Monday, May 20, 2024

ഡാനിയേൽ ഖാംസ് കവിതകൾ(റഷ്യ, 1905- 1942)

ഡാനിയേൽ ഖാംസ് കവിതകൾ



1

ഗാനം



കണ്ണടക്കും ഞങ്ങൾ

ജനതേ, ജനതേ!

കണ്ണു തുറക്കും ഞങ്ങൾ

പടയാളികളേ,

പടയാളികളേ!


ഉയർത്തു ഞങ്ങളെ വെള്ളത്തിനുമേൽ

മാലാഖമാരേ, 

മാലാഖമാരേ!

മുക്കിക്കൊല്ലുക വെള്ളത്തിൽ

പിശാചുക്കളേ, ശത്രുവിനെ

പിശാചുക്കളേ!


കണ്ണടക്കും ഞങ്ങൾ

ജനതേ, ജനതേ!

കണ്ണു തുറക്കും ഞങ്ങൾ

പടയാളികളേ,

പടയാളികളേ!


പക്ഷികളേ, പക്ഷികളേ!

കരുത്തു നൽകൂ ഞങ്ങൾക്ക്

വെള്ളത്തിനുമേൽ പറക്കുവാൻ

മീനുകളേ, മീനുകളേ!

ധൈര്യം നൽകൂ ഞങ്ങൾക്ക്

ജലത്തിനടിയിൽ മരിക്കുവാൻ


(1934-1935)


2


ഇവാൻ ഇവാനിച്ച് സമോവർ



ഇവാൻ ഇവാനിച്ച് സമോവർ
കുടവയറൻ സമോവർ
മൂന്നു കുടം കൊണ്ടീടും
പെരുവയറൻ സമോവർ
അവനുള്ളിൽ തിളവെള്ളം
അതു വീഴും പൈപ്പുവഴി.
തുളയൂടേ, പൈപ്പൂടേ
നേരേ വീഴും കപ്പുകളിൽ

കാലത്തേ,യതിനരികിൽ
പെത്യാ മാമൻ വന്നല്ലോ.
പറയുന്നൂ പെത്യാ മാമൻ
സമോവറേ ചായ തരൂ
കുടിക്കുവാൻ ചായ തരൂ.

വന്നല്ലോ കാത്യാ മാമി
പിന്നെ സമോവറിനരികത്തായ്
കുപ്പിഗ്ലാസും കയ്യിലേന്തി
കാത്യാ മാമി വന്നല്ലോ.
പറയുന്നൂ കാത്യാ മാമി
തീർച്ചയായുമെനിക്കല്പം
തരണം നീ കുടിക്കുവാൻ

പിന്നെ വന്നൂ മുത്തശ്ശൻ
വയസ്സു വയസ്സായ മുത്തശ്ശൻ
വള്ളിച്ചെരിപ്പിട്ട മുത്തശ്ശൻ
വിശാലമായൊരു കോട്ടുവാ വി -
ട്ടദ്ദേഹം പറയുന്നൂ
സമോവറിനോടു പറയുന്നൂ
വേണമെനിക്കു കുടിക്കാനായ്
അല്പം ചായ, പകർന്നു തരൂ.

പിന്നെ വരവായ് മുത്തശ്ശി
വയസ്സി വയസ്സി മുത്തശ്ശി
വടിയും കുത്തി വന്നിട്ടല്പം
ചിന്തയിലാണ്ടു പറയുന്നു
ശരി,യെന്നാലിനിയല്പം
ചായ കിടച്ചാൽ നന്നായി.

ഓടിയെത്തി സമോവറിനരികെ
പെട്ടെന്നൊരു പെൺകുട്ടി
പേരക്കുട്ടി, പെൺകുട്ടി.
പകരുക നീ ,പകരുക നീ,
പറയുന്നൂ പെൺകുട്ടി,
ഒരു കപ്പിൽ മുഴുവനെയും,
മധുരം വേണം നല്ലോണം.

അപ്പോളോടി വരുന്നുണ്ട്
ഷുച്കാപ്പട്ടിയുമങ്ങോട്ട്
മുർക്കാപ്പൂച്ചയുമൊരുമിച്ച്.
പാലൊഴിച്ചൊരു ചായ കുടിക്കാൻ
മോഹിച്ചോടി വരുന്നുണ്ട്.
തിളവെള്ളത്തിൽ പാലുപാർന്ന്,
ആഹാ,മധുരപ്പാൽച്ചായ!

ഉറക്കച്ചടവു വിടാതപ്പോൾ
പെട്ടെന്നെത്തീ സെര്യോഷ
മുഖം കഴുകാതെ സെര്യോഷ.
മറ്റെല്ലാർക്കും പിറകേ വന്ന്
പറയുന്നൂ സെര്യോഷ
എനിക്കു തരൂ,എനിക്കു തരൂ
ഏറ്റം വലിയൊരു കപ്പിൽ തരൂ.

അവരുന്തീ, അവർ തള്ളീ,
പിടിവലിയായീ ചായയ്ക്കായ്.
പാടെല്ലാം പെട്ടിട്ടും
പുറമേ വന്നതു നീരാവി.
വാലൻ കിണ്ടി കണക്കു സമോവർ
ചെരിച്ചു നോക്കീ, മറിച്ചു നോക്കീ,
പുറമേ വന്നതു ചില തുള്ളി.

സമോവർ ഇവാൻ ഇവാനിച്ച്
മേശമേൽ ഇവാൻ ഇവാനിച്ച്
സ്വർണ്ണ നിറത്തിൽ തിളങ്ങിടുന്നോ-
രിവാൻ ഇവാനിച്ച് സമോവർ
തിള വെള്ളം, ചുടു ചായ
മടിയന്മാർക്കു കൊടുത്തില്ല
വൈകിയുറങ്ങീടുന്നോർക്കും.

