Wednesday, June 17, 2020

ദേവദേവൻ കവിതകൾ (തമിഴ്)

1
തെങ്ങുകളും പനകളും

എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികേ ഇടം കിട്ടിയതിനാൽ
നെട്ടനെ വളർന്നുപൊങ്ങി, ഇവൾ.
അല്പം വളഞ്ഞ് ചന്തം കാട്ടി നിൽക്കുന്നു.
എപ്പോഴും
അപ്പോൾ കുളിച്ചു വന്നവളെപ്പോലെ
വിരിച്ചിട്ട
നീളമേറിയ മുടിയിഴകൾ കാറ്റിൽ കോതിയപടി
മാനത്തു പറത്തി നിൽക്കുന്നു.
മുല മുലയായ് കായ്ച്ചു കായ്ച്ച്
തന്റെ കാമുകനെ നോക്കി കണ്ണടിച്ച്
മേനിയഴകോടവൾ നിൽക്കുന്നു.

എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികെ ജീവിക്കാനാവാതെ
തുരത്തപ്പെട്ടതിനാൽ
ഊഷരഭൂമിയിൽ പോയി നിന്നു, ഇവൾ.
പിടിവാശിയോടെ കറു കറുത്തു വളർന്നു.
ഉടലിലെമ്പാടും പരുക്കൻ പാടുകളുമായ്
കറുത്ത കൽത്തൂണായ്
കൂർത്തു കൂർത്തു നിൽക്കുന്ന തലമുടിയോടെ
കടുപ്പം പൂണ്ടവളൾ നിവർന്നു പൊങ്ങി.
ഇവൾക്കുമുണ്ട് പ്രണയം
ആ പ്രണയം.....




2
മഹാകാര്യം മഹാകാവ്യം


മഴ പെയ്തു
നീല വിളഞ്ഞ
വിണ്ണിൻ കീഴേ
മഴ പെയ്തു
പച്ച വിരിഞ്ഞ
മണ്ണിൻമേലേ
പുള്ളിപ്പുള്ളി
രക്തത്തുള്ളികളായ്
ധൃതിയിൽ മിന്നുന്നൂ
പൂമ്പാറ്റകൾ
എവിടെയോ ഏതോ
ഒരു സൗന്ദര്യ ശാസ്ത്ര പ്രശ്നം
തിരക്കിട്ടു തീർക്കാനായി.




3
കരിമ്പുള്ളി


മനുഷ്യൻ്റെ മുഖത്തൊരു
കരിമ്പുള്ളി വന്നതെന്ത്?

ജീവൻ്റെയാനന്ദമായ്
വിരിഞ്ഞാടിക്കൊണ്ടിരിക്കും
കുഞ്ഞിനറിയില്ല
തൻ പട്ടു കവിളത്ത്
അമ്മ കുത്തിയ
കറുത്ത പൊട്ടെന്തിനെന്ന്?

അറിഞ്ഞിട്ടുമറിയാത്തവളായ്
അവനോടു സന്തോഷിച്ചു
ചിരിക്കുന്നതെന്തവൻ്റെ
ചെറുപ്പക്കാരിയാം അമ്മ!




4
അതുവരെയുമില്ലാത്ത കരുതൽ


അതുവരെയുമില്ലാത്ത
കരുതലോടെ
ശ്രദ്ധിച്ചു കൊണ്ടുനടക്കുന്നു
വഴിയേ പോകുന്ന കൊച്ചുകുട്ടിയെ
അതിനേക്കാൾ അല്പം വലിയ കുട്ടി.




5
രാധേ


രാധേ! നിൻ പൗർണ്ണമിയുടലിൻ
പ്രകൃതിപ്പരപ്പുകളിൽ
ആടുമേയ്ക്കും പയ്യൻ ഞാൻ.

നോക്കൂ രാധേ!
ഈ ആൽമരത്തണലും കുളവും ഞാനുമല്ലേ
ചുട്ടെരിക്കുന്ന വേനൽപ്പകലിനെ
നിലാവെളിച്ചമായ് മാറ്റിക്കൊണ്ടിരിക്കുന്നത്!

