Thursday, August 14, 2025

എസ്.ജോസഫ് - ആധുനികാനന്തര തലമുറയിലെ പാരമ്പര്യ സ്രഷ്ടാവായ ഒരേയൊരു കവി.

എസ്.ജോസഫ് - ആധുനികാനന്തര തലമുറയിലെ

പാരമ്പര്യ സ്രഷ്ടാവായ ഒരേയൊരു കവി.

പി.രാമൻ

1
പ്രമേയതലത്തിലും ഭാഷാതലത്തിലും കൂടുതൽ ദൈനംദിനാനുഭവ അധിഷ്ഠിതമായി എന്നതാണ് ആധുനിക കവിതയിൽ നിന്ന് തൊണ്ണൂറുകളിലെ ആധുനികാനന്തര തലമുറയിലെത്തുമ്പോൾ സംഭവിച്ച പ്രധാന വ്യത്യാസം.ടി.പി.രാജീവൻ തൊട്ട് കാലടി മോഹന കൃഷ്ണൻ വരെ വലിയൊരു നിര കവികൾ ചേർന്നുണ്ടാക്കിയതാണ് ആ വ്യത്യാസം.ഇക്കൂട്ടത്തിൽ ആധുനികാനന്തര കവിതയെ ഏറ്റവും ജനകീയമാക്കിയത് മൂന്നു കവികളാണെന്ന് ഞാൻ പറയും.പി.പി.രാമച്രന്ദൻ, എസ്.ജോസഫ്, പി.എൻ.ഗോപീകൃഷ്ണൻ എന്നിവരാണവർ. നമ്മുടെ പൊതു കാവ്യബോധത്തോട് നിരന്തരം സംവദിച്ചു പോന്നവരാണവർ. അതുകൊണ്ടു കൂടിയായിരിക്കണം അവരുടെ കവിതക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ആധുനികപൂർവകാവ്യസംസ്കാരത്തെ പുതുകാലവുമായിണക്കി ശില്പഭ്രദമായൊരു തനതു വഴിയുണ്ടാക്കിയതാണ് പി.പി.രാമച്രന്ദന്റെ കവിതകളുടെ പൊതുസ്വീകാര്യതയുടെ ഒരു കാരണം. നീതിബോധത്തിലൂന്നിയ രാഷ്ട്രീയം മുന്നോട്ടുവെച്ചതുകൊണ്ട് ഗോപീകൃഷ്ണന്റെ കവിത ഏറെ ചർച്ചചെയ്യപ്പെട്ടു.

സമൂഹത്തിന്റെ താഴേ തട്ടിലുള്ള മനുഷ്യരുടെ ഭൗതികവും വൈകാരികവുമായ ജീവിതം അസാധാരണമാം വിധം സാധാരണപ്പെടുത്തിയ ഭാഷയിൽ ആവിഷ്കരിച്ചതു കൊണ്ട് എസ്.ജോസഫിന്റെ കവിതക്ക് വ്യാപകമായ സ്വീകാര്യത ലഭിച്ചു. ജോസഫിന്റെ കവിത വൈകാരികമൂല്യത്തെ ഉയർത്തിപ്പിടിക്കുന്നു. സമകാലജീവിത സന്ദർഭങ്ങളെ മുൻ നിർത്തി മനുഷ്യബന്ധങ്ങളേയും അവയെ നിർണ്ണയിക്കുന്ന അടിസ്ഥാനധാരകളേയും ആവിഷ്കരിക്കുകയും പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നതാണ് ജോസഫിന്റെ കവിത. ജാതി, തൊഴിൽ, കുടുംബം, സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥ എന്നിവയെല്ലാം അടിസ്ഥാനധാരകളായി അവയിലുണ്ട്. അവ സമകാല കേരളീയ സമൂഹത്തിലെ വ്യക്തിബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും നിർണ്ണയിക്കുന്ന മുഖ്യ ഘടകങ്ങളുമാണ്.

2

എസ്.ജോസഫിന്റെ കവിതയിലെ ആവിഷ്കാര രീതിയുടെ ചില സവിശേഷതകൾ തുടക്കം തൊട്ടു തന്നെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. 2000-ൽ ആണെന്നോർക്കുന്നു, കവിതക്കൊരിടം എന്ന പുസ്തകത്തിലെ ഒരു കവിതാചർച്ചയിൽ അതെക്കുറിച്ചുളള എന്റെ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കവിതയ്ക്കകത്ത് ഇമേജുകൾ കൊണ്ട് മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്ന രീതിയാണ്. ഇത് കറുത്ത കല്ല് തൊട്ടുള്ള കവിതകളിൽ കാണാം. ഭാഷയുടെ അയവു കൊണ്ട് കവിത അയഞ്ഞു വരുന്ന നേരത്താണ് പെട്ടെന്ന് മൂർച്ചയുള്ള ഒരു ഇമേജ് കടന്നുവരിക. അതോടെ കവിത വീണ്ടും മുറുകുന്നു. ഇങ്ങനെ അയയുകയും മുറുകുകയും വീണ്ടും അയയുകയും ചെയ്യുന്നതിന്റെ ചലനാത്മകത ജോസഫിന്റെ കവിതയെ ഉന്മേഷവത്താക്കുന്നു.

3

ജോസഫിന്റെ കവിത തുടക്കം മുതൽ ജലച്ചായ ചിത്രരചനാ രീതിയെ ഓർമ്മിപ്പിക്കാറുണ്ട്. നിറങ്ങളെ ജലത്തിൽ നേർപ്പിച്ചെടുക്കുന്നതിന്റെയും അവ അടരടരായി കനപ്പിച്ചെടുക്കുന്നതിന്റെയും രീതി. പ്രമേയങ്ങളെ ചാലിച്ചു ചേർക്കുന്ന ഭാഷ അയവുള്ള സംസാര ഭാഷ തന്നെയാണ്. ഈ രീതി ജോസഫിന്റെ കവിതക്കു നൽകുന്ന ലാളിത്യവും പരുക്കൻ പ്രകൃതവും അതിനെ അങ്ങേയറ്റം മൗലികമാക്കുന്നു. ലാളിത്യത്തിന്റെ പല അടരുകൾ ചേർന്നുണ്ടാവുന്ന സങ്കീർണ്ണത എന്നും ഇതിനെ വിശേഷിപ്പിക്കാം.

4

ജോസഫിന്റെ കവിത അതിന്റെ അടിസ്ഥാന ഭാവങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ തിടം വെച്ചു പാകതയെത്തുന്നുണ്ട് ഉപ്പന്റെ കൂവൽ വരയ്ക്കുന്നു പോലുള്ള പിൽക്കാല സമാഹാരങ്ങളിലെത്തുമ്പോൾ. ആദ്യകാല കവിതകൾ ഇഷ്ടപ്പെടുമ്പോൾ തന്നെയും പച്ചപ്പും കാൽപ്പനികാന്തരീക്ഷവും കൂടുതലല്ലേ എന്നൊരു സംശയം എനിക്കുണ്ടാവാറുണ്ട്. എന്നാൽ കവിഞ്ഞു നിന്ന നിറങ്ങളെയും ഭാവങ്ങളെയും പിൽക്കാല കവിതകളിൽ
നേർപ്പിച്ചു നേർപ്പിച്ചു കൊണ്ടുവരാനും അങ്ങനെ സമകാലവുമായി കൂടുതൽ ഇഴുകാനും ജോസഫിന്റെ കവിതക്കു പിന്നീട് കഴിഞ്ഞിട്ടുണ്ട്. ദളിത് സ്വത്വത്തെ സൗന്ദര്യാത്മകമാം വിധം ഉയർത്തിപ്പിടിച്ചു കൊണ്ട് കേരളീയ ദളിത് ജീവിതാനുഭവങ്ങളെ ആഴത്തിൽ ആവിഷ്കരിക്കാൻ ജോസഫിന്റെ കവിതക്കു കഴിഞ്ഞു. മീൻകാരൻ തൊട്ടുള്ള സമാഹാരങ്ങൾ ആ പാകതയുടെ വിളംബരങ്ങളാണ്.

5
ഇടത്തെ (Space) കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് ജോസഫ് കവിതകളിൽ ലഭിക്കുന്ന പ്രാധാന്യം കേരളീയ ദളിത് ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സവിശേഷം പഠിക്കേണ്ടതാണ്. ഭൂപരിഷ്കരണ നിയമം ആത്യന്തികമായി വഞ്ചിച്ചത് ദളിത് ജനതയെയാണ്.
കർഷകത്തൊഴിലാളിക്കു മാത്രം കൃഷിഭൂമി കിട്ടിയില്ല. കോളനികളിലെ രണ്ടോ മൂന്നോ സെന്റിലേക്ക് ദളിത് സമൂഹം ഒതുക്കപ്പെട്ടു. കുറ്റകരമായ ആ അപാകതയെക്കുറിച്ച് ബോധ്യം വന്നിട്ടുപോലും അത് പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം കേരളസമൂഹത്തിൽ ഇന്നോളം നടന്നിട്ടുമില്ല. ഇല്ലായ്മ ഇല്ലായ്മയായും വഞ്ചന വഞ്ചനയായും തന്നെ നിലനിൽക്കുന്നു.ജോസഫിന്റെ ആദ്യകാല കവിതകളിലെ പരന്ന പച്ചപ്പ് ഒരു വഴിയാത്രക്കാരൻ കാണുന്ന പ്രകൃതിവിശാലതയെയാണ് ഓർമ്മിപ്പിക്കുക. ഈ പച്ചപ്പിലലയുമ്പോഴും സ്വന്തമായൊരിടം ഇല്ലാതിരിക്കുക എന്ന ദളിത് അനുഭവത്തെ ആവിഷ്കരിക്കാൻ ഇടം ജോസഫിന്റെ കവിതയിൽ ആവർത്തിച്ചു വരുന്ന രൂപകമാവുന്നു. പിൽക്കാല കവിതകളിൽ പച്ചപ്പിനിടയിലെ ഇരുണ്ട ഇടങ്ങൾ ധാരാളമായി വരുന്നു. പോക്കിടമില്ലാത്ത മനുഷ്യരും. ഇടത്തെക്കുറിച്ചുള്ള ആവർത്തിച്ചു വരുന്ന ആഖ്യാനങ്ങൾ ഇടങ്ങളിൽ നിന്നു തുരത്തപ്പെട്ടതിനെക്കുറിച്ചുള്ള ഒരു ജനതയുടെ സാമൂഹ്യസ്മൃതിയും ഇപ്പോഴും തുടരുന്ന വേദനയുമായി ഈ കവിതകളിൽ നിറയുന്നു.

6

തൻ്റെ എഴുത്തു വഴിയുടെ ചുവടുപിടിച്ച് ഒട്ടേറെ ചെറുതും വലുതുമായ കവികളുടെ വരവിന് നിമിത്തമായിത്തീർന്ന പ്രധാന കവികളെ പാരമ്പര്യ സ്രഷ്ടാക്കൾ എന്നു വിശേഷിപ്പിക്കാം. എല്ലാ മികച്ച കവികളും ഈ നിലയിൽ പാരമ്പര്യ സ്രഷ്ടാക്കളാകണമെന്നില്ല. മൂന്നോ നാലോ കവികളെ ആഴത്തിൽ സ്വാധീനിക്കുന്നതുകൊണ്ടും പാരമ്പര്യ സ്രഷ്ടാവാകുന്നില്ല. തന്നേക്കാൾ കുറഞ്ഞവരും തന്നോളമുള്ളവരും തന്നേക്കാൾ തലയെടുപ്പുള്ളവരുമായ വലിയൊരു നിര കവികളെ തൻ്റെ എഴുത്തു വഴിയിൽ സൃഷ്ടിക്കുന്നയാളെയാണ് ഞാൻ പാരമ്പര്യ സ്രഷ്ടാവായ കവി എന്നു വിളിക്കുക. അങ്ങനെ നോക്കുമ്പോൾ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ രണ്ടു കവികളെയാണ് ആ വിശേഷണത്തിനർഹരായി ഞാൻ പറയുക. വള്ളത്തോളും ചങ്ങമ്പുഴയുമാണവർ.പുരാണാഖ്യാനങ്ങളെ പുതുകാലവുമായി ബന്ധിപ്പിക്കുക, അതുവഴി സമകാലദേശീയതക്ക് പൗരാണിക മാനം നൽകുക, പരിസരത്തിൻ്റെ പ്രകൃതിയും സന്ദർഭങ്ങളും കവിതയിലിണക്കുക, സംസാരഭാഷയോടടുത്തു നിൽക്കുന്ന പദ്യഭാഷ ഉപയോഗിക്കുക എന്നിവ വള്ളത്തോൾ വഴിയുടെ ചില സവിശേഷതകളാണ്. ആത്മപരത, ഏകാകിത, വൈകാരികത, സംഗീതാത്മകമായ പദ്യഭാഷ എന്നിവ ചങ്ങമ്പുഴപ്പാരമ്പര്യത്തിൻ്റെ ചില പ്രത്യേകതകളുമാണ്.തങ്ങളേക്കാൾ കുറഞ്ഞ കവികളെ മാത്രമല്ല, വൈലോപ്പിള്ളി, വയലാർ,ഒ.എൻ.വി തുടങ്ങിയ ഒട്ടേറെ മികച്ച കവികളുടെ ഉയിർപ്പിന് ഈ രണ്ടു പാരമ്പര്യ സ്രഷ്ടാക്കളുടെയും എഴുത്തു വഴികൾ പ്രചോദകമായി.അവരുടെ കാലത്ത് നൂറുകണക്കിനു ചെറു കവികൾ വേറെയും. മറിച്ച് കുമാരനാശാൻ മലയാള കവിതയിലെ ഏറ്റവും തലപ്പൊക്കമുള്ള കവിയാണെങ്കിലും ഈ നിലയിൽ ഒരു പാരമ്പര്യ സ്രഷ്ടാവല്ല.
ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ വൈലോപ്പിള്ളിയോ ഇടശ്ശേരിയോ പി യോ ഈ വിശേഷണത്തിന് അർഹരാണെന്നു ഞാൻ കരുതുന്നില്ല. ഇവരുടെ തലമുറയിൽ ജി.യുടെ കവിതയാണ് അതിനുള്ള പ്രവണത കാണിച്ചതെങ്കിലും അതിന് ആ നിലയിൽ ദൂരവ്യാപകത്വമുണ്ടായിരുന്നില്ല. ആധുനിക കവിതയുടെ മുന്നിൽ നിന്ന അയ്യപ്പപ്പണിക്കർ വലിയൊരു പ്രചോദനശക്തിയായിരുന്നെങ്കിലും ആ കവിതാ വഴിക്ക് ശക്തമായ തുടർച്ചകൾ ഉണ്ടായിട്ടില്ല. സച്ചിദാനന്ദൻ്റെ കവിത മലയാള കവിതാന്തരീക്ഷത്തിൽ പന്തലിച്ച് ആവേശം പകർന്നെങ്കിലും ഒരു സച്ചിദാനന്ദൻ പാരമ്പര്യം ഈ നിലയിലുണ്ടെന്നു തോന്നുന്നില്ല. ആറ്റൂർ, കെ.ജി.എസ് എന്നിവരുടെയും നില ഇതു തന്നെ. രണ്ടോ മൂന്നോ കവികളൊക്കെ ഈ വഴികളിലുണ്ടാവാം എന്നു മാത്രം. എഴുത്തുകാരുടെ ജനകീയത പോലും ഈ പാരമ്പര്യ സൃഷ്ടിക്ക് കാരണമല്ല എന്നത് കൗതുകകരമാണ്. ഉദാഹരണത്തിന്, കടമ്മനിട്ടക്കവിത ഏറെ ജനകീയമെങ്കിലും ഒട്ടേറെക്കവികൾ നിരക്കുന്ന ഒരു പാരമ്പര്യം അതു സൃഷ്ടിച്ചില്ല. മറിച്ച് ധാരാളം പുതിയ ആസ്വാദകരെയാണതു സൃഷ്ടിച്ചത്.ധാരാളം ആരാധകരുള്ള കവിയാണെങ്കിലും ഡി.വിനയച്രന്ദൻ്റെ കവിതയും അങ്ങനെയൊരു തുടരൊഴുക്കിന്റെ തുടക്കമായില്ല.

ഇങ്ങനെ നോക്കിയാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഒട്ടേറെപ്പേരെ എഴുത്തുമേശയിലേക്ക് പ്രലോഭിപ്പിച്ച ഒറ്റക്കവിയേയുള്ളൂ എന്നു കാണാം. മേതിൽ രാധാകൃഷ്ണനാണ് ആ പാരമ്പര്യ സ്രഷ്ടാവ്.കഴിഞ്ഞ നാല്പതിലേറെ വർഷമായി ഏറ്റവും പുതിയ ഭാവുകത്വത്തിൻ്റെ കൊടിയടയാളമായി മലയാളത്തിലെ യുവകവികളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്
മേതിലാണ്. എന്നാൽ അദ്ദേഹം കവിതയേക്കാൾ കരുത്തു കാണിച്ച മാധ്യമമായ ചെറുകഥയിൽ ഇങ്ങനെ ഒരുപാടെഴുത്തുകാരുൾപ്പെടുന്ന ഒരു മേതിലിയൻ പാരമ്പര്യം സൃഷ്ടിച്ചിട്ടില്ല എന്നതും കൗതുകകരമാണ്. ഇന്ന് മലയാള കവിതയിൽ ശക്തമായ സാന്നിധ്യമായ പല പുതു കവികളും ഭാവുകത്വപരമായി മേതിലിയൻ പാരമ്പര്യത്തിലുൾപ്പെടുന്നവരാണ്. ഒരുതരം അപചരിത അന്തരീക്ഷം നിലനിർത്തുക, പരിചിതമായതു പോലും അപരിചിത ഭംഗിയോടെ ആവിഷ്കരിക്കുക, സാഹിതീയതക്ക് അമിത പ്രാധാന്യം നൽകാതെ പ്രകൃതി ശാസ്ത്രമുൾപ്പെടെയുള്ള വിജ്ഞാനശാഖകൾക്കും കായികരംഗം പോലുള്ള മേഖലകൾക്കും പ്രാധാന്യം കൊടുക്കുക, നവസാങ്കേതിക വിദ്യകൾക്കു പ്രാധാന്യം കൊടുക്കുക, ബൗദ്ധികമായിരിക്കേത്തന്നെ വൈകാരികമായിരിക്കുക, രൂപപരതക്കു പ്രാധാന്യം കൊടുക്കുക എന്നിവയെല്ലാം ആ ധാരയുടെ ചില സവിശേഷതകളാണ്. പുതിയ കവികൾ അതോടൊപ്പം പുതുതായി പലതും കൂട്ടിച്ചേർക്കുന്നുമുണ്ട്.മേതിലിൻ്റെ വരവിനു ശേഷം എൺപതുകളിൽ ബാലച്രന്ദൻ ചുള്ളിക്കാട്, എ.അയ്യപ്പൻ എന്നീ കവികളുടെ എഴുത്തു വഴികൾ പുതിയ കുറച്ചു കവികളെ സൃഷ്ടിച്ചെങ്കിലും അതധികകാലം നീളുകയുണ്ടായില്ല. ആ ചുരുങ്ങിയ കാലത്തിനുള്ളിൽ അവരോളം പോന്ന കവികൾ ആ വഴികളിലുണ്ടായതുമില്ല.എന്നാൽ നാല്പതു കൊല്ലം കഴിഞ്ഞ് ഇന്നും മേതിലിയൻ ഭാവുകത്വം കവിതയിലേക്കു വരുന്ന യുവാക്കളെ ആകർഷിക്കുകയും ആ കവികളിൽ പലരും വർത്തമാന മലയാള കവിതയിലെ പ്രമുഖ ശബ്ദങ്ങളായി നിൽക്കുകയും ചെയ്യുന്നതുകൊണ്ടാണ് മേതിൽ പാരമ്പര്യ സ്രഷ്ടാവായ കവിയാണ് എന്നു പറഞ്ഞത്.

തൊണ്ണൂറുകളിൽ രംഗത്തു വന്ന ആധുനികാനന്തര തലമുറയിൽ എസ്.ജോസഫിൻ്റെ കവിത മാത്രമേ ഈ തരത്തിൽ ഒരു പാരമ്പര്യ സൃഷ്ടിക്കുള്ള പ്രവണത കാണിക്കുന്നുള്ളൂ. ആവതും ലളിതമായ സംസാരഭാഷ ഉപയോഗിക്കുക, സൂക്ഷ്മാനുഭവങ്ങൾക്കു പ്രാധാന്യം കൊടുക്കുക, കഥാത്മകമായ അയഞ്ഞഘടന ഉപയോഗിക്കുക, ബിംബങ്ങൾക്കു വേണ്ടി ബിംബങ്ങൾ നിരത്താതെ, പറഞ്ഞു വരുമ്പോൾ വളരെ സ്വാഭാവികമായി ഒട്ടും മുഴച്ചു നിൽക്കാത്ത തരത്തിൽ ഇമേജറി രൂപം കൊള്ളുക എന്നിവയെല്ലാം ഈ ധാരയുടെ ചില സവിശേഷതകളായി തോന്നിയിട്ടുണ്ട്.മറ്റു കവികൾ ഇതോടൊപ്പം പലതും കൂട്ടിച്ചേർക്കുന്നുമുണ്ട്. ധാരാളം പുതിയ എഴുത്തുകാരെ കവിതയുടെ വഴിയിലേക്കു നയിക്കാൻ ജോസഫിന്റെ കവിതക്കു കഴിഞ്ഞു. എന്റെ ശബ്ദത്തിന് മലയാള കവിതയിൽ ഇടമുണ്ട് എന്ന് ഒട്ടേറെ പുതിയ കവികളെ ആത്മവിശ്വാസപ്പെടുത്താൻ ജോസഫിന്റെ കവിതക്കു കഴിഞ്ഞു.സ്വന്തമായൊരു പാരമ്പര്യം സൃഷ്ടിക്കാൻ പോന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ കവി ജോസഫ് തന്നെയാണ്. 'പാരമ്പര്യ സൃഷ്ടിക്കുള്ള ്രപവണത' എന്നു പറഞ്ഞത്, ആ സ്വാധീനത്തിൻ്റെ സ്ഥായിത്വം നിശ്ചയിക്കാൻ കുറച്ചു കാലം കൂടി കഴിയേണ്ടതുണ്ട് എന്നതുകൊണ്ടാണ്.കഴിഞ്ഞ നാല്പതു വർഷം കൊണ്ടു ശക്തിപ്പെട്ടു വന്ന മേതിലിയൻ പാരമ്പര്യവും കഴിഞ്ഞ
കാൽനൂറ്റാണ്ടായി ശക്തിപ്പെട്ടു വരുന്ന ജോസഫിയൻ പാരമ്പര്യവുമാണ് വർത്തമാനകാല മലയാള കവിതയിലെ രണ്ട് പ്രബല ധാരകൾ. അപൂർവം ചില കവികൾ മാത്രം ഇങ്ങനെ പാരമ്പര്യ സ്രഷ്ടാക്കളാകുന്നത് സൗന്ദര്യശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകൾ കാരണമാണ്. ജോസഫിന്റെ കവിതകൾ മുൻനിർത്തി ഇക്കാര്യം ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ഒരു സാമാന്യാവലോകനം മാത്രമായ ഈ കുറിപ്പിൽ ഇതൊന്നു സൂചിപ്പിക്കുകയേ ചെയ്യുന്നുള്ളൂ.

എന്തു ചെയ്‌വൂ ഞാൻ!

എന്തു ചെയ്‌വൂ ഞാൻ!



ചങ്ങമ്പുഴ സംഗീതക്കച്ചേരികൾ പതിവായി കേട്ടുവന്നിരുന്ന ആളാണോ എന്നെനിക്കറിയില്ല. എങ്കിലും ഒന്നുറപ്പ്. മലയാള കവിതയിൽ സംഗീതത്തിൻ്റെ സാദ്ധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ കവിയാണദ്ദേഹം.ലയം, ഒഴുക്ക്, സംഗീതാത്മകത, ദ്രാവിഡ സംസ്കൃത വൃത്ത വൈവിധ്യത്തിലെ നൈപുണ്യം എന്നിവയെല്ലാം ചങ്ങമ്പുഴക്കവിതയോടു ചേർത്തുവയ്ക്കാവുന്ന സവിശേഷതകളാണ്.

കർണ്ണാടകസംഗീതത്തോട് ഇണങ്ങിനിൽക്കുന്നു ഭക്തിയും ശൃംഗാരവും. സംഗീതം, ശൃംഗാരം, വിഷാദം എന്നിവ ചങ്ങമ്പുഴക്കവിതയോടു വളരെ ഇണങ്ങി നിൽക്കുന്നു. ചങ്ങമ്പുഴക്കു മുമ്പ് സംഗീതവും ശൃംഗാരവും കവിതയും ചേർന്ന കൂട്ട് മലയാള കവിതയിൽ നാം കാണുന്നത് മച്ചാട്ടിളയതിൻ്റെ തിരുവാതിരപ്പാട്ടുകൾ, ആട്ടക്കഥകളിലെ ശൃംഗാരപദങ്ങൾ എന്നിവയിലാണ്. ചങ്ങമ്പുഴയുടെ ഈ പൂർവ്വബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന് തിരുവാതിരപ്പാട്ടുകളിലെ ലാസ്യശൃംഗാരവും ലാളിത്യവും സംഗീതാത്മകതയും ചങ്ങമ്പുഴ സ്വാംശീകരിച്ചതായി മുമ്പു പലരും ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ ചങ്ങമ്പുഴയിൽ നാം തെളിഞ്ഞു കാണുന്ന കവിത, സംഗീതം, ശൃംഗാരം, വിഷാദം എന്ന മേളനത്തിൻ്റെ പൂർവ്വമാതൃകകളെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടന്നതായി കാണുന്നില്ല. ആ വഴിക്കുള്ള ഒരു ലഘു നിരീക്ഷണം മാത്രമാണ് ഈ ചെറുകുറിപ്പ്.

സ്വാതി തിരുനാളിൻ്റെ സംഗീതകൃതികൾ അച്ചടിച്ചു പ്രകാശിപ്പിച്ച ചിദംബര വാധ്യാർ ആ പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പിൽ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതിതിരുനാളിൻ്റെ മലയാള പദങ്ങൾക്കുള്ള പ്രചാരത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. ചങ്ങമ്പുഴക്കവിതയെ സ്വാധീനിക്കാൻ സ്വാതി തിരുനാൾ കൃതികൾക്കു കഴിഞ്ഞിട്ടുണ്ട് എന്ന് അവ താരതമ്യം ചെയ്തു പരിശോധിക്കുമ്പോൾ വ്യക്തമാകും. നേരത്തേ സൂചിപ്പിച്ച പോലെ കവിത , സംഗീതം, ശൃംഗാരം, വിഷാദം എന്നിവ ചേർന്നു രൂപപ്പെട്ട സവിശേഷ ഭാവുകത്വമാണ് ചങ്ങമ്പുഴക്ക് സ്വാതിതിരുനാളിലൂടെ കൈവന്ന പാരമ്പര്യം എന്ന് അപ്പോൾ കാണാനാകും. സ്വതിതിരുനാൾ എഴുതിയ മലയാള പദങ്ങളിലാണ് ഈ കൂട്ട് ഏറ്റവും നന്നായി വിളങ്ങുന്നത്.

കാമുകനെ കാത്തിരിക്കുന്ന വിരഹിണിയായ കാമുകി തൻ്റെ പ്രണയദുഃഖം തോഴിയോടു പറയുന്ന തരത്തിൽ എഴുതിയവയാണ് പദങ്ങൾ മിക്കതും. കാത്തിരിക്കുന്ന വിരഹിണിയായ കാമുകി താനും കാമുകൻ ശ്രീപത്മനാഭനുമാണ്.

പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം
പൂണ്ടു വലഞ്ഞീടുന്നേൻ കാമിനി

കാന്തഗുണനാകുമെൻ കാന്തൻ ശ്രീപത്മനാഭൻ
സ്വാന്തേ മോദം കലർന്നു സപദി വരുന്നതെന്ന്?

എന്ന് ഉത്ക്കണ്ഠയോടെ കാത്തിരിക്കുന്ന കാമുകിയുടെ ആത്മഭാവത്തിലെഴുതിയവയാണീ പദങ്ങൾ. ഈ പദങ്ങളിൽ ഗാനരചയിതാവ് ധാരാളമുപയോഗിച്ചിട്ടുള്ള ഒരു പദമാണ് രമണൻ എന്നത്. രമണ എന്ന സംബോധന പല പദങ്ങളിലുണ്ട്. കാത്തിരിക്കുന്ന എന്നെ രമണൻ ചതിച്ചു. അതാണ് എൻ്റെ ദുഃഖം എന്നു പദങ്ങൾ പാടുന്നു. രമണനും ചതിയും പ്രണയദുഃഖവും പദങ്ങളിൽ ചേർന്നു വരുന്നു. മാതൃകക്ക് ഒരു പദത്തിലെ പല്ലവി, അനുപല്ലവി രണ്ടു ചരണങ്ങൾ എന്നിവ നോക്കൂ:

എന്തു മമ സദനത്തിലിന്നു വന്നൂ രമണ,
ഹന്ത മാർഗ്ഗം മറന്നിതോ ചെന്താർശരസമാകാര!

തരുണമയി തവ പൂർവ്വമിരുന്ന രാഗം കുറഞ്ഞധുനാ
പരകാമിനിമാരിൽ ക്രമേണ വിരവിൽ വളർന്നയ്യോ
അരമഹഹ മാമക നാമാകർണ്ണനമതും തവ
വിരസതമമെന്നു തവ കരുണാ ഞാനറിഞ്ഞേനഹോ!

കമനി നിന്നെയൊരിക്കലും ഞാൻ കിമപി വെടിവതില്ലെന്നു
മമതയോടു പറഞ്ഞതെല്ലാം മാന്യ നീ മറന്നോ?
കമലബാണ വിവശമാകും പ്രമദാജനത്തിനേ
പത്മസമവദന സഹസാ ബത ചതിവു ചെയ്തതുചിതമോ തവ

രമണനും ചതിയും ഇവിടെ ചേരുന്നു. "രമണൻ മറന്നതെന്ത്? പ്രമദാജനത്തോടോ വഞ്ചന വേണ്ടൂ" (കുളിർമതിവദനേ) എന്ന് മറ്റൊരു പദത്തിൽ. കാമുകന് കനിവു കുറഞ്ഞെന്നും അന്യകമനിക്കവൻ വശനായെന്നും വേറൊരു പദത്തിൽ(ഖിന്നത പൂണ്ട്) രമണൻ എന്നത് സംബോധനയായും ചതി,വഞ്ചന എന്നീ പദങ്ങൾ രമണൻ്റെ ചെയ്തിയായും മദനൻ എന്ന വാക്ക് കാമദേവൻ എന്ന അർത്ഥത്തിൽ വിശേഷണമായും ഈ പദങ്ങളിൽ പല തവണ പ്രയോഗിക്കുന്നുണ്ട്. മദനകദനമലം തീർക്കുവാൻ വരും നായകൻ (ഹേമഭാസുരാംഗനാകുമെൻ) എന്ന പദത്തിലെ മദനകദനം എന്ന സമസ്തപദം ശ്രദ്ധിക്കുക.

സുദതി ചൊൽക നീ താപം മേ രമണനൊടു
മദനവിശിഖമേറ്റു മാനസം മമ ഹാ തളർന്നധികം (സുദതി)

എന്ന ചരണത്തിൽ രമണൻ,മദനൻ എന്നീ പേരുകൾ അടുത്തടുത്തു വരുന്നു. ഈ ചേർപ്പിൽ നിന്ന് ചങ്ങമ്പുഴയുടെ രമണനിലെത്താൻ ഈ സവിശേഷഭാവുകത്വത്തിന് നൂറു കൊല്ലം വേണ്ടിവന്നു!

എന്തുചെയ്‌വൂ ഞാൻ എന്ന കാതരഭാവമാണ് സ്വാതിതിരുനാൾ പദങ്ങളുടെ സത്ത. സ്ത്രൈണഭാവത്തിലേക്ക് സ്വയം പകർന്നാണ് സ്വാതി ശ്രീപത്മനാഭനെ കാത്തിരിക്കുന്നത്. സ്ത്രീയായുള്ള ഈ പകർന്നാട്ടത്തിന് ഇന്നു വായിക്കുമ്പോൾ ലിംഗരാഷ്ട്രീയപരമായ പ്രസക്തി അനുഭവപ്പെടുന്നു. ഇതേ തരം സ്ത്രൈണഭാവം ചങ്ങമ്പുഴക്കവിതയിലും പലപ്പോഴും അനുഭവിച്ചറിയാവുന്നതാണ്. ഇത്തരം കാരണങ്ങളാൽ സ്വാതിതിരുനാളിൻ്റെ പദങ്ങൾ വായിക്കുമ്പോൾ ഞാൻ ചങ്ങമ്പുഴയെ സ്വാഭാവികമായും ഓർക്കുന്നു. സ്വാതിതിരുനാളിനു ശേഷം രമണൻ എന്ന പേര് ഉയർത്തിപ്പിടിച്ചത് ചങ്ങമ്പുഴയാണ്. രമണൻ അല്ല ചതിക്കുന്നത്, രമണനെയാണ് എന്ന വ്യത്യാസം ചങ്ങമ്പുഴയിൽ പ്രധാനമാകുന്നു. കവിത, സംഗീതം, ശൃംഗാരം, വിഷാദം, സ്ത്രൈണത എന്ന കൂട്ട് ചങ്ങമ്പുഴയിൽ പൂർണ്ണത പ്രാപിക്കുന്നതിനു മുമ്പ് സ്വാതിതിരുനാൾസംഗീതത്തിലൂടെ ആ ഭാവുകത്വം കേരളക്കരയിൽ അടയാളപ്പെട്ടു കഴിഞ്ഞിരുന്നു. ചങ്ങമ്പുഴക്കവിതയുടെ ഭാവുകത്വ പശ്ചാത്തലത്തിൽ സ്വാതിസംഗീതം കൂടിയുണ്ട് എന്നു ചുരുക്കം.















നാടുവാഴി നളനും നാടുവാണ ഭാവുകത്വവും

നാടുവാഴി നളനും നാടുവാണ ഭാവുകത്വവും


1

ഭാവഗായകൻ എന്നു വിശേഷിപ്പിക്കാറുള്ള ജയചന്ദ്രൻ പാടിയ പ്രശസ്തമായ രണ്ടു ചലച്ചിത്രഗാനങ്ങളാണ് ഹർഷബാഷ്പം തൂകി, ഏകാന്ത പഥികൻ ഞാൻ എന്നിവ. 1971 ൽ പുറത്തിറങ്ങിയ മുത്തശ്ശി, ഉമ്മാച്ചു എന്നീ സിനിമകളിലേതാണ് യഥാക്രമം ഈ പാട്ടുകൾ.ഏകാന്തത, വിഷാദം, ശൃംഗാരം, പ്രണയഭാവം, തത്വചിന്താപരത, വൈയക്തികത തുടങ്ങിയ ഭാവ- ബോധങ്ങളും സംഗീതാത്മകതയും ചേർന്ന ഒരു കൂട്ടാണ് ഈ ഗാനങ്ങളുടെ ഭാവുകത്വപരമായ സവിശേഷത. ഏകാന്തപഥികൻ ഞാൻ എന്ന പാട്ടിൽ "എവിടെ നിന്നെത്തിയെന്നറിഞ്ഞീലാ എവിടേക്കു പോകുന്നെന്നറിവീലാ" എന്ന നിതാന്തമായ മർത്യവേവലാതി തുടിച്ചു നിൽക്കുന്നുമുണ്ട്. 

ഇതേ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ഒട്ടേറെ പാട്ടുകൾ യേശുദാസും മറ്റു പലരും പാടിയത് നമ്മുടെ ഓർമ്മയിലുണ്ടാകും. മലയാളിമനസ്സിൽ നിന്ന് ഒരിക്കലും മായാത്തവയാണ് ഈ പാട്ടുകളെല്ലാം. ഇതേ കൂട്ട് നമ്മുടെ ഗാനശാഖയിൽ സിനിമാഗാനങ്ങൾക്കു മുമ്പേ തന്നെ പ്രചരിച്ചിട്ടുള്ളതാണ്. സ്വാതിതിരുനാളിൻ്റെ പദങ്ങൾക്കു ലഭിച്ച പ്രചാരമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സ്വാതിതിരുനാൾ കൃതികൾ ആദ്യമായി സമാഹരിച്ചു പ്രസിദ്ധീകരിച്ച കെ എം ചിദംബരവാധ്യാർ പദങ്ങളുടെ പ്രചാരത്തെപ്പറ്റി ഇങ്ങനെ എഴുതിയിട്ടുണ്ട്: "ഈ മണിപ്രവാളപദങ്ങൾ തിരുവിതാംകോട്ടു സംസ്ഥാനത്തിൽ മാത്രമല്ല കൊച്ചിയിലും മലബാറിലും സംഗീതവാസനയുള്ളവർ പാടി വരുന്നു" കാമുകൻ്റെ വരവു കാത്തിരിക്കുന്ന കാമുകിയുടെ നിലയിൽ ശ്രീപത്മനാഭൻ്റെ വരവു പ്രതീക്ഷിച്ചിരിക്കുന്ന ഭക്തനായ തന്നെത്തന്നെ അവതരിപ്പിക്കുന്നവയാണ് ആ പദങ്ങൾ. കാമുകൻ വരുന്നില്ല എന്ന സങ്കടം തോഴിയോടു പറയുന്ന മട്ടിലെഴുതിയതാണവ. നേരത്തേ സൂചിപ്പിച്ച ചലച്ചിത്രഗാനങ്ങളിൽ നാം കണ്ട അതേ ഭാവുകത്വത്തിൻ്റെ സംഗീതം ഈ പദങ്ങളിലും കേൾക്കാം.

പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം
പൂണ്ടു വലഞ്ഞീടുന്നേൻ കാമിനി
കാന്തഗുണനാകുമെൻ കാന്തൻ ശ്രീപത്മനാഭൻ
സ്വാന്തേ മോദം കലർന്നു സപദി വരുന്നതെന്ന്?

അലർശര പരിതാപം, അളിവേണീ തുടങ്ങിയ പ്രശസ്തമായ പദങ്ങളിലെല്ലാം വിഷാദം - ശൃംഗാരം - ഏകാന്തത - സംഗീതം എന്ന കൂട്ട് അനുഭവിക്കാനാകും. ഇത് ഒരു മലയാളി ഭാവുകത്വം തന്നെയാക്കി പടർത്തിയതിൽ ഗാനങ്ങൾക്കെന്നപോലെ കവിതകൾക്കും വലിയ പങ്കുണ്ട്. ചങ്ങമ്പുഴക്കവിതയിൽ ആളിക്കത്തിയത് ഇതേ കൂട്ടല്ലാതെ മറ്റെന്ത്? ഈ ഭാവുകത്വമല്ലാതെ നമുക്ക് എന്താണ് കാല്പനികത? ഈ ഭാവുകത്വത്തിൻ്റെ വേര് പിന്നിൽ ചെന്നു തൊടുന്ന കൃതിയാണ് നളചരിതം ആട്ടക്കഥ. ചുരുക്കിപ്പറഞ്ഞാൽ, മലയാളിയുടെ ആസ്വാദനശീലത്തെ ഇന്നും നിയന്ത്രിക്കുന്ന ഒരു സവിശേഷ ഭാവുകത്വത്തിനു തുടക്കം കുറിച്ച കൃതിയാണ് നളചരിതം ആട്ടക്കഥ.

