Saturday, March 29, 2025

അദീലിയ പ്രാദോ (ബ്രസീൽ, പോർച്ചുഗീസ്, ജനനം: 1935)

അദീലിയ പ്രാദോ (ബ്രസീൽ, പോർച്ചുഗീസ്, ജനനം: 1935)


1

ഭൂപടം എന്ന പദത്തെക്കുറിച്ചുള്ള ഇതിഹാസം


തീബ്സ്, മിഡിയാൻ, ഹോർ പർവ്വതം
സ്പിങ്സ് പ്രതിമപോലുള്ള പേരുകൾ
ഇദൂമിയ, എഫാറൈം, ഗിലിയാദ്
എൻ്റെ ഏകാഗ്രത ആവശ്യപ്പെടാത്ത കഥകൾ
ഭൂപടങ്ങൾ എന്നെ സ്വസ്ഥമാക്കുന്നു
സമുദ്രങ്ങളേക്കാൾ മരുഭൂമികൾ
കൂപ്പുകുത്തില്ല ഞാനവയിൽ
കാരണം 
ആഴമേറിയവയും അപകടകാരികളും
മെരുങ്ങാത്തവയുമാണവ,
ഭൂപടങ്ങളിൽ പോലും.
ഒരു ഭൂപടം നമ്മളെങ്ങനെ ഗ്രഹിക്കും?
ഇതാ നദികൾ, ഇതാ പർവ്വതങ്ങൾ,
പർവ്വതമുനമ്പുകൾ, ഉൾക്കടലുകൾ,
കടലുപോൽ ഭീതിദമായ കാടുകൾ
ഭൂപടങ്ങളുടെ ഇതിഹാസങ്ങൾ അതിസുന്ദരം
യാത്ര അവ അനാവശ്യമാക്കുന്നു.
നിങ്ങളൊരു ഉന്മാദി തന്നെ,
ഒരു ഭൂപടം ഒരു ഭൂപടം മാത്രം,
അവയെന്നോടു പറയുന്നു.
അല്ലല്ല,
ഇടം അവിടെയുണ്ട് എന്ന ഉറപ്പാണ്
ഒരു ഭൂപടം
ഭൂപടങ്ങൾ ചോരയും നിധിയും ഉൾക്കൊള്ളുന്നവ
ദൈവം ഇവിടെ നമ്മോടു സംസാരിക്കുന്നു
തൻ്റെ ഭൂമിശാസ്ത്രപരമായ ശബ്ദത്തിൽ


2

പാഠം


നിഴൽമുറ്റം,ഉയരത്തിൽ കരിങ്കൽ ഭിത്തി
മരങ്ങളിലക്കൊല്ലത്തെയാദ്യത്തെയാപ്പിൾ
അരണ്ട വീഞ്ഞു നിറത്തിലതിൻ്റെ തോല്
തുടക്കപ്പഴങ്ങളുടെ ഗന്ധപൂർണ്ണത
കളിമൺകൂജകളുണ്ട് ഭിത്തിക്കരികിൽ
പുറംലോകം ചൂടാൽ ചത്തതറിഞ്ഞുകൊണ്ട്
കുളിർവെള്ളം കുടിച്ചു ഞാനാപ്പിൾ കഴിച്ച്

അപ്പോളെൻ്റെയച്ഛൻ വന്നെൻ മൂക്കു വലിച്ചു
രോഗിയല്ല, മരിച്ചിട്ടുമില്ലായിരുന്നു
അതിനാലേ ചിരിച്ചുകൊണ്ടിരുന്നെന്നച്ഛൻ
മുഖത്തു രക്തപ്രസാദമിരച്ചു വീണ്ടും
സന്തോഷമിതാഘോഷിക്കാനെന്തു ചെയ്യേണ്ടൂ:
എവിടെയെന്നുളി, ചൂണ്ട? തിരക്കിയച്ഛൻ
എന്തുപറ്റിയെൻ്റെ മൂക്കുപൊടിഡ്ഡപ്പിക്ക്?
എന്തുപറ്റിയെൻ്റെ കാപ്പിക്കപ്പി,നെങ്ങവ?

രൂപംകൊൾവൂ ചിലതെല്ലാമെന്നെപ്പോഴും ഞാൻ
കിനാവു കാണുന്നൂ, മരിക്കുകയില്ലൊന്നും
മരിച്ചതായ് കാണുന്നവ വളമിടുന്നൂ
നിശ്ചലമായ് കാണുന്നവ കാത്തിരിക്കുന്നു.

Tuesday, March 25, 2025

അലസാന്ദ്ര പിസാർനിക് (അർജൻ്റീന, 1936 - 1972)

അലസാന്ദ്ര പിസാർനിക് (അർജൻ്റീന, 1936 - 1972)



ഒന്നുമില്ല

കാറ്റ് എൻ്റെ മുറിവിൽ മരിക്കുന്നു
രാത്രി എന്നോടു ചോര യാചിക്കുന്നു.


അഭാവം

പക്ഷികളെക്കുറിച്ചെനിക്കറിയില്ല
അഗ്നിയുടെ ചരിത്രവുമറിയില്ല
പക്ഷേ ഞാൻ കരുതുന്നു,
എൻ്റെ ഏകാന്തക്കു ചിറകുകളുണ്ടെന്ന്


ക്ലോക്ക്

ഒരു കിളിയുടെ ഹൃദയത്തിൽ വസിക്കുന്ന
കുഞ്ഞു കുഞ്ഞു പരിചാരിക
രാവിലെ പ്രത്യക്ഷപ്പെടും,
ഒരു വാക്ക് ഉച്ചരിക്കാനായി :
ഇല്ല


......

ലൈലാക് പൂന്തോട്ടത്തിലെ
മൂടൽമഞ്ഞിലൂടെ നടന്ന്
ഹൃദയം മടങ്ങുന്നു
അതിൻ്റെ കരിവെളിച്ചത്തിലേക്ക്


......

എൻ്റെ കണ്ണുകൾക്കു മുന്നിൽ മഞ്ഞച്ചു നിൽക്കുന്ന വസ്തുക്കൾ
ഒരു ശരൽക്കാല സ്വപ്നത്തിൽ നിന്നിപ്പോൾ തിരിച്ചെത്തിയേയുള്ളൂ



ഞാനവളെ സ്നേഹിച്ചതു പോലെ

കുട്ടിക്കഥകളിലെ കൊച്ചുമൃഗം
മരിക്കുംപോലെ മരിക്കുക
എത്ര ഭീകരമാണത്
എത്ര സുന്ദരവും

.......

രാത്രി എൻ്റെ എല്ലുകളിൽ പച്ചകുത്തുന്നു
രാത്രിയും ശൂന്യതയും

.......

നിശ്ശബ്ദതക്കുമേൽ ഞാൻ പണിയുന്നു
അതിനെ തീനാളമാക്കുന്നു

.......

വെളിച്ചത്തിൻ്റെ നഗരം
നിഴലുകളിൽ പൊള്ളുന്നു

........


നിശ്ശബ്ദതയുടെ കറുത്ത സൂര്യനിൽ
വാക്കുകൾ സൗവർണ്ണമാകുന്നു.

.......

ഷർട്ടിനു തീപ്പിടിച്ച്
അവൾ ചാടുന്നു
നക്ഷത്രത്തിൽ നിന്നു
നക്ഷത്രത്തിലേക്ക്
നിഴൽ വിട്ടു നിഴലിലേക്ക്
കാറ്റിനെ സ്നേഹിച്ച അവൾ
മരിക്കുന്നു ഒരു വിദൂരമരണം

Saturday, March 22, 2025

യപൻചിത്ര പ്രസംഗം

 പ്രിയപ്പെട്ടവരേ,


എൻ്റെ നാട്ടിലെ റയിൽവേ സ്റ്റേഷനിൽ വണ്ടി കയറാൻ നിൽക്കുന്ന നേരത്താണ് കൽക്കട്ടയിൽ നിന്ന് യപൻചിത്ര ഫൗണ്ടേഷനു വേണ്ടി ശ്രീ മൃത്യുഞ്ജയ് എന്നെ ഫോണിൽ വിളിക്കുന്നത്. മാതൃഭാഷക്കകത്തുമാത്രം സുരക്ഷിതത്വം അനുഭവിക്കുന്ന ഒരു ജീവിയായ എനിക്ക് ഇംഗ്ലീഷിലുള്ള ഫോൺ കോളുകൾ സത്യത്തിൽ പേടിയാണ്. ആ പേടിക്കിടയിലൂടെ ഏതാണ്ടെനിക്കു കാര്യം മനസ്സിലായി. കേരളത്തിനു പുറത്ത് തീരെ അറിയപ്പെടാത്ത എന്നെ എന്തുകൊണ്ടാണ് ഇതിനായി തെരഞ്ഞെടുത്തത് എന്ന് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എൻ്റെ ഇംഗ്ലീഷ് സംസാരഭയത്താൽ അത്തരം സംശയങ്ങൾ ഞാൻ ഉള്ളിലടക്കി. സംസാരത്തിനിടയിൽ അദ്ദേഹം ഞാനാദരിക്കുന്ന മുതിർന്ന ഇന്ത്യൻ കവി ശ്രീ കെ സച്ചിദാനന്ദൻ്റെ പേര് പരാമർശിക്കുകയുണ്ടായി. ഫോൺ വെച്ചപ്പോൾ, എന്നെ കളിപ്പിക്കാൻ വേണ്ടി ആരോ വിളിച്ചതായിരിക്കും എന്നാണു തോന്നിയത്. കവിതകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ കൗമാരത്തിൽ എനിക്കാദ്യമായി കിട്ടിയ ആരാധികക്കത്ത് കള്ളപ്പേരിൽ ഒരു ചങ്ങാതി അയച്ച കത്തായിരുന്നു എന്നതാലോചിക്കുമ്പോൾ ഇന്നുമെനിക്കു കരച്ചിൽ വരാറുണ്ട്. അതുകൊണ്ട് ഉടനെ ഞാൻ സച്ചിമാഷെ വിളിച്ച് യപൻചിത്ര ഫൗണ്ടേഷനെക്കുറിച്ചും ഈ അവാർഡിനെക്കുറിച്ചും അന്വേഷിച്ചു. കവിതക്കുവേണ്ടി വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു ടീം ആണ് യബൻചിത്ര എന്നും തനിക്ക് വർഷങ്ങളായി അടുത്തറിയാമെന്നും വർഗ്ഗീയത പോലുള്ള യാതൊരു കറയും ഇതിനു പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.  അപ്പോഴാണ് എനിക്ക് ഒരു വിധം സമാധാനമായത്. നെറ്റിൽ സെർച്ചു ചെയ്ത് യപൻചിത്ര ഫൗണ്ടേഷനെക്കുറിച്ചും അതിൻ്റെ പ്രസിദ്ധീകരണങ്ങൾ, സാഹിത്യ ഉത്സവം എന്നിവയെക്കുറിച്ചും ചില പ്രാഥമികവിവരങ്ങൾ തുടർന്നു ഞാൻ മനസ്സിലാക്കി.

