Friday, May 31, 2024

വായനക്കാരൻ - ഷൂഷാപില്ലിസ് അഗിലോ (കറ്റാലൻ, സ്പെയിൻ, ജനനം : 1967)

 വായനക്കാരൻ


ഷൂഷാപില്ലിസ് അഗിലോ (കറ്റാലൻ, സ്പെയിൻ, ജനനം : 1967) Josep Lluis Aguilo


കവിതയുടെ വീട്
നിങ്ങൾക്കായി തുറന്നുതരുന്ന വാതിൽ,
ആദ്യവരി.
അതു നിങ്ങളെ അകത്തേക്കു ക്ഷണിച്ച് ഇണക്കിയെടുക്കുന്നു
സ്വാഗതം ചെയ്തു കൈ പിടിച്ച്
അകത്തേക്കു കൂട്ടിക്കൊണ്ടുപോകും ആദ്യഖണ്ഡം.
രണ്ടാം ഖണ്ഡത്തിൻ്റെ കസേരയിൽ
നിങ്ങളെ ഇരുത്തുന്നതിനിടയിൽ
ഉള്ളു തുറന്ന് വിശ്വാസപൂർവ്വം സംസാരിക്കും അത്.

അവിടെ നിങ്ങൾ കാത്തിരിക്കുന്നു കവിതയുടെ അർത്ഥത്തിനായി
ചൂടും മധുരവുമുള്ള കാപ്പിയോ
മറ്റോ നിങ്ങൾക്കു തരും
നിങ്ങൾ മുഴുകിയിരിക്കുകയാണ്
നിങ്ങളുടെ ശ്രദ്ധ പൊയ്പോയിട്ടില്ല 
എന്നുറപ്പു വരുത്താൻ.
അതല്ലെങ്കിൽ റാക്കിൽ നിന്നു പത്രമെടുക്കാം.

വൈകാതെ
പിൻവാതിലിലൂടെ
നിശ്ശബ്ദം പമ്മിപ്പതുങ്ങി
അന്ത്യം
എത്തിച്ചേരും.
സംഗീതം ഉച്ചത്തിലാവുമ്പോൾ 
ഒടുവിൽ അപ്പോൾ നിങ്ങളറിയും,
അന്തർജ്ഞാനത്താലറിയും,
എല്ലാവരും ഇതിനകം അറിഞ്ഞു കഴിഞ്ഞത്,
പിന്നിലേക്കു മറച്ചു പിടിച്ച കയ്യിൽ
പ്രേമലേഖനമോ കഠാരയോ എന്നത്.

മൂന്നു കവിതകൾ - മാനുവേൽ ഫോർകാനോ (കറ്റാലൻ, സ്പെയിൻ, ജനനം : 1968)

മൂന്നു കവിതകൾ

മാനുവേൽ ഫോർകാനോ (കറ്റാലൻ, സ്പെയിൻ, ജനനം : 1968)

1
വിളക്കണഞ്ഞപ്പോൾ
കിടക്കയിൽ കിടന്ന്
രാത്രിക്കു കട്ടി കൂട്ടാൻ ഞാൻ
കൈകൊണ്ട് കണ്ണുകൾ പൊത്തിപ്പിടിച്ചു
കൺപോളകൾക്കും കൈത്തലത്തിനുമിടയിലെ
ഇത്തിരിയിടത്തിൽ സ്വപ്നങ്ങൾ തഴയ്ക്കുന്നു
തൈപ്പുരയിൽ വളരുന്ന പൂക്കളെപ്പോലെ

2
മാനത്തൊരു വിമാനം വിട്ടേച്ചു പോയ
വെളുത്ത പാടുപോലെയാണെൻ്റെ പ്രണയം
അതെവിടുന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ
എനിക്കറിയില്ല
അതിലെ യാത്രികനും പൈലറ്റും ഞാൻ തന്നെ.
വിശാലമായ ആകാശം ഒരു മേഘത്തിനുള്ളിലതിനെ
അടക്കി സുരക്ഷിതമാക്കിയേക്കും
എഞ്ചിൻ വായുവിൽ വിട്ടുപോയ
കരിഞ്ഞ പൊടി നിറയാൻ ഒരിടം
എൻ്റെ ഹൃദയത്തിലുമുണ്ടല്ലോ.

3
ഇരുട്ടിൽ ചുവരു മുഴുവൻ തപ്പി
സ്വിച്ചു കണ്ടുപിടിക്കുന്ന ഒരുവനെപ്പോലെ
ഞാൻ നിന്നെ എൻ്റെ മനസ്സിൽ തിരയുന്നു
ഓർമ്മയുടെ പൊടുന്നനെവെളിച്ചം
നിൻ്റെ തുണ്ടുകൾ മാത്രമാണു തന്നത്.
അവ ചേർത്തുവെയ്ക്കുക എന്നാൽ
മരുഭൂമിയിലൂടെ മരീചികക്കു നേരെ നടക്കുക എന്നാണ്.
കടൽവെള്ളംകൊണ്ടു ദാഹം തീർക്കുക എന്ന്.
പ്രതിമയുടെ വെണ്ണക്കൽ ശരീരം
ചുറ്റികയാൽ തച്ചുതകർക്കുന്ന
ഒരു മതഭ്രാന്തൻ,
മറവി

Thursday, May 30, 2024

മലയടിവാരത്തിലെ..... - ഏതൽ അദ്നാൻ (1925-2021, ലെബനീസ് - അമേരിക്കൻ)