കഥകളിയരങ്ങാണ്, രംഗവേദിയാണ് ഇതിന് പശ്ചാത്തലമൊരുക്കിയത് എന്നത് എടുത്തു പറയേണ്ടതുണ്ട്. നൃത്ത നാട്യ വാദ്യ സംഗീത സാഹിത്യങ്ങളുടെ സംഗമം കളിയരങ്ങിലുണ്ട്. കലർപ്പ് എന്നത് രംഗകലകൾക്കു പൊതുവേയും കഥകളിക്കു വിശേഷമായും ഉള്ള പ്രത്യേകതയാണ്. കലർപ്പ് കേരളീയ സംസ്ക്കാരത്തിൻ്റെ തന്നെ മുഖമുദ്രയായി ചരിത്രത്തിലൂടെ ബലപ്പെട്ടു വരുന്നുണ്ട്. വെള്ളം കടക്കാത്ത തനിത്തനി അറകളായല്ല നമ്മുടെ കലകളും സാഹിത്യവും വികസിച്ചത്. പല ഭാവങ്ങളുടെയും സംഗീത സാഹിത്യങ്ങളുടെയും കൂട്ട് അഥവാ കലർപ്പ് ഒരു ഭാവുകത്വത്തെ നിശ്ചയിക്കുന്നു എന്നത് പ്രധാനമാണ്. അരങ്ങാണ് ഇതിനു പശ്ചാത്തലമൊരുക്കിയത് എന്നത് സ്വാഭാവികം. കലർപ്പ് പ്രധാനമാകുന്നതോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ വ്യക്തിത്വവും കഥകളിയിൽ പ്രധാനമായി. പച്ച, കത്തി, താടി, മിനുക്ക് എന്നിങ്ങനെ ടൈപ്പ് കഥാപാത്രമായിരിക്കെത്തന്നെ അവരുടെ വ്യക്തിത്വത്തെ തുറന്നു കാണിക്കാൻ കഥകളിക്കു കഴിഞ്ഞു. നടന്മാരുടെ നടന വ്യക്തിത്വത്തെ കഥാപാത്ര വ്യക്തിത്വമായി ചേർത്തു വക്കാൻ പോലും കളിയരങ്ങ് ശ്രദ്ധവച്ചു. നളനുണ്ണി, ബാലി ഓതിക്കൻ, ഭീമൻ കേശവപ്പണിക്കർ എന്നിങ്ങനെ പല കളിക്കാരും പേരു നേടി. നാലാം ദിവസത്തിലെ ദമയന്തിയായി ആടുമ്പോൾ താൻ എങ്ങനെയാണ് ആ കഥാപാത്രത്തോട് താദാത്മ്യപ്പെടുന്നത് എന്ന് അടുത്ത കാലത്ത് കോട്ടക്കൽ ശിവരാമൻ വൈകാരികതയോടെ എഴുതിട്ടുണ്ടല്ലോ.

പ്രണയവും ഏകാന്തതയും പ്രതീക്ഷയും വിഷാദവും നിരാശയും തത്വചിന്താപരതയും വൈയക്തിക ബോധവും സംഗീതാത്മകതയും ഇങ്ങനെ ഒരൊറ്റ കൂട്ടായി ഒരുമിക്കുന്ന ഒരു കൃതി നളചരിതത്തിനുമുമ്പ് മലയാളത്തിൽ ഇല്ല. നളചരിതത്തിനു ശേഷം സ്വാതി തിരുനാളിൻ്റെ മലയാള പദങ്ങളിലൂടെയും പത്തൊമ്പതാം ശതകാന്ത്യം തൊട്ട് മറ്റൊട്ടേറെ കൃതികളിലൂടെയും ഈ കൂട്ട് മലയാള സാഹിത്യത്തിൻ്റെ മുഖ്യധാരയിൽ ഉറയ്ക്കുകയും ചെയ്തു. നളചരിതത്തിനു മുമ്പ് ഏകാന്തതയും വിഷാദവും വൈയക്തികതാബോധവും തത്വചിന്താപരതയും ഒത്തുചേർന്നതായി കാണുന്ന ഒരേയൊരു കൃതി മലയാളത്തിൽ ജ്ഞാനപ്പാന മാത്രമേയുള്ളു. അങ്ങനെ ജ്ഞാനപ്പാനയിൽ തുടക്കം കുറിക്കുന്ന പുതിയൊരു ഭാവുകത്വം പ്രബലമാവുകയാണ് നളചരിതം ആട്ടക്കഥയിൽ.

വ്യക്തിശബ്ദം മലയാള സാഹിത്യത്തിൽ ആദ്യമായി കേൾക്കുന്നത് പൂന്താനത്തിൻ്റെ പാനയിലൂടെയാണ്. അതിനു മുമ്പു കേട്ടതെല്ലാം സംഘശബ്ദങ്ങളുടെ പ്രതിനിധാനങ്ങളായിരുന്നു. മലയാളം രൂപപ്പെടും മുമ്പ് പഴന്തമിഴ് സാഹിത്യത്തിലെ അകം കവിതകളിൽ പ്രണയാതുരരായ കമിതാക്കളുടെ മനസ്സ് നാം വായിച്ചിട്ടുണ്ട്. എന്നാൽ മലയാളം പ്രത്യേക ഭാഷയായി രൂപം കൊണ്ടതു മുതൽ കേട്ടതെല്ലാം സംഘശബ്ദങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ഭാവുകത്വ പരിണാമങ്ങൾക്കു പിന്നിൽ തീർച്ചയായും ചരിത്രപരമായ കാരണങ്ങൾ ഉണ്ടായിരിക്കും. രാമചരിതം തൊട്ടിങ്ങോട്ട് പ്രസ്ഥാനം പാട്ടായാലും മണിപ്രവാളമായാലും അത് സംഘശബ്ദം തന്നെ. പാട്ടു പ്രസ്ഥാനം ഊഴിയിൽ ചെറിയവരുടെ സംഘശബ്ദമായിരുന്നെങ്കിൽ മണിപ്രവാളം, ഇവിടെ കുടിയേറി അധികാരശക്തിയായി മാറിയ ബ്രാഹ്മണരുടെ സംഘശബ്ദമായിരുന്നു. മണിപ്രവാള കൃതികളിൽ സംഭോഗ വിപ്രലംഭശൃംഗാരങ്ങളുടെ ആവിഷ്ക്കാരമുണ്ടെന്നതു ശരി തന്നെ. പക്ഷേ ശരീരവർണ്ണനകളിൽ മാത്രം രമിക്കുന്ന ആ കൃതികളിൽ പ്രണയഭാവമോ അതിൻ്റെ വൈയക്തികതയോ കാണാനാവില്ല. എഴുത്തച്ഛൻ്റെ കൃതികളിൽ പോലും ഈ മാറ്റം ദൃശ്യമല്ല. അങ്ങനെ സംഘബോധത്തിൽ നിന്ന് അല്ലെങ്കിൽ ഗോത്രബോധത്തിൽ നിന്നു വിട്ടകന്ന് പുതിയൊരു വ്യക്തിബോധം മുളപൊട്ടുന്നത് കാണാനാവുന്നു എന്നതു കൂടിയാണ് ജ്ഞാനപ്പാനയുടെ സാഹിത്യചരിത്രപരമായ പ്രാധാന്യം. ഏതാണ്ടൊരു നൂറു കൊല്ലം കൂടി കഴിയേണ്ടിവന്നു ഈ നവഭാവുകത്വത്തിന് നളചരിതത്തിലൂടെ ഉറച്ച പ്രതിഷ്ഠാപനം ലഭിക്കാൻ.

2

ഈ നൂറു കൊല്ലം എന്നത് കൊളോണിയൽ ശക്തികൾ ഇവിടെ ചുവടുറപ്പിക്കുന്ന കാലമാണ്.കേരളചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ കാലം എന്നു പറയാം. തിരുവിതാംകൂറിലൊഴികെ മറ്റൊരിടത്തും പ്രാദേശിക ഭരണാധികാരികൾ പ്രബലരായിരുന്നില്ല. കോഴിക്കോട്ടെ സാമൂതിരിക്ക് 13,14,15നൂറ്റാണ്ടുകളിലുണ്ടായിരുന്ന പ്രബലത പിന്നീട് കുറഞ്ഞുവരികയാണ്. അധികാരത്തിനു വേണ്ടി പരസ്പരം പോരടിക്കുന്ന സ്വരൂപങ്ങളുടെ കാലമാണത്. പ്രബലത നേടിയ സ്വരൂപങ്ങളിൽ പോലും താവഴിത്തർക്കങ്ങളും മൂപ്പിളമത്തർക്കങ്ങളും വ്യാപകമായിരുന്നു. അധികാരത്തിനുവേണ്ടിയുള്ള ഹിംസ വ്യാപകമായിരുന്നു എന്നതിനു തെളിവാണ് അക്കാലത്തുണ്ടായ പടപ്പാട്ടുകളെല്ലാം. ഈ സാഹചര്യത്തിലാണ് വിദേശക്തികൾ കച്ചവടത്തിനപ്പുറമുള്ള കൊളോണിയൽ താല്പര്യങ്ങളിലേക്കു കടക്കുന്നത്. കച്ചവടത്തിൻ്റെയും കടലിനു മേലുള്ള അധീശത്വത്തിൻ്റെയും കുത്തക പിടിച്ചെടുക്കാനായി മുസ്ലീം കച്ചവടക്കാരുമായി നിരന്തരം ഹിംസാത്മകമായ കലാപങ്ങളിൽ പോർച്ചുഗീസുകാർ ഏർപ്പെട്ടു. മുസ്ലീങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. മതപീഡനങ്ങളും അടിമവ്യാപാരവും വ്യാപകമായിരുന്നു. പരസ്പരം തല്ലുന്ന നാടുവാഴിസ്വരൂപങ്ങളിലെ അധികാരാസക്തർ കാര്യസാദ്ധ്യത്തിനായി വിദേശശക്തികളെ ആശ്രയിക്കാൻ തുടങ്ങി. 17-ാം നൂറ്റാണ്ടിലെഴുതപ്പെട്ടതെന്നു കരുതാവുന്ന ഹര്യക്ഷമാസസമരോത്സവം പടപ്പാട്ടിൽ അക്കാലത്തെ ഹിംസയുടെ ഒരു നേർച്ചിത്രം കാണാം. താവഴിത്തർക്കത്തിൽ അധികാരഭ്രഷ്ടനായ വീരകേരളവർമ്മ എന്ന മൂത്ത താവഴിയിൽ പെട്ട കൊച്ചിരാജാവ് തർക്കത്തിലിടപെടാനും പോർച്ചുഗീസുകാരിൽ നിന്ന് രക്ഷ നൽകാനുമായി ഡച്ചു സൈനികമേധാവികളെ ചെന്നു കണ്ട് സഹായമഭ്യർത്ഥിക്കുന്നതിൻ്റെ വിവരണമുണ്ട് അതിൽ.
കുംഭഞ്ഞിയെന്നോരു വമ്പൻ കൊലയാന
വമ്പോടു വാഴും പ്രകാരം മനോഹരം
എന്ന് ഹിംസാത്മകത തന്നെ സൗന്ദര്യമായി വാഴ്ത്തപ്പെടുന്നു. കമ്പനിയെ (കുംഭഞ്ഞി) ചെന്നുകണ്ട് തൻ്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുകയാണ് ആ അധികാരഭ്രഷ്ടൻ.
ഛിദ്രവും ശത്രുവും ബന്ധുക്കളും ചില
സിദ്ധാന്തവും കൊണ്ടു നാടു വേർപെട്ടു ഞാൻ
ചത്തു രക്ഷിച്ച പറങ്കിയും കൈവിട്ടു
ശക്തിയുള്ളോർ ചിലർ നാടുമടക്കിനാർ

തുടർന്ന് ഈ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിക്കുകയാണ് ഡച്ചുകാർ. പിന്നീടുണ്ടായത് ചരിത്രത്തിലെ വലിയ ഹിംസകളിലൊന്ന്. ആ ഹിംസയുടെ ഒരു വിവരണം നോക്കൂ:

ഹരഹര! മരിച്ചവരുടെ ദേഹം
നിരനിരക്കെ വീണൊരുപോലെ തന്നെ
അടർക്കളത്തിലും പെരുംകുളത്തിലും
അടുക്കളയോടു നടുമുറ്റത്തിലും
കിണറ്റിലുമൊക്കെക്കുഴിയിലും പിന്നെ
ഇടക്കെട്ടിലും കോവണിക്കു താഴെയും
നടപ്പുരയിലും ഭഗവതിയുടെ
നടയിലും കോയിലകത്തുമുണ്ടല്ലോ
കളിമാളികമേലുടൻ പള്ളിയറ
കുളപ്പുരയിലും മറപ്പുരയിലും
അരിയ തേവാരപ്പുരയൂട്ടുപുര-
യരികത്തുള്ള വീടുകളിലുമൊക്കെ
നിറഞ്ഞിതേ ശവം,ഒലിക്കുന്നൂ ചോര

ഇത് മുമ്പ് എഴുത്തച്ഛനുൾപ്പെടെയുള്ളവരുടെ കൃതികളിൽ കണ്ട ഭാവനാത്മകമായ യുദ്ധവർണ്ണനയല്ല. ഹിംസയെ ചൂഴ്ന്ന ഐതിഹാസികമായ ആരവാരങ്ങളല്ല, നിശ്ശബ്ദതയുടെ ഉദ്വേഗജനകമായ ആഴമാണ് ഈ വരികളിൽ അനുഭവിക്കാനാവുന്നത്.ഇങ്ങനെ വളരെയേറെ ഹിംസാത്മകമായ ഒരു കാലം താണ്ടി വരുന്ന കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ. പൂന്താനത്തിനും ഉണ്ണായിക്കും ഇടയിലുള്ള കാലത്തിലെ അധികാരമത്സരങ്ങളുടെയും അതിൻ്റെ ഹിംസാത്മതയിൽ നിന്നുണ്ടാകുന്ന വിഷാദ നിരാശകളുടെയും പശ്ചാത്തലത്തിൽ കൂടി വേണം നളചരിതം വായിക്കാൻ എന്നതുകൊണ്ടാണ് ഈ ഭാഗം ഇവിടെ ഇത്രയും വിസ്തരിച്ചത്.

ചരിത്രകാരനായ അഭിലാഷ് മലയിലിൻ്റെ ചില നിരീക്ഷണങ്ങൾ ഇതോടു ചേർത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. 16, 17, 18 നൂറ്റാണ്ടുകളിൽ ഒരു സാമ്പത്തിക സമൂഹം എന്ന നിലയിൽ കേരളം എങ്ങനെയാണ് കെട്ടിക്കിടക്കുന്ന ഒരു നിശ്ചലവ്യവസ്ഥയാവാതെ മുന്നോട്ടു ചലിച്ചത് എന്നു വിശദമാക്കുന്ന ചരിത്രഗ്രന്ഥമാണ് അദ്ദേഹത്തിൻ്റെ റയ്യത്തുവാരി എന്ന കൃതി. നികുതി ഉൾപ്പെടെയുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ വിശകലനം ചെയ്താണ് കേരള സമൂഹം മുന്നോട്ടു നീങ്ങിയതിൻ്റെ ചരിത്രം അദ്ദേഹം വിവരിക്കുന്നത്. സ്വരൂപങ്ങളിൽ അക്കാലത്തുണ്ടായ കിടമത്സരങ്ങളെയും അതുണ്ടാക്കിയ വിഷാദത്തെക്കുറിച്ചും അതിലദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അക്കാലത്തെ രാജസ്വരൂപങ്ങളുടെ ഭരണപരമായ വിഷമസന്ധികളെയും തുടർന്നുണ്ടായ രാജകീയ ആത്മഹത്യകളെയും മുൻ നിർത്തി അദ്ദേഹം ഇങ്ങനെ എഴുതുന്നു: "18 -ാം നൂറ്റാണ്ടോടു കൂടി മലബാർ തീരത്ത് അനുഭവപ്പെട്ടു കാണുന്ന രാജത്വത്തിൻ്റെ ഇമ്മാതിരി ഏകാന്തതാ സന്ദർഭങ്ങൾക്കും അധികാര വിഷാദത്തിനും കൂട്ടുപോവാൻ ഇവിടെ നിന്ന് ആളുകൾ അധികമുണ്ടായില്ല. പന്നിയൂർ കൂറ്റിൽ പെട്ട വെള്ളഗൃഹത്തിൽ നമ്പൂതിരിയുടെ ആത്മകഥനപരമായ ചരിത്രം ശരിയെങ്കിൽ, 1766 മേടഞ്ഞായറിലെ അഗ്നിപ്രവേശ സമയത്ത് കോഴിക്കോട്ടെ സാമൂതിരി രാജാവ് കേവലം ഏകനായാണ് മരണം വരിക്കുന്നത്" രാജകീയ ആത്മഹത്യകളുടെ റഫറൻസുകൾ ഈ കാലത്ത് വർദ്ധിച്ചു വരുന്നത് അദ്ദേഹം നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു. പാലക്കാട്, കൊച്ചി, വടക്കൻ കോട്ടയം രാജകുടുംബങ്ങളിലെല്ലാം ഇത്തരത്തിലുള്ള രാജകീയ ആത്മഹത്യകൾ ഉണ്ടാകുന്നുണ്ട്.എടച്ചേരി തോട്ടത്തിൽ കുഞ്ഞിക്കേളപ്പൻ,തൃക്കൈക്കുന്നു വാണ തമ്പുരാനെപ്പറ്റിയുള്ള തച്ചോളിപ്പാട്ട്,പഴശ്ശിത്തമ്പുരാൻ വടക്കൻപാട്ട്,കോലത്തിരി രാജിലെ കുഞ്ഞിക്കണ്ണൻ തുടങ്ങിയ വടക്കൻ പാട്ടുകളിൽ പരാമർശിച്ചിട്ടുള്ള രാജമരണങ്ങളും തിരോധാനങ്ങളും ആ പഠനത്തിൽ എടുത്തു പറയുന്നുണ്ട്. രാജകീയ ആത്മഹത്യകളിലേക്കു നയിച്ച ഏകാന്തതയും എക്കണോമിക്സും തമ്മിലെ ബന്ധത്തിലേക്ക് റയ്യത്തുവാരി വെളിച്ചം വീശുന്നുണ്ട്.

ഛിദ്രവും ശത്രുവും ബന്ധുക്കളും ചില
സിദ്ധാന്തവും കൊണ്ടു നാടു വേർപെട്ടു ഞാൻ

എന്ന് പടപ്പാട്ടിലെ അധികാരഭ്രഷ്ടനായ രാജാവ് ഡച്ചുകാരോടു പറയുന്ന ആവലാതിയിൽ ആ ഏകാന്തതയുടെ മുഴക്കം കേൾക്കാം. അധികാര നഷ്ടവും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചരിത്രപരമായ ഈ നിരീക്ഷണങ്ങൾ നളചരിത വായനയിൽ തീർച്ചയായും പ്രസക്തമാണെന്നു ഞാൻ വിചാരിക്കുന്നു.

18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തുകാരൻ എന്ന നിലയിൽ ഉണ്ണായി വാരിയർ തീർച്ചയായും ഈ സ്ഥിതിഗതികളെക്കുറിച്ച് അജ്ഞനാവാനിടയില്ല. കഥാരൂപത്തിലുള്ള കേട്ടുകേൾവികളേ അദ്ദേഹത്തെക്കുറിച്ചുള്ളൂവെങ്കിലും അവയിലെല്ലാം കൊച്ചി, തിരുവിതാംകൂർ രാജകുടുംബങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആശ്രിതബന്ധം വെളിവാകുന്നുണ്ട്. "കൊച്ചി മഹാരാജാവിനെ ആശ്രയിച്ചു താമസിച്ച കാലത്ത് വാര്യർ നളചരിതം നാലു ദിവസത്തെ കഥകളും രചിച്ചുവെന്ന് മഹാകവി ഉള്ളൂർ അഭിപ്രായപ്പെട്ടിരിക്കുന്നു. അനന്തരം വാര്യർ തിരുവനന്തപുരത്തു ചെന്ന് മാർത്താണ്ഡവർമ്മയേയും അന്ന് ഇളയരാജാവായ കാർത്തികതിരുനാളിനേയും മുഖം കാണിക്കുകയും അവരെ ആശ്രയിച്ച് രാജസഭാംഗമായി അവിടെ വസിക്കുകയും ചെയ്തു. അക്കാലത്താണ് (കൊ.വ.927 -1752-ൽ) നളചരിതം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ അവതരിപ്പിക്കുവാൻ ഇടയായത്" എന്ന് ആട്ടക്കഥാസാഹിത്യം എന്ന ഗ്രന്ഥത്തിൽ അയ്മനം കൃഷ്ണക്കൈമൾ എഴുതിയതിൽ ആ ആശ്രിതബന്ധത്തെക്കുറിച്ചുള്ള പണ്ഡിതമതങ്ങളുടെ സംഗ്രഹമുണ്ട്. തൻെറ ജീവിതകാലത്ത് നേരിട്ടോ അല്ലാതെയോ പരിചയമുള്ള രാജകുടുംബാംഗങ്ങളുടെ അധികാര നഷ്ടത്തിൻ്റെയും തുടർന്നുണ്ടായ ഏകാന്തയുടെയും വിഷാദത്തിൻ്റെയും കഥകൾ ഈ കവിയെ നളകഥ ഈ മട്ടിൽ സ്വാംശീകരിക്കുന്നതിൽ സ്വാധീനിച്ചിരിക്കാൻ ഇടയുണ്ട്. കാടേ ഗതി എന്ന് ആട്ടക്കഥയിലെഴുതിയ കോട്ടയത്തു തമ്പുരാന് അറംപറ്റി അധികാരനഷ്ടത്തെത്തുടർന്ന് കാട്ടിൽ പോകേണ്ടി വന്ന കഥ ഉണ്ണായിവാരിയർക്കും മുമ്പുള്ളതാണല്ലോ. കാശിക്കു പോകുന്ന കൊച്ചി തമ്പുരാക്കന്മാരുടെ കഥകളിലും അധികാര നഷ്ടത്തിൻ്റെ തേങ്ങലുണ്ടാവാം. കൊച്ചി രാജകുടുംബത്തിലെ അഞ്ചു താവഴികളും തമ്മിൽ രൂക്ഷമായ അധികാരത്തർക്കം നിലനിന്നിരുന്നതിൻ്റെ സാക്ഷ്യമാണ് നേരത്തേ സൂചിപ്പിച്ച പടപ്പാട്ട്. തർക്കങ്ങൾക്കൊടുവിൽ അധികാരം കിട്ടുമ്പൊഴേക്കും വയസ്സൊരുപാടു ചെന്നിരിക്കും. അധികാരം ആസ്വദിക്കാവുന്ന പ്രായം കഴിയും.

3

പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന നമ്പ്യാന്തമിഴ് കൃതിയായ നളോപാഖ്യാനമാണ് മലയാളത്തിൽ കണ്ടുകിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന നളോപാഖ്യാനം. ക്ഷേത്രങ്ങളിൽ പുരാണ കഥാഖ്യാനത്തിന് പ്രയോഗിച്ചു വന്നവയാണല്ലോ നമ്പ്യാന്തമിഴ് കൃതികൾ.മഴമംഗലത്തിൻ്റെ (15-ാം ശതകം) ഭാഷാനൈഷധചമ്പുവിലൂടെയാണ് നളകഥ മലയാളത്തിൽ പ്രശസ്തമാവുന്നത്. ഭാഷാനൈഷധചമ്പുവിലെ നായകാവിഷ്ക്കാരത്തിന് വലിയ സവിശേഷതയൊന്നും പറയാനില്ലെന്ന് വ്യാഖ്യാതാവായ പാട്ടത്തിൽ പത്മനാഭമേനോനും അദ്ദേഹത്തെയുദ്ധരിച്ച് ഡോ. കെ.വി. ദിലീപ് കുമാറും (നളകഥയുടെ മണിപ്രവാള പ്രവേശം) പറയുന്നുണ്ട്. ആദ്യകാല മലയാള കാവ്യങ്ങളിൽ പൊതുവേ രാധാകൃഷ്ണപ്രേമവും ശിവപാർവ്വതിമാരുടെ ചേർന്നിരിപ്പുമാണ് നമ്മുടെ സാഹിത്യത്തെ ആകർഷിച്ചിരുന്ന പൗരാണിക പ്രണയഭാവനകൾ. 16-ാം നൂറ്റാണ്ടിൽ എഴുത്തച്ഛനിലെത്തുമ്പോൾ സീതാരാമപ്രേമം മുഖ്യമാവുന്നു. കചദേവയാനിമാരുടെയും ശകുന്തളാദുഷ്യന്തന്മാരുടെയും പ്രണയകഥകളും തന്മയത്വത്തോടെ പറയുന്നുണ്ട് എഴുത്തച്ഛൻ. മഹാഭാരതം കിളിപ്പാട്ടിൽ നളദമയന്തീ പ്രേമകഥ പറയുന്നുണ്ടെങ്കിലും കഥ പറഞ്ഞു പോകുന്നു എന്നല്ലാതെ അതിന് ആഖ്യാനചാതുരിയും തന്മയത്വവും കുറവാണ്. 17-ാം നൂറ്റാണ്ടിനുശേഷം നളകഥക്ക് പല ആവിഷ്ക്കാരങ്ങൾ ഉണ്ടാകുന്നുണ്ട്. അവയിൽ ഏറ്റവും പ്രസിദ്ധം വാര്യരുടെ ആട്ടക്കഥ,കുഞ്ചൻനമ്പ്യാരുടെ നളചരിതം തുള്ളൽ എന്നിവയാണ്.നളചരിതം ആട്ടക്കഥക്കു ശേഷമാണ് നളകഥക്ക് കൂടുതൽ പ്രചാരമുണ്ടാവുന്നതും കൈകൊട്ടിക്കളിപ്പാട്ടും വഞ്ചിപ്പാട്ടും കുറത്തിപ്പാട്ടുമൊക്കെയായി ധാരാളം കൃതികളുണ്ടാവുന്നതും. നമ്പ്യാരുടെ തുള്ളലിൽ ദമയന്തീസ്വയംവരം വരെയുള്ള ഭാഗമേയുള്ളൂ. അതിലേറ്റവും പ്രസിദ്ധം ഹംസം കണ്ട, വീടിനു ചുറ്റും മണ്ടി നടക്കുന്ന നായർ യോദ്ധാവിൻ്റെ ചിത്രം തന്നെ. 17, 18 നൂറാണ്ടുകളോടെ നളകഥക്ക് മുമ്പില്ലാത്ത പ്രിയം വരാൻ അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഒരു കാരണമായി തീർന്നിട്ടുമുണ്ടാകാം.

ഈ പശ്ചാത്തലത്തിൽ നളചരിതം ആട്ടക്കഥ കുറച്ചുകൂടി അടുത്തു നിന്നു നമുക്കു പരിശോധിക്കാം. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനത്തെ നാലു ദിവസം കൊണ്ട് ആടാവുന്ന ആട്ടക്കഥയാക്കി വിപുലപ്പെടുത്തിയപ്പോൾ നായകനുൾപ്പെടെയുള്ള കഥാപാത്രങ്ങളെ വളർത്തിയെടുക്കുന്നതിലാണ് കവി ഏറ്റവും ശ്രദ്ധ കൊടുത്തിട്ടുണ്ട്. നായകൻ്റെ കഥാപാത്രവളർച്ചയെ മുൻനിർത്തി നളചരിതം ഒന്നാം ദിവസത്തിനെ വ്യക്തിത്വസ്ഥാപന പർവ്വം എന്നും രണ്ടാം ദിവസത്തിനെ അധികാര നഷ്ടപർവ്വം എന്നും മൂന്നാം ദിവസത്തിനെ ഏകാന്തതാ പർവ്വമെന്നും നാലാം ദിവസത്തിനെ ഒത്തുതീർപ്പുപർവ്വം എന്നും വിളിക്കാവുന്നതാണ്.

ഒന്നാം ദിവസത്തിൽ അധികാരവും പ്രണയിനിയും അധീനമായതിനാൽ നളൻ്റെ വ്യക്തിത്വം സ്ഥാപിതമാവുന്നു. അധികാരം, പ്രണയം, ഉപരിലോകവുമായുള്ള ബന്ധം എന്നിവ ഈ വ്യക്തിത്വസ്ഥാപനത്തിൽ പ്രധാനമാകുന്നു. കഥ തുടങ്ങുമ്പോൾതന്നെ നളൻ അധികാരങ്ങളെല്ലാമുള്ള രാജാവാണ്. പ്രണയം ഹംസരൂപത്തിൽ ഉപരിലോകത്തുനിന്നും ഇറങ്ങി വരുന്നു. സ്വർണ്ണവർണ്ണമാം പ്രേമമാണത്. സ്വയംവരത്തെത്തുടർന്ന് ഉപരി ലോകത്തു നിന്ന് വരങ്ങൾ നളനു കിട്ടുന്നു(ഈ വരങ്ങളിൽ ഇണക്കം കലർന്നു രമ്യം ജനിക്കും നൽസാരസ്വതം മാത്രമേ ദമയന്തിക്കു കൂടി കിട്ടുന്നുള്ളൂ. മറ്റെല്ലാം നളനു മാത്രമാണ്. കാരണം അയാൾക്കാണല്ലോ അധികാരമുള്ളത്) ഉപരിലോകവുമായുള്ള അദ്ദേഹത്തിൻ്റെ സമ്പർക്കങ്ങളും അവിടെ നിന്നു കിട്ടുന്ന അനുഗ്രഹങ്ങളും ആ വ്യക്തിത്വത്തിനു മാറ്റു കൂട്ടുന്നു. കേരളീയ രാജസ്വരൂപങ്ങളിലെ തമ്പുരാക്കന്മാർക്ക് പോർച്ചുഗീസ് ഡച്ച് ബ്രിട്ടീഷ് ശക്തികളുമായുണ്ടായ സമ്പർക്കശോഭ മാറ്റു കൂട്ടിയതിൻ്റെ ചിത്രങ്ങൾ പടപ്പാട്ടുപോലുള്ള കൃതികളിലുള്ളതുമായി ഇതിനെ താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്. ഉണ്ണായിവാരിയരുടെ ഭാവനയല്ലത്. മഹാഭാരതത്തിലുള്ളതാണ്. എങ്കിലും കൊളോണിയൽ ശക്തികളുടെ അനുഗ്രഹത്തിനു കാംക്ഷിച്ച ധാരാളം നാട്ടധികാരികൾ ജീവിച്ച കാലത്താണ് കവി നളകഥ തെരഞ്ഞെടുത്തത് എന്നത് പ്രസക്തം തന്നെ.

രണ്ടാം ദിവസം അധികാര നഷ്ടത്തിൻ്റെ കഥ പറയുന്നു. മഹാഭാരതത്തെത്തന്നെയാണ് ഇവിടെയും പൂർണ്ണമായും പിൻപറ്റുന്നതെങ്കിലും കേരളീയ സ്വരൂപങ്ങളിലെ മൂപ്പിളമത്തർക്കങ്ങളേയും കൂറുമത്സരങ്ങളേയും ഇവിടെ നാമോർക്കും. കലിദ്വാപരന്മാർ ചെന്നു കാണുന്ന സന്ദർഭത്തിൽ പുഷ്ക്കരൻ പറയുന്ന വാക്കുകൾ മഹാഭാരതത്തിലില്ലാത്തവയാണ്. കേരളത്തിലെ രാജസ്വരൂപങ്ങളിലെ അധികാരമില്ലാത്ത, എന്നാൽ അധികാരാസക്തിയുള്ള അക്കാലത്തെ ഇളമുറത്തമ്പുരാക്കന്മാരുടെ നിഴൽച്ചിത്രമായി പുഷ്ക്കരൻ മാറുന്നുണ്ട്.

അധികാര നഷ്ടത്തെത്തുടർന്ന് ഉണ്ടാകുന്ന ഒറ്റപ്പെടലും വിഷാദവും മൂന്നാം ദിവസത്തിനെ ഏകാന്തതാപർവ്വം ആക്കി മാറ്റിയിരിക്കുന്നു. ഒന്നാം ദിവസത്തിലെ ഉപരിലോകസമ്പർക്കത്തിൻ്റെ സ്ഥാനത്ത് അധികാരനഷ്‌ടത്തെത്തുടർന്ന് നളനിൽ ബാഹുകത്വമായി തെളിയുന്നത് അയാൾക്കുള്ളിലെ അധോലോകമാണ്. അതയാളുടെ ഏകാന്തതയുടെ ആഴം കൂട്ടുന്നു. അധികാരത്തിനു മാറ്റു കൂട്ടുന്ന ഉപരിലോകത്തിനും അധികാര നഷ്ടാനന്തരമുണ്ടാകുന്ന വ്യക്തിത്വ നഷ്ടത്തിൻ്റെ അധോലോകത്തിനുമിടയിൽ കുടുങ്ങി നിൽക്കുകയാണ്,18-ാം നൂറ്റാണ്ടിലെ കേരളീയ രാജാക്കന്മാരെപ്പോലെ ഉണ്ണായിവാരിയരുടെ നളൻ.

നാലാം ദിവസത്തിലാകട്ടെ നിർവ്വഹണസന്ധിക്ക് ഉചിതമായ വിധത്തിൽ കേസുകൾ ഓരോന്നായി ഒതുക്കിത്തീർക്കുമ്പോലെയുള്ള ഒത്തുതീർപ്പുകളാണു കാണുന്നത്. സ്വരൂപങ്ങളിലെ തർക്കങ്ങൾ ഒത്തുതീർക്കും പോലെ തന്നെ. മൂന്നാം ദിവസത്തിനൊടുവിൽ കലിയുമായുള്ള കേസ് കോംപ്രമൈസാക്കിക്കൊണ്ടാണ് തുടക്കം. നാലാം ദിവസത്തിൽ ദമയന്തിയുമായും തുടർന്ന് പുഷ്ക്കരനുമായുമുള്ള പ്രശ്നങ്ങൾ ഇത്തരത്തിൽ പരിഹരിക്കുന്നു. ഇവിടെയെല്ലാം മധ്യസ്ഥരുടെ സാന്നിധ്യം കാണാം. ദമയന്തിയുമായുള്ള പ്രശ്നം രമ്യമാക്കുന്നതിന് ഉപരിലോകത്തു നിന്നുള്ള സന്ദേശം മധ്യസ്ഥം വഹിക്കുന്നു. പുഷ്കരന "കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലത്?" എന്നു സംശയിച്ചു നിൽക്കുമ്പോൾ ഹംസം പറന്നു വന്ന് മധ്യസ്ഥം പറഞ്ഞ് പ്രശ്നം രമ്യപ്പെടുത്തുന്നു. അതു കഴിഞ്ഞ് നാരദൻ്റെ വരവുമുണ്ട്. തുടങ്ങി വെച്ചവർ തന്നെ വന്ന് ഫയലുകൾ ഒത്തുതീർപ്പാക്കുന്നു. ഇങ്ങനെ സമഗ്രമായെടുത്താൽ മഹാഭാരതകഥ പിന്തുടരുമ്പോൾ തന്നെ കേരളീയ രാജസ്വരൂപങ്ങളിലെ അധികാര വടംവലികളും അധികാര നഷ്ടമുണ്ടാക്കുന്ന ഏകാന്തതയുടെ ഇരുണ്ട അധോലോകങ്ങളും കൂടി പ്രതിഫലിക്കുമാറാണ് ഉണ്ണായിവാരിയർ ആട്ടക്കഥ രചിച്ചിട്ടുള്ളത് എന്നു കാണാം. ഇനി മനപ്പൂർവ്വമല്ലെന്നു തന്നെ വച്ചാലും ആ കാലത്തിൻ്റെ ചരിത്രസത്ത കൃതിയിലൂടെ ആവിഷ്കൃതമാവുന്നുണ്ട്.

4

നളചരിതത്തിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള ഒരു വാക്ക് വിജനേ എന്നതാണ്. ആ നിലയിൽ താക്കോൽ വാക്ക് എന്നു പറയാം. ജനങ്ങളില്ലാത്ത അവസ്ഥയിൽ അതായത് ഏകാന്തതയിൽ എന്നർത്ഥം. ഒന്നാം ദിവസത്തിൽ പ്രേമാഗ്നിയിൽ വേവുന്ന നളൻ്റെ കുണ്ഡിനായകനന്ദിനിക്കൊത്തൊരു എന്നു തുടങ്ങുന്ന  ആദ്യ ആത്മഗതത്തിൽ തന്നെ ആ വാക്കുണ്ട്: "വിജനേ വസതിയോ മേ ഗതിയിനി രണ്ടിലൊന്നേ" അധികാരവും പ്രണയവും നൽകുന്ന സുഖകരമായ ഏകാന്തതയാണ് ഒന്നാം ദിവസത്തിലുള്ളത്. പ്രണയപരവശനായ നളൻ,

സചിവേ വിനിയോജ്യ രാജ്യഭാരം
വിജനേ പുഷ്പവനേ തതാന വാസം

എന്നിങ്ങനെ തനിച്ചാവുന്നത് ആ സൗഖ്യത്തിലാണ്. കഥ മുന്നോട്ടു പോകുമ്പോൾ വിജനതയുടെ ആ സുഖത്തിന് മങ്ങലുണ്ടാവുന്നുണ്ട്. ഏകാന്തത എന്ന വാക്കുണ്ടായിരിക്കേ വിജനത എന്ന വാക്കാണ് കവി ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധിക്കണം. മൂന്നാം ദിവസത്തിലെത്തുമ്പോൾ സ്വജനങ്ങളാരുമില്ലാത്ത വിജനതയുടെ നടുവിൽ അകപ്പെടുവോളമെത്തുന്നു നളൻ. വിജനതയുടെ പരമാവധിയിലാണ് അയാൾക്കു ബാഹുകത്വം ലഭിക്കുന്നതും. ഒന്നാം ദിവസത്തിലെ സന്തോഷകരമായ വിജനതയിൽ നിന്ന് ബാഹുകത്വത്തോളമെത്തിക്കുന്ന വിജനതയിലേക്കുള്ള പടവുകൾ മനോഹരമായി തെളിയിച്ചെടുക്കുന്നുണ്ട് കവി.
ദേവന്മാർക്കു വേണ്ടി ദമയന്തിക്കടുത്തേക്കു മനമില്ലാ മനസ്സോടെ ദൂതു പോകുന്ന നളൻ്റെ അസ്വസ്ഥത വെളിപ്പെടുന്ന വാക്കായി വിജനേ ഒന്നാം ദിവസത്തിൽ തന്നെ മാറുന്നുണ്ട്:

നിറയുന്നു ബഹുജനം നഗരേ, ഒന്നു
പറവാനും കഴിവുണ്ടോ വിജനേ

ദേവന്മാർ കൊടുത്ത തിരസ്ക്കരണി അണിഞ്ഞതോടെ ആ അസ്വസ്ഥത വർദ്ധിക്കുകയാണ്. ഏകാന്തതയുടെ അസ്വസ്ഥത. അതാണ് നളൻ മറവകലുവാനായ് മനസി കൊതി പൂണ്ടത്. തിരസ്കരണി നൽകിയ ഏകാകിതയുടെ ആഴം തിരോഭൂതൻ എന്ന വാക്കിലുണ്ട്.

