന്നും

ഉള്ളിന്നാവേശ,മുൽസാഹം, അല -

ഞ്ഞെങ്ങുമെത്താമവയ്ക്കിന്നും.


നിശ്ചലമാമീ വെള്ളത്തിലവ -

യിപ്പൊഴുമൊഴുകീടുന്നു.

സുന്ദരം നിഗൂഢാത്ഭുതകര -

മെങ്കിലും പിന്നീടെപ്പൊഴോ

ഞാനുണരുമ്പോൾ കണ്ടെത്തുമവ

പാറിദ്ദൂരേക്കു പോയതായ്

ഏതു പൊയ്കതൻ തീരത്തെയോട -

പ്പുൽക്കാട്ടിൽ കൂടു വെച്ചീടും?

ഏതൊരാളുടെ കണ്ണുകൾക്കവ

മേലിലും കുളിരേകിടും?


Monday, June 12, 2023

രാമചരിതം പടലം 3

 

രാമചരിതം

പടലം 3


1
ഇരുന്ന വണ്ണമേയിരുൾ മറഞ്ഞിതിട തൂർന്നു
പരന്ന കുടയും തഴയും വെഞ്ചാമരം ചേർന്ന്
അലിഞ്ഞു നാരിമാർ സ്തുതിക്കേ രാവണനണഞ്ഞൂ
കനിവൊടേ, ഹിതത്തൊടേ, ഇരുണ്ട മുകിൽ പോലെ

2
ഹിതത്തൊടവൻ വന്നണഞ്ഞു കണ്ണിമയ്ക്കും മുന്നേ
കുതിച്ചു മറഞ്ഞേൻ കുളിരിളം തളിരിടയിൽ
പദത്തളിരിൽ വീണു പതറിക്കുലഞ്ഞു ചാലേ
സ്തുതിച്ചു പിന്നെ നാലുപാടും തൊഴുതവൻ പറഞ്ഞു.

3
രാവണന്റെ വാക്കിനെപ്പഴിച്ചൊരു വാക്കോതീ -
യന്നനടയാ, ളുടനേയുഗ്രകോപമേറി
നിന്നുടൽ പിളർന്നു നിണം മോന്തി ഞാൻ കെടുത്തു -
മെന്റെ മോഹഭംഗദു:ഖമെന്നവനണഞ്ഞു.

4
ഓങ്ങിയ കൈവാൾ തിരുവുടലിലാഴും മുന്നേ
ഗുണമെഴും നിശാചരി കുതിച്ചു പിടികൂടി
മണമെഴും പൂവണിമുടിമാർ നാരിമാർ വണങ്ങേ
ഏറിയ മദത്തൊടേ നടന്നവൻ മറഞ്ഞു.

5
മറഞ്ഞു രാക്ഷസൻ, പെരുത്ത ശൂലങ്ങളും വാളും
നിറഞ്ഞു ചുറ്റുമുള്ള നിശാചരികളുടെ കൈയ്യിൽ
പറഞ്ഞു തുടങ്ങീ ചിലർ "മറന്നു രാമൻ നിന്നെ
കളഞ്ഞതിനു ശേഷമിങ്ങു തേടി വന്നേയില്ല.

6
നിങ്ങൾ തമ്മിലെന്നുമിനിച്ചേർന്നിണങ്ങുകില്ല
നീണ്ട കാലം മന്നിലുയിരോടവൻ വാഴില്ല
തൻ ജയം കിളർന്ന നാടവൻ കളഞ്ഞു പോയീ
ഒന്നിനും കൊള്ളാത്തവനാണെന്നുമെന്നതിനാൽ

7
ഇന്നിശാചരരെ വെല്ലാനിങ്ങു വന്നിടാതെ
വിട്ടതെന്തവ,നവന്റെ സത്യമതാണെന്നോ!
കഴിഞ്ഞതെല്ലാം കാലം ചെൽകേ തെളിഞ്ഞു കാണാറാകും
കരിമിഴിയാളേ നിനക്കു നല്ലതെങ്ങൾ ചൊല്ലാം

