പ്രിയപ്പെട്ടവരേ,
എൻ്റെ നാട്ടിലെ റയിൽവേ സ്റ്റേഷനിൽ വണ്ടി കയറാൻ നിൽക്കുന്ന നേരത്താണ് കൽക്കട്ടയിൽ നിന്ന് യപൻചിത്ര ഫൗണ്ടേഷനു വേണ്ടി ശ്രീ മൃത്യുഞ്ജയ് എന്നെ ഫോണിൽ വിളിക്കുന്നത്. മാതൃഭാഷക്കകത്തുമാത്രം സുരക്ഷിതത്വം അനുഭവിക്കുന്ന ഒരു ജീവിയായ എനിക്ക് ഇംഗ്ലീഷിലുള്ള ഫോൺ കോളുകൾ സത്യത്തിൽ പേടിയാണ്. ആ പേടിക്കിടയിലൂടെ ഏതാണ്ടെനിക്കു കാര്യം മനസ്സിലായി. കേരളത്തിനു പുറത്ത് തീരെ അറിയപ്പെടാത്ത എന്നെ എന്തുകൊണ്ടാണ് ഇതിനായി തെരഞ്ഞെടുത്തത് എന്ന് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എൻ്റെ ഇംഗ്ലീഷ് സംസാരഭയത്താൽ അത്തരം സംശയങ്ങൾ ഞാൻ ഉള്ളിലടക്കി. സംസാരത്തിനിടയിൽ അദ്ദേഹം ഞാനാദരിക്കുന്ന മുതിർന്ന ഇന്ത്യൻ കവി ശ്രീ കെ സച്ചിദാനന്ദൻ്റെ പേര് പരാമർശിക്കുകയുണ്ടായി. ഫോൺ വെച്ചപ്പോൾ, എന്നെ കളിപ്പിക്കാൻ വേണ്ടി ആരോ വിളിച്ചതായിരിക്കും എന്നാണു തോന്നിയത്. കവിതകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ കൗമാരത്തിൽ എനിക്കാദ്യമായി കിട്ടിയ ആരാധികക്കത്ത് കള്ളപ്പേരിൽ ഒരു ചങ്ങാതി അയച്ച കത്തായിരുന്നു എന്നതാലോചിക്കുമ്പോൾ ഇന്നുമെനിക്കു കരച്ചിൽ വരാറുണ്ട്. അതുകൊണ്ട് ഉടനെ ഞാൻ സച്ചിമാഷെ വിളിച്ച് യപൻചിത്ര ഫൗണ്ടേഷനെക്കുറിച്ചും ഈ അവാർഡിനെക്കുറിച്ചും അന്വേഷിച്ചു. കവിതക്കുവേണ്ടി വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു ടീം ആണ് യബൻചിത്ര എന്നും തനിക്ക് വർഷങ്ങളായി അടുത്തറിയാമെന്നും വർഗ്ഗീയത പോലുള്ള യാതൊരു കറയും ഇതിനു പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് എനിക്ക് ഒരു വിധം സമാധാനമായത്. നെറ്റിൽ സെർച്ചു ചെയ്ത് യപൻചിത്ര ഫൗണ്ടേഷനെക്കുറിച്ചും അതിൻ്റെ പ്രസിദ്ധീകരണങ്ങൾ, സാഹിത്യ ഉത്സവം എന്നിവയെക്കുറിച്ചും ചില പ്രാഥമികവിവരങ്ങൾ തുടർന്നു ഞാൻ മനസ്സിലാക്കി.
അവാർഡ് വാങ്ങിക്കാൻ കൽക്കത്തക്കു വരണമല്ലോ എന്ന ചിന്ത എന്നെ ഒരേസമയം അസ്വസ്ഥനാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. മാതൃഭാഷക്കു പുറത്തേക്കു നടത്തുന്ന ശാരീരികയാത്രകൾ നൽകുന്ന അരക്ഷിതത്വഭീതി എന്നും എനിക്കുണ്ട് എന്നതാണ് അസ്വസ്ഥതക്കു കാരണം. മാതൃഭാഷക്കുള്ളിലൂടെ എങ്ങനെ വേണമെങ്കിൽ ഊളിയിടാം. എന്നാൽ മാതൃഭാഷക്കു പുറത്തുവന്നാൽ കരക്കു പിടിച്ചിട്ട മീനിനെപ്പോലെ പിടയും.ഇവിടെ വന്ന് ഇംഗ്ലീഷിൽ പ്രസംഗിക്കാൻ കഴിയില്ല എന്ന ഭയം കൊണ്ട് പറയാനുള്ളത് മലയാളത്തിലെഴുതി ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയാണ് ഞാൻ വന്നിരിക്കുന്നത്. ശാരീരികമായി അധികം സഞ്ചരിക്കാതെ കവിതകളിലൂടെ അലയാനാണ് എനിക്കിഷ്ടം. മറ്റു ഭാഷകളിൽ അവഗാഹമില്ലാത്തതിനാൽ ലോകത്തെഴുതപ്പെടുന്ന കവിതകൾ എൻ്റേതാക്കി ലയിപ്പിക്കാൻ മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഞാൻ കവിതാപരിഭാഷക്കു മുതിരുന്നത് എന്ന് ഒരു മണ്ടൻ തിയറി തന്നെ വിവർത്തനത്തെക്കുറിച്ച് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. മറ്റൊരു ഭാഷ അറിയുന്നതുകൊണ്ടല്ല, അറിയാത്തതുകൊണ്ടാണ് ഞാൻ പരിഭാഷാകർമ്മത്തിന് എപ്പോഴും മുതിരുന്നത്. കാരണം ലോകത്തിലെ എല്ലാ ഭാഷകളിലെയും കവികൾ എന്തെഴുതുന്നു എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ അതേ പ്രായക്കാരനായ ഒരു ബംഗ്ലാ കവി അല്ലെങ്കിൽ ഒരു ചൈനീസ് കവി ഇപ്പോൾ എന്താവും എഴുതുന്നത് എന്ന് ഞാനിടക്ക് ആലോചിക്കാറുണ്ട്.