അവാർഡ് വാങ്ങിക്കാൻ കൽക്കത്തക്കു വരണമല്ലോ എന്ന ചിന്ത എന്നെ ഒരേസമയം അസ്വസ്ഥനാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. മാതൃഭാഷക്കു പുറത്തേക്കു നടത്തുന്ന ശാരീരികയാത്രകൾ നൽകുന്ന അരക്ഷിതത്വഭീതി എന്നും എനിക്കുണ്ട് എന്നതാണ് അസ്വസ്ഥതക്കു കാരണം. മാതൃഭാഷക്കുള്ളിലൂടെ എങ്ങനെ വേണമെങ്കിൽ ഊളിയിടാം. എന്നാൽ മാതൃഭാഷക്കു പുറത്തുവന്നാൽ കരക്കു പിടിച്ചിട്ട മീനിനെപ്പോലെ പിടയും.ഇവിടെ വന്ന് ഇംഗ്ലീഷിൽ പ്രസംഗിക്കാൻ കഴിയില്ല എന്ന ഭയം കൊണ്ട് പറയാനുള്ളത് മലയാളത്തിലെഴുതി ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയാണ് ഞാൻ വന്നിരിക്കുന്നത്. ശാരീരികമായി അധികം സഞ്ചരിക്കാതെ കവിതകളിലൂടെ അലയാനാണ് എനിക്കിഷ്ടം. മറ്റു ഭാഷകളിൽ അവഗാഹമില്ലാത്തതിനാൽ ലോകത്തെഴുതപ്പെടുന്ന കവിതകൾ എൻ്റേതാക്കി ലയിപ്പിക്കാൻ മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഞാൻ കവിതാപരിഭാഷക്കു മുതിരുന്നത് എന്ന് ഒരു മണ്ടൻ തിയറി തന്നെ വിവർത്തനത്തെക്കുറിച്ച് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. മറ്റൊരു ഭാഷ അറിയുന്നതുകൊണ്ടല്ല, അറിയാത്തതുകൊണ്ടാണ് ഞാൻ പരിഭാഷാകർമ്മത്തിന് എപ്പോഴും മുതിരുന്നത്. കാരണം ലോകത്തിലെ എല്ലാ ഭാഷകളിലെയും കവികൾ എന്തെഴുതുന്നു എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ അതേ പ്രായക്കാരനായ ഒരു ബംഗ്ലാ കവി അല്ലെങ്കിൽ ഒരു ചൈനീസ് കവി ഇപ്പോൾ എന്താവും എഴുതുന്നത് എന്ന് ഞാനിടക്ക് ആലോചിക്കാറുണ്ട്.

അതുകൊണ്ടുതന്നെ, ഞാനേറെ സ്നേഹിക്കുന്ന ബംഗാളി സാഹിത്യത്തിൻ്റെ - പ്രത്യേകിച്ചും ബംഗാളി കവിതയുടെ - നാട്ടിലേക്ക്, കൽക്കത്തയിലേക്ക് വരുന്നു എന്നത് എന്നെ ആവേശം കൊള്ളിക്കുന്നു. മുമ്പു കാണാത്ത സ്ഥലങ്ങൾ കാണുന്നു എന്നതല്ല എൻ്റെ സമകാലീനരായ ബംഗ്ലാ
കവികളെയും നല്ല കവിതാ വായനക്കാരെയും നേരിൽ പരിചയപ്പെടാൻ കഴിയുന്നു എന്നതുതന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം  ഈ യാത്രയുടെ ഹൈലൈറ്റ്. തമിഴ് കവിതയെയും തമിഴ്കവികളെയുമൊന്നും പരിചയപ്പെട്ടിട്ടില്ലാത്ത ചെറുപ്പകാലത്ത് ചികിത്സാകാര്യങ്ങൾക്കുവേണ്ടി തമിഴ്നാട്ടിൽ പല തവണ പോയപ്പോൾ എത്ര അരക്ഷിതനും ദുഃഖിതനുമായിരുന്നു ഞാൻ! പിൽക്കാലത്ത് തമിഴ് കവിതയും കവികളും പരിചിതമായപ്പോൾ ഞാനേ ആ നാട്ടുകാരനായപോലെ തോന്നി. സമകാല ബംഗ്ലാ കവിതയെക്കുറിച്ച് സാമാന്യമായി ചിലത് എനിക്കറിയാം. ആ സാമാന്യമായ ചിലതിനപ്പുറത്ത് പുറമേക്കു തീർച്ചയായും അറിയേണ്ട എത്രയോ കവിശബ്ദങ്ങൾ ഇവിടെയുണ്ട്. മലയാളത്തിൽ ഉള്ളതുപോലെത്തന്നെ. എത്ര കവിതകൾ എഴുതിയിട്ടും തീരെ എഴുതപ്പെടാത്ത ഒരു ഞാനുണ്ട്. എത്ര പ്രകാശിച്ചാലും വീണ്ടും ഇരുൾ വന്നു മൂടുന്ന ഒരിടം. ആ എന്നെ എഴുതാൻ ഞാൻ ഇവിടെ വന്ന് പുതുതായി പരിചയപ്പെടുന്ന ഒരു പുതിയ ബംഗ്ലാ കവിക്കു കഴിയും എന്നു ഞാൻ പ്രത്യാശിക്കുന്നു. ഇങ്ങനെയൊരു സാഹോദര്യത്തിന് വലിയ അവസരം തന്നതിന് യപൻചിത്ര ഫൗണ്ടേഷനോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

മലയാള സാഹിത്യത്തിലെ ആദ്യത്തെ ബംഗാൾ ബന്ധം ജയദേവ കവിയുടെ ഗീതഗോവിന്ദത്തിലൂടെയാണ്. കേരളത്തിലെ സോപാനസംഗീതത്തിൽ ഗീതഗോവിന്ദത്തിലെ പദങ്ങൾ ഇന്നും പാടിവരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ചങ്ങമ്പുഴയേയും സുഗതകുമാരിയെയും പോലുള്ള കവികളെ പോലും സ്വാധീനിക്കാൻ ഗീതഗോവിന്ദത്തിനു കഴിഞ്ഞിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ ഇന്നുവരെയും നിലനിൽക്കുന്ന സ്വാധീനമാണ് രബീന്ദ്രനാഥ ടാഗൂറിൻ്റേത്. ടാഗോർ കവിതകളുടെ പരിഭാഷകൾ പുതിയ കവികൾ കൂടിയും പുറത്തിറക്കുന്നു. കേരളത്തിലെ പ്രൈമറി മലയാള പാഠപുസ്തകങ്ങളിൽ ടാഗോർക്കവിതകളുടെ പരിഭാഷകൾ ഇപ്പോഴും പാഠഭാഗമാണ്. മലയാള കവിതയുടെ ഭാവുകത്വമാറ്റങ്ങളിൽ ടാഗൂർ സ്വാധീനം കാര്യമായിത്തന്നെ ഇടപെട്ടിട്ടുണ്ട്. 1920-30 കാലത്ത് മലയാളത്തിൽ ഗദ്യകവിതകൾ ആദ്യമായി വരുന്നതിനു പിന്നിൽ ടാഗോർക്കവിതയുടെ പ്രചോദനമുണ്ട്. ജ്ഞാനപീഠപുരസ്കർത്താവ് ജി ശങ്കരക്കുറുപ്പിലെന്നപോലെ തന്നെ ആധുനികതയുടെ തുടക്കക്കാരിൽ പ്രമുഖനായ ആർ. രാമചന്ദ്രനിലും ടാഗൂറിയൻ മിസ്റ്റിസിസം ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. എഴുത്തു ജീവിതത്തിൻ്റെ രണ്ടാം ഘട്ടത്തിൽ ഒരു തരം ന്യൂനോക്തിയിൽ കുരുങ്ങി നിലച്ചു പോകുമെന്നായ എൻ്റെ സ്വന്തം കവിതയെ മുന്നോട്ടൊഴുകാൻ പ്രചോദിപ്പിച്ചത് ജി.ശങ്കരക്കുറുപ്പിൻ്റെ ഗീതാഞ്ജലി പരിഭാഷയാണ് എന്നത് നന്ദിപൂർവ്വം ഓർക്കുന്നു. ഒഴുകൂ ഒഴുകൂ എന്ന് ആ പരിഭാഷകൾ എന്നെ ഓളംകൊള്ളിച്ചു.
താരതമ്യേന വൈകിയാണ് ജീബനാനന്ദദാസിൻ്റെ കവിതകൾ അയ്യപ്പപ്പണിക്കരുടെ പരിഭാഷയിലൂടെ മലയാളത്തിൽ വന്നതെങ്കിലും ഇരുട്ടും വിഷാദവും തിളങ്ങുന്ന ഏകാന്തസ്ഥലികൾ ആ കവിതകൾ എനിക്കു സമ്മാനിച്ചിട്ടുണ്ട്. പക്ഷികളും പുഴകളുമെല്ലാം വീട്ടിലേക്കു തിരിച്ചു പോയ ശേഷം, പകലൊടുങ്ങി ഇരുട്ടുമാത്രപ്പോൾ ഒപ്പമിരുന്ന് നാട്ടോരിലെ ബനലതാസെൻ എൻ്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിയ ആ നോട്ടമാണ് എനിക്ക് ബംഗാളികവിത.

എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലെ ബംഗ്ലാ കവിത മലയാളത്തിലേക്ക് വളരെ കുറച്ചു മാത്രമേ എത്തുകയുണ്ടായുള്ളൂ. കെ. സച്ചിദാനന്ദൻ്റെ ചില പരിഭാഷകൾ മാത്രമാണ് ഓർമ്മിക്കാനുള്ളത്.ശക്തി ചതോപാദ്ധ്യായ്, ശംഖ ഘോഷ്, സുഭാഷ് മുഖോപാദ്ധ്യായ്, സുനിൽ ഗംഗോപാദ്ധ്യായ് തുടങ്ങിയ ആ കാലത്തെ കവികളുടെ കവിതകളെക്കുറിച്ച് ഇംഗ്ലീഷ് വായനയിലൂടെ ലഭിച്ച ചില അനുഭവങ്ങൾ മാത്രമേ ഞങ്ങൾക്കുള്ളൂ. ഇവിടെ എടുത്തുപറയേണ്ട ഒരു പ്രധാനകാര്യം ബംഗ്ലായിൽ നിന്ന് നേരിട്ടുള്ള ധാരാളം പരിഭാഷകൾ ഫിക്ഷൻ്റെ മേഖലയിൽ നടന്നെങ്കിലും കവിതയിൽ അത്തരം ശ്രമങ്ങളൊന്നുമുണ്ടായില്ല എന്നതാണ്. ബിമൽ മിത്ര, സാവിത്രി റോയ്, ആശാപൂർണ്ണാദേവി, സുനിൽ ഗംഗോപാദ്ധ്യായ്, മഹാശ്വേതാദേവി തുടങ്ങിയവരുടെ നോവലുകളെല്ലാം നേരിട്ട് മലയാളത്തിലേക്കു ധാരാളമായി വന്നു. ബംഗാളി നോവലുകൾക്ക് വലിയൊരു മാർക്കറ്റ് തന്നെ മലയാളത്തിൽ ഉണ്ടായി വന്നു. പ്രസാധകരും  പരിഭാഷകരും ആ മാർക്കറ്റ് തിരിച്ചറിഞ്ഞതുകൊണ്ടാവാം ഫിക്ഷനു പിറകേയുള്ള പോക്കിൽ കവിതയെ തീർത്തും അവഗണിച്ചു. ആ വിടവ് ബംഗ്ലാ കവിതയുടെ കാര്യത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് വസ്തുത. അത് അടിയന്തിരമായി പരിഹരിക്കേണ്ട വിടവാണ് എന്നും ഞങ്ങൾക്കറിയാം. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ആധുനിക കവിതകളിലൊന്നിൻ്റെ പേര് ബംഗാൾ എന്നാണ്. കെ. ജി. ശങ്കരപ്പിള്ള എഴുതിയ ആ രാഷ്ട്രീയ കവിത തുടങ്ങുന്നത് "ബംഗാളിൽ നിന്ന് ഒരു വാർത്തയുമില്ല" എന്നാണ്. ഇരുപതാം നൂറ്റാണ്ടൊടുവിലെ ബംഗ്ലാ കവിതക്കു കൂടി യോജിച്ചതാണ് മലയാളത്തെ സംബന്ധിച്ചിടത്തോളം ആ പരാമർശം.

സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിൻ്റെ പതിപ്പുകളിലൂടെ സമകാല ബംഗാളി കവിതയിലെ ചില പ്രധാന ശബ്ദങ്ങൾ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത കവി സമ്പൂർണ്ണാ ചാറ്റർജിയുടെ പരിഭാഷകളിലൂടെ ജോയ് ഗോസ്വാമി ഞങ്ങളുടെ പ്രിയ കവിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പൂർണ്ണയുടെ പരിഭാഷകളെ ആസ്പദമാക്കി ജോയ് ഗോസ്വാമിയുടെ പല കവിതകൾ ഞാൻ തന്നെ മലയാളത്തിലാക്കിയിട്ടുണ്ട്. ജോയ് ദായുടെ കാവ്യജീവിതത്തെ മുൻനിർത്തി എടുത്ത Lake of Fleeting Lights എന്ന ഡോക്യുമെൻ്ററി സിനിമ ഞങ്ങൾ ആവേശത്തോടെ കണ്ടിട്ടുണ്ട്. എന്നാൽ പ്രാദേശികഭാഷക്കകത്തു മാത്രം ഒതുങ്ങിനിൽക്കുന്ന അമൂല്യമായ എത്രയോ കവിസ്വരങ്ങൾ ബംഗ്ലായിലുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു. ഈ സന്ദർശനം ആ ലോകത്തെക്കുറിച്ചു കൂടുതൽ അറിയാൻ എന്നെ സഹായിക്കും എന്നതാണ് പ്രതീക്ഷ.

കാവ്യകലയുടെ ഒരു ഉപാസകൻ എന്ന നിലയിൽ ബംഗ്ലാ കവിതയും മലയാളവും തമ്മിലെ ബന്ധത്തെക്കുറിച്ചു മാത്രമാണ് ഞാൻ സംസാരിച്ചത്. ഇരുപത്തിരണ്ടാം വയസ്സിൽ ഞാനെഴുതിയ ആദ്യകവിതകളിലൊന്നിൻ്റെ പേര് മശായ് എന്നാണ്. ആരോഗ്യനികേതനം എന്ന നോവലിനോടുള്ള എൻ്റെ ആദരവിൻ്റെ പ്രകടനമായിരുന്നു ആ ചെറുകവിത. ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യയുടെ ആരണ്യക്കാണ് എഴുതിത്തുടങ്ങിയ കാലത്ത് എന്നെ കവിതയിലേക്കു വെളിച്ചം കാണിച്ച മറ്റൊരു നോവൽ. അതീൻ ബന്ദോപാദ്ധ്യായയുടെ നീലകണ്ഠപ്പറവയെത്തേടി(Neelkanth Pathir Khoje) എന്ന നോവലിനെക്കുറിച്ചു കൂടി പറയാതെ വയ്യ. മറ്റു ബംഗ്ലാ നോവലുകളിൽ നിന്നെല്ലാം പല നിലക്കു വ്യത്യസ്തമായ ആ ക്ലാസിക് കൃതിക്ക് ഇംഗ്ലീഷിലും മലയാളത്തിലും വിവർത്തനം വന്നിട്ടില്ല. എനിക്ക് അത്രയൊന്നും വായനാസുഗമതയില്ലാത്ത തമിഴ്ഭാഷയിലാണ് ഞാനാ നോവൽ വായിച്ചത്.സത്യജിത് റായും ഋത്വിക് ഘട്ടക്കും ഉൾപ്പെടെയുള്ളവരുടെ സിനിമകളെക്കുറിച്ചൊന്നും ഞാനിവിടെ പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. രബീന്ദ്രസംഗീതവും ബാവുളും ഉൾപ്പെടെയുള്ള ബംഗ്ലാ സംഗീതവും ചിത്ര - ശില്പകലകളുടെ മഹത്തായ ബംഗ്ലാ പാരമ്പര്യവും ഞങ്ങളെ ചലനം കൊള്ളിച്ചതിനെക്കുറിച്ചും ബംഗാൾ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ കേരളജനതയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുമൊന്നും ഞാനീ ചെറിയ സംസാരത്തിൽ വിശദമായി പ്രതിപാദിക്കുന്നില്ല. 1922 ൽ രബീന്ദ്രനാഥ ടാഗൂർ കേരളത്തിൽ വന്ന് നാരായണ ഗുരുവിനെ സന്ദർശിച്ചത് ഞാനിവിടെ സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. ആ സന്ദർഭത്തിൽ മലയാളത്തിൻ്റെ മഹാകവി കുമാരനാശാൻ മഹാകവി ടാഗൂറിന് എഴുതി സമർപ്പിച്ച കവിതയിൽ അദ്ദേഹത്തെ ദിവ്യകോകിലം എന്നാണ് വിശേഷിപ്പിച്ചത്.കുമാരനാശാനെപ്പോലെ, ബാലാമണിയമ്മയേയും കമല സുരയ്യയെയും പോലെ മലയാളത്തിലെ ലെജൻ്ററി എന്നു വിളിക്കാവുന്ന ചില കവികൾക്ക് ബംഗാളും കൽക്കത്തയുമായുണ്ടായിരുന്ന ഭൗതികബന്ധവും ഞാനിവിടെ സൂചിപ്പിച്ചു പോവുന്നു. മഹാകവി വള്ളത്തോൾ കേരള കലാമണ്ഡലം സങ്കല്പിച്ചതിനു പിന്നിൽ ശാന്തിനികേതൻ്റെ ചൈതന്യം തീർച്ചയായുമുണ്ടല്ലോ. മലയാളിക്കൊരിക്കലും മറക്കാൻ കഴിയാത്ത അനശ്വരമായ ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച സലീൽ ചൗധരിയുടെ പേര് പരാമർശിച്ചു പോരുക മാത്രം ചെയ്യുന്നു.കൽക്കത്താ നഗരം സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും കമലാ സുരയ്യയും ഉൾപ്പെടെയുള്ളവരുടെ കവിതകളിൽ പലപ്പോഴും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും കൽക്കത്തയുമായി ബന്ധമുള്ള എഴുത്തുകാരായ എൻ്റെ മലയാളി സുഹൃത്തുക്കളെയും ഞാൻ ഓർക്കുന്നു. സുനിൽ ഞാളിയത്ത്, സുസ്മേഷ് ചന്ത്രോത്ത്, ഇ. സന്തോഷ് കുമാർ തുടങ്ങിയവരെ.സന്തോഷ്കുമാറിൻ്റെ കഥകളുടെ ബംഗ്ലാ പരിഭാഷ ഈയിടെ പുറത്തുവന്നതായി മനസ്സിലാക്കുന്നു. ബാവുൾ സംഗീതത്തിനായി സ്വയം സമർപ്പിക്കാൻ ശാന്തിപ്രിയ ബാവുളിനെപ്പോലുള്ള ഗായകർ ഇന്ന് കേരളത്തിൽ നിന്നു ബംഗാളിലേക്കു വരുന്നു.

