മഹമൂദ് അബു ഹഷ്ഹഷ് (പലസ്തീൻ)
കവിതകൾ
1
ഒരുപക്ഷേ
ഞാൻ പിറന്നുവീണ
കലാപകാലങ്ങളിൽ
എൻ്റെ ഹൃദയം ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ
എൻ്റെ കുഴിമാടത്തിൻ്റെ നെഞ്ചിലെ പൂത്തടം
പരിപാലിക്കാൻ
എൻ്റെ പ്രിയപ്പെട്ടവരും മറന്നുപോയേക്കും.
എൻ്റെ സ്നേഹിതരുടെ
കുഴിമാടങ്ങൾ പരിപാലിക്കാതെ
ഞാൻ വിട്ടുപോയതുപോലെ
2
തിരികല്ല്
വായു അരച്ചുപൊടിക്കുന്നു എൻ്റെയമ്മ
അത് പിടിപ്പിടിയായി
ഒരു പഴമ്പിഞ്ഞാണത്തിൽ പകരുന്നു
- ഒരു കൈ പിഞ്ഞാണത്തിൽ -
എന്നിട്ട് തിരികല്ലു വീണ്ടും തിരിക്കുന്നു.
ഗോതമ്പിൻ്റെ ഒടുക്കത്തെത്തരിവരെ ഞാൻ പൊടിക്കും
എൻ്റെ ആഗ്രഹം വീട്ടിൽ തന്നെ സൂക്ഷിക്കും
- തിരികല്ലിൻ താടിയെല്ലുകൾ
അമ്മയുടെ കണ്ണീരു പൊടിച്ചു.
ഒന്നും ചോദിക്കാതെ രാത്രി മുഴുവൻ ഞാൻ
നിനക്കൊപ്പം നിൽക്കും
- തിരികല്ലിൻ താടിയെല്ലുകൾ
അമ്മയുടെ ഹൃദയം അരച്ചു
എൻ്റെ മുറിവിൽ വെന്തെരിഞ്ഞാലും
ഞാനെൻ്റെ തീ കാക്കും
- തിരികല്ലിൻ താടിയെല്ലുകൾ
ഈ അഭയാർത്ഥി ക്യാമ്പിൽ
ഞങ്ങളുടെ ജീവിതങ്ങളരച്ചുപൊടിച്ചു.
3
അവ്യക്ത ചോദ്യം
വിദൂരത്തുള്ള
സുരക്ഷിതരായ എന്റെ കൂട്ടുകാർ
അവരുടെ വീടുകളിൽ
തെരുവുകളിൽ
ഓഫീസുകളിൽ
കളിസ്ഥലങ്ങളിൽ
നിന്നും
ഇങ്ങനെ ചോദിച്ച്
എനിക്കു സന്ദേശമയച്ചു:
"നിങ്ങളിപ്പോഴും ജീവനോടെയുണ്ടോ?"
എന്റെ അവ്യക്തമായ മറുപടി കിട്ടിയ ശേഷം
വീണ്ടുമെനിക്കെഴുതിയതേയില്ല
സുരക്ഷിതരായ എന്റെ കൂട്ടുകാർ
അവരുടെ വീടുകളിൽ
തെരുവുകളിൽ
ഓഫീസുകളിൽ
കളിസ്ഥലങ്ങളിൽ
നിന്നും
ഇങ്ങനെ ചോദിച്ച്
എനിക്കു സന്ദേശമയച്ചു:
"നിങ്ങളിപ്പോഴും ജീവനോടെയുണ്ടോ?"
എന്റെ അവ്യക്തമായ മറുപടി കിട്ടിയ ശേഷം
വീണ്ടുമെനിക്കെഴുതിയതേയില്ല
അവരാരും
No comments:
Post a Comment