Saturday, December 31, 2022

പൂമ്പാറ്റകൾ - നകുലൻ (1922-2007)

 

പൂമ്പാറ്റകൾ
നകുലൻ (1922-2007)

ഉണ്ണൂലിപ്പിള്ളക്കു കണ്ണു ദീനം
കേശവമാധവൻ നാട്ടിലില്ല. ശിവനെപ്പറ്റി ഒരു വിവരവുമില്ല. നവീനൻ ആഗ്രഹിച്ച പോലെത്തന്നെ അവൻ മരിച്ചപ്പോൾ അവന്റെ നാട്ടിലെ ഉറ്റച്ചങ്ങാതിമാർ നീളത്തിലൊരു കുഴികുത്തി അവനെ അതിൽ തലകീഴായി നിറുത്തി അടക്കം ചെയ്തു. എങ്ങും സമാധാനം പരന്നിരിക്കുന്നു. വെയിലിൽ പൂമ്പാറ്റകൾ പറന്നുകൊണ്ടിരിക്കുന്നു.

അവസാനത്തെ അത്താഴം - വിറ്റ് ഗ്രിഫിൻ (യു.എസ്.എ)

 അവസാനത്തെ അത്താഴം

വിറ്റ് ഗ്രിഫിൻ (യു.എസ്.എ)


"ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ

പോർച്ചിൽ നിന്ന്

ആ സ്ത്രീയുടെ ബോഡി കിട്ടി"

ബുക്സ്റ്റോറിന്റെ രണ്ടാം നിലയിൽ നിൽക്കേ

മേരി എന്നോടു പറഞ്ഞു.


"അത്താഴമൊരുക്കുന്നതിനിടയിലാണ്

ചേരുവകളിലൊന്ന് ഇല്ല എന്ന്

ആ സ്ത്രീ അറിഞ്ഞത്.

അതു വാങ്ങാൻ കടയിൽ പോകുന്ന വഴിക്കാണ്

അവളെ കാണാതായത് "


പത്രവാർത്ത

എനിക്കു വായിച്ചു തരുന്നതിനിടെ

മേരി വിതുമ്പാൻ തുടങ്ങി:

"എന്താണ് ആ സ്ത്രീ

പാകം ചെയ്തു കൊണ്ടിരുന്നത്

എന്നറിഞ്ഞാൽ മതി, എനിക്ക്.

അവൾക്കു വേണ്ടി അതു മുഴുമിക്കാൻ

ഞാനാഗ്രഹിക്കുന്നു"


അവർ എങ്ങനെ സ്വയം കണ്ടു? ഡെൻവർ ബട്സൺ (യു.എസ്.എ)

 അവർ എങ്ങനെ സ്വയം കണ്ടു?

ഡെൻവർ ബട്സൺ (യു.എസ്.എ)



അവൾ പറഞ്ഞു:

ഒന്നിച്ചു കൂടി നിൽക്കുന്ന

വലിയ ജനക്കൂട്ടത്തിൽ

ദാ, ആ നിൽക്കുന്നത്

ഞാനാണെന്നു തന്നെ തോന്നുന്നു.


അയാൾ പറഞ്ഞു:

സംഗീതക്കച്ചേരിക്കെത്തിയ കാണികൾക്കിടയിൽ

ശ്രദ്ധിക്കൂ,

കൊട്ടുന്ന ആ കൈകൾ എന്റേതാണ്


അവൾ പറഞ്ഞു:

ഉയരക്കെട്ടിട മുകളിലേറി

ഒറ്റ ഫ്ലാഷിൽ

നഗരഫോട്ടോ ഞാനെടുക്കും.


അയാൾ പറഞ്ഞു:

അവിടെ

ഇരുട്ടിലെവിടെയോ നിന്ന്

കൈവീശിക്കാണിക്കുന്നത്

ഞാനായിരിക്കും

Monday, December 19, 2022

പരിഭാഷ - ഗാരി കാറ്റലാനോ (ഓസ്ട്രേലിയ, 1947 - 2002)

 

പരിഭാഷ

ഗാരി കാറ്റലാനോ (ഓസ്ട്രേലിയ, 1947 - 2002)

ഒരാളെപ്പോലും അവിടെ കാണാനില്ല. എന്നിട്ടും ആ മരനിരക്കു പിന്നിൽ ആരോ ഉണ്ടെന്നു തന്നെ നിങ്ങൾ തീരുമാനിക്കുന്നു, ആ ഭാഗത്തു നിന്നു വരുന്ന ശബ്ദം കേൾക്കുമ്പോൾ. ദാഹിച്ചു വലഞ്ഞൊരു നായ പാത്രത്തിൽ നിന്നു വെള്ളം നക്കിക്കുടിക്കുന്ന ശബ്ദം. അതു ഭദ്രമായി പരിഭാഷപ്പെടുത്താൻ കഴിയുമെന്നു നിങ്ങൾക്കറിയാം : നീല ലോഹപ്പാതമേൽ പതിയെ നടന്നു പോകുന്ന കുതിര.

