Tuesday, January 27, 2026

മൊസാബ് അബു തോഹ (പലസ്തീൻ, ജനനം 1992)

കവിതകൾ

മൊസാബ് അബു തോഹ (പലസ്തീൻ, ജനനം 1992)


1
കുട്ടിക്കാലം പിന്നിലിട്ടുപോകൽ


ഞാൻ വിട്ടുപോയപ്പോൾ
മേശവലിപ്പിൽ കുട്ടിക്കാലത്തെയും വിട്ടുപോയി
അടുക്കളമേശപ്പുറത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ
കളിപ്പാട്ടക്കുതിരയും ഞാൻ വിട്ടേച്ചുപോയി.
ക്ലോക്കിലേക്കൊന്നു നോക്കാതെ ഞാൻ പോയി
ഉച്ചയോ സന്ധ്യയോയെന്നു മറന്നു ഞാൻ പോയി.

വെള്ളമോ, അത്താഴത്തിനു ധാന്യമോ ഇല്ലാതെ
ഞങ്ങളുടെ കുതിര രാത്രി തനിച്ചു കഴിഞ്ഞു
വൈകിയെത്തിയ അതിഥികൾക്കുള്ള
ഭക്ഷണം വാങ്ങാൻ ഞങ്ങൾ പോയെന്നോ
എൻ്റെ പെങ്ങളുടെ പത്താം പിറന്നാളിന്
കേക്കു വാങ്ങാൻ പോയെന്നോ
അതു കരുതിയിരിക്കണം.

അറ്റം കാണാപ്പാതയിലൂടെൻ്റെ
പെങ്ങളുമൊത്തു ഞാൻ നടന്നു
ഒരു പിറന്നാൾപ്പാട്ടു പാടിക്കൊണ്ട്.
ചുറ്റിക്കറങ്ങുന്ന യുദ്ധവിമാനങ്ങൾ
സ്വർഗ്ഗത്തിനു കുറുകേ പ്രതിദ്ധ്വനിച്ചു.

തളർന്നവശരായ അച്ഛനമ്മമാർ
പിന്നിൽ മെല്ലെ വരുന്നു
വീടിൻ്റെയും കുതിരലായത്തിൻ്റെയും
താക്കോലുകൾ മാറോടടക്കി.

ഒടുവിൽ ഞങ്ങളൊരു സുരക്ഷാ താവളത്തിലെത്തി
നിലക്കാത്ത പ്രഹരങ്ങളുടെ വാർത്തകൾ
റേഡിയോയിലിരമ്പി
നീട്ടിവെച്ച മരണത്തിനു നേർക്ക്
അവസാനിക്കാത്ത ഗീതം പാടി നടക്കേ,
മരണം ഞങ്ങൾ വെറുത്തു.
ജീവിതവും വെറുത്തു.



2
എന്താണ് വീട്?


എന്താണു വീട്?
എൻ്റെ സ്കൂളിലേക്കുള്ള വഴിയിലെ മരങ്ങളുടെ
പിഴുതെടുക്കപ്പെടുംമുമ്പുള്ള തണലത്
എൻ്റെ മുത്തച്ഛൻ്റെ കരി - വെള്ള കല്യാണ ഫോട്ടോയത്
ചുമരുകൾ തകർന്നുവീഴും മുമ്പുള്ളത്.
എൻ്റെയമ്മാമൻ്റെ നിസ്ക്കാരപ്പായയത്,
കൊള്ളയടിക്കപ്പെട്ട് ഒരു മ്യൂസിയത്തിലെത്തും മുമ്പ്
തണുപ്പുകാലത്തുറുമ്പിൻ പറ്റങ്ങളതിലുറങ്ങി.
ഒരു ബോമ്പ് നമ്മുടെ വീടു ചാരമാക്കും മുമ്പ്
അമ്മ ചിക്കൻ പൊരിച്ചു ബ്രഡു ചുട്ടെടുത്ത അപ്പക്കൂടത്.
ഞാൻ ഫുട്ബോൾ മത്സരങ്ങൾ കണ്ടിരുന്ന ചായക്കടയത്

എൻ്റെ കുഞ്ഞെന്നെത്തടയുന്നു:
വെറും രണ്ടക്ഷരമുള്ളൊരു വാക്കിനെങ്ങനെ
ഇതെല്ലാമുൾക്കൊള്ളാനാവും?