കവിതകൾ പരസ്പരം കൈമാറുന്നതിൻ്റെ സാംസ്കാരികപ്രാധാന്യത്തെക്കുറിച്ചാണ് എൻ്റെ ഊന്നൽ. കേരളീയ സാംസ്കാരിക ജീവിതത്തിൻ്റെ താക്കോൽ വാക്ക് കലർപ്പ് ആണെന്ന് ഞാൻ വിചാരിക്കുന്നു. വെള്ളം കടക്കാത്ത തനിത്തനി അറകളല്ല മലയാളിയെ സംബന്ധിച്ച് ഒന്നും. ബംഗ്ലായുടെ കലർപ്പും മലയാളി ജീവിതത്തിലുണ്ട് എന്നും ഇനിയും ഉണ്ടാവും എന്നുമാണ് ഞാൻ പറഞ്ഞത്. എൻ്റെ ജന്മനഗരമായ പട്ടാമ്പിയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ തന്നെ ബംഗ്ലാ വാക്കുകൾ ഇപ്പോൾ എൻ്റെ കാതിൽ വന്നു വീഴുന്നു: കേമാനാ അച്ചേനാ ബന്ധുരാ,അല്ലെങ്കിൽ മജൂരി ഖുബ കാമ, അങ്ങനെ.
ജീവിതത്തിലെ ഈ കലർപ്പിൽ സന്തോഷിക്കാനും അതൊരു മൂല്യമായി ഉയർത്തിപ്പിടിക്കാനുമാണ് സംസ്ക്കാരചരിത്രം എന്നെ പഠിപ്പിച്ചിട്ടുള്ളത്. ജാതിയുടെയും മതത്തിൻ്റെയും വംശത്തിൻ്റെയും വർണ്ണത്തിൻ്റെയും മറ്റും പേരിൽ ജനങ്ങൾക്കിടയിൽ അകലങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ കലർപ്പിൻ്റെ സംസ്കാരം കാത്തുസൂക്ഷിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട് എന്നു ഞാൻ കരുതുന്നു. ആധുനിക ജനാധിപത്യമൂല്യങ്ങളുമായി ഇനിയും പൂർണ്ണമായും പൊരുത്തപ്പെട്ടിട്ടില്ലാത്ത ജനതയാണ് ഇന്ത്യയിലേത്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജാതി, മത, വംശ, ഫ്യൂഡൽ, കൊളോണിയൽ കാലവും ഏതാനും ദശാബ്ദങ്ങളുടെ മാത്രം ചരിത്രമുള്ള ആധുനികജനാധിപത്യകാലവും തമ്മിലുള്ള ബൃഹത്തായൊരു വടംവലിയാണ് ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യം. ആയിരക്കണക്കിനു കൊല്ലത്തെ പിൻവിളിക്കാവും സ്വാഭാവികമായും ഊക്കു കൂടുക. ഞാൻ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ ഊന്നുക എന്നതാണ് എൻ്റെ രാഷ്ട്രീയം. ജീവിതത്തിൻ്റെ സമസ്ത മേഖലയും ജനാധിപത്യവൽക്കരിച്ചുകൊണ്ടല്ലാതെ നമുക്കു മുന്നോട്ടു പോകാനാവില്ല. അനുനിമിഷം വികസ്വരമായിക്കൊണ്ടിരിക്കുന്ന ഏറ്റവും സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലമായാണ് ഞാൻ കവിതയെ കാണുന്നത്. ഒരിക്കൽ ആ പൊതുമണ്ഡലത്തിൻ്റെ ഭാഗമായിക്കഴിഞ്ഞാൽ കവിതയുമായി ബന്ധപ്പെട്ട എല്ലാ പാരമ്പര്യങ്ങളും എല്ലാ ഉപകരണങ്ങളും എല്ലാവരുടേതുമായിക്കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സ്വാതന്ത്ര്യത്തിനെക്കൂടിയാണ് ഞാൻ കലർപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കാലത്ത് ഉപരിവർഗ്ഗങ്ങളിലെ പുരുഷന്മാരുടെ സംഘ ശബ്ദം മാത്രമാണ് മലയാളകവിത കേൾപ്പിച്ചത്. പിന്നീടതിൽ 18-ാം നൂറ്റാണ്ടോടുകൂടി വ്യക്തികളുടെ ശബ്ദം കേട്ടുതുടങ്ങി. 19-ാം നൂറ്റാണ്ടോടെ സ്ത്രീകളുടെ ശബ്ദം സജീവമായി. ഇരുപതാം നൂറ്റാണ്ടിൽ, അന്നേവരെ എഴുത്തിൻ്റെയും വായനയുടെയും സാഹിത്യത്തിൻ്റെയും ലോകത്തുനിന്നു മാറ്റിനിർത്തപ്പെട്ട മുഴുവൻ മനുഷ്യരുടെയും ആവിഷ്ക്കാരങ്ങൾ കവിത എന്ന പൊതുമണ്ഡലത്തെ ചലനാത്മകവും വിസ്തൃതവും വികേന്ദ്രീകൃതവുമാക്കിമാക്കി. ഇന്ന് കേരളത്തിൽ 15 ഓളം ആദിവാസിഭാഷകളിൽ കവികൾ കവിതകളെഴുതുന്നുണ്ട് എന്നതിൽ ഞാൻ
അഭിമാനിക്കുന്നു. മലയാളം മാത്രമല്ല കേരളം എന്നായിരിക്കുന്നു. ആദിവാസി കവിതയുടെ സാംസ്ക്കാരിക പാരമ്പര്യം ഇന്ന് എൻ്റെ പൊതുകവിതാപാരമ്പര്യത്തിൻ്റെ കൂടി ഭാഗമാണ്. കേരളത്തിലെ മുസ്ലീം ജനതയുടെ പാരമ്പര്യത്തിൽ നിന്ന് ഉറവെടുത്ത മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിലെ പ്രമുഖരായ കവികൾ ഇന്ന് കേരളത്തിൻ്റെ പൊതുപാരമ്പര്യത്തിൻ്റെ ഭാഗംതന്നെയാണ്. ഇങ്ങനെ വിസ്താരമാർന്ന പൊതുമണ്ഡലമായിത്തീർന്ന മലയാളകവിതയിലാണ് എന്നെപ്പോലൊരു കവി പണിയെടുക്കുന്നത്.

1990 കളിൽ എഴുത്തിൽ സജീവമായ ഒരു തലമുറയിലാണ് എൻ്റെ ഇടം. ആധുനികതയോട് സംവദിച്ചും വിയോജിച്ചും അതിൻ്റെ പ്രഭാഷണപരതയെ ഒരളവോളം വെടിഞ്ഞ് അനുഭവപരതയിൽ ഊന്നിയുമാണ് ഈ തലമുറ അതിൻ്റെ അടയാളങ്ങൾ കാണിച്ചത്. ഞാൻ എഴുതിത്തുടങ്ങുന്ന സമയത്ത് മലയാള കവിത പൊതുവേ ഉച്ചസ്ഥായിയിലുള്ളതായിരുന്നു. എല്ലാം അതി ആയിരുന്നു. മെലോഡ്രാമയോളമെത്തുന്ന അതിനാടകീയത, ആവേശഭരിതമായ മുദ്രാവാക്യത്തോളമെത്തുന്ന രാഷ്ട്രീയപ്രകടനപരത, അതികാല്പനികത, അതിസംഗീതം എന്നിങ്ങനെ. സാധാരണയിൽ കവിഞ്ഞു വലിപ്പമുള്ള പുതിയ സങ്കരഇനം തക്കാളിയും പച്ചക്കറികളും ഞങ്ങളുടെ വീടുകളിലെത്തിയതും അതിയായി മുഴങ്ങുന്ന വാക്കുകളുള്ള കവിത വായനക്കെത്തിയതും ഒരേ കാലത്താണ്. അതുകൊണ്ട് എനിക്ക് എൻ്റെ ചെറിയ അനുഭവലോകം എഴുതാനുള്ള ഒരു കുഞ്ഞുഭാഷ ഉണ്ടാക്കേണ്ടിയിരുന്നു. അവിടുന്നിങ്ങോട്ട് പല കാലത്ത് കവിതയെക്കുറിച്ചുള്ള പല സങ്കല്പനങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. കവിത നിലച്ചുപോകും എന്ന നിലയിൽ നിന്ന് വീണ്ടും തുടങ്ങേണ്ടി വന്നിട്ടുണ്ട്. സ്വയം അഴിച്ചു പണിയാനുള്ള ഉപാധിയായി എന്നെ സംബന്ധിച്ചിടത്തോളം കവിത മാറിയിട്ടുണ്ട്.സവിശേഷമായ ഒരു നോട്ടനിലയെ ഭാഷാനുഭവമാക്കുന്നു കവിത. ഭാഷയിലൂടെ ചലിക്കുന്നതിൻ്റെ ഹരമാണെന്നെ നയിക്കുന്നത്.