എൻ്റെ പുല്ലാങ്കുഴൽപ്പാട്ടിന്നമൃതിനു വേണ്ടി
എൻ മുഴങ്കാലിൽ കവിൾ ചേർത്ത്
എന്നെത്തന്നെയുറ്റുനോക്കിയിരിക്കും
പ്രേമ സൗന്ദര്യമേ, രാധേ!
എപ്പോഴും സ്വന്തമഴകിനെപ്പറ്റിത്തന്നെ
വർണ്ണിക്കുന്നതു കേട്ടു സന്തോഷിക്കും
നിന്നാത്മപ്രേമത്തിൻ
കളിപ്പാവ മാത്രമല്ലേ ഞാൻ,
എൻ്റെ പ്രണയമേ!




6
ആ കൈ


പ്രാണൻ നടുങ്ങുന്ന വേദനയിൽ
ഹൃദയം അലറുമ്പോൾ
എൻ്റെ പുണ്ണുകൾ കഴുകി മരുന്നിടുന്ന
ഒരു കരസ്പർശത്തിൽ
ഞാൻ പിറന്നു.
ജന്മം മുഴുക്കേ അതു തേടിയലഞ്ഞ്
രോഗിയുമായി.

ഒടുക്കം മരണക്കിടക്കയിൽ
വീണ്ടും ആ കൈ
എന്നെ സ്പർശിക്കുന്നതറിഞ്ഞു.
ചക്രശ്വാസങ്ങൾക്കു മീതേ
അമൃതമഴ പെയ്തു.

എൻ്റെ യാത്ര ഒടുങ്ങിയത്
അപ്പോഴാണ്.
എന്നാലും അവസാനിച്ചതേയില്ല
ആറാത്ത പുണ്ണും അമൃതമഴയും.




7
പുൽമേട്ടിൽ ഒരു കല്ല്.


പുൽമേട്ടിൽ ചെറുകുരുവി
വന്നിറങ്ങിത്തത്തിയ കാഴ്ച
മാഞ്ഞ്
പുൽമേട്ടിലൊരു കല്ല്, ഇപ്പോൾ.
മനുഷ്യച്ചെറുക്കനൊരുത്തൻ
ആ പക്ഷിയെ നോക്കി
എറിഞ്ഞ കല്ലായിരിക്കാം, അത്.

ഇപ്പോൾ പുൽമേടിൻ ഹൃദയം
തുടി തുടിക്കുന്നു.
കൂടുതൽ ശാന്തതയാൽ
കൂടുതൽ അഴകാൽ.




8
സ്കേറ്റിങ്


പോകുന്നേ പോകുന്നേ പോകുന്നേ
മേലേ മേലേ മേലേ
ഒറ്റക്കാൽ സത്യത്തിൽ
മറ്റേക്കാൽ മായയിൽ
വിചിത്രവാഹനത്തിലൊന്നിലേറി ഞാൻ
പോകുന്നേ പോകുന്നേ പോകുന്നേ
അറ്റമില്ലാ അറ്റമില്ലാ അറ്റമില്ലാപ്പാത
എത്തുന്നേ എത്തുന്നേ എത്തുന്നേ മറുവശം.




9
ചോല


മരുക്കാട്ടിൽ യാത്ര ചെയ്യുന്നവന്
കൈവശമുള്ള നീർക്കലം തന്നെ
ചോല.





10
യേശുവും സമരിയാക്കാരിയും


നീണ്ട യാത്രാവരൾമണ്ണിൽ
വറുത്തെടുക്കും വെയിലണിഞ്ഞ്
ദാഹിച്ചു വലഞ്ഞ ഉടലുമായി
ഇറങ്ങിക്കുടിക്കാൻ പ്രയാസമായ
ആഴക്കിണറ്റിനരികേ വന്നയാൾ
കണ്ടു,

ദൂരത്തു നിന്ന് കുടങ്ങളും
നീണ്ട കയറുമായി വന്നുകൊണ്ടിരുന്ന
ഒരു പെണ്ണിനെ,
ദേവതയെ!

തീരാത്ത ഈ ദാഹവും ദർശനവുമോ
ഭൂ ജീവിതത്തിൻ്റെ സാരം?