- 1928.
കുട്ടികളെ വഴിതെറ്റിക്കുന്ന കവിതകളെഴുതി എന്ന പേരിലാണ് സോവിയറ്റ് ഭരണകൂടം ഈ കവിയെ ശരിപ്പെടുത്തിയത്. അസംബന്ധ ദർശനത്തിൻ്റെ കവിയാണ് ഡാനിയേൽ ഖാംസ്

3

ഓരോ ചൊവ്വാഴ്ച്ചയും


പൊള്ള ബലൂണൊന്നു പാറാൻ വരുമോരോ
ചൊവ്വാഴ്ച്ചയും പാതമേലേ
നൂലറ്റു പാറി നടക്കും സ്വതന്ത്രമായ്
ശാന്തമാം വാനത്തിലൂടെ 
പൈപ്പു പുകച്ചിരിപ്പുണ്ടാമൊരാളതി-
ന്നുള്ളിൽ പുറത്തേക്കു നോക്കി
പാറിക്കളിക്കും കിളികളെ, താഴെപ്പൂ -
ന്തോട്ടങ്ങളെയയാൾ നോക്കും.
ചൊവ്വയിൽ നിന്നും ബുധനാഴ്ച്ചയിലേക്കു
നീളുന്ന തൻ വഴി നോക്കും
അന്ന് വെളിച്ചം കെടുമ്പോൾ പറഞ്ഞിടും:
"എല്ലാം ശുഭം നഗരത്തിൽ"


4

കൺമായ


സെമിയോൻ സെമിയനോവിച്ച് കണ്ണട വെച്ച് ഒരു പൈൻമരത്തിലേക്കു നോക്കിയപ്പോൾ മരത്തിലിരുന്ന് ഒരു മനുഷ്യൻ തൻ്റെ നേരെ മുഷ്ടിയുയർത്തിക്കാട്ടുന്നതായി കണ്ടു

സെമിയോൻ സെമിയനോവിച്ച് കണ്ണട ഊരി പൈൻമരത്തിലേക്കു നോക്കിയപ്പോൾ അവിടെ ആരും ഇരിപ്പില്ലായിരുന്നു

സെമിയോൻ സെമിയനോവിച്ച് വീണ്ടും കണ്ണടവെച്ച് പൈൻമരത്തിലേക്കു നോക്കിയപ്പോൾ മരത്തിലിരുന്നൊരു മനുഷ്യൻ വീണ്ടും തൻ്റെ നേരെ മുഷ്ടിയുയർത്തിക്കാട്ടുന്നതായി കണ്ടു

സെമിയോൻ സെമിയനോവിച്ച് കണ്ണട ഊരി പൈൻമരത്തിലേക്കു നോക്കിയപ്പോൾ വീണ്ടും അവിടെ ആരുമില്ലെന്നു കണ്ടു

സെമിയോൻ സെമിയനോവിച്ച് കണ്ണട വെച്ച് പൈൻമരത്തിലേക്കു നോക്കിയപ്പോൾ വീണ്ടും കണ്ടു, മരത്തിലിരുന്നൊരു മനുഷ്യൻ തൻ്റെ നേരെ കയ്യുയർത്തിക്കാട്ടുന്നു

സെമിയോൻ സെമിയനോവിച്ച് ആ പ്രതിഭാസം വിശ്വസിക്കാതെ അത് കണ്ണിൻ്റെ ഒരു മായയാണെന്നുതന്നെ കരുതി


5

പരാജയപ്പെട്ട ഒരു നാടകം


പെട്രാക്കോവ് ഗോർബനോവ് അരങ്ങത്തു വന്ന് എന്തോ പറയാൻ ശ്രമിക്കുന്നു. കഴിയാതെ ഇക്കിൾ വിടുന്നു. അസ്വസ്ഥനായി രംഗം വിടുന്നു

പ്രിട്ടിക്കിൻ പ്രവേശിക്കുന്നു

പ്രിട്ടിക്കിൻ : ആദരണീയനായ പെട്രോക്കോവ് ഗോർബനോവ് എന്നോടു പറഞ്ഞിരിക്കുന്നു, നിങ്ങളോടു ക്ഷമാപ..... (ഛർദ്ദിക്കാൻ തുടങ്ങി ഓടിപ്പോകുന്നു)

മക്കാറോവ് പ്രവേശിക്കുന്നു.

മക്കാറോവ്:  ഇഗോർ പ്രിട്ടിക്കിൻ എന്നോട്...... (ഛർദ്ദിച്ചുകൊണ്ട് ഓടിപ്പോകുന്നു)

സെർപുക്കോവ് പ്രവേശിക്കുന്നു

സെർപുക്കോവ്: അതായത് .... (ഛർദ്ദിക്കുന്നു, ഓടുന്നു)

കുറോവ പ്രവേശിക്കുന്നു.

കുറോവ : ഞാൻ ...... (അവളും ഛർദ്ദിച്ച് ഓടിപ്പോകുന്നു)

ഒരു കൊച്ചു പെൺകുട്ടി അരങ്ങത്തേക്ക് ഓടിവരുന്നു.

പെൺകുട്ടി: ഡാഡി എന്നോടു പറഞ്ഞു, നിങ്ങളെല്ലാവരോടും പറയാൻ, തീയേറ്റർ അടയ്ക്കുകയാണ്. ഞങ്ങൾക്കൊക്കെയും സൂക്കേട്

(കർട്ടൻ)

No comments:

Post a Comment