രണ്ടാം ദിവസത്തിലെ ചൂതുകളി രംഗത്തിൽ നളനു പ്രിയങ്കരമായ വിജനത പുഷ്ക്കരനാൽ പരിഹസിക്കപ്പെടുന്നു:

നാരിയോടും വിജനസംവാസം
നീരസമത്രേ വീരവരാണാം

ഒറ്റപ്പെടലിൻ്റെയും നിസ്സഹായതയുടെയും അടരുകളുണ്ട് രണ്ടാം ദിവസത്തിലെ വിജനതക്ക്. "എന്തുപോൽ ഞാനിന്നു ചെയ്‌വേൻ
ബന്ധുവോ മേ വൈരികളായ്" എന്ന ആത്മഗതത്തിലുണ്ട് ആ നിസ്സഹായത. ആ നിസ്സഹായത നളനെ ദിഗ് വസനനാക്കുന്നു. ദേവന്മാർ നൽകിയ തിരസ്കരിണിയിൽ അയാൾ തിരോഭൂതനായിരുന്നെങ്കിൽ വസ്ത്രം പക്ഷികൾ കൊണ്ടുപോയപ്പോൾ അയാൾ ദിഗ് വസനനാകുന്നു. വിപരീതദ്ധ്വനികളുള്ള വാക്കുകളാണ് തിരോഭൂതൻ, ദിഗ് വസനൻ എന്നിവ. അങ്ങേയറ്റം മറഞ്ഞവനും അങ്ങേയറ്റം തെളിഞ്ഞവനും. രണ്ടിൻ്റേയും ഫലം വിജനത തന്നെ. ആ വിജനതക്കുള്ള പരിഹാരമായി കാർക്കോടകൻ സമ്മാനിക്കുന്നതും വസ്ത്രമാണ്. വേഷപ്രച്ഛന്നതക്ക് ആ കാലത്തെ രാജകീയചരിതങ്ങളിലുണ്ടായിരുന്ന പ്രാധാന്യം സി.വി.രാമൻപിള്ളയെപ്പോലുള്ള നോവലിസ്റ്റുകൾ പിൽക്കാലത്ത് എടുത്തുകാട്ടിയിട്ടുണ്ടല്ലോ. ഏകാന്തത നളനെ കൊണ്ടെത്തിച്ച വിഭ്രാന്താവസ്ഥ ഈ വരികളിൽ വ്യക്തമാവുന്നു:

അങ്ങോടിങ്ങോടുഴന്നും വനഭുവി തളർന്നും വിചാരം കലർന്നും
തുംഗാതങ്കം വളർന്നും തൃണതതിഷു കിടന്നും സുരേന്ദ്രാനിരന്നും
തിങ്ങും ഖേദം മറന്നും ദിവസമനു നടന്നീടുകയാണ് മൂന്നാം ദിവസത്തിൽ നളൻ. ഏകാകിയുടെ വിഷാദഗാനങ്ങളാണ് മൂന്നാം ദിവസത്തിലെ പ്രസിദ്ധമായ ആ രണ്ടു പദങ്ങൾ - വിജനേ ബത,മറിമാൻകണ്ണി എന്നിവ. സാകേതത്തിൽ വെച്ച് ബാഹുകൻ്റെ വിജനേ ബത എന്ന ദുഃഖസാന്ദ്രമായ സ്വഗതം കേൾക്കുന്ന ജീവലനോട് ബാഹുകൻ പറയുന്നത് ഈ പാട്ടിലടങ്ങിയത് വിഷാദിയായ ഏതൊരാളുടെയും കഥയാവാം എന്നാണ്.

സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല,
ആരെന്നറിയേണ്ടാ, കേളൊരു മാനവൻ
ആരാനോടും പറഞ്ഞു തൻ വ്യസനം

ഒരു മനുഷ്യൻ്റെ വ്യസനം മറ്റൊരു മനുഷ്യനിലേക്കു പകരുന്ന പാട്ട് എന്ന ഈ സങ്കല്പനം മലയാള കവിതയേയും ഗാനശാഖയെയും സംബന്ധിച്ചിടത്തോളം ഒരു പുതിയ തുടക്കമായിരുന്നു. ഈ തുടക്കമാണ് പിന്നീട് സ്വാതിതിരുനാളിലൂടെ,ആശാൻ്റെ നളിനിയുടെ സ്വഗതഗാനത്തിലൂടെ, ചങ്ങമ്പുഴയിലൂടെ, പിന്നീടെത്രയോ ചലച്ചിത്രഗാനങ്ങളിലൂടെ പുതിയ കാലത്തേക്കു പടരുന്നത്. നാലാം ദിവസത്തിൽ ദമയന്തിയുടെ രണ്ടാം വിവാഹ വൃത്താന്തം കേൾക്കുന്നതോടെ നളൻ്റെ മനസ്സ് കൂടുതൽ ഊഷരമാകുന്നു.

നളൻ മാത്രമല്ല ഇതിലെ മറ്റു കഥാപാത്രങ്ങളും ഏകാകിതയുടെ ചൂടറിഞ്ഞവരാണ്.ദമയന്തിയുടെ ഏകാന്തത ഒന്നാം ദിവസത്തിൽ നിന്നു മെല്ലെ വളർന്ന് നാലാം ദിവസമാകുമ്പോൾ തീവ്രമാകുന്നു.വല്ലഭനുണ്ടുള്ളിൽ പുറത്തില്ലാ കാൺമാനും, വല്ലായ്മ ജീവിപ്പാൻ മമ എന്ന അവസ്ഥയിൽ മധുരമായ ഒരേകാന്തത ഒന്നാം ദിവസത്തിലെ ദമയന്തിയിലുണ്ട്. രണ്ടാം ദിവസത്തിൽ കാട്ടിൽ ഉപേക്ഷിക്കപ്പെടുമ്പോൾ ആ മധുരം ഭയത്തിനു വഴിമാറുന്നു. "അളവില്ലാ മമ ഭയം, ആളിമാരുമില്ലാ" എന്ന സ്വഗതത്തിൽ ദമയന്തി അനുഭവിക്കുന്ന ഭയപ്പെടുത്തുന്ന ഏകാന്തതയുണ്ട്. കാട്ടുതീയിൽ പെട്ടുള്ള വിലാപത്തിൽ ആ ഏകാന്തതയുടെ മുഴക്കമുണ്ട്:

വാഹസം ഗ്രഹിക്കുന്നൂ ചരണവും കാന്താ
മോഹസംഹൃതമന്തക്കരണവും
സാഹസപ്രിയാ നീയെൻ മരണവും കേട്ടാൽ
സ്നേഹസദൃശം ചെയ്ക സ്മരണവും

ഒറ്റപ്പെടൽ അവളെ ദയനീയയാക്കി.നദി കടക്കുന്ന മാലോകർ അവളെ കണ്ടപ്പോൾ പേയാണെന്നും പെരുവഴി പോക്കത്തിയാണെന്നും നിനക്കുന്നു.സാർത്ഥവാഹകസംഘത്തലവൻ ദമയന്തിയെക്കണ്ട് അത്ഭുതപ്പെടുന്നതും 'താനേ' അവൾ വന്നതിലാണ്. ദുഃഖപ്പുകയാൽ മലിനയായവളാണ് (ആമയഭൂമമലിനാ) നാലാം ദിവസത്തിലെ ദമയന്തി. വിരഹമെന്നത് കഠോരമാണെന്നും വീതഗാധപാരമായ ഒരു കടലാണെന്നും താനതിൽ വീണുഴന്നു വേദനിക്കുകയാണെന്നും മരണമാണ് അതിലും നല്ലതെന്നും ദമയന്തി പറയുന്നു. അധികാരമില്ലാത്ത പുഷ്ക്കരനെ ഏകാകിയായാണ് കവി അവതരിപ്പിക്കുന്നത്. അധികാരം കിട്ടുന്നതോടെ അയാൾ ഏകാകിയല്ലാതാവുന്നു. ഹംസത്തിൻ്റെയും കാട്ടാളൻ്റെയും ഏകാന്തതയും തീർച്ചയായും നമ്മളെ സ്പർശിക്കും. ജനകൻ മരിച്ചു പോയി, തനയൻ ഞാനൊരുത്തൻ എന്നാണ് ഹംസത്തിൻ്റെ നിലവിളി. തൻ്റെ മനോരാജ്യത്തിലെ ഏകാകിയാണ് കാട്ടാളൻ. ആട്ടക്കഥയിൽ മനോരാജ്യം കാണുന്നവൻ എന്നു കവി വിശേഷിപ്പിക്കുന്ന ഒറ്റക്കഥാപാത്രം സാധാരണക്കാരനായ കാട്ടാളനാണ്. രാജ്യം രാജാക്കന്മാർക്കെങ്കിൽ മനോരാജ്യം സാധാരണക്കാർക്കുമുള്ളതാണല്ലോ. ഏകാകിയുടെ ആനന്ദം കൂടിയുണ്ട് ആ മനോരാജ്യത്തിൽ. ഒരു മനുഷ്യൻ മാത്രമല്ല ഒരു മനോരാജ്യം മുഴുവനുമാണ് രണ്ടാം ദിവസത്തിൽ ചാമ്പലായിപ്പോകുന്നത്. ഇങ്ങനെ അധികാരശ്രേണിയുടെ മുകൾത്തട്ടു തൊട്ടു സാധാരണ ജനജീവിതം വരെ ഗ്രസിച്ചു നിൽക്കുന്ന ഏകാകിതയുടെ ആവിഷ്കാരങ്ങൾ നളചരിതത്തിൽ ഉടനീളമുണ്ട്. ആ നിലയിൽ മലയാളി ഏകാന്തതയുടെ ചരിത്രത്തിലേക്കു കൂടി നയിക്കാൻ നളചരിതം ആട്ടക്കഥക്കു കഴിയുന്നു. പരിമിതമായ അധികാരമാണ് അന്ന് കേരളത്തിലെ നാടുവാഴികൾക്ക് ഉണ്ടായിരുന്നത്. "നളനും നീയും ഭേദമെന്തിവിടെ" എന്ന് പുഷ്ക്കരനോട് കലി ചോദിക്കുന്നുണ്ടല്ലോ. ചേരിക്കൽ ഭൂമിയിൽ നിന്നും മാത്രം നികുതി പിരിക്കാനുള്ള അധികാരമേ നാടുവാഴിക്കുണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം വരുന്ന ദേവസ്വം, ബ്രഹ്മസ്വം ഭൂമികളിൽ സ്വരൂപങ്ങൾക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. പരിമിതമായ ഈ അധികാരവലയത്തിൽ നിന്നു പുറത്തായാൽ നളനും പുഷ്കരനും ഹംസവും കാട്ടാളനും തമ്മിൽ ഒരു വ്യത്യാസവുമില്ല.

അധികാര നഷ്ടമുണ്ടാക്കുന്ന ഏകാന്തതയിലേക്കാണ് ഈ വായനയിൽ ഊന്നുന്നത്. അധികാരം നഷ്ടമാകുന്നതോടെ രാജ്യവും സ്ത്രീയും കുടുംബവും വ്യക്തിത്വം പോലും നഷ്ടമാവുന്നു. അധികാരലബ്ധിയോടെ ഇതെല്ലാം വന്നുചേരുകയും ചെയ്യുന്നു. മനുഷ്യൻ്റെ ഏകാന്തതയെയും വ്യക്തിത്വത്തെയും അധികാരവുമായി ബന്ധപ്പെടുത്തുകയാണ് ഇവിടെ. 18-ാം നൂറ്റാണ്ടിലെ അധികാരത്തർക്കങ്ങൾ കൊണ്ടു കലുഷമായ കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ നിന്നും കവിതയിലേക്ക് സ്വാഭാവികമായി പടർന്നു കയറിയതാവാം ഈ ഏകാന്തത. താരതമ്യേന ശക്തരായ ഭരണാധികാരികൾ പോലും ഏകാന്തതയിലേക്കാഴ്ത്താൻ പോന്ന മട്ടിൽ സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട് എന്ന് 19-ാം നൂറ്റാണ്ടിൽ സ്വാതി തിരുനാളിൻ്റെ ജീവിതം നമ്മോടു പറയുന്നു. അധികാര നഷ്ടവും വിഷാദവും പ്രണയവും സംഗീതവും ചേർന്ന നളചരിതത്തിലെ കൂട്ട് സ്വാതിയിലേക്ക് പെട്ടെന്നു പകരുക തന്നെ ചെയ്യും. അധികാരവും അധികാര നഷ്ടവും ഏകാന്തതയുമെല്ലാം തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി ലോകസാഹിത്യത്തിൽ ധാരാളം കൃതികളുണ്ട്. മലയാളത്തിൽ ഇതേ പ്രമേയം കൈകാര്യം ചെയ്യുന്ന, 18 -ാ നൂറ്റാണ്ടിലെഴുതപ്പെട്ട നളചരിതം സാഹിത്യഭംഗികൊണ്ട് അവക്കൊപ്പം കിടനിൽക്കാവുന്നതാണ്. നളചരിതത്തിലെ ഏകാന്തതാ വിസ്താരത്തെയും ബാഹുകത്വം എന്ന വ്യക്തിത്വപ്പിളർപ്പിനേയും ഉണ്ണായിവാരിയരുടെ വ്യക്തിജീവിതകഥകളുടെയും മനശ്ശാസ്ത്ര തത്വങ്ങളുടെയും അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന പഠനങ്ങൾ പലതുണ്ട്. അവയെയൊന്നും നിഷേധിക്കുന്നില്ല ഈ കുറിപ്പ്. എന്നാൽ ഈ വിഷയം പരിശോധിക്കുമ്പോൾ അന്നത്തെ കേരളത്തിലെ നാടുവാഴി സ്വരൂപങ്ങളിലെ അധികാരത്തർക്കങ്ങളും വിദേശ ശക്തികളുടെ ഇടപെടലുകളുമെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ട് എന്നു മാത്രം. ഉണ്ണായിവാരിയുടെ നളനിൽ ഇതിഹാസ കഥാപാത്രം മാത്രമല്ല ഉള്ളത്, തൻ്റെ കാലത്തെ അധികാര നഷ്ടം പറ്റിയ ഏതോ നാടുവാഴിത്തമ്പുരാൻ കൂടിയുണ്ട്. ആ കലർപ്പ് ആട്ടക്കഥയുടെ മഹത്വം കുറക്കുകയല്ല ചെയ്യുന്നത് മറിച്ച് അതിനെ കൂടുതൽ മാനുഷികമാക്കുകയാണ്.


Wednesday, August 13, 2025

കേരള ഗോത്രഭാഷാകവിത - ഒരാമുഖം


കേരള ഗോത്രഭാഷാകവിത - ഒരാമുഖം

പി.രാമൻ

1

വൈദികമതം കേരളത്തിൽ സ്വാധീനം ചെലുത്തിയ ശേഷം ഇവിടത്തെ സാഹിത്യം ഏറെക്കുറെ മതാനുഷ്ഠാനപരവും പ്രബോധനാത്മകവുമായാണ് വികസിച്ചത്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യൻ ആശയധാരകളുടെ സ്വാധീനത്താലും ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരത്താലുമാണ് ഈ നിലയിൽ മാറ്റമുണ്ടാകുന്നത്. സാഹിത്യം സൂക്ഷ്മ സംവേദനശേഷിയുള്ള ഒരു പൊതുമണ്ഡലമെന്ന നിലയിൽ ദൃശ്യത കൈവരിച്ചു. അതിൽ തന്നെ കവിതയിൽ മതാനുഷ്ഠാനപരതയുടെയും പ്രബോധനാത്മകതയുടെയും പരമ്പരാഗത ഭാരം പിന്നെയും തുടർന്നുപോന്നു. എങ്കിലും ചരിത്രത്തിലന്നോളം നിശ്ശബ്ദരായിരുന്ന ജനസമൂഹങ്ങൾക്കിടയിൽ നിന്ന് പുതിയ കവികളുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ആനുപാതികമായാണ് അതു സംഭവിച്ചത്. സമൂഹം, സ്വാതന്ത്ര്യം, സ്നേഹം, ദേശീയത, കുടുംബം എന്നിവയെക്കുറിച്ചെല്ലാമുള്ള പുതിയ കാഴ്ച്ചപ്പാടുകൾകൊണ്ട് കവിത വിസ്തൃതമായി. അവർണ്ണവും അഹൈന്ദവവുമായ ആശയധാരകളും ജീവിതാന്തരീക്ഷവും കവിതയെ ചലനാത്മകമാക്കി. നിത്യജീവിതാനുഭവങ്ങളിലും ആത്മീയാന്വേഷണങ്ങളിലും ഊന്നിക്കൊണ്ടുള്ള പെൺകവിതാധാരയും പത്തൊമ്പതാം നൂറ്റാണ്ടു തൊട്ട് ഒഴുകി വരുന്നുണ്ട്. ഇങ്ങനെ വിപുലപ്പെട്ടു വരുന്ന കേരളത്തിലെ കാവ്യരംഗത്ത് സമീപകാലത്തുണ്ടായ പുതു വിസ്തൃതിയാണ് ഗോത്രകവിതയുടേത്.

കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ ജീവിതാവസ്ഥയെ മുൻനിർത്തിയുള്ള ഒരു പുറംനോട്ടമായ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകം കെ. പാനൂർ എഴുതിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഗോത്രജന ജീവിതത്തെക്കുറിച്ചുള്ള പുറംലോകത്തിന്റെ അജ്ഞതയെക്കൂടി വെളിപ്പെടുത്തുന്നുണ്ട് ആ തലക്കെട്ട്. അമ്പതു കൊല്ലത്തിനു ശേഷം അജ്ഞതയുടെയും അദൃശ്യതയുടെയും ഇരുട്ടിനെ വെട്ടിപ്പിളർത്തി കേരളത്തിലെ ആദിവാസി ജനത ദൃശ്യത കൈവരിക്കുകയാണ് നമ്മുടെ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിൽ, ഗോത്രകവിതയിലൂടെ. അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടേയും മുഖചിത്രങ്ങളുമായി മലയാളത്തിലെ മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നു എന്നത് ചെറിയ കാര്യമല്ല. ഒന്നും രണ്ടും കവികളല്ല, ഏതാണ്ടമ്പതോളം പേരാണ് ഇന്ന് സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള എഴുത്തുകാരൻ നാരായന്റെ കൊച്ചരേത്തി എന്ന നോവൽ 1998 ൽ പുറത്തു വരികയും ശ്രദ്ധിക്കപ്പെടുകയും ചെയ്തെങ്കിലും ആദിവാസി മേഖലയിൽ നിന്നുള്ള പുതിയ എഴുത്തുകാരുടെ കൂട്ടത്തോടെയുള്ള വരവിന് നിമിത്തമാകാൻ ആ നോവലിന് പല കാരണങ്ങളാൽ കഴിഞ്ഞിരുന്നില്ല. എന്നാൽ അശോകൻ മറയൂരിന്റെ മുതുവാൻ ഭാഷാകവിതകൾ ആദ്യമായി അച്ചടിക്കപ്പെടുകയും (തിളനില 2016) പച്ച വീട് എന്ന ഗോത്രഭാഷാ കവിതാസമാഹാരം (2017) പുറത്തിറങ്ങുകയും ചെയ്ത ശേഷം മറ്റു ഗോത്രഭാഷാസമൂഹങ്ങളിൽ നിന്ന് ഒട്ടേറെ കവികൾ ഗോത്രഭാഷകളിൽ എഴുതിത്തുടങ്ങി.മലയാളത്തിലും, മുതുവാൻ, റാവുള, ഇരുള, മുഡുഗ, മുള്ളക്കുറുമ, പണിയ, മാവിലാൻ തുളു, മലവേട്ടുവ, കാട്ടുനായ്ക്ക, മലവേടർ, മുഡുക എന്നീ ഭാഷകളിൽ ധാരാളമായും കാടർ, കുറുമ്പ, ഊരാളി, കാണിക്കാർ തുടങ്ങിയ ഭാഷകളിൽ പരിമിതമായും ഇന്ന് എഴുത്തു നടക്കുന്നുണ്ട്. പുറംസമൂഹങ്ങളോട് കൂടുതൽ അകന്നു കഴിയുന്ന ചോലനായ്ക്ക പോലുള്ള ഭാഷകളിലെ എഴുത്തിന്റെ പ്രതിനിധാനം കൂടി 2021 ൽ പുറത്തിറങ്ങിയ ഗോത്രകവിത എന്ന സമാഹാരത്തിലുണ്ട്. കേരളത്തിൽ നിലവിലുള്ള മുപ്പത്തഞ്ചിൽ പരം ആദിവാസി ഗോത്രങ്ങളിൽ 16 ഭാഷകളുടെ പ്രതിനിധാനം ആ സമാഹാരത്തിലുണ്ട്. ഈ കവികൾ കൂടി ചേർന്നതാണ് ഇന്ന് കേരള കവിതാപരിസരം. അതുകൊണ്ടു തന്നെയാണ് ഗോത്രഭാഷകളിലുള്ള രചനകളെക്കൂടി ഉൾക്കൊള്ളും വിധം കേരള കവിത എന്ന പ്രയോഗത്തിന് ഇന്ന് കൂടുതൽ പ്രസക്തി കൈവന്നിരിക്കുന്നത്. ഈ മാറ്റം അടയാളപ്പെടുന്ന ഒരു പ്രധാന പുസ്തകമാണ് അടുത്തിടെ പുറത്തുവന്ന 'ഗോത്രകവിത' എന്ന ബൃഹദ് സമാഹാരം (2021). ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യത്തേതായിരിക്കണം 42 ഗോത്രഭാഷാ കവികളുടെ കവിതകളടങ്ങുന്ന ഈ കൃതി. ഗോത്രഭാഷകളിൽ നിന്നു തന്നെ വരുന്ന സുകുമാരൻ ചാലിഗദ്ധ , സുരേഷ് എം. മാവിലൻ എന്നീ കവികൾ ചേർന്നാണ് ആ പുസ്തകം എഡിറ്റു ചെയ്തിട്ടുള്ളത്.

ഗോത്രഭാഷാ പശ്ചാത്തലത്തിൽ നിന്നു വന്ന് മലയാളത്തിലെഴുതുന്ന കവികൾ ചിലരെങ്കിലും അശോകൻ മറയൂരിനു മുമ്പു തന്നെ കേരളത്തിൽ ഉണ്ട്. മലയരയ ഗോത്രത്തിന്റെ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും കവിതയിൽ ആവിഷ്കരിക്കാൻ ശ്രമിച്ച എം.കെ.നാരായണൻ (1935-2013) എന്ന കവിയുടെ പേരാണ് ഇവിടെ എടുത്തു പറയേണ്ടത്. എന്നാൽ മലയാള സാഹിത്യ രംഗത്ത് ദൃശ്യത കൈവരിക്കാൻ അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാർക്കു കഴിഞ്ഞില്ല. മലയാളത്തോടൊപ്പം തന്നെ തന്റെ മാതൃഭാഷയായ മുതുവാനിലും എഴുതുക എന്ന രാഷ്ട്രീയമായും സാഹിതീയമായും സുപ്രധാനമായ തീരുമാനം എടുത്തു എന്നതാണ് അശോകൻ മറയൂരിന്റെ ചരിത്രപരമായ പ്രസക്തി. ആ തീരുമാനത്തോടെയാണ് കേരളത്തിൽ നിന്നുള്ള ആദിവാസി കവികൾ പൊതുസമൂഹത്തിലും സാഹിത്യത്തിലും ദൃശ്യത കൈവരിക്കുന്നത്. ഇന്ന് ഗോത്രഭാഷാ കവിതകൾ കേരളത്തിലെ പൊതുമണ്ഡലത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായിത്തീർന്നിരിക്കുന്നു. മുഖ്യധാരാ മലയാള സാഹിത്യത്തെപ്പോലും പല നിലകളിൽ സ്വാധീനിക്കാൻ പോരുന്ന കരുത്ത് ഇന്നവക്കുണ്ട്.

സ്വന്തമായ ലിപി ഇല്ലാത്തവയാണ് കേരളത്തിലെ ഗോത്രഭാഷകൾ. അവയെ മലയാളത്തിന്റെ ഉപഭാഷകളായല്ല, സ്വതന്ത്ര ഭാഷകൾ തന്നെയായി കാണണം. കാരണം, ആദിവാസി ഗോത്രങ്ങളിൽ പെട്ടവർ ആശയവിനിമയത്തിനുപയോഗിക്കുന്ന ആ ഭാഷകളിലെ ആവിഷ്ക്കാരങ്ങൾ ഒരു സാധാരണ മലയാളിക്ക് പരിഭാഷയിലൂടെ മാത്രമേ മനസ്സിലാവുകയുള്ളൂ. മലയാളത്തിന്റെ ഉപഭാഷകളാണെങ്കിൽ ഒരിക്കലും വിനിമയത്തിന് പരിഭാഷയുടെ സഹായം വേണ്ടിവരുമായിരുന്നില്ല. ആകയാൽ ആ ഗോത്ര ഭാഷകൾക്ക് സ്വതന്ത്ര ഭാഷാപദവി കൊടുത്തേ പറ്റൂ. കൂട്ടത്തോടെ ഗോത്രഭാഷകളിൽ എഴുതുന്ന പ്രതിഭാസം ആഗോള തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് കേരളത്തിലും ഗോത്രഭാഷകളിലെ എഴുത്ത് വ്യാപകമാവുന്നത്. ഭാരതീയവും ആഗോളീയവുമായ പശ്ചാത്തലം ഇവിടെ പ്രസക്തമാണ്.ഓരോ പ്രദേശത്തെയും ആദിമഗോത്ര ജനവിഭാഗങ്ങൾ സംസാരിച്ചു വന്ന, ഇന്നും വിനിമയം ചെയ്യപ്പെടുന്ന ഭാഷകൾ ലോകമെമ്പാടുമുണ്ട്.  സംസാരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വൻകുറവു മൂലം അവയിൽ മിക്കതും ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്. സ്വന്തമായി ലിപി ഇല്ലാത്തതും ഈ വിഭാഗത്തിൽ പെടുന്ന പല ഭാഷകളുടെയും അപ്രത്യക്ഷമാകലിന് ഒരു കാരണമാണ്. തനതു ഭാഷകൾ സംസാരിച്ചു വന്നവരുടെ പുതിയ തലമുറ പലപ്പോഴും പരമ്പരാഗത ഭാഷ വിട്ട് പ്രബല ഭാഷകളിലേക്ക് മാറുന്നതും ഇത്തരം ഭാഷകൾ ഇല്ലാതാവുന്നതിനു കാരണമാണ്. വലിയ പ്രചാരവും അധികാരബന്ധങ്ങളുമുള്ള ഭാഷകൾ പ്രചാരം കുറഞ്ഞ ഭാഷകളെ വിഴുങ്ങി ഇല്ലാതാക്കുന്നുമുണ്ട്. ഈ ആഗോള പശ്ചാത്തലത്തിൽ വേണം ഗോത്രഭാഷകളിലെ എഴുത്തിനെ കാണാൻ.

2

ഗോത്രസമൂഹങ്ങളിൽ നിന്നുള്ള എഴുത്ത് ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും ഓസ്ട്രേലിയയിലേയുമെല്ലാം കവിതയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത് അടുത്ത കാലത്താണ്.പുതിയ നൂറ്റാണ്ടിന്റെ തുടക്ക വർഷങ്ങളിലെപ്പൊഴോ ആണ് ഞാൻ ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ നിന്നുള്ള കവി ഹുംബർട്ടോ അകാബലിന്റെ കവിത ആദ്യമായി വായിക്കുന്നത്. ഹുംബർട്ടോ അക്കാബൽ ഗ്വാട്ടിമാലയിലെ ഗോത്രവർഗ്ഗ ഭാഷയായ മയാ കീ ഷേയിലാണ് എഴുതിയിരുന്നത്. അവ സ്പാനിഷിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെട്ടതാണ് നാം വായിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ അതേ രൂപത്തിൽ സ്വാഭാവികമായി കവിതയിൽ കടന്നുവരുന്നത് പരിഭാഷാകർമ്മത്തിലൂടെ രണ്ടു വട്ടം കടന്നുപോന്നിട്ടും നമുക്കനുഭവിക്കാൻ കഴിയുന്നുണ്ട്. പ്രകൃതിയുടെ സഹജതയിൽ നിന്നുയരുന്ന ശബ്ദങ്ങൾ കൊണ്ടു കവിതയെഴുതണമെങ്കിൽ മയാ കീ ഷേ പോലെ ഒരു ആദിവാസി ഗോത്ര ഭാഷ തന്നെ വേണ്ടി വന്നേക്കും എന്ന് അന്നു തോന്നി. ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് പ്രകൃതിയോടുള്ള അടുത്ത ബന്ധം കേരളത്തിലെ ഗോത്രഭാഷാകവിതകളിലും കാണാനാവുന്നു. ഉദാഹരണത്തിന്, റാവുള ഭാഷയിലെഴുതുന്ന സുകുമാരൻ ചാലിഗദ്ധയുടെ കവിതകളിൽ ജീവജാലങ്ങളുടെയും മനുഷ്യരുടെയും ശബ്ദഭേദങ്ങൾ ധാരാളമായി കേൾക്കാം. കൂവൽ ശബ്ദം സുകുമാരന്റെ പല കവിതകളിലും കേൾക്കാം. ഒരു കവിതയുടെ പേരുതന്നെ കൂവി എന്നാണ് (റാവുളഭാഷയിൽ പൂവെല്ലു). കാട്ടിൽ കൂവുന്ന പോലെ നഗരത്തിലും പന്ത്രണ്ടു നിലക്കെട്ടിടത്തിന്റെ താഴെ നിന്ന് കൂവുന്നതിനെക്കുറിച്ച് സുകുമാരൻ എഴുതുന്നു. ബെളുത്ത എന്ന കവിതയിൽ പുഴയുടെ ഇരുകരയിലും നിന്നുള്ള കൂവൽ ശബ്ദം കേൾക്കാം. ഒപ്പം കൂമന്റെ ചിറകടിയും കാട്ടുകോഴിയുടെ ക്ലോക്ലോ തിറയാട്ടച്ചൂടും. ഗ്വാട്ടിമാലൻ കവിയും വയനാട്ടിൽ നിന്നുള്ള കവിയും ഗോത്രഭാഷകളിലെഴുതുമ്പോൾ ഒരേപോലെ വന്നുചേരുന്ന ചില സവിശേഷതകളിലേക്കാണ് ഇവിടുത്തെ ഊന്നൽ.

ഗ്വാട്ടിമാലയിലെ മയാ കീ ഷേ പോലെ മറ്റു പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആദിവാസി ഭാഷകളിൽ ഇന്ന് എഴുത്ത് സജീവമാണ്. ചിലിയിലെ മാപുഷെ ജനതയുടെ ഭാഷയായ മാപുഡംഗനിൽ (ഈ വാക്കിന് ഭൂമിയുടെ ഭാഷ എന്നർത്ഥം) എഴുതിയ കവിതകളുടെ ഒരു സമാഹാരം അടുത്തിടെ വായിക്കുകയുണ്ടായി. (ഭൂമിയുടെ കവിത - മാപുഷെ ത്രിഭാഷാ സമാഹാരം). ബർണാഡോ കോളിപാൻ, മാരിബെൽ മോറാ കൂറിയാവോ, പൗലോ ഹ്യൂറിമില്ല, റൊക്സാന മിരാന്റ റുപെയ്ലാഫ്, ജെയിം ലൂയിസ് ഹ്യൂനും വില്ല, മരിയ ഇസബെൽ ലാറ മില്ലാപാൻ, ഒമർ ഹ്യൂനിക്ക്യൂ ഹ്വെയ്ക്വിനാവോ എന്നീ ഏഴു കവികളുടെ കവിതകളടങ്ങുന്നതാണ് ഈ സമാഹാരം. 1980 കൾക്കൊടുവിലാണ് മാപുഷെ ഭാഷയിൽ എഴുത്തു സജീവമായത്. മാപു ഷെ കവിതകൾ വേരൂന്നിയിട്ടുള്ളത് ഗോത്രപ്പാട്ടുകളിൽ മാത്രമല്ല ചിലിയിലെയും ലാറ്റിൻ അമേരിക്കയിലെയും സമകാല കാവ്യ ബോധങ്ങളിൽ കൂടിയാണ് എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ. സെർജിയോ ഹൊലാസ് വെലിസ് പറഞ്ഞിട്ടുണ്ട്. ചിലിയിലെ മാപുഷെ ഗോത്രജനതയുടെ ജീവിതദർശനങ്ങളും വംശഗാഥകളും മിത്തുകളും അനുഭവിച്ച സഹനങ്ങളും ഗോത്രഭാവനയുടെ ധാരാളിത്തവുമുള്ളവയാണ് ഈ കവിതകൾ. അതേസമയം പുതുകവിതാ ഭാവുകത്വത്തോടിണങ്ങിയവയുമാണ്. അശോകൻ മറയൂരും സുകുമാരൻ ചാലിഗദ്ധയും ധന്യ വേങ്ങച്ചേരിയും അജയൻ മടൂരും ശാന്തി പനക്കനും പി.ശിവലിംഗനും ആർ.കെ. അട്ടപ്പാടിയും ഉൾപ്പെട്ട കേരളീയ ഗോത്ര കവികളുടെ രചനകളിലും ഇതേ സവിശേഷതകൾ കാണാനാവും. എന്തുകൊണ്ടാണ് ഇവർ തനതായ പാട്ടുവഴികൾ ഒഴിവാക്കി മിക്കവാറും ഗദ്യത്തിൽ എഴുതുന്നത് എന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്.  ഗോത്രഭാവനയേയും ജീവിതാനുഭവങ്ങളേയും പാരമ്പര്യത്തേയും സമകാലവും സമലോകവുമായി സംവദിക്കാൻ പറ്റിയ ഭാഷയിൽ ഉൾക്കൊണ്ടാണ് ലോകമെങ്ങുമുള്ള ഗോത്രഭാഷാകവികൾ എഴുതുന്നത് എന്നതാണ് അതിനു മറുപടി.

പ്രകൃതിയിൽ നിന്നും ജീവിതത്തിൽ നിന്നും സ്വാഭാവികമായി ഊറിയൊഴുകുന്ന വർണ്ണശബളമായ വിചിത്രഭാവനകൾ ചിലിയിലെയും വയനാട്ടിലെയും ഗോത്ര ഭാഷാ കവിതകളിൽ ഏതാണ്ടൊരു പോലെ കാണുന്നു എന്നതാണ് ഏറ്റവും കൗതുകകരം. ലാറ്റിനമേരിക്കൻ മാന്ത്രിക ഭാവനയുടെ വേരുകൾ ഇറങ്ങിയിരിക്കുന്നത് ആദിമഗോത്ര സംസ്കൃതിയിലേക്കാണ് എന്ന് ഗോത്രഭാഷകളിലെഴുതപ്പെടുന്ന കവിതകൾ നമ്മെ ബോധിപ്പിക്കുന്നു. അതേസമയം സമകാല ലാറ്റിനമേരിക്കൻ കവിതയുടെ പശ്ചാത്തലത്തിൽ നിന്നടർത്തിമാറ്റി ഈ കവിതകൾ വായിക്കാനും കഴിയില്ല. ചരിത്രവും സ്വപ്നവും, യാഥാർത്ഥ്യവും മായികതയും, ലാളിത്യവും സങ്കീർണ്ണതയും കുഴമറിയുന്നു ഇവിടെ. വിചിത്രഭാവനകളുടെ ഈ ധാരാളിത്തം അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടെയും ശാന്തി പനക്കന്റേയുമൊക്കെ കവിതകളിലും നമുക്കു കാണാനാവും.

പൂവിനുള്ളിലെ തേനിൽ
സൂര്യൻ കിടന്നു
തിളയ്ക്കുകയാണ്.
ചുമരിൽ തൂങ്ങിക്കിടക്കുന്നു
കൊക്കുകൾ
വെന്തും കറുത്തും പോയ
ദിനങ്ങൾ

എന്ന് അശോകൻ മറയൂർ എഴുതുന്നിടത്ത് പ്രകൃത്യനുഭവത്തിന്റെ മായികതയിൽ നിന്നുയരുന്ന ഭാവനയോടൊപ്പം സമകാലീനതയും ഉണ്ട്. ഗോത്രഭാവനയും നവീനഭാവുകത്വവും ഇഴുകിച്ചേർന്നവയാണ് മാപുഷെ കവിതകളെപ്പോലെ കേരളീയ ഗോത്രകവിതകളും. വിചിത്ര ഭാവനയിലൂടെ പ്രകൃതിയേയും ജീവിതത്തേയും കാണുന്ന ഈ രീതി ആദിമ ജനതകളുടെ ഗോത്രപ്പാട്ടുകളിൽ തന്നെയുള്ളതാണ്.

ഇന്ത്യയിലും ഇന്ന് ആദിവാസി ഭാഷകളിൽ സാഹിത്യരചന വ്യാപകമായി നടക്കുന്നുണ്ട്. വടക്കു കിഴക്കൻ, മധ്യേന്ത്യൻ ഗോത്രങ്ങളിൽ നിന്നുള്ള ഒട്ടേറെ എഴുത്തുകാർ ഇന്ന് ധാരാളമായി വായിക്കപ്പെടുന്നു.  മുമ്പ് ചിത്രത്തിലില്ലാത്ത ഭാഷകളിലെ എഴുത്താണ് സമകാല യൂറോപ്യൻ കവിതയുടെ മുഖ്യമായ ഒരാകർഷണം തന്നെ. സാപ്മി, റൊമഗ്നൊലോ, കറ്റാലൻ, ബാസ്ക്ക് തുടങ്ങിയ അവയിൽ ചിലത്.

3

മാതൃഭാഷയിൽ എഴുതുന്നതിന്റെ കരുത്ത് ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള കവികൾ തിരിച്ചറിഞ്ഞിരിക്കുന്നു. മാതൃഭാഷയിൽ എഴുതുന്നത്, സ്വന്തം ഭാഷയും സംസ്കാരവും ജീവനോപാധികളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് ഈ പുതിയ എഴുത്തുകാർ കരുതുന്നു. ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള എഴുത്തുകാർ കൈവരിച്ച രാഷ്ട്രീയമായ ഈ ഉണർവ് ആ ജനതയെ കാലാകാലമായി ചൂഷണം ചെയ്യുന്നവർക്കുള്ള താക്കീതാണ്. സ്വന്തം ശബ്ദം തെളിമയോടെയും മൗലികതയോടെയും കേൾപ്പിക്കുന്ന ഒരു ജനതയെ ഇനിയും ചവിട്ടിത്താഴ്ത്താൻ കഴിയില്ല. അട്ടിപ്പാടിയിൽ അരി മോഷ്ടിച്ചു എന്നാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന സമകാല സമൂഹത്തെ ഈ ശബ്ദങ്ങൾ അസ്വസ്ഥപ്പെടുത്താതിരിക്കില്ല. ശബ്ദം അമർത്തി ഞെരിക്കപ്പെട്ടവർ ശബ്ദം കേൾപ്പിക്കുകയാണ്. ആദിവാസികൾ കാടൊഴിഞ്ഞു പോകണമെന്ന പുതിയ തിട്ടൂരങ്ങളുടെ പശ്ചാത്തലത്തിൽ, സൗന്ദര്യ പക്ഷത്തുനിന്നുകൊണ്ടുള്ള ഈ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്.

ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന മണ്ണിനെ പിടിച്ചു നിർത്തലാണ് ഈ എഴുത്ത്.മലയാളം, തമിഴ്, കന്നടം പോലുള്ള അധീശ ഭാഷകളുടെ പിടിയിൽ പെട്ട് ഇല്ലാതായ്ക്കൊണ്ടിരിക്കുകയാണ് നമ്മുടെ പല ഗോത്രഭാഷകളും.സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. സ്വന്തമായി ലിപി ഇല്ലാത്തതിനാൽ എഴുതപ്പെടാതെ പോകുന്നു. മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം കൂടി ഗോത്ര ജനതക്ക് നിഷേധിച്ചിരിക്കുകയാണ്. ഇംഗ്ലീഷു പോലുള്ള ഭാഷകളുടെ പിടിയിൽ മലയാളം പോലുള്ള ഭാഷകൾ ഞെരിഞ്ഞമരുന്നതിനെപ്പറ്റി നാം വിലപിക്കും.എന്നാൽ മലയാളത്തിന്റെ അധീശത്വത്തിൽ ഇല്ലാതാവുന്ന ഗോത്രഭാഷകളെ നാം കണ്ടില്ലെന്നു നടിക്കും.