അകലെ വൻനഗരങ്ങളിൽ
മനുഷ്യരെ
നിർത്താതെ ഉന്തിക്കൊണ്ടിരിക്കുന്ന
ആശകളും ഈ ദാഹവും ഒന്നോ?

അത്ഭുതവും തെളിച്ചവും ദുഃഖവും തങ്ങിയ
അവൻ്റെ മുഖമാകുമോ
അവൾക്കവനെ
ദേവദൂതനാക്കിയത്?




11
രാത്രി


പച്ചകൾ കറുക്കുമ്പോൾ
നദി, എൻ രതി,
വൈരമായ് മിന്നിക്കാട്ടും.

സുതാർജി കൽസോം ബക്രി കവിതകൾ (ഇന്തോനേഷ്യ, ജനനം: 1941)

1
മ്യാവ്

ചെളിയും വലിച്ചു നീട്ടിയ എൻ്റെ ശരീരവുമുള്ള നീണ്ടൊരിടവഴി.സ്വന്തം നഖങ്ങളുടെ തോൽവിയറിഞ്ഞൊരു പൂച്ച എലിയൊത്തു കളിക്കുന്നു. ഒരാണും പെണ്ണും പരസ്പരം കടിക്കുന്നു. ഏതാണു പൂച്ച ഏതാണെലി? മ്യാവ്. നീണ്ടൊരിടവഴി.തീരുമാനിക്ക്.ആഫ്രിക്കയെനിക്കറിയാം യൂറോപ്പെനിക്കറിയാം കടലുകളറിയാം കാലമറിയാം വൈദ്യുതിയറിയാം എങ്ങനെ പറക്കണമെന്നെനിക്കറിയാം. എന്നാൽ രണ്ടു പേർ ഏകാന്തതയിൽ പരസ്പരം കടിക്കുമ്പോൾ എനിക്കു തീർച്ചപ്പെടുത്താൻ കഴിയുന്നില്ല, ഏതാനന്ദം, ഏതു മുറിവ്, ഏതു ശൂന്യം, ഏതു സാർത്ഥകം, ഏതു മനുഷ്യൻ, ഏതു കുരങ്ങൻ, ഏതു പാപം, ഏതു സ്വർഗ്ഗം എന്ന്.

- 1973



2
യു.എസ്.എ യിലെ അയോവ സിറ്റിയിലെ ഒരിന്തോനേഷ്യക്കാരൻ ജക്കാർത്തയിലെ ഇന്തോനേഷ്യൻ യുവസുന്ദരിക്കയച്ച പ്രണയ സമ്മാനം.


ചില കാമുകർ 
പൂക്കൾ കൊണ്ടുള്ള സമ്മാനങ്ങളയയക്കുന്നു.
ചില കാമുകർ
ചോര കൊണ്ടുള്ള സമ്മാനങ്ങളയക്കുന്നു.
ചില കാമുകർ
കണ്ണീരുകൊണ്ടുള്ള സമ്മാനങ്ങളയക്കുന്നു.
ഞാനെൻ്റെ ലിംഗം നിനക്കയക്കുന്നു.

അതു നീണ്ടുനീണ്ടു വലുതാവാം.
3'6" ലും നീളമുള്ള പാഴ്സലുകൾക്കെതിരായ
യു.എസ്. തപാൽ നിയമങ്ങൾ അവഗണിച്ച്
പതിമൂവായിരം മൈൽ അതു നീണ്ടു നിവരാം.

എൻ്റെ പെണ്ണേ, എൻ്റെ പൊന്നേ
കരയല്ലേ, സമാധാനപ്പെട്,
ആത്മാവു തുറക്ക്, മനസ്സു തുറക്ക്, നഗ്നയാവ്,
ഐക്യരാഷ്ട്രസഭക്കു പുറത്തുള്ള കൊടിമരങ്ങളെപ്പോലെ പ്രൗഢഗംഭീരമായി
വായുവിലേക്കു കുതിച്ചുയർന്ന്
നിനക്കു സമാധാനം വാഗ്ദാനം ചെയ്ത്
എൻ്റെ സർവശക്തനായ ലിംഗം
നിവർന്നുയർന്നു നിൽക്കുമെന്നു നമുക്കാശിക്കാം
ആമേൻ.