8
ഇന്നു തൊട്ടു രാഘവനിൽ നിന്നു നിന്റെ പ്രേമം
പന്തലിച്ചു പൊങ്ങിയിങ്ങു രാവണനിലായാൽ
തെറ്റതിലെന്തുള്ളു? നിന്റെ ദുഃഖമെല്ലാം തീരും
രാവണന്റെ പള്ളിയറ പൂകുവാൻ തുനിഞ്ഞാൽ

9
ദശമുഖന്റെ പിറവിയെക്കരുതിയുണ്ടാവേണ്ടാ
ചളിപ്പ,തിനാൽ നിൻ പെരുമ നിലക്കുകയുമില്ല
പുലസ്ത്യപുത്രൻ വിശ്രവസ്സിൻ പുത്രനിവനെങ്കിൽ
കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?

10
ഇവന്നു കുറവില്ല, യിനി നിങ്ങളിണങ്ങായ്കിൽ
തപസ്വിനി നിന്നുടൽ പിളർന്നു തുണ്ടു തുണ്ടമാക്കി
ഇവിടെയിതുപോലിരുന്നു തിന്നിടയ്ക്കിടയ്ക്കു
കൊഴുത്തു ചുവന്ന കുരുതി ഞങ്ങൾ കുടിക്കുമേ തുടർന്ന് "

11
"തുടർന്നെൻ മെയ്യിൽ നിങ്ങൾ വമ്പൻ ശൂലങ്ങൾ നടത്തി -
ക്കുടഞ്ഞു കൊഴുത്ത കുരുതി മോന്തിക്കുടിക്കിലുമെന്നുള്ളം
കൊടിയ വില്ലണിഞ്ഞ ചക്രവർത്തി തൻ കാൽക്കീഴിൽ
അണഞ്ഞതു പിരിയുവാനസാദ്ധ്യ" മോതി ദേവി.

Wednesday, June 7, 2023

രാമചരിതം പടലം 2

രാമചരിതം
പടലം 2

1
മൈഥിലി തന്നുടെ ചരിതമെല്ലാം
വാനരവീരനുരയ്ക്കേക്കേട്ടു
ചെയ്തതു നന്നു നീയെന്നുരച്ചു
തേന്മൊഴിയാളെ നിനച്ചിരുന്നു
കണ്ണീരു പെയ്തു മനം കലങ്ങി
വിങ്ങുമരചനെത്തൊഴുതണഞ്ഞു
കൈതവമേതുമില്ലാത്ത വീരൻ
കപികുല രാജാധിരാജൻ ചൊന്നു.

2
രാജാധിരാജാ, കൊടും 
ദുഃഖം പിടിച്ചീവണ്ണം
പുരികുഴലാളെ നണ്ണി -
പ്പോക്കീടരുതേ കാലം
ഇരുപതു കരങ്ങളുള്ള
ലങ്കേശനെയൊന്നോർക്കൂ
കളയുക ശോകമെല്ലാം 
കൈക്കൊൾക കോപമിപ്പോൾ

3
കൈക്കൊൾക കോപത്തോടെ
തിളങ്ങുന്ന വില്ലുമമ്പും
തെക്കോട്ടു നടക്കുമാറു
തിരുവുള്ളമാവൂതാക!
ഇക്കണ്ട പട തടുക്കാ -
നാരുള്ളൂ ലോകത്തിപ്പോൾ
ഈരേഴുലകുമൊത്തു
വന്നാൽ പോലും കടുപ്പം

4
ആരുള്ളൂ നിന്നെപ്പോലീ
ലോകത്തെന്നു സുഗ്രീവൻ
രാമനോടുണർത്തിക്കേ
ഹനുമാനോടോതീ രാമൻ:
"കീർത്തിയണിഞ്ഞ ലങ്കാ -
ധീശചരിതവുമാ
നഗരത്തിൻ ചമയങ്ങളെ -
പ്പറ്റിയും നീ പറക"

5
ലങ്കക്കു ചുറ്റുമുള്ള
വിസ്തൃതമാം കിടങ്ങി -
ന്നില്ല താഴ്ച്ചക്കൊടുക്ക -
മെന്നു ഹനുമാൻ ചൊല്ലി.
നല്ല വാൾ കുന്തം ശൂലം
നന്നായ് കടഞ്ഞ നൂറ്റു -
ക്കൊല്ലിയുമിടകലർന്ന
കിടങ്ങുകളേഴുണ്ടങ്ങ്.

