Sunday, January 25, 2026

സൊനാം താഷി (തിബത്ത്)

ഹിമനിദ്രയിൽ നിന്നുണർന്ന കാല്പാട്

(ടെൻസിൻ സ്യുൻഡേക്ക്)

സൊനാം താഷി (2016 - 2078)


എൻ്റെ മുത്തച്ഛനെ പുറത്തിരുത്തി
മഞ്ഞുമലകൾ കടന്നുപോയ യാക്ക്
വഴിയിലെവിടെയോ കുഴഞ്ഞുവീണു ചത്തിരിക്കാം.

വളഞ്ഞു പുളഞ്ഞ മലമ്പാതകൾ താണ്ടി
ഇന്ത്യയിൽ നിന്ന് ഇന്നെന്നെ
ഉയരെ എൻ്റെ മണ്ണിലെത്തിക്കുന്ന
ഈ വാഹനം
അതിൻ്റെ പുനർജന്മമോ?

ജന്മനാടില്ലാതെ ജനിക്കുമാറ്
അതെന്നെ പ്രവാസത്തിൽ വിട്ടു.
ജന്മനാട്ടിൽ നിന്നു പുറത്തേക്കു നീളുന്ന
മലമ്പാതയുടെ പൊക്കിൾക്കൊടിത്തുമ്പിൽ
ഞാന്നു കിടന്ന ജനതയിലൊരാൾ
ഞാനായിരുന്നു.

ബുദ്ധത്വത്തിലേക്ക്
സ്വല്പംകൂടി അടുത്തുവോ ഞാൻ
പ്രവാസത്തിലൂടെ?

ഇപ്പോൾ ഇതാ
എന്നെ ലാസയിലേക്കുയർത്തുന്ന ട്രക്കേ,
തലമുറകൾക്കപ്പുറത്തെ ആ യാക്കിൻ
പുനർജന്മം തന്നെ നീ

കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു
എൻ്റെ മുത്തച്ഛൻ.
മുതുമുത്തച്ഛൻ പാഞ്ഞു വന്ന്
വലിച്ചു യാക്കിൻ പുറത്തിരുത്തി
പുറപ്പെട്ടു.

അമ്മയെവിടെ എന്നു കുട്ടി
ചോദിച്ചിരിക്കണം
അവരൊക്കെ പിറകിലുണ്ട്
എന്ന് മുത്തച്ഛൻ
ആശ്വസിപ്പിച്ചിരിക്കണം.
മഞ്ഞുപുതച്ച മലകൾക്കിടയിലെ ഗ്രാമങ്ങൾ
പിറകിൽ പുകഞ്ഞുകൊണ്ടിരുന്നു.

പൂത്തു കായ്ച്ചു പഴുത്തു പാകമാകാൻ
നിരവധി വർഷങ്ങളെടുക്കുന്ന
വിശേഷപ്പെട്ട ഒരു പഴത്തിൻ്റെ വിളവെടുപ്പാണിന്ന്

തിരിച്ചു വീടെത്താൻ
കൊടുംവളവുകളിൽ
കീഴ്ക്കാംതൂക്കു പാറക്കെട്ടുകളിൽ
വെള്ളാരംകല്ലുകൾകൊണ്ടും
ഇലച്ചായങ്ങൾകൊണ്ടും
മുമ്പൊരു കവി കോറിയിട്ടിട്ടുണ്ട്
എനിക്കുള്ള വഴിയടയാളങ്ങൾ

വാക്കുകൾ വകഞ്ഞുമാറ്റി
ഹിമാലയഗ്രാമത്തിലേക്കും
വിട്ടുപോന്ന വീട്ടിലേക്കും
ഉറ്റുനോക്കിയിരിക്കുക മാത്രം ചെയ്ത
കവികളുടെ പരമ്പരയിൽ പെട്ടവൻ ഞാനും.

നീയുമതെ,
പ്രിയപ്പെട്ട ടെൻസിൻ സ്യുൻഡേ,
കാലാൽ ജന്മനാടു തൊട്ടതിന്
ചീനാജയിലിൽ കിടന്നവനേ,
നീ ഹൃദയംകൊണ്ടു തൊട്ട നമ്മുടെ നാട്
വാക്കുകളുടെ മഞ്ഞുപൂക്കളായ്
എന്നിലൂടെയുതിരുന്നു.

മഞ്ഞിൻ്റെ ആത്മാവ്
ആഘോഷമായ് വരുന്നു
സ്വാതന്ത്ര്യം നൃത്തമാടുന്നിടത്തേക്ക്.
ഹിമനിദ്ര വിട്ടുണരുന്നു
എൻ്റെ കാല്പാട്
ലാസയിൽ

നാളത്തെ സൂര്യോദയത്തിൽ
ദലയ് ലാമയുടെ പത്മപാദങ്ങൾ
ഹിമനിദ്രവിട്ട്
കൊട്ടാരമുറ്റത്തു വിടരും

അതിനും മുമ്പീ ലാസ മുഴുവൻ
നഗരത്തിനു പിന്നിലുള്ള ശിഖരങ്ങൾ മുഴുവൻ
കാറ്റിൽ പാറുന്ന പ്രാർത്ഥനാ പതാകകൾ
കെട്ടാൻ
നേരത്തേ ഞാനിങ്ങു വന്നു.

നാട് സ്വതന്ത്രമായാലേ
നെറ്റിയിലെ ചുവന്ന ബന്താന അഴിക്കൂ
എന്ന് ടെൻസിൻ, നീയെഴുതി.
നീ അലിഞ്ഞുപോയിട്ടും
അതഴിയാതെ അതേപടി കിടക്കുന്നു
എൻ്റെയുള്ളിൽ

ഇതാ എൻ്റെ നാട്,
നമ്മുടെ വീട്,
കളിക്കുന്നേടത്തു നിന്നു പിരിഞ്ഞുപോയ
മുതുമുത്തച്ഛൻ്റെ അനിയന്മാരുടെ
മക്കളുടെ മക്കൾ,
യാക്കുകളും കുതിരകളും മേയുന്ന
കുന്നിൻ ചെരിവുകൾ,
വിഹാരമണിനാദം,
ഇതാ സ്വാതന്ത്ര്യത്തിൻ്റെ പുതുകവിത....

നിൻ്റെ ഇത്തിരിപ്പോന്ന ചുവന്ന ബന്താന
എൻ്റെയുള്ളിൽ നിന്നും
ഞാനഴിച്ചെടുത്ത്
ഒരു പ്രാർത്ഥനാപതാകയായ് വീശുമ്പോൾ
ആ നിഗൂഢശക്തിയിൽ
ചുകന്ന നെടുങ്കൻ ചീന
അകലെയകലെയകലെ
അഴിഞ്ഞഴിഞ്ഞുവീഴുന്നു...

തിബത്തിൽ നിന്നല്ലാത്ത തിബത്തുകാരാ,
തിബത്തിൽ ജീവിച്ചിട്ടേയില്ലാത്ത തിബത്തുകാരാ,
തിബത്തിൽ മരിക്കുമെന്നു നീ കണ്ട കിനാവാണ്
ഞാനിന്നു ജീവിക്കുന്ന സത്യമായ കവിത.

No comments:

Post a Comment