Sunday, January 25, 2026

ഹുവാൻ റാമൊൺ ഹിമനെസ് (ആൻഡലൂഷ്യ, സ്പെയിൻ,1881 - 1958)

കവിതകൾ

ഹുവാൻ റാമൊൺ ഹിമനെസ് (ആൻഡലൂഷ്യ, സ്പെയിൻ,1881 - 1958)



1 പച്ച

പെൺകൊടിക്കു പച്ചനിറമായിരുന്നൂ, പച്ച,
കണ്ണുകൾക്കും പച്ചനിറം മുടിയുമേറെപ്പച്ച.

ഉണ്ടവൾക്കു പച്ചമരത്തോപ്പതിൽ വിരിഞ്ഞ
വന്യറോസാപ്പൂവു വെള്ള-ചോപ്പുമല്ല, പച്ച.

പച്ചനിറവായു തന്നിലൂടെയവൾ വന്നൂ
ഭൂമിയാകെയപ്പൊഴേക്കും പച്ചയായവൾക്കായ്

നീലയല്ല വെള്ളയല്ലവളുടെയുടുപ്പിൻ
മിന്നിടും സുതാര്യശോഭ പച്ചയാണു പക്ഷേ.

പച്ചനിറക്കടലിനു മേലൂടെയവൾ വന്നൂ
അപ്പൊഴേക്കാകാശംകൂടിപ്പച്ചയായിത്തീർന്നു.

എപ്പൊഴുമെൻ ജീവിതം തുറന്നിടും മലർക്കെ
പച്ചനിറക്കൊച്ചു പടിവാതിലൊന്നവൾക്കായ്



2 ആകാശം

ഞാൻ നിന്നെ മറന്നിരുന്നു, ആകാശമേ,
എൻ്റെ തളർന്നു കുഴഞ്ഞ കണ്ണുകളാൽ കാണുന്ന
- പേരില്ലാത്ത -
വെളിച്ചത്തിൻ്റെ
ഒരവ്യക്തസാന്നിധ്യമല്ലാതെ
മറ്റൊന്നുമായിരുന്നില്ല നീ.

യാത്രികൻ്റെ പ്രതീക്ഷയറ്റ
അലസ വാക്കുകൾക്കിടയിൽ നീ പ്രത്യക്ഷമായ്
സ്വപ്നങ്ങളിൽ കാണുന്ന ജലനിലക്കാഴ്ച്ചകളുടെ
ആവർത്തിക്കുന്ന പവിഴപ്പൊയ്കകളിലെന്നപോലെ

ഇന്നു ഞാൻ നിന്നെ മെല്ലെ നോക്കീ, നീ
നിൻ്റെ പേരിന്നു നേർക്കുയർന്നേപോയ്


പുതുവസന്തം

ചുകന്ന വെള്ളത്തിൽ
അരികത്തരികത്തരയന്നങ്ങൾ
നീന്തീ രണ്ടെണ്ണം
വേദനയെന്നുടെ ചോരയിലും

ചുകന്ന കാറ്റത്ത്
അരികത്തരികത്തിരു റോസ് പൂവുകൾ
തമ്മിൽ കൊതിപൂണ്ടു
വേദനയെന്നുടെ ചോരയിലും

ചുകന്ന മാനത്ത്
രണ്ടു കരിങ്കിളിയരികത്തരിക -
ത്തായിച്ചൂളമടിച്ചു
വേദനയെന്നുടെ ചോരയിലും


4 ഞാൻ പുനർജനിക്കും

ഞാനൊരു കല്ലായ് പുനർജനിക്കും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

കാറ്റായി വന്നു ജനിക്കും വീണ്ടും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

ഞാൻ തിരയായിപ്പുനർജനിക്കും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

ഞാൻ തീയായ് വന്നു ജനിക്കും വീണ്ടും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

വീണ്ടും മനുഷ്യനായ് ഞാൻ ജനിക്കും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

No comments:

Post a Comment