അതുകൊണ്ടുതന്നെ, ഞാനേറെ സ്നേഹിക്കുന്ന ബംഗാളി സാഹിത്യത്തിൻ്റെ - പ്രത്യേകിച്ചും ബംഗാളി കവിതയുടെ - നാട്ടിലേക്ക്, കൽക്കത്തയിലേക്ക് വരുന്നു എന്നത് എന്നെ ആവേശം കൊള്ളിക്കുന്നു. മുമ്പു കാണാത്ത സ്ഥലങ്ങൾ കാണുന്നു എന്നതല്ല എൻ്റെ സമകാലീനരായ ബംഗ്ലാ
കവികളെയും നല്ല കവിതാ വായനക്കാരെയും നേരിൽ പരിചയപ്പെടാൻ കഴിയുന്നു എന്നതുതന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്രയുടെ ഹൈലൈറ്റ്. തമിഴ് കവിതയെയും തമിഴ്കവികളെയുമൊന്നും പരിചയപ്പെട്ടിട്ടില്ലാത്ത ചെറുപ്പകാലത്ത് ചികിത്സാകാര്യങ്ങൾക്കുവേണ്ടി തമിഴ്നാട്ടിൽ പല തവണ പോയപ്പോൾ എത്ര അരക്ഷിതനും ദുഃഖിതനുമായിരുന്നു ഞാൻ! പിൽക്കാലത്ത് തമിഴ് കവിതയും കവികളും പരിചിതമായപ്പോൾ ഞാനേ ആ നാട്ടുകാരനായപോലെ തോന്നി. സമകാല ബംഗ്ലാ കവിതയെക്കുറിച്ച് സാമാന്യമായി ചിലത് എനിക്കറിയാം. ആ സാമാന്യമായ ചിലതിനപ്പുറത്ത് പുറമേക്കു തീർച്ചയായും അറിയേണ്ട എത്രയോ കവിശബ്ദങ്ങൾ ഇവിടെയുണ്ട്. മലയാളത്തിൽ ഉള്ളതുപോലെത്തന്നെ. എത്ര കവിതകൾ എഴുതിയിട്ടും തീരെ എഴുതപ്പെടാത്ത ഒരു ഞാനുണ്ട്. എത്ര പ്രകാശിച്ചാലും വീണ്ടും ഇരുൾ വന്നു മൂടുന്ന ഒരിടം. ആ എന്നെ എഴുതാൻ ഞാൻ ഇവിടെ വന്ന് പുതുതായി പരിചയപ്പെടുന്ന ഒരു പുതിയ ബംഗ്ലാ കവിക്കു കഴിയും എന്നു ഞാൻ പ്രത്യാശിക്കുന്നു. ഇങ്ങനെയൊരു സാഹോദര്യത്തിന് വലിയ അവസരം തന്നതിന് യപൻചിത്ര ഫൗണ്ടേഷനോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
മലയാള സാഹിത്യത്തിലെ ആദ്യത്തെ ബംഗാൾ ബന്ധം ജയദേവ കവിയുടെ ഗീതഗോവിന്ദത്തിലൂടെയാണ്. കേരളത്തിലെ സോപാനസംഗീതത്തിൽ ഗീതഗോവിന്ദത്തിലെ പദങ്ങൾ ഇന്നും പാടിവരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ചങ്ങമ്പുഴയേയും സുഗതകുമാരിയെയും പോലുള്ള കവികളെ പോലും സ്വാധീനിക്കാൻ ഗീതഗോവിന്ദത്തിനു കഴിഞ്ഞിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ ഇന്നുവരെയും നിലനിൽക്കുന്ന സ്വാധീനമാണ് രബീന്ദ്രനാഥ ടാഗൂറിൻ്റേത്. ടാഗോർ കവിതകളുടെ പരിഭാഷകൾ പുതിയ കവികൾ കൂടിയും പുറത്തിറക്കുന്നു. കേരളത്തിലെ പ്രൈമറി മലയാള പാഠപുസ്തകങ്ങളിൽ ടാഗോർക്കവിതകളുടെ പരിഭാഷകൾ ഇപ്പോഴും പാഠഭാഗമാണ്. മലയാള കവിതയുടെ ഭാവുകത്വമാറ്റങ്ങളിൽ ടാഗൂർ സ്വാധീനം കാര്യമായിത്തന്നെ ഇടപെട്ടിട്ടുണ്ട്. 1920-30 കാലത്ത് മലയാളത്തിൽ ഗദ്യകവിതകൾ ആദ്യമായി വരുന്നതിനു പിന്നിൽ ടാഗോർക്കവിതയുടെ പ്രചോദനമുണ്ട്. ജ്ഞാനപീഠപുരസ്കർത്താവ് ജി ശങ്കരക്കുറുപ്പിലെന്നപോലെ തന്നെ ആധുനികതയുടെ തുടക്കക്കാരിൽ പ്രമുഖനായ ആർ. രാമചന്ദ്രനിലും ടാഗൂറിയൻ മിസ്റ്റിസിസം ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. എഴുത്തു ജീവിതത്തിൻ്റെ രണ്ടാം ഘട്ടത്തിൽ ഒരു തരം ന്യൂനോക്തിയിൽ കുരുങ്ങി നിലച്ചു പോകുമെന്നായ എൻ്റെ സ്വന്തം കവിതയെ മുന്നോട്ടൊഴുകാൻ പ്രചോദിപ്പിച്ചത് ജി.ശങ്കരക്കുറുപ്പിൻ്റെ ഗീതാഞ്ജലി പരിഭാഷയാണ് എന്നത് നന്ദിപൂർവ്വം ഓർക്കുന്നു. ഒഴുകൂ ഒഴുകൂ എന്ന് ആ പരിഭാഷകൾ എന്നെ ഓളംകൊള്ളിച്ചു.