മലയടിവാരത്തിലെ
രണ്ടു കല്ലുകൾക്കിടയിൽ
ഒരു പൂമ്പാറ്റ
മരിക്കാനായി വന്നു.
മല അതിന്മേൽ നിഴലു വീഴ്ത്തി,
മരണരഹസ്യം മറച്ചുവെയ്ക്കാൻ

- ഏതൽ അദ്നാൻ (1925-2021, ലെബനീസ് - അമേരിക്കൻ)

Sunday, May 26, 2024

കവിതകൾ - ക്രിസ്റ്റിൻ ഒമാഴ്‌സ്ഡാട്ടർ (ഐസ് ലാൻ്റ്, ജനനം 1962)

കവിതകൾ

ക്രിസ്റ്റിൻ ഒമാഴ്‌സ്ഡാട്ടർ (ഐസ് ലാൻ്റ്, ജനനം 1962)

1
ചിരി

ആകാശം വായ തുറന്നു വിഴുങ്ങുന്നൂ ഒരു മേഘത്തെ
മറ്റൊരു മേഘം
മേഘം
മേഘം
ഹോ!
മാനത്തിനു നല്ല വിശപ്പുണ്ട്
തിന്നുന്നതിടെ അതു പല്ലില്ലാതെ ചിരിക്കുന്നുമുണ്ട്

ഞാൻ നിലത്തു മലർന്നുകിടക്കുന്നു
മ്....മ്.......
മാനത്തോടൊത്തു ചിരിക്കുന്നു
മ് ......മ്.......
ഹഹഹഹ.......


2
മൂന്നു കവയിത്രികൾ

മൂന്നു കവയിത്രികൾ
വെളുത്ത ബ്രായണിഞ്ഞ്
ഉയരം കുറഞ്ഞ
ഒരു വട്ടമേശക്കു ചുറ്റുമിരിക്കുന്നു
പുസ്തകം കയ്യിൽ പിടിച്ച്

സ്വെറ്റർ ധരിച്ച ഒരു മനുഷ്യൻ
മഞ്ഞുകാറ്റിൽ നിന്നും വാതിൽ തുറന്നു വന്ന്
സ്ത്രീകൾക്കരികെ വന്നിരിക്കുന്നു.

സ്വെറ്റർ ഊരുന്നു

അവരിലൊരാളെ
അയാൾ തൊടുമ്പോൾ
അവർ അതിനകം മരിച്ചു കഴിഞ്ഞിരിക്കുന്നു.
ജീവിതത്തിലേക്കു തിരിച്ചു വരുന്നേയില്ല
അവൻ്റെ ചുംബനങ്ങൾക്കായ് അവർ
കാക്കുകയാണെങ്കിലും

പിന്നയാൾ എണീറ്റു
അയാൾ തൊട്ട സ്ത്രീയെ
എടുത്തു പുറത്തേക്കു കൊണ്ടുപോയി

വാതിൽ തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമുള്ള
വായുപ്രവാഹം
മൂവരുടേയും പുസ്തകത്താളുകൾ
മറിച്ചുകൊണ്ടിരുന്നു.


3
ആഗ്രഹം

ഞാൻ ഉണർന്നെണീക്കാത്ത ദിവസം
ആഗ്രഹിക്കുന്നു
ആരെങ്കിലും അടുത്തുണ്ടാവാൻ
എൻ്റെ ശരീരത്തെ അറിയുന്ന ആരെങ്കിലും.


4
സ്നേഹവും നീയും


നിൻ്റെ ശ്വാസകോശത്തിൻ്റെ ചിത്രങ്ങളെടുക്കുന്ന കാമറ നിന്നെ സ്നേഹിക്കുന്നു, പക്ഷേ നീയാ സ്നേഹം ശ്രദ്ധിക്കുന്നില്ല.

ശരിക്കുമതെ. നീ ഷർട്ടഴിച്ച് ചർമ്മം കണ്ണാടിമിനുപ്പുള്ള സ്റ്റീലിന്മേൽ ആദ്യമായി തട്ടുമ്പോൾ, അപ്പോൾ നീയതു ശ്രദ്ധിക്കും. പക്ഷേ പെട്ടെന്നുതന്നെ മറക്കുകയും ചെയ്യും.

കാമറക്കു പിന്നിലുള്ള സ്ത്രീകളും നിന്നെ സ്നേഹിക്കുന്നു.

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രവും.

നിൻ്റെ ശ്വാസകോശത്തിൻ്റെ എക്സ് റേയെ പ്രകാശിപ്പിക്കുന്ന തിളക്കവും.

ഡോക്ടറുടെ വിരൽ

ഇരുട്ട്, വരകൾ, ചിത്രത്തെ എടുത്തുകാട്ടുന്ന പുകമൂടൽ

അവ നിന്നെ സ്നേഹിക്കുന്നു.

നീ പക്ഷേ ഇപ്പോൾ തയ്യാറല്ല.

അയാൾ മരിച്ചു

അയാൾ മരിച്ചു


ജീവിച്ചിരുന്ന കാലത്തു വിട്ട

ലക്ഷക്കണക്കിനു കോട്ടുവാകൾക്ക്
നിത്യശാന്തി!