റെയിൽവേ സ്റ്റേഷൻ ഘടികാരം

റെയിൽവേ സ്റ്റേഷൻ ഘടികാരം



സെക്കന്റ് സൂചിക്കു തടസ്സമില്ലാതെ 

കടന്നുപോകാൻ നിമിഷ സൂചിയും

നിമിഷ സൂചിക്കു തടസ്സമില്ലാതെ

കടന്നുപോകാൻ മണിക്കൂർ സൂചിയും

ഈ ക്ലോക്കിൽ അടുക്കി

ക്രമപ്പെടുത്തി വെച്ചതുകൊണ്ടു മാത്രമാണ്

കാലം എളുപ്പം മുന്നോട്ടുപോകുന്നത്.

ഇതിങ്ങനെ കടത്തിവിടുന്നതിലുണ്ട്

മനുഷ്യന്റെ ഗൂഢാലോചന.

പിടിച്ചിട്ടിരിക്കുന്ന ഈ വണ്ടിയിൽ

എത്ര മണിക്കൂറായി ഞാൻ

കുത്തിയിരിക്കുന്നു!

എക്സ്പ്രസ് തീവണ്ടികൾ 

നിമിഷങ്ങൾ പോലെ

കടന്നുപോകുന്നു.

എന്നിട്ടെന്ത്,

ഈ മണിക്കൂർ വണ്ടി

എത്തേണ്ടിടത്തെത്തിയാലേ

എന്റെ ദിവസം അവസാനിക്കൂ.

നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചു പറയേണ്ട - വിക്കി റെയ്മണ്ട് (ഓസ്ട്രേലിയ, ജനനം: 1949)

 നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചു പറയേണ്ട.

വിക്കി റെയ്മണ്ട് (ഓസ്ട്രേലിയ, ജനനം: 1949)


നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചു പറയേണ്ട.

കാരണം ആരും പറയുന്നതാണത്

ഒരിക്കൽ നാമെല്ലാം വികാരജീവികൾ

മിക്കവാറും പേർ സ്കൂളിനെ വെറുത്തവർ


തോക്കുകളിൽ നിന്നു ശതകോടികൾ സമ്പാദിച്ചയാൾക്കും

സ്വന്തം അമ്മയുടെ വസ്ത്രത്തിൻ മണമോർക്കാൻ കഴിയും

ഇലകൾക്കു മേൽ വീണ മഴയും.


ഇരുണ്ട അലമാര,

പൂച്ചയോടു നിങ്ങൾ പെരുമാറിയ വിധം.

കുട്ടിക്കാലത്തു ചെയ്തതോർത്തുള്ള കുറ്റബോധം

ഒരു തരം വീരസ്യം പറച്ചിൽ തന്നെ.


ഒരു കുഞ്ഞു പ്രേതത്തെക്കുറിച്ചു

പാട്ടു പാടിയതുകൊണ്ട്

നിങ്ങൾക്കൊരപകടവും വരാനില്ല.

കുട്ടിക്കാലത്തെപ്പറ്റിപ്പറയേണ്ട.

ഇപ്പോൾ നിങ്ങളെന്താണെന്നു പറയുക.


ഉപേക്ഷ

 ഉപേക്ഷ


കിടക്കയിൽ 

കൈകാൽ കുടഞ്ഞു ചിരിക്കുന്ന കുഞ്ഞിനെയും

കുഞ്ഞിനെ കൊഞ്ചിക്കുന്ന

അതിന്റെ അച്ഛനേയും വിട്ട്

പിൻവാതിൽ തുറന്ന് പുറത്തിറങ്ങി

റെയിലിന്മേൽ കയറി 

തീവണ്ടിച്ചോട്ടിൽ ചെന്നിരിക്കുന്ന

രാജകുമാരിയുടെ വിഷാദത്തിന്

(മനശ്ശാസ്ത്രജ്ഞൻ പേരെന്തു വിളിച്ചാലും)

തീരുമാനമൊന്നുമായില്ല

കാലമേറെച്ചെന്നിട്ടും

നമ്മുടെ 

(കുടുംബ) 

ചരിത്രത്തിൽ.

