ഷൂസുകൾ
അലെസ് സ്റ്റെഗർ (സ്ലൊവേനിയ,ജനനം:1973)
അവ നിന്നെ സംരക്ഷിക്കുന്നു
അവയുള്ളതിനാൽ
പാത നിന്മേൽ മൃദുവായമരുന്നു
പരസ്പരം മായ്ക്കുന്ന
ചവിട്ടടിപ്പാതകളുടെ ലോകത്തിനും നിനക്കുമിടയിൽ
വീശിപ്പതിക്കുന്ന സന്ദേശവാഹകരിവർ
തോലിനാലും തുന്നലിനാലും തീർത്തവർ
നിൻ്റെ ഷൂസുകൾ തയ്ച്ചെടുത്തത്
തോല്, തുന്നൽ എന്നീ വാക്കുകളിൽ നിന്ന്.
സംരക്ഷിക്കൂ അവയെ.
നിനക്കു നഗ്നനാവാം,ഒന്നുമില്ലാത്തവനാവാം
എന്നാൽ കാലിൽ ഷൂസുകളോടുകൂടി
നീയൊരിക്കലുമൊരു ദരിദ്രനാവുകയില്ല
ഒളിപ്പിക്കരുത്
കിടക്കക്കടിയിൽ ഇട്ടേച്ചുപോകരുത്
അലമാരയിൽ ഉപേക്ഷിക്കരുത്
തട്ടിൻപുറത്തു മറന്നുവക്കരുത്
അവയോടൊപ്പമുറങ്ങുക
ഷൂസുകളണിഞ്ഞു കുളിക്കുക
അവയണിഞ്ഞ് ഇണചേരുക
ഒരു ഹ്രസ്വസന്ദർശനത്തിനായ് മാത്രം
നീയിവിടെ വന്നതാണെന്ന്
എപ്പോഴും മുന്നറിയിപ്പുതരാൻ
അവയെ അനുവദിക്കുക
പെട്ടെന്നു നീ നടന്നുപോകും
ഒരിക്കലുമവയെ അഴിച്ചു മാറ്റില്ല
നീയവയെ അഴിച്ചുമാറ്റുമ്പോൾ
യാത്ര അവസാനിക്കും
അവ നിന്നെ ഒരു ജിപ്സിയെപ്പോലെ മറവുചെയ്യും
നഗ്നപാദനും പേരില്ലാത്തവനുമായി.
No comments:
Post a Comment