Sunday, January 15, 2023

വഴി കണ്ടുപിടിക്കാമോ?

വഴി കണ്ടുപിടിക്കാമോ?


ഒളിച്ചിരിക്കുന്നയാളെ കണ്ടെത്താമോ

ചോദിക്കുന്നു, 

കുട്ടിക്കാലത്തെ ബാലരമച്ചിത്രം 


അക്കാലം മുതൽ

ഒളിച്ചിരിക്കുന്നുണ്ടൊരാൾ

ഞങ്ങളുടെ കുടുംബത്തിൽ


ഭരണിക്കുള്ളിൽ

ഉപ്പിലിട്ടുവെച്ച മട്ടിൽ.


ആരെയോ ചതിച്ച്

എന്തോ തകർത്ത്

വൻ ബാദ്ധ്യത വരുത്തി

വന്നിരിപ്പാണോ?


കുടുംബസംഗമത്തിനു പോയപ്പോൾ

കുടുംബത്തിലെ പ്രശസ്തരുടെ

പെരുമ കൊണ്ടായിരുന്നു

പന്തലിന്റെ പുറം ചമയങ്ങൾ.

അവിടെ നിന്ന്

ഓരോരുത്തരേയും കണ്ടു

ലോഹ്യം പറഞ്ഞു ലോഹ്യം പറഞ്ഞു

വകഞ്ഞുമാറ്റി വകഞ്ഞു മാറ്റി

വഴിയുണ്ടാക്കി

കടന്നുകടന്നുചെന്ന്

ഞാനവനെക്കാണുന്നതിനു

വളരെയടുത്തെത്തി കാണാതെ

ക്ഷീണിച്ചവശനായ് തിരിച്ചു പോന്നു.


ഗ്രൂപ്പ് ഫോട്ടോക്കു നിൽക്കുമ്പോൾ

പെട്ടെന്നു ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു:

"അവൻ

മനുഷ്യക്കോലത്തിലാവണമെന്നില്ല

അല്ലേ?"


എന്റെ ചോദ്യം കേട്ടിട്ടാവണം,

ഫോട്ടോയിൽ

എല്ലാവരും ചിരിക്കുന്നു.

ഒരു കൈക്കുഞ്ഞു മാത്രം

മുഖം പിളുത്തിക്കരയുന്നു.


ഒളിച്ചിരിക്കുന്നയാളെ കണ്ടെത്താമോ?

വെല്ലുവിളിച്ചേക്കും

രവിവർമ്മച്ചിത്രവും.


Wednesday, January 11, 2023

പ്ലാറ്റ്ഫോം കവിത - ഫിലിപ് ഹോഡ്ജിൻസ് (ഓസ്ട്രേലിയ, 1959 - 1995)

 പ്ലാറ്റ്ഫോം കവിത


- ഫിലിപ് ഹോഡ്ജിൻസ് (ഓസ്ട്രേലിയ, 1959 - 1995)



ഒരു മനുഷ്യനൊറ്റക്കു നിൽക്കുന്നു

ഒരു റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ

തന്റെ സ്വന്തം ഉടൽമണത്താൽ ഒറ്റപ്പെട്ട്.

സൂര്യൻ താഴുന്നു.


അയാളുടെ നിഴൽ അയാളേക്കാൾ വലുത്.

കാറ്റ് അയാളിലേക്ക് ഇടകയറുന്നു.

ഒരു തീവണ്ടി വരുന്നു.

അതിന്റെ നിഴൽ 

അയാളുടെ നിഴലിനെ മായ്ക്കുന്നു.


അതിന്റെ മണം 

അയാളുടെ കാലുറകളുടെയും

കക്ഷത്തിന്റെയും മണം മായ്ക്കുന്നു.

തീവണ്ടി ശ്വാസം പിടിച്ചു കൂക്കിയാർത്ത്

നഗരത്തിനു പുറത്തേക്കുരുണ്ടകലുന്നു.

രണ്ടു കവിതകൾ - ലൾജെറ്റ ലെഷനക്യു (അൽബേനിയ, ജനനം : 1968)

 രണ്ടു കവിതകൾ

- ലൾജെറ്റ ലെഷനക്യു (അൽബേനിയ, ജനനം : 1968)


1. നമ്മുടെ വാക്കുകൾക്ക് വയസ്സാകുന്നു.


നമ്മുടെ വസ്‌ത്രങ്ങൾ പിന്നിപ്പോകുന്നു

ഷൂസുകൾക്കു തുള വീഴുന്നു

ഭാഷണത്തിനു വയസ്സാകുന്നു.


തമ്മിൽ കണ്ണുകളിലേക്കു നാം നോക്കുന്നു

തണുത്ത ഭക്ഷണം വിഴുങ്ങുന്നു

വല്ലപ്പോഴുമൊരിക്കൽ ഒരു വാക്ക്

വായുവിൽ വിറ കൊള്ളുന്നു

തലയറുത്ത ഒരു പക്ഷിയുടെ

ചിറകുകൾ പോലെ.


2. ദ്വീപ്


നീയും ഞാനും

ഒരു ദ്വീപിൽ ജീവിക്കുന്നു.

ട്രാഫിക്ക് വിളക്കുകളും ആൾക്കൂട്ടങ്ങളുമുള്ള

നഗരങ്ങളിൽ നിന്നകലെ 


പുറത്തു നാം കേൾക്കുന്നു

ഓടത്തണ്ടുകളുടെ മർമ്മരം

കാറ്റ് പല്ലില്ലാവായ കൊണ്ട്

തിരകളിലൂതി പ്രലോഭിപ്പിക്കുമിടത്ത്.