3
ശബ്ദമില്ലാത്ത തേങ്ങൽ


ഞാൻ കൊതിക്കുന്നു - ഉണർന്നെണീറ്റശേഷം
പകൽ മുഴുവൻ വൈദ്യുതിയുണ്ടെന്നറിഞ്ഞെങ്കിൽ!
ഞാൻ കൊതിക്കുന്നു - പക്ഷികൾ പാടുന്നതു
വീണ്ടും കേൾക്കാൻ കഴിഞ്ഞെങ്കിൽ!
വെടിയൊച്ചകളില്ലാതെ,മുരളുന്ന ഡ്രോണുകളില്ലാതെ.
ഞാൻ കൊതിക്കുന്നു - പേനയെടുത്തു വീണ്ടുമെഴുതാൻ
എൻ്റെ മേശയെന്നെ തിരികെ വിളിച്ചെങ്കിൽ!
അല്ലെങ്കിൽ ഒരു നോവലിലൂടുഴുതു മറിച്ചുപോകാൻ
ഒരു കവിതയിൽ വീണ്ടുമണയാൻ,
ഒരു നാടകം വീണ്ടും വായിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ!

എനിക്കു ചുറ്റുമൊന്നുമില്ല
നിശ്ശബ്ദഭിത്തികളല്ലാതെ
ശബ്ദമില്ലാതെ തേങ്ങുന്ന
മനുഷ്യരല്ലാതെ.


4
ഏഴു വിരലുകൾ


പുതിയ ആളുകളെ കണ്ടുമുട്ടുമ്പൊഴെല്ലാം അവൾ
ജീൻസിൻ്റെ പോക്കറ്റിൽ ചെറുകൈകളാഴ്ത്തും.
ചില്ലറത്തുട്ടുകളെണ്ണുംപോലെ പോക്കറ്റനക്കും
(യുദ്ധത്തിലിപ്പോളവൾക്ക്
ഏഴു വിരലുകൾ നഷ്ടപ്പെട്ടേയുള്ളൂ)
പിന്നെയവൾ നടന്നകലും
കൂനുള്ളപോൽ മുതുകു കുനിച്ച്
ഒരു കുള്ളത്തിയെപ്പോലെ


5
ഇബ്രാഹിം അബു ലുഖോദും സഹോദരനും യഫ്ഫയിൽ


കടൽക്കരയിലേക്കു നടക്കുന്നു
രണ്ടാളും നഗ്നപാദരായി

തൻ്റെ പിഞ്ചു ചൂണ്ടുവിരലാൽ
ഇബ്രാഹിം വരക്കാൻ തുടങ്ങുന്നു
തങ്ങളുടെ വീടായിരുന്നതിൻ്റെ
രേഖാചിത്രം

"അല്ല ഇബ്രാഹിം,
അടുക്കള കുറച്ചു വടക്കു മാറിയാണ്
ഓ,അവിടെ ചവിട്ടല്ലേ
ഉപ്പ കട്ടിലിൽ കിടന്നുറങ്ങിയിരുന്നത്
അവിടെയാണ്"

പട്ടം പറത്തിക്കൊണ്ട്
വിനോദസഞ്ചാരിക്കുട്ടികൾ ഓടുന്നു
തിങ്ങിയ മേഘങ്ങൾക്കടിയിൽ
തീരം തല്ലുന്നു തിരകൾ

കുന്നിൻ മുകളിലെ പള്ളിയിൽ നിന്നു
ബാങ്കു വിളി കേൾക്കുന്നു

അടുക്കള എവിടെയായിരുന്നെന്ന്
ഇപ്പോഴും തർക്കിക്കുകയാണ്
ഇബ്രാഹിമും സഹോദരനും.
രണ്ടാളും മണലിലിരിക്കുന്നു.
ബീച്ചിലുള്ള എല്ലാവർക്കുമായി
തങ്ങളുടെ അടുക്കളയിൽ
ഒരു ചായയിടാൻ മോഹിച്ച്
ഇബ്രാഹിം ലൈറ്ററെടുക്കുന്നു.
അടുക്കളജ്ജനാലയായിരുന്നിടത്തേക്ക്
ഏന്തി നോക്കുന്നു,
പുതിനച്ചെടി ഒറ്റയെണ്ണം ഇപ്പോഴില്ല.

No comments:

Post a Comment