എഴുത്തിന്റെ തുടക്കകാലത്ത്, സ്വന്തം ഭാഷയിൽ എഴുതുന്നതിനെപ്പറ്റി അശോകൻ മറയൂർ പ്രകടിപ്പിച്ച ആശങ്ക ഞാനിപ്പോഴും ഓർക്കുന്നു. രണ്ടു പ്രശ്നങ്ങളായിരുന്നു അശോകനെ അലട്ടിയത്.ഒന്ന്, ലിപിയില്ലാത്ത ഭാഷ ലിപിയിൽ കൊണ്ടുവരുന്നതിന്റെ പ്രയാസം. രണ്ട്, സ്വന്തം ഭാഷയിലെഴുതിയാൽ ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക.ഇതിൽ ആദ്യത്തെ പ്രശ്നം അശോകൻ ഇന്ന് ഏറെക്കുറെ മറികടന്നിട്ടുണ്ട്.മലയാളമോ തമിഴോ ലിപി സ്വീകരിക്കാമെന്നിരിക്കേ, ഈ കവി മലയാള ലിപി തെരഞ്ഞെടുത്തു. ആ തെരഞ്ഞെടുപ്പിനും തീർച്ചയായും ഒരു രാഷ്ട്രീയ മാനമുണ്ട്, മലയാളം തമിഴിനും പിന്നിൽ മൂന്നാം ഭാഷയായിരിക്കേ.എന്നാൽതന്നെയും, മുതുവാൻ ഭാഷയിലെ മുഴുവൻ സ്വനിമങ്ങളേയും മലയാള ലിപിയിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നുമില്ല. 2016-ൽ ' തിളനില 'കവിതാ ജേണലിൽ ആദ്യമായി പ്രസിദ്ധീകരിച്ച അശോകന്റെ കവിതകൾ എങ്ങനെ ടൈപ്പ് സെറ്റ് ചെയ്യുമെന്നത് പ്രസാധകൻ എന്ന നിലക്ക് എന്നെ കുഴക്കുകയുണ്ടായി. പലേടത്തും രണ്ടു ചന്ദ്രക്കലകൾ ആവർത്തിച്ച് അച്ചടിച്ചാണ് ചില ധ്വനികൾ എഴുത്തിൽ പുറപ്പെടുവിച്ചത്. 2017- ൽ ഡിസി ബുക്സ് പുറത്തിറക്കിയ അശോകന്റെ  ആദ്യസമാഹാരത്തിന്റെ ശീർഷകത്തിലുമുണ്ട് രണ്ട് മീത്തൽ ചിഹ്നങ്ങൾ.

സ്വന്തം ഭാഷകളിലെ ആദ്യ കവികളാകുന്നതിന്റെ ഏകാന്തത ഒരു പക്ഷേ ഇവരെല്ലാം അനുഭവിക്കുന്നുണ്ടാവണം. മാവിലാൻ ഭാഷ വീട്ടിൽ സംസാരിക്കാൻ പോലും മുതിർന്നവർ മടിച്ചിരുന്നു എന്ന് ധന്യ വേങ്ങച്ചേരി പറയുന്നു.പുതിയ തലമുറക്ക് ആ ഭാഷ തീർത്തും അജ്ഞാതമാവുകയാണ്. എന്നാൽ, തങ്ങൾക്ക് ആ ഭാഷയിലേക്ക് മടങ്ങിച്ചെന്നു മാത്രമേ ആവിഷ്കരിക്കാൻ കഴിയൂ എന്നത് ഒരു ബോധ്യമാണ്. മിക്ക ഗോത്രഭാഷകൾക്കും പാട്ടുകളുടെ വലിയൊരു കലവറ സ്വന്തമായുണ്ട്. എന്നാൽ കവി എന്ന ഒരു വ്യക്തി ഇല്ല. ഈ പുതിയ തലമുറയിലൂടെ ഈ ഗോത്രഭാഷകളിൽ കവി അല്ലെങ്കിൽ എഴുത്തുകാരൻ / രി എന്ന എന്ന ധാരണ ആദ്യമായി രൂപം കൊള്ളുകയാണ്. തീർച്ചയായും അതിന്റെ പ്രതിസന്ധികൾ ഇവർ പങ്കിടുന്നുണ്ടാവണം.തന്റെ ഗോത്ര ഭാഷാ കവിതകൾ ആരു വായിക്കും എന്ന അശോകന്റെ ഉൽക്കണ്ഠയുടെ ഇടം ഇവിടെയാണ്. വരുന്ന തലമുറയിലെ കുട്ടികൾക്കു വേണ്ടിയാണ് താൻ ഇരുള ഭാഷയിലെഴുതുന്നതെന്ന് മണികണ്ഠൻ അട്ടപ്പാടി പറയുന്നു. സമകാലത്തെ അഭിമുഖീകരിക്കാനാവും വിധം പുതുക്കിക്കൊണ്ട് ഭാഷയെ സംരക്ഷിച്ച് അടുത്ത തലമുറക്കു കൈമാറുക എന്ന വലിയ സാംസ്കാരിക ദൗത്യം കൂടിയാണ് ഇവർക്ക് എഴുത്ത്.

മ്യൂസിയം പീസായി ഗോത്രഭാഷകളെ കാണുന്ന പൊതുബോധത്തോടും ഇവർക്ക് കലഹിക്കേണ്ടി വരുന്നുണ്ട്.അശോകന്റെ കവിതകളിൽ ശുദ്ധമായ മുതുവാൻ ഭാഷയല്ല എന്ന ഒരു വിമർശനം ഒരിക്കൽ  വന്നപ്പോൾ അശോകൻ പ്രതികരിച്ചത് ഇങ്ങനെയാണ്: ശുദ്ധമോ അശുദ്ധമോ എന്നത് എന്റെ പരിഗണനാ വിഷയമേയല്ല, ഞങ്ങൾ നാട്ടിലും വീട്ടിലും സംസാരിക്കുന്ന ഭാഷയിലാണ് ഞാനെഴുതുന്നത്. ഇതാണ് ഞങ്ങളുടെ മുതുവാൻ ഭാഷ.

ഈ ഗോത്രകവികളിൽ പലരും ദ്വിഭാഷാ കവികളോ ത്രിഭാഷാ കവികളോ ആണ്.ഇവരിൽ മണികണ്ഠൻ അട്ടപ്പാടി ഇരുള, മലയാളം, തമിഴ് ഭാഷകളിൽ എഴുതി വരുന്നു.അശോകൻ മറയൂരും സുകുമാരൻ ചാലിഗദ്ധയും ധന്യ വേങ്ങച്ചേരിയും മലയാളത്തിലും ഗോത്രഭാഷയിലും എഴുതുന്നു. ഗോത്രഭാഷയിൽ തന്നെ എഴുതുന്നു പി.ശിവലിംഗൻ.മലയാളത്തിൽ മാത്രം എഴുതുന്നവരും ഉണ്ട്.മലയാളത്തിലും ഗോത്രഭാഷയിലും എഴുതുന്നതിന്റെ അനുഭവ വ്യത്യാസം ഇവർ രേഖപ്പെടുത്തുന്നുണ്ട്. ഗോത്രഭാഷയിലെഴുതുമ്പോഴാണ് ഇവരുടെ കവിത്വ ശക്തി നിറവിലെത്തുന്നത് എന്നത് നമ്മുടെ വായനാനുഭവം. ഗോത്രഭാഷയിലെ വായനക്കാർക്കു പുറമേ മലയാള വായനക്കാരിലും കവിത എത്തേണമെന്ന് ആഗ്രഹിക്കുന്നതിനാൽ  സ്വന്തം ഗോത്ര ഭാഷാ കവിതകളുടെ പരിഭാഷകളും ഇവർ ഒപ്പം വയ്ക്കുന്നുണ്ട്. തീർച്ചയായും, ഗോത്രഭാഷകളും മലയാളവും തമ്മിൽ സാഹിത്യ ഭാഷകൾ എന്ന നിലയിലുള്ള  പരസ്പര വിനിമയത്തിന് ഇന്ന് വലിയ സാധ്യതകളുണ്ട്. അതേ സമയം,റാവുളഭാഷയിലെ പല വാക്കുകൾക്കും തത്തുല്യ പദം മലയാളത്തിലില്ലെന്നും പരിഭാഷ ഒരു പരിധി വരെ അസാധ്യമാണെന്നുമുള്ള സുകുമാരൻ ചാലിഗദ്ധയുടെ കാഴ്ചപ്പാടും പ്രസക്തമാണ്.

ഗോത്ര ഭാഷാ കവിതകളുടെ ശക്തമായ ഈ കടന്നുവരവോടെ ഒരു കാര്യം തീർച്ചയായിരിക്കുന്നു.മലയാള കവിത എന്നോ മലയാള സാഹിത്യമെന്നോ ഉള്ള പരികല്പനകളേക്കാൾ ഇന്ന് സാംഗത്യമുള്ളത് കേരള കവിത, കേരള സാഹിത്യം എന്നീ പരികല്പനകൾക്കാണ്. മലയാളം മാത്രമല്ല കേരളം എന്ന് ഈ കവിതകൾ നമ്മോടു പറയുന്നു. ഈ ബോധ്യത്തിലേക്ക് മലയാള സാഹിത്യവും എഴുത്തുകാരും
കൂടി എത്തേണ്ടിയിരിക്കുന്നു. നമ്മുടെ സാഹിത്യ മാസികകൾ, പാഠപുസ്തകങ്ങൾ എന്നിവയിലെല്ലാം ഗോത്ര ഭാഷാ രചനകൾ തോളോടുതോൾ ചേർന്നു നിൽക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു.

സ്വന്തം ഭാഷ ഉയർത്തിപ്പിടിക്കുന്ന ഈ കവിതകൾ ആദിവാസി സമൂഹത്തിന്റെ നിലവിലെ അവസ്ഥകളെ ശക്തമായി എഴുതുന്നു.പുറമേ നിന്നുള്ള കുടിയേറ്റക്കാർ നശിപ്പിക്കുന്ന തങ്ങളുടെ ജീവിതവും സംസ്കാരവും കാക്കാനുള്ള ജാഗ്രതയാണ് ഇവർക്ക് കവിത.പുറമേ നിന്നുള്ള കുടിയേറ്റക്കാരെ കുറിക്കാൻ റാവുള ഭാഷയിലുള്ള പദം ദണ്ടെ എന്നാണെന്ന് സുകുമാരൻ ചാലിഗദ്ധ പറയുന്നു. ഈ വാക്കിന് അർത്ഥം കള്ളൻ എന്നാണ്. തന്റെ ജനത്തെ അടിയർ എന്നും ഭാഷയെ അടിയഭാഷ എന്നും ദണ്ടെകൾ വിളിച്ചത് ഈ കവിക്ക് സ്വീകാര്യമല്ല. തങ്ങൾ റാവുളരും ഭാഷ റാവുളയുമാണെന്ന് സുകുമാരൻ തിരുത്തുന്നു.കണ്ണും കാതും വിരലുമറ്റ് എന്നും പുറത്തു നിൽക്കേണ്ടി വരുന്ന ആദിവാസിയവസ്ഥ പി.ശിവലിംഗൻ ആവിഷ്കരിക്കുന്നു. കാടു കക്കാൻ വരുന്നവന്റെ കാല് കൊത്തും എന്ന് തുറന്നു പ്രഖ്യാപിക്കുന്നു  ധന്യ വേങ്ങച്ചേരിയിലൂടെ, നമ്മുടെ ഗോത്രകവിത.

തുറന്ന പ്രഖ്യാപനങ്ങൾ വേണ്ടിടത്ത് അതു തന്നെ വേണം. എന്നാൽ, അതിനപ്പുറത്ത്, സമകാല ജീവിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ അനുഭവങ്ങളിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്നുണ്ട് ഇവരുടെ കവിതകൾ. മണ്ണിനേയും പെണ്ണിനേയും മാനിക്കാത്ത, വികസനത്തിന്റെ പെരും വാർപ്പു മാതൃകകൾ ഉയർത്തിപ്പിടിക്കുന്ന, ആഡംബരത്തിന്റെയും ആഘോഷത്തിന്റെയും കലവികളിലഭിരമിക്കുന്ന, ഹിംസാത്മകമായ കേരള നാഗരികതയ്ക്കു പകരം ബദൽ ജീവിത സാധ്യതകൾ ഗോത്ര കവിത മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇവരിലാരുടെ കവിത വേണമെങ്കിലും ഇതിനുദാഹരിക്കാവുന്നതാണ്. എങ്കിലും അശോകന്റെയും സുകുമാരന്റെയും കവിതകളിൽ ഈ ബദൽ ജീവിത ദർശനം തെളിമയോടെ വായിക്കാനാവും. ഗോത്ര ജീവിത പാരമ്പര്യത്തെ അഭിമാനത്തോടെ തോറ്റിയുണർത്തുന്ന കവിതകളാണിവ.

ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു കവി ഇങ്ങനെയെല്ലാമാണ് എഴുതേണ്ടത് എന്നതിനെപ്പറ്റി പുറത്തു നിന്നുള്ളവർക്ക് ചില മുൻ ധാരണകളുണ്ട്. ആദിവാസി ജീവിത പശ്ചാത്തലത്തിൽ പുറത്തു നിന്നുള്ള എഴുത്തുകാർ എഴുതിയ നോവലുകളും കവിതകളും വായിച്ചാൽ ഈ മുൻധാരണ വെളിപ്പെടും. എന്നാൽ, ഈ മുൻ ധാരണകളെയെല്ലാം തകർക്കുന്നവയാണ് പൊതുവേ ഗോത്രഭാഷാ കവിതകൾ . സാംസ്ക്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുമ്പോൾ തന്നെ, പുറം ലോകം പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രതിഷേധമുദ്രാവാക്യമാകാതിരിക്കാനുള്ള സൗന്ദര്യാത്മകവും രാഷ്ട്രീയവുമായ ജാഗ്രത ഗോത്രഭാഷാ കവിതകൾക്കുണ്ട്.  അടിമുടി സൗന്ദര്യാത്മകവും ആനന്ദാത്മകവും കൂടിയാണ് അവ. സ്വതന്ത്ര ജീവിതത്തിന്റെ കുളിർകാറ്റ് ഈ കവിതകളിൽ വീശിപ്പടരുന്നുണ്ട്. ഗോത്രജീവിതത്തിന്റെ സാംസ്ക്കാരിക സ്വത്വത്തെ ഭാഷപ്പെടുത്തുന്നവയാണ് അശോകന്റെയും സുകുമാരന്റെയും കവിതകൾ. രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രതിരോധത്തിൽ ഊന്നുന്നു പി.ശിവലിംഗന്റേയും ധന്യ വേങ്ങച്ചേരിയുടെയും ലിജിന കടുമേനിയുടെയും രാഗേഷ് നീലേശ്വരത്തിന്റെയും കവിതകൾ. പൊതു സമൂഹത്തോടുള്ള ചോദ്യങ്ങളുടെ ഭാഷ സ്വീകരിക്കുന്നു മണികണ്ഠൻ അട്ടപ്പാടി. ഗോത്രജീവിതത്തിലെ ആത്മീയാനുഭവത്തെ അജയൻ മടൂരും ആനന്ദാനുഭവത്തെ സുകുമാരൻ ചാലിഗദ്ധയും ആഘോഷിക്കുന്നു.

ഗോത്ര കവിതകൾ എന്നു കേൾക്കുമ്പോൾ ഒരു പക്ഷേ നാം ധരിക്കുക, ആദിവാസി പാട്ടുകളുടെ സ്വഭാവമുള്ള കവിതകളാണിവ എന്നാകും.എന്നാൽ ഈ കവികൾ എഴുതുന്നത് അധികവും ഗദ്യത്തിലാണ്. ഗോത്രപ്പാട്ടുകളുടെ ഈണവും താളവും മുഴക്കവും ഉൾച്ചേർത്തുകൊണ്ട്, പുതുകാലത്തോട് സംവദിക്കുന്ന ഗദ്യം ഇവർ കൂടുതലായി സ്വീകരിക്കുന്നു. എങ്കിലും സുകുമാരൻ ചാലിഗദ്ധയെപ്പോലുള്ള ചില കവികൾ പുതിയ കാലത്തിന്റെ പാട്ടുകൾ എഴുതുന്നുണ്ട്.

ഗോത്രഭാഷാകവികളുടെ ഈ നീണ്ട നിരയിൽ ധാരാളം പെൺവഴികളും കാണാനാവുന്നു എന്നത് പ്രധാനമാണ്. അശോകൻ മറയൂരിനും സുകുമാരൻ ചാലിഗദ്ധക്കുമൊപ്പം ഈ പുതിയ മുന്നേറ്റത്തിനു തുടക്കമിട്ടവരിൽ ഒരാൾ ധന്യ വേങ്ങച്ചേരിയാണ്. പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഗോത്രഭാഷാ കവിതകളുടെ രംഗാവതരണത്തിന് നേതൃത്വം നൽകുക കൂടി ചെയ്യുന്നുണ്ട് ഇപ്പോൾ ധന്യ. രാഷ്ട്രീയമായ ഉണർവുള്ളവയാണ് ഗോത്രഭാഷാ പെൺകവിതകൾ മിക്കതും. ഈ പെൺസാന്നിദ്ധ്യം ഇന്ത്യയൊട്ടുക്കുമുള്ള ആദിവാസി കവിതയുടെ തന്നെ സവിശേഷതയായി കാണാമെന്ന് ഇന്ത്യൻ ഗോത്രഭാഷാ കവിതകളുടെ സമാഹർത്താവും ഗുജറാത്തി എഴുത്തുകാരനുമായ കാഞ്ചി പട്ടേൽ അടുത്തിടെ ഒരഭിമുഖത്തിൽ പറയുകയുണ്ടായി :
"ആദിവാസി സ്ത്രീ കവികളുടെ കവിതകൾ ഹരിതാഭമാണ്. പ്രാദേശിക സമൂഹവും ആഗോള സമൂഹവും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളോട് ആഴത്തിൽ സംവദിക്കുന്നതാണ്.  ലോകം ഇന്ന് ഹരിത രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ അവരുടെ ജീവിതത്തിലതുണ്ട്, കലകളിലും, കരകൗശലങ്ങളിലും, കവിതകളിലുമതുണ്ട്. അരുണാചലിൽ നിന്നുള്ള ജമുനാ ബിനി, ത്സാർഖണ്ഡിൽ നിന്നുള്ള ജസീന്താ കെർക്കോട്ടാ, മഹാരാഷ്ട്രയിലെ മതുര ഗോത്രത്തിൽ നിന്നുള്ള ഉഷ കിരൺ, ആസ്സാമിലെ ടീ-ട്രൈബ് വിഭാഗത്തിൽ നിന്നുള്ള കബിത കർമാക്കർ തുടങ്ങി നിരവധി ശ്രദ്ധേയ കവികൾ ഗോത്രകവിതയുടെ സ്ത്രീ ശബ്ദം കേൾപ്പിക്കുന്നുണ്ട്" (ഗോത്രകവിതയിലുണ്ട് പ്രകൃതിയുടെ താക്കോൽ - അഭിമുഖം, കാഞ്ചി പട്ടേൽ/ ആദിൽ മഠത്തിൽ - കേരളീയം ഡിസംബർ 2022)

സംസ്കൃത അധിനിവേശത്തിനു മുമ്പുള്ള ദ്രാവിഡ സംസ്കൃതിയുടെ നേർവേരുകളിൽ നിന്നുള്ള പൊട്ടിച്ചിനപ്പുകളായി ഈ കവിതകളെ കാണാനാവും. കുറിഞ്ഞിത്തിണയിൽ പെട്ട സംഘം കവിതകളിലെ ജീവിതവും പ്രകൃതിയും സംസ്കാരവും ഓർമ്മയിലുണർത്താൻ പോരുന്നവയാണ് ഈ കവിതകളിൽ പലതും. അശോകൻ മറയൂരിന്റെ നിലാനിറപ്പെണ്ണും കാട്ടുകഥയും എന്ന കവിതയിൽ സമകാല ഗോത്രജീവിതത്തിലെ പെൺവാഴ്‌വാണ് കവി ആവിഷ്ക്കരിക്കുന്നതെന്നാൽ പോലും സംഘകാല കുറിഞ്ഞിത്തിണക്കവിതകളുടെ വിദൂര പശ്ചാത്തലം ആ കവിത വായിക്കുമ്പോൾ നാമോർക്കും. അട്ടപ്പാടി തൊട്ട് തെക്കോട്ടുള്ള ഗോത്രഭാഷകൾക്ക് തമിഴിനോടും വയനാട് തൊട്ട് വടക്കോട്ടുള്ള ഗോത്രഭാഷകൾക്ക് കന്നടത്തോടും സാംസ്ക്കാരികവും ഭാഷാശാസ്ത്രപരവുമായ ചാർച്ചകൾ ഉണ്ട്. പാരമ്പര്യത്തിലെ ഈ വ്യത്യാസവും വൈവിദ്ധ്യവും വിവിധ ഗോത്രഭാഷകളിലെഴുതപ്പെടുന്ന കവിതകളെ സവിശേഷമാക്കുന്നു. ഇങ്ങനെ കേരള കവിതയിലെ മുറിഞ്ഞുപോയ പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പായി ഈ കവിതകൾ പുതിയ വായനക്കാർക്കു മുന്നിൽ ഉണർവോടെ എത്തുന്നു.

4

കാലത്തിന്റെയും ദേശത്തിന്റെയും അകലങ്ങളെ ചേർത്തിണക്കി തുന്നുന്ന ഗോത്ര കവിതകൾ കേരളത്തിനു പുറത്തുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് വളരെ സ്വാഗതാർഹമാണ്. പ്രാദേശികമായ മാനത്തിനു പുറമേ, ദേശീയവും ആഗോളീയവുമായ മാനങ്ങളുണ്ട് കേരള ഗോത്രഭാഷാ കവിതക്ക്. സാമൂഹ്യവും രാഷ്ട്രീയവുമായി എന്നപോലെത്തന്നെ സൗന്ദര്യാത്മകമായ പ്രാധാന്യവും അവക്കുണ്ട് എന്നും സൂചിപ്പിക്കുകയുണ്ടായി. ഈ നിലകളിൽ ഇന്ത്യൻ ഗോത്രഭാഷാ കവിതകളോട് ഇവ ചേർത്തു വെച്ചു വായിക്കുക എന്നത് പ്രധാനമാണ്. ആ വഴിക്കുള്ള മാതൃകാപരമായ ഒരു വലിയ പരിശ്രമമാണ് കേരള ഗോത്രഭാഷാകവിതകളുടെ തമിഴ് പരിഭാഷയിലൂടെ എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സുഹൃത്ത് ശ്രീ നിർമ്മാല്യാ മണി നിർവഹിച്ചിരിക്കുന്നത്. ഇവിടെ പ്രതിനിധാനം ചെയ്തിരിക്കുന്ന ഗോത്രഭാഷാസമൂഹങ്ങളിൽ പലതും തമിഴ് നാട്ടിലുമുള്ളവയാണ്. ആ നിലക്ക് തമിഴ് - ദ്രാവിഡ സംസ്കൃതിയിലും സാഹിത്യത്തിലും താല്പര്യമുള്ളവരെയെല്ലാം ഈ പുസ്തകം ആകർഷിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. നൂറ്റാണ്ടുകളായി നിശ്ശബ്ദരാക്കപ്പെട്ട മനുഷ്യർ ഉറച്ചു നിന്നു സംസാരിക്കുമ്പോൾ അതിനോടു സാഹോദര്യം കൊള്ളുക മനുഷ്യപ്പറ്റുള്ള ഏവരുടെയും ഉത്തരവാദിത്തം കൂടിയാണ്. ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയിരിക്കുന്നു നിർമ്മാല്യ മണിയുടെ ഈ പരിഭാഷാ പുസ്തകം. മലയാളത്തിനും തമിഴിനും കന്നടത്തിനുമിടയിലുള്ള ഈ ഗോത്രഭാഷാ സാഹിത്യം മലയാളത്തോടൊപ്പം തമിഴിനേയും, പരിഭാഷപ്പെടുത്തുന്ന പക്ഷം കന്നടത്തേയും കൂടി പുതിയ വിസ്തൃതികളിലേക്ക് നയിച്ചേക്കാം.

(നിർമ്മാല്യ മണി പരിഭാഷപ്പെടുത്തി തമിഴിൽ പ്രസിദ്ധീകരിച്ച കേരള പഴങ്കുടി കവിതൈകൾ എന്ന സമാഹാരത്തിനെഴുതിയ അവതാരിക)

കേരളത്തിന്റെ ഇരുള ഭാഷാകവിത

കേരളത്തിന്റെ ഇരുള ഭാഷാകവിത


പി.രാമൻ



സമീപകാലത്ത് കേരളത്തിന്റെ കാവ്യാന്തരീക്ഷത്തിൽ ഉണ്ടായ പുതിയ വികാസത്തെയാണ് ആദിവാസി ഗോത്രഭാഷാ കവിതകൾ അടയാളപ്പെടുത്തുന്നത്. മുപ്പത്തഞ്ചിൽ പരം ആദിവാസി ഗോത്രങ്ങളിൽ നിന്നായി അമ്പതോളം കവികൾ ഇന്ന് എഴുത്തിൽ സജീവമാണ്. മലയാളത്തിലും ഗോത്രഭാഷകളിലും അവരെഴുതുന്നു. രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവും ഭാഷാശാസ്ത്രപരവുമായ വലിയ പ്രാധാന്യം ഗോത്രകവിതകളുടെ കടന്നുവരവിനുണ്ട്. ആദിവാസി ജനത ഇന്നു നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ രാഷ്ട്രീയാവിഷ്ക്കാരമാണ് ഗോത്ര കവിത. സംസ്കൃതവൽക്കരണത്തിനു മുമ്പുള്ള ദ്രാവിഡത്തനിമയിലേക്കു വേരിറങ്ങിച്ചെല്ലുന്ന സൗന്ദര്യാവബോധം ഗോത്രകവിതകൾ പ്രകാശിപ്പിക്കുന്നു. മറ്റു ഭാഷകളുടെ കടന്നുകയറ്റം മൂലവും സംസാരിക്കുന്നവരുടെ എണ്ണക്കുറവു മൂലവും ലിപിയുടെ അഭാവത്താലും മറ്റും നാശോന്മുഖമായ ആദിവാസിഭാഷകളുടെ പുനരുജ്ജീവനത്തിന് ഗോത്രകവിത പ്രചോദകമാവുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇന്ന് ഗോത്രഭാഷാ സാഹിത്യം എഴുതപ്പെടുന്നുണ്ട്. ലോകമെമ്പാടും തന്നെ, സാഹിത്യരംഗത്ത് സമീപകാലത്തുണ്ടായ പുതിയ വികാസം ആദിമ ഗോത്ര ജനതകളുടെയും മുഖ്യധാരക്കു പുറത്തുള്ള ജനതകളുടെയും എഴുത്തിന് കൈവന്ന ദൃശ്യതയാണ്. ഉദാഹരണത്തിന് യൂറോപ്യൻ സാഹിത്യമെന്നാൽ ഇന്ന് സാമി, ബാസ്ക്, കറ്റാലൻ തുടങ്ങിയ ഭാഷകളിലെ സാഹിത്യങ്ങൾ കൂടിയാണ്. ലാറ്റിനമേരിക്കൻ സാഹിത്യമെന്നാൽ ഇപ്പോൾ മാപുഡംഗൻ, മയാ കീ ഷെ തുടങ്ങിയ റെഡ് ഇന്ത്യൻ ഭാഷകളിലെ എഴുത്തുകൂടി ചേർന്നതാണ്. ലോകസാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലുമുണ്ടായ ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞ ശേഷമോ പഠിച്ച ശേഷമോ ബോധപൂർവം സൃഷ്ടിക്കപ്പെട്ട ഒന്നല്ല കേരളത്തിലെ ഗോത്രഭാഷാസാഹിത്യത്തിന്റെ ഈ നവതരംഗം. മറിച്ച്, കേരളത്തിൽ ഗോത്രഭാഷാകവിതകൾ ശ്രദ്ധിക്കപ്പെട്ട കാലത്തു തന്നെയാണ് ലോകമെമ്പാടും ആദിമജനതയുടെ സാഹിത്യം ദൃശ്യത കൈവരിച്ചത് എന്നത് വിസ്മയകരമാം വിധം കൗതുകമുയർത്തുന്ന വസ്തുതയാണ്. യാദൃച്ഛികമല്ല ഈ ഒത്തുവരവ് എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇന്ന് ലാറ്റിനമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, യൂറോപ്പ്, ഏഷ്യ എന്നീ വൻകരകളിലെല്ലാം ആദിമജനതകളുടെ ഭാഷാവിഷ്ക്കാരങ്ങളുടെ രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ പ്രാധാന്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ആദിമജനതകളുയർത്തിപ്പിടിക്കുന്ന പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം ശ്രദ്ധിക്കാതെ മുന്നോട്ടു പോകാൻ ആഗോളസമൂഹത്തിന് കഴിയാതെ വന്നിരിക്കുന്നു.


2021 നവംബർ 26, 27, 28 തിയ്യതികളിലായി വയനാട്ടിൽ വെച്ച് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ഗോത്രായനം എന്ന യുവസാഹിത്യ ശില്പശാല ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കായി നടക്കുകയുണ്ടായി. ഗോത്രഭാഷകളിലും മലയാളത്തിലും എഴുതുന്ന ഒട്ടേറെ എഴുത്തുകാർ പങ്കെടുത്ത ആ സാഹിത്യോത്സവത്തിൽ എഴുത്തുകാർ പങ്കു വെച്ച പ്രധാനമായ ഒരാശങ്ക ഗോത്രഭാഷാകൃതികളുടെ പ്രസാധനത്തെക്കുറിച്ചായിരുന്നു. കവിത തന്നെയും ഇന്ന് മുഖ്യധാരാ പ്രസാധകരുടെ വാണിജ്യ താല്പര്യങ്ങൾക്ക് ഇണങ്ങുന്ന ഇനമല്ല എന്നിരിക്കേ ഗോത്രഭാഷകളിലുള്ള കവിതകൾക്ക് പ്രസാധകരെ കണ്ടെത്തുക അങ്ങേയറ്റം പ്രയാസകരമാണ്. ആഗോളതലത്തിൽ ഗോത്രഭാഷാ രചനകൾ ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, കേരളത്തിലെ ഗോത്രഭാഷാ കൃതികൾ വായനക്കാരിലെത്തിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത കേരള സാഹിത്യ അക്കാദമിയെ അഭിനന്ദിക്കാതെ വയ്യ. താനെഴുതിയ സാഹിത്യചരിത്രഗ്രന്ഥത്തിന് കേരള സാഹിത്യ ചരിത്രം എന്നാണ് ഉള്ളൂർ പേരു കൊടുത്തത്. മലയാളം മാത്രമല്ല കേരളം എന്ന കാഴ്ച്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അന്നത്തെ സാംസ്ക്കാരിക സാഹചര്യത്തിൽ, കേരളത്തിലുണ്ടായ തമിഴ്, സംസ്കൃത സാഹിത്യങ്ങളെയാണ് മലയാളത്തോടൊപ്പം അദ്ദേഹം ചേർത്തു വെച്ചത്. മലയാളം മാത്രമല്ല കേരളം എന്ന കാഴ്ച്ചപ്പാടിന് ഇന്ന് കുറേക്കൂടി വ്യക്തത കൈവന്നിരിക്കുന്നു. കേരളം മാതൃഭൂമിയായിട്ടുള്ള, മലയാളമല്ലാതെ മറ്റു ഭാഷകൾ മാതൃഭാഷയായിട്ടുള്ള ജനതകളുടെ സാഹിത്യം കൂടി ഉൾക്കൊള്ളുന്നതാണ് ഇന്ന് കേരള സാഹിത്യം. ആദിവാസി ഗോത്രഭാഷകളിലെ സാഹിത്യം കേരള സാഹിത്യത്തിന്റെ അവിഭാജ്യഘടകമായിരിക്കുന്നു. മാറിയ ഈ കാഴ്ച്ചപ്പാടിനെ പ്രതിനിധീകരിക്കുന്ന പ്രസാധനമാണ് മല്ലീസ്പറമുടിയുടേത്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ആദിവാസി ഗോത്രഭാഷാകൃതി എന്ന വലിയ പ്രാധാന്യം ഈ പുസ്തകത്തിനു കൈവന്നിരിക്കുന്നു.


മുപ്പത്തഞ്ചിലേറെ ആദിവാസി ഗോത്രങ്ങൾ കേരളത്തിലുണ്ട്. അവക്കെല്ലാം തനതായ വാമൊഴികളുണ്ട്. ആ ഭാഷകളിൽ പലതും പ്രചാരലുപ്തമായിക്കഴിഞ്ഞു. സമീപഭൂതകാലത്തിൽ മാതൃഭാഷ നഷ്ടപ്പെട്ട ഗോത്രങ്ങൾ പലതുണ്ട്. എന്നാൽ ഇപ്പോഴും മാതൃഭാഷയിൽ വിനിമയം നടന്നുകൊണ്ടിരിക്കുന്ന പതിനഞ്ചോളം ഗോത്രഭാഷകളിൽ അടുത്ത കാലത്ത് മലയാള ലിപി ഉപയോഗപ്പെടുത്തിയുള്ള എഴുത്ത് സജീവമായിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വ്യാപനവും മൊബൈലിൽ മലയാളം എഴുതുന്ന സാങ്കേതികവിദ്യയുടെ പ്രചാരവുമാണ് ഈ തരംഗത്തിന്റെ പ്രത്യക്ഷകാരണങ്ങളിൽ പ്രധാനപ്പെട്ടവ. ഇങ്ങനെ ഗോത്രഭാഷകളിലും മലയാളത്തിലും എഴുതിക്കൊണ്ടിരിക്കുന്ന അമ്പതോളം കവികൾ ഇന്നു കേരളത്തിലുണ്ട്. അവരിൽ മിക്കവരും മുപ്പത്തഞ്ചു വയസ്സിൽ താഴെ പ്രായമുള്ള യുവാക്കളുമാണ്. ധന്യ വേങ്ങച്ചേരി, ശാന്തി പനക്കൻ, ലിജിന കടുമേനി, ബിന്ദു ഇരുളം, സീന തച്ചങ്ങാട് തുടങ്ങി ചെറുപ്പക്കാരായ സ്തീകളുടെ ഒരു നിരതന്നെ ഗോത്രഭാഷകളിലെഴുതി വരുന്നു. മുതുവാൻ, മാവിലൻ തുളു, റാവുള, ഇരുള, മുഡുഗ, പണിയ, മലവേട്ടുവ, മുള്ളക്കുറുമ,കാട്ടുനായ്ക്ക എന്നീ ഭാഷകളിലാണ് ഏറ്റവും സജീവമായി എഴുത്തുനടക്കുന്നത്. കാടർ, കുറുംബ, ബെട്ടക്കുറുമ,കാണിക്കാർ എന്നീ ഭാഷകളിൽ പരിമിതമായ രീതിയിലും ചോലനായ്ക്ക പോലുള്ള ചിലതിൽ നാമമാത്രമായും എഴുത്തു നടക്കുന്നുണ്ട്. ഇങ്ങനെ കൂട്ടമായി ആദിവാസി ചെറുപ്പക്കാർ സാഹിത്യരംഗത്തേക്കു കടന്നുവന്ന കാലം മുമ്പുണ്ടായിട്ടില്ല. ആകയാൽ സാഹിതീയമായും സാമൂഹ്യമായും വിപ്ലവകരമായ നവതരംഗം തന്നെ ഇത്.


എഴുത്തും പ്രസാധനവും ആദിവാസി ജനതക്ക് മുമ്പില്ലാത്ത ദൃശ്യത നൽകിയിരിക്കുന്നു. അര നൂറ്റാണ്ടിലേറെ മുമ്പ് പുറത്തിറങ്ങിയ കെ. പാനൂരിന്റെ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിന്റെ തലക്കെട്ട് പൊതു സമൂഹത്തിൽ ആദിവാസി സമൂഹം അനുഭവിച്ച അദൃശ്യതയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ സാഹിത്യം വഴി കൈവന്ന സ്വീകാര്യതക്കും ദൃശ്യതക്കും സാമൂഹ്യവും സാംസ്ക്കാരികവുമായ വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ പ്രമുഖ സാഹിത്യ വാരികകളുടെ മുഖചിത്രമായി ആദിവാസി എഴുത്തുകാർ വരുന്ന തരത്തിൽ അവരുടെ എഴുത്തിന്റെ മികവ് ഇന്ന് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആര്യവൽക്കരണത്തിനു മുമ്പുള്ള സാംസ്കാരിക വേരുകളിലേക്ക് കേരളീയ പൊതു സമൂഹത്തിന്റെയും മുഖ്യധാരാ സാഹിത്യത്തിന്റെയും ശ്രദ്ധ പതിയാൻ കൂടി ഗോത്രഭാഷാ സാഹിത്യം ഇടവരുത്തിയിരിക്കുന്നു. ഈ നിലയിൽ കേരളസാഹിത്യത്തിലെ മുഖ്യധാരയെ സ്വാധീനിക്കാൻ ഇന്ന് ഗോത്രഭാഷകളിലെ എഴുത്തിനു കഴിയുന്നുണ്ട്.


ഈ തരംഗത്തിനു തുടക്കമിട്ട ചെറുപ്പക്കാരിൽ ഒരാളാണ് മല്ലീസ്പറമുടിയുടെ കർത്താവായ മണികണ്ഠൻ അട്ടപ്പാടി. മലയാളത്തിലുള്ള തന്റെ ആദ്യസമാഹാരം മണികണ്ഠൻ 2017-ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഇരുള ഭാഷാ കവിതകളുടെ സമാഹാരമാണ് മല്ലീസ്പറമുടി. മണികണ്ഠന്റെ മാതൃഭാഷയാണ് ഇരുള. കേരളത്തിൽ അട്ടപ്പാടിയിലും അട്ടപ്പാടിയോടു ചേർന്നു കിടക്കുന്ന തമിഴ് നാടൻ പ്രദേശങ്ങളിലുമാണ് ഇരുള ഭാഷ സംസാരിക്കുന്ന ജനത വസിക്കുന്നത്. തമിഴ് - മലയാളങ്ങൾക്കിടയിൽ പെട്ട് തനിമ നിലനിർത്താൻ പാടുപെടുന്ന ഇരുള ഭാഷക്ക് പുതുജീവൻ പകർന്നു കൊണ്ടാണ് മണികണ്ഠൻ അട്ടപ്പാടി, പി. ശിവലിംഗൻ എന്നീ കവികൾ എഴുതി വരുന്നത്. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ വർത്തമാനാവസ്ഥയുടെയും സാംസ്കാരികത്തനിമകളുടെയും പൊതു സമൂഹവുമായുള്ള കൊടുക്കൽ വാങ്ങലുകളുടെയും പശ്ചാത്തലത്തിലുള്ള കവിതയാണ് മണികണ്ഠന്റേത്. ആ കവിതയേയും കവിയേയും ഞാനാദ്യം പരിചയപ്പെട്ടത് പട്ടാമ്പി കോളേജിൽ വെച്ചു നടന്ന കവിതാ കാർണിവലിലെ (2018) ഗോത്ര കവിതാ സെഷനിലാണ്. ആദ്യമായിട്ടായിരുന്നു കേരളീയ ഭാഷാ വൈവിധ്യം ഉയർത്തിപ്പിടിക്കുന്ന അത്തമൊരു കവിയരങ്ങ് ഞാൻ കേട്ടത്. മലയാളിയല്ലാത്ത ഒരാൾ മലയാളം പറയുന്നതു പോലെ മറ്റൊരു ഭാഷയുടെ ഒട്ടലുള്ള മലയാളത്തിൽ മണികണ്ഠൻ അന്ന് സ്വയം പരിചയപ്പെടുത്തി സംസാരിച്ചത് ഓർക്കുന്നു. 