താരതമ്യേന വൈകിയാണ് ജീബനാനന്ദദാസിൻ്റെ കവിതകൾ അയ്യപ്പപ്പണിക്കരുടെ പരിഭാഷയിലൂടെ മലയാളത്തിൽ വന്നതെങ്കിലും ഇരുട്ടും വിഷാദവും തിളങ്ങുന്ന ഏകാന്തസ്ഥലികൾ ആ കവിതകൾ എനിക്കു സമ്മാനിച്ചിട്ടുണ്ട്. പക്ഷികളും പുഴകളുമെല്ലാം വീട്ടിലേക്കു തിരിച്ചു പോയ ശേഷം, പകലൊടുങ്ങി ഇരുട്ടുമാത്രപ്പോൾ ഒപ്പമിരുന്ന് നാട്ടോരിലെ ബനലതാസെൻ എൻ്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിയ ആ നോട്ടമാണ് എനിക്ക് ബംഗാളികവിത.
എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലെ ബംഗ്ലാ കവിത മലയാളത്തിലേക്ക് വളരെ കുറച്ചു മാത്രമേ എത്തുകയുണ്ടായുള്ളൂ. കെ. സച്ചിദാനന്ദൻ്റെ ചില പരിഭാഷകൾ മാത്രമാണ് ഓർമ്മിക്കാനുള്ളത്.ശക്തി ചതോപാദ്ധ്യായ്, ശംഖ ഘോഷ്, സുഭാഷ് മുഖോപാദ്ധ്യായ്, സുനിൽ ഗംഗോപാദ്ധ്യായ് തുടങ്ങിയ ആ കാലത്തെ കവികളുടെ കവിതകളെക്കുറിച്ച് ഇംഗ്ലീഷ് വായനയിലൂടെ ലഭിച്ച ചില അനുഭവങ്ങൾ മാത്രമേ ഞങ്ങൾക്കുള്ളൂ. ഇവിടെ എടുത്തുപറയേണ്ട ഒരു പ്രധാനകാര്യം ബംഗ്ലായിൽ നിന്ന് നേരിട്ടുള്ള ധാരാളം പരിഭാഷകൾ ഫിക്ഷൻ്റെ മേഖലയിൽ നടന്നെങ്കിലും കവിതയിൽ അത്തരം ശ്രമങ്ങളൊന്നുമുണ്ടായില്ല എന്നതാണ്. ബിമൽ മിത്ര, സാവിത്രി റോയ്, ആശാപൂർണ്ണാദേവി, സുനിൽ ഗംഗോപാദ്ധ്യായ്, മഹാശ്വേതാദേവി തുടങ്ങിയവരുടെ നോവലുകളെല്ലാം നേരിട്ട് മലയാളത്തിലേക്കു ധാരാളമായി വന്നു. ബംഗാളി നോവലുകൾക്ക് വലിയൊരു മാർക്കറ്റ് തന്നെ മലയാളത്തിൽ ഉണ്ടായി വന്നു. പ്രസാധകരും പരിഭാഷകരും ആ മാർക്കറ്റ് തിരിച്ചറിഞ്ഞതുകൊണ്ടാവാം ഫിക്ഷനു പിറകേയുള്ള പോക്കിൽ കവിതയെ തീർത്തും അവഗണിച്ചു. ആ വിടവ് ബംഗ്ലാ കവിതയുടെ കാര്യത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് വസ്തുത. അത് അടിയന്തിരമായി പരിഹരിക്കേണ്ട വിടവാണ് എന്നും ഞങ്ങൾക്കറിയാം. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ആധുനിക കവിതകളിലൊന്നിൻ്റെ പേര് ബംഗാൾ എന്നാണ്. കെ. ജി. ശങ്കരപ്പിള്ള എഴുതിയ ആ രാഷ്ട്രീയ കവിത തുടങ്ങുന്നത് "ബംഗാളിൽ നിന്ന് ഒരു വാർത്തയുമില്ല" എന്നാണ്. ഇരുപതാം നൂറ്റാണ്ടൊടുവിലെ ബംഗ്ലാ കവിതക്കു കൂടി യോജിച്ചതാണ് മലയാളത്തെ സംബന്ധിച്ചിടത്തോളം ആ പരാമർശം.
സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിൻ്റെ പതിപ്പുകളിലൂടെ സമകാല ബംഗാളി കവിതയിലെ ചില പ്രധാന ശബ്ദങ്ങൾ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത കവി സമ്പൂർണ്ണാ ചാറ്റർജിയുടെ പരിഭാഷകളിലൂടെ ജോയ് ഗോസ്വാമി ഞങ്ങളുടെ പ്രിയ കവിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പൂർണ്ണയുടെ പരിഭാഷകളെ ആസ്പദമാക്കി ജോയ് ഗോസ്വാമിയുടെ പല കവിതകൾ ഞാൻ തന്നെ മലയാളത്തിലാക്കിയിട്ടുണ്ട്. ജോയ് ദായുടെ കാവ്യജീവിതത്തെ മുൻനിർത്തി എടുത്ത Lake of Fleeting Lights എന്ന ഡോക്യുമെൻ്ററി സിനിമ ഞങ്ങൾ ആവേശത്തോടെ കണ്ടിട്ടുണ്ട്. എന്നാൽ പ്രാദേശികഭാഷക്കകത്തു മാത്രം ഒതുങ്ങിനിൽക്കുന്ന അമൂല്യമായ എത്രയോ കവിസ്വരങ്ങൾ ബംഗ്ലായിലുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു. ഈ സന്ദർശനം ആ ലോകത്തെക്കുറിച്ചു കൂടുതൽ അറിയാൻ എന്നെ സഹായിക്കും എന്നതാണ് പ്രതീക്ഷ.
കാവ്യകലയുടെ ഒരു ഉപാസകൻ എന്ന നിലയിൽ ബംഗ്ലാ കവിതയും മലയാളവും തമ്മിലെ ബന്ധത്തെക്കുറിച്ചു മാത്രമാണ് ഞാൻ സംസാരിച്ചത്. ഇരുപത്തിരണ്ടാം വയസ്സിൽ ഞാനെഴുതിയ ആദ്യകവിതകളിലൊന്നിൻ്റെ പേര് മശായ് എന്നാണ്. ആരോഗ്യനികേതനം എന്ന നോവലിനോടുള്ള എൻ്റെ ആദരവിൻ്റെ പ്രകടനമായിരുന്നു ആ ചെറുകവിത. ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യയുടെ ആരണ്യക്കാണ് എഴുതിത്തുടങ്ങിയ കാലത്ത് എന്നെ കവിതയിലേക്കു വെളിച്ചം കാണിച്ച മറ്റൊരു നോവൽ. അതീൻ ബന്ദോപാദ്ധ്യായയുടെ നീലകണ്ഠപ്പറവയെത്തേടി(Neelkanth Pathir Khoje) എന്ന നോവലിനെക്കുറിച്ചു കൂടി പറയാതെ വയ്യ. മറ്റു ബംഗ്ലാ നോവലുകളിൽ നിന്നെല്ലാം പല നിലക്കു വ്യത്യസ്തമായ ആ ക്ലാസിക് കൃതിക്ക് ഇംഗ്ലീഷിലും മലയാളത്തിലും വിവർത്തനം വന്നിട്ടില്ല. എനിക്ക് അത്രയൊന്നും വായനാസുഗമതയില്ലാത്ത തമിഴ്ഭാഷയിലാണ് ഞാനാ നോവൽ വായിച്ചത്.സത്യജിത് റായും ഋത്വിക് ഘട്ടക്കും ഉൾപ്പെടെയുള്ളവരുടെ സിനിമകളെക്കുറിച്ചൊന്നും ഞാനിവിടെ പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. രബീന്ദ്രസംഗീതവും ബാവുളും ഉൾപ്പെടെയുള്ള ബംഗ്ലാ സംഗീതവും ചിത്ര - ശില്പകലകളുടെ മഹത്തായ ബംഗ്ലാ പാരമ്പര്യവും ഞങ്ങളെ ചലനം കൊള്ളിച്ചതിനെക്കുറിച്ചും ബംഗാൾ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ കേരളജനതയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുമൊന്നും ഞാനീ ചെറിയ സംസാരത്തിൽ വിശദമായി പ്രതിപാദിക്കുന്നില്ല. 1922 ൽ രബീന്ദ്രനാഥ ടാഗൂർ കേരളത്തിൽ വന്ന് നാരായണ ഗുരുവിനെ സന്ദർശിച്ചത് ഞാനിവിടെ സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. ആ സന്ദർഭത്തിൽ മലയാളത്തിൻ്റെ മഹാകവി കുമാരനാശാൻ മഹാകവി ടാഗൂറിന് എഴുതി സമർപ്പിച്ച കവിതയിൽ അദ്ദേഹത്തെ ദിവ്യകോകിലം എന്നാണ് വിശേഷിപ്പിച്ചത്.