- 1979



3
പ്രാർത്ഥന

മഴുപ്പിതാവേ,
എനിക്കു നീണ്ട കഴുത്തുകളേകൂ
വെട്ടാൻ.
താഴെ കാത്തു നിൽക്കുന്ന കടലിലേക്ക്,
മരണത്തിലേക്ക്,
അവിശ്രമം ചോരയൊഴുകട്ടെ!

- 1979



4
കുടിയന്മാർ

താഴ് വരകളിൽ
കുടിയന്മാർ
കുടിച്ചു പൂസായി നിൽക്കുന്ന 
മലകൾ കേറുന്നു
ചിലപ്പോൾ വഴുക്കുന്നു
വീഴുന്നു.
വീണ്ടും കയറുന്നു.
മലയുടെ നിറുകിൽ നിന്ന്
ചന്ദ്രനെപ്പറിച്ചെടുക്കാൻ
അവർ കൊതിക്കുന്നു.

വിറച്ചുകൊണ്ടവർ പറയുന്നു
"ഞങ്ങളൊരിക്കലും മുങ്ങിച്ചാകില്ല
ചന്ദ്രൻ്റെ വെള്ളത്തിൽ"
പാടുന്നവർ പാടുന്നു
വീഴുന്നു
വീണ്ടുമെണീയ്ക്കുന്നു.

മലയുടെ നെറുകയിൽ നിന്ന്
അവർ മല പറിച്ച് പോക്കറ്റിലിടുന്നു.
അവരോ, ചന്ദ്രൻ്റെ പോക്കറ്റിലും.

മലമോളിൽ
എല്ലാത്തിനുമൊരിടമുണ്ട്.
ഭദ്രമാണെല്ലാം.


Tuesday, June 16, 2020

മെല്ലെ - പി.രാമൻ

മെല്ലെ


ഈ കോൺക്രീറ്റ് മേൽക്കൂരയുടെ
ചൂടാറും വരെ ഞാൻ കാത്തിരിക്കും
ആഴത്തിലൊന്നു ശ്വസിക്കാൻ.

ഹാൻ ദോങ് കവിതകൾ (ചൈന, ജനനം: 1961)

1
കാട്ടുതാറാപ്പെഗോഡ


കാട്ടുതാറാപ്പെഗോഡയെപ്പറ്റി
നമുക്കു ശരിക്കെന്തറിയാം?
ദൂരെ നിന്നു കുറേയാളുകൾ വരുന്നു
കേറാൻ
കേറി, ഹീറോയാകാൻ
ചിലർ പിന്നെയും പിന്നെയും വരുന്നു
സ്വയം തൃപ്തരാവാത്ത മനുഷ്യർ
തടിച്ചുകൊഴുത്തു വളരുന്നവർ
എല്ലാവരും കയറുന്നു
ഹീറോയാകാൻ.
എന്നിട്ടു താഴെയിറങ്ങുന്നു
താഴത്തെ റോഡിലൂടെ നടക്കുന്നു
ഒറ്റക്കണ്ണിമ ചിമ്മലിൽ കാണാതാവുന്നു
ഇരട്ടച്ചങ്കുള്ള ചിലർ താഴേക്കു ചാടും
പടിക്കെട്ടുകളിൽ ചുവന്ന പൂക്കൾ വിരിയും.
ഇതാ, ഇപ്പോൾ ശരിക്കുമൊരു ഹീറോ
നമ്മുടെ കാലത്തിന്റെ ഹീറോ.

കാട്ടുതാറാപ്പെഗോഡയെപ്പറ്റി
ശരിക്കെന്തറിയാം നമുക്ക്?
നാം കയറുന്നു.
ചുറ്റുമുള്ള കാഴ്ചകൾ നോക്കുന്നു.
എന്നിട്ടു താഴെയിറങ്ങുന്നു.
                                   1982


2
മഴ

യാതൊന്നും സംഭവിക്കാതെ പോകുമ്പോൾ
മഴ ഒരു മഹാസംഭവമാകുന്നു.
എന്നാൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോൾ
മഴ പശ്ചാത്തലത്തിലേക്കൊതുങ്ങുന്നു.