രാവിൽ

രാവിൽ


വിരലാൽ ഞെരിഞ്ഞോരു
പ്രാണിയുടെ നാറ്റം
നിറയുന്നു രാവിലെങ്ങും

കർണ്ണൻ

 കർണ്ണൻ


ആസ്പത്രിലിഫ്റ്റ്
നെഞ്ചുകാട്ടും പോലെ തുറന്നു.
കയ്യിലെ
കുഞ്ഞു തോണി പോലുള്ള
കുഞ്ഞിക്കിടക്കയിൽ
ചോരക്കുഞ്ഞുമായ്
ഒരു സ്ത്രീ.
ലിഫ്റ്റിൽ നിന്നു പുറത്തിറങ്ങാൻ ആയുന്ന
അവർ
തോണി വെള്ളത്തിലൊഴുക്കാൻ
ആയുകയാണെന്നു തോന്നി!

ആദ്യത്തെ പൂക്കൾ

ആദ്യത്തെ പൂക്കൾ


മാനംമുട്ടെ നിൽക്കുന്ന
ഈ വീട്ടിമരത്തിനു ചുവട്ടിൽ
ഇതാദ്യമായി
വിരിച്ചിട്ട പോലെ പൂക്കൾ

കാരണവരെപ്പോലെ കാണപ്പെട്ട നീ
സത്യത്തിലൊരു
കൊച്ചുകുഞ്ഞായിരുന്നല്ലേ
ഇതുവരെ?

ഏർക്കാട്

 ഏർക്കാട്


രണ്ടു ദിവസം ഞാൻ കാറ്റിനു കൊടുത്തു.
എൻ്റെ ചങ്ങാതിമാരുമതെ.
രണ്ടു ദിവസം ഞങ്ങൾ കാറ്റിനു കൊടുത്തു.
കാറ്റെന്തു ചെയ്തു?
കാറ്റ് ഞങ്ങളെ അവിടെത്തന്നെ കുലുക്കിവീഴ്ത്തി.
മലയുടെ താഴെ
ഒരു തീവണ്ടി മുറിയിലേക്ക്
ഞങ്ങൾ ഉരുണ്ടു വീണു.
ഞങ്ങൾ കൊടുത്ത രണ്ടു ദിവസമോ
വായുവിൻ്റെ ഒരു വമ്പൻ തിരയുടെ
തുമ്പിൽ തിരുകി
കാറ്റ്
മരങ്ങൾക്കിടയിലൂടെ പറത്തിവിട്ടു
മൂളി മുരണ്ട് ഇരമ്പി
കാറ്റിൻ്റെ കൂടെ അതു പോയി.
തീവണ്ടിയിലിഴഞ്ഞ്
തിരിച്ചു വീട്ടിലെത്തിയപ്പോൾ
ദിനമണിയുടെയോ ദിനത്തന്തിയുടെയോ
മഞ്ഞച്ച പഴന്താളുകൊണ്ടുണ്ടാക്കിയ
ഒരു കടലാസ് വിമാനം
എൻ്റെ മുറ്റത്തു ലാൻ്റു ചെയ്തിരിക്കുന്നു.
ഹരി, സജീവ് നിങ്ങളുടെ മുറ്റത്തും വന്നിറങ്ങിയോ അത്?
ലീവു കഴിഞ്ഞ് കാനഡയിലേക്കു മടങ്ങിയ ശ്രീജിത്ത്,
മഞ്ഞു വീണു കുതിരും മുമ്പ്
അവിടെയും വന്നിറങ്ങിയല്ലോ
നാം കാറ്റിനു കൊടുത്ത ദിവസവിമാനം?

Saturday, May 25, 2024

കവിതകൾ - നഹും എം വൈൻബെർഗ് (നെതർലാൻ്റ്സ്, ഭാഷ ഡച്ച്,ജനനം 1961)

കവിതകൾ

നഹും എം വൈൻബെർഗ് (നെതർലാൻ്റ്സ്, ഭാഷ ഡച്ച്,ജനനം 1961)


1

ഒരു കൂട്ടുകാരനോടു യാത്ര പറയൽ


തനിക്കു കൂട്ടുകാരാരുമില്ലാത്ത വിദൂരത്തിലേക്കു
യാത്ര ചെയ്യുന്ന ഒരു കൂട്ടുകാരനോടു ഞാൻ
യാത്ര പറയുന്നു.
കൂടുതൽ വാക്കുകൾ അലറാതിരിക്കാൻ മനസ്സിരുത്തി
അവൻ അകന്നു മറയും വരെ നോക്കി നിൽക്കുന്നു,
അതവനെ ഞങ്ങളുടെ സൗഹൃദത്തിൻ്റെ
ഒരു നല്ല നേരം ഓർമ്മിപ്പിക്കും.
വസ്ത്രങ്ങൾ പോലെ ഒഴിഞ്ഞ്
ഞാൻ വീട്ടിലേക്കു നടക്കുന്നു
ആ യാത്രികനെപ്പോലൊരു അതിഥിയെ
പ്രതീക്ഷിക്കാനാവാതെ.


2

എന്നെ കാണാൻ നീ ഇഷ്ടപ്പെടുന്ന മട്ട്

മൂടൽമഞ്ഞുണ്ടായിരുന്നു ഇരുളിൽ,
ഞാൻ പറഞ്ഞു, ഗുഡ്ബൈ, ഗുഡ്ബൈ,
തീവണ്ടിയിൽ ശാന്തം,
തണുത്ത ജനാലക്കൽ എൻ്റെ കണ്ണുകൾ.

Monday, May 20, 2024

ഡാനിയേൽ ഖാംസ് കവിതകൾ(റഷ്യ, 1905- 1942)

ഡാനിയേൽ ഖാംസ് കവിതകൾ



1

ഗാനം



കണ്ണടക്കും ഞങ്ങൾ

ജനതേ, ജനതേ!