6
ഏഴിനുമുണ്ടു കടക്കാൻ
യന്ത്രപ്പാലങ്ങൾ ചുറ്റും
അവയൊന്നു മനസ്സു വെച്ചാൽ
ശത്രുക്കൾ താഴെ വീഴും
കോട്ടമറ്റുള്ള കിഴക്കേ
ഗോപുരം കാക്കാൻ നില്പോർ
ഊഴി കലക്കാൻ പോന്ന
വീരർ പതിനായിരം.

7
ഒരു പതിനായിരത്തോ -
ടൊറ്റക്കിടയാൻ പോന്നോർ
ഇരുപതിനായിരം പേർ
തെക്കുണ്ടതിലിരട്ടി
വടക്കുണ്ടു, പടിഞ്ഞാറോ
കടലു കലക്കാൻ പോന്ന
വീരന്മാർ കരുത്തുള്ളോർ
മുപ്പതിനായിരം പേർ.

8
ദിശ കാക്കുന്നോരിൽ പാതി -
യുറപ്പുള്ള മദ്ധ്യഭാഗം
കാക്കുവാ,നതിലിരട്ടി -
യുണർവ്വോടെ മന്ത്രശാല.
മിടുക്കൻ മയനാചാരി
കുബേരന്നായ് ചമച്ചുള്ളേട-
ത്തിരിപ്പൂ ദശാസ്യൻ, കോയിൽ -
ച്ചമയമാർക്കുരയ്ക്കാനാവും?

9
നഗരത്തിലിരിപ്പോരുടെ
പെരുപ്പവും ഭദ്രതയും
കണ്ടു വന്നാർ പറയും?
ഇടകലർന്നിടവിടാതെ
നിരയായോരോ വഴിയേ
ചാടും നിശാചരർ തൻ
പെരുപ്പം പിന്നെപ്പറയാം,
അതിനുമുമ്പൊന്നു കേൾക്ക.

10
വീരർ തൻ മണിവിളക്കേ,
മൃദുമൊഴിയാളെക്കാണാൻ
ആരെനിക്കുതകുമെന്നോർ -
ത്തകമുലഞ്ഞുഴന്ന നേരം
പൂവിലെ മണം പുണർന്നു
മരനിര തടഞ്ഞു പാഞ്ഞ
മാരുതദേവൻ വന്നു
വഴിയിതെന്നരുളിച്ചെയ്തു.

11
അരുളിയ വഴിയേ പോയ് ന -
ല്ലശോകമാം വനിക പുക്കു
പലനിരയായ്ച്ചുഴന്ന
നിശാചരിമാർ നടുവിൽ
ഒരു പെരുമരത്തിൻ കീഴി-
ലുടൽ പൊടിയണിഞ്ഞു കുമ്പി -
ട്ടകലെയിരിക്കുന്നതായ്
സുന്ദരീമണിയെക്കണ്ടു.


Tuesday, June 6, 2023

മരിക്കാതിരുന്നതിന്റെ പിറ്റേന്ന് - സുകുമാരൻ (തമിഴ്)

 മരിക്കാതിരുന്നതിന്റെ പിറ്റേന്ന്


മരിക്കുന്നത് ഒരു കല - എല്ലാറ്റിനേയും പോലെ

- സിൽവിയാ പ്ലാത്ത്


അവസാന ഗുളിക വിഴുങ്ങിയതും

മനസ്സ് അലകളടങ്ങി ശാന്തമായി.

മരണം കരുണയോടെയടുത്തെത്തി.


ഇനി

ഉണർവ്വിൻ വേദനയില്ല.

തോരാതെയിറ്റുന്ന മുറിവുകളോ

പീഡാനുഭവങ്ങളോ ഇല്ല.

നുണക്കയ്പ്പോ

അഴുകിയ പുഞ്ചിരിയുടെ നാറ്റമോ

നോവേൽക്കലോ ഇല്ല.