തുടക്കത്തിൽ ഈ കവി എഴുതിയത് മലയാളത്തിൽ തന്നെയാണെങ്കിലും പിന്നീട് തന്റെ മാതൃഭാഷയുടെ പ്രകാശന സാദ്ധ്യതകൾ വർദ്ധിച്ചതോടെ മണികണ്ഠൻ ഇരുള ഭാഷയിൽ ധാരാളമായി എഴുതാൻ തുടങ്ങി. തന്റെ ഭാഷ കൈമോശം വരാതെ അടുത്ത തലമുറക്ക് കൈമാറലാണ് തന്റെ നിയോഗം എന്ന് ഈ കവി കരുതുന്നു. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം നേരിട്ട് ഈ കവിതകളിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കവിതകൾ സ്വയം സംസാരിക്കുമെന്നതിനാൽ അവയുടെ പ്രമേയപരമായ വിശദാംശങ്ങളിലേക്ക് ഈ കുറിപ്പ് കടക്കുന്നില്ല. എന്നാൽ മറ്റു ഗോത്രഭാഷാ കവികളുടേതിൽ നിന്ന് ഈ കവിയുടെ എഴുത്തിനുള്ള ഒരു വ്യത്യാസം മാത്രം കുറിക്കട്ടെ. തന്റെ കവിതയിലൂടെ നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു ഈ കവി എന്നതാണാ വ്യത്യാസം. ഒരേ സമയം ആദിവാസി സമൂഹത്തോടും കേരളത്തിലെ പൊതുസമൂഹത്തോടും ഉയർത്തുന്ന ചോദ്യങ്ങളാൽ മുഖരമാണ് മണികണ്ഠകവിത. അട്ടപ്പാടിക്കാരൻ തന്നെയായ ആദിവാസി യുവാവ് മധു തന്റെ മരണത്തിലൂടെ ഉയർത്തിയ ചോദ്യങ്ങളുടെ കാലത്തു തന്നെയാണ് തന്റെ ഭാഷയിൽ ജീവിച്ചുകൊണ്ട് മണികണ്ഠൻ ചോദ്യങ്ങളെയ്യുന്നത്.നെഞ്ചിനുള്ളിലേക്ക്

തീക്കനൽ വീഴ്ത്തിയതാര്?, ആഗ്രഹങ്ങളിലേക്കു മണ്ണുവാരിയിട്ടതാര്?, കാടിനു തീവെച്ചതാര്? കാട്ടുമരങ്ങൾ വെട്ടാൻ കത്തിക്കു മൂർച്ച കൂട്ടുന്നതാര്? എന്നിങ്ങനെ

ചോദ്യങ്ങളിൽ നിന്നു ചോദ്യങ്ങളിലേക്കു കയറി മണികണ്ഠന്റെ കവിത ആവിഷ്ക്കാരത്തിന്റെ അടുത്ത വിതാനത്തിലേക്കു കടന്നിരിക്കുന്നു. ഗോത്ര ജീവിത സംസ്ക്കാരത്തിന്റെ വർണ്ണശബളമായ അടരുകളിലേക്കു കൂടുതലായി ഊന്നുന്നവയാണ് മണികണ്ഠന്റെ സമീപകാല കവിതകളെല്ലാം. 


"മല്ലീശ്വര മുടിയിൽ 

എരിയുന്ന വിളക്ക് 

കെടാതെ എരിയട്ടെ

നശിച്ച നമ്മുടെ ജീവിതം

വെളിച്ചമായ് മാറട്ടെ"


എന്ന പ്രാർത്ഥനയിൽ ഈ കവിയുടെ രചനാ കർമ്മത്തിന്റെ മേൽപ്പറഞ്ഞ രണ്ട് ഊന്നലുകളും സൂചിതമാവുന്നുണ്ട്. ആദിവാസി ജനതയുടെ സാംസ്കാരികമായ തനിമയെക്കുറിച്ചുള്ള ബോധം ഈ കവിതകളിൽ അടിയൊഴുക്കു പോലെ ഒഴുകുന്നു. ആദിവാസി ജീവിതത്തെ ഒരു പഠന വസ്തുവായിക്കാണുന്ന പുറംലോക നോട്ടത്തെ ഈ കവിതകൾ അപ്രസക്തമാക്കുന്നു. ഈ കവിതകളിലൂടെ ഒരു സമകാല ഗോത്രഭാഷാകവി സ്വന്തം ജനതയുടെ ജീവിതവും സംസ്ക്കാരവും തുറന്ന പരിശോധനക്കു വിധേയമാക്കുകയാണ്. ഇന്നത്തെ ലോകത്ത് ആദിവാസിക്കു നഷ്ടമാകുന്നതെന്ത് എന്നു ചോദിക്കുകയും അതിന് ഉത്തരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതെഴുതുമ്പോൾ,പസത് (വീട്ടുദൈവം) എന്ന കവിതയിലെ ഒരു രംഗം എന്റെ കൺമുന്നിൽ മെല്ലെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ പെറ്റ റ്ത്ത പിള്ളനെ (ചോരക്കുഞ്ഞ്) പസത് എന്ന വീട്ടുദൈവത്തെ കാണിക്കാൻ കൊണ്ടുവരുന്ന രംഗമാണത്. കുഞ്ഞിനു മുന്നിൽ തൂക്കിയിട്ട രണ്ടു പെട്ടികളിൽ ആൺ ദൈവവും പെൺ ദൈവവും കുടികൊള്ളുന്നു. കുഞ്ഞിനെ താഴെ കിടത്തി ദൈവത്തെ തൊഴുത ശേഷം ആ പെട്ടികൾ മെല്ലെ ആട്ടുകയാണ്. ചോരക്കുഞ്ഞിനു മുന്നിൽ വീട്ടുദൈവങ്ങൾ കുഞ്ഞു പെട്ടികളിൽ കിടന്നാടുമ്പോൾ അത് ദൈവവീടായിത്തീരുന്നു. ആ ദൈവവീട് ഇന്ന് മാറാല മൂടി കിടക്കുകയാണ്. ആദിവാസി സംസ്കൃതി പുറംലോകത്തിന്റെ പഠന വസ്തുവല്ല എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു. സ്വന്തം കർതൃത്വത്തിലൂടെ ആദിവാസി തുറന്നിടുന്ന ലോകത്തിലൂടെ അയാൾക്ക് / അവൾക്ക് ഒപ്പം ചേർന്നു നടക്കാൻ ഈ കവിതകൾ നമ്മെ വിളിക്കുന്നു.

Tuesday, August 12, 2025

ചെറുകാടും മലയാളകവിതയും

ചെറുകാടും മലയാളകവിതയും


പി.രാമൻ


1

സമ്പന്നമായ ഒരു പൊതു രാഷ്ട്രീയ ജീവിതമുള്ള നാടാണ് കേരളം. അതിൽ നിന്നൂറിക്കൂടിയ രാഷ്ട്രീയബോധം മലയാളിയുടെ ജീവിതവീക്ഷണത്തിലും കലാ-സാഹിത്യ വീക്ഷണത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. മലയാളിയുടെ ജീവിതമൂല്യങ്ങളെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ രാഷ്ട്രീയ ജീവിതത്തിനു വലിയ പങ്കുണ്ട്. എന്നുതന്നെയല്ല, 19-ാം നൂറ്റാണ്ടിൻ്റെ പകുതിക്കു ശേഷം ചലനാത്മകമായ സാമൂഹ്യ- രാഷ്ട്രീയ ജീവിതമാണ് സാഹിത്യത്തെ ഒരു പൊതുമണ്ഡലമെന്ന നിലയിൽ ബഹുജനങ്ങൾക്കു മുന്നിൽ വിരിച്ചിട്ടത്. അത്രയും കാലം ജാതിയാലും സമ്പത്താലും അധികാരത്താലും ഉയർന്ന നിലയിലുള്ള ഒരു ചെറുവിഭാഗത്തിൻ്റെ മനോഭാവങ്ങളെ മാത്രം ആവിഷ്ക്കരിച്ച സാഹിത്യത്തെ സകലജനങ്ങൾക്കുമായി സ്വതന്ത്രമാക്കിയത് നമ്മുടെ രാഷ്ട്രീയജീവിതവും അതിൽ നിന്നു വികസിച്ച ജീവിതാവബോധവുമാണ്. ഏറെക്കുറെ മതപരമെന്നോ ഹൈന്ദവമെന്നോ വിളിക്കാവുന്ന നമ്മുടെ സാഹിത്യപാരമ്പര്യത്തെ വഴി തിരിച്ചു വിട്ടതും ജീവിതത്തിൻ്റെ സമസ്തമേഖലകളിലേക്കും ആവേശിപ്പിച്ചതും കേരളത്തിൻ്റെ രാഷ്ട്രീയ ജീവിതമാണ്.

ഇത്ര സമ്പന്നമായിരുന്നിട്ടും മലയാളിയുടെ രാഷ്ട്രീയ ജീവിതത്തെ പിന്തുടർന്ന് ആവിഷ്ക്കരിച്ചു പോന്ന സാഹിത്യകൃതികൾ കുറവാണ്. രാഷ്ട്രീയ സംഭവങ്ങളുണ്ടാക്കിയ ആഘാതങ്ങൾക്കോ സ്വാധീനങ്ങൾക്കോ മുഴക്കങ്ങൾക്കോ ആനുപാതികമായി അവയെ അധികരിച്ച് മികച്ച സാഹിത്യരചനകൾ ഉണ്ടായില്ല എന്നാണ് ഉദ്ദേശിച്ചത്. ഉദാഹരണത്തിന്, കേരളത്തിലെ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരാവേശവും നമ്മുടെ പല നോവലുകളിലും മിന്നിമാഞ്ഞുപോകുന്നുണ്ടെങ്കിലും മിഴിവോടെ ആ സംഭവങ്ങൾ ഫിക്ഷൻ്റെ നെടുന്തൂണിൽ ചിത്രണം ചെയ്തിട്ടുള്ള തരം മാസ്റ്റർപീസ് കൃതികൾ വളരെ കുറച്ചേ നമുക്കുള്ളൂ.പ്രധാന രാഷ്ട്രീയ സംഭവങ്ങളെ മുൻനിർത്തി കൃതികൾ തീരെ ഉണ്ടായിട്ടില്ലെന്നല്ല. എന്നാൽ മലയാളത്തിൽ പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ ആധിക്യവുമായി താരതമ്യം ചെയ്യുമ്പോൾ ആ എണ്ണം വളരെ കുറവു തന്നെ.

മലയാളത്തിൻ്റെ കാവ്യചരിത്രമെടുത്തു പരിശോധിച്ചാലാണ് ഈ വിടവ് ഏറ്റവും വെളിപ്പെടുക. സമൂഹത്തിൻ്റെ ഓർമ്മയിൽ ആളി നിൽക്കുന്ന രാഷ്ട്രീയസംഭവങ്ങളും സന്ദർഭങ്ങളും നമ്മുടെ കവിതയിൽ എത്രകണ്ട് ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു പരിശോധിച്ചാൽ നിരാശയാവും ഫലം. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരമോ ഉപ്പു സത്യാഗ്രഹമോ എടുത്തു നോക്കൂ. എൻ.വിയുടെ ആഗസ്റ്റ് കാറ്റിൽ ഒരില പോലെയോ എ.വി ശ്രീകണ്ഠപ്പൊതുവാളുടെ ചൂളയിൽ പോലെയോ ചില കവിതകൾ മാത്രമേ കാണാനാവൂ.കാലം കടന്നും ഓർമ്മയിൽ തങ്ങിനിൽക്കത്തക്ക വിധം രാഷ്ട്രീയ സന്ദർഭങ്ങൾ മിക്കതും കവിതയിൽ ആവിഷ്ക്കപ്പെടാതെ പോവുകയാണുണ്ടായത്. രാഷ്ട്രീയ സംഭവങ്ങൾ നിൽക്കട്ടെ, ജനജീവിതത്തെ ബാധിച്ച സംഭവങ്ങളും സന്ദർഭങ്ങളും പോലും തീരെക്കുറച്ചേ നമ്മുടെ സാഹിത്യ കൃതികളിൽ വരുന്നുള്ളൂ. അനുഭവപരതയേക്കാൾ ആശയപരതക്കു മുൻതൂക്കം നൽകുന്ന നമ്മുടെ സാഹിത്യ പാരമ്പര്യം തന്നെയാവാം ഇതിനു കാരണം. സംഘകാലാനന്തരം ആര്യവൽക്കരണത്തോടെ മലയാള കവിത കൂടുതൽ മതാത്മകവും പ്രബോധനാത്മകവുമാവുകയും അനുഭവ പരതയേക്കാൾ ആശയപരതക്കു മുൻതൂക്കം കിട്ടുകയും ചെയ്തു. 15, 16 നൂറ്റാണ്ടുകൾ കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൽ എത്രമാത്രം നിർണ്ണായകമാണെന്നു നമുക്കറിയാം. ഫ്യൂഡലിസം ശക്തിപ്പെട്ടതും കൊളോണിയൽ ശക്തികൾ പല നിലയിൽ ആധിപത്യത്തിനായി ശ്രമിച്ചതും ആ കാലത്താണ്. ചെറുശ്ശേരിയുടെയും എഴുത്തച്ഛൻ്റെയും കൃതികളിലെ ഭാഷാപരവും സാഹിത്യപരവ്യമായ മികവ് അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ആ കാലത്തിൻ്റെ ദൈനംദിന മനുഷ്യജീവിതം അവയിൽ തീരെക്കുറവു തന്നെ. ആ കാലത്തിൻ്റെ ദൈനംദിന ജീവിതരേഖകൾക്കായി മുഖ്യധാരക്കു പുറത്തു നിൽക്കുന്ന വടക്കൻപാട്ടുകളുൾപ്പെടെയുള്ള നാടൻപാട്ടുകളെയോ അപ്രശ്സ്തവും സാഹിത്യഭംഗി കുറഞ്ഞതുമായ ചില കൃതികളേയോ ആശ്രയിക്കേണ്ടിവരും. ഉദാഹരണത്തിന് 17-ാം നൂറ്റാണ്ടിൽ നമ്മുടെ നാടുവാഴികൾ തമ്മിൽ തമ്മിലും കൊളോണിയൽ ശക്തികളുമായും നടത്തിയ മത്സരങ്ങളുടെ ഒരു ചടുലരേഖ ഹര്യക്ഷമാസസമരോത്സവം എന്ന പടപ്പാട്ടിലാണ് കാണുക. അത്തരം കൃതികളാകട്ടെ ശ്രദ്ധിക്കപ്പെട്ടതോ വായിക്കപ്പെട്ടതോ ഇല്ലതാനും. ഈ സാഹചര്യത്തിലാണ് അനുഭവപരതയേക്കാൾ ആശയപരതക്ക് മലയാള കവിതയിൽ കൂടുതൽ പ്രാധാന്യം കിട്ടി എന്നു പറഞ്ഞത്. ആശയപരതക്കു മുൻതൂക്കമുള്ള ഈ പാരമ്പര്യം പിൽക്കാലത്തെ നമ്മുടെ രാഷ്ട്രീയ രചനകളെത്തന്നെയും സ്വാധീനിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലേക്കാണ് ചെറുകാടിൻ്റെ കവിതകൾ ഉണർവ്വോടെ കടന്നുവരുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ ജീവിതമല്ലാതെ മറ്റൊന്നും ഈ കവി കവിതയിൽ ആവിഷ്കരിച്ചിട്ടില്ല. അതും ആശയപരതയേക്കാൾ അനുഭവപരതയോടെ. എഴുതപ്പെട്ട കാലത്ത് വായനക്കാരിൽ ചലനമുണ്ടാക്കിയവയാണവ. എന്നിട്ടും പിൽക്കാല മലയാളം ആ കവിതകളെ വേണ്ടത്ര ഗൗനിക്കുകയുണ്ടായില്ല. കവിത രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഉപകരണമാവുക എന്നത് ഒരു പ്രധാന കാര്യമാണ്. കാവ്യകലയുടെ ആ ധർമ്മത്തെപ്പറ്റി അതാതു കാലത്തെ കവിതാന്തരീക്ഷത്തിൽ വലിയ ചർച്ചകൾ നടക്കാറുണ്ടെങ്കിലും പിന്നിട്ട കാലത്തിൻ്റെ കവിത ആ നിലയിൽ എങ്ങനെയാണ് ഇടപെട്ടതെന്നും ആ കവിതകൾ ഭാവുകത്വത്തെ ഏതെല്ലാം നിലയിൽ സ്വാധീനിച്ചു എന്നുമെല്ലാമുള്ള അന്വേഷണങ്ങൾ മലയാള കവിതയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ.

മറിച്ച്, അങ്ങനെ ആവിഷ്ക്കരിക്കപ്പെട്ട കവിതകളുണ്ടെങ്കിൽ അവയുടെ സാഹിത്യമൂല്യത്തെപ്പറ്റി ചർച്ചചെയ്യാതെ മാറ്റി വക്കുന്നതാണ് നമ്മുടെ പതിവ്. സൗന്ദര്യവിചാരം പോകട്ടെ, സമകാല കൃതികളെ രാഷ്ട്രീയമായി വായിക്കുക എന്നതിനപ്പുറം രാഷ്ട്രീയവായന പോലും പഴയ കൃതികളിലേക്കു വേണ്ടത്ര നീളുന്നില്ല. നമ്മുടെ രാഷ്ട്രീയവായന സമകാലികതയിൽ തടഞ്ഞുനിൽക്കുന്നു. മലയാളിയുടെ ഈ അവഗണനക്ക് ഇരയായ കവിയാണ് ചെറുകാട്. നോവലിസ്റ്റ്, നാടകകൃത്ത്, ആത്മകഥാകാരൻ എന്നീ നിലകളിൽ ചെറുകാട് കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ കവിയും ചെറുകഥാകൃത്തുമായ ചെറുകാടിനെ ആ നിലയിൽ അടയാളപ്പെടുത്താൻ പിൽക്കാല മലയാളം ശ്രമിച്ചിട്ടില്ല. അതിനർത്ഥം ചെറുകാട് എന്ന സാഹിത്യകാരനെ സമഗ്രതയിൽ അറിയാൻ നാം ശ്രമിച്ചിട്ടില്ല എന്നാണ്. കേരളത്തിൻ്റെ രാഷ്ട്രീയ ജീവിതത്തെ ചെറുകാട് തൻ്റെ കവിതകളിൽ എങ്ങനെയെല്ലാമാണ് ആവിഷ്ക്കരിച്ചത് എന്നും നമ്മുടെ കവിതാ പാരമ്പര്യത്തെ അദ്ദേഹം എങ്ങനെയാണ് പുതുക്കിയതെന്നും പിൽക്കാല കവിതയെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നുമാണ് ഈ ആമുഖലേഖനത്തിൽ വിശദമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

2

ചെറുകാട് മലയാളകവിതയിൽ സജീവമായിരുന്ന കാലം 1940 തൊട്ട് 1975 വരെയാണ്. രാഷ്ട്രീയവും സാമൂഹികവും സാഹിത്യപരവുമായി ഇളകി മറിഞ്ഞ കാലം. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപം കൊള്ളുകയും ചെയ്ത ചരിത്രഘട്ടം. കൊളോണിയൽ - ഫ്യൂഡൽ ഭരണം ജനാധിപത്യത്തിനു വഴിമാറിയ കാലം. സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ജനാധിപത്യമൂല്യങ്ങൾ സാമൂഹ്യ ജീവിതത്തിൽ ഇല്ലാതിരിക്കുകയും പിന്നീട് ഭരണഘടനാസാധുതയോടെ ഇടപെടാൻ തുടങ്ങുകയും ചെയ്ത കാലം. തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഒരു പൊതുസമൂഹം പതുക്കെ രൂപം കൊണ്ട് പ്രബലമായിത്തീർന്ന ഈ കാലത്ത് തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു ചെറുകാടിന് കവിത. ആ കാലവും അതിൻ്റെ സാമൂഹ്യ രാഷ്ട്രീയ ഇച്ഛകളും അതിനു വേണ്ടി ഇടപെട്ട കവിതയും കേരളം താണ്ടിപ്പോന്നിട്ട് ഇന്നേക്ക് എഴുപതിൽപരം വർഷങ്ങളായി. സാമൂഹ്യപരിവർത്തനത്തിനു വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായിരുന്നു ചെറുകാടിന് കവിത എങ്കിൽ ഇന്നത്തെ വായനയിൽ അവ നമ്മെ ഒരു ചരിത്രവസ്തു എന്ന നിലയില്ലാതെ ആകർഷിക്കുകയില്ല. എന്നാൽ ഒരേ സമയം രാഷ്ട്രീയമായ ദിശാബോധത്തോടെയും പക്ഷപാതത്തോടെയും ആവിഷ്കരിക്കുമ്പോൾ തന്നെ, വാക്കിൽ കാലത്തെ ആവാഹിച്ച് അമ്മാനമാടി രസിക്കാനും കാമുകത്വത്തോടെ ജീവിതത്തെ ചേർത്തുപിടിക്കാനും കവിതയിൽ ചെറുകാടിന് കഴിഞ്ഞു. 1940- 60 കാലത്തെ ജനജീവിതത്തിൻ്റെ അലയടികൾ തൻ്റേതായ രീതിയിൽ പിടിച്ചെടുക്കാൻ ഈ കവിക്കു കഴിഞ്ഞു. മലയാള കവിതയുടെ ബഹുമുഖപാരമ്പര്യങ്ങളെ പുതുക്കി പുതുകാലത്തിലേക്ക് ആനയിക്കാനും ഒരു കവി എന്ന നിലയിൽ ഇദ്ദേഹത്തിനു സാധിച്ചു. പ്രണയവും ഹാസ്യവും സാമൂഹ്യ വിമർശനവും രാഷ്ട്രീയ സ്ഥൈര്യവും ധർമ്മസങ്കടങ്ങളുമെല്ലാം ചേർന്ന, ചോരയും വിയർപ്പുമുള്ള അടിസ്ഥാന മനുഷ്യൻ്റെ ശബ്ദം മലയാള കവിതയുടെ സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലത്തിൽ ഉറക്കെക്കേൾപ്പിച്ചു ചെറുകാടിൻ്റെ കവിത. മലയാളത്തിലെ രാഷ്ട്രീയ കവിതക്കു ദിശാബോധം നൽകി അവ. ഇതു പറയുമ്പോൾ കവിതകളിൽ അദ്ദേഹം പ്രകടിപ്പിച്ച രാഷ്ട്രീയ അഭിപ്രായങ്ങളെല്ലാം ഒരേപോലെ പ്രസക്തമാണെന്നോ ശരിവെക്കേണ്ടതാണെന്നോ വിവക്ഷയില്ല. വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണമുള്ള ഒരു കവി ഇതേ രാഷ്ട്രീയ സന്ദർഭങ്ങളെ മറ്റൊരു നിലയിലാവും നോക്കിക്കാണുക. എന്നാൽ കേവല കക്ഷിരാഷ്ട്രീയത്തിനപ്പുറം സവിശേഷമായ ഒരു ചരിത്രഘട്ടത്തിൽ ഒരു ജനത എങ്ങനെയാണ് സഹിച്ചതും അതിജീവിച്ചതും എന്ന് ഇന്നും അനുഭവിച്ചറിയാൻ ഈ കവിതകളിലൂടെ കഴിയുന്നു എന്നതാണ് പ്രധാനം.

പൊന്തുന്നു സാമ്രാജ്യങ്ങൾ
ജനത സഹിക്കുന്നൂ,
വീഴുന്നു സാമ്രാജ്യങ്ങൾ
ജനത സഹിക്കുന്നു
(തുങ് ചുരത്തിൽ ഭൂതകാലത്തെയോർത്ത്)

എന്ന് 13-ാം നൂറ്റാണ്ടിലെ ചീനക്കവി ചാങ് യാങ് ഹാവോ എഴുതിയതുപോലെ ഭരണക്രമങ്ങൾ മാറി മാറി വരും. ജനതയുടെ സഹനം എന്നുമുണ്ടാകും. അതിജീവനത്തിനായുള്ള പോരാട്ടവും എന്നുമുണ്ടാവും എന്ന് ഇന്ന് ചൂണ്ടിക്കാണിച്ചു തരുന്നു ചെറുകാടിൻ്റെ കവിത. എഴുതപ്പെട്ട കാലം ഈ നിലയിലായിരിക്കില്ല ആ കവിതകൾ വായിച്ചിട്ടുണ്ടാകുക. ചെറുകാട് ഈ കവിതകളിലുയർത്തുന്ന കക്ഷിരാഷ്ട്രീയ വിമർശനങ്ങളെ ഒരു കാർട്ടൂൺ പോലെ കണ്ടു ചിരിക്കാനും അതിനപ്പുറം ജനതയുടെ സഹനത്തിൻ്റെയും അതിജീവനത്തിൻ്റെയും രാഷ്ട്രീയബോധ്യങ്ങളിൽ ഊന്നി വായിക്കാനും ഇന്നത്തെ വായനാസന്ദർഭം നമുക്കു സ്വാതന്ത്യം നൽകുന്നുണ്ട്.


3

ഹാസ്യകവിതകൾ, ഓട്ടൻതുള്ളലുകൾ, കവിതകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചാണ് ശക്തി പബ്ലിക്കേഷൻസ് ചെറുകാടിൻ്റെ കവിതകൾ മുമ്പു പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂന്നു പുസ്തകങ്ങളായാണ് ഞാനത് മുമ്പു വായിച്ചിട്ടുള്ളതും. ഏറെക്കാലമായി വിപണിയിലില്ലാത്ത ചെറുകാടിൻ്റെ കവിതകൾ ഒറ്റപ്പുസ്തകമായി കേരള സാഹിത്യ അക്കാദമി ഇപ്പോൾ പുന:പ്രസിദ്ധീകരിക്കുകയാണ്. മൂന്നു ഭാഗങ്ങളായിത്തന്നെയാണ് ഈ വോള്യവും ഒരുക്കിയിട്ടുള്ളത്. പ്രമേയപരമല്ല ഈ വിഭജനം. രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങളെ മുൻനിർത്തിയുള്ള കവിതകൾ മൂന്നു ഭാഗങ്ങളിലുമുണ്ട്. അധികാരത്തോടും ഫ്യൂഡൽ വ്യവസ്ഥയോടുമുള്ള കലഹം ഈ കൃതിയിൽ മുഴുവനായിത്തന്നെയുണ്ട്. എന്നാൽ ഉള്ളടക്കം രാഷ്ട്രീയപരമായിരിക്കേത്തന്നെ ഭാവഗീതസ്വഭാവം(lyrical) കൂടിയുള്ള രചനകൾ കവിതകൾ എന്ന വിഭാഗത്തിലാണുള്ളത്. ഹാസ്യകവിതകളിലും തുള്ളലുകളിലും താൻ ജീവിച്ച കാലത്തെ പ്രസക്തസംഭവങ്ങളേയും സന്ദർഭങ്ങളേയും മുൻനിർത്തിയുള്ള രചനകളാണ്. ഇവയിൽ ഓട്ടൻതുള്ളലുകൾ എന്ന ഭാഗം രൂപപരമായിത്തന്നെയാണ് വേർതിരിക്കപ്പെട്ടിട്ടുള്ളത്. തുള്ളലുകൾ പാർട്ടി നിർദ്ദേശമനുസരിച്ചാണ് താൻ രചിച്ചത് എന്നൊരു സൂചന ചെറുകാട് നൽകിയിട്ടുള്ളത് അവതാരികാകാരനായ ഇ.വി.ജി.ഏലങ്കുളം സൂചിപ്പിക്കുന്നുമുണ്ട്. ഈ മൂന്നു വിഭാഗത്തിൽ പെട്ട കവിതകളേയും പ്രത്യേകമായി എടുത്തു പരിശോധിച്ചു കൊണ്ടു തന്നെ നമുക്ക് ചെറുകാടിൻ്റെ കവിതയുടെ മുൻപറഞ്ഞ സവിശേഷതകളിലേക്കു കടക്കാം.

മേനോൻ്റെ മേനി, സൊസൈറ്റി പ്രസിഡണ്ട്, എം.എസ്.പിയുടെ പേക്കൂത്ത്, പണി കഴിച്ചു, അച്ചാരം മടക്കി, വെള്ളച്ചന്ത എന്നീ തുള്ളലുകളും തെരഞ്ഞടുപ്പു പാഠകം എന്ന പാഠകരൂപവുമാണ് ഓട്ടൻതുള്ളൽ വിഭാഗത്തിലുള്ള കൃതികൾ. സാഹിത്യവും സംഗീതവും നാടകവും ചേർന്ന പ്രാചീനതമിഴകത്തിൻ്റെ മുത്തമിഴ് പാരമ്പര്യത്തിലേക്കു വേരൂന്നിയ കലാരൂപമാണല്ലോ തുള്ളൽ. തമിഴിൽ നിന്നു മലയാളം വേർപിരിയുന്ന കാലത്തെ കൃതിയായ രാമചരിതത്തിൽ ഒരു പടലം മുഴുവൻ (പടലം 51) വൃത്തപരമായും ശൈലീപരമായും തുള്ളലിൻ്റെ സവിശേഷതകളുള്ളവയാണ്. പ്രാചീന തമിഴകത്തിൻ്റെ മുത്തമിഴ് പാരമ്പര്യം പല രാഷ്ട്രീയ- സാംസ്ക്കാരിക കാരണങ്ങളാൽ തമിഴ്നാട്ടിലേതിനേക്കാൾ നിലനിന്നതും വർത്തമാനകാലത്തേക്കു തുടർന്നുപോന്നതും കേരളത്തിലാണെന്ന് ഡോ.മനോജ് കുറൂരിൻ്റെ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. തുള്ളലിന് ഇക്കൂട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്. തുള്ളലിനെ ജനകീയമാക്കുകയും ചിട്ടപ്പെടുത്തിയ ഒരു കലാപ്രസ്ഥാനമാക്കുകയും ചെയ്തു കുഞ്ചൻനമ്പ്യാർ. അധികാരവ്യവസ്ഥകളെ ചോദ്യം ചെയ്യാൻ പോന്ന തരത്തിൽ രൂപപരമായ അയവും സംവാദാത്മകതയും സ്വാതന്ത്ര്യവുമുള്ള ഈ കലാരൂപത്തെ ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ എടുത്തുപയോഗിക്കുകയാണ് ചെറുകാട് ചെയ്തത്. ജനകീയ പ്രശ്നങ്ങൾ തുള്ളലുകളാക്കി അവതരിപ്പിക്കുക എന്ന ഒരു വഴക്കം 1920 കളിൽ തന്നെ ഇവിടെയുണ്ടായിരുന്നതിനെ പരിഷ്കരിച്ചു പ്രയോഗിച്ചു ചെറുകാട്. മലബാർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഹിന്ദു ജന്മിമാരുടെ പക്ഷം പിടിച്ചു കൊണ്ടുള്ള ചില ആഖ്യാനങ്ങൾ തുള്ളൽ രൂപത്തിൽ അന്നു പ്രചരിച്ചത് ഓർക്കുക. വർഗ്ഗീയ ശക്തികളല്ല ജനകീയശക്തിയാണ് തുള്ളൽ രാഷ്ട്രീയമായി എടുത്തുപയോഗിക്കേണ്ടത് എന്ന ബോധ്യം ചെറുകാടിൻ്റെ തുള്ളലുകളിലുണ്ട്. തുള്ളൽ ഉൾപ്പെടെയുള്ള പരമ്പരാഗത സാഹിത്യരൂപങ്ങളിലുള്ള അവഗാഹം, സഹജമായ ഹാസ്യബോധം, നാടക പ്രവർത്തനത്തിലെ അനുഭവപരിചയം എന്നിവയാകാം ജനങ്ങളോടു സംവദിക്കാനായി തുള്ളൽ തെരഞ്ഞെടുക്കാൻ ചെറുകാടിനെ പ്രചോദിപ്പിച്ചത്. എഴുത്തച്ഛനെക്കുറിച്ചും കാവ്യപാരമ്പര്യത്തെക്കുറിച്ചും ചെറുകാട് എഴുതിയ ഒരു കവിതയിൽ (കൈരളീഗുരുനാഥൻ) നമ്പ്യാരെ വിശേഷിപ്പിച്ചിട്ടുള്ളത് ധൂർത്തദുഷ്പ്രഭുത്വത്തിൻ നേരെ അഞ്ചിതപരിഹാസബാണങ്ങൾ തൊടുത്ത കുഞ്ചൻ എന്നാണ്. അതേ കവിതയിൽ മുത്തമിഴിനെക്കുറിച്ചും പരാമർശമുണ്ട്. തുള്ളൽ രൂപത്തിലേക്കു കടക്കുംമുമ്പേ തന്നെ 1943 ൽ പുറത്തുവന്ന ജപ്പാൻ വേണ്ട എന്ന കവിതയിൽ ജനകീയ കാവ്യവഴി അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. ഗ്രാമീണ വിനോദലീലയായ 'പെണ്ണിനെ തര്വോ' കളിയുടെ രൂപത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജാപ്പ് വിരോധ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ ആവിഷ്ക്കരിച്ചതായിരുന്നു ജാപ്പു വേണ്ട എന്ന കവിത. നാട്ടിൻ പുറത്തെ കുട്ടികളുടെ കളിയും ആഗോള രാഷ്ട്രീയവും ചേർത്തു വക്കുന്നതിൻ്റെ ഉശിര് ഉള്ള രചനയാണ് ജാപ്പു വേണ്ട. 1940 കളുടെ പകുതിക്കു ശേഷമാണ് തുള്ളലുകൾ ചെറുകാട് എഴുതുന്നത്.

രാഷ്ട്രീയ സംഭവവികാസങ്ങൾക്കപ്പുറം ആളിക്കത്തിയ ജനങ്ങളുടെ നിത്യജീവിതപ്രശ്നങ്ങളിലേക്ക് ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലും കവി എന്ന നിലയിലും ഇടപെടുകയായിരുന്നു ചെറുകാട് ഈ തുള്ളലുകളിലൂടെ. 1940 കൾ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിത്യജീവിതം പൊറുതിമുട്ടിയ കാലമായിരുന്നു.രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് ചരക്കു ഗതാഗതം നിലച്ചതോടെ മലബാറിൽ രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായി. ജപ്പാൻ ബർമ്മ കീഴടക്കിയതോടെ അവിടെ നിന്നുള്ള അരിയുടെ വരവ് നിലച്ചു. കാലാവസ്ഥാ പ്രശ്നങ്ങളെത്തുടർന്ന് മലബാറിലെ നെല്ലുൽപ്പാദനം ഇടിയുകയും ചെയ്തു. വില കൂടി. അരി കിട്ടാതെ ജനം വലഞ്ഞു. കോളറ പോലുള്ള രോഗങ്ങൾ പടർന്നുപിടിച്ചു. 1943 ൽ ചെറുകാട് എഴുതിയ പൊൻപൂ എന്ന കവിത കോളറാ ബാധിതരെ ശുശ്രൂഷിച്ച് ഒടുവിൽ രോഗത്തിനു കീഴടങ്ങിയ ഇമ്പിച്ചായിശ്ശാബി എന്ന വീരവനിതയെക്കുറിച്ചുള്ളതാണ്. ചെറുകാടിൻ്റെ ഭാഷയിൽ കോളറപ്പൂതം തൻ്റെ ദംഷ്ട്രയിൽ കേരള മക്കളെ കോർത്ത കാലമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരങ്ങളെ തുടർന്ന് പിന്നീട് (1948)മലബാറിൽ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങും നിർബന്ധിത ധാന്യശേഖരണവും ഏർപ്പെടുത്തി. ഈ കാലത്തിൻ്റെ ജനജീവിതദുരിതങ്ങളുടെ സജീവചിത്രങ്ങൾ മലയാള കവിതയിൽ എന്നല്ല ഫിക്ഷനിൽ പോലും ശുഷ്കമാണെന്നിരിക്കേയാണ് ചെറുകാടിൻ്റെ മേനോൻ്റെ മേനിയും വെള്ളച്ചന്തയും അച്ചാരം മടക്കിയുമെല്ലാം തുള്ളിയാടുന്നത്.

തൻ്റെ പ്രതിഷേധം ആവിഷ്ക്കരിക്കാനായി 18 -ാം നൂറ്റാണ്ടിൽ മഹാനായൊരു കവി എടുത്തുപയോഗിച്ച അതേ കാവ്യരൂപം ജനതയുടെ പ്രതിഷേധത്തെ തുള്ളിക്കാനായി ചെറുകാട് എടുത്തു പ്രയോഗിച്ചു. മലബാറിലെ സാധാരണ കർഷകജനതയുടെ പ്രതിഷേധത്തിൻ്റെ തുള്ളലായി, ഒരു സംഘത്തുള്ളലായി ചെറുകാട് ഈ കലയെ മാറ്റി. കാലം ആവശ്യപ്പെട്ട മാറ്റമായിരുന്നു അത്. ചെറുകാടിൻ്റെ തുള്ളലുകൾ ഇന്നു വായിക്കുമ്പോൾ ഒരു തുള്ളൽക്കാരനിൽ അഥവാ കവിയിൽ ഒരു നാടു മുഴുവൻ തുള്ളുന്നത് അനുഭവിക്കാനാകും. ഹാസ്യകവിതയുടെയും നാടകത്തിൻ്റെയും നോവലിൻ്റെ തന്നെയും സാധ്യതകൾ ചെറുകാട് ഈ തുള്ളലുകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
കഥയുടെ പ്രധാന ചരട് വിടാതെ മറ്റു ധാരാളം ആഖ്യാനങ്ങൾക്കുള്ള ഇടം തുള്ളലിന് മാധ്യമപരമായിത്തന്നെ ഉണ്ട്. തുള്ളൽ എന്ന മാധ്യമത്തിൻ്റെ ആ ശേഷിയിലേക്ക് തൻ്റെ കാലത്തിൻ്റെ ജീവിതങ്ങൾ ചൂടോടെ പകരാൻ ചെറുകാടിനു കഴിഞ്ഞു. ഉദാഹരണത്തിന് വെള്ളച്ചന്ത എന്ന തുള്ളൽ നോക്കൂ. 1952 - 54 കാലം. സജീവരാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങി, "മൈലാപ്പൂരൊരു മേടയിൽ മൂക്കിൻ പാലത്തിന്മേൽ നീലക്കണ്ണട ചേലിൽ ചാർത്തിച്ചാരുകസാരയിൽ നലമൊടു ചാഞ്ഞു മലർന്നു കിടന്ന്" ഗീതാപാരായണത്തിൽ മുഴുകിയ എഴുപത്തെട്ടു കഴിഞ്ഞ സി.രാജഗോപാലാചാരിയെ അവതരിപ്പിച്ചാണ് വെള്ളച്ചന്ത തുടങ്ങുന്നത്. മട്ടുമാറി മട്ടുമാറി അതുചെന്നവസാനിക്കുന്നത്, "കൊട്ടയൊന്നിടം കയ്യിൽ മറ്റേതിൽ റേഷൻ കാർഡും കുട്ടിയൊന്നൊക്കത്തുമായ്" നെല്ലു വാങ്ങാൻ പോകുന്ന പാത്തുമ്മയും നെല്ലു വാങ്ങി വരുന്ന കദീജയും തമ്മിലുള്ള സംഭാഷണത്തിലുമാണ്. പൊന്നാരത്താത്താ, കരിഞ്ചന്ത വിലയാണ് നെല്ലിന് എന്നു പറയുന്ന കദീജയോട് പാത്തുമ്മ പറയുന്ന മറുപടിയിലാണ് തുള്ളൽ തീരുന്നത്:

"പുത്തിരിക്കയ്യു തന്നെയിങ്ങനെയായിപ്പോയാൽ
പത്തുനാൾ കൊണ്ടു വില മാനത്തു മുട്ടുകില്ലേ?
പണ്ടത്തെക്കോളറയെ കൊണ്ടുവരുവാനുള്ള
വീണ്ടിയാണിവയെല്ലാം നാട്ടാർ വലഞ്ഞുപോയി"
എന്നോതും കദീജയോടൊന്നിച്ചു പിന്തിരിഞ്ഞി -
ട്ടൊന്നു വീർപ്പിട്ടുകൊണ്ടു പാത്തുമ്മ കൺതുടച്ചു.
"പണ്ടത്തെക്കോളറയിലാണെൻ്റെ വാപ്പുവിനെ
കൊണ്ടുപോയ് പള്ളിക്കാട്ടിലിട്ടതു മമ്മുക്കാക്ക"

ഏറ്റവും മുകൾത്തട്ടിൽ, പുറമേ ഗീത വായിച്ചിരിക്കുന്നവനും അകമേ അധികാരമോഹിയുമായ വൃദ്ധഭരണാധികാരിയും ഏറ്റവും അടിത്തട്ടിൽ അരിക്കുവേണ്ടി അലയുന്ന ജനസാമാന്യത്തിൻ്റെ പ്രതിനിധികളായ പാത്തുമ്മ കദീജമാരും അടങ്ങുന്ന വ്യവസ്ഥക്കു നേരെയാണ് ചെറുകാട് തുള്ളൽ അഴിച്ചു വിട്ടത്. ജനതയുടെ ഈ സൂക്ഷ്മാഖ്യാനങ്ങൾക്കായി ഭാഷണത്തോട് ഏറ്റവുമടുത്തു നിൽക്കുന്ന കാവ്യഭാഷ ഉപയോഗിച്ചു എന്നതാണ് ഈ തുള്ളലുകൾ ഇന്നും നമ്മെ ആകർഷിക്കുന്നതിൻ്റെ ഒരു കാരണം എന്നുകൂടി ഇവിടെ ഉദാഹരിച്ച ഈ ഭാഗം സാക്ഷ്യപ്പെടുത്തുന്നു. പുത്തിരിക്കയ്യും വീണ്ടിയും പള്ളിക്കാടുമെല്ലാം ചേർന്ന ഈ കാവ്യഭാഷ പിന്നീട്, പൊന്നാനിക്കാരൻ്റെ മനോരാജ്യമെഴുതിയ ഗോവിന്ദനിലൂടെ, ആറ്റൂരിലൂടെ തുടരുന്ന ഒരു തെളിമൊഴിവഴിക്ക് തുടക്കമിട്ടതും ഇവിടെ സൂചിപ്പിച്ചേ മതിയാകൂ.