കണ്ണു തുറക്കും ഞങ്ങൾ

പടയാളികളേ,

പടയാളികളേ!


ഉയർത്തു ഞങ്ങളെ വെള്ളത്തിനുമേൽ

മാലാഖമാരേ, 

മാലാഖമാരേ!

മുക്കിക്കൊല്ലുക വെള്ളത്തിൽ

പിശാചുക്കളേ, ശത്രുവിനെ

പിശാചുക്കളേ!


കണ്ണടക്കും ഞങ്ങൾ

ജനതേ, ജനതേ!

കണ്ണു തുറക്കും ഞങ്ങൾ

പടയാളികളേ,

പടയാളികളേ!


പക്ഷികളേ, പക്ഷികളേ!

കരുത്തു നൽകൂ ഞങ്ങൾക്ക്

വെള്ളത്തിനുമേൽ പറക്കുവാൻ

മീനുകളേ, മീനുകളേ!

ധൈര്യം നൽകൂ ഞങ്ങൾക്ക്

ജലത്തിനടിയിൽ മരിക്കുവാൻ


(1934-1935)


2


ഇവാൻ ഇവാനിച്ച് സമോവർ



ഇവാൻ ഇവാനിച്ച് സമോവർ
കുടവയറൻ സമോവർ
മൂന്നു കുടം കൊണ്ടീടും
പെരുവയറൻ സമോവർ
അവനുള്ളിൽ തിളവെള്ളം
അതു വീഴും പൈപ്പുവഴി.
തുളയൂടേ, പൈപ്പൂടേ
നേരേ വീഴും കപ്പുകളിൽ

കാലത്തേ,യതിനരികിൽ
പെത്യാ മാമൻ വന്നല്ലോ.
പറയുന്നൂ പെത്യാ മാമൻ
സമോവറേ ചായ തരൂ
കുടിക്കുവാൻ ചായ തരൂ.

വന്നല്ലോ കാത്യാ മാമി
പിന്നെ സമോവറിനരികത്തായ്
കുപ്പിഗ്ലാസും കയ്യിലേന്തി
കാത്യാ മാമി വന്നല്ലോ.
പറയുന്നൂ കാത്യാ മാമി
തീർച്ചയായുമെനിക്കല്പം
തരണം നീ കുടിക്കുവാൻ

പിന്നെ വന്നൂ മുത്തശ്ശൻ
വയസ്സു വയസ്സായ മുത്തശ്ശൻ
വള്ളിച്ചെരിപ്പിട്ട മുത്തശ്ശൻ
വിശാലമായൊരു കോട്ടുവാ വി -
ട്ടദ്ദേഹം പറയുന്നൂ
സമോവറിനോടു പറയുന്നൂ
വേണമെനിക്കു കുടിക്കാനായ്
അല്പം ചായ, പകർന്നു തരൂ.

പിന്നെ വരവായ് മുത്തശ്ശി
വയസ്സി വയസ്സി മുത്തശ്ശി
വടിയും കുത്തി വന്നിട്ടല്പം
ചിന്തയിലാണ്ടു പറയുന്നു
ശരി,യെന്നാലിനിയല്പം
ചായ കിടച്ചാൽ നന്നായി.

ഓടിയെത്തി സമോവറിനരികെ
പെട്ടെന്നൊരു പെൺകുട്ടി
പേരക്കുട്ടി, പെൺകുട്ടി.
പകരുക നീ ,പകരുക നീ,
പറയുന്നൂ പെൺകുട്ടി,
ഒരു കപ്പിൽ മുഴുവനെയും,
മധുരം വേണം നല്ലോണം.

അപ്പോളോടി വരുന്നുണ്ട്
ഷുച്കാപ്പട്ടിയുമങ്ങോട്ട്
മുർക്കാപ്പൂച്ചയുമൊരുമിച്ച്.
പാലൊഴിച്ചൊരു ചായ കുടിക്കാൻ
മോഹിച്ചോടി വരുന്നുണ്ട്.
തിളവെള്ളത്തിൽ പാലുപാർന്ന്,
ആഹാ,മധുരപ്പാൽച്ചായ!

ഉറക്കച്ചടവു വിടാതപ്പോൾ
പെട്ടെന്നെത്തീ സെര്യോഷ
മുഖം കഴുകാതെ സെര്യോഷ.
മറ്റെല്ലാർക്കും പിറകേ വന്ന്
പറയുന്നൂ സെര്യോഷ
എനിക്കു തരൂ,എനിക്കു തരൂ
ഏറ്റം വലിയൊരു കപ്പിൽ തരൂ.

അവരുന്തീ, അവർ തള്ളീ,
പിടിവലിയായീ ചായയ്ക്കായ്.
പാടെല്ലാം പെട്ടിട്ടും
പുറമേ വന്നതു നീരാവി.
വാലൻ കിണ്ടി കണക്കു സമോവർ
ചെരിച്ചു നോക്കീ, മറിച്ചു നോക്കീ,
പുറമേ വന്നതു ചില തുള്ളി.

സമോവർ ഇവാൻ ഇവാനിച്ച്
മേശമേൽ ഇവാൻ ഇവാനിച്ച്
സ്വർണ്ണ നിറത്തിൽ തിളങ്ങിടുന്നോ-
രിവാൻ ഇവാനിച്ച് സമോവർ
തിള വെള്ളം, ചുടു ചായ
മടിയന്മാർക്കു കൊടുത്തില്ല
വൈകിയുറങ്ങീടുന്നോർക്കും.