Friday, December 16, 2022

ഇരു കര

 ഇരു കര


ഉറങ്ങാൻ പോകുമ്പോഴത്തെ ചിന്തയാണോ

ഉറങ്ങിയുണരുമ്പോഴത്തെ കയ്പ്?

Thursday, December 15, 2022

ഒരു ചെറു ഗാനം - ജെമാൽ ഷാറാ (ഓസ്ട്രേലിയ, ജനനം 1969)

 ഒരു ചെറു ഗാനം

ജെമാൽ ഷാറാ (ഓസ്ട്രേലിയ, ജനനം 1969)


പുൽത്തകിടിയിലൊരു കുരുവിയുറഞ്ഞു

കിടപ്പൂ രാത്രി മുഴുക്കേ മഞ്ഞിൽ

പിന്നെയുദിച്ച തണുത്ത പ്രഭാതം

കൊന്നൂ കുരുവിയെ, ഇപ്പൊളിളംവെയിൽ

വെള്ളക്കോടി പുതപ്പിക്കുന്നു.


കുഞ്ഞൊരു ജീവനൊടുങ്ങുന്നങ്ങനെ,

മന്നിൽ ഋതുക്കൾ ചിലതതു താണ്ടീ

കളികാകളിയായ്, സംശയരഹിതം

സാശ്വാസം കിളിയൊടുവിലറിഞ്ഞൂ,

ഒരു കവിൾ നിറയെ ശ്വാസം മാത്രം 

നില്പു തനിക്കു മൃതിക്കുമിടക്ക്.

Wednesday, December 14, 2022

പാരിതോഷികം ശിവശങ്കർ.എസ്.ജെ. (തമിഴ്)

 പാരിതോഷികം

ശിവശങ്കർ.എസ്.ജെ. (തമിഴ്)



മഴക്കു മുന്നോടിയായ് ഇരുട്ടടഞ്ഞു കൊണ്ടിരിക്കുന്നു.

അമ്പലവട്ടത്ത് പുതുതായി വന്നു ചേർന്ന

വയസ്സൻ യാചകനോടു ഞാൻ ചോദിച്ചു.

"ഒരു ബീഡി തരാമോ?"

"ഒരു പാട്ടു പാടാമോ?"

എന്ന് അതേ ഈണത്തിൽ അയാൾ.

എല്ലാ പിച്ചക്കാരും പാടുന്ന "തറൈമേൽ പിറക്ക വൈത്താനേ" മാറ്റിപ്പിടിച്ച്

"നാളൈ നമതേ" പാടി നിർത്തി, ഞാൻ.


ബീഡിക്കെട്ടിൽ നിന്നു വീണു പോയ ബീഡിയൊന്ന്

സ്വല്പം ഉരുണ്ട് ഇടം വലം പുരണ്ട്

ആശ്വാസപ്പെട്ടു നിൽക്കുന്നു.

തെല്ലു മാറി ഞാൻ തുപ്പി മണ്ണിട്ടു മൂടിയിരുന്ന ചെളിയിൽ ഈച്ച വട്ടമിട്ടരിച്ചു കൊണ്ടിരുന്നു.

ഒരുറുമ്പ് ബീഡിയെ ഉരുമ്മി നോക്കിപ്പോകുന്നു.

പിന്നണിയിൽ വയലിൻ സംഗീതത്തോടു കൂടി

കണ്ണുകളാൽ എന്തോ ഓർക്കുന്നു , വയസ്സൻ.

പെട്ടെന്ന് രണ്ടു മഴത്തുള്ളി നിലത്തേക്കിറങ്ങുന്നു.


മഴയത്ത് പിച്ചപ്പാത്രം തലയിൽ കമഴ്ത്തിക്കൊണ്ട്

നിലത്തു വീണ ബീഡിയെടുത്തു കയ്യിൽ വെച്ച്

കിഴവൻ എനിക്കൊരു പുതിയ ബീഡി നീട്ടുന്നു.

മായക്കാഴ്ച്ചയാവുന്നു.