ചിലരതിനെയോർക്കുന്നു
ചിലരോർക്കുന്നില്ല.
വർഷങ്ങൾക്കു ശേഷം, 
എല്ലാം ഭൂതത്തിലടങ്ങുമ്പോൾ
മഴ
ഒരിക്കൽ കൂടി നമ്മിലേക്കു മടങ്ങിവരുന്നു.
ഒന്നും സംഭവിക്കാത്ത പോലെ
പെയ്തു തിമിർത്ത്.


3
കാണൂ.

നിന്നെക്കാണുന്നു.
അവനെക്കാണുന്നു.
എന്നാൽ നിങ്ങൾക്കു രണ്ടാൾക്കും
പരസ്പരം കാണാനാവുന്നില്ല.
നടുക്കൊരു മതിൽ.
ഒരു മരം.
അല്ലെങ്കിൽ മഞ്ഞ്.
മതിലിനരികെ ഞാൻ.
മരത്തിനു മുകളിൽ ഞാൻ.
മഞ്ഞുതന്നെയാണു ഞാൻ.

എന്നാൽ നിങ്ങൾക്കു രണ്ടാൾക്കും
ഒരേ സമയം എന്നെക്കാണാൻ കഴിയുന്നു.
നിനക്കെന്നെ കാണാനാവുന്നു.
ഇപ്പോളൊന്നു കാണുന്നു.
എന്നിട്ടടുത്തതിലേക്കു തിരിയുന്നു.
ഞാനാണു മതിൽ.
മരം
മഞ്ഞ്.
എന്തും.
രണ്ടാൾക്കും കാണാവുന്നത്.
മറയ്ക്കാവുന്നത്.

ഒരു പക്ഷിയുടെ
രണ്ടു പാർശ്വങ്ങൾ
എൻ്റെ ഇടം കണ്ണ്
വലംകണ്ണിൽ നിന്നു വേർപെടുന്നു.
നിന്നെ കാണുന്നു.
അവനെ കാണുന്നു.
നിങ്ങൾ രണ്ടു പേർക്കും മാത്രം
തമ്മിൽ കാണാനാവുന്നില്ല.

- 1990

എമിലി ഡിക്കിൻസൺ കവിതകൾ (യു.എസ്.എ, 1830-1886)



1.
വിജയമാണേറ്റവും മധുരമെന്നെണ്ണുവോർ
ഒരുനാളും വിജയിച്ചിടാത്തോർ
കഠിനമാമാവശ്യമുണ്ടെങ്കിലേയിറ്റു -
മധുകണത്തിൻ മൂല്യമറിയൂ

പാറും പതാകയുമേന്തി നിൽക്കുന്നൊരീ
ചോപ്പണി സൈന്യത്തിലാർക്കും
ആവില്ല നിർവചിക്കാൻ വിജയത്തിനെ-
യത്ര മേൽ സുവ്യക്തമായി.

തോറ്റ പടയാളി മൃതി കാത്തു കിടക്കവേ
കൊട്ടിയടച്ചൊരാ കാതിൽ
വ്യക്തമണയുന്നു കൊടുനോവേകി ദൂരത്തു
നിന്നു വിജയോന്മത്തനൃത്തം.



2
മരിച്ചൂ സൗന്ദര്യത്തി-
നായി ഞാൻ - എന്നാലിപ്പോൾ
ഞെരുങ്ങിക്കഴിയുന്നീ -
ക്കുഴിമാടത്തിന്നുള്ളിൽ
തൊട്ടരികിലെക്കുഴി-
മാടത്തിൽ കിടപ്പുണ്ടു
മറ്റൊരാൾ - സത്യത്തിനായ് 
ജീവിതം വെടിഞ്ഞൊരാൾ

"തോറ്റതെന്തിനായ്?" 
മൃദുവായവൻ ചോദിക്കുന്നൂ
തോറ്റതു സൗന്ദര്യത്തി-
നായി, താങ്കളോ?" "തോറ്റൂ
സത്യത്തിനായ് ഞാൻ, രണ്ടു -
മൊന്ന്, സോദരർ നമ്മൾ"

ബന്ധുക്കളൊരു രാവിൽ 
കണ്ടുമുട്ടിയ പോലെ
മിണ്ടി നാം മുറികളിൽ 
കിടന്ന്, പായൽ വന്നു
ചുണ്ടോളമെത്തും വരെ
പേരുകൾ മൂടും വരെ.