- 1928.
കുട്ടികളെ വഴിതെറ്റിക്കുന്ന കവിതകളെഴുതി എന്ന പേരിലാണ് സോവിയറ്റ് ഭരണകൂടം ഈ കവിയെ ശരിപ്പെടുത്തിയത്. അസംബന്ധ ദർശനത്തിൻ്റെ കവിയാണ് ഡാനിയേൽ ഖാംസ്

3

ഓരോ ചൊവ്വാഴ്ച്ചയും


പൊള്ള ബലൂണൊന്നു പാറാൻ വരുമോരോ
ചൊവ്വാഴ്ച്ചയും പാതമേലേ
നൂലറ്റു പാറി നടക്കും സ്വതന്ത്രമായ്
ശാന്തമാം വാനത്തിലൂടെ 
പൈപ്പു പുകച്ചിരിപ്പുണ്ടാമൊരാളതി-
ന്നുള്ളിൽ പുറത്തേക്കു നോക്കി
പാറിക്കളിക്കും കിളികളെ, താഴെപ്പൂ -
ന്തോട്ടങ്ങളെയയാൾ നോക്കും.
ചൊവ്വയിൽ നിന്നും ബുധനാഴ്ച്ചയിലേക്കു
നീളുന്ന തൻ വഴി നോക്കും
അന്ന് വെളിച്ചം കെടുമ്പോൾ പറഞ്ഞിടും:
"എല്ലാം ശുഭം നഗരത്തിൽ"


4

കൺമായ


സെമിയോൻ സെമിയനോവിച്ച് കണ്ണട വെച്ച് ഒരു പൈൻമരത്തിലേക്കു നോക്കിയപ്പോൾ മരത്തിലിരുന്ന് ഒരു മനുഷ്യൻ തൻ്റെ നേരെ മുഷ്ടിയുയർത്തിക്കാട്ടുന്നതായി കണ്ടു

സെമിയോൻ സെമിയനോവിച്ച് കണ്ണട ഊരി പൈൻമരത്തിലേക്കു നോക്കിയപ്പോൾ അവിടെ ആരും ഇരിപ്പില്ലായിരുന്നു

സെമിയോൻ സെമിയനോവിച്ച് വീണ്ടും കണ്ണടവെച്ച് പൈൻമരത്തിലേക്കു നോക്കിയപ്പോൾ മരത്തിലിരുന്നൊരു മനുഷ്യൻ വീണ്ടും തൻ്റെ നേരെ മുഷ്ടിയുയർത്തിക്കാട്ടുന്നതായി കണ്ടു

സെമിയോൻ സെമിയനോവിച്ച് കണ്ണട ഊരി പൈൻമരത്തിലേക്കു നോക്കിയപ്പോൾ വീണ്ടും അവിടെ ആരുമില്ലെന്നു കണ്ടു

സെമിയോൻ സെമിയനോവിച്ച് കണ്ണട വെച്ച് പൈൻമരത്തിലേക്കു നോക്കിയപ്പോൾ വീണ്ടും കണ്ടു, മരത്തിലിരുന്നൊരു മനുഷ്യൻ തൻ്റെ നേരെ കയ്യുയർത്തിക്കാട്ടുന്നു

സെമിയോൻ സെമിയനോവിച്ച് ആ പ്രതിഭാസം വിശ്വസിക്കാതെ അത് കണ്ണിൻ്റെ ഒരു മായയാണെന്നുതന്നെ കരുതി


5

പരാജയപ്പെട്ട ഒരു നാടകം


പെട്രാക്കോവ് ഗോർബനോവ് അരങ്ങത്തു വന്ന് എന്തോ പറയാൻ ശ്രമിക്കുന്നു. കഴിയാതെ ഇക്കിൾ വിടുന്നു. അസ്വസ്ഥനായി രംഗം വിടുന്നു

പ്രിട്ടിക്കിൻ പ്രവേശിക്കുന്നു

പ്രിട്ടിക്കിൻ : ആദരണീയനായ പെട്രോക്കോവ് ഗോർബനോവ് എന്നോടു പറഞ്ഞിരിക്കുന്നു, നിങ്ങളോടു ക്ഷമാപ..... (ഛർദ്ദിക്കാൻ തുടങ്ങി ഓടിപ്പോകുന്നു)

മക്കാറോവ് പ്രവേശിക്കുന്നു.

മക്കാറോവ്:  ഇഗോർ പ്രിട്ടിക്കിൻ എന്നോട്...... (ഛർദ്ദിച്ചുകൊണ്ട് ഓടിപ്പോകുന്നു)

സെർപുക്കോവ് പ്രവേശിക്കുന്നു

സെർപുക്കോവ്: അതായത് .... (ഛർദ്ദിക്കുന്നു, ഓടുന്നു)

കുറോവ പ്രവേശിക്കുന്നു.

കുറോവ : ഞാൻ ...... (അവളും ഛർദ്ദിച്ച് ഓടിപ്പോകുന്നു)

ഒരു കൊച്ചു പെൺകുട്ടി അരങ്ങത്തേക്ക് ഓടിവരുന്നു.