ഒരു വായനക്കാരൻ എന്ന നിലയിൽ എന്നിലെ കവിയെ ഒരു ശരാശരിക്കവി എന്നേ ഞാൻ വിളിക്കൂ. എൻ്റെ മാനദണ്ഡങ്ങളിലേക്ക് എൻ്റെ കവിത എത്തിയിട്ടില്ല എന്നു തന്നെ ഞാൻ പറയും. ആത്മവിശ്വാസക്കുറവല്ല ഇത്. മറിച്ച് എഴുതിത്തോൽക്കുന്ന കവിതയിൽ  ഞാൻ വിശ്വസിക്കുന്നു എന്നതുകൊണ്ടാണ്. ഇരുട്ടിൽ നിന്ന് എന്തോ വാരിയെടുക്കാനുള്ള ശ്രമം പോലെ പരാജയപ്പെടുന്ന ഒന്ന്. അങ്ങനെ എഴുതിത്തോറ്റ നിരവധി കവികൾ കൂടി ചേർന്ന് സൃഷ്ടിച്ചതാണ് എൻ്റെ കളിമണ്ണായ ഭാഷ. എനിക്കിഷ്ടപ്പെട്ട കവിതകളെല്ലാം ഞാനെഴുതിയതാണ് എന്നു വിശ്വസിച്ചുകൊണ്ടാണ് ഞാനീ തോൽവിയെ മറികടക്കുന്നത്; അത് ഏതു ഭാഷയിലുള്ളതായാലും.വർത്തമാനകാലത്തിൽ തന്നെ വിതയും കൊയ്ത്തും നടക്കുന്ന മാധ്യമമാണ് ഫിക്ഷനെങ്കിൽ കവിതയിൽ കൊയ്ത്ത് ഭാവിയിലെവിടെയോ നടക്കുന്നു. ആ നിലയിൽ ഭാവിയുടെ മാധ്യമമാണ് കവിത. വായനക്കാരിലെത്താൻ കവിത ലോകമെമ്പാടുമെന്ന പോലെ മലയാളത്തിലും പെടാപ്പാടു പെടുന്നുണ്ട്. എൻ്റെ കവിതയുടെയല്ല, എനിക്കിഷ്ടപ്പെട്ട കവിതയുടെ സുവിശേഷകനായി ഞാൻ കവിതക്കൊപ്പം നിൽക്കുന്നു. എൻ്റെ കവിതക്കു വേണ്ടി അതു വായിച്ചിഷ്ടപ്പെടുന്ന ആരെങ്കിലും സംസാരിക്കുമായിരിക്കാം എന്നു മാത്രം.

യപൻചിത്ര ഫൗണ്ടേഷനും നല്ല കവിതക്കായി സുവിശേഷപ്രവർത്തനം നടത്തുന്നു. യബൻചിത്ര പ്രസിദ്ധീകരിച്ച ബംഗ്ലാ കവിതാ പുസ്തകങ്ങളുടെ കവർചിത്രങ്ങൾ ഇൻ്റർനെറ്റിൽ കണ്ടതിൻ്റെയും പ്രബുൽ കുമാർ ബസു എഡിറ്റ് ചെയ്ത യപൻചിത്ര ഇൻ്റർനാഷണൽ പോയട്രി ഇഷ്യുവിലൂടെ ഒന്നു കടന്നുപോയതിൻ്റെയും അടിസ്ഥാനത്തിലാണ് ഞാനിതു പറയുന്നത്. അതതു ഭാഷകളിൽ ജീവിക്കുമ്പോൾ തന്നെ മറ്റു ഭാഷകളിലേക്ക് ആ വെളിച്ചം പകർന്ന് നല്ല കവിതയെ ലോകം മുഴുവൻ എത്തിച്ചുകൊണ്ടേ, വിപണി എല്ലാം തീരുമാനിക്കുന്ന ഈ കാലത്ത് കവിതക്ക് നിലനില്പു സാധ്യമാകൂ എന്ന് തിരിച്ചറിയുന്നു യപൻചിത്ര ഫൗണ്ടേഷൻ എന്ന് ഞാൻ മനസ്സിലാക്കുന്നു. മുമ്പുണ്ടായിരുന്ന ലിറ്റിൽ മാഗസിൻ സംസ്കാരം മലയാളിക്ക് ഇന്നു നഷ്ടപ്പെട്ടുകഴിഞ്ഞു. വിപണിക്കു പ്രിയങ്കരമല്ലാത്ത കവിതാപുസ്തകങ്ങളുടെ പ്രകാശനം മലയാളത്തിൽ വലിയ വെല്ലുവിളി നേരിടുന്നു. വിപുലമായ വിതരണസംവിധാനമുള്ള രണ്ടോ മൂന്നോ വലിയ പ്രസാധകർ വഴി പുറത്തുവന്നാൽ മാത്രമേ പുസ്തകങ്ങൾ വായനക്കാരിലെത്തൂ എന്ന നിലയുണ്ട്. ചെറുപ്പക്കാരായ പുതിയ നല്ല കവികൾക്കുപോലും പ്രസാധകരുടെ മുന്നിൽ വർഷങ്ങളോളം ഊഴം കാത്ത് ക്യൂവിൽ നിൽക്കേണ്ടിവരുന്നു. പ്രസിദ്ധീകരിക്കാം എന്ന് ഏറ്റ ശേഷം മൂന്നും നാലും വർഷം കവിതാപുസ്തകങ്ങൾ വെച്ചു താമസിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ കവിതാ പ്രസാധന രംഗത്തെ യപൻചിത്രയുടെ പ്രവർത്തനങ്ങൾ പുതിയ കാലത്ത് ഒരു മാതൃകയാണ് എന്നു ഞാൻ വിചാരിക്കുന്നു.

കാവ്യോത്സങ്ങൾ പലതും കേരളത്തിലും നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ ഭാഷാ കവിതകൾക്കായി ഇങ്ങനെയൊരു പുരസ്ക്കാരം കേരളത്തിലില്ല. വിശാലമായ ഒരു പശ്ചാത്തലത്തിൽ കവിതയെ കണ്ടു കൊണ്ടു നൽകുന്ന ഈ പുരസ്കാരം ഞാൻ എൻ്റെ ഭാഷക്കുവേണ്ടി വിനയപൂർവ്വം ഏറ്റുവാങ്ങുന്നു. കേരളത്തിനു പുറത്തു നിന്ന് എനിക്കു ലഭിക്കുന്ന ആദ്യ പുരസ്ക്കാരമാണിത്. ജനിച്ച നാട്ടിലും ഭാഷയിലും ഒതുങ്ങി കഴിഞ്ഞുകൂടുന്ന, ലോകകവിതയുടെയും ഇന്ത്യൻ കവിതയുടെയും ഭാഗമായി സ്വന്തം കവിതയെ കാണാൻ ശ്രമിക്കുമ്പോഴും മറ്റൊരു നിലയിൽ ഒരു ഉൾനാട്ടുകവി എന്ന് സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുകപോലും ചെയ്യുന്ന എന്നെപ്പോലൊരാളെ ഈ അംഗീകാരം തേടിയെത്തി എന്നത് അത്ഭുതപ്പെടുത്തുന്നു.

ഏതാണ്ട് കാൽ നൂറ്റാണ്ടു മുമ്പ് ഞാനൊരു കവിയായി അറിയപ്പെട്ടു തുടങ്ങിയ കാലത്ത് കേരളം സന്ദർശിച്ച ഒരു ബംഗാളികവി എന്നെ ജോലിസ്ഥലത്തു വന്നു കണ്ടതോർക്കുന്നു. ആ ഒരൊറ്റ ദിവസം കുറച്ചു സമയമേ ഞങ്ങൾ സംസാരിച്ചിരുന്നുള്ളൂ എങ്കിലും അതിപ്പോഴും ഒരു നല്ല ഓർമ്മയാണ്. ആ കവിയെക്കുറിച്ച് പിന്നീട് ഞാനൊന്നും അറിഞ്ഞില്ല. അവർ ഒപ്പിട്ടു തന്ന ബംഗാളി കവിതാസമാഹാരം ഇപ്പോഴും എൻ്റെ കയ്യിലുണ്ട്. അവരുടെ പേര് രൂപാ ദാസ് ഗുപ്ത എന്നായിരുന്നു. ഈ അവാർഡ് വിവരം കിട്ടിയ സന്ദർഭത്തിൽ ഞാൻ വീണ്ടും അവരെ ഓർത്തു. അവരുടെ പേര് ഗൂഗിളിൽ സെർച്ചു ചെയ്തപ്പോൾ അതേ പേരുള്ള ഒരുപാടാളുകളുടെ വിവരങ്ങൾ മുന്നിൽ നിരന്നു. കവി രൂപാ ദാസ് ഗുപ്തയെ അതിൽനിന്നെനിക്കു വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. അപ്രതീക്ഷിതമായി അവർ അന്നു ചിരിച്ചുകൊണ്ട് കടന്നുവന്നതുപോലെ ഇപ്പോൾ ബംഗാളിൽ നിന്നുള്ള ഈ പുരസ്കാരം എന്നെ തേടി വന്നിരിക്കുന്നു.

ഒരു ചെറിയ കവിതാശകലം ഉദ്ധരിച്ച് ഞാനീ സംസാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത് ഒരു മലയാളകവിതയോ ബംഗ്ലാ കവിതയോ ഇംഗ്ലീഷ് കവിതയോ അല്ല. മറിച്ച് ഒരു തമിഴ് കവിതയാണ്. തമിഴിലെ പ്രശസ്തനായ ആധുനിക കവി ജ്ഞാനക്കൂത്തൻ കൽക്കത്ത സന്ദർശിച്ച ശേഷം ഒരു കവിത എഴുതിയിട്ടുണ്ട്. മണ്ണുകൊണ്ടുണ്ടാക്കിയ ചായക്കപ്പ് എന്നാണതിൻ്റെ പേര്. ആ കവിതയുടെ അവസാന വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.