1952-54 കാലത്തെ രാജാജി ഗവൺമെൻ്റിൻ്റെ ഭരണപരിഷ്ക്കാരങ്ങൾ ജനങ്ങൾക്കുണ്ടാക്കിയ ദുരിതങ്ങൾ കേന്ദ്രമായിരിക്കെത്തന്നെ പല സൂക്ഷ്മജീവിതാഖ്യാനങ്ങൾ കൂടി തുള്ളലിൽ ആവിഷ്ക്കരിക്കുന്ന രീതിയെക്കുറിച്ചാണ് വെള്ളച്ചന്തയെ അടിസ്ഥാനമാക്കി പറഞ്ഞുവന്നത്.
ഈ രീതി മറ്റു തുള്ളലുകളിലും കാണാം. മട്ടു മാറുക എന്ന സങ്കേതം കവി ഇതിനായി സ്വീകരിക്കുന്നു. കവിതയുടെ താളക്കെട്ടു മാറുന്നു എന്നു മാത്രമല്ല പുതിയൊരു ജീവിത രംഗം കടന്നുവരുന്നു എന്നതും കൂടിയാണ് ഈ മട്ടുമാറൽ. ഓരോ മട്ടുമാറലും ഈ ആഖ്യാനങ്ങളിലെ ഓരോ അദ്ധ്യായമോ രംഗമോ ആകാം. ചിലപ്പോൾ ഒരു കഥാപാത്രത്തിലേക്കു ഫോക്കസ് ചെയ്യലുമാകാം. കഥ പറച്ചിലിൻ്റെ തുടർച്ചയെ നിർണ്ണയിക്കുന്നത് ഈ മട്ടുമാറലാണ്. വെള്ളച്ചന്തയിൽ മദ്രാസ് ഭരണത്തെച്ചൊല്ലി കോൺഗ്രസുകാർക്കിടയിലുണ്ടായ പ്രതിസന്ധി അവതരിപ്പിച്ചു കഴിഞ്ഞു മട്ടുമാറുമ്പോൾ കാണുന്നത്,

ജനകീയപ്പുലി സടയും ജടയും
കനലൊളി വിതറും കണ്ണും കാട്ടി
മൂരിനിവർന്നാ വാലു ചുഴറ്റി-
മുന്നോട്ടാഞ്ഞു കുതിക്കുന്ന വിസ്മയകരമായ രംഗമാണ്. മട്ടു മാറാത്ത സ്തംഭനാവസ്ഥയാണല്ലോ ഫ്യൂഡൽ സാമൂഹ്യവ്യവസ്ഥയുടെ മുഖമുദ്ര. നൂറുകണക്കിനു കൊല്ലങ്ങളായി മാറാതെ നിൽക്കുന്ന മട്ട് സാധാരണ മനുഷ്യർ ഇടപെട്ടു മാറ്റുക തന്നെയാണിവിടെ. സാമൂഹ്യവ്യവസ്ഥയുടെ മട്ടു മാറുന്നതിനെത്തന്നെയാണ് ചെറുകാടിവിടെ കൃത്യമായി കുറിക്കുന്നത്.

ജനകീയപ്പുലിയുടെ ഈ ആഞ്ഞുകുതിക്കലിൽ ചെറുകാടിൻ്റെ തുള്ളൽക്കൃതികളുടെ സത്തയുണ്ട്. വാസ്തവത്തിൽ രാഷ്ട്രീയ സംഭവവികാസങ്ങളോ ആശയചർച്ചകളോ ഭരണമാറ്റങ്ങളോ അല്ല ചെറുകാടിൻ്റെ കവിതയുടെ പ്രമേയകേന്ദ്രം. സമൂഹത്തിൻ്റെയുള്ളിൽ മാറാതെ നിൽക്കുന്ന മനോഭാവങ്ങളോടുള്ള അടങ്ങാത്ത കലഹമാണ് അദ്ദേഹത്തെക്കൊണ്ട് തുള്ളലുകളെല്ലാം എഴുതിച്ചത്. അതിലേറ്റവും പ്രധാനം അധികാരാസക്തിയാണ്. വ്യവസ്ഥ അധികാരത്തെ എങ്ങനെയാണ് ഊട്ടിയുറപ്പിക്കുന്നത് എന്നും അധികാരം എങ്ങനെയാണ് സമൂഹത്തെ ജീർണ്ണിപ്പിക്കുകയും ജനജീവിതത്തെ ദുരിതപൂർണ്ണമാക്കുകയും ചെയ്യുന്നത് എന്നും വിശകലനം ചെയ്യുന്നു ഈ തുള്ളലുകൾ.

നിർബന്ധിത ധാന്യശേഖരണം നിർത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് വെള്ളച്ചന്തക്കു വിഷയമെങ്കിൽ അതിനും മുമ്പെഴുതിയ മേനോൻ്റെ മേനിയിൽ അതേർപ്പെടുത്തിയപ്പോൾ ഉണ്ടായ പുകാറുകളാണു വിഷയം. രാജ്യം സ്വാതന്ത്ര്യം നേടുകയും ഭരണക്രമം ജനാധിപത്യത്തിനു വഴിമാറുകയും ചെയ്ത കാലത്ത് അധികാരം കയ്യാളാൻ പുതിയൊരു ഉദ്യോഗസ്ഥ സമൂഹം രംഗത്തുവരുന്നത് ഈ തുള്ളലിൽ കാണാം. അത്രയും കാലം സാധാരണക്കാരനും പ്രാരബ്ധക്കാരനുമായി ജീവിച്ച പങ്ങശ്ശന് 'മേനോൻ' എന്ന റവന്യൂ അധികാര പദവി ലഭിക്കുന്നതോടെ ഉണ്ടായ മാറ്റമാണ് പ്രതിപാദ്യം. അധികാരവിമർശനവും  അധികാരമാളുന്നവരുടെ മനോഘടനയുടെ വിശകലവും എന്ന നിലയിൽ ഇന്നും പ്രസക്തമാണ് മേനോൻ്റെ മേനി.
ബ്രിട്ടീഷുകാർ പോയാലും അധികാരമാളുന്നവൻ്റെ ഭാവം താൻ വൈസ്രോയിയാണെന്നാണ്.

അംശത്തിനൊക്കെയധികാരിയായി ഞാൻ;
അംശത്തിനൊക്കെയും - വൈസ്രോയിയായി ഞാൻ

ഈ വൈസ്രോയിഭാവം എഴുപത്തഞ്ചു കൊല്ലം പിന്നിട്ടിട്ടും ഇന്നും സമൂഹത്തിൽ ഇല്ലാതായിട്ടില്ല. കൊളോണിയൽ - ഫ്യൂഡൽ ഹാങ്ങോവർ മാറാത്തിടത്തോളം കാലം പ്രസക്തമാണ് ചെറുകാടിൻ്റെ തുള്ളലുകൾ. ഭരണക്രമങ്ങൾ മാറിയാലും ഈ ഹാങ്ങോവർ മാറണമെന്നില്ല. പുതുതായി അധികാരം കിട്ടിയ മേനോൻ്റെ മേനി കവി ഇങ്ങനെ തുറന്നുകാട്ടുന്നു:

ഞാനാണ് നാളെയീ അംശത്തിലെ വിള മേനിനോക്കീടുവാൻ, കൊയ്യിച്ചുവെക്കുവാൻ.
നെല്ലെടുത്തീടുവാൻ, സൂക്ഷിച്ചുവെക്കുവാൻ
പുല്ലാണധികാരിയെൻ കണ്ണിലിന്നിമേൽ;
പുല്ലാണു തമ്പുരാൻ; പുല്ലാണു ജന്മികൾ;
പുല്ലാണു പുല്ലാണു പങ്ങശ്ശനൊക്കെയും.
കുമ്പിട്ടുകൂപ്പണമെൻപദം മേൽക്കുമേൽ
തമ്പുരാനുംകൂടി നെല്ലു തൊട്ടീടുവാൻ.
എന്നോളമില്ലധികാരവലിപ്പമാ -
ക്കുന്നലക്കോനാതിരിക്കുമിന്നൂഴിയിൽ

അധികാരം കൈയ്യാളുന്നവൻ്റെ ധാർഷ്ട്യം പോലെ തന്നെ നിന്ദ്യമാണ് അധികാരത്തിൻ്റെ മുമ്പിൽ മുട്ടിലിഴയുന്നവരുടെ ദാസ്യഭാവം:

പട്ടിക്കു പട്ടം കൊടുത്തിരിക്കുന്നതായ്
കേട്ടാലുടൻതന്നെ കെട്ടും ചുമടുമായ്
കെട്ടിപ്പുറപ്പെട്ടു ചെന്നു നിരക്കവെ
കെട്ടിക്കിടന്നൊരു തഞ്ചം കിടയ്ക്കുകിൽ
പൊത്തിപ്പിടിച്ചതിൻ കാലുഴിഞ്ഞാദരാൽ
പത്തുവട്ടം വരും ഭാവങ്ങളീക്ഷിച്ചു
മുട്ടുകുത്തീട്ടൊന്നു കുമ്പിട്ടു ഭക്തിയാൽ
ഒട്ടുകുനിഞ്ഞു തലചൊറിഞ്ഞങ്ങിനെ,
‘പട്ട്യേ, ഭവതിയാണാശ്രയ’മെന്നൊരു
പത്തുപതിനഞ്ചുവട്ടം സ്തുതിക്കുവാൻ
ഉണ്ടീയിരുപതാം നൂറ്റാണ്ടിലും മര-
മണ്ടൂസരാം ചിലരെമ്മാതൃഭൂമിയിൽ

ജനാധിപത്യവൽക്കരണത്തോടെ സമൂഹത്തിൽ നിന്ന് പൂർണ്ണമായും ഇല്ലാതാവേണ്ടിയിരുന്ന അധീശ - ദാസ്യ ഭാവങ്ങൾ ബ്യൂറോക്രസിയിലൂടെ പിന്നെയും നിലനിൽക്കുന്നതിൻ്റെ ചരിത്രം കൂടിയാണ് മേനോൻ്റെ മേനി ഉൾപ്പെടെ ചെറുകാടിൻ്റെ തുള്ളലുകളത്രയും. കൈക്കൂലി എന്ന തണ്ടുതുരപ്പൻ പുഴു സമൂഹത്തെയാകെ ഗ്രസിച്ചു തുടങ്ങുന്നതിൻ്റെ നാൾവഴികളുമുണ്ട് ഈ കൃതികളിൽ. ഉദ്യോഗസ്ഥതലത്തിലെ - പ്രത്യേകിച്ചും റവന്യൂ പോലുള്ള മേഖലകളിൽ - കൈക്കൂലിയെ പൂർണ്ണമായും ഇല്ലാതാക്കാൻ ഇപ്പോഴും നമുക്കു കഴിഞ്ഞിട്ടില്ല എങ്കിൽ ജനാധിപത്യത്തിൻ്റെ ആന്തരസത്തയുമായി നാം ഇനിയും പൊരുത്തപ്പെട്ടിട്ടില്ല എന്നുതന്നെയാണ് അർത്ഥം. കൈക്കൂലിയെ, ഉദ്യോഗസ്ഥരുടെ അധികാരപ്രമത്തതയെ പ്രായോഗികമായി നേരിടുന്ന തരത്തിൽ ജനകീയ പ്രശ്നങ്ങളുടെ സമരമുഖത്തു നിന്നുകൊണ്ടാണ് ചെറുകാടിൻ്റെ കവിത നമ്മോട് രാഷ്ട്രീയം സംസാരിക്കുന്നത്. അല്ലാതെ സാധാരണക്കാരൻ്റെ ദൈനംദിന ജീവിതവുമായി ബന്ധമില്ലാത്ത രാഷ്ട്രീയമല്ല ഈ കവിതകളിലുള്ളത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പല തരം നിരോധനങ്ങളിലൂടെ കടന്നുപോയ കാലം കൂടിയാണത്. ആശയധാരകളായി മുകളിൽ നിന്നു താഴേക്കിറങ്ങുന്നതായിരുന്നില്ല തിരിച്ച് പ്രായോഗികതയുടെ അടിത്തട്ടിൽ നിന്ന് മേലേക്കു പന്തലിക്കുന്നതായിരുന്നു പ്രസ്ഥാനത്തിൻ്റെ പ്രവർത്തനരീതി എന്നും ഈ തുള്ളൽകൃതികൾ പറയുന്നു.

1946 ലെ കരിവെള്ളൂർ സംഭവത്തിൻ്റെ പശ്ചാത്തലത്തിലെഴുതിയ എം എസ് പി യുടെ പേക്കൂത്ത് എന്ന തുള്ളൽ, സാധാരണ കർഷകരുടെ നേതൃത്വത്തിൽ നടന്ന ജനകീയസമരങ്ങൾ എങ്ങനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചാലകശക്തിയായി മാറിയത് എന്നു കാണിച്ചുതരും.വാരം നെല്ലായി പിരിക്കാൻ ജന്മി ചെമ്പോട്ടരചൻ തീരുമാനിക്കുന്നു. കർഷകർ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്, കോൺഗ്രസിൻ്റെ നേതൃത്വത്തിൽ.
എന്നാൽ പണമായല്ല നെല്ലായി വാരമളക്കാനാണ് ജന്മിയുടെ ശ്രമം.ഭാര്യയുടെ താലി വിറ്റ് സൊസൈറ്റിയിൽ ഷെയർ എടുക്കാൻ ശ്രമിക്കുന്ന ചെമ്മരൻ എന്ന കർഷകൻ്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ തുള്ളൽ വികസിക്കുന്നത്.

ഗാന്ധിജിതന്നെ തടുത്താലും ശരി,
മോന്തയടിച്ചു പൊളിച്ചു തകർക്കാൻ
തെല്ലും മടിയില്ലാതെ നടക്കും
പൊല്ലീസ്സിലില്ലേ നമ്മുടെ നാട്ടിൽ?
കോൺഗ്രസ്സെന്തു പറഞ്ഞാലെന്താ
കോലോത്തയ്ക്കതു ബാധകമല്ല

എന്നായിരുന്നു ജന്മിയുടെ നിലപാട്. കരിവെള്ളൂരിലെ കർഷക വീടുകളിൽ ജന്മിയുടെ ഗുണ്ടകൾ പേക്കൂത്തു നടത്തി. കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിച്ചതായിരുന്നു സൊസൈറ്റി എങ്കിലും ജന്മിയുടെ അക്രമണത്തെ ചെറുക്കാൻ കോൺഗ്രസ്സിനു കഴിഞ്ഞില്ല. ജനങ്ങൾ മാറിച്ചിന്തിക്കാൻ തുടങ്ങി.

കോൺഗ്രസ്സു നാടു ഭരിക്കുന്ന കാലത്തു,
കോമട്ടികളായ ജന്മിതൻ ഗുണ്ടകൾ
കയ്യേറിടുന്നെന്നു പൊല്ലീസ്സുകാരോടു
കയ്യും മലർത്തിപ്പറഞ്ഞുവെന്നാകിലും,
രക്ഷകിട്ടാതെ-കൃഷിക്കാരൊരു കയ്യു
നോക്കുവാൻതന്നെയുറച്ചിറങ്ങീടിനാർ.

കർഷകർ പ്രതിരോധിച്ചപ്പോൾ ചെമ്പോട്ടരചൻ വാരമളക്കാൻ ബ്രിട്ടീഷ് സഹായം തേടി. എം.എസ്.പി ക്കാർ വന്ന് കർഷകരെ നായാടി. "നെല്ലുള്ളതൊക്കെ സൊസൈറ്റിയ്ക്കു വിറ്റു ഞാൻ;ഇല്ലിങ്ങൊരുമണി; പൈസ വാങ്ങിച്ചു പോ" എന്ന കർഷകൻ്റെ വാക്കുകൾ അവർ കേട്ടതേയില്ല. ജന്മിയുടെ ആവശ്യപ്രകാരം വന്ന അവർക്കു പണം വേണ്ട. നെല്ലു മതി. നെല്ലു കൊടുക്കാനാകട്ടെ കർഷകർ തയ്യാറായില്ല.കർഷക വീടുകളിൽ എം.എസ്.പി ഭീകരത അഴിച്ചു വിട്ടു. കരിവെള്ളൂർ സംഭവത്തിൻ്റെ വിവരണം എന്നതിനപ്പുറം, അന്നോളം കോൺഗ്രസിൽ വിശ്വാസമർപ്പിച്ച കർഷകർ കമ്യൂണിസ്റ്റുകളായി മാറുന്ന ചരിത്രഘട്ടത്തെ ഈ കൃതി സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. അടിത്തട്ടിൽ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്നു പൊങ്ങിയതിൻ്റെ ജീവത്തായ സാക്ഷ്യമാകുന്നു ഈ തുള്ളലുകൾ.
കോൺഗ്രസ്സിൽ വിശ്വാസമർപ്പിച്ചിരുന്ന കർഷകർ കമ്മ്യൂണിസ്റ്റുകാരായി മാറിയതുപോലെ ആ കാലത്തെ മറ്റൊരടിയൊഴുക്കായിരുന്നു ബ്രിട്ടീഷുകാരുടെ ഏറാൻമൂളികളായിരുന്ന ജന്മിമാർ കോൺഗ്രസ്സ് അധികാരത്തിലെത്തിയേക്കുമെന്നു കണ്ടതോടെ കോൺഗ്രസ്സിലേക്കൊഴുകിയത്. 1946 ലെ മദ്രാസ് പ്രസിഡൻസി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് അധികാരത്തിലേറിയപ്പോൾ ജന്മിമാർ പലരും കോൺഗ്രസ് കുപ്പായമണിഞ്ഞു. ഈ മാറ്റം രസകരമായി പിടിച്ചെടുത്ത തുള്ളലാണ് സൊസൈറ്റി പ്രസിഡണ്ട്. ജന്മി കക്കാട്ടു വാരിയർ കോൺഗ്രസ്സായി മാറുന്ന നാടകീയമായ ഈ രംഗം ആ അടിയൊഴുക്കിനെ കൃത്യമായി പിടിച്ചെടുക്കുന്നുണ്ട്:

സംശയമെന്യേ കോൺഗ്രസ്സായി-
സ്സംശോഭിച്ചിതു മൂപ്പീന്നപ്പോൾ വൻചതിയന്മാർക്കറിയാമല്ലോ
തഞ്ചം നോക്കിച്ചുവടുകൾ മാറാൻ
മലമലുമുണ്ടൊരു പെട്ടിയിൽ വെച്ചു
മടിയെന്യേ ഖദറാക്കിയുടുക്കാൻ
രണ്ടേമുക്കാൽ വാരത്തുണിയാൽ
നീണ്ടൊരു ‘ജുബ്ബ’യുമുണ്ടാക്കിച്ചു
കരുവാൻ ചങ്കരനോടു പറഞ്ഞി-
ട്ടൊരു ചെറുതക്ലി തിരിപ്പാൻ വാങ്ങി
തെക്കെത്താഴ്വാരത്തിലിടാനായ്
ചർക്കയുമൊന്നവിടുന്നു വരുത്തി
പത്തര റാത്തൽ പരുത്തിപ്പഞ്ഞിയു-
മദ്ദിശി പിച്ചിപ്പിച്ചിയെറിഞ്ഞൂ
മൂന്നു നിറത്തിൽ കൊടി തുന്നിയ്‌ക്കേ
മൂപ്പീന്നിന്നൊരബദ്ധം പറ്റി
മഞ്ഞപ്പെട്ടിയിലോട്ടു കൊടുക്കാൻ
കുഞ്ഞൻവാരിയർ പറയുകമൂലം
മഞ്ഞത്തുണിയാക്കൊടിയുടെ നടുവിൽ
തുന്നിക്കൂട്ടാൻ കല്പനയായി.
അക്കൊടി പത്തായപ്പുരമുകളിൽ
പൊക്കത്തിൽ ചെറുകാറ്റത്താടി.
സായ്പൻമാർക്കു കൊടുക്കാൻ വെച്ചൊരു
കപ്പും സോസറുമുടനെത്തന്നെ
കെ.പി.സി.സി. യൊടല്പം ബന്ധം
വായ്‌പോർക്കൊക്കെ മലർത്തിക്കാട്ടി.

രാഷ്ട്രീയബോധമല്ല അധികാരദാഹമാണ് ഈ ചുവടുമാറ്റത്തിനു കാരണം. സ്വരാജ്യസ്വാതന്ത്ര്യം അരികത്തെത്തിയ ഉടനെയാണെന്നോർക്കണം. എപ്പോഴും അധികാരത്തിൻ്റെ കൂടെ നിൽക്കുക എന്ന ഉപരിവർഗ്ഗതാല്പര്യത്തെയാണ് ചെറുകാട് ഇവിടെ പരിഹസിച്ചു തുറന്നുകാട്ടുന്നത്. അക്കുറി ഇലക്ഷനിൽ മഞ്ഞപ്പെട്ടിയിലാണ് കോൺഗ്രസ്സിന് വോട്ടു ചെയ്തത് എന്നതിനാൽ കോൺഗ്രസ്സിൻ്റെ കൊടിയിൽ മഞ്ഞ നിറവുമുണ്ട് എന്നു ധരിച്ച് അതുകൂടിച്ചേർത്തു കൊടി തുന്നിച്ച് പത്തായപ്പുരമുകളിൽ കെട്ടിവച്ചവനാണീ കക്കാട്ടുവാരിയർ. അന്നുവരെ സായ്പൻമാർക്കു ചായ കൊടുക്കാൻ കരുതിവച്ച കപ്പും സോസറുമെടുത്ത് കോൺഗ്രസ്സുകാർക്കു മുന്നിൽ മലർത്തിക്കാട്ടാൻ അയാൾക്കു മടിയില്ല. കപ്പും സോസറുമല്ല, ജനാധിപത്യ വ്യവസ്ഥയിലേക്ക്  അധികാരാസക്തി തന്നെ നാണമില്ലാതെ മലർത്തിക്കാണിക്കുകയാണിവിടെ, കൈമാറ്റം ചെയ്യപ്പെടുകയാണിവിടെ.

നെല്ലും അരിയും അതു വിളയിക്കുന്ന കർഷകൻ്റെ ദുരിതജീവിതവും, വിലക്കയറ്റവും ക്ഷാമവും കാരണം അരി കിട്ടാതെ വലയുന്ന സാധാരണ മനുഷ്യരുടെ വിശപ്പിൻ്റെ ആഴവുമാണ് ചെറുകാടിൻ്റെ തുള്ളലുകളിൽ ഉറഞ്ഞാടുന്നത്. തൊഴിലാളിവർഗ്ഗം എന്നത് ചെറുകാടിൻ്റെ കവിതകളിൽ കർഷകവർഗ്ഗം തന്നെയാണ്. രാഷ്ട്രീയ പരിണാമങ്ങളിൽ മലബാറിലെ കർഷകസമൂഹം വഹിച്ച പങ്ക് ഈ കവിതകൾ ഉയർത്തിക്കാട്ടുന്നു.ഈ കാർഷികസമൂഹമാണ് കാലഗതിയിൽ അപ്രത്യക്ഷമായത്. അവരെങ്ങനെയാണ് അപ്രത്യക്ഷമായത് എന്ന ചോദ്യത്തിൻ്റെ ഉത്തരം കൂടി ഈ കവിതകളിലുണ്ട്.അധികാരമാണ് എന്നും കർഷകരുടെ നട്ടെല്ലൊടിച്ചത്. ബ്രിട്ടീഷ് - ഫ്യൂഡൽ അധികാരം പോയി ജനാധിപത്യകാലം വന്നപ്പോൾ ബ്യൂറോക്രസി ആ പണി ചെയ്തു. വലതുപക്ഷ രാഷ്ട്രീയം അതിന് ഒത്താശയും ചെയ്തു. അധികാരവും കൈക്കൂലിയും കരിഞ്ചന്തയും ഒറ്റ മുന്നണിയായി നിന്ന് കാർഷിക കേരളത്തെ ഞെരിച്ചുകളഞ്ഞു. ചെറുകാടിൻ്റെ കവിത അന്ന് നമ്മെ അനുഭവിപ്പിച്ച ആ ഞെരിഞ്ഞമരലിൽ നിന്ന് കാർഷിക കേരളം പിന്നീട് കരകയറിയതേയില്ല. പണികഴിച്ചു, അച്ചാരം മടക്കി എന്നീ തുള്ളലുകളിലും കാർഷിക കേരളത്തിൻ്റെ ഈ ഞെരിഞ്ഞമരൽ കാണാനാവും. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വന്ന ഉദ്യോഗസ്ഥൻ പോലും കൈക്കൂലി വാങ്ങിയാണ് തൻ്റെ പണി ചെയ്യുന്നത്.

4

തുള്ളലുകളിൽ ഉറഞ്ഞുതുള്ളിയ ഹാസ്യം ഒതുക്കത്തോടെയും ചിന്തോദ്ദീപകമായും പ്രയോഗിച്ചിട്ടുള്ള ലഘുകവിതകളാണ് ഹാസ്യകവിതകൾ. ബ്രിട്ടീഷുകാർ പോയിട്ടും പോകാത്ത ജന്മിത്തത്തെ ഈ കൂട്ടം കവിതകൾ ധീരതയോടെ ആക്രമിക്കുന്നു. "സ്വതന്ത്രഭാരതജന്മാധാരം സ്വന്തം പെട്ടിയിൽ വക്കുന്നവരേ" എന്നാണ് കവി ജന്മിമാരെ പരിഹാസത്തോടെ വിളിക്കുന്നത്.കുലത്തൊഴിൽ എന്ന കവിതയിൽ പൂമോത്തിരിപ്പും മുറുക്കിത്തുപ്പുമല്ലാതെ പണിയൊന്നുമില്ലാത്ത, സമൂഹത്തിലെ ഇത്തിക്കണ്ണിയായി ജീവിക്കുന്ന ജന്മിയുടെ പരിഹാസ്യചിത്രമുണ്ട്. ആധുനിക വിദ്യാഭ്യാസം വന്നതോടെ തൊഴിലെടുത്തു ജീവിക്കുക എന്ന ആശയത്തിന് സമൂഹത്തിൽ പ്രാബല്യം കിട്ടിത്തുടങ്ങി. അച്ഛൻ്റെ ജോലി എന്താണെന്നു ചോദിക്കുന്ന കുഞ്ഞിനോട് ജന്മിയുടെ ജോലിയാണ് എന്നു ജാള്യത്തോടെ പറയേണ്ടി വരുന്നു ഈ കവിതയിലെ ജന്മിനമ്പൂതിരിക്ക്. ജന്മിയുടെ അധികാരപ്രമത്തത ജനാധിപത്യകാലത്തും തുടരുകയാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അധികാരാസക്തിയുടെ ആൾരൂപമായി രാജാജിയെ ചിത്രീകരിക്കുന്ന പല കവിതകൾ ഈ വിഭാഗത്തിലുണ്ട്. രാജാജിയുടെ ഭരണപരിഷ്ക്കാരങ്ങളിലെ ജനവിരുദ്ധത ചോദ്യം ചെയ്യുന്നു അവ.കമ്മ്യൂണിസ്റ്റ് പക്ഷം പുലർത്തിക്കൊണ്ടു തന്നെയുള്ള കാർട്ടൂണുകളുടെ സ്വഭാവമാണവക്ക്. നാട്ടിൽ നടക്കുന്ന നെറികേടിനൊക്കെ സാക്ഷാൽ ദൈവമാണുത്തരവാദി എന്ന മട്ടിലുള്ള ഭരണാധികാരിയുടെ ഒഴിഞ്ഞുമാറലിനെ പരിഹസിക്കുന്ന കാർട്ടൂൺ കവിതകളാണ് പ്രാർത്ഥന, ദൈവം നിഷേധിക്കുന്നു, ഗുരുവായൂരപ്പനെ പറ്റിച്ചു എന്നീ കവിതകൾ. ഒടുവിൽ സഹികെട്ട് ദൈവം പറയുകയാണ്:

സത്യം ഞാനോതുന്നു നാട്ടുകാർ കേൾക്കണം
ലാത്തിയും ഞാനുമായ് ബന്ധമില്ല
രാജാജി ചെയ്വതിൻ പുണ്യവും പാപവും
രാജാജിക്കല്ലാതെനിക്കു വേണ്ട
എന്തെല്ലാം രാജാജിയെൻ തലക്കിട്ടാലും
എല്ലാം നിഷേധിപ്പൂ ദൈവമാം ഞാൻ
(ദൈവം നിഷേധിക്കുന്നു)

മദ്രാസ് സംസ്ഥാന ഭരണം ഭഗവാൻ്റെയാണ് എന്നു പറയുന്ന രാജാജി ഗുരുവായൂരപ്പനെ മദ്രാസിലേക്കു കടത്തി എന്നാണ് കവി പരിഹസിക്കുന്നത്. മദ്രാസ് നഗരത്തിലെ തെരുവിൽ നിന്ന് കരയുന്ന ഭഗവാനെ കണ്ടുമുട്ടുകയാണെങ്കിൽ തിരിച്ചിങ്ങോട്ടയക്കാൻ മറുനാടൻ മലയാളികളെ ഏല്പിക്കുകയാണ് കവി.

മറുനാട്ടിൽ പോയ മലബാറുകാരേ
മദിരാശിക്കാരേ സഹജരേ
ഗുരുവായൂരപ്പനവിടെയെങ്ങാനും
തെരുവിൽ നിന്നു കരയുമ്പോൾ
പിരിവെടുത്തൊരു ടിക്കറ്റു വാങ്ങി
തിരികെയിങ്ങോട്ടയക്കണേ
അരുതല്ലോ കഷ്ടം മറുനാട്ടിൽ പോയാൽ
പരദൈവത്തിനും പുലരുവാൻ

ക്ഷേത്രം വിട്ട് തെരുവിലെത്തിയ ദൈവം എന്ന കല്പനയെ ഭരണാധികാരിയുടെ ആസ്തിക്യബുദ്ധിയോടു ചേർത്തുവെച്ച് രാഷ്ട്രീയവൽക്കരിക്കുകയാണ് ഈ വരികളിൽ ചെറുകാട്. അധികം വൈകാതെ ഇതേ ബിംബം എം.ഗോവിന്ദൻ ദൈവത്തിൻ്റെ രക്തം എന്ന കവിതയിൽ ഉപയോഗിക്കുന്നുണ്ട്. തിരക്കു സഹിക്കവയ്യാതെ ഗുരുവായൂരമ്പലത്തിൽ നിന്നു പുറത്തിറങ്ങിയ കൃഷ്ണനെ തെരുവിൽ വെച്ച് ആളുകൾ കൈകാര്യം ചെയ്യുന്നതാണ് ഗോവിന്ദൻ്റെ കവിതയിൽ. പുതുകാലത്തെരുവിൽ ദൈവത്തിൻ്റെ നിസ്സഹായതയിലും നിസ്സാരതയിലുമാണ് ഗോവിന്ദൻ്റെ ഊന്നൽ. നാലു ദശാബ്ദങ്ങൾ കഴിഞ്ഞ് ഇതേ ബിംബം നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരനിൽ ആറ്റൂർ മറ്റൊരു വിധത്തിൽ എടുത്തുപയോഗിക്കുന്നുണ്ട്. നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ അമേരിക്കക്കു പോകുന്ന ശിവനാണ് അതിലെ കഥാപാത്രം. വിദേശിയുടെ കാഴ്ച്ചച്ചരക്കായി മാറുകയാണവിടെ ഇന്ത്യൻ ദൈവം. ഇങ്ങനെ മലയാള കവിതയിൽ വ്യത്യസ്ത പാഠസന്ദർഭങ്ങളിൽ ഉപയോഗിക്കപ്പെട്ട ഒരു ബിംബം ആദ്യമായി ചെറുകാടിൻ്റെ കവിതയിൽ പ്രത്യക്ഷപ്പെടുന്നു.

രാജാജിയിൽ നിന്നു തുടങ്ങി അരി വാങ്ങാൻ പോകുന്ന പാത്തുമ്മയിൽ അവസാനിക്കുന്ന വെള്ളച്ചന്തയെക്കുറിച്ചു പറഞ്ഞല്ലോ. ഇതിന്നു തലകീഴായി എഴുതപ്പെട്ട കവിതയാണ് പതിനായിരത്തിലൊന്ന്. വിദ്യാഭ്യാസമുള്ള ഒരു ശരാശരി മലയാളിയുടെ ജീവിതഗതി വിവരിക്കുകയാണതിൽ. ബി. എ കഷ്ടിച്ചു കടന്നു കൂടിയ ഒരു യുവാവാണ് രാമൻകുട്ടി.
രണ്ടാം ലോക യുദ്ധകാലത്ത് നിർബന്ധധാന്യശേഖരണം ഏർപ്പെടുത്തിയപ്പോൾ അയാൾക്ക് ഗ്രെയിൻ പർച്ചേസിങ് ഓഫീസറായി ജോലി കിട്ടി("യുദ്ധം ഹാ ഹാ വിജയിക്കട്ടെ" എന്നു രാമൻകുട്ടി) അതോടെ അയാൾ പ്രമാണിയായി, അയാൾക്കു ബന്ധുത്വമായി, കല്യാണമായി, കുടുംബമായി. പെട്ടെന്നു കൂടുതൽ പണക്കാരനാവാൻ അയാൾ പല പല ചിട്ടികളിൽ ചേർന്നു. അത്യാഗ്രഹം കാരണം ഒടുവിലയാൾക്കു ചെലവിനു പോലും തികയാതായി. കടം വരാൻ തുടങ്ങി. ആർഭാടം നിയന്ത്രിച്ചു ചെലവു കുറക്കാൻ ശ്രമിച്ചതോടെ കുടുംബത്തിൽ അയാൾ ഒറ്റപ്പെട്ടു. ഭാര്യക്കും അമ്മായിയമ്മക്കും മുന്നിൽ പരിഹാസ്യനായ രാമൻകുട്ടിയുടെ അവസ്ഥ ഇതാ:

പത്തിനെട്ടായ് ചിലതേഴായ് ചിലതാറായ് രാമൻകുട്ടി
ചെത്തിച്ചെത്തിച്ചെലവല്പം കുറച്ചുനോക്കി
ഭദ്രമായിരുന്നിരുന്നോരമ്മായി പോയ് പെട്ടെന്നൊരു
ഭദ്രകാളിയായി മാറി വെളിച്ചപ്പെട്ടു
പങ്കജാക്ഷിയുടെ ചുണ്ടത്തുണ്ടായിരുന്നൊരാ ചോപ്പു
പത്തിരട്ടിയായിക്കണ്ണിൽ കടന്നുകാളി

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുംപോലെ ആ സമയത്ത് ഭക്ഷ്യധാന്യ നിയന്ത്രണം രാജാജി സർക്കാർ എടുത്തു കളഞ്ഞു. അതോടെ രാമൻകുട്ടിയുടെ പണി പോയി. ബി. എ ക്കാരൻ രാമൻകുട്ടിയുടെ ജീവിതഗതിയിലുണ്ടായ ഈ മാറ്റങ്ങൾക്കെല്ലാം കാരണം രാജാജിയുടെ ഭരണപരിഷ്കാരമാണ് എന്ന് അടിവരയിട്ടുകൊണ്ട് കവിത അവസാനിക്കുന്നു.

ഹാ ഹലാക്കിങ്ങാരു കണ്ടു, രാജാജിതൻ തലച്ചോറിൽ
ആളിടുന്ന നട്ടപ്രാന്തിൻ നഗ്നനൃത്തങ്ങൾ!

സാധാരണക്കാരനായിരുന്ന രാമൻകുട്ടിയിൽ നിന്ന് രാജാജിയിലേക്കാണ് കവിത നീങ്ങുന്നത്. ഈ രാമൻകുട്ടി സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തോടൊട്ടി നിന്ന് അത്യാഗ്രഹത്തോടെ വളർന്നു വന്ന പുതിയൊരു വിഭാഗത്തിൻ്റെ പ്രതിനിധിയാണ്. അത്യാഗ്രഹികളുടെ ഒരു തലമുറയാണ് സ്വാതന്ത്ര്യത്തെ തുടർന്ന് വളർന്നു വന്നതെന്നു ധ്വനിപ്പിക്കുന്നുണ്ട് ഈ കവിത. പതിനായിരത്തിലൊരാൾ മാത്രമാണ് ഈ രാമൻകുട്ടി. ഇങ്ങനെയൊരു തലമുറയെ വളർത്തിയെടുക്കുകയായിരുന്നു ഭരണകൂടം. സ്വാതന്ത്ര്യാനന്തര കേരളത്തിൽ വളർന്നുവന്ന അത്യാഗ്രഹികളായ രാമൻകുട്ടിമാരുടെ തലമുറയെ പിന്നീടൊരിക്കൽ എം.ഗംഗാധരൻ നഷ്ടപ്പെട്ട തലമുറ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് (നഷ്ടപ്പെട്ട തലമുറ - അന്വേഷണം ആസ്വാദനം)

പതിനായിരത്തിലൊന്ന് എന്ന കവിത ഇന്നു വായിക്കുമ്പോൾ കൗതുകകരമായ മറ്റൊരു കാര്യം കൂടി നമ്മുടെ ശ്രദ്ധയിൽ പെടും. അതിലുപയോഗിച്ച ലളിതവും വസ്തുസ്ഥിതിവിവരണമാത്രവുമായ ഭാഷയ്ക്കും ബിംബകല്പനാരീതിക്കും മലയാള കവിതയിലുണ്ടായ തുടർച്ചയുടെ ഒരു സൂചനയാണത്. ചെറുകാട് കാവ്യഭാഷയിൽ തുടങ്ങിവെച്ചത് എം.ഗോവിന്ദനിലൂടെയും ആറ്റൂരിലൂടെയും തുടരുന്നതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചു കഴിഞ്ഞു. പതിനായിരത്തിലൊന്നിലെ രാമൻകുട്ടിയിൽ നിന്ന് ആറ്റൂരിൻ്റെ ഓട്ടോവിൻ പാട്ടിലെ കുഞ്ഞുക്കുട്ടനിലേക്കു വരുമ്പോൾ (1984) കേരളത്തിൻ്റെ രാഷ്ട്രീയ- സാമൂഹ്യ അന്തരീക്ഷം മാറിക്കഴിഞ്ഞു. ചെറുകാടിൻ്റെ കാവ്യാന്തരീക്ഷത്തിൽ ഉയർന്നു നിന്നിരുന്ന ഫ്യൂഡൽ സ്തംഭങ്ങൾ നിലംപൊത്തിക്കഴിഞ്ഞു.  നവഹിന്ദുത്വം ഫ്യൂഡൽ ചിഹ്നങ്ങളെ പുനരുദ്ധരിക്കുന്നതിനു തൊട്ടുമുമ്പുള്ള കവിതയാണ് ഓട്ടോവിൻ പാട്ട് എന്നോർക്കണം.മാറിയ സാഹചര്യത്തിൽ മനക്കലെ പുതുതലമുറയിലെ കുഞ്ഞിക്കുട്ടനും കളംമാറ്റിച്ചവിട്ടി.