3.
ആരുമല്ല ഞാൻ! ആരു നീ? യെന്നെ -
പ്പോലെയാരുമല്ലാതൊരാൾ?
എങ്കിൽ നമ്മളിണകളായ് - പുറ -
ത്താക്കിടുമവർ കേൾക്കുകിൽ

ആരെങ്കിലുമാവുകയെത്ര
സങ്കടം, പരസ്യാത്മകം!
തവളയെപ്പോൽ ചതുപ്പിനോടു തൻ
പേരു ചൊല്ലി നാൾ പോക്കുക.



4
കുഞ്ഞുകുഞ്ഞൊരു തോണി
തെന്നി നടന്നൂ കടലിൽ
വമ്പൻ വമ്പൻ കടലോ
കണ്ണു കാട്ടി വിളിച്ചൂ.

കൊതിയൻ കൊതിയൻ തിരയൊ -
ന്നതിനേ നക്കിയെടുത്തു
അന്തസ്സുള്ളൊരു യാനം
തരമാകാതതു താണു.



5
പുലരിയെപ്പോൾ വരു,മതിന്നുമുണ്ടോ കിളി -
ത്തൂവലുകൾപോൽ തൂവൽ,തീരത്തിനുള്ള പോൽ
വൻതിരമാലകൾ, ഒന്നൊന്നുമറിയാതെ
വാതിലോരോന്നും തുറക്കുകയാണു ഞാൻ.



6
വന്യരാത്രികൾ! വന്യരാത്രികൾ!
നിന്നരികിൽ ഞാനെങ്കിൽ
വന്യരാത്രികൾ നാമിരുവർക്കു -
മെന്തൊരുത്സവമായിടും!

ഹൃദയമെത്തീ തുറമുഖത്തിനി
വെറുതെ വീശുന്നു കാറ്റുകൾ
മതി മതി ദിശാസൂചികൾ
മതി മതി, ഭൂപടങ്ങളും.

ഏദനിൽ തുഴഞ്ഞീടുക!
ഹാ, കടൽ! പക്ഷെ,യിന്നു ഞാൻ
നിന്നിൽ നങ്കൂരമാഴ്ത്തുമീ
വന്യരാത്രിയിൽ നിശ്ചയം



7
അരുവിയോടു കടൽ പറഞ്ഞു 'വരു വരൂ'
അരുവി ചൊല്ലി, 'യനുവദിക്കു വളരുവാൻ'
കടൽ പറഞ്ഞു 'കടലു തന്നെയായിടും
വളരുകിൽ, കൊതിപ്പു ഞാനൊരരുവിയെ'



8
മറ്റേതു നിറത്തെക്കാളും
മഞ്ഞ കുറച്ചേ ചാലിക്കൂ
പ്രകൃതി,യവൾ കാക്കുകയാണതു
സൂര്യാസ്തമയങ്ങൾക്കായ്
അവൾ വാരിച്ചൊരിഞ്ഞിടുന്നതു
നീല നിറം, നീല നിറം

ഒരു പെണ്ണു കണക്കവൾ ചെലവാ -
ക്കുന്നൂ കടു ചോപ്പു നിറം
കരുതിത്താനുപയോഗിപ്പൂ
മഞ്ഞ നിറം ചിലെടം മാത്രം.
പ്രണയി മൊഴിഞ്ഞീടും വാക്കുകൾ
പോൽ സവിശേഷ, മമൂല്യം



9
വാക്കു മരിപ്പൂ
പറഞ്ഞു തീർന്നാ-
ലുടനേയെന്നു ചിലർ

ആരംഭിച്ചീ-
ടുന്നേയുള്ളതു
ജീവിക്കാൻ - ഞാൻ പറയും.



10
ഞാനെൻ്റെ പൂവിന്നകത്തൊളിപ്പൂ
നീ മാറിടത്തിലണിഞ്ഞ പൂവിൽ
ശങ്കിക്കാതെന്നെയും നീയണിവൂ,
പിന്നെല്ലാം മാലാഖമാർക്കറിയാം.