നിരന്തരം കവിയുന്ന ശൂന്യതയോ

സ്നേഹമില്ലാ നിമിഷങ്ങളോ ഇല്ല.

കാലം വെളിമ്പരപ്പ് പേരുകൾ ഇല്ല.

ജീവിതത്തിന്റെ മനംപിരട്ടൽ ഇല്ല.


മനസ്സ് അലകളടങ്ങി ശാന്തമായി.

നിനവിൽ പുതഞ്ഞ സംഗീതം

വെളിപ്പെട്ടു തൂവാറായി.

മനസ്സ് അലകളടങ്ങി ശാന്തമായി.


പുലർച്ചെ

വെളിച്ചം വന്നു വിളിക്കേ

എന്റെ കിളിക്കായ്

പഴങ്ങൾ പെറുക്കാൻ പോയി, പതിവുപോലെ.

സന്തോഷം

ദുഃഖം

എന്നീ ചലനങ്ങളറ്റ്

മൂത്രം അടക്കിപ്പിടിച്ച അടിവയറായ്

കനത്തിരുന്നു

മനസ്സ്

Monday, May 22, 2023

കൈകൊട്ടലുകൾ കാക്കളാകുന്നു.

 കൈകൊട്ടലുകൾ കാക്കളാകുന്നു.

പി.രാമൻ


കുട്ടിക്കാലത്ത് ആദ്യമായി മലമ്പുഴ അണക്കെട്ടു കാണാൻ പോയത് ഓർമ്മയിലുണ്ട്. അണക്കെട്ടും ജലസംഭരണിയും ചീർപ്പിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളവും ആടിക്കുലുങ്ങുന്ന തൂക്കുപാലവും വലിയ പൂന്തോട്ടവുമൊക്കെ നാലാം ക്ലാസുകാരൻ കുട്ടിയെ അൽഭുതപ്പെടുത്തി. എന്നാൽ അന്നു രാത്രി ഉറക്കത്തിൽ ആവർത്തിച്ചു വന്നത് ആ കാഴ്ച്ചകളൊന്നുമായിരുന്നില്ല. ഒരു കല്ലിന്മേൽ നിന്നു കുറച്ചപ്പുറത്തുള്ള മറ്റൊരു കല്ലിന്മേലേക്കു ചാടാൻ തുടങ്ങുമ്പോൾ ബാലൻസു തെറ്റി വീഴാൻ പോകുന്നു. ആ രാത്രിയിലത് പല തവണ സ്വപ്നത്തിൽ വന്നു. 

മലമ്പുഴയിലെ പൂന്തോട്ടത്തിന്റെ അങ്ങേത്തലക്കൽ കണ്ട ജാപ്പനീസ് രീതിയിൽ പണിത ഒരു തടാകമുണ്ടായിരുന്നു. ആഴം കുറഞ്ഞത്. അതിൽ നിറയെ താമരകളാണ്. ഇലകളും പൂക്കളും. തടാകത്തിനു നടുക്ക് ഒരു ചില്ലു കൂട്ടിൽ ഭീമാകാരമായ, മോട്ടോറു വെച്ചു മെല്ലെക്കറങ്ങുന്ന ഭൂഗോളം. തടാകത്തിൽ നിരത്തിയിട്ട പരന്ന കല്ലുകളിൽ ചാടിച്ചാടി ആ ഗ്ലോബിനടുത്തെത്താം. കല്ലിൽ നിന്നു കല്ലിലേക്കു ചാടുമ്പോൾ അതിന്റെ താഴെ ഇരിക്കുന്ന പോക്കാന്തവളകളെ കാണും. ചാടുമ്പോൾ വെള്ളത്തിൽ വീഴുമോ എന്ന ചെറുപേടി. പകലുണ്ടായ ആ അനുഭവമാണ് അവിടെക്കണ്ട അത്ഭുതക്കാഴ്ചകളല്ല ആ കുട്ടിയുടെ സ്വപ്നത്തിൽ വരുമാറ് ഉള്ളിൽ കോർത്തത്.  