പഴയൊരില്ലം പൊളിച്ചു വിറ്റ്
പുതിയൊരോട്ടോ റിക്ഷ വാങ്ങി
പുതുമനക്കൽ കുഞ്ഞിക്കുട്ടൻ

എന്നാൽ മര്യാദക്കാരനായി ഓട്ടോ ഓടിച്ചു ജീവിച്ചാൽ കടക്കാരനാവുകയേയുള്ളൂ എന്നു തിരിച്ചറിഞ്ഞ കുഞ്ഞിക്കുട്ടൻ പിന്നെയും ചുവടുമാറി ക്രിമിനൽ - അധോലോകത്തെത്തി.കുറ്റകൃത്യങ്ങളുടെ പുതിയൊരു അധോലോകം കേരളത്തിൽ പടരാൻ തുടങ്ങിയ കാലത്തെ മനുഷ്യനായി അയാൾ മാറുന്ന കഥയാണ് ആറ്റൂർ പാടുന്നത്. മാറുന്ന മലയാളിയുടെ രണ്ടു ഘട്ടങ്ങളെ രാമൻകുട്ടിയും കുഞ്ഞിക്കുട്ടനും പ്രതിനിധീകരിക്കുന്നു. ചെറുകാടിനു പക്ഷേ കൃത്യമായ രാഷ്ട്രീയ താല്പര്യമുണ്ടായിരുന്നതുകൊണ്ട് രാജാജിക്കു മുന്നിൽ രാമൻകുട്ടിയെ ബലികൊടുക്കേണ്ടിവന്നു എന്നു മാത്രം. ആവിഷ്ക്കാരപരവും പ്രമേയപരവുമായി ഒരേ ജനുസിൽ പെട്ട രണ്ടു കവിതകളാണിവ. സ്നേഹവതിയായിരുന്ന അമ്മായിയമ്മ രാമൻകുട്ടിക്കു പണമില്ലാതായതോടെ ഭദ്രകാളിയായി മാറുന്നു. ഗണപതിയിൽ നിന്നും ഭദ്രകാളിയിലേക്കുള്ള മാറ്റം ഓട്ടോവിൻപാട്ടിലുമുണ്ട്. പണമില്ലാതായതോടെ രാമൻകുട്ടിയുടെ ഭാര്യയുടെ ചുണ്ടത്തെ ചോപ്പ് പത്തിരട്ടിയായി കണ്ണിൽ കടന്നു കാളുകയാണ്. അതുവരെ ഗുരുവായൂരപ്പൻ നിറഞ്ഞാടിയിരുന്ന കുഞ്ഞിക്കുട്ടൻ്റെ നെഞ്ചിലോ പൂതനയാണ് പിന്നീടു ചൊല്ലിയാടിയത്.

ഫ്യൂഡൽ ബിംബങ്ങളെ വിപരീതാർത്ഥത്തിൽ മറിച്ചിടുന്നതിൽ ആറ്റൂർക്കവിതക്കുള്ള വൈഭവം നിരൂപകർ മുമ്പേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ വൈഭവത്തിൻ്റെ പൂർണ്ണതക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ഉദാത്തം(1974) എന്ന കവിത. ഫ്യൂഡൽ ഭാവുകത്വത്തിൻ്റെ പെരുംവാർപ്പ് പൊക്കിയെറിഞ്ഞ് നൂറായി നുറുക്കുകയാണ് ആറ്റൂർ. ഈ കാര്യത്തിലും ആറ്റൂരിൻ്റെ മുൻഗാമി തന്നെ ചെറുകാട്. അതിനുവേണ്ടി ഫ്യൂഡൽ ബിംബങ്ങൾ ഉപയോഗിക്കുന്ന രീതി ഉദാത്തം,ഓട്ടോവിൻ പാട്ട്,ഇരിപ്പ് തുടങ്ങി ആറ്റൂരിൻ്റെ പല കവിതകളിൽ കാണാം. ചെറുകാടും ഫ്യൂഡൽ ബിംബങ്ങളെ ഈ നിലയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചന്ത ഓട്ടൻതുള്ളലിൽ, ജനങ്ങളെ കയ്യിലെടുക്കാനായി അരിയുടെ നിയന്ത്രണം നീക്കാൻ രാജാജി സർക്കാർ തീരുമാനിച്ചപ്പോൾ അതുവരെ അദൃശ്യമായി നിലനിന്നിരുന്ന കരിഞ്ചന്ത പരസ്യമായി അഴിഞ്ഞാടാൻ തുടങ്ങിയതു ചെറുകാട് വിവരിക്കുന്നത് പൂതനാമോക്ഷം കഥകളിയായാണ്.

തിരശ്ശീലയെടുത്തപ്പോൾ കരിഞ്ചത്ത പുറത്തെത്തി
വെളുത്ത ചന്തയായ് നിന്നൂ ലളിത പൂതനപോലെ.
തിരനോട്ടം നടത്തുന്നിതരങ്ങാകെ കുലുങ്ങുന്നൂ
പരുക്കൻ ജൂബ്ബയിട്ടോരോ തലയാട്ടി രസിക്കുന്നൂ.
തിരിനീട്ടിക്കൊടുക്കുന്നു നെഹറു ഡൽഹിയിൽനിന്നും
ഉറക്കെത്താളമേളങ്ങൾ മുഴക്കീടുന്നു ജന്മിത്തം
പെരുത്ത ചേങ്ങല വീക്കിയുറക്കെയാർത്തു പാടുന്നൂ
തലയ്ക്കു കൈകൊടുത്തൂക്കൻ മുതലാളിത്തവാഗ്ധാടി.

ആറ്റൂർ രവിവർമ്മ ചെറുകാടിനെ അനുകരിച്ചു എന്നു പറയാനല്ല ഈ താരതമ്യം ശ്രമിക്കുന്നത്. താരതമ്യങ്ങൾക്കപ്പുറത്ത് തനതായ കവിത സൃഷ്ടിക്കാൻ കഴിഞ്ഞ കവിയാണ് ആറ്റൂർ.മറിച്ച് ഇവിടെ ശ്രമിക്കുന്നത്,ആറ്റൂരിനെപ്പോലൊരു വലിയ കവിയുടെ കവിവ്യക്തിത്വ രൂപീകരണത്തിൽ കവിയായ ചെറുകാടിൻ്റെ ജീവിതവീക്ഷണരീതിയും ബിംബരചനാരീതിയും ഭാഷാരീതിയും സ്വാധീനം ചെലുത്തി എന്നു വ്യക്തമാക്കാനാണ്. ചെറുപ്പത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ആറ്റൂരിൻ്റെ ആദ്യകാല രചനകളിൽ ചിലത് ചെറുകാടിൻ്റെ തുള്ളലുകളുടെ മാതൃകയിലുള്ള തുള്ളലുകളായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പറഞ്ഞു വന്നത്, അധികാരബിംബമായി ഈ കവിതകളിൽ രാജാജി നിറഞ്ഞുനിൽക്കുന്നു എന്നാണ്.എ വി കുട്ടിമാളു അമ്മ (ഐക്യകേരളം വേണ്ട), ആനി മസ്ക്രീൻ (ആനിയുടെ അമളി,ആനന്ദമത്യാനന്ദം), പനമ്പള്ളി ഗോവിന്ദമേനോൻ (ജി.ബി.റെഡി!), ജവഹർലാൽ നെഹറു, ടി.പ്രകാശം, കെ. മാധവമേനോൻ, അമ്മു സ്വാമിനാഥൻ, ലീലാ ദാമോദര മേനോൻ തുടങ്ങി ഒട്ടേറെ കോൺഗ്രസുകാർ കവിതകളിൽ കടന്നുവരുന്നുണ്ടെങ്കിലും കഥാപാത്രമെന്ന നിലയിൽ തികഞ്ഞ മിഴിവ് ലഭിക്കുന്നത് രാജാജിക്കു തന്നെയാണ്. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ആസ്തിക്യം, ശരീരഭാഷയുടെ സവിശേഷതകൾ, വാർദ്ധക്യചിഹ്നങ്ങൾ, ഗാന്ധിഭക്തി എന്നിവക്കെല്ലാം പിറകിൽ അധികാരാസക്തിയും കൗടില്യവും കമ്യൂണിസ്റ്റ് പക്ഷത്തു നിന്നുകൊണ്ട് കവി കാണുന്നു. രാജാജിയുടെ നിലപാടുകളായിരുന്നോ ശരി, ചെറുകാടിൻ്റെ വിമർശനമായിരുന്നോ ശരി എന്ന ചർച്ചക്ക് ഇന്നീ കവിതയുടെ വായനയിൽ എന്നെപ്പോലൊരു വായനക്കാരന് സവിശേഷ കൗതുകമില്ല. രാജാജിയുടെ ഭരണപരിഷ്കാരങ്ങളേയും പെരുമാറ്റങ്ങളേയും സമർത്ഥമായി കൂട്ടിയിണക്കി ഒരു പ്രതി - വിഗ്രഹം കവിതയിൽ സൃഷ്ടിച്ചതിലെ ആവിഷ്ക്കാരവൈശിഷ്ട്യമാണ് ഇന്നു തെളിഞ്ഞു കാണാകുന്നത്. അധികാരസ്വരൂപിയായ ഒരു രസികൻ കഥാപാത്രമായി രാജാജി ഈ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു. പുറമേക്ക് ആത്മീയതയും അകമേ അധികാരാസക്തിയും എന്ന ഈ ചേർപ്പിന് ഇന്ത്യൻ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യം കൈവന്നിട്ടുള്ളതുകൊണ്ടാവാം രാജാജിയെ കഥാപാത്രവൽക്കരിക്കാൻ ചെറുകാട് വെമ്പിയത്.
മലയാള സാഹിത്യത്തിലെ ഗാന്ധിപ്രഭാവം ഒരു വലിയ സമയസീമക്കുള്ളിൽ പലരെഴുതിയ കൃതികളിലായി ചിതറിക്കിടക്കുകയാണല്ലോ. അടിയന്തരാവസ്ഥക്കാലത്തെ തുടർന്ന് പല എഴുത്തുകാരുടെ പല കൃതികളിലായി ഇന്ദിരാഗാന്ധിപ്രഭാവവും(പലപ്പോഴും പേരെടുത്തു പറയാതെ) കാണാം. എന്നാൽ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിനെ മലയാളത്തിലെ ഒരു കവി പിന്തുടർന്ന് ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ അത് രാജാജിയും ആ കവി ചെറുകാടുമാകുന്നു. ഭരണപരിഷ്ക്കാരത്തിൻ്റെ ഫലമായി ബസ്ചാർജ് കൂടിയപ്പോൾ, നഗരത്തിൽ നിന്ന് നാട്ടിലേക്കു പോകുന്ന തൊഴിലാളിയായ അച്ഛന് തൻ്റെ കുഞ്ഞിന് മിഠായി വാങ്ങിക്കാൻ പാങ്ങില്ലാതെ പോകുന്നതിൻ്റെ സങ്കടവിരൽ കൊണ്ടുപോലും കവി രാജാജിക്കു നേരെ ചൂണ്ടുന്നു.

വാക്കുകൾ കൊണ്ടുള്ള കാരിക്കേച്ചറുകൾ എന്നോ കാർട്ടൂണുകൾ എന്നോ ചെറുകാടിൻ്റെ ഹാസ്യ കവിതകളെ വിശേഷിപ്പിക്കാം. കാർട്ടൂൺ കവിത എന്ന പേര് പിന്നീട് പ്രബലമാക്കിയത് അയ്യപ്പപ്പണിക്കരാണല്ലോ. എന്നാൽ പണിക്കർക്കും മുമ്പ് ഏറെക്കുറെ അതേ നിലയിൽ ആ രീതി അവതരിപ്പിച്ചത് ചെറുകാടാണെന്ന് ഈ കവിതകൾ ഇന്നു വായിക്കുമ്പോൾ തോന്നുന്നു. ഇതു പറയുമ്പോൾ ചെറുകാടിനും മുമ്പ് സഞ്ജയൻ നമ്മുടെ മനസ്സിൽ വരാഞ്ഞിട്ടല്ല. ആശയങ്ങളെ ഹാസ്യാത്മകമാക്കി വിമർശനത്തിൻ്റെ അമ്പെയ്യലാണ് സഞ്ജയൻ്റെ പൊതു രീതി. കമ്യൂണിസ്റ്റ് വിമർശനം അടങ്ങുന്ന അനന്വയം പോലുള്ള കവിതകളിൽ ഈ രീതിയാണു കാണുന്നത്. എന്നാൽ ചലനാത്മകമായ വാഗ് രേഖകൾ കോറിയിടുന്നതാണ് ചെറുകാടിൻ്റെ മട്ട്. ഉദാഹരണത്തിന് കോൺഗ്രസ് നേതാവ് ആനി മസ്ക്രീൻ കഥാപാത്രമായി വരുന്ന ആനന്ദമത്യാനന്ദം എന്ന കവിത നോക്കാം. ആ കവിതയുടെ രചനക്കു പിന്നിലെ രാഷ്ട്രീയ - സാഹിത്യ സന്ദർഭം എന്താണെന്ന് ഞാൻ അന്വേഷിച്ചു പോയിട്ടില്ല. എങ്കിലും, ആനി മസ്ക്രീൻ്റെ പൂന്തോട്ടത്തിൽ കിടക്കുന്ന സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ ആറേഴുനായ്ക്കുട്ടികളിൽ ഒന്ന് പേപിടിച്ച് മഹാകവി ശങ്കരക്കുറുപ്പിനെ റോട്ടിലൂടെ ഓടിക്കുന്നതു കണ്ട് ചിരിക്കുന്ന ആനി മസ്ക്രീൻ്റെ ചിത്രം അതിൻ്റെ പാത്രചിത്രണരീതിയാലും ചലനാത്മകതയാലും വായിച്ചു തീർന്നാൽ മനസ്സിൽ നിറയുന്ന ഊറിച്ചിരിയാലും ഒരു കാർട്ടൂണിനെ ഓർമ്മിപ്പിക്കുന്നു.

പേപിടിച്ചോടീടുമ-
പ്പട്ടിതൻ കുരകേട്ടു
പേടിച്ചു മഹാകവി
പരുങ്ങീടുന്നു!
ഓടുന്ന കവിയുടെ-
യോലക്കം കണ്ടുകണ്ടി-
ട്ടോമലാളാനി നിന്നു
ചിരിച്ചീടുന്നൂ!
.....
ആനിതൻ പൂന്തോട്ടത്തി -
ലായിരം കുടങ്ങളി-
ലാനന്ദം,അത്യാനന്ദം
തുളുമ്പിടുന്നു

ശങ്കർ എന്ന മലയാളി കാർട്ടൂണിസ്റ്റ് ഉയർന്നുവന്ന കാലമാണതെന്നും ഓർക്കണം. മഹാകവിയുടെ ഓട്ടത്തിനും അതുകണ്ടുള്ള ആനിയുടെ ചിരിക്കുമാണിവിടെ ഊന്നൽ. ആരായിരുന്നു ആ പേപിടിച്ച നായ്ക്കുട്ടി എന്നു കൂടി അറിഞ്ഞാൽ ഒരു പക്ഷേ ചിരി ഇരട്ടിയായേനെ(എഴുതിയ കാലത്ത് അത് വ്യക്തമായിരുന്നു) കാലത്തോടുള്ള ഒട്ടിനില്പ് കാർട്ടൂണുകളെപ്പോലെത്തന്നെ ചെറുകാടിൻ്റെ കവിതകൾക്കുമുണ്ട്. നേരത്തേ ചെറുകാട്, എം.ഗോവിന്ദൻ, ആറ്റൂർ എന്നൊരു ധാരയെക്കുറിച്ചു പറഞ്ഞതുപോലെ യഥാക്രമം സഞ്ജയൻ, ചെറുകാട്, അയ്യപ്പപ്പണിക്കർ എന്ന ധാരയും മലയാള കവിതയെ ആധുനികമാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. ഈ രണ്ടു ധാരകളിലും ചെറുകാടിൻ്റെ കവിത നിർണ്ണായകമായിരുന്നു. ഈ പശ്ചാത്തലത്തിൽ മലയാള ആധുനികതക്കു മുന്നോടിയായ കവികളിലൊരാളായി ചെറുകാടിനെ തീർച്ചയായും അടയാളപ്പെടുത്താനാവും. കമ്യൂണിസ്റ്റുകാരനായ ഹാസ്യകവി മലങ്കാടനെ കമ്യൂണിസ്റ്റ് വിരോധിയായ സഞ്ജയനും പ്രിയമായിരുന്നല്ലോ.

ഫ്യൂഡൽ കാലത്തെന്നപോലെ പാർലമെൻ്ററി ജനാധിപത്യ കാലത്തും പ്രതാപം ചെലുത്തുന്ന അധികാരാസക്തിയാണ് ചെറുകാടിൻ്റെ കവിതകളിലെ ഒരു പ്രധാന പ്രമേയം എന്നു കണ്ടുവല്ലോ. പ്രത്യേകിച്ചും ഹാസ്യ കവിതകളിൽ.ബ്രിട്ടീഷുകാർ പോയിട്ടും നാട്ടുഭരണം അവരുണ്ടാക്കിയ പാരമ്പര്യത്തിൽ തുടരുന്നതിൻ്റെ ദയനീയ ചിത്രങ്ങൾ പല ഹാസ്യകവിതകളിലുമുണ്ട്. താശ്ശൻ മേനോൻ എന്ന കവിത ഒരു നല്ല ഉദാഹരണമാണ്.

ബ്രിട്ടൻ്റെ സാമ്രാജ്യത്വ വാഴ്ച്ചതൻ പാരമ്പര്യം
നാട്ടിലിന്നുമേ നാട്ടിനിൽക്കുന്നു താശ്ശൻ മേനോൻ
.....
മിച്ചവാരവും വെറുംപാട്ടവും പിരിക്കാനും
ഇച്ഛപോലന്നാട്ടാരെത്തല്ലാനും തലോടാനും
മണ്ണിൽനിന്നോടിക്കാനും മണ്ണേകിയിരുത്താനും
'മാന്യ'നാമദ്ദേഹത്തിന്നിച്ഛ താൻ സർവ്വാധാരം.
.....
നാട്ടുമുഖ്യസ്ഥന്മാരിലൊന്നാമൻ മേനോനെന്നു
തീട്ടൂരം കൊടുത്തിട്ടുണ്ടംശത്തിന്നധികാരി.
പണ്ടുപണ്ടിർവ്വിൻപ്രഭു വൈസ്രോയിപട്ടം കെട്ടി- ക്കൊണ്ടിന്ത്യ വാണീടുമ്പോൾ കിട്ടിയതാണാ സ്ഥാനം.
ഇന്നുമന്നാട്ടിന്നൊന്നു മുന്നോട്ടു നീങ്ങാനാദ്യ -
മൊന്നാമൻ മേനോൻ തന്റെ കാലിളക്കിയേ തീരൂ.
.......

ജന്മിയാമച്ഛൻതമ്പ്രാൻ, കാര്യസ്ഥൻ താശ്ശന്മേനോൻ,
അമ്മന്നിന്നധികാരി, നിർമ്മലനംശംമേനോൻ,
ഔട്ടുപോസ്റ്റിലെ ഹേഡ്, ഹുണ്ടികക്കാരൻ പട്ടർ,
നാട്ടിന്റെ നെടുമ്പുരത്തൂണുകളാറാണിന്നും.
ആറിലുമൊന്നാമനായ് ജന്മിതൻ കാര്യസ്ഥനാ -
യാനപോൽ തടിച്ചിതാ നില്ക്കുന്നു താശ്ശന്മേനോൻ!

കൊളോണിയൽ ബാധ വിട്ടുപോകാത്ത സമൂഹത്തെ കണക്കിനു കളിയാക്കുകയല്ലാതെ കവിക്കു മറ്റെന്തു വഴി! ചെറുകാട് ഇതെഴുതി എഴുപത്തഞ്ചു കൊല്ലം കഴിഞ്ഞ് ഇന്നീ ജനാധിപത്യകാലത്തും അധികാരം കയ്യാളുന്ന പലരുടെയും മനോഭാവവും ഭാഷയും ശരീരഭാഷയും പഴയ ജന്മിത്തത്തിൻ്റേതായി മാറുന്നത് നാം കാണുന്നുണ്ടല്ലോ. ചെറുകാടിൻ്റെ താശ്ശൻ മേനോൻ ഇന്നും ജീവിക്കുന്നു. പാർലമെൻ്ററി ജനാധിപത്യത്തിൽ വന്നുകൂടുന്ന ദുഷിപ്പുകളോടുള്ള രൂക്ഷ വിമർശനത്തിലേക്കും ചെറുകാടിൻ്റെ ഹാസ്യമുന നീളുന്നുണ്ട്. ആനിയുടെ അമളി, കുറച്ചു മലയാളം പഠിക്ക് എന്നീ രചനകൾ ഇന്ത്യൻ പാർലമെൻ്റിനെ കവിതയിലേക്കു തുറന്നുവക്കുന്നു. പല ഭാഷകളും സംസ്ക്കാരങ്ങളുമുള്ള ഒരു രാജ്യത്തിൻ്റെ പാർലമെൻ്റിൽ പ്രാദേശിക ഭാഷകളിൽ പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരങ്ങൾ തേടാനും ജനപ്രതിനിധികൾക്ക് അവസരം ലഭിക്കേണ്ടതുണ്ട് എന്ന് ഉറക്കെപ്പറയുന്ന കുറച്ചു മലയാളം പഠിക്ക് എന്ന കവിതയിൽ പ്രാദേശികഭാഷയുടെ രാഷ്ട്രീയം തന്നെയാണ് കവി ഉയർത്തിപ്പിടിക്കുന്നത്. എം.പിയായി രുന്ന ഇമ്പിച്ചിബാവ മലയാളത്തിൽ പ്രസംഗിച്ചതിനെ കളിയാക്കി വാർത്ത നൽകിയ മലയാളപത്രങ്ങളെ ഭാഷയുടെ രാഷ്ട്രീയം കൊണ്ടു നേരിടുകയാണ് കവി. ഇമ്പിച്ചിബാവ ഹിന്ദിയോ ഇംഗ്ലീഷോ പഠിക്കുകയല്ല വേണ്ടത്, മറിച്ച് ഇന്ത്യൻ പാർലമെൻ്റ് മലയാളം പഠിക്കുകയാണ് വേണ്ടത് എന്ന് ഉറച്ചു പറയാൻ അന്നേ ചെറുകാടിനു കഴിഞ്ഞു.

ഒന്നുണ്ടു കേൾക്കണം പാർലമെൻ്റേ
തെല്ലു മലയാളം നീ പഠിക്കൂ

തൽസമയ പരിഭാഷക്കുള്ള സാങ്കേതികത വികസിച്ച സമീപകാലത്തു മാത്രമേ പാർലമെൻ്റിൻ്റെ ഭാഷാപഠനം പുരോഗമിക്കുകയുണ്ടായുള്ളൂ. എന്നാൽ ചെറുകാട് ഉന്നയിച്ച മൗലിക പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. അധികാരഭാഷകൾക്കു കീഴിൽ മറ്റു ഭാഷകളിലെ ആവിഷ്ക്കാരങ്ങൾ തമസ്ക്കരിക്കപ്പെടുന്നു എന്നതാണത്. ആദ്യം സംസ്കൃതവും പിന്നീട് ഇംഗ്ലീഷും അധികാരഭാഷകളായിരുന്നു. ആ നിലയിൽ അവക്കു ലഭിച്ച പ്രാമാണികത മറ്റൊരു നിലയിൽ ഇന്നും തുടരുന്നുണ്ട്. പാർലമെൻ്ററി ജനാധിപത്യം നിലവിൽ വന്നശേഷം രാഷ്ട്രഭാഷയായ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ചെറുകാട് എഴുതിയ എൻ്റെ ഭാഷ എന്ന കവിതയും ഇതോടു ചേർത്തു വായിക്കണം.

പണ്ടൊക്കെ സംസ്കൃതഭാഷയെ പൂജിച്ചു -
കൊണ്ടാടിനിന്നിതെൻ മാതൃഭാഷ
പിന്നെ വന്നെത്തിയൊരാംഗ്ലേയവാണിതൻ
മുന്നിൽ മുട്ടുംകുത്തിനിന്നു മാഴ്കി.
ഹിന്ദിക്കു താളി പിഴിയുകെന്നിന്നിതാ
ഇന്ത്യാഗവർമ്മേണ്ടും ശാസിക്കുന്നൂ!

ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യദശകങ്ങളിൽ ഒന്നൊതുങ്ങി എന്നു കരുതിയ ഭാഷാധികാരബോധം സമകാല ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ വീണ്ടും തലനീട്ടിപ്പുറത്തുവരുന്ന സന്ദർഭത്തിൽ ഭാഷയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഈ കവിതകൾക്ക് വലിയ പ്രാധാന്യമുണ്ട്. പാർലമെൻ്ററി ജനാധിപത്യം ആരോഗ്യകരമാവണമെങ്കിൽ അധികാരഭാഷ അടിച്ചേൽപ്പിക്കാതെ പ്രാദേശിക ഭാഷകളെ വളർത്തുകയാണ് വേണ്ടത് എന്നതാണ് ഈ കവിതകൾ മുന്നോട്ടുവക്കുന്ന ഭാഷാനയം. ജനങ്ങളുടെ ഭാഷ കേൾക്കുന്ന ചെവിയുണ്ടാവണം പാർലമെൻ്റിന്. കണ്ണും കാതും മൂക്കുമെല്ലാമുള്ള മനുഷ്യനാക്കണം, അഥവാ പാർലമെൻ്റിനെ മാനുഷികമാക്കണം എന്നും ചെറുകാട് പറയുന്നു. പാർലമെൻ്റിൻ്റെ മൂക്കിനെ പരീക്ഷിക്കുന്ന ഒരു കവിത ഇക്കൂട്ടത്തിലുണ്ട്.ആനി മസ്ക്രീൻ തന്നെ കഥാപാത്രമായി വരുന്ന ആനിയുടെ അമളിയാണത്.എ ജെ ജോൺ മുഖ്യമന്ത്രിയായ തിരുക്കൊച്ചിയിൽ (1952 -54) വിതരണം ചെയ്ത നാറി പുഴുവരിക്കുന്ന റേഷനരി പാർലമെൻ്റിൻ്റെ മേശപ്പുറത്ത് കൊണ്ടുവക്കുകയാണ് ആനി മസ്ക്രീൻ. പുഴു പുറത്തേക്കരിക്കാൻ തുടങ്ങിയപ്പോൾ "പുഴുവിൻ്റെ മാർച്ചിങ് പവർ അളന്നിട്ടില്ല എഛ്. പി കൊണ്ടീ ഞാൻ" എന്നായി ആനി മസ്ക്രീൻ.ദുർഗന്ധം സഹിക്കാതെ മൂക്കു തട്ടിക്കുടയുന്ന തിരുക്കൊച്ചി എം പി
ചാക്കോയെ കാണിച്ചുകൊണ്ടാണ് കവിത തീരുന്നത്.കേരളീയ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും മിഴിവോടെ ചെറുകാട് ചിത്രീകരിച്ചിട്ടുള്ളത് കോൺഗ്രസ് നേതാവായിരുന്ന ആനി മസ്ക്രീനെയാണ്.

പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ഇത്തരം അകക്കാഴ്ച്ചകൾ ചെറുകാടിനു ശേഷം ആരെങ്കിലും എഴുതിയതായി കണ്ടിട്ടില്ല.രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ടുപോലും, ആറ്റൂർ എഴുതിയ ആന പിണങ്ങി പോലെ അപൂർവ്വം ചില കവിതകളേ മലയാളത്തിലുള്ളൂ. ഇവിടെയും ചെറുകാടിനു ശേഷം ആറ്റൂരിൻ്റെ പേരു കടന്നു വരുന്നത് യാദൃച്ഛികമല്ല.

അധികാരം, പാർലമെൻ്ററി ജനാധിപത്യം, ഭാഷാരാഷ്ട്രീയം എന്നിവ പോലെ ഹാസ്യകവിതകളിൽ ആവർത്തിച്ചു വരുന്ന മറ്റു രണ്ടു വിഷയങ്ങളാണ് മാധ്യമവിചാരണയും വർഗ്ഗീയതാ വിമർശനവും.സാമ്രാജ്യത്വം മാധ്യമങ്ങളിലൂടെ നുഴഞ്ഞു കയറുന്ന കാഴ്ച്ച അമേരിക്കൻ റിപ്പോർട്ടർ മാതൃഭൂമിയുടെ കൂടെ എന്ന കവിതയിൽ കാണാം. മാതൃഭൂമിക്കൊപ്പം അമേരിക്കൻ റിപ്പോർട്ടർ കൂടി വായനക്കാർക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച സമയത്താണ് ഈ വിമർശനം കവി തൊടുക്കുന്നത്:

റോബിൻസൺ നിരത്തിലെ മാതൃഭൂമിയും മൗണ്ടു
റോഡിലെയമേരിക്കക്കാരനാം റിപ്പോർട്ടറും
തങ്ങളിലനുരാഗബദ്ധരാണത്രേയിപ്പോൾ
ഇങ്ങവരൊന്നിച്ചാണു പട്ടണപ്രചരണം

കേരള - അമേരിക്കൻ പത്രങ്ങൾ ചേർന്നുള്ള ഈ പട്ടണപ്രചരണം മാധ്യമരംഗത്തെ ആഗോളവൽക്കരണത്തിൻ്റെ സമകാല സന്ദർഭത്തിൽ വെച്ചു നോക്കിയാൽ പ്രവചനാത്മകമാണെന്നും പറയാം. മുൻപരാമർശിച്ച കുറച്ചു മലയാളം പഠിക്ക് എന്ന കവിതയിൽ കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയും വിമർശിക്കുന്നുണ്ട്. അവയുടെ നിലനില്പു തന്നെ മാതൃഭാഷാബദ്ധമാണെന്നിരിക്കെ, ആ മലയാളത്തിൽ പാർലമെൻ്റിൽ പ്രസംഗിച്ച മെമ്പറെ വില കുറച്ചു കാണിക്കാനാണ് മലയാള പത്രങ്ങൾ ശ്രമിച്ചത്. മലയാളത്തിൻ്റെ നാവായിരിക്കേണ്ട നമ്മുടെ പത്രങ്ങൾ മാതൃഭാഷാവിരുദ്ധ നയങ്ങളെ പിന്തുണക്കുന്നത് നാം ഇന്നും കാണുന്നതാണ്. വെളിച്ചപ്പാട് എന്ന കവിതയിൽ സ്വന്തം രാഷ്ട്രീയ പക്ഷപാതങ്ങൾക്കായി പത്രങ്ങൾ പ്രയോഗിക്കുന്ന പ്രകോപനസമ്മർദ്ദതന്ത്രങ്ങളാണ് പരിഹസിക്കപ്പെടുന്നത്. രണ്ടു കയ്യിൽ വാളും പിടിച്ചലറുന്ന വെളിച്ചപ്പാടായാണ് ഇവിടെ പത്രത്തെ അവതരിപ്പിക്കുന്നത്.കേന്ദ്രത്തിനെതിരെയുള്ള പത്രത്തിൻ്റെ എഴുത്ത് കമ്യൂണിസ്റ്റ് എം പിമാരെ പ്രകോപിപ്പിച്ചു രാജിവെപ്പിക്കാനുള്ള തന്ത്രമാണെന്നാണ് ചെറുകാടിൻ്റെ വിമർശനം.

ചെറുകാട് കവിതയുടെ പ്രവചനാത്മകത കൃത്യമായി വെളിവാകുന്ന മറ്റൊരു കൂട്ടം രചനകളാണ് വർഗ്ഗീയതക്കെതിരെയുള്ളത്. ഗോവധത്തിൻ്റെ പേരിലുണ്ടായ ഒരു വർഗ്ഗീയ ലഹളയെ മുൻനിർത്തി എഴുതിയതാണ് പയ്യോളിക്കാള. ഇവിടെയും കമ്യൂണിസ്റ്റു പാർട്ടിയുടെ വീക്ഷണം എന്ന നിലയിലല്ല ഒരു സാധാരണ മനുഷ്യൻ്റെ നിലയിലാണ് കവി സംസാരിക്കുന്നത്. മലങ്കാടൻ എന്ന പേരിൽ പയ്യോളിക്കാള എഴുതിയ ചെറുകാടിനെ കമ്യൂണിസ്റ്റു സുഹൃത്തുക്കൾ പോലും വിമർശിക്കുകയുണ്ടായി എന്ന് പിന്നീടെഴുതിയ ഒരു കവിതയിൽ കാണുന്നു(ഒന്നു മുറുക്കണോ?)

തങ്ങളും തമ്പ്രാനും ഗോവധക്കാര്യത്തിൽ
തങ്ങളിലല്പം പിണക്കമെങ്കിൽ
നിത്യവും വന്നാ മുതലക്കുളത്തൊരു
ഗുസ്തി നടത്തട്ടെ കാര്യം തീർക്കാൻ
ജോലിയില്ലാത്തവരാ ഗുസ്തിയും കണ്ടു
നാലു മിനുട്ടു രസിച്ചിടട്ടേ

എന്നാൽ വർഗ്ഗീയ ശക്തികൾ ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയാണ്. ഐക്യകേരളരൂപീകരണത്തിനു ശേഷം സംഘം ചേരുന്ന വർഗ്ഗീയതയുടെ ഭീകരത നാമിവിടെ അറിയുന്നു:

എന്നാലതല്ല കുഴപ്പം,ഹലാക്കിൻ്റെ
ചിന്നം വിളിയും കൊടിയുമായി
തങ്ങൾക്കു ചേർന്നോരും തമ്പ്രാനു ചേർന്നോരും
തങ്ങളിൽ കത്തിക്കുത്തായിപ്പോയാൽ
കണ്ടോനെ - കണ്ടോളെ- കട്ടാരക്കത്തിയാൽ
രണ്ടു നാലഞ്ചാറു സമ്മാനിച്ചാൽ
റബ്ബേ പടച്ചോനേ,യപ്പാ ഗുരുവായൂ -
രപ്പാ ദുനിയാവിലെന്തു ചെയ്യും!
കാക്കാശിനുപ്പിന്നു സന്ധ്യക്കു ഞാൻ മമ്മു-
ക്കാക്കാനെത്തേടിപ്പുറപ്പെടുമ്പോൾ
കത്തിക്കുത്തെൻ്റെ കരളിൻ്റെ നേർക്കായാൽ
ചത്തില്ലേ പോലീസു പിന്നെയല്ലേ?
പയ്യോളിക്കാളേ, നീയെൻ കരൾത്തട്ടിലെ
തീയായിപ്പൊങ്ങിനിന്നാളിടുന്നു

അന്നാളിയ തീ പെരുകി വന്നതല്ലാതെ ഇന്ത്യൻ സമൂഹത്തിൽ കെടുകയുണ്ടായില്ല. ഇതേ വിഷയം ഇന്ന് കൂടുതൽ തീവ്രതയോടെ നിന്നുകത്തുന്നത് നാം കാണുന്നു.
ഒരു കാരണവുമില്ലാതെ ആറടിപ്പൊടിമണ്ണിലിടാൻ എന്തിനാണ് മനുഷ്യനെ അറുക്കുന്നത് എന്ന ചോദ്യത്തിൻ്റെ മുഴക്കം ഇന്നും നമ്മെ അസ്വസ്ഥരാക്കും. മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായപ്പോൾ പൗരോഹിത്യശക്തിക്കുണ്ടായ അങ്കലാപ്പാണ് അച്ചൻ്റെ തല എന്ന കവിതയിൽ.

കേരളസമൂഹത്തിൻ്റെ പരിവർത്തന ഘട്ടത്തിലെ രസകരമായ സന്ദർഭങ്ങൾ പലതും ഈ കവിതകളിൽ ഹാസ്യത്തിനു വിഷയമാകുന്നുണ്ട്. കമ്യൂണിസ്റ്റായി വളരുന്ന മകൻ അപ്പുവിനെ നന്നാക്കാൻ സബ്ജഡ്ജി ശുപ്പുമേനവൻ പെണ്ണുകെട്ടിച്ചപ്പോൾ അതാ, കല്യാണപ്പെണ്ണും കമ്മ്യൂണിസ്റ്റ്! ഇതാണ് ഒന്നിനു രണ്ട് എന്ന കവിതയിൽ ചിരിയുണർത്തുന്നത്. യാഥാസ്ഥിതിക കുടുംബങ്ങളിലെ പുതുതലമുറ കമ്യൂണിസത്തോട് ആകൃഷ്ടരാകുന്നതിൻ്റെ പല രംഗങ്ങൾ ഹാസ്യകവിതകളിൽ ഇതുപോലെ മിനിമായുന്നുണ്ട്. കുടുംബ ജീവിതമേ വേണ്ടെന്നു വക്കുന്ന കമ്യൂണിസ്റ്റുകാരുമുണ്ട്. ബുദ്ധിജീവി എന്ന കവിതയിൽ കമ്യൂണിസ്റ്റായ മേനോന് കല്യാണമാലോചിക്കുകയാണ് ദല്ലാളായ കുറുപ്പ്. മാവോ പറഞ്ഞാലും സ്റ്റാലിൻ പറഞ്ഞാലും അതിനുമാത്രം താൻ തയ്യാറല്ല എന്നൊഴിയുന്നു ആ കമ്മ്യൂണിസ്റ്റുകാരൻ. കമ്യൂണിസ്റ്റുകാരനെയും കമ്മു എന്നു വിശേഷിപ്പിച്ചു ചിരിക്കാൻ ഈ കമ്യൂണിസ്റ്റ് കവിക്ക് കഴിയുന്നുണ്ട്.

ഹാസ്യകവിതക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം മലയാളത്തിലുണ്ട്. നമുക്കു പേരറിയാവുന്ന ആദ്യ മലയാള കവിയായ തോലൻ ഹാസ്യകവി എന്നു കീർത്തി കേട്ടവനാണ്. എന്നാൽ ഈ ധാരയിൽ പിന്നീട് അപൂർവ്വം ചില കവികളേ ഉണ്ടായുള്ളൂ എന്നതിൻ്റെ കാരണം പഠിക്കേണ്ടതാണ്. ഇന്നും ഹാസ്യം നമ്മുടെ മുഖ്യധാരാകവിതയിൽ പ്രബലമല്ല.ബലം പിടിച്ചു നിൽക്കുന്ന ഈ മലയാളി മനോഭാവത്തെ പിടിച്ചു കുലുക്കാനും ഭാഷയാൽ അയയാനും വളയാനുമെല്ലാം പ്രാപ്തരാക്കാൻ ചെറുകാടിൻ്റെ ഹാസ്യകവിതകൾക്ക് അന്നു കഴിഞ്ഞു. എന്നിട്ടും മലയാളിയുടെ മസിലുപിടിത്തം മാറിയിട്ടില്ല. അതിനുള്ള ഉഴിച്ചിൽ കൂടിയാണ് ഈ കവിതകളുടെ ഇന്നത്തെ വായന.