കൽക്കത്താ, നിന്നെ ഞാൻ സ്നേഹിക്കുന്നു
മധുരിക്കുന്നു നീ
ഞാൻ നിനക്കു കവിത തരാം
നീ എനിക്കു മണ്ണുകൊണ്ടുണ്ടാക്കിയ
ഒരു ചായക്കപ്പ് താ

(7- 3- 2025 - ന് കൽക്കത്തയിൽ യപൻചിത്ര ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നടത്തിയ പ്രസംഗം)

Thursday, March 20, 2025

ഫാദിൽ അൽ അസ്സാവി (ഇറാഖ്, ജനനം: 1940)

ഫാദിൽ അൽ അസ്സാവി (ഇറാഖ്, ജനനം:  1940)


1

കൊല ചെയ്യപ്പെട്ടവൻ



കൊല ചെയ്യപ്പെട്ടവൻ തൻ്റെ മാളത്തിൽ നിന്ന്
കാലാകാലം പുറത്തുവരും
പാത അവനെ കാല്പടങ്ങളിൽ തൂക്കി
ചന്തയിലേക്കു കൊണ്ടുവരും
ജനങ്ങളവനെ പിടികൂടും:
"ഒരിക്കൽ കൂടി നീ രക്ഷപ്പെട്ടു!"
മറ്റൊരാഘോഷത്തിൽ
അവരവൻ്റെ പഴയ മുഖം തൂക്കിലേറ്റും
കൊലചെയ്യപ്പെട്ടവൻ തൻ്റെ മാളത്തിലേക്കു മടങ്ങും
ജനങ്ങൾ ചന്തയിലവരുടെ
പതിവുകച്ചവടങ്ങളിലേക്കും മടങ്ങും


2

മെഴുകുതിരിവെളിച്ചത്തിലെ വിരുന്ന്


ഇവിടെയിതാ ഇരുപതാം നൂറ്റാണ്ട്
അതിൻ്റെ നീണ്ടിരുണ്ട ഹാളിൽ
കൊലപാതകികൾക്കും ആഭിചാരക്കാർക്കുമൊപ്പം
മേശപ്പുറത്ത്
അവരുടെ വിജയത്തിൻ്റെ
മങ്ങിക്കത്തുന്ന മെഴുതിരി വെളിച്ചത്തിൽ
അവരുടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നു.
അതിഥികൾക്കു വിളമ്പാൻ
ഇരുട്ടിൻ്റെ വിഭവങ്ങൾ ശിരസ്സിലേന്തി
ഇരുണ്ട മൂലകളിൽ നിന്ന്
ഓരോരുത്തരായി
വിളമ്പുകാരെത്തുന്നു.

ഒരേ കുപ്പിയിൽ നിന്ന്
അവരെല്ലാവരും കുടിക്കും
എന്നിട്ട് മരങ്ങൾക്കിടയിൽ
അന്തിയിരുട്ടുന്നതു നോക്കും
കുടിച്ചു മദിച്ച സൈനികരുടെ പരേഡ്
ചോര പുരണ്ട കൊടികൾ വീശിക്കാട്ടും
തെരുവിലൂടെ അണിചവിട്ടിക്കടന്നുപോകും.

ജനലിലൂടെ
ചന്ദ്രൻ വേഗം തിളങ്ങിത്തെളിയും

അവരുടെ വിരുന്നു തീരുമ്പോൾ
നാമിരുന്നു കുടിക്കും
അതേ മേശപ്പുറത്ത്
അതേ വീഞ്ഞ്


3

ആശ്ചര്യം

ഫ്രാൻസ് കാഫ്ക ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ താൻ ഇപ്പൊഴും ഫ്രാൻസ് കാഫ്ക തന്നെയാണെന്നു കണ്ടു. ആ രണ്ടു കൈകളും തൻ്റെ കൈകൾ തന്നെ. കാലുകളുമതെ.തല,മുഖം,വായ എല്ലാം തൻ്റേതു തന്നെ. അതിലേറെ പ്രധാനം തനിക്ക് ഇപ്പൊഴും സ്നേഹിക്കാൻ കഴിയുന്നു എന്നതാണ്. എന്നത്തേയും പോലെ അയാൾ അന്നും വേഗം പ്രാതൽ കഴിച്ചു. നരച്ച സ്യൂട്ട് അണിഞ്ഞ് ജോലിക്കായി പുറത്തിറങ്ങി.

കണ്ടതും അയാൾ ഞെട്ടിപ്പോയതപ്പോളാണ്: ജനങ്ങളെല്ലാം വലിയ കൂറകളായി മാറി ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പായുന്നു - തങ്ങളുടെ ചരിത്രം മറന്ന്, പുതുജീവിതത്തിൽ സന്തുഷ്ടരായി. അയാൾ അവിടെ നിന്നു രക്ഷപ്പെടാനാഗ്രഹിച്ചു, എന്നാൽ നാനാദിശയിൽ നിന്നും വന്ന ഒരായിരം ഗ്രിഗർ സാംസമാർ അയാളെ പൊതിയുകയും പരസ്പരം പിറുപിറുക്കാൻ തുടങ്ങുകയും ചെയ്തു:

വിചിത്രമായ ഈ കൂറ നമ്മുടെ നഗരത്തിലേക്ക് എവിടുന്നെത്തി? എങ്ങനെയെത്തി?


4

പ്രളയശേഷം നോഹ

പ്രളയത്തിൽ നിന്ന് ദൈവം നോഹയെ രക്ഷിച്ച ശേഷം
തൻ്റെ തോട്ടങ്ങളിൽ മുന്തിരിവള്ളികൾ നടാൻ
അവനോടാജ്ഞാപിച്ചു
അതിനു ശേഷമാണ് മനുഷ്യവംശം
കുടിച്ചു കൂത്താടാനും
മോശമായിപ്പെരുമാറാനും തുടങ്ങിയത്
അഴിമതിയും ഭോഗാസക്തിയും കൊണ്ട്
ഭൂമി നിറയുന്നതുവരെ.

പ്രിയപ്പെട്ട ദൈവമേ,
ഇനിയും ഭൂമിയെ പ്രളയത്തിൽ മുക്കാൻ
വിചാരിക്കുന്നുണ്ടെങ്കിൽ
എന്നെ നിൻ്റെ പുതുനോഹയാക്കണേ


5

തുറന്ന ജനാലയിൽ നിന്ന് ഇരുണ്ട തെരുവു വരെ


ജനലിലൂടെ ഞാൻ തറച്ചു നോക്കുകയും
തെരുവിലെ വിജയികളുടെ ശബ്ദത്തിനു കാതോർക്കുകയും ചെയ്യുമ്പോൾ
സ്വന്തം വണ്ടികൾ ഇരുട്ടിലൂടെ വലിച്ച്
ചെണ്ട കൊട്ടുന്ന ചെറുക്കന്മാരേയും
ചങ്ങലക്കിട്ട ബന്ദികളെയും അടിമകളെയും
വലിച്ചിഴച്ച്
പ്രേതങ്ങളെൻ്റെ വാതിലിൽ മുട്ടാൻ വരുന്നു :
പീഡകനും അവൻ്റെ ഇരയും
രാജാവും അവൻ്റെ കോമാളിയും
പിന്നെ കാര്യസ്ഥനും.

പീഡകൻ വരുന്നത് അവൻ്റെ ചോരക്കൈകൾ
എൻ്റെ ടാപ്പിൽ നിന്നു കഴുകാൻ
ഇര എനിക്ക് ഒരു കപ്പ് ഉപ്പു കണ്ണീർ
വാഗ്ദാനം ചെയ്യുന്നു.
രാജാവ് തൻ്റെ സിംഹാസനം
എൻ്റെ പൂന്തോട്ടത്തിലുറപ്പിക്കുന്നു.
കോമാളി അയാളുടെ വിദ്യകൾ
എൻ്റെ മുന്നിൽ പ്രദർശിപ്പിക്കുന്നു
കാര്യസ്ഥൻ തനിക്കറിയാവുന്നതെല്ലാം വെളിപ്പെടുത്തുന്നു

അവസാനത്തെ മെഴുകുതിരിയും കത്തിച്ച്
ജനലിനു മുന്നിൽ ഞാൻ നിൽക്കുന്നു
ഇനിയും പലരുമെൻ്റെ വാതിലിൽ മുട്ടും
പ്രഭാതമെത്തും മുമ്പ്

Monday, March 17, 2025

പടലം 41

പടലം 41


1
അലറും വീരൻ്റെയണിമാറിൽ വാളെടുത്തു കുതി-
ച്ചടിച്ചു പോരാടിദ്ദൂരേക്കകലുമാ രാക്ഷസൻ്റെ
തലക്കുമേൽ മുഷ്ടികൊണ്ടു ഞെട്ടനെയടിച്ചവൻ
തറയിൽ വീണപ്പോൾ വീണ കരവാളുകൊണ്ടുടനേ
എഴുനേറ്റു നിന്നു മുഷ്ടി ചുരുട്ടി മാറത്തടിച്ചി-
ട്ടുയരുവാൻ കരുതുന്ന ത്രിശിരസ്സിൻ കിരീടത്തെ
ബലമിണങ്ങിയ കരത്തിനാൽ പിടിച്ചങ്ങെളുപ്പം
ശിരസ്സുകൾ മൂന്നും മാരുതിയതിവേഗമരിഞ്ഞിട്ടു

2
അരിഞ്ഞരിഞ്ഞിട്ടൂ ശരങ്ങളാൽ നിശാചരൻ നീല-
നെറിയുന്നോരചലപംക്തിയും മരാമരങ്ങളും
പൊരുതവേ വരും കപിവരനുടെയുടൽ പൊടി -
പെടുമാറു പൊഴിച്ചവനൊളി ചിന്നും വെൺശരത്താൽ
കുരുതി ചോർന്നീടുമുടലോടധികം കോപമോടെ
കടുപ്പമേറിയ നീലൻ മരാമരമെറിഞ്ഞുടൻ
ധരണിയിലേക്കു മറിച്ചിട്ടു രാക്ഷസൻ്റെയുടൽ
ശകലങ്ങളാക്കുകയാൽ മനം നിറഞ്ഞിതഴകിൽ

3
അഴകിലമ്മദയാന മഹോദരൻ തന്നോടൊപ്പം
അവനിമേലുയിർപിരിഞ്ഞുടൽ നുറുങ്ങിദ്ദേവന്മാർ -
ക്കഴലെല്ലാമൊഴിക്കുന്ന വിധം വീഴ്കേ പാഞ്ഞണഞ്ഞൂ
മഹാപാർശ്വനിശാചരനടരാടാനൊരുങ്ങിയേ
ഇരുകാലുകളുള്ളോരു മല പോരിനു വന്ന പോലെ
ഘനഗംഭീരമായ് മണിയും മലർമാലകളുമണിഞ്ഞേ
ഒഴുകുന്ന കടും ചോരയിഴുകി ശത്രുക്കളുടെ-
യുടൽ പൊടിയാക്കി മുടിച്ചിടുന്ന തൻ ഗദയുമായ്