കിഴവൻ രാജാവായ് മാറി

ചിരിച്ചുകൊണ്ടേ തരുന്നു.

ഞാൻ പുലവനായ് മാറി ഭവ്യതയോടെ വാങ്ങുന്നു.


ആ കുളിർ മഴയിൽ

വയസ്സന്റെ പിച്ചപ്പാത്രം കിരീടം പോലിരിക്കുന്നു.

ഊന്നുവടി ചെങ്കോൽ പോലിരിക്കുന്നു.

ഈ ബീഡിയോ

ആനക്കൊമ്പു പോലെത്തിളങ്ങുന്നു.



നാടു വിടേണ്ട കാലത്ത്

 നാടു വിടേണ്ട കാലത്ത്


പത്തു കൊല്ലം

പണിയില്ലാതലഞ്ഞിട്ടും

നാടുവിട്ടു പോകാൻ വിടാതെ

പിടിച്ചു നിർത്തിയ മലയാളമേ,


"പുറത്തു വല്ലതും ശ്രമിക്ക്"

"പി എസ്സ് സി എഴുതാറില്ലേ?"

"സ്ഥിരം ജോലിയായില്ലല്ലേ?"

"ഇതു കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?"

കേട്ടതായി നടിക്കാതെ

നിന്റെ ശബ്ദത്തിൽ

തല പൂഴ്ത്തി വെച്ചു ഞാൻ

നിന്നക്ഷരങ്ങളിൽ

കുരുങ്ങിപ്പിണഞ്ഞു.

നിന്റെ വള്ളികളിൽ

തൂങ്ങിക്കിടന്നു.


വിട്ടു പോയാൽ

മരിച്ചു പോയേക്കുമെന്നു ഭയന്ന്.


വട്ടം തിരിഞ്ഞു നടന്ന കാലത്ത്

വണ്ടി കേറിപ്പോന്നവർ

ഇന്നെന്നെ വിളിക്കുന്നു

പുറം നാട്ടിൽ ചെന്നു കവിത വായിക്കാൻ.

വിട്ടു പോന്ന കാലത്തിന്റെ മൊഴി

ഇപ്പോൾ കൊതിക്കുന്നോർ.


മുറുക്കെപ്പിടിച്ചതിനാൽ മാത്രം

കയ്യിൽ ഒട്ടി

കവിതയായ് കുരുത്തത്

ഞാൻ അവർക്കു നീട്ടുന്നു.


ജീവിക്കാൻ കൊള്ളാത്ത മലയാളമേ,

നാടു വിടേണ്ട കാലത്ത്

നിന്നിൽ പതുങ്ങിയിരുന്നതു കൊണ്ടു മാത്രം

മരിക്കാതെ പുറത്തു കടന്ന

എന്റെ കാതിൽ 

ഇതാ നീന്തിത്തുടിക്കുന്നു

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്കിണി, തമിഴ് ....


അച്ഛൻ - ഷാങ് സാവോ (ചൈന, 1962 - 2010)

 അച്ഛൻ

ഷാങ് സാവോ (ചൈന, 1962 - 2010)


1962 -ൽ അയാൾക്കറിയാമായിരുന്നില്ല,

തനിക്കെന്തു ചെയ്യാനാകുമെന്ന്.

ചെറുപ്പം, ആദർശവാൻ, യുവസുന്ദര ഇടതൻ

എന്നാൽ ഒരു വലതുപക്ഷക്കാരന്റെ പേരു പേറുന്നവൻ.

ക്സിൻജിയാങ്ങിലെ വീട്ടിൽ നിന്നയാൾ രക്ഷപ്പെട്ട്

വിശപ്പാൽ പള്ളയിൽ കാറ്റു വീർത്തു ചങ്ഷയിലെത്തി.

കുടലും മധുരമുള്ളങ്കിയും ചേർത്ത്

മുത്തശ്ശിയവന്ന് ഒരു പാത്രം സൂപ്പുണ്ടാക്കി, ചുവപ്പനീന്തപ്പഴമൊഴുകി നടക്കുന്നത്.

മുറിയിൽ കുന്തിരിക്കമെരിഞ്ഞു - മോഹവലച്ചുരുളൊന്നു

മേലേക്കു മണത്തു പൊന്തി.


അന്നയാൾ ശരിക്കും

തന്റെ ചാപല്യത്തിന്റെയവസാനത്തിലെത്തിയിരുന്നു.

