രണ്ടു കവിതകൾ
- ലൾജെറ്റ ലെഷനക്യു (അൽബേനിയ, ജനനം : 1968)
1. നമ്മുടെ വാക്കുകൾക്ക് വയസ്സാകുന്നു.
നമ്മുടെ വസ്‌ത്രങ്ങൾ പിന്നിപ്പോകുന്നു
ഷൂസുകൾക്കു തുള വീഴുന്നു
ഭാഷണത്തിനു വയസ്സാകുന്നു.
തമ്മിൽ കണ്ണുകളിലേക്കു നാം നോക്കുന്നു
തണുത്ത ഭക്ഷണം വിഴുങ്ങുന്നു
വല്ലപ്പോഴുമൊരിക്കൽ ഒരു വാക്ക്
വായുവിൽ വിറ കൊള്ളുന്നു
തലയറുത്ത ഒരു പക്ഷിയുടെ
ചിറകുകൾ പോലെ.
2. ദ്വീപ്
നീയും ഞാനും
ഒരു ദ്വീപിൽ ജീവിക്കുന്നു.
ട്രാഫിക്ക് വിളക്കുകളും ആൾക്കൂട്ടങ്ങളുമുള്ള
നഗരങ്ങളിൽ നിന്നകലെ
പുറത്തു നാം കേൾക്കുന്നു
ഓടത്തണ്ടുകളുടെ മർമ്മരം
കാറ്റ് പല്ലില്ലാവായ കൊണ്ട്
തിരകളിലൂതി പ്രലോഭിപ്പിക്കുമിടത്ത്.
കെട്ടിയിട്ടൊരു ബോട്ട്
തീരത്ത്.
ഉപേക്ഷിക്കപ്പെട്ടത്.
മഴയിൽ ചീയുന്നൊരു ബോട്ട്.
വീട്ടിലേക്കു തുഴഞ്ഞെത്താൻ
നമുക്കൊരിക്കലും
അതുപയോഗിക്കാനാവില്ല
എന്ന മട്ടിൽ.
No comments:
Post a Comment