ഒ.അരുൺകുമാറിന്റെ കവിതകൾ സദാശിവൻ പൂമ്പാറ്റ എന്ന ഒറ്റപ്പുസ്തകമായി ഒന്നിച്ചു വായിച്ചപ്പോൾ കുട്ടിക്കാലത്തെ ആ ഇന്ദ്രിയാനുഭവവും സ്വപ്നാനുഭവവും വർഷങ്ങൾ കഴിഞ്ഞ് ഭാഷയിൽ ആവർത്തിക്കുന്നതു പോലെ എനിക്കു തോന്നി.

അതെ, കവിയുടെ പേരു തന്നെ നോക്കൂ.ഒ. അരുൺകുമാർ. അത് ഓ ...... അരുൺകുമാർ എന്നും ഓ ............ ഓ ......... അരുൺകുമാർ എന്നും ഓമനക്കുട്ടനുണ്ണിത്താൻ അരുൺകുമാർ എന്നും ഓണാട്ടുകരക്കാരൻ അരുൺകുമാർ എന്നുമൊക്കെ നീട്ടിപ്പടർത്തിയെടുക്കാം. എങ്ങനെ പടർന്നാലും അടിക്കല്ലുകൾ അഥവാ അടിസ്ഥാന മൂലകങ്ങൾ ഓ എന്ന അക്ഷരം അഥവാ ശബ്ദരൂപവും അരുൺകുമാർ എന്ന വാക്കും തന്നെ.

അടിപ്പടവിൽ നിന്ന് അടിപ്പടവിലേക്കു പടർന്നു പടർന്നു നീളുന്നതാണ് സദാശിവൻ പൂമ്പാറ്റയിലെ കവിതകളുടെ വായന. ചിലപ്പോൾ ഒരടിപ്പടവിൽ നിന്ന് അടുത്ത അടിപ്പടവിലേക്കു കൂടുതൽ ദൂരം കാണും. ദൂരം എന്ന കവിതയിൽ കവി തന്നെ പറയുമ്പോലെ വാക്കെത്താദൂരം. ആ നീട്ടിവയ്പിൽ വായനക്കാർ തെന്നി ഒന്നാഞ്ഞ് വീഴാൻ പോകാനും മതി. ഇന്നെഴുതപ്പെടുന്ന കവിതകളുടെ പൊതു വായനാരീതിയല്ല ഇത്. ഒറ്റ വായനക്കു തന്നെ കവിത മുഴുവൻ വിരൽത്തുമ്പിലൊതുങ്ങുന്ന സുഗമവായനക്ക് വഴങ്ങുന്നതല്ല അരുൺകുമാറിന്റെ കവിത. പക്ഷേ വായനയിലെ സാഹസികതയിൽ ആനന്ദിക്കാൻ സാവകാശമുള്ളവർക്ക് സദാശിവൻപൂമ്പാറ്റ തരുന്ന ആവേശം ചെറുതല്ല.

ഈ പുസ്തകത്തിലെ വീട് എന്നു പേരുള്ള പല കവിതകളൊന്നിൽ ശരീരം തന്നെ വീടാകുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. ഒരു നായയെ മുൻനിർത്തിയാണത്. നായയുടെ കുര അതിന്റെ കൂരയാവുന്നു. കുര എന്ന വാക്കിൽ നിന്നും കൂര എന്ന മറ്റൊരു വാക്കിലേക്ക് മനസ്സ് നീട്ടിവെച്ചൂന്നുമ്പോൾ ഉടൽ തന്നെ വീടാകുന്ന അനുഭവം വിടർന്നു വരുന്നു.