ഞാനെൻ്റെ പൂവിന്നകത്തൊളിപ്പൂ
നിൻ്റെ പൂപ്പാത്രത്തിൽ വാടും പൂവിൽ
നീ ശങ്കയില്ലാതനുഭവിപ്പൂ
ഏതാണ്ടൊരേകാന്തതയെനിക്കായ്.


പ്രത്യാശ - ലിയു കെക്സിയാങ് (ചൈനീസ്, തായ് വാൻ, ജനനം: 1957)



ഒരിക്കലൊരു വസന്തകാലം വരും.
അന്ന് നമ്മുടെ മക്കളും പേരക്കുട്ടികളും
പത്രത്തിൻ്റെ മുൻപേജിൽ
ഇങ്ങനെയൊരു വാർത്ത വായിക്കാം:

മഞ്ഞുകാല ദേശാടനം കഴിഞ്ഞ്
ചെറുതാറാവുകൾ
വടക്കൻ ദിക്കിലേക്കു മടക്കയാത്ര ആരംഭിച്ചതിനാൽ
തംസൂയി നദീതീരത്തുകൂടി കടന്നു പോകുന്ന
വാഹനങ്ങൾ
ഹോൺ മുഴക്കുന്നതു നിരോധിച്ചിരിക്കുന്നു.

Monday, June 15, 2020

ഇളങ്കോ കൃഷ്ണൻ കവിതകൾ (പരിഭാഷ, തമിഴ്)

1. ഒരു പ്രേമകഥക്കുള്ള കുറിപ്പുകൾ

അക്കാട്ടിലൊരു ചെടിയുണ്ട്
ആരും വരാശ്ശിഖരങ്ങളിൽ
വാനം നോക്കി കാമിച്ച്
പൂവായ് പുഞ്ചിരിച്ച്
ഭൂമിയിലേക്കു വിളിക്കും നക്ഷത്രത്തെ.

ഇക്കടലിൽ ഒരു മീനുണ്ട്
ഉടലിളകും നൃത്തത്തിൽ
ഇണയെ നോക്കി വശീകരിച്ച്
കടലിന്നടിയിൽ പുണർന്നു കൊല്ലും.

ഇമ്മരത്തിൽ ഒരു പഴമുണ്ട്
ഉടലെങ്ങും തേനൊഴുക്കി
ഉറുമ്പിന്നു മാംസമൂട്ടി
പല്ലിക്കു പിടിച്ചു കൊടുക്കും.

ഈ മനസ്സിൽ ഒരു പാട്ടുണ്ട്
ഉയിർ പൂട്ടി ശ്രുതി മീട്ടി
മിഴി തുളുമ്പും നേരത്ത്
വേറൊരാൾ വീട്ടിലെത്തും.


2.കുഞ്ഞ്

എന്റെ കുഞ്ഞിന്നലെ രാത്രി മടങ്ങിവന്നു.
എന്റെ കണ്ണുകളിൽ നോക്കിച്ചോദിച്ചു.
ആരെന്നെക്കൊന്നു?
നീ പാമ്പു കടിച്ചു മരിച്ചു മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നിന്നെ ആന ചവിട്ടിക്കൊന്നൂ മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നീ കാക്കകൊത്തിപ്പോയ് മരിച്ചൂ മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നീ പൂച്ചാണ്ടി പിടിച്ചു മരിച്ചൂ മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നീ തന്നത്താൻ മരിച്ചു മകളേ
ഞാനേ നിന്നെക്കൊന്നു.
നീ മരിക്കുകയേയില്ല.
സത്യത്തിൽ നീ ജനിച്ചിട്ടേയില്ല.
ഇവിടൊന്നും നടക്കുന്നതേയില്ല മകളേ.

