കവിതകൾ
കതാൽ ഓ സിയർകെയ്ഗ് (അയർലണ്ട്, ജനനം : 1956)
1
ഇതു പോലൊരു ദിവസം
വളരെ മുമ്പത്തെ ഒരു ഞായറാഴ്ച്ച ദിവസം ഞാൻ ഓർക്കുന്നു. അനശ്വരമായ ഒരു വേനൽക്കാല ഞായർ. ഒരു നീലക്കാറിൽ ഞാൻ അന്നൊരു യാത്ര പോയി. വെളിച്ചത്തിലേക്ക് ഒരു യാത്ര
കലണ്ടറും ക്ലോക്കും സമയവും കാലാവസ്ഥയുമൊന്നുമുണ്ടായിരുന്നില്ല. അനന്തതയിൽ ഞാൻ ഓടിച്ചു കൊണ്ടിരുന്നു. അലഞ്ഞുതിരിയുന്ന ദൈവമായിരുന്നു ഞാൻ.
നല്ല ഉഷ്ണമുണ്ടായിരുന്നു. സ്വർഗ്ഗത്തിൻ്റെ ആഴങ്ങളിൽ ഞാനെൻ്റെ ഭാവനയുടെ സ്പോഞ്ച് മുക്കിയെടുത്തു പിഴിഞ്ഞപ്പോൾ അതിൽനിന്നു കവിതയൊഴുകി. എന്നെ നനച്ചു തണുപ്പിച്ച കവിത.
മരങ്ങൾക്കുമേൽ പുല്ല് പാടിക്കൊണ്ടിരുന്നു. പാടത്ത് കിളികൾ പച്ചച്ചു. മേച്ചിൽപുറങ്ങളിൽ മേഘങ്ങൾ ആടുകരയുമ്പോലെ കരഞ്ഞു. മാനത്ത് ഒറ്റയാടും ഉണ്ടായിരുന്നില്ല.
ദാഹിച്ചു ചാവുകയായിരുന്ന ഒരരുവിയുടെ കരയിൽ ഞാൻ എത്തിപ്പെട്ടു. ഞാൻ കരയാൻ തുടങ്ങിയപ്പോൾ അതു വേഗം വീണ്ടും നിറഞ്ഞു. വഴിയേ നടന്നുപോവുകയായിരുന്ന ഒരു ചെറിയ കുന്നിനെ ഞാൻ തൂക്കിയെടുത്തു. പർവ്വത രക്ഷാപ്രവർത്തനത്തിൽ താൻ ഒരു കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ എന്ന് അതു പറഞ്ഞു. അത് അതിൻ്റെ തൊപ്പി എൻ്റെ കാറിൽ മറന്നുവെച്ചതായി ഞാൻ ഓർക്കുന്നു.
താഴ്‌വരച്ചാലിനു മുകളിൽ വെച്ചു കണ്ടുമുട്ടിയ കാറ്റു പറഞ്ഞു, താനാ വഴി പിന്നീടു പോകുന്നുണ്ടെന്നും തൊപ്പി അവനു തിരികെക്കൊടുക്കാമെന്നും. പാവം കാറ്റ്! പൊടുന്നനെയാണ് ഞാനവളെ കണ്ടുമുട്ടിയത്. താഴ്‌വരച്ചാലിനു മേലേ വെയിലേൽക്കുകയായിരുന്നു അവൾ. നഗ്ന. എന്നെക്കണ്ടതും ലജ്ജയോടെ വായുവെടുത്തിട്ടു പുതച്ചു. സൗമ്യമായി സംസാരിച്ചു.
അവളെപ്പോലെത്തന്നെ സൗമ്യരായിരുന്നു അവരെല്ലാവരും. കല്ലുകൾ എന്നെ അവരുടെ കൂട്ടത്തിലേക്കു ക്ഷണിച്ചു. എന്നോടവർ വാചാലമായ ശാന്തത കാണിച്ചപ്പോൾ നിശ്ശബ്ദതയുടെ അർത്ഥമെനിക്കു മനസ്സിലായി. ഒരു കുഞ്ഞുപൂവ് തൻ്റെ ഇതൾപിയാനോയിൽ ഒരു ഗീതം വായിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആ സംഗീതം എൻ്റെ മൂക്കിനെ ആനന്ദിപ്പിച്ചു. തടാകം എൻ്റെ ചിത്രം വരച്ചു. വെളിച്ചത്തിൻ്റെ ആതിഥേയനായ ആ പകലിനെ ഞാനെന്നും ഓർക്കും. കൃത്യനിർവ്വഹണത്തിൽ അദ്ദേഹം മര്യാദയും മാന്യതയും പുലർത്തി. എൻ്റെ ആവശ്യങ്ങളറിഞ്ഞു പെരുമാറി. ഞാൻ വീട്ടിലേക്കു പോകുന്ന വിവരം പറയുന്നതുവരെ വാതിലുകൾ അടയ്ക്കുകയോ ജാലകവിരികൾ മൂടുകയോ ചെയ്തില്ല. എൻ്റെ നേട്ടത്തിനു വേണ്ടി അദ്ദേഹം അധികസമയം ജോലി ചെയ്തു.
രാത്രി എന്നോടൊപ്പം വീട്ടിലേക്കു വന്നു. അവളുടെ മെലിഞ്ഞ മൃദുലശരീരം എനിക്കായ് തുടിച്ചു. അവളുടെ വസ്ത്രത്തിൻ്റെ കറുത്ത ആകാശങ്ങൾ എനിക്കു ചുറ്റും മിന്നിത്തിളങ്ങി. സ്വരശുദ്ധിയാൽ അവളെന്നെ മോഹിതനാക്കി.
വളരെ വളരെ മുമ്പത്തെ ആ ഞായറാഴ്ച്ച ഞാൻ ഓർക്കുന്നു. കാലം അതിനെ നശിപ്പിച്ചെങ്കിലും.
അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു,ഞാനിപ്പോഴും
2
പ്രവാസിയുടെ മടക്കം
ശൂന്യമായ ഒരു വീട്ടിലേക്ക്
ഇന്നുരാത്രി അയാൾ മടങ്ങിയെത്തി.
വാതിൽപ്പടിമേൽ,തിളങ്ങുന്ന ചന്ദ്രനു താഴെ,
ഒരരണ്ട നിഴൽ : വർഷങ്ങൾക്കു മുമ്പയാൾ നട്ട മരം
വയസ്സനായി
No comments:
Post a Comment