5

തൻ്റെ രാഷ്ട്രീയ ബോധ്യങ്ങളും സംഘർഷങ്ങളും സന്തോഷങ്ങളും ചെറുകാട് വായനക്കാര്യമായി പങ്കു വക്കുന്ന കവിതകളാണ് ഇനിയുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ് ജീവിത നിമിഷങ്ങളുടെ അപൂർവ്വാഖ്യാനങ്ങളാണ് അവയിൽ പലതും. ഹാസ്യാത്മകമായി പല കവിതകളിൽ പലപ്പോഴായി ആവിഷ്ക്കരിച്ച പ്രമേയങ്ങൾ തന്നെ തികഞ്ഞ ഗൗരവത്തോടെ ആവർത്തിക്കുന്ന കവിതകളുണ്ട്. ജന്മിത്ത - ഉദ്യോഗസ്ഥ ദുഷ്പ്രഭൃത്വങ്ങളെ പരിഹാസപൂർവ്വം നേരിടുന്ന ജനതയെ ചെറുകാടിൻ്റെ കവിതയിൽ നാം കണ്ടുകഴിഞ്ഞു. എന്നാൽ പറയാനുള്ളത് മുഖത്തു ചൂണ്ടി ഗൗരവത്തോടെ പറയുന്ന മറ്റൊരു ചെറുകാടുണ്ട്. അത്തരമൊരു കവിതയിൽ(ഞങ്ങൾ നിങ്ങളെ വിസ്തരിക്കും) പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ദുഷിപ്പുകൾക്കുനേരെ കവി ഉറച്ചു പറയുന്നു:

നിയമത്തെ മാനിച്ചിജ്ജനതതി മുട്ടുന്നു
നിയമസഭയുടെ വാതിലിന്മേൽ.
നിയമസഭയടച്ചതിനുള്ളിൽ മേലിലും
നിലനില്ക്കാനാകുന്നു ഭാവമെങ്കിൽ
ഇതു നോക്കു ജനത ചുരുട്ടിയ മുഷ്ടിയാൽ
കതകു തകർക്കാതിരിക്കയില്ല

ജനാധിപത്യം അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ ആധിപത്യമാവണമെന്ന് താക്കീതു ചെയ്യുകയാണ് കവി. പരിഹസിച്ച് ആത്മവീര്യം കെടുത്തിയ ശേഷം ആഞ്ഞടിക്കുന്ന രീതിയാണ് ഈ കവിതകളിലെ വിമർശനത്തിൻ്റേത്. ചിരിക്കും പരിഹാസത്തുള്ളലിനും ശേഷമുള്ള ഇടിമുഴക്കങ്ങളാണവ.ആ നിലയിൽ തുള്ളലുകളുടെയും ഹാസ്യകവിതകളുടെയും സ്വാഭാവികമായ തുടർച്ച. ദൃഢപ്രഖ്യാപനത്തിൻ്റെയോ ദൃഢപ്രസ്താവനയുടെയോ മൂർച്ച ഈ കവിതകൾക്കു കിട്ടുന്നത് അതുകൊണ്ടാണ്. കുടിയൊഴിപ്പിക്കാൻ വരുന്ന ജന്മിയോടുള്ള കുടിയാൻ്റെ ഈ വാക്കുകൾ അത്തരമൊരു ദൃഢപ്രഖ്യാപനമാണ്:

തലമുറകളായ് ഞങ്ങളീ മണ്ണിന്റെ
തരികളോടൊട്ടിനിന്നു ജീവിച്ചവർ
ഇവിടെനിന്നുമിറങ്ങിക്കൊടുക്കുകി-
ല്ലെവിടെനിന്നേതു ജന്മി വന്നീടിലും
അവനുയിരെടുത്തീടുമെന്നാലെന്ത്
ശവമിവിടെയീ മണ്ണിന്റെ ഭാഗമാം
(ഇതെൻ്റെ മണ്ണാണ്)

കിടപ്പാടത്തിനുവേണ്ടി ഇതിലേറെ ധീരവും വികാരതീക്ഷ്ണവുമായ പ്രഖ്യാപനം വേറൊന്നുണ്ടാവുകയില്ല എന്നു തോന്നിക്കുമാറ് ശക്തമായ വരികൾ.കുടിയൊഴിക്കലിനെപ്പറ്റി പല കാഴ്ച്ചകോണുകളിൽ നിന്നുകൊണ്ടുള്ള ഒന്നിലേറെ ഉറച്ച തീർപ്പുകൾ ചെറുകാടിൻ്റെ കവിതകളിലുണ്ട്. ഇക്കൂട്ടത്തിൽ നമ്മുടെ ശ്രദ്ധ ഇന്നു പ്രത്യേകം പതിയാവുന്ന ഒരു കവിതയാണ് കള്ളൻ കുഞ്ഞാമൻ. കുടിയാൻ്റെ കാഴ്ച്ചപ്പാടിലൂടെയല്ല, മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിത കർഷകൻ്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ കവിത വികസിക്കുന്നത്. ജാതി തുറന്നു പറഞ്ഞുകൊണ്ടാണ് ഭൂരഹിതകർഷകൻ കുഞ്ഞാമനെ കവി അവതരിപ്പിക്കുന്നത്.ചെറുമൻ കുഞ്ഞാമനെ ഇരിക്കുന്ന പറമ്പിൽ നിന്നൊഴിപ്പിക്കാൻ കള്ളക്കേസിൽ പെടുത്തുകയാണ് ജന്മി. ജന്മിയോട് അതിയായ കൂറുപുലർത്തുന്ന ജന്മച്ചെറുമനാണ് താൻ എന്ന് അഭിമാനിക്കുന്ന പണിക്കാരനാണയാൾ :

‘അടിമപ്പണിയിതു മുത്തപ്പായി
തുടങ്ങിയതാണത്രെ
അതിനിന്നോളം വീഴ്ച്ചവരുത്തീ-
ട്ടില്ലാ പുലമാടം’

കുഞ്ഞാമൻ വിശ്വസ്തനാണെന്ന് ജന്മിക്കെന്നല്ല നാട്ടുകാർക്കു മുഴുവനറിയാം.

വീണു കമിഴ്ന്നു കിടക്കും പ്ലാവില
ചെറുമൻ കുഞ്ഞാമൻ
താണുപെറുക്കിമലർത്തീട്ടില്ലാ
സമ്മതമില്ലാതെ

ആ കുഞ്ഞാമനെയാണ് ജന്മിയുടെ വീട്ടിലെ ഉരുളി കട്ടു എന്ന കള്ളക്കേസുണ്ടാക്കി പോലീസിനെക്കൊണ്ടു തല്ലിച്ചതച്ച് കോടതി കയറ്റാൻ കൊണ്ടുപോകുന്നത്. അന്നേരം കടന്നു വരുന്ന ജന്മിയെക്കണ്ടതും "മുളപൊളിയുംപോൽ പൊട്ടിച്ചിതറീ
ചെറുമൻ കുഞ്ഞാമൻ". മണ്ണിലാണ്ടു ജീവിക്കുന്ന മനുഷ്യൻ്റെ സത്യസന്ധതയപ്പാടെ പുറത്തുവരുന്നു ഈ ഒറ്റ ബിംബത്തിലൂടെ.(ചെറുകാടിൻ്റെ സാഹിത്യത്തിൽ മുളയെ എങ്ങനെയെല്ലാമാണ് ബിംബവൽക്കരിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ഒരു പഠനവിഷയമാണ്)

‘ആര്യേങ്കാവിലെ ദെയ്വത്താണേ
കണ്ടത്താറാണേ
അടിയനകായിലെ ഉരുളിയെടുത്തി-
ട്ടില്ലാ മൂത്താറേ
നാളെച്ചാളപൊളിച്ചു പറമ്പു
മടക്കിത്തന്നോളാം
മടക്കിത്തന്നോളാം
തൊപ്പിക്കാറോടടിയനെ വിടുവാൻ
പറയൂ മൂത്താറേ’

ഉരുളി കട്ടതിനല്ല, പാർക്കുന്ന ചാള പൊളിച്ച് പറമ്പിൽ നിന്ന് ഒഴിപ്പിക്കാൻ വേണ്ടിയാണ് ജന്മി തന്നെ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നതെന്ന് കുഞ്ഞാമൻ ഞെട്ടലോടെ ആ നിമിഷം തിരിച്ചറിയുകയാണ്. കേൾക്കേണ്ടതു കേട്ടപ്പോൾ ജന്മി മൂത്താര് കുഞ്ഞാമനു മാപ്പുകൊടുത്തു. കുഞ്ഞാമൻ ജയിൽശിക്ഷയിൽ നിന്നു രക്ഷപ്പെട്ടു. പക്ഷേ അയാൾക്ക് കിടപ്പാടം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

രക്ഷപ്പെട്ടൂ കയ്യാമങ്ങളിൽ
നിന്നും പാവം കുഞ്ഞാമൻ
പക്ഷെ ഇരിക്കും ചാളപൊളിച്ചു നടപ്പൂ
നാട്ടിൽ കുഞ്ഞാമൻ

ജന്മിയുടെ ഭൂമി പിടിച്ചെടുത്ത് കുടിയാനും ഭൂരഹിത കർഷകനും കിടപ്പാടവും കൃഷിഭൂമിയും നൽകുക എന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആവശ്യം തന്നെയാണ് ചെറുകാട് ഈ കവിതയിൽ ഉയർത്തുന്നത്. എന്നാൽ ഈ കവിതയുടെ അവസാന വരി ഒരു ദുരന്ത ഫലശ്രുതി പോലെ ഇന്നും കേരള സമൂഹത്തെ വേട്ടയാടുന്നുണ്ട്. 1957 ലെ ആദ്യ കേരളമന്ത്രിസഭ അധികാരമേറ്റ് മാസങ്ങൾക്കകം ഭൂനിയമം നടപ്പാക്കുന്നതിൻ്റെ ആദ്യ ചുവടെന്ന നിലയിൽ കുടിയിറക്ക് നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവന്നു. അതോടെ കുടിയാന്മാരെയും ഭൂരഹിതകർഷകരേയും തന്നിഷ്ടത്തിന് ഇറക്കിവിടാൻ ജന്മിമാർക്കു കഴിയാതായി. എന്നാൽ സമഗ്രമായ ഭൂപരിഷ്ക്കരണ നിയമം അവതരിപ്പിച്ചു നടപ്പാക്കാൻ കഴിയുന്നതിനുമുമ്പ് വിമോചന സമരം വരികയും സർക്കാർ പിരിച്ചുവിടപ്പെടുകയും ചെയ്തു. പിന്നീട് പല സർക്കാരുകൾ പല കാലത്തു കൊണ്ടുവന്ന പല തരം ഭേദഗതികളോടെ ഭൂപരിഷ്കരണനിയമം പൂർണ്ണമായും പ്രാബല്യത്തിലാവാൻ ഏതാണ്ടു പതിനാറു കൊല്ലം പിന്നെയും പിടിച്ചു. ഭേദഗതികളിൽ പലതും അടിസ്ഥാന നിയമത്തെ അയക്കുകയോ ദുർബലമാക്കുകയോ ആണ് ചെയ്തത്. കുടിയാന്മാർക്ക് കൃഷിഭൂമി കിട്ടിയെങ്കിൽ കുഞ്ഞാമനുൾപ്പെടുന്ന ഭൂരഹിത കർഷകർക്ക് പത്തു സെൻ്റ് കിടപ്പാടം (മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും അതിലും കുറവ്) മാത്രമാണ് കിട്ടിയത്. 1973 ൽ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ കിടപ്പാടം പോലുമില്ലാത്ത ഭൂരഹിത കർഷകർ ഒട്ടേറെയുണ്ടായിരുന്നു. മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷകർക്കു നൽകും എന്നായിരുന്നു വാഗ്ദാനം. എന്നാൽ മിച്ചഭൂമിയുടെ അളവ് 1957 ൽ നിന്ന് 1973 ആയപ്പോഴേക്കും വളരെയധികം കുറഞ്ഞുപോയി. ഇങ്ങനെ കിടപ്പാടം പോലും കിട്ടാതെ പോയ ഭൂരഹിത കർഷകരെ പുനരധിവസിപ്പിക്കാനാണല്ലോ അച്ച്യുതമേനോൻ ഗവൺമെൻ്റ് ലക്ഷംവീടു പദ്ധതി കൊണ്ടുവന്നത്. ഈ ഭേദഗതികൾക്കിടയിൽ ഭൂരഹിത കർഷകർ എന്ന സംജ്ഞക്കു പകരം കർഷകത്തൊഴിലാളി എന്ന സംജ്ഞ പ്രചാരത്തിലായി. ഇങ്ങനെ പല തരത്തിൽ വെള്ളം ചേരുന്നതിനു മുമ്പുള്ള, ഭൂരഹിത കർഷകർക്കു കിടപ്പാടവും കൃഷിഭൂമിയും നൽകണമെന്ന ഉറച്ച നിലപാടാണ് ചെറുകാടിൻ്റേത്. എന്നാൽ കവി ഭയന്നതുപോലെ ഇരിക്കും ചാള പൊളിച്ച് നാട്ടിലലഞ്ഞ കുഞ്ഞാമന് ഒടുവിൽ സർക്കാർ അനുവദിച്ച കോളനിയിൽ കുടിയിരിക്കേണ്ടി വന്നു. ചെറുകാട് പരിഹാസപൂർവ്വം കാണിച്ചു തന്ന അധികാരാസക്തരുടെ ഘോഷയാത്ര കുഞ്ഞാമനെപ്പോലുള്ള ഭൂരഹിത കർഷകരെ അദൃശ്യകോടിയിൽ തള്ളി. ന്യായമായ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നവരെ കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദരാക്കുക എന്ന ഭരണകൂട തന്ത്രം ഈ ജനാധിപത്യകാലത്തും അവസാനിച്ചിട്ടില്ല എന്നതുകൂടിയാണ് ഈ കവിതയുടെ സമകാലപ്പൊരുൾ.

1956 ഏപ്രിൽ 5 ന് ഇ എം എസ് മന്ത്രിസഭ അധികാരമേറ്റപ്പോൾ സാധാരണക്കാർക്കുണ്ടായ അഭിമാനവും പ്രതീക്ഷയും ആവിഷ്ക്കരിക്കുന്നു നന്ദി വേണം എന്ന കവിത. ജനാധിപത്യ സർക്കാർ വന്നശേഷം കുടിയാൻ അയ്യപ്പൻ തന്നെ വേണ്ടവിധം പരിഗണിക്കുന്നില്ല എന്ന ജന്മിയുടെ പരാതിക്ക് അയ്യപ്പൻ പറയുന്ന മറുപടിയാണത്.

എന്റെ മുത്തച്ഛനുമച്ഛനും മുന്നാഴി
മണ്ണുതന്നില്ല നിൻ വീട്ടുകാർക്കെങ്കിലോ,
നിൻ തറവാടില്ല, നീയില്ല, നിന്റെയി-
ത്താന്തോന്നിവാഴ്ച്ചയുമില്ലാ ധരിക്കണം.
ആ നന്ദിവേണം നിനക്ക് -

എന്ന ജന്മിയുടെ വാക്കുകളിൽ കുടിയാൻ്റെ ജീവിതം തൻ്റെ ഔദാര്യമാണ് എന്ന നിന്ദ്യമായ ഭാവം തന്നെയാണുള്ളത്. ജാതീയമായ ഈ മനോഭാവം ഇന്നും തീർത്തും ഇല്ലാതായോ? അതുകേട്ട് അയ്യപ്പൻ മൗനം പാലിക്കുകയല്ല മറിച്ച് പക്വതയാർന്ന ഭാഷയിൽ മറുപടി പറയുകയാണ്:

അയ്യപ്പ ‘നീയിത്ര കേമനായ്ത്തതീർന്നതെ-
ന്നാണെടാ?’ തമ്പുരാൻ ചോദിച്ചു പിന്നെയും.
‘ഏറെനാളായില്ല’-ചൊല്ലിനാനയ്യപ്പ-
‘നേപ്രിലഞ്ചെന്നൊരു നാളറിയില്ലയോ
അന്നുതൊട്ടയ്യപ്പനിങ്ങനെയായ്‌പ്പോയി,
മന്നിൽ സ്വതന്ത്രനായ് മാറിക്കഴിഞ്ഞുപോയ്.
രുഷ്ടനായ് തമ്പുരാൻ ചില്ലിവളയ്ക്കുകിൽ
നട്ടെല്ലിനി വളയ്ക്കില്ലാ കൃഷീവലർ.
വേണ്ടാത്തതിന്നൊരുങ്ങേണ്ടാ, നിയമങ്ങ -
ളുണ്ടവക്കൊത്തു നമുക്കു ജീവിക്കണം
ഞങ്ങൾ ചളിയിലിറങ്ങിയിരുന്നില്ല -
യെങ്കിലിന്നില്ലിത്തിരുമേനിയോർക്കണം
നന്ദിയന്യോന്യം നമുക്കു പകുക്കുക
മന്നിൽ മനുഷ്യരായ് തന്നെ ജീവിക്കുവാൻ’

1956 ഏപ്രിൽ 5 മുതൽ ജന്മിയോട് തുല്യനിലയിലല്ലാതെ പെരുമാറുകയില്ല എന്നു തീരുമാനിച്ചുറച്ച ഒരു പുതിയ മനുഷ്യനാണ് അയ്യപ്പൻ. ആ തുല്യതാബോധം അയാളുടെ പെരുമാറ്റത്തിലും ഭാഷയിലുമെല്ലാമുണ്ട്. സാമൂഹ്യജീവിതത്തിൽ മാത്രമല്ല കുടുംബത്തിലും പുതിയ മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പുതിയ മനുഷ്യനെ ചെറുകാട് അവതരിപ്പിക്കുന്നു. പിതാവ് അനുഗ്രഹിക്കുന്നു എന്ന കവിതയിൽ മകന് നൽകാനുള്ള കവിയുടെ ആശിസ്സും ഈ പുതുജീവിതമൂല്യം തന്നെയാണ്.

ഒരു കുടുംബത്തിൻ മുതലാവാതെ നീ
പരന്ന പാരിന്റെ നിധിയായ്ത്തീരാവൂ!
തനി സ്വാർത്ഥത്തിനാലൊരു കുടുംബത്തിൽ
തളച്ചുനിർത്തില്ലാ മകനേ, നിന്നെ ഞാൻ.

കുടുംബ സ്വത്തല്ല നാടിൻ്റെ നിധിയാണ് മക്കൾ. കണ്ണും കരളും കരവിരുതും കഴിവും കൊണ്ടാണ് അവർ ഭാവിയിൽ ജയിക്കേണ്ടത്. അല്ലാതെ ജാതികൊണ്ടും മതം കൊണ്ടും പ്രമാണിത്തം കൊണ്ടും അധികാരം കൊണ്ടും സമ്പത്തുകൊണ്ടുമല്ല. ലിംഗപരമായ തുല്യത ഒരു പുതിയ മൂല്യമായി സമൂഹത്തിലും കുടുംബത്തിലും വേരൂന്നേണ്ടതുണ്ട്.വിവാഹശേഷം തൻ്റെ പേര് ഭർത്താവിൻ്റെ പേരോട് ചേർക്കേണ്ടതില്ല എന്ന് കൂട്ടുകാരിയോടു പറയുന്ന സുലോചന (എന്നെ വാലാക്കരുത്) തുല്യതാബോധമുള്ള, അഭിമാനമുള്ള പുതിയ മനുഷ്യൻ്റെ, പുതിയ സ്ത്രീയുടെ, പ്രതിനിധിയാണ്.

‘അല്ല-’ സുലോചന ചൊല്ലിനാൾ:- ‘ഞാനെന്തി -
നില്ലാതെയാകുന്നിതിന്നു തൊട്ടിന്നിമേൽ,
അന്യോന്യസംബദ്ധരാഗരാണെങ്കിലും
ഒന്നല്ല രണ്ടാണു ഞാനുമെൻ കാന്തനും.
ഇന്നുതൊട്ടദ്ദേഹമുച്ഛഛ്വസിക്കെത്തന്നെ-
യെൻനാഡികൂടി മിടിക്കുമോ സോദരീ?’
എൻസിരാചക്രം ചലിക്കേണമെങ്കിൽ ഞാൻ
തന്നെയുൾക്കൊള്ളണം പ്രാണസമീരനെ.

തരളമായ കാല്പനികപ്രേമമല്ല ഇത്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള അഭിമാനത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ളതാണ് മാറിയ കാലത്തെ സ്ത്രീയുടെ പ്രണയം. ഞങ്ങൾ രണ്ടാളും ഒന്നല്ല രണ്ടു തന്നെയാണ് എന്ന സുലോചനയുടെ വാക്കുകൾ ചെറുകാട് വിഭാവനം ചെയ്യുന്ന ജനാധിപത്യകാലത്തെ കുടുംബ സംവിധാനത്തിൻ്റെ അച്ചുതണ്ടാണ്. വാസ്തവത്തിൽ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യപൂർവ്വസ്ഥാപനങ്ങളിൽ ഒന്നാണ് കുടുംബം. അടിമത്തം മാറണമെങ്കിൽ ജീവിതപ്പോരാട്ടത്തിൽ സ്ത്രീയും വാളെടുത്തു വീശി ശീലിക്കുക തന്നെ വേണം(കൊച്ചുമാറാപ്പ്). കുടുംബത്തെ ജനാധിപത്യവൽക്കരിച്ചുകൊണ്ടല്ലാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ല എന്നുകൂടി ധ്വനിപ്പിക്കുന്നുണ്ട് ചെറുകാടിൻ്റെ പ്രേമകവിതകൾ. തൻ്റെകൂടെത്തന്നെ എപ്പോഴുമിരിക്കണേ എന്നു പരസ്പരം സമ്മർദ്ദത്തിലാഴ്ത്തുന്ന പ്രണയമല്ലിത്. മറിച്ച് മുന്നോട്ടു കുതിപ്പിക്കുന്ന, ലോകത്തിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്ന പ്രേമമാണ്.

എന്നിൽ മുഴുകിമുഴുകി മറന്നാലോ
എൻനാഥൻ മറ്റുള്ള കർത്തവ്യങ്ങൾ!

എന്ന് ഓർമ്മിപ്പിക്കുന്ന പ്രേമം (നിറഞ്ഞ കണ്ണ്).ഒപ്പം വരൂ എന്ന കവിതയിൽ ചന്ദ്രനെപ്പോലെ തൻ്റെ പ്രണയി  ഉദിച്ചുയരണമെന്നാഗ്രഹിക്കുന്നയാൾക്കുള്ള മറുപടി ഇങ്ങനെയാണ്:

ആ വിധത്തിലുയർന്നു പറന്നു ഞാൻ
ദ്യോവിൽ മിന്നിത്തിളങ്ങുന്ന വേളയിൽ,
മന്നിൽ മേല്‌പോട്ടു നോക്കിനില്ക്കുന്ന നീ
യെൻനിടിലത്തിലെങ്ങനെ ചുംബിക്കും?

അതുകൊണ്ട് ഉയരണ്ട, ഒപ്പമായാൽ മതി. എപ്പൊഴും രാഗാലസരായ് സ്വയം മറന്ന് നശിക്കലല്ല, ഒപ്പം നിന്നു പോരാടാൻ ജീവരക്തത്തിന്നു ചൂടു പകരലാണ് പ്രണയം എന്ന് ഈ കവിതകൾ അടിവരയിടുന്നു. വ്യക്തിയുടെ സ്വതന്ത്രനില പ്രണയത്തിൽപോലും പ്രധാനമാണ് എന്ന് ഈ കമ്യൂണിസ്റ്റ് കവി കരുതുന്നു. മലയാളകവിതയിൽ ദാമ്പത്യപ്രേമം ഒരു മുഖ്യപ്രമേയമായി ആവിഷ്കരിച്ചത് വള്ളത്തോളാണ്. തൻ്റെ പ്രണയകവിതകളിൽ ദാമ്പത്യപ്രേമം തന്നെയാണ് ചെറുകാടും ആവിഷ്ക്കരിച്ചതെങ്കിലും സ്ത്രീയുടെ പദവിയെക്കുറിച്ചും തുല്യതയെക്കുറിച്ചും പുതിയ കാലത്ത് പ്രണയത്തിൻ്റെ ദൗത്യങ്ങളെക്കുറിച്ചുമെല്ലാം വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് അദ്ദേഹം പുലർത്തിയത്. ഫ്യൂഡൽ കുടുംബങ്ങളിൽ നിന്നു വ്യത്യസ്തമായി, തന്നിച്ഛക്കനുസരിച്ച് പ്രവർത്തിക്കാൻ ഇരുവർക്കും ഒരുപോലെ സ്വാതന്ത്ര്യമുള്ള, ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിക്കുന്ന, കുട്ടികൾക്ക് സ്വന്തം കഴിവനുസരിച്ച് ഏതു രംഗത്തേക്കും തിരിയാവുന്ന ജനാധിപത്യകാലത്തെ പുതിയ കുടുംബസങ്കല്പത്തിൻ്റെ സങ്കീർത്തനങ്ങളാണ് ചെറുകാടിൻ്റെ പ്രണയകവിതകൾ. ഈ പ്രേമഗാഥകളുടെ ഭാവുകത്വപരവും സൗന്ദര്യ പരവുമായ തുടർച്ച വിഷ്ണുനാരായണൻ നമ്പൂതിരിയുടെ പ്രണയഗീതങ്ങളിൽ നമുക്കനുഭവിക്കാം.

ധർമ്മസങ്കടങ്ങളിലൂടെ കടന്നുപോന്നുണ്ടാകുന്ന സ്ഥൈര്യം ചെറുകാടിൻ്റെ കവിതകളുടെ ഒരു സവിശേഷതയാണ്. ആ സ്ഥൈര്യത്തിലേക്ക് ഒരു കവി എത്തിച്ചേരുക എന്നത് എളുപ്പമല്ല. വ്യക്തിപരവും സാമൂഹികവുമായ മഥിക്കുന്ന അനുഭവങ്ങളാണ് അതു സാധ്യമാക്കുന്നത്.  ഒരു കമ്യൂണിസ്റ്റുകാരൻ്റെ വ്യക്തിജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിനുമിടയിലെ സംഘർഷങ്ങളുടെയും ധർമ്മസങ്കടങ്ങളുടെയും രേഖകൾ കൂടിയാണീ കവിതകൾ. അമ്മയുടെ ചാത്തം എന്ന കവിത അതിൻ്റെ ദീപ്തമായ ഒരു മാതൃകയാണ്.അമ്മയുടെ ശ്രാദ്ധം സഹോദരങ്ങൾക്കൊപ്പം ഊട്ടാൻ കമ്യൂണിസ്റ്റുകാരനായ കവി തയ്യാറല്ല. കുടുംബത്തിലെ മറ്റുള്ളവരുടെ വൈകാരികതയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കൂടിയാണത്. ആ വൈകാരികതക്കു മുമ്പിൽ പല കമ്യൂണിസ്റ്റുകാരുടെയും മനമിടറിയിട്ടുണ്ട്. ചെറുകാടു തന്നെ ഓപ്പോളോടു പറയുന്നു:

'കേ.പി.യും കമ്മ്യൂണിസ്റ്റായ് ചാത്തമൂട്ടുമാറില്ലേ?’
ഓപ്പോളു ചോദിക്കുന്നു; വാസ്തവം പറയാം ഞാൻ.
കേ.പി.ക്കില്ലിക്കാര്യത്തിലില്ലെന്നോളം കമ്മ്യൂണിസം, മൂപ്പർക്കാപ്രേതത്തിനെപ്പേടിയുണ്ടാവാമിന്നും.

ഒടുവിൽ തെരുവിലലയുന്ന ഒരമ്മക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് കമ്യൂണിസ്റ്റുചാത്തമൂട്ടുകയാണ് കവി.ആചാരാനുഷ്ഠാനങ്ങളിലൂന്നിയ വ്യവസ്ഥാപിത ജീവിതചര്യയെ അട്ടിമറിക്കാൻ പോന്നതാണ് 'കമ്മ്യൂണിസ്റ്റ് ചാത്തം' എന്ന പ്രയോഗം.

കേരളത്തിലെ കമ്യൂണിസ്റ്റ് ജീവിതത്തിലെ വികാരതീവ്രമായ ഇത്തരം അപൂർവ്വനിമിഷങ്ങൾ ഒട്ടേറെ ഈ കവിതകൾ പിടിച്ചെടുത്തിട്ടുണ്ട്. ചിലത് വ്യക്തിപരമെങ്കിലും പലതും സാമൂഹികമാണ്. ഒളിവിൽ കഴിയുന്ന കാലത്ത് ഏ.കെ.ജി, വള്ളുവനാട്ടിലെ പാർട്ടി റാലിയിൽ പ്രത്യക്ഷപ്പെടുന്ന നാടകീയ നിമിഷം, കോരിത്തരിപ്പിക്കുന്ന രംഗം, പിടിച്ചെടുത്ത കവിതയാണ് പിടികൊടുത്തപ്പോൾ.

'വേട്ടയാടിയാലെന്നെക്കിട്ടില്ലി,ന്നാട്ടാരുടെ
കോട്ടയിൽക്കടക്കുവാനശക്തം സാമ്രാജ്യത്വം. ഇത്തിരഞ്ഞെടുപ്പിൽ ഞാൻ നില്ക്കണം, നാട്ടാരുടെ-
യിച്ഛയാ,ണതിന്നായി വന്നിരിക്കയാണിപ്പോൾ.
വെയ്ക്കട്ടേ വിലങ്ങെന്റെ കൈകളിൽ മറുനാടൻ
സർക്കാരിൻ നിയമങ്ങൾ,കൂസലില്ലെനിക്കൊട്ടും
എന്റെ നാട്ടുകാരെന്നെയൊന്നിച്ചു മോചിപ്പിക്കു-
മെന്നെനിക്കുറപ്പുണ്ട്; വിപ്ലവം വെൽവൂതാക!’

ഒരു രാഷ്ട്രീയ നേതാവിൻ്റെ പ്രസംഗം ഇത്രമാത്രം ജീവസ്സോടെയും ആവേശത്തോടെയും മലയാളകവിതയിൽ മറ്റെങ്ങും പതിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. മാനുഷികമായ ഏതനുഭവത്തിനും കാവ്യാത്മകമാകാനാവും എന്ന് ഇതുപോലുള്ള കവിതകൾ തെളിയിക്കുന്നു. ചെറുകാടിൻ്റെ കവിതയിലെ രാഷ്ട്രീയം ആശയചർച്ചയോ ബൗദ്ധികവ്യാപാരമോ അല്ല.നിത്യജീവിതാനുഭവബോധ്യങ്ങളെ വൈകാരികമാക്കി, ആ വൈകാരികതയാൽ മനുഷ്യജീവിതത്തെ അടിമുടി അന്തസ്സുള്ളതാക്കാൻ പോന്ന കലയുടെ പേരാകുന്നു രാഷ്ട്രീയം. അതിൻ്റെ പര്യായമാകുന്നു,കവിത.

6

പഴയ മൂല്യങ്ങൾ തകർന്നടിഞ്ഞ് പുതിയ ജനാധിപത്യമൂല്യങ്ങൾ രൂപം കൊള്ളുന്ന കാലത്തിൻ്റെ ചലനാത്മകതയാൽ ഇളകിമറിയുന്ന കവിതയായിട്ടും ചെറുകാടിൻ്റെ കവിതയെ പിൽക്കാല വായനക്കാർ വേണ്ടത്ര ഗൗരവത്തോടെ ഉൾക്കൊള്ളുകയുണ്ടായില്ല. ആശയപരതയാണ് അനുഭവപരതയല്ല നമ്മുടെ കവിതയെ എന്നും നയിച്ചത് എന്നതുകൊണ്ടാവാമത് എന്നു ഞാൻ കരുതുന്നു. ആത്മീയത പോലും ചെറുകാട് എഴുതുമ്പോൾ മനുഷ്യൻ്റെ പ്രാഥമികാനുഭവങ്ങളോടു ചേർന്നേ നിൽക്കൂ. അച്ഛനെവിടെ എന്ന ഒരു കവിതയുണ്ട്. ചെറുകാടിൻ്റെ കവിതയിൽ ദുർലഭമായി മാത്രം കാണാനാവുന്ന ആത്മീയാന്വേഷണത്തിൻ്റെ തിളക്കമുള്ള ഒരു ചെറുകവിതയാണത്. ആ കവിതയിൽ പോലും ആത്മീയതക്കപ്പുറം തെളിയുന്നത് ഫ്യൂഡൽ കാലത്തിൻ്റെ പിതൃ- പുത്ര ബന്ധമാണ്. മറഞ്ഞിരിക്കുന്ന അച്ഛനെ കാണാൻ വെമ്പുന്ന കുഞ്ഞ് ആത്മീയോന്നതിയിലേക്കു ചൂണ്ടുമ്പോൾ ചൂണ്ടുന്നത് ഫ്യൂഡൽ ജീവിതമുണ്ടാക്കിയ അനാഥത്വങ്ങളിലേക്കു കൂടിയാണ്.

ഐക്യകേരളം രൂപം കൊണ്ട കാലത്തെ രാഷ്ട്രീയ സാമൂഹ്യ സന്ദർഭങ്ങൾ മിഴിവോടെ പകർത്തിയ കവിതയാണു ചെറുകാടിൻ്റേത്. കാർഷികകേരളം ഇവിടെ ഇരമ്പിത്തുടിക്കുന്നത് ഇന്നും കേൾക്കാം. ഇന്ത്യ- പാക് വിഭജനം വടക്കേ ഇന്ത്യയിൽ വലിയ കലാപങ്ങൾ അഴിച്ചു വിട്ട കാലത്ത് കൃഷിക്കും കർഷകനുമാണ് മുറിവുണക്കാൻ കഴിയുക എന്ന പ്രത്യാശ ചെറുകാടിൻ്റെ കവിത നമുക്കു തന്നു.

നാഴിയരിയുരിയുപ്പുഴയ്‌ക്കെണ്ണ, തീ,
യാഴക്കുപാൽ, തെല്ലു പഞ്ചാരയിങ്ങിനെ
നാൾതോറുമുള്ളതന്യോന്യം സഹായിച്ചു
നാൾ കഴിച്ചീടുന്നു കണ്ടുവും കാതരും.
കുന്നിൻപുറത്തെത്തരിശു മുഴുവനും
ഒന്നിച്ചുനിന്നു വിളനിലമാക്കുവോർ

മനുഷ്യനു ജീവിക്കാൻ വേണ്ട മണ്ണിനു വേണ്ടി ശബ്ദമുയർത്തുന്ന കവിത. പുതുതായി പിറന്ന ജനാധിപത്യകാലത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ അതു മുന്നോട്ടുവെച്ചു. തുടരുന്ന അധികാരാസക്തിയെക്കുറിച്ചും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെക്കുറിച്ചും കൈക്കൂലിയും അഴിമതിയും ജനജീവിതത്തെ അടിമുടി ബാധിക്കുന്നതിനെക്കുറിച്ചും വർഗ്ഗീയത പടരുന്നതിനെക്കുറിച്ചും മുന്നറിയിപ്പുകൾ നൽകി. ആ നിലക്ക് ഫ്യൂഡൽ- കൊളോണിയൽ കാലത്തിൻ്റെ തിന്മകൾക്കെതിരെ പൊരുതിയ കവിതയായിരിക്കുമ്പോൾ തന്നെ ഭാവികേരളത്തിൻ്റെ ദുഷിപ്പുകൾ പ്രവചിച്ച കവിത കൂടിയാണിത് എന്നു സമ്മതിക്കേണ്ടിവരും. പണി കഴിച്ചു എന്ന തുള്ളലിൽ മുസ്ലീംലീഗുകാരൻ കമ്മു മൊല്ലാക്ക നടത്തുന്ന ഒരു പ്രവചനമുണ്ട്:

പള്ളികൾ പൊളിക്കുംപോൽ
കോൺഗ്രസ്സു ഭരിക്കുമ്പോൾ

1940 കളിലാണ് ഈ പ്രവചനം എന്നോർക്കണം.ഭാവിയെക്കുറിച്ചുള്ള ഈ ഭീതി ദശാബ്ദങ്ങൾക്കു ശേഷം ഇന്ത്യയിൽ യാഥാർത്ഥ്യമായി. ഗോവധാനന്തരലഹളകളെക്കുറിച്ച് അന്ന് കവി പങ്കിട്ട ഉൽക്കണ്ഠ അതേ തീവ്രതയിൽ ഭീതിയായി നമുക്കുള്ളിലിന്നുണ്ട്. 

ഇത്രയും സമഗ്രമായി കാലചൈതന്യത്തെ ആവിഷ്ക്കരിക്കാൻ ഏകമുഖമായ ഒരു കാവ്യഭാഷ മതിയാവുകയില്ല. പല പല കാവ്യരൂപങ്ങൾ ചെറുകാട് പ്രയോജനപ്പെടുത്തി. പുന്നപ്ര- വയലാർ സമരത്തെ അനുസ്മരിക്കുന്ന കവിത ഒരു താരാട്ടിൻ്റെ രൂപത്തിലാണ് ചെറുകാട് എഴുതിയത്. ജപ്പാൻ്റെ അധിനിവേശ പശ്ചാത്തലത്തിലെഴുതിയ കവിത കുട്ടികൾ കളിക്കുന്ന കളിപ്പാട്ടിൻ്റെ മട്ടിലും. തുള്ളൽ പുതിയ കാലത്ത് എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് മുകളിൽ വിശദീകരിച്ചു. അതുപോലെ ഫ്യൂഡൽ കാലത്തിൻ്റെ കലയായ പാഠകത്തിൻ്റെ രൂപം പോലും ചെറുകാട് ജനാധിപത്യകാലത്തിലേക്കു മാറ്റി പരീക്ഷിക്കുന്നു. കാവ്യരൂപം ഏതായാലും സംസ്കൃതക്കൊഴുപ്പുള്ള മലയാളമല്ല, നിത്യജീവിതത്തിൽ 20-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ ഒരു സാധാരണ മലയാളി പ്രയോഗിച്ചു പോന്ന മലയാളമൊഴിയിലാണ് അദ്ദേഹം എഴുതിയത്. ധൂർത്തടിക്കുക എന്നതിനു പകരം ചെറുകാട് എഴുതുക പൂവിളിക്കുക എന്നാവും. നടാടെ എന്ന അർത്ഥത്തിൽ ചെറുകാട് പ്രയോഗിക്കുക പുത്തിരിക്കയ്യ് എന്നുമാവും. ചെറുകാട് ഉയർത്തിക്കാണിച്ച കാർഷികകേരളത്തിൻ്റെ നാട്ടുമൊഴിയിലാണ് അദ്ദേഹം തൻ്റെ കവിതകൾ എഴുതിയത്. ബിംബകല്പനകൾ അവിടവിടെ പ്രയോഗിക്കുമ്പോൾപോലും ചെറുകാടിൻ്റെ കാവ്യഭാഷയെ ബിംബാത്മകം എന്നു തികച്ചും വിശേഷിപ്പിക്കാനാവില്ല. മറിച്ച് ഗദ്യത്തോടടുത്ത വാമൊഴിപ്പദ്യത്തിലെഴുതിയ പ്ലെയിൻ പോയട്രിയാണ് ഇവ. ആലങ്കാരികമല്ലാത്ത ഈ പ്ലെയിൻ പോയട്രിയുടെ ശൈലി പിന്നീട് ആറ്റൂരിനെപ്പോലെയും അയ്യപ്പപ്പണിക്കരെയും പോലുള്ള ആധുനിക കവികളിൽ തുടരുന്നുണ്ട്.

ചെറുകാടിൻ്റെ കവിത വീക്ഷണപരമായും ഭാഷാപരമായും പിൽക്കാല മലയാള കവിതയെ എങ്ങനെ സ്വാധീനിച്ചു എന്നതിൻ്റെ ചില സൂചനകൾ ഈ ലേഖനത്തിൻ്റെ പല ഭാഗങ്ങളിലായി വിന്യസിക്കുകയുണ്ടായി. ആ സൂചനകൾ സമഗ്രമായെടുത്താൽ ഇങ്ങനെ ചില കാവ്യവഴികൾ തെളിഞ്ഞു കിട്ടും:

1 തുള്ളൽ: മുത്തമിഴ് -> കുഞ്ചൻ നമ്പ്യാർ -> ചെറുകാട് -> 1950-60 കാലത്ത് ആറ്റൂർ ഉൾപ്പെടെ പല കവികൾ

2 ഹാസ്യകവിത: തോലൻ -> കുഞ്ചൻ നമ്പ്യാർ -> സഞ്ജയൻ -> ചെറുകാട് -> അയ്യപ്പപ്പണിക്കർ

3 മൊഴി, വീക്ഷണം: ചെറുകാട് -> എം.ഗോവിന്ദൻ -> ആറ്റൂർ രവിവർമ്മ

4 പ്രണയ സങ്കല്പം : വള്ളത്തോൾ -> ചെറുകാട് -> വിഷ്ണുനാരായണൻ നമ്പൂതിരി

ഈ ധാരകളിലെല്ലാം ചെറുകാടിൻ്റെ കവിതയുണ്ട് എന്നതാണ് പ്രധാനം. ഇങ്ങനെ കവി എന്ന നിലയിൽ മലയാളസാഹിത്യത്തെ ആഴത്തിൽ സ്വാധീനിച്ച നോവലിസ്റ്റും നാടകകൃത്തുമായ മറ്റൊരെഴുത്തുകാരൻ മലയാളത്തിലില്ല എന്നതും ചെറുകാടിൻ്റെ അപൂർവ്വത തന്നെ. മണ്ണിൻ്റെയും മനുഷ്യൻ്റെയും അന്തസ്സ് ഒരുപടികൂടി ഉയർത്താൻ ചെറുകാടിൻ്റെ സാഹിത്യത്തിലൂടെ മലയാള ഭാഷക്ക് കഴിഞ്ഞിരിക്കുന്നു. ആ സാഹിത്യം സമഗ്രമാകുന്നത് ഈ കവിതകൾ കൂടി ചേരുമ്പോഴാണ്.