4
ഗദയേന്തിയടരാടുമന്നിശാചരൻ്റെയുള്ളിൽ
വളർന്നുയർന്നടിമുടിയെരിഞ്ഞ കോപവശനായ്
മതിമറന്നേ നടകൊണ്ടന്നേരം നോക്കിത്തടഞ്ഞി -
തരുണനന്ദനനാം ഋഷഭ കപിവരൻ വേഗം
എതിരിടുമവൻ മാറുടയുമാറു ഗദയാലേ
ഉയർന്നടിച്ചപ്പോൾ നിശാചരനതേറ്റുതിരവും
അതിഘോരം തുപ്പി മണ്ണിൽ വീണ ശേഷമുണർന്നിട്ട -
ങ്ങുടനെണീറ്റവനെ മുഷ്ടികൊണ്ടടിച്ചലറിയേ

5
അലറിത്താൻ മുഷ്ടിയാലേ തലക്കടിയേറ്റുടനേ
അവയവം പെരുതുലയവേ ഗദ കളഞ്ഞുപോയ്
കപിവരർക്കിഷ്ടം ചേർത്തു കരഞ്ഞു ചോരയും തുപ്പി -
യുലകത്തിൽ മഹാപാർശ്വനിശാചരൻ വീണ നേരം
അവനുടെ ഗദയേന്തി കപിവീരൻ നടന്നപ്പോൾ
ഉടനേ വൻപകയൊടേയുണർന്നിതു മഹാപാർശ്വൻ
അവിടറ്റു കിടന്ന മറ്റൊരു ഗദയുമെടുത്തി -
ട്ടടരാടാൻ വന്ന നേരം തിരിഞ്ഞു നിന്നൂ ഋഷഭൻ

6

ഋഷഭനും തമ്മിലടുത്തെതിരിട്ടങ്ങടിച്ചപ്പോൾ
ഇടയ്ക്കടിച്ചിതു കപിവീരനന്നിശാചരൻ്റെ
ഉടൽ പിളർന്നുലകിലിട്ടലറീ മതിയും കെട്ട് 
ഉദകത്താൽ പൊങ്ങും കൊണ്ടൽമൊഴി തോറ്റീടും മൊഴിയാൽ
ക്രൂരതയേറെയുള്ളോനായിച്ചോരച്ചെങ്കണ്ണോടും
കുതിരയായിരമിണക്കിയ പെരും തേരിനോടും
കപികുലം നടുങ്ങുമ്മാറഖിലം നശിക്കുമ്മാറും
യമനെപ്പോലതിക്രൂരനാമതികായൻ നടന്നു

7

നടന്നപ്പോളളവില്ലാപ്പടയുടെ ക്രൂരതയും
നലമിണങ്ങിയ തുരഗങ്ങളും വാരണങ്ങളും
തുടരെത്തുടരെ ചെറു ഞാണൊലിയുമൂഴിയേറ്റം
തുലയുമാറുടലിൻ്റെ മുഴുപ്പുമാ രാക്ഷസൻ്റെ
വടിവെല്ലാമണഞ്ഞുകണ്ടഴലേറിക്കപികുലം
വലിയ കുംഭകരുണൻ വീണ്ടുമുണർന്നിങ്ങു വന്നി-
ട്ടടരാടിത്തുടങ്ങും തങ്ങളോടെന്നു നിനച്ചുകൊ-
ണ്ടളികുലം പറന്നപോൽ മറഞ്ഞിതെട്ടു ദിശയിൽ

8

ദിശകളിൽ വെറുതെ നില്പവരെയും മറുപുറം
തിരിഞ്ഞു നിന്നവരെയും തല കുനിഞ്ഞവരെയും
സ്വയരക്ഷോപായമില്ലാത്തവരെയും യുദ്ധം ചെയ്കേ
തിരിഞ്ഞുനോക്കുക പോലുമില്ലൊരിക്കലുമവൻ
അവനുടെ നയങ്ങളൊന്നുമറികയില്ലൊരുവരും
യമനും ഭയക്കുവോളം വമ്പുള്ളവ,നെന്നുമല്ലാ
ദശരഥതനയനോടു പോരടിച്ചു മുടിയുവോൻ
ചതിയോടെ ധർമ്മം വിട്ടിട്ടടരാടുന്നവനെങ്ങും

9

അടർനിലം നിറക്കുന്ന പെരുംതേരുള്ളവനായി -
ട്ടതിനുമേൽ ശരങ്ങൾ തൂണികളനേകം വിളങ്ങേ
മിന്നലിടഞ്ഞ കൊടും വേലുണ്ടവനേറെ വാളും
തരം നോക്കിയെടുക്കുവാൻ പല വില്ലുമുണ്ടു കാൺക
ഇടി നടുങ്ങും വാക്കുകൾ മുഴങ്ങവേയതിവേഗം
എരിയും വെൺകതിരൊരായിരമിണങ്ങും കതിരോൻ
വടിവൊടേ വരുന്നൊരീയിവന്നു പേർ ചൊല്ലിവനാർ?
മനുജാധിപനാം രാമൻ വിഭീഷണനോടരുളി

10

അരുളിച്ചെയ്തപ്പോൾ വിഭീഷണനുമാ രാമൻ തൻ്റെ
അരുണ ചെങ്കിരണം ചിന്നിടുന്ന ചേവടി കൂപ്പി
ഉരചെയ്തൂ ദശമുഖതനയനാണിവനുല -
കേഴിലും പെരുമയുള്ളതികായൻ, ദേവന്മാർതൻ
പുരിയിൽ നിരന്തരമായ് കൊടുംദുഖം കൊടുപ്പതിവൻ
ഭുജബലംകൊണ്ടു ലങ്ക തകരാതൊഴിപ്പതിവൻ
വരമിരന്നപ്പോളജൻ ഇവനുടെ പെരുമ കണ്ടു
തകരാത്ത കവചവുമൊപ്പം വരവും നൽകീ

11

നൽകിയ വരങ്ങളാലഖിലലോകങ്ങളും വെ-
ന്നഭയം ചോദിപ്പോർക്കെല്ലാമഭയവും നൽകുമിവൻ
യുദ്ധക്കളത്തിൽ ദശമുഖനോടൊപ്പമുള്ളവൻ
മൂർച്ചയുള്ളമ്പിതുപോലൊരുത്തർക്കുമറിവില്ലാ
കടലിലെത്തിരകളെണ്ണാം ഇവനുടെ പെരുമ പേശാൻ
അതിലുമേറെയാണല്ലോ വിഷമം, പടക്കളത്തിൽ
ഭയമേതുമില്ലാത്തോർതൻ കാലനതികായൻ വന്നു
പദങ്ങൾ കൂപ്പി മുരളും വിരുതു രാജാവേ കേൾക്കൂ

Sunday, March 16, 2025

ത്രിന ചക്രബർത്തി (ബംഗാൾ)

ത്രിന ചക്രബർത്തി (ബംഗാൾ)


1

ഒപ്പിച്ചെടുക്കുമ്പോൾ


നിങ്ങൾക്കു വേണ്ടതിനേക്കാൾ
ഒരു സൈസ് കൂടുതലാണ് ഷർട്ട്

വാതിൽ എപ്പോഴും അടഞ്ഞുകിടക്കുന്നു

ചിലപ്പോൾ രാത്രി
പനിക്കുമ്പോലെ നിങ്ങൾക്കു തോന്നുന്നു

കൂട്ടിച്ചേർക്കുന്ന ഈ ഭിത്തികൾക്ക്
ഉറപ്പു പോരാ

ഏതു നിറത്തിലുള്ള ലഘുലേഖകളും
ജനൽവഴി പാറുന്നു

ഇടത്തേ ചുമലിൽ
എന്തോ ഒരസ്വസ്ഥത

എന്നെങ്കിലും നിങ്ങൾ തിരിച്ചറിയും
ഒപ്പിച്ചെടുക്കലാണ് ഒരേയൊരു വഴി എന്ന്.
ഒപ്പിച്ചെടുക്കുമ്പോൾ എന്നെങ്കിലും നിങ്ങൾക്കു തോന്നും,
എല്ലാ വഴിയും ഒരേ വഴിയെന്ന്.


2

മേൽപ്പാലം


കാമുകരായി ഞാൻ കണക്കാക്കുന്നവരെല്ലാം
തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നു പറയുന്നു.
സുഹൃത്തുക്കളായി ഞാൻ കണക്കാക്കുന്നവരെല്ലാം
തങ്ങൾ കാമുകർ മാത്രമെന്നും പറയുന്നു.
അവരിൽ ചുരുക്കം ചിലർ
സുഹൃത്തുക്കളുടെ കാമുകരായി കാണപ്പെട്ടു
മറ്റെല്ലാവരും പറഞ്ഞു,
അവർ കാമുകരുടെ സുഹൃത്തുക്കൾ എന്ന്
അവരിൽ കുറച്ചു പേർ
സ്വന്തം അയോഗ്യത തെളിയിക്കാൻ
നൂറു മീറ്റർ ഓടി.
കുറച്ചുപേർ എനിക്കൊപ്പം നിൽക്കാനായി
മെക്സിക്കോക്കു ടിക്കറ്റെടുത്തു.
ചില ഔഷധച്ചെടികൾ നടാൻ ഞാൻ ശ്രമിച്ചപ്പോൾ
മണ്ണിൽ ഉപ്പധികമെന്നു കണ്ടെത്തി.

എങ്ങനെ സാദ്ധ്യമാകും ഇതെല്ലാം?
എങ്ങനെ സാദ്ധ്യമാകാതിരിക്കും ഇതെല്ലാം?
സുഹൃത്തുക്കളെ സംബന്ധിച്ച് ഒരു മുൻസൂചനയുമില്ല
കാമുകരെ സംബന്ധിച്ചുമില്ല മുൻസൂചന

അതിൽപ്പിന്നെ
സുഹൃത്ത്, കാമുകൻ എന്നീ വാക്കുകളെ
ഒഴിവാക്കാനായി
നിരുപദ്രവമായ ചില മേൽപ്പാലങ്ങൾക്കായി
ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്നു.