കുട്ടി എഴുതുന്ന അ എന്ന അക്ഷരത്തിൽ നിന്നാണ് ഒരു കവിത തുടങ്ങുന്നത്. അ ആർപ്പുവിളിച്ചു വരുമ്പോൾ ഒരു എടുപ്പുകുതിരയാവുന്നു. അതു വലിച്ചു വരുന്ന ഒരു കര തന്നെയാകുന്നു. ഓണാട്ടുകര തന്നെയായി മാറുന്നു. അക്ഷരരൂപിയായ അ എന്ന ശബ്ദത്തിൽ നിന്ന് ഓണാട്ടുകരയുടെ ദേശസംസ്ക്കൃതിയിലേക്ക് ആ കവിത ആർപ്പോ എന്നു കുതിക്കുന്നു. ഒറ്റയടിക്കല്ല ആ മാറ്റം. ഒരു കൊതുകിനേക്കാൾ, പുരയേക്കാൾ, പുരയിടത്തേക്കാൾ വലുതായി ഒടുവിലത് ഓണാട്ടുകരയായി മാറുന്നു. വായനയിൽ അതു മറ്റു പല കരകളായും വിസ്തൃതമാകുന്നു. അമ്മേ, കര എന്നിടത്തെത്തുമ്പോൾ കോവിലന്റെ തട്ടകവും തോറ്റങ്ങളും എന്നിലെ വായനക്കാരനിൽ തോറ്റിയുണർന്നു. ഈ പെരും ഭൂഗോളം തന്നെയായിത്തീരുന്നു. അതെ, പ്രാഥമികതകളെ പടർത്തിയുണ്ടാക്കുന്ന ലോകമാണ് ഒ.അരുൺകുമാർ എന്ന കവിയുടേത്. ഏറ്റവും അടിത്തട്ടിലുള്ള ശബ്ദം,

അക്ഷരം,വാക്ക്, ഉടൽ, ചിത്രം തുടങ്ങിയ പ്രാഥമികതകളിലൂന്നിയല്ലാതെ അരുണിന്റെ കവിതകളിലേക്ക് കടക്കാൻ കഴിയണമെന്നില്ല.

ഒന്ന് മറ്റൊന്നാകുന്നതിന്റെ അത്ഭുതം തീർച്ചയായും ഇവിടെയുണ്ട്. ചൂണ്ട എന്ന പേരിനു താഴെ കവി എഴുതുന്നത്, മത്സ്യം വെള്ളമാകാൻ ആഗ്രഹിക്കുന്ന നിമിഷം എന്നാണ്. മറ്റൊന്നാകുമ്പോഴും പ്രാഥമികതയുടെ പരലുകളെ അങ്ങനെത്തന്നെ തുടരാനായ്

കവിതക്കടിയിൽ വിടുകയും ചെയ്യുന്നു ഈ കവി. ഉദാഹരണത്തിന്, മിഴാവിൽ കൊട്ടുമ്പോൾ ഉണ്ടാകുന്ന സവിശേഷമായ ശബ്ദം എന്ന പ്രാഥമികതയിൽ അരുൺ ഊന്നും. മിഴാവിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെ വായനക്കാരനായ എന്റെയുള്ളിൽ മുഴങ്ങുക വിചിത്രമായ ഒരു ഗുഹപ്പക്ഷിയുടെ ശബ്ദമാണ്. അഥവാ അരുണിന്റെ കവിതയിലെ മിഴാവിന്റെ ശബ്ദം എന്റെ മനസ്സിൽ ഒരു ഗുഹപ്പക്ഷിയാവുന്നു.പക്ഷി പറക്കുന്ന ആകാശവുമാകുന്നു.

കൈകൊട്ടി വിളിക്കുമ്പോൾ ബലിച്ചോറുണ്ണാൻ കാക്കകളെത്തുന്നു. കൈ കൊട്ടൽ തന്നെ കാക്കകളാകുന്നു എന്നും പറയാം.

മിഴാവിനും അതിൽ നിന്നുമെന്റെയുള്ളിൽ എഴുന്നു പാറുന്ന ഗുഹപ്പക്ഷിക്കുമിടയിൽ, കൈ കൊട്ടലിനും കാക്കകൾക്കുമിടയിൽകവി വിട്ടുകളയുന്ന ചിലതുണ്ട്.

അഥവാ കവി ആ ഇടവെളിയെ തന്റെ മൗനം കൊണ്ടോ ഉദാസീനത കൊണ്ടോ ഇല്ലാതാക്കുന്നു. ഇത് അരുണിന്റെ കവിതകളിൽ ചിലപ്പോഴെങ്കിലും സ്വാഭാവികമായി ദുരൂഹതയോ അവ്യക്തതയോ കൊണ്ടുവരുന്നു.

