വഴി കണ്ടുപിടിക്കാമോ?
ഒളിച്ചിരിക്കുന്നയാളെ കണ്ടെത്താമോ
ചോദിക്കുന്നു,
കുട്ടിക്കാലത്തെ ബാലരമച്ചിത്രം
അക്കാലം മുതൽ
ഒളിച്ചിരിക്കുന്നുണ്ടൊരാൾ
ഞങ്ങളുടെ കുടുംബത്തിൽ
ഭരണിക്കുള്ളിൽ
ഉപ്പിലിട്ടുവെച്ച മട്ടിൽ.
ആരെയോ ചതിച്ച്
എന്തോ തകർത്ത്
വൻ ബാദ്ധ്യത വരുത്തി
വന്നിരിപ്പാണോ?
കുടുംബസംഗമത്തിനു പോയപ്പോൾ
കുടുംബത്തിലെ പ്രശസ്തരുടെ
പെരുമ കൊണ്ടായിരുന്നു
പന്തലിന്റെ പുറം ചമയങ്ങൾ.
അവിടെ നിന്ന്
ഓരോരുത്തരേയും കണ്ടു
ലോഹ്യം പറഞ്ഞു ലോഹ്യം പറഞ്ഞു
വകഞ്ഞുമാറ്റി വകഞ്ഞു മാറ്റി
വഴിയുണ്ടാക്കി
കടന്നുകടന്നുചെന്ന്
ഞാനവനെക്കാണുന്നതിനു
വളരെയടുത്തെത്തി കാണാതെ
ക്ഷീണിച്ചവശനായ് തിരിച്ചു പോന്നു.
ഗ്രൂപ്പ് ഫോട്ടോക്കു നിൽക്കുമ്പോൾ
പെട്ടെന്നു ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു:
"അവൻ
മനുഷ്യക്കോലത്തിലാവണമെന്നില്ല
അല്ലേ?"
എന്റെ ചോദ്യം കേട്ടിട്ടാവണം,
ഫോട്ടോയിൽ
എല്ലാവരും ചിരിക്കുന്നു.
ഒരു കൈക്കുഞ്ഞു മാത്രം
മുഖം പിളുത്തിക്കരയുന്നു.
ഒളിച്ചിരിക്കുന്നയാളെ കണ്ടെത്താമോ?
വെല്ലുവിളിച്ചേക്കും
രവിവർമ്മച്ചിത്രവും.
No comments:
Post a Comment