Friday, March 11, 2022

നിറ

 നിറ


വിലക്കു വാങ്ങി 

സൂക്ഷിക്കുന്നു.


ഒരു  കൊല്ലത്തിന്

ഒരു ചാക്കു നെല്ല്


നിറ വയ്ക്കാൻ.


കൊല്ലം മുഴുവൻ

പല പല ചടങ്ങിന്.


കൈപ്പിടി നിറയെ

കൊച്ചു കൊച്ചു

മൺകലങ്ങൾ നിറയെ

നാഴി നിറയെ

ഇടങ്ങഴി നിറയെ

പറ നിറയെ.....

നിറ നിറയെ......


Wednesday, March 9, 2022

മുടി നീളുന്നു

 മുടി നീളുന്നു.



കാൻസർ രോഗികൾക്കു കൊടുക്കാൻ

മുടി നീട്ടി വളർത്തിക്കൊണ്ടിരിക്കുന്നു

പയ്യന്മാരെല്ലാം ആഘോഷമായി.


അതു നീളം വയ്ക്കുന്നു മെല്ലെ നിശ്ശബ്ദമായ്


വളരെ നീണ്ടിട്ടും വെട്ടാത്ത പയ്യനോട്

കാൻസർ രോഗികൾക്കു കൊടുക്കാൻ ആയില്ലേ

എന്നു ചോദിച്ചപ്പോൾ പറഞ്ഞു:

''എന്തോ! വെട്ടാൻ തോന്നുന്നില്ല"


വേനൽച്ചിത

 വേനൽച്ചിത


വേനലിനെച്ചുറ്റുന്ന പക്ഷി

മാങ്കൊമ്പുതോളത്തിരിക്കുമൊടുക്കത്തെ 

മാമ്പഴക്കുടത്തിന്മേലൊരു കൊത്ത്,

മാമ്പഴച്ചാറു കിനിഞ്ഞു വീഴുന്നു.


വേനലിനെച്ചുറ്റുന്ന പക്ഷി

പഴനീർക്കുടത്തിന്മേൽ വീണ്ടുമൊരു കൊത്ത്,

നീരൊലിച്ചു വീഴുന്നു.


വീണ്ടും ചുറ്റി വരാൻ പക്ഷി പോയി.

കുടത്തിന്മേൽ കൊത്തിയ 

തുളകളിൽ നിന്നെല്ലാം

ഒഴുകി വീഴുന്നു മണ്ണിൽ


ഒടുക്കത്തെക്കൊത്ത്,

കുടം ചിതയിലേക്ക്,

പിന്തിരിഞ്ഞു നോക്കാതെ

കിളി വാനിലേക്ക്.



ശൂന്യം, അധികം

 ശൂന്യം, അധികം



എന്നിൽ നിന്നു മറയ്ക്കപ്പെട്ട ആ രഹസ്യം

ശരീരഭാഗം വലിയ കഷ്ണമായ് 

അറുത്തു മുറിച്ചു മാറ്റിയേടത്തെ വിടവ്


തലക്കും കാലിനുമിടയിലെ ഉടലിൽ

ഒരു മാന്ത്രികൻ 

വാളെടുത്തു വീശിയുണ്ടാക്കിയ

വലിയ വിടവ്.


പിന്നീടെനിക്കറിയപ്പെട്ട അതേ രഹസ്യമോ,

അമിതമായ് വളരുന്ന ശരീരഭാഗത്തിന്റെ

തുറ്റു തുറ്റായ 

കരിമുളപ്പൊറ്റകൾ.


മറയ്ക്കപ്പെടുകയും

പിന്നീടറിയപ്പെടുകയും ചെയ്ത

ആ രഹസ്യത്തെക്കുറിച്ചുള്ള ഓർമ്മയാകട്ടെ,

ഒരേ സമയം ശൂന്യം, അധികം

Saturday, March 5, 2022

കരുണാ പ്രസ്സ്

 കരുണാ പ്രസ്സ്



പട്ടാമ്പിയിലെ

ഏറ്റവും തിരക്കേറിയ തെരുവേത്?


കരുണാ പ്രസ് എന്നെഴുതിയ

ബോർഡിനു താഴേക്കൂടിക്കയറിയാൽ

എത്തുന്ന തെരുവ്.


പട്ടാമ്പിയിലെ

ഏറ്റവും ഇടുങ്ങിയ തെരുവേത്?


