*മഹാകവിയും മന്ദാക്രാന്തയും
സോവൻ ഭട്ടാചാര്യ (ബംഗാൾ, ജനനം: 1974)
നീ നിൽക്കുന്നൂ വടിവിൽ ഖജുരാഹോവിലെശ്ശില്പമെന്നേ
തോന്നുംവണ്ണം, ഭവതിയതിനാലപ്സരസ്സായിരിക്കാം
നീ പണ്ടേതോ കവിയുടെ മനം തന്നിൽ നിന്നും പിറന്നൂ
ഞാനിന്നും കണ്ടറിയുമവളായ് നിന്നെ, നീ മാറിയാലും
ലീലാലോലം ദിവസമഖിലം മാഞ്ഞു, മാഞ്ഞെൻ്റെ ബാല്യം,
കൺചിമ്മീടും ഞൊടിയിലൊഴുകിപ്പോയിടുന്നെൻ യുവത്വം
പ്രാരാബ്ധങ്ങൾ മുഴുവനെവിടുന്നുത്ഭവിപ്പൂ? മനസ്സം -
സ്കാരത്തിൽ നി?,ന്നിത, ചുളിവുകൾ വീണിതെൻ നെറ്റിയിന്മേൽ
നൃത്തോദ്യുക്തേ, വളരെ മെലിവാർന്നുള്ളതേ നിൻ്റെ മധ്യം,
ചുറ്റിപ്പോകും നദിവളവു പോൽ കണ്ടിടുന്നൂ നിതംബം
പുത്തൻകാലപ്പുതുകവി രചിക്കുന്ന കാവ്യത്തിലും നീ
നിൽപ്പൂ മുമ്പാ മഹിത കവിതന്നുള്ളിലായുള്ള പോലെ
നീയെത്തുമ്പോൾ പുതുമണമദം ഭൂമിയെപ്പൊത്തിടുന്നൂ
നീയെത്തുമ്പോൾ ചുവടെയണവൂ ഭൂമിയിൽ സ്വർഗ്ഗലോകം
നീ മിണ്ടുമ്പോൾ രസനയിലതാ വൃത്തമാടുന്നു നൃത്തം
താളം തുള്ളുന്നലകളുലയേ ദ്വാദശസ്സുസ്വരങ്ങൾ
നീ വെമ്പുന്നൂ സകല ഹൃദയം കാമനത്തീ പടർത്തി -
പ്പൊള്ളിച്ചീടാൻ, മുലകൾ വെളിവാകും വിധം ബ്ലൗസു വെട്ടാൻ
നീ വെമ്പുന്നൂ മുലകളെ വെറും കച്ചയാൽ മൂടിടുന്നോ-
രാ കാലത്തേക്കണയുവതിനായ്, സ്ലീവു വെട്ടുന്നതിന്നായ്
പായുന്നൂ നിൻ മുലകളലയായ് മേലെ മേലേക്ക്, സാരി -
ത്തുമ്പാൽ തീർക്കും ഞൊറികളിൽ മറഞ്ഞിന്നു നിൻ മധ്യഭാഗം
പണ്ടേപ്പോലേയരയിലൊരു വെൺമുക്തഹാരം ധരിച്ചും -
കൊണ്ടേ നിൽക്കുന്നതിനു പകരം, കാൺമു ഞാനിപ്രകാരം
മന്ദാക്രാന്തേ,യുടലഴകു നാമിത്രനാൾ വാഴ്ത്തി,യെന്നാ-
ലാരാനും ചെന്നണകിൽ രതിയാൽ ഹൃത്തി, ലില്ലാ മടക്കം
വാഴുന്നൂ നീ കഥകൾ മൊഴികൾ സർവ്വവും തീരുമേട-
ത്താലാപത്താൽ സ്വരഗതി തരംഗങ്ങളായ് നീട്ടിനീട്ടി
യോഗിക്കാവില്ലറിയുവതിനായ്, ലമ്പടന്നാവുകില്ലാ
നീ പ്രത്യക്ഷം വരുവതറിയാം കാവ്യകൃത്തിന്നു മാത്രം
ധ്യാനത്തിൽ താൻ മുഴുകി വിലയം കൊണ്ടിരിക്കുമ്പൊൾ നീയാ -
ലാർതൻ ചിത്തം തവിടുപൊടിയായ്, ആ കവിക്കുള്ളിൽ മാത്രം
* യാദൃച്ഛികമായി സംഭവിച്ചതാണ് ഈ പരിഭാഷ. കൽക്കത്തയിൽ ഒരു പരിപാടിയിൽ വെച്ചാണ് കവി സോവൻ ഭട്ടാചാര്യയെ പരിചയപ്പെട്ടത്. എന്നേക്കാൾ രണ്ടു വയസ്സിന് ഇളയവൻ. മികച്ച ബംഗാളി കവിക്കുള്ള 2025 ലെ യാപ്പൻചിത്ര പുരസ്കാരം സോവന് സമ്മാനിക്കുന്ന ചടങ്ങു കൂടിയായിരുന്നു അത്. ബംഗാളി എനിക്കു വായിക്കാനറിയില്ലെങ്കിലും തൻ്റെ കവിതാ പുസ്തകം ഒരു സൗഹൃദ സ്മൃതിയായി അദ്ദേഹമെനിക്കു സമ്മാനിച്ചു. എങ്കിൽ അതിലെ ഒരു കവിതയെങ്കിലും വായിച്ചു കേൾക്കണമെന്നായി ഞാൻ. മറിച്ചപ്പോൾ ആദ്യം കണ്ട കവിതയുടെ പേരു ഞാൻ ചോദിച്ചു. സോവൻ പറഞ്ഞു: മഹാകവിയും മന്ദാക്രാന്തയും. ഞങ്ങളുടെ രണ്ടു പേരുടേയും ശുഷ്കമായ ഇംഗ്ലീഷുകൊണ്ട് ഏതാണ്ട് ഒന്നര മണിക്കൂർ ആ കവിതയെപ്പറ്റി സംസാരിച്ചു. ഓരോ വരിയും വായിച്ച് സോവൻ ആശയം പറഞ്ഞു തന്നു. തുടർന്ന് ചെയ്തതാണ് ഈ പരിഭാഷ. പ്രാരബ്ധം,സംസ്കാരം തുടങ്ങി ഈ കവിതയിൽ ഉപയോഗിച്ചിട്ടുള്ള പല പദങ്ങളും ബംഗാളിയിലെ അതേ അർത്ഥത്തിൽ തന്നെ മലയാളത്തിലുമുള്ളത് പരിഭാഷ എളുപ്പമാക്കി. ബംഗാളിയിലും ഇത് വൃത്തബദ്ധമാണ്. സംസ്കൃതവൃത്തമായ മന്ദാക്രാന്തയെ ഓർമ്മിപ്പിക്കുന്ന ഏതോ ബംഗാളി വൃത്തം. പരിഭാഷയിൽ മന്ദാക്രാന്ത തന്നെ ഉപയോഗിച്ചിരിക്കുന്നു.
No comments:
Post a Comment