Saturday, February 15, 2025

സ്ലാവ്കോ ജാനെവ്സ്കി (മാസിഡോണിയ, 1920-2000)

കവിതകൾ

സ്ലാവ്കോ ജാനെവ്സ്കി (മാസിഡോണിയ, 1920-2000)



1
രസവിദ്യക്ക് ഒരാമുഖം


നീ നിൻ്റെ ഖനിയിൽ നിന്നെത്തന്നെ തെരയുന്നു
നിൻ്റെ തല കുഴിച്ചെടുക്കുന്നു
അത് നിന്നെ തിരിച്ചറിയുന്നില്ല

നീ നിൻ്റെ കൈകൾ വെള്ളത്തിലിടുന്നു
ഇടംകൈ ഒരു നീർക്കോലിയിൽ പിടികൂടുന്നു
വലംകൈ ഒരു പെരുച്ചാഴിക്കു മുലയൂട്ടുന്നു

രണ്ടും നിന്നെ കെട്ടിപ്പിടിക്കുന്നില്ല

കാൽപടം ഇനി നീ കണ്ടെത്തും
അത് സ്വാർത്ഥതയോടെ
നിന്നെ കടന്നുപോകും
നിന്നെ മറക്കും

ഒറ്റക്ക്, നീ ഇല്ലാതെ
നീ യുറാനസ് കയറും
സ്വന്തം നിഴലാൽ പൊതിഞ്ഞ്
നീ സ്വപ്നം കാണും,
നീ ഇന്നലെയുടേതാണെന്ന്

നിനക്കടിയിലെ ലോഹവാർപ്പുകാർ
ചാരത്തിൽ നിന്നും റാസ്പ്ബെറിയിൽ നിന്നും
നിന്നെ വാർത്തെടുക്കും

എല്ലാം വെറുതെ
നിൻ്റെ കവിതയിൽ പോലുമില്ല നീ

നിൻ്റെ പേരും പേറി
മഴയത്തു നിൽക്കുന്ന
ആ കല്ലുമാത്രമുണ്ട്
അതിൻ്റെ ഇടത്തി


2
ഉത്തരം തേടി


അത് ഒരു കല്ലിന്മേൽ തൻ്റെ തൊലിയൂരിക്കളഞ്ഞ്
കല്ലായി മാറുന്നു. ഒരണലി

അത് വെടിയുണ്ടകളേറ്റ് അമറി
മൂടൽമഞ്ഞായി മാറുന്നു. ഒരു കാട്ടുപന്നി

അതതിൻ്റെ കണ്ണുകൾ നുരകളിൽ കഴുകി
ഒരു നെടുവീർപ്പായ് മാറുന്നു. പകൽ

വ്രാസി ഡോൾ ഗ്രാമത്തിൽ
കാലക്കാരണവർ
ഒരു കല്ലിന്മേൽ കുത്തിയിരുന്ന്
തൻ്റെ വിജ്ഞാനത്തിൻ്റെ വിരലുകളെണ്ണി
കണക്കാക്കുന്നു
ബ്ലാക്ബെറി വീഞ്ഞിൻ്റെ എത്ര തുള്ളി വേണ്ടിവരും
തൻ്റെ ജീവിതം നീട്ടിക്കിട്ടാനെന്ന്

നിങ്ങൾക്കു സ്വയം ചോദിക്കാം,
ഉത്തരമൊന്നും കിട്ടില്ലെങ്കിലും:
മനുഷ്യനോടൊപ്പം മരിക്കുമോ കാലം?

No comments:

Post a Comment