പെൺകുട്ടി: ഡാഡി എന്നോടു പറഞ്ഞു, നിങ്ങളെല്ലാവരോടും പറയാൻ, തീയേറ്റർ അടയ്ക്കുകയാണ്. ഞങ്ങൾക്കൊക്കെയും സൂക്കേട്

(കർട്ടൻ)

Saturday, May 11, 2024

പൗര

 പൗര



തെരഞ്ഞെടുപ്പു ദിവസം
ബൂത്തിനു മുന്നിലെ തെരുവിൽ
പുലർച്ചെ അഞ്ചിനേ തുറന്ന
ആവി പൊന്തുന്ന ചായക്കടയിലിരുന്ന്
പുട്ടും കടലക്കറിയും തിന്നുമ്പോൾ
അടുത്തിരുന്ന് 
ചായ ഊതിക്കുടിക്കുന്ന ഈ സ്ത്രീയാവാം
ബൂത്തിലെ ആദ്യ വോട്ടർ.

കൈയിലെ പേഴ്സിൽ നിന്നവർ
ചില്ലറയെണ്ണിയെടുക്കുമ്പോൾ
തിരിച്ചറിയൽ കാർഡുപോലെന്തോ
താഴെ വീണതു തിരികെ വെച്ചു.
ക്യൂവിനു മുന്നിൽ നിന്ന്
ഒന്നാമതായി വോട്ടു ചെയ്ത ശേഷം
പണിക്കു പോകാനുള്ളതാവും
ആദ്യത്തെ ബസ്സിന്.

വൈകീട്ട് ആറു കഴിഞ്ഞ്
ക്യൂവിനേറ്റവും പിറകിൽ
അവസാന വോട്ടർ.
പാറിപ്പരന്ന ആവിക്കിടയിൽ
രാവിലെക്കണ്ട പ്രസരിപ്പോർത്തു.
അവർ!
വിയർത്തൊട്ടി തണുത്ത മുഖം.
പണി മാറ്റി വരികയാണ്
തിരിച്ചറിയാക്കിതപ്പുമായ്

Thursday, May 9, 2024

ഞാൻ മരിക്കാൻ കിടക്കുന്ന നേരം - വാലൻ്റീൻ കതായേവ്

 ഞാൻ മരിക്കാൻ കിടക്കുന്ന നേരം


വാലൻ്റിൻ കതായേവ് (റഷ്യ,1897-1986)


ഞാൻ മരിക്കാൻ കിടക്കുന്ന നേരം

എൻ വിധിയെ ശപിക്കുകയില്ല

പോയ് കിടക്കയിൽ ചെന്നങ്ങു വീഴും

മാപ്പു ചോദിക്കുമെല്ലാവരോടും

മായ്ക്കുമെല്ലാം മറവിയാൽ പിന്നെ

Tuesday, May 7, 2024

പാതിരയോടടുത്ത് ........ - ഇവാൻ ബുനിൻ(റഷ്യ,1870-1953)

 പാതിരയോടടുത്ത് ........


ഇവാൻ ബുനിൻ(1870-1953)


ഞാനെത്തിയപ്പോൾ പാതിരയോടടുത്തിരുന്നു

അവൾ ഉറങ്ങിയിരുന്നു, ജനലിലൂടെ

തിളങ്ങുന്നുണ്ടായിരുന്നു ചന്ദ്രൻ,അവളുടെ

പുതപ്പിൻ്റെ പട്ടുവിളുമ്പുകൾ തിളക്കിക്കൊണ്ട്


മുഖമുയർത്തി, നഗ്നമായ മുലകളയച്ച്

അവൾ കിടക്കുന്നു

ഉറങ്ങുമ്പോഴുമവളുടെ ജീവിതം

ജലം നിറച്ചൊരു തളികപോൽ

നിശ്ചലം.

പടലം 37

 പടലം 37


1
"അയ്യാ, തെളിഞ്ഞരുൾക ദുഃഖം വെടിഞ്ഞേ
കൊള്ളാത്ത വിഡ്ഢി കരയുമ്പോലഴാതെ
കുഞ്ഞോരു കേടിവൻ മുടിഞ്ഞിടുകയാൽ വൻ
കേടായിതോ പെരിയരക്കർ കുലമെല്ലാം?
മൈക്കണ്ണിമാരുടെ വിലാപം നിറുത്താൻ
ലങ്കേശ,രാമനെയടക്കണമതിന്നെൻ
കയ്യേയെനിക്കു തുണ വേണ്ടിയതു തമ്മിൽ
കണ്ടെങ്കിൽ യുദ്ധത്തിൽ" ത്രിശിരസ്സു ചൊന്നു

2
ചൊന്നോരു നേരമതികായനുമതേ പോൽ
ചൊന്നൂ നരാന്തക സുരാന്തകരുമൊപ്പം
വേരോടെ വൈരിയെയറുപ്പതിനു മുമ്പിൽ
ഞാൻ തന്നെയെന്നൊരു പിണക്കമവർ തമ്മിൽ
മുന്നേ കഴിഞ്ഞവ മറന്നിട്ടു ചെമ്മേ
വീണ്ടും കരുത്തൊടു പിറക്കുവതു പോലെ
യുദ്ധത്തിൽ മന്നവരടങ്ങുമിവരാലെ -
ന്നാശിക്കയാൽ നിശിചരേശനുണർവുറ്റാൻ