3

നിറുത്ത്

രണ്ടാം എന്നെ ഞാൻ കണ്ടുമുട്ടിയ ദിവസം

ബസ് ഏറെക്കുറെ പൊയ്ക്കഴിഞ്ഞിരുന്നു
വഴിയിലുടനീളം നമ്മൾ ഏറെക്കുറെ മിണ്ടാതിരുന്നു.
ഒരേ സീറ്റിൽ അരികരികെയാണിരുന്നതെങ്കിലും.
ഓരോ നിറുത്തു വരുമ്പോഴും ആരാകും ആദ്യമിറങ്ങുക
എന്നു ഞാൻ ചിന്തിച്ചു.
ഓരോ നിറുത്തു വരുമ്പോഴും ഞാൻ ചിന്തിച്ചു,
ഇത്തവണ നമ്മളൊരുമിച്ച് ഇറങ്ങിയേക്കുമെന്ന്.

കഴിഞ്ഞ മുപ്പത്തിനാലു വർഷം
നിരവധി തവണ നാം കണ്ടുമുട്ടി.
എന്നാൽ മിക്കവാറും തമ്മിൽ മിണ്ടിയില്ല
ആ വർഷത്തെ പരിപാടികൾ എന്തെല്ലാമെന്നു ചോദിച്ചില്ല.
പുതിയ വസ്ത്രത്തിൻ്റെ നിറം ഇത്രയും നരച്ചതെന്തെന്ന്,
ഇരുണ്ട തെരുവിൽ എന്നെപ്പോലെ തന്നെ
അവൾക്കും പേടിയാകുന്നുവോ എന്ന്.
എന്തിനേറെ,
അവളുടെ ഫോൺ നമ്പർ പോലുമറിയില്ലെനിക്ക്.
ഓരോ നിറുത്തു വരുമ്പോൾ മാത്രം
ആരാദ്യമിറങ്ങുമെന്നു ഞാൻ ചിന്തിക്കുന്നു
ഓരോ നിറുത്തു വരുമ്പോഴും ഞാൻ ചിന്തിക്കുന്നു
ആരാരെ ആദ്യം വിട്ടുപോകുമെന്ന്.

Saturday, March 15, 2025

ജോസ് ആങ്കൽ വലൻ്റെ (സ്പാനിഷ്,1929 - 2000)

സമ്മതം

ജോസ് ആങ്കൽ വലൻ്റെ (സ്പാനിഷ്,1929 - 2000)


എനിക്കു മരിക്കണം.
മറ്റൊന്നും മരിക്കുന്നില്ല
ഒന്നിനുമില്ല
മരിക്കാൻ കഴിയും എന്ന ആത്മവിശ്വാസം

ദിവസം മരിക്കുന്നില്ല,
കടന്നുപോകുന്നു.
ഒരു പനിനീർപ്പൂവ്
മരിക്കുന്നില്ല,
വാടുന്നു.
സൂര്യൻ അസ്തമിക്കുന്നു,
മരിക്കുന്നില്ല

സൂര്യനേയും പനിനീർപ്പൂവിനേയും
ദിവസത്തേയും തൊട്ട
ഞാൻ മാത്രം ചിന്തിക്കുന്നു,
എനിക്കു മരിക്കാൻ കഴിയും

Tuesday, March 11, 2025

സോവൻ ഭട്ടാചാര്യ (ബംഗാൾ, ജനനം: 1974)

 *മഹാകവിയും മന്ദാക്രാന്തയും


സോവൻ ഭട്ടാചാര്യ (ബംഗാൾ, ജനനം: 1974)


നീ നിൽക്കുന്നൂ വടിവിൽ ഖജുരാഹോവിലെശ്ശില്പമെന്നേ
തോന്നുംവണ്ണം, ഭവതിയതിനാലപ്സരസ്സായിരിക്കാം
നീ പണ്ടേതോ കവിയുടെ മനം തന്നിൽ നിന്നും പിറന്നൂ
ഞാനിന്നും കണ്ടറിയുമവളായ് നിന്നെ, നീ മാറിയാലും 


ലീലാലോലം ദിവസമഖിലം മാഞ്ഞു, മാഞ്ഞെൻ്റെ ബാല്യം,
കൺചിമ്മീടും ഞൊടിയിലൊഴുകിപ്പോയിടുന്നെൻ യുവത്വം
പ്രാരാബ്ധങ്ങൾ മുഴുവനെവിടുന്നുത്ഭവിപ്പൂ? മനസ്സം -
സ്കാരത്തിൽ നി?,ന്നിത, ചുളിവുകൾ വീണിതെൻ നെറ്റിയിന്മേൽ


നൃത്തോദ്യുക്തേ, വളരെ മെലിവാർന്നുള്ളതേ നിൻ്റെ മധ്യം,
ചുറ്റിപ്പോകും നദിവളവു പോൽ കണ്ടിടുന്നൂ നിതംബം
പുത്തൻകാലപ്പുതുകവി രചിക്കുന്ന കാവ്യത്തിലും നീ
നിൽപ്പൂ മുമ്പാ മഹിത കവിതന്നുള്ളിലായുള്ള പോലെ


നീയെത്തുമ്പോൾ പുതുമണമദം ഭൂമിയെപ്പൊത്തിടുന്നൂ
നീയെത്തുമ്പോൾ ചുവടെയണവൂ ഭൂമിയിൽ സ്വർഗ്ഗലോകം
നീ മിണ്ടുമ്പോൾ രസനയിലതാ വൃത്തമാടുന്നു നൃത്തം
താളം തുള്ളുന്നലകളുലയേ ദ്വാദശസ്സുസ്വരങ്ങൾ


നീ വെമ്പുന്നൂ സകല ഹൃദയം കാമനത്തീ പടർത്തി -
പ്പൊള്ളിച്ചീടാൻ, മുലകൾ വെളിവാകും വിധം ബ്ലൗസു വെട്ടാൻ
നീ വെമ്പുന്നൂ മുലകളെ വെറും കച്ചയാൽ മൂടിടുന്നോ-
രാ കാലത്തേക്കണയുവതിനായ്, സ്ലീവു വെട്ടുന്നതിന്നായ്


പായുന്നൂ നിൻ മുലകളലയായ് മേലെ മേലേക്ക്, സാരി -
ത്തുമ്പാൽ തീർക്കും ഞൊറികളിൽ മറഞ്ഞിന്നു നിൻ മധ്യഭാഗം
പണ്ടേപ്പോലേയരയിലൊരു വെൺമുക്തഹാരം ധരിച്ചും -
കൊണ്ടേ നിൽക്കുന്നതിനു പകരം, കാൺമു ഞാനിപ്രകാരം


മന്ദാക്രാന്തേ,യുടലഴകു നാമിത്രനാൾ വാഴ്ത്തി,യെന്നാ-
ലാരാനും ചെന്നണകിൽ രതിയാൽ ഹൃത്തി, ലില്ലാ മടക്കം
വാഴുന്നൂ നീ കഥകൾ മൊഴികൾ സർവ്വവും തീരുമേട-
ത്താലാപത്താൽ സ്വരഗതി തരംഗങ്ങളായ് നീട്ടിനീട്ടി


യോഗിക്കാവില്ലറിയുവതിനായ്, ലമ്പടന്നാവുകില്ലാ
നീ പ്രത്യക്ഷം വരുവതറിയാം കാവ്യകൃത്തിന്നു മാത്രം
ധ്യാനത്തിൽ താൻ മുഴുകി വിലയം കൊണ്ടിരിക്കുമ്പൊൾ നീയാ -
ലാർതൻ ചിത്തം തവിടുപൊടിയായ്, ആ കവിക്കുള്ളിൽ മാത്രം


* യാദൃച്ഛികമായി സംഭവിച്ചതാണ് ഈ പരിഭാഷ. കൽക്കത്തയിൽ ഒരു പരിപാടിയിൽ വെച്ചാണ് കവി സോവൻ ഭട്ടാചാര്യയെ പരിചയപ്പെട്ടത്. എന്നേക്കാൾ രണ്ടു വയസ്സിന് ഇളയവൻ. മികച്ച ബംഗാളി കവിക്കുള്ള 2025 ലെ യാപ്പൻചിത്ര പുരസ്കാരം സോവന് സമ്മാനിക്കുന്ന ചടങ്ങു കൂടിയായിരുന്നു അത്. ബംഗാളി എനിക്കു വായിക്കാനറിയില്ലെങ്കിലും തൻ്റെ കവിതാ പുസ്തകം ഒരു സൗഹൃദ സ്മൃതിയായി അദ്ദേഹമെനിക്കു സമ്മാനിച്ചു. എങ്കിൽ അതിലെ ഒരു കവിതയെങ്കിലും വായിച്ചു കേൾക്കണമെന്നായി ഞാൻ. മറിച്ചപ്പോൾ ആദ്യം കണ്ട കവിതയുടെ പേരു ഞാൻ ചോദിച്ചു. സോവൻ പറഞ്ഞു: മഹാകവിയും മന്ദാക്രാന്തയും. ഞങ്ങളുടെ രണ്ടു പേരുടേയും ശുഷ്കമായ ഇംഗ്ലീഷുകൊണ്ട് ഏതാണ്ട് ഒന്നര മണിക്കൂർ ആ കവിതയെപ്പറ്റി സംസാരിച്ചു. ഓരോ വരിയും വായിച്ച് സോവൻ ആശയം പറഞ്ഞു തന്നു. തുടർന്ന് ചെയ്തതാണ് ഈ പരിഭാഷ. പ്രാരബ്ധം,സംസ്കാരം തുടങ്ങി ഈ കവിതയിൽ ഉപയോഗിച്ചിട്ടുള്ള പല പദങ്ങളും ബംഗാളിയിലെ അതേ അർത്ഥത്തിൽ തന്നെ മലയാളത്തിലുമുള്ളത് പരിഭാഷ എളുപ്പമാക്കി. ബംഗാളിയിലും ഇത് വൃത്തബദ്ധമാണ്. സംസ്കൃതവൃത്തമായ മന്ദാക്രാന്തയെ ഓർമ്മിപ്പിക്കുന്ന ഏതോ ബംഗാളി വൃത്തം. പരിഭാഷയിൽ മന്ദാക്രാന്ത തന്നെ ഉപയോഗിച്ചിരിക്കുന്നു.