കുമാരനാശാനെപ്പോലെ, ബാലാമണിയമ്മയേയും കമല സുരയ്യയെയും പോലെ മലയാളത്തിലെ ലെജൻ്ററി എന്നു വിളിക്കാവുന്ന ചില കവികൾക്ക് ബംഗാളും കൽക്കത്തയുമായുണ്ടായിരുന്ന ഭൗതികബന്ധവും ഞാനിവിടെ സൂചിപ്പിച്ചു പോവുന്നു. മഹാകവി വള്ളത്തോൾ കേരള കലാമണ്ഡലം സങ്കല്പിച്ചതിനു പിന്നിൽ ശാന്തിനികേതൻ്റെ ചൈതന്യം തീർച്ചയായുമുണ്ടല്ലോ. മലയാളിക്കൊരിക്കലും മറക്കാൻ കഴിയാത്ത അനശ്വരമായ ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച സലീൽ ചൗധരിയുടെ പേര് പരാമർശിച്ചു പോരുക മാത്രം ചെയ്യുന്നു.കൽക്കത്താ നഗരം സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും കമലാ സുരയ്യയും ഉൾപ്പെടെയുള്ളവരുടെ കവിതകളിൽ പലപ്പോഴും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും കൽക്കത്തയുമായി ബന്ധമുള്ള എഴുത്തുകാരായ എൻ്റെ മലയാളി സുഹൃത്തുക്കളെയും ഞാൻ ഓർക്കുന്നു. സുനിൽ ഞാളിയത്ത്, സുസ്മേഷ് ചന്ത്രോത്ത്, ഇ. സന്തോഷ് കുമാർ തുടങ്ങിയവരെ.സന്തോഷ്കുമാറിൻ്റെ കഥകളുടെ ബംഗ്ലാ പരിഭാഷ ഈയിടെ പുറത്തുവന്നതായി മനസ്സിലാക്കുന്നു. ബാവുൾ സംഗീതത്തിനായി സ്വയം സമർപ്പിക്കാൻ ശാന്തിപ്രിയ ബാവുളിനെപ്പോലുള്ള ഗായകർ ഇന്ന് കേരളത്തിൽ നിന്നു ബംഗാളിലേക്കു വരുന്നു.
കവിതകൾ പരസ്പരം കൈമാറുന്നതിൻ്റെ സാംസ്കാരികപ്രാധാന്യത്തെക്കുറിച്ചാണ് എൻ്റെ ഊന്നൽ. കേരളീയ സാംസ്കാരിക ജീവിതത്തിൻ്റെ താക്കോൽ വാക്ക് കലർപ്പ് ആണെന്ന് ഞാൻ വിചാരിക്കുന്നു. വെള്ളം കടക്കാത്ത തനിത്തനി അറകളല്ല മലയാളിയെ സംബന്ധിച്ച് ഒന്നും. ബംഗ്ലായുടെ കലർപ്പും മലയാളി ജീവിതത്തിലുണ്ട് എന്നും ഇനിയും ഉണ്ടാവും എന്നുമാണ് ഞാൻ പറഞ്ഞത്. എൻ്റെ ജന്മനഗരമായ പട്ടാമ്പിയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ തന്നെ ബംഗ്ലാ വാക്കുകൾ ഇപ്പോൾ എൻ്റെ കാതിൽ വന്നു വീഴുന്നു: കേമാനാ അച്ചേനാ ബന്ധുരാ,അല്ലെങ്കിൽ മജൂരി ഖുബ കാമ, അങ്ങനെ.
ജീവിതത്തിലെ ഈ കലർപ്പിൽ സന്തോഷിക്കാനും അതൊരു മൂല്യമായി ഉയർത്തിപ്പിടിക്കാനുമാണ് സംസ്ക്കാരചരിത്രം എന്നെ പഠിപ്പിച്ചിട്ടുള്ളത്. ജാതിയുടെയും മതത്തിൻ്റെയും വംശത്തിൻ്റെയും വർണ്ണത്തിൻ്റെയും മറ്റും പേരിൽ ജനങ്ങൾക്കിടയിൽ അകലങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ കലർപ്പിൻ്റെ സംസ്കാരം കാത്തുസൂക്ഷിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട് എന്നു ഞാൻ കരുതുന്നു. ആധുനിക ജനാധിപത്യമൂല്യങ്ങളുമായി ഇനിയും പൂർണ്ണമായും പൊരുത്തപ്പെട്ടിട്ടില്ലാത്ത ജനതയാണ് ഇന്ത്യയിലേത്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജാതി, മത, വംശ, ഫ്യൂഡൽ, കൊളോണിയൽ കാലവും ഏതാനും ദശാബ്ദങ്ങളുടെ മാത്രം ചരിത്രമുള്ള ആധുനികജനാധിപത്യകാലവും തമ്മിലുള്ള ബൃഹത്തായൊരു വടംവലിയാണ് ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യം. ആയിരക്കണക്കിനു കൊല്ലത്തെ പിൻവിളിക്കാവും സ്വാഭാവികമായും ഊക്കു കൂടുക. ഞാൻ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ ഊന്നുക എന്നതാണ് എൻ്റെ രാഷ്ട്രീയം. ജീവിതത്തിൻ്റെ സമസ്ത മേഖലയും ജനാധിപത്യവൽക്കരിച്ചുകൊണ്ടല്ലാതെ നമുക്കു മുന്നോട്ടു പോകാനാവില്ല. അനുനിമിഷം വികസ്വരമായിക്കൊണ്ടിരിക്കുന്ന