കെട്ടിയിട്ടൊരു ബോട്ട്

തീരത്ത്.

ഉപേക്ഷിക്കപ്പെട്ടത്.

മഴയിൽ ചീയുന്നൊരു ബോട്ട്.


വീട്ടിലേക്കു തുഴഞ്ഞെത്താൻ

നമുക്കൊരിക്കലും

അതുപയോഗിക്കാനാവില്ല

എന്ന മട്ടിൽ.

Saturday, December 31, 2022

പൂമ്പാറ്റകൾ - നകുലൻ (1922-2007)

 

പൂമ്പാറ്റകൾ
നകുലൻ (1922-2007)

ഉണ്ണൂലിപ്പിള്ളക്കു കണ്ണു ദീനം
കേശവമാധവൻ നാട്ടിലില്ല. ശിവനെപ്പറ്റി ഒരു വിവരവുമില്ല. നവീനൻ ആഗ്രഹിച്ച പോലെത്തന്നെ അവൻ മരിച്ചപ്പോൾ അവന്റെ നാട്ടിലെ ഉറ്റച്ചങ്ങാതിമാർ നീളത്തിലൊരു കുഴികുത്തി അവനെ അതിൽ തലകീഴായി നിറുത്തി അടക്കം ചെയ്തു. എങ്ങും സമാധാനം പരന്നിരിക്കുന്നു. വെയിലിൽ പൂമ്പാറ്റകൾ പറന്നുകൊണ്ടിരിക്കുന്നു.

അവസാനത്തെ അത്താഴം - വിറ്റ് ഗ്രിഫിൻ (യു.എസ്.എ)

 അവസാനത്തെ അത്താഴം

വിറ്റ് ഗ്രിഫിൻ (യു.എസ്.എ)


"ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ

പോർച്ചിൽ നിന്ന്

ആ സ്ത്രീയുടെ ബോഡി കിട്ടി"

ബുക്സ്റ്റോറിന്റെ രണ്ടാം നിലയിൽ നിൽക്കേ

മേരി എന്നോടു പറഞ്ഞു.


"അത്താഴമൊരുക്കുന്നതിനിടയിലാണ്

ചേരുവകളിലൊന്ന് ഇല്ല എന്ന്

ആ സ്ത്രീ അറിഞ്ഞത്.

അതു വാങ്ങാൻ കടയിൽ പോകുന്ന വഴിക്കാണ്

അവളെ കാണാതായത് "


പത്രവാർത്ത

എനിക്കു വായിച്ചു തരുന്നതിനിടെ

മേരി വിതുമ്പാൻ തുടങ്ങി:

"എന്താണ് ആ സ്ത്രീ

പാകം ചെയ്തു കൊണ്ടിരുന്നത്

എന്നറിഞ്ഞാൽ മതി, എനിക്ക്.

അവൾക്കു വേണ്ടി അതു മുഴുമിക്കാൻ

ഞാനാഗ്രഹിക്കുന്നു"


അവർ എങ്ങനെ സ്വയം കണ്ടു? ഡെൻവർ ബട്സൺ (യു.എസ്.എ)

 അവർ എങ്ങനെ സ്വയം കണ്ടു?

ഡെൻവർ ബട്സൺ (യു.എസ്.എ)



അവൾ പറഞ്ഞു:

ഒന്നിച്ചു കൂടി നിൽക്കുന്ന

വലിയ ജനക്കൂട്ടത്തിൽ

ദാ, ആ നിൽക്കുന്നത്

ഞാനാണെന്നു തന്നെ തോന്നുന്നു.


അയാൾ പറഞ്ഞു:

സംഗീതക്കച്ചേരിക്കെത്തിയ കാണികൾക്കിടയിൽ

ശ്രദ്ധിക്കൂ,

കൊട്ടുന്ന ആ കൈകൾ എന്റേതാണ്


അവൾ പറഞ്ഞു:

ഉയരക്കെട്ടിട മുകളിലേറി

ഒറ്റ ഫ്ലാഷിൽ

നഗരഫോട്ടോ ഞാനെടുക്കും.


അയാൾ പറഞ്ഞു:

അവിടെ

ഇരുട്ടിലെവിടെയോ നിന്ന്

കൈവീശിക്കാണിക്കുന്നത്

ഞാനായിരിക്കും

Monday, December 19, 2022

പരിഭാഷ - ഗാരി കാറ്റലാനോ (ഓസ്ട്രേലിയ, 1947 - 2002)

 

പരിഭാഷ

ഗാരി കാറ്റലാനോ (ഓസ്ട്രേലിയ, 1947 - 2002)

ഒരാളെപ്പോലും അവിടെ കാണാനില്ല. എന്നിട്ടും ആ മരനിരക്കു പിന്നിൽ ആരോ ഉണ്ടെന്നു തന്നെ നിങ്ങൾ തീരുമാനിക്കുന്നു, ആ ഭാഗത്തു നിന്നു വരുന്ന ശബ്ദം കേൾക്കുമ്പോൾ. ദാഹിച്ചു വലഞ്ഞൊരു നായ പാത്രത്തിൽ നിന്നു വെള്ളം നക്കിക്കുടിക്കുന്ന ശബ്ദം. അതു ഭദ്രമായി പരിഭാഷപ്പെടുത്താൻ കഴിയുമെന്നു നിങ്ങൾക്കറിയാം : നീല ലോഹപ്പാതമേൽ പതിയെ നടന്നു പോകുന്ന കുതിര.