വിട്ടുകളയൽ കൊണ്ടുണ്ടാകുന്ന ഈ ദുരൂഹ / അവ്യക്ത നില കവിക്ക് ഒഴിവാക്കാനേ വയ്യ. അതീ കവിതയുടെ അല്ലെങ്കിൽ കവിവ്യക്തിത്വത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. വാക്കെത്താദൂരത്തിന്റെ ശൂന്യതയിൽ കവിയും വായനക്കാരും ഒരു പക്ഷേ വീണു പോയേക്കാനും മതി.

ഈ പുസ്തകത്തിൽ ഇരുട്ട് എന്നൊരു കവിതയുണ്ട്. അമ്മ പോയി എന്ന രണ്ടു കുഞ്ഞു വാക്കുകളിൽ ഊന്നി വളരുന്ന ആ കവിത തന്റെ കവികർമ്മത്തെക്കുറിച്ചു തന്നെയുള്ള കവിതയായും വായിക്കാം. മിഠായി വാങ്ങിത്തരാം എന്നു പറഞ്ഞു കുട്ടിയെ വിട്ട് എന്നെന്നേക്കുമായി പോയ ഒരമ്മയെക്കുറിച്ച് ആ കവിതയിൽ പറയുന്നു.

"അതിസാധാരണമായ രണ്ടു കുഞ്ഞുവാക്കുകളല്ലേ

അതിൽ ഉണ്ടായിരുന്നുള്ളൂ.

എന്നിട്ടും വേദനിക്കുന്നല്ലോ"

എന്നിട്ടും അതു കേൾക്കുന്നവർക്ക് കുട്ടിയുടെ വേദന മനസ്സിലാവുന്നില്ല. സത്തയിലേക്ക് ഊറിക്കൂടി എഴുതിയാലും ആളുകൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ അതു കവിതയുടെ കുഴപ്പമാണോ എന്ന ചോദ്യത്തിലേക്കാണ് ഈ കവിത നയിക്കുന്നത്. കമ്യൂണിസം,പ്ലാസ്റ്റിക്, ദൈവം ഈ മൂന്നു വാക്കുകളുടെ പ്രാഥമികതയിൽ നിന്ന് പടരുന്ന രാഷ്ട്രീയവിചാരണയാണ് മരണമില്ലാത്തത് അഥവാ അനശ്വരം എന്ന കവിത.

ഏതനുഭവത്തേയും അതിന്റെ പ്രാഥമികതയിൽ ചെന്നു തൊടുക എന്നതാണ് ഒ. അരുൺ കുമാറിന്റെ കാവ്യഭാവുകത്വത്തിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. അ എന്ന ശബ്ദം അ എന്ന ചിത്രമാകുന്നു. ഒരു ദേശം ഒന്നാകെ ആ ചിത്രത്തിൽ അലിഞ്ഞുചേരുന്നു. മലയാള പാണിനീയം എന്ന കവിതയിൽ തീട്ടം, തൂറൽ എന്നീ വാക്കുകൾ ചിത്രങ്ങളാകുന്നു. പ്രാഥമികതകളിലേക്കെത്തുമ്പോൾ എന്തും

ചിത്രമായും ശബ്ദമായും കുറുകുന്നു. മലയാളം എന്നെഴുതുമ്പോൾ ഈ കവി മല - അളം എന്നീ പ്രാഥമികതകളിലേക്കു പിരിയാതിരിക്കില്ല. ഭാഷ ഭാഷക്കടിയിലെ വായ്ത്താരികളിലേക്ക് കുറുകുന്നു.(മലയാളപാണിനീയം) ഈ കുറുകൽ ആദിമത്വത്തിലേക്കുള്ള കനപ്പെടൽ കൂടിയായി ഈ കവികളിൽ അനുഭവിക്കാം.ആകയാൽ ആദിമമായ ഭാഷണം ഈ കവിതകളുടെ അടിസ്ഥാനസ്വരൂപമായിരിക്കുന്നു. പരിണാമസിദ്ധികൾ,അബദ്ധം തുടങ്ങിഏതു കവിതകൾ എടുത്താലും ഭാഷണസ്വരൂപം കാണാം. ഭാഷണം സ്വാഭാവികമായും താളക്കെട്ടുകളിലേക്കും വായ്ത്താരിയിലേക്കും ഒഴുകുന്നു. ഭാഷണം പുറപ്പെടുന്ന ഉടലും വെളിപ്പെടുന്നു. ശരീരം പകുത്തെടുക്കുവാൻ തുരുതുരാ ചിലമ്പും ചെറുതാളക്കൂട്ടങ്ങളാണു നല്ലത് എന്ന് ഒരു കവിതയിൽ അരുൺ എഴുതുന്നുണ്ട്.