- ഒന്നും നടക്കാത്ത പോലെ ഭാവന ചെയ്യുന്ന എന്റെ തമിഴ് ജനതയുടെ കള്ള മൗനത്തിന്


3.അതിനായ്

ഒരേയൊരു മദ്യക്കുപ്പി
അതിനായ് ഞാൻ വന്നേ

നഗരമെങ്ങും കൊലക്കളം
നാടേ ചുടുകാട്
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

നിലമെങ്ങും കൊടുനാഗം
നീളും വഴി പാതാളം
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

കുന്നെല്ലാം തീമല
കുറ്റിക്കാടൊരു തീവായ
എന്നാലും വന്നേ
അതിന്നായ് ഞാൻ വന്നേ

കടലെങ്ങും പ്രേതത്തിരകൾ
കരയിലെല്ലാം മുതലകൾ
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

കാടെല്ലാം പുലിക്കൂട്ടം
മരം തോറും വേതാളം
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

മാനത്തു വിഷക്കാറ്റ്
ദിക്കെങ്ങും മിന്നൽ
എന്നാലും വന്നേ

ഒരേയൊരു മദ്യക്കുപ്പി
അതിനായ് ഞാൻ വന്നേ.


3.

തന്റെ ജീവിതകാലത്ത്
ഒരേയൊരു തവണ മാത്രം
ഭൂമിയിലേക്കു വരുന്നൊരു പക്ഷിയെ
കാണിക്കാൻ വിളിച്ചുകൊണ്ടു വന്നു നിന്നെ ഞാൻ.
കവിത്വ തികഞ്ഞ പൗർണ്ണമി.
നമ്മുടെ സംസാരത്തിനു പോലു-
മെന്തൊരഴകാണിന്ന്!
ഒരേയൊരു തവണ ഭൂമിയിലേക്കു വരുന്ന പക്ഷി
ഇന്നെന്തേ വരാത്തത്
എന്നു നീ ചോദിക്കുന്നു.
അതെനിക്കറിയില്ല.
എന്നാൽ ഒരേയൊരു തവണ മാത്രം
ഭൂമിയിലേക്കു വരുന്ന പക്ഷിക്കായ് കാത്തിരുന്ന
ആ കാലം അഴകുള്ളത്
ഒരേയൊരു തവണ മാത്രം ഭൂമിയിലേക്കു വരുന്ന കാലം.


4 ബഷീറിന് ആയിരം ജോലികളറിയാം.

വൈക്കം മുഹമ്മദ് ബഷീർ
കേരളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയുമത്രെ.
അദ്ദേഹം നോക്കിയ ആദ്യ ജോലി
കുരങ്ങിന്റെ പേൻ നോക്കുന്നത്.
സാധാരണ കുരങ്ങല്ല
ഭ്രാന്തുപിടിച്ച പെരുങ്കുരങ്ങ്.
മറ്റൊരു ജോലി
ചുമടു ചുമക്കുന്ന കഴുതകളെ മലകയറ്റുന്നത്.
ബഷീർ ഒരു കഴുതയെ
വലിച്ചുകൊണ്ടുപോകുന്ന ചിത്രം
കുരിശു ചുമക്കും ദേവകുമാരനു തുല്യം.
മറ്റൊരു ജോലി
കുട്ടിച്ചാത്തന്മാരെ പിടിച്ചു കെട്ടുന്നത്.
ബഷീർ ഒരു കുട്ടിച്ചാത്തനെ പിടിച്ചു കെട്ടി
മറ്റൊന്നിനെ ആട്ടിയോടിക്കുന്ന നേരത്ത്
ആദ്യത്തെ ചാത്തൻ
രക്ഷപ്പെട്ടു പോകും.
നാലാമത്തെ ജോലി
സ്വല്പം കവിതയുള്ളത്.
പിശാചുക്കളോടു ശൃംഗരിച്ച്
വീട്ടിലേക്കു കൂട്ടി വരുന്നത്.
ഇങ്ങനെ
ബഷീർ
തന്റെ ആയിരാമത്തെ ജോലിയിൽ
തിക്കുമുട്ടിക്കൊണ്ടിരുന്ന കാലത്ത്
അള്ളാഹു
അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു
മോനേ, ബഷീർ!
എന്നെ അറിയില്ലേ?
ബഷീർ
സ്റ്റൈലായ് ബീഡി വലിച്ചുകൊണ്ടു പറഞ്ഞു:
അറിയാം എന്റെ പിതാവേ,
ഞാൻ കണ്ട കുരങ്ങും കഴുതയും
കുട്ടിച്ചാത്തനും പിശാചും
നീ തന്നേ ....