3
ഉറ്റോർക്കു വേണ്ടുമുപദേശങ്ങൾ നൽകീ
മാറ്റാരെ വെല്ലുവതിനുള്ളം തെളിഞ്ഞേ
കെട്ടിപ്പുണർന്നു ചുമൽതോറു, മണിയിച്ചൂ
നൽ ഭൂഷണം കൊണ്ടു, പൂവാടയാലും
വീരർ മഹോദരമഹാപാർശ്വരോടും
പോർനയിക്കും മത്തനുന്മത്തനോടും
"ഈ രാമനാരുമെതിരി,ല്ലിവരൊടൊപ്പം
പിൻചെൽക നിങ്ങൾ തുണയാ"യെന്നു ചൊന്നാൻ

4
എന്നാദരിച്ചുണർവു പെറ്റുടനെണീറ്റൂ
ദുഷ്ടർ തൊഴും ദശമുഖൻ "കപികുലത്തെ-
ക്കൊന്നീടുകാ മനുജരേയുമിനി നിങ്ങൾ"
എന്നോതവേയവരെണീറ്റു നടകൊൾകേ
ഓരായിരം കുതിര പൂണ്ടു കൊടി പാറി -
പ്പോരിന്നു വേണ്ടവ നിറച്ചൊരു രഥത്തിൽ
ചെന്നേറിനാൻ വില്ലുമേന്തിയതികായൻ
ചെമ്മേ പുരന്ദരനുനേർ പെരുമയുള്ളോൻ

5
ഉള്ളോരിലേവരിലുമേവരിലുമേ മു -
മ്പുള്ളോരു രാക്ഷസരിൽ മത്തനെന്ന വീരൻ
വെൺകാളമേലെയെഴുനള്ളും ശിവൻ താൻ
തന്നോരു വില്ലൊടു രഥത്തൊടു നടന്നു.
കൊള്ളും വരങ്ങളജനിൽ നിന്നു വാങ്ങി-
ക്കൊണ്ടോരു ശത്രുയമനാകുമുന്മത്തൻ
പുള്ളേറിടുന്ന കൊടിയുള്ള രഥമേറി
പോർവില്ലുമായുടനെ പോർക്കളരി പൂകി.

6
പൂകീയടർക്കളരി പോർക്കുതിരയേറി -
ശ്ശത്രുക്കുലാന്തക നരാന്തക,നെതിർപ്പോർ
മിക്കോരുമഞ്ചുമൊളി ചിന്നുന്ന വാളും
മിന്നൽപ്പിണർപോൽ വലംകൈയ്യിൽ കുന്തം
അപ്പോൾ മഹാമലയുലയ്ക്കുമുടലോടും
ദിക്കേഴുമൂന്നുമുലയുന്ന പടയോടും
അക്കാലദണ്ഡൊടു വരുന്ന യമനേപ്പോൽ
ദേവാന്തകൻ മുസലമേന്തിയെതിരിട്ടു.

7
ഇട്ടായുധാവലി നിറഞ്ഞ രഥമേറി
വമ്പാർന്ന ചാപമതുമേന്തിയെതിരിട്ടു
കെട്ടുറപ്പുള്ള പടയോടെ ത്രിശിരസ്സും
കേടറ്റ വിജയമണയാനടരടിച്ചു
ജീവിക്കുവാനനുവദിക്കില്ല ഞാനാ
രാമന്നെയെന്ന നിനവോടെ ഗദ കൈക്കൊ-
ണ്ടെട്ടോടു രണ്ടു ദിശയേറ്റം തളർത്തി
മാപാർശ്വനും പട ചുഴന്നു നടകൊണ്ടു

8
കൊണ്ടാടിയാ വരവു കണ്ടരച"നമ്പോ!
കുന്നുകളെണീറ്റു വരുമാറിവർ വരുന്നു
കണ്ടാലിതിൽപരമൊരൊത്തൊരുമ നേരിൽ
കണ്ടില്ല ഞാനരികിൽ വന്നവരിലൊന്നും
വണ്ടാർമലർവനികയാം ലങ്കയാളും
മന്നാ,വരുന്നിതിവരാ"രെന്നു കേൾക്കേ
വൈരീകുലാന്തകൻ വിഭീഷണൻ വണങ്ങും
മെയ്യോടു കൈ തൊഴുതു രാമനൊടു ചൊന്നു

9
ചൊന്നൂ "കിഴക്കു ത്രിശിരസ്സാണു നില്പൂ
ദിക്കെട്ടു വെൽവതിനു മത്തനുന്മത്തൻ
തേർത്തട്ടിൽ പോർവില്ലുമേന്തി നിൽക്കുന്നോൻ
ശത്രുക്കളെല്ലാം വണങ്ങുമതികായൻ
കയ്യിലൊരിരുമ്പു പരിഘത്തൊടു വരുന്നോൻ
ദേവാന്തകൻ, വലിയ കുന്തം ചുഴറ്റി
വൻകുതിരമേലെ നരകാന്തകൻ, പിന്നിൽ
കയ്യിൽ ഗദയോടെ മഹാപാർശ്വനുമിതയ്യാ"

10
"അയ്യാ, തിളച്ച പടതൻ നടുവിൽ നോക്കൂ
ഹാരം പിണഞ്ഞ മണിമാറോടു കൂടി
കയ്യിൽ മരാമരങ്ങളും വില്ലുമമ്പും
കാർമേഘപടലത്തിനിരുപുറവുമായി
രണ്ടുരുവമായ് സൂര്യനെത്തിയതുപോലെ
തോന്നും വിധം ചുവന്ന കണ്ണിണകളോടും
മെയ്യാവൊളം വളർന്നൊരാനയുടെ മേലേ
വീരൻ മഹോദരനല്ലോ വന്നു മന്നാ"