ശ്ലോകങ്ങൾ അന്വയിച്ച് അർത്ഥം പറയുന്ന രീതിയോ ചോംസ്കിയെപ്പോലുള്ള ഭാഷാശാസ്ത്രജ്ഞരുടെ ഭാഷയുടെ അടിപ്പടവുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ രീതിയോ ഒക്കെ ഓർമ്മ വരും, ഈ കവിയുടെ കാവ്യരചനാരീതിയെപ്പറ്റി ചിന്തിക്കുമ്പോൾ.

ഭാഷ - ഭാഷണം - ശബ്ദം - ചിത്രം - ഉടൽ എന്ന ക്രമത്തിന്റെ ഒടുവിലെത്തുമ്പോൾ മുദ്ര ഈ കവിക്ക് പ്രധാനമായിത്തീരുന്നു. രാമായണം കൈദീപിക എന്ന കവിത ഈ സമാഹാരത്തിലെ ഒരു പ്രധാന രചനയാണ്. കൂടിയാട്ട വിദ്യാർത്ഥികൾ മുദ്ര അഭ്യസിച്ചു തുടങ്ങുന്ന രാമായണസംക്ഷേപത്തിലെ "എങ്കിലോ പണ്ട് സൂര്യനെ സംബന്ധിച്ച വംശം ഉണ്ടായി അത് എങ്ങനെ" എന്ന

 ആദ്യവരിയായി  കൈമുദ്രകൾ വിടരുകയാണിവിടെ. മെയ്യ് കണ്ണാകുന്ന ആ വിടർച്ചയുടെ രേഖാരൂപമായ ആകർഷ് കരുണാകരന്റെ ചിത്രങ്ങളും കവിതയുടെ തന്നെ ഭാഗമായി നിൽക്കുന്നു. ആശയം, അനുഭവം,അവ രണ്ടും സാന്ദ്രീകരിച്ച മുദ്ര, ആ മുദ്രയെ ചിത്രീകരിച്ച വര, വായിച്ചു തീരുമ്പോൾ മനസ്സിലുണ്ടാകുന്ന മുദ്രാശില്പം എന്നിങ്ങനെ ആ കവിത ഉള്ളിലേക്ക് ഘനീഭവിച്ചു വരുന്നു. അങ്ങനെ ഈ പുസ്തകത്തിൽ കാവ്യം,വാദ്യം,നൃത്യം,നാട്യം, ശില്പം എന്നിവ ചേരുന്നു.ഇവയെല്ലാമടങ്ങുന്ന സംസ്ക്കൃതിയെ സുന്ദരമായി പ്രകാശിപ്പിക്കുന്നു

സമകാല മലയാള മുഖ്യധാരാ കവിതകളെ ഭാഷ കൊണ്ടും ഭാവുകത്വം കൊണ്ടും ഓർമ്മിപ്പിക്കാത്ത വ്യത്യസ്തമായ കവിതയാണിത് എന്നു വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്. അരുൺ കുമാറിന്റേതു മാത്രമായ ഒരു വഴി. സമകാല കവിതയുടെ വായനാശീലത്തിന് മിക്കവാറും അപരിചിതമാകാവുന്ന സാഹസിക വഴി. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹിത്യാന്തരീക്ഷത്തിൽ ഈ കവിതകൾ ചർച്ച ചെയ്യപ്പെടാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല എന്നു കൂടി കുറിച്ചു കൊണ്ട് നിർത്തട്ടെ.