ഏറ്റവും സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലമായാണ് ഞാൻ കവിതയെ കാണുന്നത്. ഒരിക്കൽ ആ പൊതുമണ്ഡലത്തിൻ്റെ ഭാഗമായിക്കഴിഞ്ഞാൽ കവിതയുമായി ബന്ധപ്പെട്ട എല്ലാ പാരമ്പര്യങ്ങളും എല്ലാ ഉപകരണങ്ങളും എല്ലാവരുടേതുമായിക്കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സ്വാതന്ത്ര്യത്തിനെക്കൂടിയാണ് ഞാൻ കലർപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കാലത്ത് ഉപരിവർഗ്ഗങ്ങളിലെ പുരുഷന്മാരുടെ സംഘ ശബ്ദം മാത്രമാണ് മലയാളകവിത കേൾപ്പിച്ചത്. പിന്നീടതിൽ 18-ാം നൂറ്റാണ്ടോടുകൂടി വ്യക്തികളുടെ ശബ്ദം കേട്ടുതുടങ്ങി. 19-ാം നൂറ്റാണ്ടോടെ സ്ത്രീകളുടെ ശബ്ദം സജീവമായി. ഇരുപതാം നൂറ്റാണ്ടിൽ, അന്നേവരെ എഴുത്തിൻ്റെയും വായനയുടെയും സാഹിത്യത്തിൻ്റെയും ലോകത്തുനിന്നു മാറ്റിനിർത്തപ്പെട്ട മുഴുവൻ മനുഷ്യരുടെയും ആവിഷ്ക്കാരങ്ങൾ കവിത എന്ന പൊതുമണ്ഡലത്തെ ചലനാത്മകവും വിസ്തൃതവും വികേന്ദ്രീകൃതവുമാക്കിമാക്കി. ഇന്ന് കേരളത്തിൽ 15 ഓളം ആദിവാസിഭാഷകളിൽ കവികൾ കവിതകളെഴുതുന്നുണ്ട് എന്നതിൽ ഞാൻ
അഭിമാനിക്കുന്നു. മലയാളം മാത്രമല്ല കേരളം എന്നായിരിക്കുന്നു. ആദിവാസി കവിതയുടെ സാംസ്ക്കാരിക പാരമ്പര്യം ഇന്ന് എൻ്റെ പൊതുകവിതാപാരമ്പര്യത്തിൻ്റെ കൂടി ഭാഗമാണ്. കേരളത്തിലെ മുസ്ലീം ജനതയുടെ പാരമ്പര്യത്തിൽ നിന്ന് ഉറവെടുത്ത മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിലെ പ്രമുഖരായ കവികൾ ഇന്ന് കേരളത്തിൻ്റെ പൊതുപാരമ്പര്യത്തിൻ്റെ ഭാഗംതന്നെയാണ്. ഇങ്ങനെ വിസ്താരമാർന്ന പൊതുമണ്ഡലമായിത്തീർന്ന മലയാളകവിതയിലാണ് എന്നെപ്പോലൊരു കവി പണിയെടുക്കുന്നത്.
1990 കളിൽ എഴുത്തിൽ സജീവമായ ഒരു തലമുറയിലാണ് എൻ്റെ ഇടം. ആധുനികതയോട് സംവദിച്ചും വിയോജിച്ചും അതിൻ്റെ പ്രഭാഷണപരതയെ ഒരളവോളം വെടിഞ്ഞ് അനുഭവപരതയിൽ ഊന്നിയുമാണ് ഈ തലമുറ അതിൻ്റെ അടയാളങ്ങൾ കാണിച്ചത്. ഞാൻ എഴുതിത്തുടങ്ങുന്ന സമയത്ത് മലയാള കവിത പൊതുവേ ഉച്ചസ്ഥായിയിലുള്ളതായിരുന്നു. എല്ലാം അതി ആയിരുന്നു. മെലോഡ്രാമയോളമെത്തുന്ന അതിനാടകീയത, ആവേശഭരിതമായ മുദ്രാവാക്യത്തോളമെത്തുന്ന രാഷ്ട്രീയപ്രകടനപരത, അതികാല്പനികത, അതിസംഗീതം എന്നിങ്ങനെ. സാധാരണയിൽ കവിഞ്ഞു വലിപ്പമുള്ള പുതിയ സങ്കരഇനം തക്കാളിയും പച്ചക്കറികളും ഞങ്ങളുടെ വീടുകളിലെത്തിയതും അതിയായി മുഴങ്ങുന്ന വാക്കുകളുള്ള കവിത വായനക്കെത്തിയതും ഒരേ കാലത്താണ്. അതുകൊണ്ട് എനിക്ക് എൻ്റെ ചെറിയ അനുഭവലോകം എഴുതാനുള്ള ഒരു കുഞ്ഞുഭാഷ ഉണ്ടാക്കേണ്ടിയിരുന്നു. അവിടുന്നിങ്ങോട്ട് പല കാലത്ത് കവിതയെക്കുറിച്ചുള്ള പല സങ്കല്പനങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. കവിത നിലച്ചുപോകും എന്ന നിലയിൽ നിന്ന് വീണ്ടും തുടങ്ങേണ്ടി വന്നിട്ടുണ്ട്. സ്വയം അഴിച്ചു പണിയാനുള്ള ഉപാധിയായി എന്നെ സംബന്ധിച്ചിടത്തോളം കവിത മാറിയിട്ടുണ്ട്.സവിശേഷമായ ഒരു നോട്ടനിലയെ ഭാഷാനുഭവമാക്കുന്നു കവിത. ഭാഷയിലൂടെ ചലിക്കുന്നതിൻ്റെ ഹരമാണെന്നെ നയിക്കുന്നത്.