പത്തടി വീതിക്കകത്ത്

ബുക്കുകൾ ഫയലുകൾ

കടലാസുകെട്ടുകൾ

ചാർട്ടുകൾ

മൂന്നാലു കമ്പ്യൂട്ടറുകൾ

നാലു കസേലകൾ

അഞ്ചാറു സ്‌റ്റൂളുകൾ

അപേക്ഷാ ഫോറങ്ങൾ

അവ പൂരിപ്പിക്കാൻ 

ആയിരം പല നിറപ്പേനകൾ

ഇട്ടയക്കാൻ പല വലിപ്പത്തിൽ

കാക്കിക്കവറുകൾ

റോസു കവറുകൾ

പശ കത്രിക പഞ്ച്

ഒക്കെയുമട്ടിയായ്

വെച്ചൊരീത്തെരുവ്.


പട്ടാമ്പിയിലെ

ഏറ്റവും വളഞ്ഞുപുളഞ്ഞ തെരുവേത്?


ആദ്യത്തെ വളവിൽ

ക്യാഷിൽ രാജേട്ടൻ.

പിന്നത്തെ വളവിൽ

നിൽപ്പു ശർമ്മാജി

അപേക്ഷാ ഫോറം

കഴിഞ്ഞുള്ള വളവിൽ

ഉയരത്തിൽ നിന്നുമെന്തോ 

വലിച്ചെടുത്തും കൊണ്ടു

നിൽപ്പൂ സുജാതച്ചേച്ചി.

അതു വഴി കടന്നുപോ-

മവധൂതനെപ്പോലു-

ള്ളൊരുവന്റെ താടിമേൽ

പറ്റി നിൽക്കുന്നൊരു

പാറി വീഴും കടലാസ്.

കവറുകളടുക്കിയ

കമാനം കടന്നാൽ

കിരണിരിക്കുന്ന കസേര

തൊട്ടപ്പുറം

മണിയിരിക്കുന്ന കസേര

അവിടൊരു കൊടുംവളവ്

തെരുവിന്നനന്തമാമറ്റത്തു നിന്ന്

ഫയലുകളെടുത്തു

വരുന്നിന്ദിരേച്ചി.


പട്ടാമ്പിയിലെ

ഏറ്റവും കയറ്റമുള്ള തെരുവേത്?


മണിയിരിക്കുന്ന

കസേര കഴിഞ്ഞുള്ള

കൊടുംവളവിനപ്പുറം

മേലേക്കു കേറുവാൻ

കോണിക്കയറ്റം

അതു കയറിയെത്തുന്ന -

തച്ചടിശാലയിൽ

താഴേക്കിറങ്ങുന്നു

നോട്ടീസു കെട്ടുകൾ

താഴത്തെപ്പടിമേൽ

മേലേക്കൊരു കണ്ണും

ദൂരേക്കു മറു കണ്ണും

പായിച്ചു നിൽപ്പൂ ജയൻ.


പട്ടാമ്പിയിലെ

അവസാനിക്കാത്ത തെരുവേത്?


കരുണാ പ്രസ്സിൻ

തെരുവിലൂടെപ്പോയാൽ

സ്കൂളിലെത്താം.

വില്ലേജാഫീസിലെത്താം.

ഉത്സവ നോട്ടീസിലൂടെ

കൈത്തളിശ്ശിവനിൽ ലയിക്കാം

കേന്ദ്ര നേർച്ചക്കമ്മിറ്റിയാപ്പീസിലേക്ക്

ഈത്തെരുവിൽ നിന്നുമൊരു

തുരങ്കമുണ്ടാവാം

പാലക്കാട്ടു കളക്റ്ററേറ്റിലും

തിരുവനന്തപുരത്തു

സെക്രട്ടറിയേറ്റിലുമെത്താം.

പഴയ കരുണാ പ്രസ്സിൽ,

കോൺഗ്രസ്സു പാർട്ടി -

ച്ചരിത്രത്തിലെത്താം.

പുഴയുടെ തീരത്തു -

മെന്റെ വീട്ടിലുമെത്താം.


പട്ടാമ്പിയിലെ

ഏറ്റവും വേഗതയേറിയ തെരുവേത്?