11
"മന്നാ, സുരാസുരരെതിർപ്പതിനറപ്പൂ
മുറ്റിയ തപസ്സൊടിവരൊത്തെതിരണഞ്ഞാൽ
ഓടാത്തതേവരിവരോടടരിലെങ്ങും
എന്നാൽ മുഴുക്കനെയുരപ്പതിനസാദ്ധ്യം
പാരേതിലും പുകൾ തഴച്ചൊരിവർ തൻ്റെ
മാഹാത്മ്യമോരോന്നു,മസ്ത്രവിധമെല്ലാം
മുന്നേയറിഞ്ഞവരിവർ, പട നടത്താൻ
മുക്കണ്ണനോടുമിവർക്കില്ല മടിയൊട്ടും

12
ഒട്ടല്ലരുംപട വരുന്നതിവരോടൊ-
ത്തൊട്ടേറെ വാഹനങ്ങളായുധങ്ങളും വെൺ-
കൊറ്റക്കുട, മുഴങ്ങും വില്ലൊലിയുമമ്പോ!
കുറ്റങ്ങളറ്റ വരവേ വരവിതയ്യാ!
ഇങ്ങനെ വിഭീഷണനൊരോ വകയിവണ്ണം
ദാശരഥിയോടു പറയുന്ന സമയത്തേ
പെട്ടെന്നു ചുറ്റിലുമടുത്തക്രമിച്ചൂ
ചൊല്ലാർന്ന രാക്ഷസരെ വാനരവരന്മാർ

Saturday, May 4, 2024

ഒരു കുഞ്ഞു സോറി

 ഒരു കുഞ്ഞു സോറി



ഒന്നുകിൽ കൂടുതൽ മുഴക്കം
അല്ലെങ്കിൽ കൂടുതൽ ഒതുക്കം
പറഞ്ഞതും കേട്ടതുമായ സോറികൾക്കെല്ലാം
ഈർഷ്യയോ അഹന്തയോ
പരിഭവമോ കലർന്ന്.

നമുക്കേറ്റവും വേണ്ടത്
നിത്യസാധാരണമായ ഒരു സോറി

ക്ഷമാപണത്തിൻ്റെ അച്ചടിവടിവോ
മാപ്പിൻ്റെ നാടകീയതയോ
സോറിയുടെ തന്നെ മുള്ളോ മുനയോ
ഉപചാര മരവിപ്പോ ഇല്ലാത്ത
ഒരു വെറും....

വെള്ളത്തിൽ ഇല എന്ന പോലെ 
നമ്മിലൂടെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുന്ന.....

ഗംഗയും പേരാറും

 ഗംഗയും പേരാറും


അപ്രിയം കേട്ടയുടനിറങ്ങി -
യെത്രയോ ഗംഗമാർ നിന്നിൽ നിന്നും
തിരയകലുമ്പോൽ ജലവസന്തം
കൊഴിയുമ്പോൽ മൊഴിയറ്റുപോകുമ്പോലെ
പൊയ്ക്കളയുന്നതു ഞെട്ടലോടെ
പിന്തിരിപ്പിക്കുവാനായിടാതെ
നോക്കി നിൽക്കാനേ കഴിഞ്ഞതുള്ളൂ
എങ്കിലും ഗംഗയൊഴിഞ്ഞേടത്തെൻ
നേർത്ത പേരാറുണ്ടൊഴുകിടുന്നു

Friday, May 3, 2024

ഇറ്റുന്ന പൈപ്പ് - ടെഡ് കൂസർ

ഇറ്റുന്ന പൈപ്പ്


ടെഡ് കൂസർ

രാത്രി മുഴുവൻ ഇറ്റുന്ന പൈപ്പ്
നിശ്ചലമായ വീട്ടിലെങ്ങും തെരയുന്നു
തൻ്റെ റഡാർ ശബ്ദത്തിലൂടെ: ഉണരുന്നതാരാണ്?
വേവലാതിപ്പെട്ടു കിടക്കുന്നതാരാണ്
സിങ്കിൽ കിടക്കുന്ന പാത്രം പോലെ?
ഉഷാറാകൂ ആഹ്ലാദിക്കൂ, കൊച്ചു പൈപ്പ് വിളിക്കുന്നു,
ജീവിതം മുഴുവൻ നിങ്ങളെ സഹായിക്കാൻ
ആരെങ്കിലുമുണ്ട്.

ഡിസംബർ സന്ധ്യയിൽ - ടെഡ് കൂസർ (ജനനം : 1939, യു.എസ്)

ഡിസംബർ സന്ധ്യയിൽ


ടെഡ് കൂസർ

നാട്ടിൻപുറച്ചരൽപാതയിലോടിച്ചു
പോകവേയോടയിൽ നിന്നു കഴുകൊന്നു
കൊക്കിലെലിയെയെടുത്തുയരുന്നതു
കണ്ടു ഞാ,നെൻ കാറിനൊപ്പമൊരു ഞൊടി
നേരേയതു പറക്കേ,യെലിക്കിപ്പൊഴും
ജീവനുണ്ടിപ്പൊഴുമാവുന്ന വേഗത്തിൽ
വായുവിൽ പായുന്നതുണ്ടതിൻ കാലുകൾ
ഒറ്റലക്ഷ്യം, പടിഞ്ഞാറ്, നോക്കിക്കൊണ്ടു
മൂന്നു പേർ നമ്മളവിടെ, മണിക്കൂറിൽ
നാല്പതിൽ താഴെ കിലോമീറ്റർ വേഗത്തിൽ