ഒരു വായനക്കാരൻ എന്ന നിലയിൽ എന്നിലെ കവിയെ ഒരു ശരാശരിക്കവി എന്നേ ഞാൻ വിളിക്കൂ. എൻ്റെ മാനദണ്ഡങ്ങളിലേക്ക് എൻ്റെ കവിത എത്തിയിട്ടില്ല എന്നു തന്നെ ഞാൻ പറയും. ആത്മവിശ്വാസക്കുറവല്ല ഇത്. മറിച്ച് എഴുതിത്തോൽക്കുന്ന കവിതയിൽ ഞാൻ വിശ്വസിക്കുന്നു എന്നതുകൊണ്ടാണ്. ഇരുട്ടിൽ നിന്ന് എന്തോ വാരിയെടുക്കാനുള്ള ശ്രമം പോലെ പരാജയപ്പെടുന്ന ഒന്ന്. അങ്ങനെ എഴുതിത്തോറ്റ നിരവധി കവികൾ കൂടി ചേർന്ന് സൃഷ്ടിച്ചതാണ് എൻ്റെ കളിമണ്ണായ ഭാഷ. എനിക്കിഷ്ടപ്പെട്ട കവിതകളെല്ലാം ഞാനെഴുതിയതാണ് എന്നു വിശ്വസിച്ചുകൊണ്ടാണ് ഞാനീ തോൽവിയെ മറികടക്കുന്നത്; അത് ഏതു ഭാഷയിലുള്ളതായാലും.വർത്തമാനകാലത്തിൽ തന്നെ വിതയും കൊയ്ത്തും നടക്കുന്ന മാധ്യമമാണ് ഫിക്ഷനെങ്കിൽ കവിതയിൽ കൊയ്ത്ത് ഭാവിയിലെവിടെയോ നടക്കുന്നു. ആ നിലയിൽ ഭാവിയുടെ മാധ്യമമാണ് കവിത. വായനക്കാരിലെത്താൻ കവിത ലോകമെമ്പാടുമെന്ന പോലെ മലയാളത്തിലും പെടാപ്പാടു പെടുന്നുണ്ട്. എൻ്റെ കവിതയുടെയല്ല, എനിക്കിഷ്ടപ്പെട്ട കവിതയുടെ സുവിശേഷകനായി ഞാൻ കവിതക്കൊപ്പം നിൽക്കുന്നു. എൻ്റെ കവിതക്കു വേണ്ടി അതു വായിച്ചിഷ്ടപ്പെടുന്ന ആരെങ്കിലും സംസാരിക്കുമായിരിക്കാം എന്നു മാത്രം.
യപൻചിത്ര ഫൗണ്ടേഷനും നല്ല കവിതക്കായി സുവിശേഷപ്രവർത്തനം നടത്തുന്നു. യബൻചിത്ര പ്രസിദ്ധീകരിച്ച ബംഗ്ലാ കവിതാ പുസ്തകങ്ങളുടെ കവർചിത്രങ്ങൾ ഇൻ്റർനെറ്റിൽ കണ്ടതിൻ്റെയും പ്രബുൽ കുമാർ ബസു എഡിറ്റ് ചെയ്ത യപൻചിത്ര ഇൻ്റർനാഷണൽ പോയട്രി ഇഷ്യുവിലൂടെ ഒന്നു കടന്നുപോയതിൻ്റെയും അടിസ്ഥാനത്തിലാണ് ഞാനിതു പറയുന്നത്. അതതു ഭാഷകളിൽ ജീവിക്കുമ്പോൾ തന്നെ മറ്റു ഭാഷകളിലേക്ക് ആ വെളിച്ചം പകർന്ന് നല്ല കവിതയെ ലോകം മുഴുവൻ എത്തിച്ചുകൊണ്ടേ, വിപണി എല്ലാം തീരുമാനിക്കുന്ന ഈ കാലത്ത് കവിതക്ക് നിലനില്പു സാധ്യമാകൂ എന്ന് തിരിച്ചറിയുന്നു യപൻചിത്ര ഫൗണ്ടേഷൻ എന്ന് ഞാൻ മനസ്സിലാക്കുന്നു. മുമ്പുണ്ടായിരുന്ന ലിറ്റിൽ മാഗസിൻ സംസ്കാരം മലയാളിക്ക് ഇന്നു നഷ്ടപ്പെട്ടുകഴിഞ്ഞു. വിപണിക്കു പ്രിയങ്കരമല്ലാത്ത കവിതാപുസ്തകങ്ങളുടെ പ്രകാശനം മലയാളത്തിൽ വലിയ വെല്ലുവിളി നേരിടുന്നു. വിപുലമായ വിതരണസംവിധാനമുള്ള രണ്ടോ മൂന്നോ വലിയ പ്രസാധകർ വഴി പുറത്തുവന്നാൽ മാത്രമേ പുസ്തകങ്ങൾ വായനക്കാരിലെത്തൂ എന്ന നിലയുണ്ട്. ചെറുപ്പക്കാരായ പുതിയ നല്ല കവികൾക്കുപോലും പ്രസാധകരുടെ മുന്നിൽ വർഷങ്ങളോളം ഊഴം കാത്ത് ക്യൂവിൽ നിൽക്കേണ്ടിവരുന്നു. പ്രസിദ്ധീകരിക്കാം എന്ന് ഏറ്റ ശേഷം മൂന്നും നാലും വർഷം കവിതാപുസ്തകങ്ങൾ വെച്ചു താമസിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ കവിതാ പ്രസാധന രംഗത്തെ യപൻചിത്രയുടെ പ്രവർത്തനങ്ങൾ പുതിയ കാലത്ത് ഒരു മാതൃകയാണ് എന്നു ഞാൻ വിചാരിക്കുന്നു.