ഈത്തെരുവിലൂടെ

കുതിക്കുന്നപേക്ഷകൾ

മിന്നൽ പോൽ പാസായ്

വരുന്നുണ്ടു ലോണുകൾ

നോട്ടീസു കാറ്റായ്

പറക്കുന്നു കാലം


പട്ടാമ്പിക്കാർ

നൃത്തമാടുന്ന തെരുവേത്?


ഒരു കവർ നോക്കി -

യെടുത്തു തിരിയുന്നയാൾ

അപേക്ഷാ ഫോറം

വാങ്ങിപ്പോകുന്നയാളെ

തട്ടാതെ ചെരിയുമ്പോൾ

നോട്ടീസു കെട്ട്

ചുമന്നു പോകുന്നയാൾ

നോട്ടീസടിക്കാൻ

കൊടുക്കാൻ വരുന്നാളെക്കണ്ട്

അലമാര ചാരി 

വഴി കൊടുക്കാനായ്

ഞെളിഞ്ഞു നിൽക്കുമ്പോൾ

എപ്പോഴുമീത്തെരുവിൽ

നൃത്തം പിറക്കുന്നു


ഞെളിയുന്ന നിവരുന്ന

ചായുന്ന തിരിയുന്ന

നൂറു മനുഷ്യ -

രൊരേ സമയമാടുന്നു

നൃത്തമീ നീണ്ട തെരുവിൽ

നൃത്തരൂപങ്ങൾ -

ക്കിടയിലൂടൊഴുകുന്നു

കരുതലിൻ കരുണ

ചെറു വിടവായ്

അനങ്ങാപ്പാവകൾ

 അനങ്ങാപ്പാവകൾ



ഏടത്തിക്കാവിലെ 

വേല കഴിഞ്ഞ്

അനിയത്തിക്കാവിലെ 

വേലയും കഴിഞ്ഞ്

കൂത്തുമാടത്തിൽ 

തോൽപ്പാവക്കൂത്ത്.

നാല്പത്തൊന്നു രാവു

മുടങ്ങാതെ വഴിപാട്


കുട്ടിക്കാലത്തിൻ 

മായികവെളിച്ചത്തിൽ

ചലിക്കും പാവകൾ 

കണ്ടതോർമ്മിച്ചു ഞാൻ

കുട്ടികളേയും കൂട്ടിപ്പോയി.


കൂത്തുമാടത്തിനു 

മുന്നിലെപ്പറമ്പിൽ

തല പൊക്കി നോക്കി -

ക്കിടക്കുന്നു നായ്ക്കൾ.

മറ്റാരുമില്ല.


മാടത്തിനുള്ളിൽ 

വിളക്കുകൾ തെളിഞ്ഞു

ചെമ്പട്ടു തിരശ്ശീല 

തുടുതുടെത്തിളങ്ങി.

വെളുത്ത പട്ടു -

തിരശ്ശീല മേലേ

തോൽപ്പാവനിഴലുകളുറച്ചു


കാണികളില്ലാതെ 

തീരെപ്പതിഞ്ഞ്

തമിഴു തുടങ്ങീ പുലവർ

മണ്ണിൽ ഞങ്ങൾ 

പടിഞ്ഞിരിക്കുന്നത്

കണ്ടിരിക്കില്ലയാക്കമ്പർ.

ഭഗവതി മാത്രം 

കാണുവാനാണെങ്കിൽ

മൈക്കെന്തി, -

നെന്തിനീ ബോക്സ് ?


നാടകമാണ്, 

സംഭാഷണമുണ്ട്

മറുപടിത്തൊണ്ട തൻ 

നീട്ടലുമുണ്ട്.

കൈകാൽമുഖമന -

ക്കാതെ നിൽക്കുന്ന -

തെന്നിട്ടുമെന്തിവരെല്ലാം?


പെട്ടെന്നു കൈ 

ചൂണ്ടിടുന്നൂ മകൻ, നോക്കു -

കൊന്നനങ്ങു,ന്നതാപ്പാവ.

ഏട്ടനുറക്കത്തിൽ 

തോന്നിയതാകും, ഞാൻ

കണ്ടില്ലയെ,ന്നനിയത്തി.


മൈക്കിലപ്പോൾ കേട്ടൂ 

പുലവരുടെ കോട്ടുവാ

കേൾക്കാനില്ലാരു-

മുറപ്പോടെ വിട്ടത്.


കേട്ടയുടനേ

ചിരി പൊട്ടിയെങ്കിലും

ദുഃഖത്താൽ മൂകരായ് പിന്നെ.