പുറത്തൊന്നു കറങ്ങാൻ പോകണമെന്നു കരുതി.

തനിക്കു കാണാനാവാത്ത വസ്തുക്കളെ തുറിച്ചു നോക്കി, യുറക്കെച്ചിരിച്ചു.

മുത്തശ്ശിയവന്നൊരു സിഗരറ്റ് കൊടുത്തതു പുകച്ചു - ആദ്യ സിഗരറ്റ്.

വിടുന്ന പുകച്ചുരുളുകളിലൂടെയീ വാക്കുകൾ പറഞ്ഞു: 'പൈശാചികം, അസംബന്ധം'


ഉച്ചക്കയാൾ ടാൻജറിൻ ദ്വീപിൽ ചെന്നല്പമിരുന്ന്

ഓടക്കുഴൽ പരിശീലിക്കാനാലോചിച്ചു.


നടന്നു നടന്നു ചെൽകേ, യവിടേക്കു പോകേണ്ടെന്നു തോന്നി.

തിരിച്ചു വഴി നടക്കേ പെട്ടെന്നുള്ളിലുദിച്ചു:


രണ്ടു സ്വത്വങ്ങളുണ്ടെപ്പൊഴും.

ഒന്ന് അനുസരണയോടെ മുന്നോട്ടു പോകുന്നത്.

മറ്റൊന്ന് അനുസരണയില്ലാതെ മുന്നോട്ടു പോകുന്നത്.

ഒന്നൊരു ചിത്രവിരിപ്പിൻ മിന്നൽപ്പിണരിന്മേൽ പാട്ടുമൂളിയിരിക്കുന്നത്.

മറ്റേത് മെയ് ദിനപ്പാതയിലൂടെ നടക്കുന്നത്,

നശിക്കാത്ത സത്യത്തിൽ ചരിക്കുന്നത്.


അയാൾ ചിന്തിച്ചു: ഇപ്പോളെല്ലാം നല്ലത്, നന്നായിരിക്കുന്നു.


അയാൾ നിന്നു. തിരിഞ്ഞു നിന്നു.

ടാൻജറിൻ ദ്വീപിനു നേർക്കു വീണ്ടും നടന്നു

ആ തിരിയലിൽ

ആകാശത്തിന്നറ്റത്തൊരു അലാറ ഘടികാരം അയാൾ അറിഞ്ഞു.

ആ തിരിയലിൽ ഭൂമിയിലെ ഓരോ താളത്തെയുമയാൾ താറുമാറാക്കി

ആ തിരിയലിൽ പാത അത്ഭുതങ്ങൾ കൊണ്ടു നിറഞ്ഞു

അയാൾ എന്റെ അച്ഛനായിത്തീർന്നു.


Saturday, December 10, 2022

ക്ലാവ്

 ക്ലാവ്



ദിവസങ്ങളേ, മടുത്തു.

എന്റെ അനുഭവങ്ങളെ

അസാധാരണമാക്കിത്തരൂ


കുറേക്കാലം പ്രാർത്ഥിച്ചപ്പോൾ

യാദൃച്ഛികമാവാം,

ഒരു ദിവസം

അസാധാരണങ്ങൾ

മേലേക്കിടിഞ്ഞു വീണു.


മതി മതി, അയ്യോ,

താങ്ങാൻ വയ്യ

എല്ലാം വീണ്ടും 

പഴയപോലാക്കിത്തരൂ,

തീർത്തും സാധാരണം.


ദിവസങ്ങൾക്ക്

മന്ത്രവിദ്യയറിയില്ലല്ലോ.

ഓരോ അനുഭവത്തേയും

വീണ്ടും സാധാരണമാക്കാനായി

അവ മെല്ലെ മെല്ലെ

തലോടിക്കൊണ്ടിരുന്നു,

തോൽവി സമ്മതിച്ച പോലെ.


ആശങ്കയോടെ

ഞാൻ നോക്കുമ്പോളവ

എന്തുകൊണ്ടു തലോടുന്നു?

മൗനം കൊണ്ടു തലോടുന്നു.


ഓരോ അനുഭവത്തിന്മേലും

മൗനം ക്ലാവുപോലെപ്പുരണ്ടു വന്നു.

എല്ലാം വീണ്ടും

സാധാരണമാകുമെന്ന

പ്രതീക്ഷയിൽ.