കാവ്യോത്സങ്ങൾ പലതും കേരളത്തിലും നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ ഭാഷാ കവിതകൾക്കായി ഇങ്ങനെയൊരു പുരസ്ക്കാരം കേരളത്തിലില്ല. വിശാലമായ ഒരു പശ്ചാത്തലത്തിൽ കവിതയെ കണ്ടു കൊണ്ടു നൽകുന്ന ഈ പുരസ്കാരം ഞാൻ എൻ്റെ ഭാഷക്കുവേണ്ടി വിനയപൂർവ്വം ഏറ്റുവാങ്ങുന്നു. കേരളത്തിനു പുറത്തു നിന്ന് എനിക്കു ലഭിക്കുന്ന ആദ്യ പുരസ്ക്കാരമാണിത്. ജനിച്ച നാട്ടിലും ഭാഷയിലും ഒതുങ്ങി കഴിഞ്ഞുകൂടുന്ന, ലോകകവിതയുടെയും ഇന്ത്യൻ കവിതയുടെയും ഭാഗമായി സ്വന്തം കവിതയെ കാണാൻ ശ്രമിക്കുമ്പോഴും മറ്റൊരു നിലയിൽ ഒരു ഉൾനാട്ടുകവി എന്ന് സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുകപോലും ചെയ്യുന്ന എന്നെപ്പോലൊരാളെ ഈ അംഗീകാരം തേടിയെത്തി എന്നത് അത്ഭുതപ്പെടുത്തുന്നു.
ഏതാണ്ട് കാൽ നൂറ്റാണ്ടു മുമ്പ് ഞാനൊരു കവിയായി അറിയപ്പെട്ടു തുടങ്ങിയ കാലത്ത് കേരളം സന്ദർശിച്ച ഒരു ബംഗാളികവി എന്നെ ജോലിസ്ഥലത്തു വന്നു കണ്ടതോർക്കുന്നു. ആ ഒരൊറ്റ ദിവസം കുറച്ചു സമയമേ ഞങ്ങൾ സംസാരിച്ചിരുന്നുള്ളൂ എങ്കിലും അതിപ്പോഴും ഒരു നല്ല ഓർമ്മയാണ്. ആ കവിയെക്കുറിച്ച് പിന്നീട് ഞാനൊന്നും അറിഞ്ഞില്ല. അവർ ഒപ്പിട്ടു തന്ന ബംഗാളി കവിതാസമാഹാരം ഇപ്പോഴും എൻ്റെ കയ്യിലുണ്ട്. അവരുടെ പേര് രൂപാ ദാസ് ഗുപ്ത എന്നായിരുന്നു. ഈ അവാർഡ് വിവരം കിട്ടിയ സന്ദർഭത്തിൽ ഞാൻ വീണ്ടും അവരെ ഓർത്തു. അവരുടെ പേര് ഗൂഗിളിൽ സെർച്ചു ചെയ്തപ്പോൾ അതേ പേരുള്ള ഒരുപാടാളുകളുടെ വിവരങ്ങൾ മുന്നിൽ നിരന്നു. കവി രൂപാ ദാസ് ഗുപ്തയെ അതിൽനിന്നെനിക്കു വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. അപ്രതീക്ഷിതമായി അവർ അന്നു ചിരിച്ചുകൊണ്ട് കടന്നുവന്നതുപോലെ ഇപ്പോൾ ബംഗാളിൽ നിന്നുള്ള ഈ പുരസ്കാരം എന്നെ തേടി വന്നിരിക്കുന്നു.
ഒരു ചെറിയ കവിതാശകലം ഉദ്ധരിച്ച് ഞാനീ സംസാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത് ഒരു മലയാളകവിതയോ ബംഗ്ലാ കവിതയോ ഇംഗ്ലീഷ് കവിതയോ അല്ല. മറിച്ച് ഒരു തമിഴ് കവിതയാണ്. തമിഴിലെ പ്രശസ്തനായ ആധുനിക കവി ജ്ഞാനക്കൂത്തൻ കൽക്കത്ത സന്ദർശിച്ച ശേഷം ഒരു കവിത എഴുതിയിട്ടുണ്ട്. മണ്ണുകൊണ്ടുണ്ടാക്കിയ ചായക്കപ്പ് എന്നാണതിൻ്റെ പേര്. ആ കവിതയുടെ അവസാന വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.
കൽക്കത്താ, നിന്നെ ഞാൻ സ്നേഹിക്കുന്നു
മധുരിക്കുന്നു നീ
ഞാൻ നിനക്കു കവിത തരാം
നീ എനിക്കു മണ്ണുകൊണ്ടുണ്ടാക്കിയ
ഒരു ചായക്കപ്പ് താ
(7- 3- 2025 - ന് കൽക്കത്തയിൽ യപൻചിത്ര ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നടത്തിയ പ്രസംഗം)
No comments:
Post a Comment