കോട്ടുവാ പത്തു 

കടക്കണം നമ്മൾക്കു

പഞ്ചവടിയോളമെത്താൻ

കോട്ടുവാ എത്ര 

കടക്കണം നൂണു നാം

യുദ്ധകാണ്ഡത്തിലേക്കെത്താൻ?


എല്ലാക്കലയും 

വലിച്ചെടുക്കും ചുഴി -

തന്നെയീ കോട്ടുവാരാത്രി.


നില്പൂ ബലം പിടി -

ച്ചിപ്പൊഴിപ്പാവകൾ

മായികവെട്ടപ്പരപ്പിൽ

യുദ്ധകാണ്ഡത്തിനായ് 

കാത്തു നിൽക്കുന്നവ

ഞെട്ടിയുണർന്നു ചലിക്കാൻ.


കോട്ടുവായല്ല, 

മനുഷ്യർ വിടും വളി

യുദ്ധമായ് പൊട്ടും വരേയും.


നയ്ലാവോ ആയുൾ (സുഡാൻ - അറബിക് - ജനനം: 1986)

 *സൊബാത് നദിക്കരയിൽ


നയ്ലാവോ ആയുൾ (സുഡാൻ - അറബിക് - ജനനം: 1986)


സൊബാത് നദിക്കരയിൽ

അടക്കം ചെയ്തിരിക്കുന്നു

വേർപെട്ട ഒരു പൊക്കിൾക്കൊടി

പിന്നെ ഞാൻ പോക്കറ്റിൽ

കരുതി വെച്ചിരുന്ന അഞ്ചു വാക്കുകൾ

ഒറ്റപ്പെടൽ ജ്ഞാനം

വെളിച്ചം നന്മ

കനത്ത ചുണ്ടുകൾക്കു മേൽ

ഒരവ്യക്തവേദനയുടെ നിഴൽ

പൊള്ളയായ ലക്ഷ്യത്തിലേക്കു നിറയൊഴിക്കുമെന്റെ ചുണ്ടുകൾ.

വാക്കുകളുടെയും കത്തിയുടെയും ഭാരം

കുടഞ്ഞു കളയാൻ ശ്രമിക്കുന്ന

എന്റെ വായ.


കരിഞ്ഞ പുല്ലുകൾക്കിടയിൽ

തിരയാൻ പോയ് ഞാൻ

പഴയ മേച്ചിൽപുറങ്ങൾ,

ഉതിർന്നൊരു മാമ്പഴം,

അനന്തതയുടെ ദിക്കിനു നേർക്ക്

- തെക്കിനു നേർക്ക് - ചൂണ്ടുന്ന

സ്വർണ്ണപ്രഭ വീശുന്ന ഒരു തിര,

ഉഷ്ണ നാട്ടിൽ

പപ്പായമരങ്ങളുടെ സങ്കേതം,

മേയുന്ന കന്നുകാലികൾക്കഭയം

പശിമയുള്ള കളിമണ്ണിന്റെ കെട്ട്.


എന്നാൽ ഞാൻ കണ്ടതോ,

നൈൽ നദിക്കു നേരെ നീലനിശ്ശബ്ദത

പേറിപ്പോകുമൊരു പക്ഷി,

വെള്ളത്തിന്റെ പിങ്കു നിറമുള്ള ദു:ഖം,

അഴുകിപ്പോയ മീൻ,

നിത്യേനയുള്ള കൂട്ടക്കൊലയുടെ ആകെത്തുക,

തെക്കുദിക്കിന്റെ ഉടലിലെ യുദ്ധക്കല.


പിന്നെ,

ഉയർന്ന പുൽത്തണ്ടുകൾ,

ആനകൾ അവിടമൊരു 

പടക്കളമാക്കുമ്പോൾ

അവ ചത്തടിയുന്നു.

ഉയരമുള്ള മനുഷ്യർ,

തെക്കൻ ദിക്കിന്റെ

ലളിതവും സുന്ദരവുമായ സ്വപ്നം

താലോലിക്കുന്ന അവർ

പോരിൽ മരിക്കുന്നു.



* സൊബാത് നദി തെക്കാൻ സുഡാനിലെ നദി. ആഭ്യന്തരയുദ്ധം കൊണ്ടു കലുഷമാണ് തെക്കൻ സുഡാൻ